സിനിമ ഷൂട്ട് ചെയ്യാൻ ബംഗ്ലാവ് കിട്ടി, പക്ഷേ ഒരു പ്രശ്നം, സ്ഥലം നിറയെ പുലികളാണ്; നല്ല ബെസ്റ്റ് പണി..!
Mail This Article
കാലത്തു ഫോൺ റിംഗ് അടിക്കുന്ന ശബ്ദം കേട്ട് മത്തായി ചേട്ടൻ ബെഡിൽ നിന്നും ചാടി എണീറ്റു. "ഇതാരാണാവോ...! കാലത്തു തന്നെ, മനുഷ്യന് ഒന്ന് നന്നായി ഉറങ്ങാനും സമ്മതിക്കില്ലെ.." മത്തായി ചേട്ടൻ ബെഡിൽ നിന്ന് എണീറ്റ് പിറുപിറുത്തു ഫോൺ കൈയ്യിൽ എടുത്തു. എന്നിട്ട് ചോദിച്ചു.. "ഹലോ ആരാണ്..." മറുപടി വന്നു "ഇത് സെബിൻ മാത്യു ആണ്, ഒരു ഷൂട്ടിങ്ങിന്റെ കാര്യം പറയാനാണ് വിളിച്ചത്. ഇന്ന് നാലു മണിക്ക് സിറ്റിയിൽ ഉള്ള ലിബർട്ടി ഹോട്ടലിൽ വരണം..." ഇത് പറഞ്ഞു ഫോൺ കട്ട് ചെയ്തു. എന്റമ്മോ സെബിൻ മാത്യു വിളിച്ചിരിക്കുന്നു. സിനിമയിൽ അഭിനയിക്കാൻ ചാൻസ് തരാൻ ആയിരിക്കും. മത്തായി ചേട്ടന് വല്ലാത്ത സന്തോഷം ആയി. കഴിഞ്ഞ തവണ കിങ്ങിണി പാടത്തെ ഷൂട്ടിങ്ങിനു വെള്ളത്തിൽ പോയ സെബിൻ മാത്യുവിനേയും കൂട്ടുകാരനെയും രക്ഷപ്പെടുത്തിയതിനു നന്ദി സൂചകമായിട്ടായിരിക്കും ഇത്തവണ ചാൻസ് തരുന്നത്. മത്തായി ചേട്ടൻ സന്തോഷം കൊണ്ട് ബെഡിൽ ചാടി മറിഞ്ഞു സന്തോഷം പങ്കിട്ടു. മത്തായി ചേട്ടന്റെ ബഹളം കേട്ട് വീട്ടിൽ മുറ്റം അടിക്കാൻ വന്ന കാർത്തു ചോദിച്ചു.? "എന്താ മത്തായി ചേട്ടാ അവിടെ ഒരു ബഹളം..." മത്തായി ചേട്ടൻ ഉറക്കെ പറഞ്ഞു. "എനിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടി.. സെബിൻ മാത്യു വിളിച്ചിരുന്നു ഇപ്പോൾ." കാർത്തു മുറ്റം അടിക്കുന്നതിനിടയിൽ തലയാട്ടി മുറ്റം അടി തുടങ്ങി.
സെബിൻ മാത്യുവിന്റെ നിർദേശ പ്രകാരം ലിബർട്ടി ഹോട്ടലിൽ മത്തായി ചേട്ടൻ പറഞ്ഞതിലും നേരത്തെ എത്തി. അവിടെ ചെന്നപ്പോൾ സെബിൻ മാത്യുവും മറ്റ് സിനിമ പ്രവർത്തകരും ലിബർട്ടി ഹോട്ടലിൽ ഉണ്ടായിരുന്നു. മത്തായി ചേട്ടനെ കണ്ട ഉടനെ സെബിൻ മാത്യു മത്തായി ചേട്ടനെ ഹോട്ടൽ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി. മുറിയിൽ എത്തിയ മത്തായി ചേട്ടൻ മുഖവുര ഇല്ലാതെ പറഞ്ഞു... "ഞാൻ ഇന്നലെ ഒട്ടും ഉറങ്ങിയില്ല.. മൂർഖൻ പാമ്പിനെ കീരി കടിച്ചപോലെ ഉള്ള ഒരു അവസ്ഥ ആയിരുന്നു.. സിനിമയിൽ എന്തായിരിക്കും എന്റെ റോൾ എന്നോർത്തിട്ടാണ്." ഇത് കേട്ട് സെബിൻ മാത്യു ചിരിച്ചു കൊണ്ട് പറഞ്ഞു. "മത്തായി ചേട്ടാ, എന്റെ പുതിയ സിനിമ "പുലിപ്പള്ളിയിലെ ബംഗ്ലാവ്" അതിന്റെ ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങണം. അതിനായി മത്തായി ചേട്ടൻ പുലിപ്പള്ളി വരെ പോകണം. പുലിപ്പള്ളി എന്ന പ്രദേശം തെക്കും വടക്കും ആയിട്ടാണ് കിടക്കുന്നത്. പുലിപ്പള്ളിയുടെ തെക്കുഭാഗത്താണ് ഷൂട്ടിംഗ് നടക്കാൻ പോകുന്നത്. ഞാൻ ഒരു കത്ത് ഫാദർ വർഗീസ് തിമോത്തിക്ക് തരാം. ഷൂട്ടിംഗ് നടത്തേണ്ട ബംഗ്ലാവും, താമസത്തിനും ഭക്ഷണത്തിനും ഉള്ള എല്ലാ കാര്യങ്ങളും പുലിപ്പള്ളിയിൽ ശരി ആക്കിയതിനു ശേഷം മത്തായി ചേട്ടൻ തിരിച്ചു വന്നാൽ മതി. പുതിയ സിനിമയിൽ മത്തായി ചേട്ടന് ഒരു വേഷം തരാൻ നോക്കാം." ഇത് കേട്ട മത്തായി ചേട്ടൻ സെബിൻ മാത്യുവിന്റെ കൈകളിൽ പിടിച്ചു ഒന്ന് കുലുക്കിയിട്ട് "താങ്ക്സ്" പറഞ്ഞു. "എന്നാൽ മത്തായി ചേട്ടൻ നാളെ തന്നെ പുലിപ്പള്ളിയിലേക്കു പുറപ്പെട്ടോളൂ. ഡ്രൈവറും വണ്ടിയും നാളെ രാവിലെ മത്തായി ചേട്ടന്റെ വീട്ടിൽ എത്തും" സെബിൻ മാത്യു പറഞ്ഞു. ശരി എന്ന് പറഞ്ഞു മത്തായി ചേട്ടൻ ലിബർട്ടി ഹോട്ടലിൽ നിന്ന് മടങ്ങി.
പിറ്റേ ദിവസം രാവിലെ നങ്ങിണി പാടത്തുള്ള മത്തായി ചേട്ടന്റെ വീട്ടിൽ ഡ്രൈവർ കാറുമായി എത്തി. നങ്ങിണി പാടത്ത് നിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെയാണ് പുലിപ്പള്ളി. മത്തായിച്ചേട്ടന്റെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശ കേട്ട് പുലിപള്ളിയിൽ അവർ എത്തിയത് അറിഞ്ഞില്ല. പുലിപ്പള്ളിയിൽ കാറ് നിർത്തിയപ്പോൾ പലരും കാറിന്റെ അടുത്തേക്ക് ഓടിവന്നു. ഒരു വനപ്രദേശത്തുകൂടി കടന്ന് പോകുമ്പോൾ തോന്നുന്ന തരത്തിലുള്ള പ്രകൃതി ഭംഗി അവിടെ ചെന്നപ്പോൾ പ്രകടമായി കാണപ്പെട്ടു. പുലിപ്പള്ളിയിൽ ഒരു കടയുടെ മുൻപിൽ കാറ് നിർത്തി. കാറിൽ നിന്നിറങ്ങിയ മത്തായി ചേട്ടൻ ഫാദർ തിമോത്തിയെ അവിടെ കൂടി നിൽക്കുന്നവരോട് തിരക്കി. അവിടെ നിൽക്കുന്നവരിൽ ഒരാൾ പറഞ്ഞു പള്ളി ഇരിക്കുന്നത് തെക്കേ പുലിപ്പള്ളിയിൽ ആണ്. കാറ് അങ്ങോട്ട് പോകില്ല. അച്ഛനെ കാണാൻ ആണെങ്കിൽ പുഴ കടന്ന് പോകണം. തെക്കും വടക്കും ആയി പുലിപ്പള്ളിയിൽ ഒരു പള്ളിയെ ഉള്ളു. അവരുടെ നിർദേശ പ്രകാരം മത്തായി ചേട്ടനും കാറ് ഡ്രൈവറും തെക്കേ പുലിപ്പള്ളിയിൽ ഉള്ള പള്ളിയെ ലക്ഷ്യമാക്കി കാറ് സുരക്ഷിതമായ ഒരു സ്ഥലത്തു പാർക്ക് ചെയ്തു നടന്നു. പുഴ കടക്കുന്ന നേരത്തു കടത്തു വഞ്ചിയിൽ ഉള്ളവർ ചോദിച്ചു... "എവിടെ നിന്നാണ് വരുന്നത്". മത്തായി ചേട്ടൻ പറഞ്ഞു... "ഞങ്ങൾ സിനിമാക്കാർ, ഷൂട്ടിങ്ങിനായി സ്ഥലം നോക്കാൻ വന്നതാ..." മത്തായി ചേട്ടൻ തുടർന്നു.. "ഷൂട്ടിംഗ് പതിനഞ്ച് ദിവസത്തോളം ഉണ്ടാകും, അതിനുള്ള സൗകര്യങ്ങൾ ഒക്കെ ഒരുക്കുന്നതിനായിട്ട് ഞങ്ങൾ വന്നതാണ്. തെക്കേ പുലിപ്പള്ളിയിൽ ഉള്ള ബംഗ്ലാവിൽ വെച്ചാണ് സിനിമ ഷൂട്ടിംഗ് നടക്കാൻ പോകുന്നത്."
ഇത് കേട്ട ഉടനെ വഞ്ചിക്കാരൻ തുഴ നിർത്തി. എന്നിട്ട് പറഞ്ഞു... "ബംഗ്ലാവിലോ...? പുലികളുടെ ആവാസ കേന്ദ്രമാണ് ആ ബംഗ്ലാവ്. പുലി വാസു ഇല്ലാതെ ആരും തന്നെ ആ ബംഗ്ലാവിൽ പോകാറില്ല. പള്ളിയിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലായി വനത്തിലാണ് ഈ ബംഗ്ലാവ്." ഇത് പറഞ്ഞു വഞ്ചിക്കാരൻ തുഴ തുടങ്ങി. മത്തായി ചേട്ടന്റെ ഉള്ളിൽ ഇത് കേട്ടപ്പോൾ പെട്ടെന്ന് തീപ്പൊരി പാറി. പള്ളിയിൽ ചെന്ന് ഫാദർ വർഗീസ് തിമോത്തിയെ കണ്ട് സെബിൻ മാത്യു കൊടുത്തയച്ച കത്ത് കൊടുത്തു. കത്ത് വായിച്ച ഉടനെ ഫാദർ മത്തായി ചേട്ടനെ ഒന്ന് നോക്കി. അതിന് ശേഷം ഫാദർ പറഞ്ഞു... "നല്ല കാര്യം, പക്ഷെ ബംഗ്ലാവ് കാണണമെങ്കിൽ പുലി വാസു വേണം. പുലിയെ പേടിച്ചു ആ ബംഗ്ലാവിൽ ആരും പോകാറില്ല. പുലിവാസുവിനെ ഇവിടെ എത്തിക്കാനുള്ള പരിപാടികൾ ഞാൻ ചെയ്യാം. അത് വരെ നിങ്ങൾക്ക് ഇവിടെ താമസിക്കാം " ഇത്രയും പറഞ്ഞു ഫാദർ പള്ളി കാര്യസ്ഥനെ അതിഥികളെ ഏൽപ്പിച്ചു കൊടുത്തു. അച്ചന്റെ നിർദേശപ്രകാരം പുലിവാസുവിനെ കാത്തിരുന്ന് നാല് ദിവസം കഴിഞ്ഞു. ഇതിനിടയിൽ വടക്കേ പുലിപ്പള്ളിയിൽ ഉള്ളവരുമായി സംസാരിച്ചു ഷൂട്ടിങ്ങിന് വരുന്നവർക്കുള്ള താമസത്തിനും ഭക്ഷണത്തിനും ഉള്ള എല്ലാവിധ ഒരുക്കങ്ങളും ചെയ്തു, കൂടാതെ പുലിവാസുവിനെ കാത്തുനിൽക്കാതെ തന്നെ ബംഗ്ലാവിലേക്കു പോകുന്നതിനായി ധീരനായ മറ്റൊരാളെ കണ്ടുമുട്ടുകയും പിറ്റേ ദിവസം ബംഗ്ലാവിലേക്കു പോകുന്നതിനുള്ള തയാറെടുപ്പുകൾ നടത്തുകയും ചെയ്തു.
പിറ്റേ ദിവസം അച്ചന്റെ പെർമിഷൻ ഇല്ലാതെ തന്നെ വടക്കേ പുലിപ്പള്ളിയിലെ ധീരനായ ആ യുവാവും അവന്റെ കൂട്ടാളികളും മത്തായി ചേട്ടനും കൂട്ടത്തിൽ ഡ്രൈവറും കൂടി യാത്ര പുറപ്പെട്ടു. ഏകദേശം ബംഗ്ലാവിന്റെ അടുത്തെത്താറായപ്പോഴേക്കും മത്തായി ചേട്ടനും കൂട്ടത്തിൽ ഉള്ളവരും ക്ഷീണിതരായിരുന്നു. കൈയ്യിൽ ഉണ്ടായിരുന്ന വെള്ളം എല്ലാവരും കുടിച്ചതിനു ശേഷം വീണ്ടും യാത്ര തുടങ്ങി. അവർ നടന്ന് നീങ്ങുമ്പോൾ അകലെ നിന്ന് തന്നെ ബംഗ്ലാവ് കാണാൻ സാധിച്ചു. മത്തായി ചേട്ടന് വലിയ സന്തോഷമായി. അകലെ നിന്ന് കാണുമ്പോൾ തന്നെ ബംഗ്ലാവിന്റെ സൗന്ദര്യം മനസിന് കൗതുകം നൽകി. ഏകദേശം ബംഗ്ലാവിന് തൊട്ട് അടുത്തെത്തിയപ്പോൾ എവിടെ നിന്നോ ഓടി വന്ന ഒരു പുലി ഇവരുടെ മുന്നിലേക്ക് ചാടി വീണു. എല്ലാവരും ഭയം കൊണ്ട് കിട്ടിയ സ്ഥലങ്ങളിലേക്ക് ചിതറി ഓടി. ഓട്ടത്തിൽ പിന്നിലായ മത്തായി ചേട്ടന്റെ പിന്നാലെ പുലി ഓടി അടുത്തു. മത്തായി ചേട്ടൻ സ്വന്തം അമ്മയെ വിളിച്ചു കൊണ്ട് ഓടുന്നതിനിടയിൽ ഒരു വള്ളിയിൽ കാല് ചുറ്റി താഴെ വീണു. പുലി മത്തായി ചേട്ടനെ കടിക്കുന്നതിന് മുൻപ് എവിടെ നിന്നോ ഒരു വള്ളിയിൽ തൂങ്ങി പുലിവാസു അവിടെ എത്തി. പുലി വാസുവിനെ കണ്ട ഉടനെ പുലി വാസുവിന്റെ നേരെ തിരിഞ്ഞു. വാസു പെട്ടെന്ന് പുലിയുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനായി പല ഉപായങ്ങളും പ്രവർത്തിച്ചു. അവസാനം പുലി അവിടെ നിന്ന് തിരിച്ചു പോയി.
പുലി തിരിച്ചു പോയപ്പോൾ ചിതറി ഓടിയ എല്ലാവരും താഴെ വീണു കിടക്കുന്ന മത്തായി ചേട്ടനെ പിടിച്ചു എഴുനേൽപ്പിക്കാൻ ഓടി വന്നു. കാലിൽ പരിക്കേറ്റിരുന്ന മത്തായി ചേട്ടന് നടക്കാൻ പറ്റിയിരുന്നില്ല. എല്ലാവരും കൂടി മത്തായി ചേട്ടനെ പൊക്കി എടുത്തു പള്ളിയിൽ എത്തിച്ചു. എല്ലാവരെയും കണ്ടപ്പോൾ അച്ചൻ പള്ളിയിൽ നിന്ന് ഓടി വന്നു. മത്തായിയുടെ അവസ്ഥ കണ്ടു അച്ഛൻ പറഞ്ഞു ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ. മത്തായി ചേട്ടനെ തോളിൽ ഏറ്റി എല്ലാവരും കൂടി വടക്കേ പുലിപ്പള്ളിയിൽ പാർക്ക് ചെയ്തിരിക്കുന്ന കാറ് വരെ എത്തിച്ചു. അവിടെന്ന് പുലിവാസുവിനെ കൂട്ടി ഹോസ്പിറ്റലിലേക്ക് അവർ പോയി. ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും മത്തായി ചേട്ടന് ബോധം പോയി. ഒരു ദിവസം കഴിഞ്ഞു മത്തായി ചേട്ടന് ബോധം തിരിച്ചു കിട്ടിയപ്പോൾ ഹോസ്പിറ്റലിൽ മത്തായി ചേട്ടന്റെ കാലിൽ തടവി തരുന്ന സെബിൻ മാത്യുവിനെ ആണ് കണ്ടത്. അപ്പോൾ മത്തായി ചേട്ടൻ ഓർത്തു പണ്ട് മദ്രാസിൽ സിനിമയിൽ അഭിനയിക്കാൻ ചാൻസ് ചോദിച്ചു സെബിൻ മാത്യുവിന്റെ വീട്ടിൽ ചെന്നപ്പോൾ പട്ടി ഓടിച്ചിട്ട് കടിച്ച കാര്യം. മത്തായി ചേട്ടന്റെ മനസ്സിലുള്ള ചിന്തകളെ കണ്ടറിഞ്ഞ സെബിൻ മാത്യു മത്തായി ചേട്ടനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
Content Summary: Malayalam Short Story ' Pulippalliyil Veendum Oru Cinema Shooting ' Written by Vincent Chalissery