ADVERTISEMENT

തൃശ്ശൂര് നാട്ടുകാർക്കൊക്കെ സുപരിചിതനാണ് പുള്ളൂക്കാരൻ മത്തായി ചേട്ടൻ. മഷിയിട്ടു നോക്കിയാൽ പോലും ഇന്ന് കാണാൻ കഴിയാത്ത അപൂർവ സ്വഭാവവിശേഷങ്ങളായ നീതിബോധം, സത്യസന്ധത, വിശ്വാസം, കൃത്യത ഇതിനൊക്കെ പേരുകേട്ട ആളായിരുന്നു മത്തായി. 1960-കളിൽ മത്തായി ചേട്ടൻ അതിരാവിലെ ചിമ്മിണി വിളക്ക് ഘടിപ്പിച്ച സൈക്കിൾ ചവുട്ടി തിമത്തിയേട്ടന്റെ വീട്ടിൽ എത്തും. പത്തറുപത് നിരപലക ഉള്ള ആനപ്പാറയിലെ ഏറ്റവും വലിയ റീട്ടെയിൽ പലചരക്ക് കടയുടെ ഉടമസ്ഥൻ ആണ് അദ്ദേഹം. രാവിലെ ആറര മണിയോടെ ആ ഭീമൻ കട തുറക്കുന്ന ജോലി മത്തായി ചേട്ടന്റെ ആണ്. കട തുറന്ന് ബാക്കി ആറേഴ്  സ്റ്റാഫ് എത്തുന്നതോടെ കസ്റ്റമേഴ്സിന്റെ വരവ് തുടങ്ങും. അംഗസംഖ്യ കൂടുതലുള്ള വീടുകൾ ആയിരുന്നല്ലോ മുമ്പൊക്കെ അധികവും. ഓരോ വീട്ടുകാർക്കും അവിടെ പറ്റ്  ബുക്ക് വെച്ചിട്ടുണ്ട്. ഇന്നത്തെ പോലെ തന്നെ കറൻസിനോട്ടുകൾ ഉപയോഗിച്ചുള്ള ക്രയവിക്രയം അന്നും കുറവായിരുന്നു. കൃത്യമായി ബുക്കിൽ എഴുതിയാൽ മതി. മാസാവസാനം എല്ലാവരും പറ്റു തീർക്കും. പിന്നെ ഈ പലചരക്ക് കടയുടെ ഒരു പ്രത്യേകത ഇവിടെ ക്വാളിറ്റി കുറഞ്ഞ സാധനങ്ങൾ വിൽപ്പന നടത്തില്ല എന്നുള്ളതാണ്.

പത്തുമണിയോടെ മത്തായി ചേട്ടൻ ആറേഴു കിലോമീറ്റർ ദൂരമുള്ള നായരങ്ങാടിയിലെയും അരിയങ്ങാടിയിലേയും മൊത്തവ്യാപാരികളുടെ അടുത്തേക്ക് പോകും. അവിടെ ചെന്ന് ഇറങ്ങുമ്പോഴേ ബ്രോക്കർമാർ വന്ന് പൊതിയും. പക്ഷേ മത്തായി ചേട്ടന്റെ അടുത്ത് ഇതൊന്നും വിലപ്പോവില്ല എന്നറിയാം. ക്രെഡിറ്റ് തരാം, വില കുറച്ച് അഡ്ജസ്റ്റ് ചെയ്തു തരാം എന്നൊക്കെയുള്ള ഓഫറും കൊണ്ട് ചെന്നിട്ടൊന്നും ഒരു കാര്യവുമില്ല. അഞ്ചടി ഉയരം മാത്രമുള്ള മത്തായി ചേട്ടനെ മൊത്തവ്യാപാരികൾക്കൊക്കെ വലിയ സ്നേഹവും ബഹുമാനവുമാണ്. ഫസ്റ്റ് ക്വാളിറ്റി സാധനങ്ങൾ രൊക്കം കാശു കൊടുത്തു വാങ്ങുന്ന ആളാണ് അദ്ദേഹം. മൊത്തവ്യാപാരികൾ ഒരു ചാക്കിനിത്ര കമ്മീഷൻ കണക്കാക്കി മത്തായി ചേട്ടന് കൊടുത്താൽ അത് പോലും കൃത്യതയോടെ തിമത്തിയേട്ടനെ ഏൽപ്പിക്കും. വർഷങ്ങൾ കഴിഞ്ഞപ്പോൾ തിമത്തിയേട്ടന് കടയിലേക്ക് വരാൻ വയ്യാതായി. എൻജിനീയറും ഡോക്ടറുമായ രണ്ടു മക്കൾക്കും ഈ കട നടത്തുന്നതിൽ താൽപ്പര്യമില്ല. അവർ രണ്ടു പേരും വിദേശത്തും ആയിരുന്നു. വിശ്വസ്തനായ മത്തായിയോട് കട നടത്തിക്കോളാൻ പറഞ്ഞ് തിമത്തിയേട്ടൻ വീട്ടിൽ വിശ്രമിക്കാൻ തുടങ്ങി. മക്കൾക്കൊന്നും  എതിർപ്പില്ലായിരുന്നു. ആദ്യമൊക്കെ മത്തായി ചേട്ടന് മുതലാളിയുടെ കസേരയിൽ ഇരിക്കാൻ തന്നെ മടിയായിരുന്നു. ആറടി പൊക്കമുള്ള തിമത്തിയേട്ടൻ ഇരുന്നിരുന്ന പൊക്കമുള്ള കസേരയിലേക്ക് കുറച്ചുനാൾ കഴിഞ്ഞപ്പോൾ മത്തായി ചേട്ടൻ ഒരു കൊച്ചു കൊരണ്ടി നീക്കിയിട്ട് ചാടി കയറി ഇരിക്കാൻ തുടങ്ങി. 

Read Also: ഫെയ്സ്ബുക്കിലെ കമന്റുകൾ കണ്ട് സംശയം, അവളറിയാതെ ചാറ്റ് വായിച്ചു; ഭർത്താവിനോട് ചതി

കാലക്രമേണ ആ കട പുള്ളൂക്കാരൻ മത്തായി ചേട്ടന്റെ കടയായി നാട്ടുകാർക്ക്. ചിമ്മിണി വിളക്കിനു പകരം വലിയ ലൈറ്റ് വച്ചും പിന്നീട് ഡയനമോ ലൈറ്റ് വെച്ചും സൈക്കിളിൽ തന്നെയായിരുന്നു മത്തായി ചേട്ടന്റെ വരവ്. അന്നുണ്ടായിരുന്ന സ്റ്റാഫും അതുപോലെ തന്നെ തുടർന്നു. മത്തായി ചേട്ടന്റെ കണ്ണുവെട്ടിച്ച് അവിടെ ഒന്നും നടക്കില്ല. രാവിലെ വരുന്ന മത്തായി ചേട്ടൻ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയിരുന്നത് രാത്രി തെരുവുവിളക്കുകൾ ഒക്കെ കണ്ണു തുറന്നതിനു ശേഷം ആയിരിക്കും. പലരും കൂടുതൽ കാശ് ഓഫർ ചെയ്ത് മത്തായി ചേട്ടനെ അവിടുന്ന് തട്ടിക്കൊണ്ടുപോകാൻ നോക്കിയെങ്കിലും ഒന്നും നടന്നില്ല. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മത്തായിച്ചേട്ടൻ ചില്ലറ എണ്ണിയെടുക്കുന്ന ആ വൈഭവം ഒന്ന് കാണേണ്ടത് തന്നെ! അന്നത്തെ മിക്ക വ്യാപാരികളുടെ കൈയ്യിലും പൈസ കിഴി കെട്ടിയ തുണി സഞ്ചി ഉണ്ടാകും. 5-10-25-50 പൈസ ആയിരിക്കും അധികവും. എല്ലാം കൂടി 300 രൂപയിൽ താഴെ ചില്ലറ  ഉണ്ടാകും. ടൈപ്പ് റൈറ്ററിൽ സുന്ദരമായി ടൈപ്പ് ചെയ്ത് സർക്കാർ ഓഫിസിലേക്കുള്ള കത്തുകൾ ഇദ്ദേഹം അടിച്ച് എടുക്കും. ആകെ കിട്ടുന്ന അവധി ദിവസം ഞായറാഴ്ച മൂന്നാം കുർബാന കഴിഞ്ഞ് മുതിർന്ന കുട്ടികളുടെ വേദോപദേശ അധ്യാപകനുമായിരുന്ന ഇദ്ദേഹം പള്ളി സംഘടനകളിലെ എല്ലാം സജീവസാന്നിധ്യമായിരുന്നു. മത്തായിച്ചേട്ടന് ആകെയുള്ള ഒരു വീക്ക്നെസ്സ് നാടൻ പന്തുകളി ആണ്. കുട്ടികളോടൊപ്പം ഇടയ്ക്കൊന്ന് മൈതാനത്ത് കളിക്കാൻ കൂടും.

Read Also: നട്ടപ്പാതിരയ്ക്ക് കോഴികളുടെ നിലവിളികൾ, പിടച്ചിലുകൾ; പുറത്തിറങ്ങി നോക്കിയാൽ തൂവലുകൾ മാത്രം

മത്തായിച്ചേട്ടന് വയസ്സായി കുറച്ച് ഓർമ്മക്കുറവ് ആയപ്പോൾ ആ സ്ഥാനത്തേക്ക് മകൻ സഹായത്തിനെത്തി. 10-60 വർഷമായി ഏറ്റവും ഭംഗിയായി ആ കട നടത്തി പോന്നിരുന്നു. അപ്പോഴാണ് നമ്മുടെ കൊറോണയുടെ വരവ്. അതിനെ തുടർന്ന് തിമത്തിയേട്ടന്റെ കൊച്ചുമക്കൾ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി, ഇനി ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്യാം എന്ന തീരുമാനമെടുക്കുന്നത്. അവർ മത്തായിയുടെ മകനോട് കട ഒഴിഞ്ഞു തരണം, ഞങ്ങൾ ഇത് സൂപ്പർമാർക്കറ്റ് ആക്കാൻ പോവുകയാണ് എന്നൊക്കെ ധിക്കാരത്തോടെ പറഞ്ഞതോടെ സംഗതികൾ ആകെ തകിടം മറിഞ്ഞു. തിമത്തിയേട്ടനും മത്തായിചേട്ടനും തമ്മിലുള്ള ബന്ധവും സ്നേഹവും അടുപ്പവും ഒന്നും ഈ കൊച്ചുമക്കൾക്ക് അറിയില്ലായിരുന്നു. അവരുടെ അഹങ്കാരത്തോടെ ഉള്ള സമീപനം മത്തായിയുടെ മകനും ഇഷ്ടപ്പെട്ടില്ല. ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. കട എന്റെതാണെന്ന് മത്തായിയുടെ മകൻ സ്ഥാപിച്ചു. നാട്ടുകാർക്കും നിജസ്ഥിതി അറിഞ്ഞു കൂടാ. ആകെ ഒരു ആശയകുഴപ്പം. സമ്പന്നനായ തിമത്തിയേട്ടൻ മരിക്കുന്നതിനുമുമ്പ് മത്തായിക്ക് കടമുറി പോക്കുവരവ് ചെയ്തു കൊടുത്തിരുന്നോ? അതോ മത്തായിയുടെ മകൻ വ്യാജരേഖ ചമച്ചതാണോ? ഇതേക്കുറിച്ചൊക്കെ പൊരിഞ്ഞ വാഗ്വാദം ഇപ്പോൾ നാട്ടിൽ നടക്കുന്നു. മത്തായിക്കും വലിയ ഓർമ്മയില്ല. ഇപ്പോൾ പറയുന്നതല്ല കുറച്ചു കഴിയുമ്പോൾ പറയുന്നത്. ഏതായാലും കാര്യങ്ങളൊക്കെ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഇരുകൂട്ടരും നൽകുന്ന രേഖകൾ പരിശോധിച്ച്  കോടതി ഉചിത തീരുമാനം എടുക്കും എന്ന് നമുക്ക് ആശിക്കാം.

Content Summary: Malayalam Short Story ' Pullookkaran Mathayi ' Written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com