പരീക്ഷയെഴുതാൻ മുംബൈയിലേക്ക്, അങ്കിളിന്റെ വീട്ടിൽ താമസം, മകൾ അതിസുന്ദരി; ഇനി പ്രണയമാണോ ?
Mail This Article
ഇത്തവണ ടെസ്റ്റ് മുംബൈയിൽ വച്ചാണ് എന്ന് പോസ്റ്റുമാൻ കൊണ്ടുവന്നു തന്ന ഹാൾ ടിക്കറ്റിൽ നിന്ന് അറിഞ്ഞു. മാസത്തിൽ ഒന്നോ രണ്ടോ മത്സര പരീക്ഷകൾ ഇപ്പോൾ എഴുതുന്നുണ്ട്. യു.പി.എസ്.സി ക്ക് കൊച്ചിയിൽ സെന്റർ വരിക വിരളമാണ്, ബോംബെയിലും ബാംഗ്ലൂരിലും ഒക്കെയാണ് സാധാരണ. ഇതിപ്പോ റെയിൽവേയുടെ ഒരു പരീക്ഷയാണ്. അതുകൊണ്ട് യാത്ര ട്രെയിനിൽ സൗജന്യമാണ്. ബോംബെയുടെ തിരക്കേറിയ നഗരത്തിലേക്ക് കയറി ചെല്ലേണ്ടതില്ല. നഗരത്തിന് പുറത്ത് സോളാപ്പൂരിലുള്ള ഒരു സ്കൂളാണ് സെന്റർ. പരീക്ഷാ തിയതിയും കഴിഞ്ഞ് ഏഴു ദിവസത്തിനകം മടങ്ങിയാൽ മതി. തിരിച്ചുള്ള യാത്രയും സൗജന്യമാണ്. ബോംബെ നഗരത്തിലേക്ക് ഒരു യാത്ര... മഹാനഗരത്തിലേക്ക്...! പരീക്ഷ കഴിഞ്ഞ് ഉടൻ മടങ്ങുന്നത് മണ്ടത്തരമാണ്. നഗരം ചുറ്റാൻ ഏഴു ദിവസങ്ങളാണ് കൈയ്യിലുള്ളത്. വേണ്ടത് പണം മാത്രമാണ്, അതാണ് ഇല്ലാത്തതും! മത്സരപരീക്ഷകൾക്ക് നന്നായി പഠിച്ച് തയാറെടുത്ത് വരുന്ന പതിനായിരങ്ങളുണ്ട്. കോച്ചിംഗ് സെന്ററുകളിൽ പോയി ഒരു ദിവസം തന്നെ ഒന്നും രണ്ടും പരീക്ഷകൾ എഴുതി പരിശീലിക്കുന്നവരാണ് അവർ. പരീക്ഷാ സമയം അലാറത്തിൽ സെറ്റ് ചെയ്തു വെച്ച് ചിട്ടയായി തന്നെ എഴുതുകയാണ്. അതിനുശേഷം തെറ്റുകളും ശരിയും സമയനഷ്ടവും എല്ലാം പരിശോധിച്ച് വീണ്ടും മനസ്സിരുത്തി പഠിച്ച് അടുത്ത പരീക്ഷയ്ക്കായി തയാറെടുക്കുന്നു. അങ്ങനെ നൂറും നൂറ്റമ്പതും പരീക്ഷകൾ എഴുതി തഴമ്പിച്ചവരാണ് മാറ്റുരയ്ക്കാൻ എത്തുന്നത്.
ഇതിപ്പോൾ ബോംബെ നഗരം ഒന്ന് പോയി കണ്ടു വരാം എന്നു മാത്രം. അപേക്ഷിക്കാൻ യോഗ്യതയുള്ള എല്ലാ തസ്തികയിലേക്ക് അപേക്ഷിച്ചു കൊള്ളാനാണ് അച്ഛൻ പറഞ്ഞിരിക്കുന്നത് .ജോലി കിട്ടിയില്ലെങ്കിലും പരീക്ഷയെക്കുറിച്ച് മനസ്സിലാക്കാമല്ലോ എന്നാണ് ന്യായം. കോച്ചിംഗ് സെന്ററുകളെ കുറിച്ചൊന്നും അച്ഛന് അറിയില്ല. ഏതു പരീക്ഷയിലാണ് ഭാഗ്യം തുണയ്ക്കുന്നത് എന്ന് അറിയില്ലല്ലോ. 19 വയസ്സ് അല്ലേ ആയിട്ടുള്ളു 35 വയസ്സ് വരെ എഴുതാം. ഏതെങ്കിലും ഒരു ജോലി എന്നെങ്കിലും ഒരു ദിവസം കിട്ടും. ആദ്യമൊക്കെ അങ്ങനെയാണ് കരുതിയിരുന്നത്. പക്ഷേ ഇത് അച്ഛന്റെ കാലം അല്ലല്ലോ. അന്നൊക്കെ അപേക്ഷകർ കുറവായിരുന്നു, ഇന്ന് പരീക്ഷകളിൽ നടക്കുന്നത് അക്ഷരാർഥത്തിൽ കഠിന മത്സരം തന്നെ ആയിട്ടുണ്ട്. നൂറിൽ നൂറ് മാർക്ക് മേടിക്കുന്നവർ തന്നെയുണ്ട് നൂറുപേർ. എന്നാൽ ഒഴിവ് 100 പോയിട്ട് 30 എങ്കിലും തികച്ചും ഉണ്ടാവുന്നുണ്ടോ? ഇല്ലതാനും.! അപ്പോ നാടുകാണാൻ കഴിയുന്നത് തന്നെ മെച്ചം."ബോംബെയിൽ സണ്ണി അങ്കിൾ ഉണ്ട് റെയിൽവേയിൽ ഉദ്യോഗം കിട്ടി നാട്ടിൽനിന്ന് ചെറുപ്പത്തിൽ പോയതാ" അമ്മ പറഞ്ഞു. "ആദ്യം വാടകയ്ക്ക് പിന്നെ റെയിൽവേ കോട്ടേഴ്സിലും, ഇപ്പൊ ബോംബെയിൽ സ്വന്തമായി വാങ്ങിയ ഫ്ലാറ്റിലാണ് താമസം. നിനക്ക് സണ്ണിയുടെ കൂടെ താമസിക്കാം" "അങ്ങനെ വീട്ടിൽ ചെന്ന് കേറി അങ്ങ് താമസിക്കാൻ മാത്രം പരിചയമുണ്ടോ...?" അങ്ങനെ ഒരു അങ്കിളിനെ പറ്റി അമ്മ ഇന്നുവരെ ഒന്നും പറഞ്ഞു കേട്ടിട്ടില്ലായിരുന്നു. "എടാ.. കുന്നേലെ ഫ്ലോറി ആന്റി ഇല്ലേ? അവളുടെ ആങ്ങളയാ സണ്ണി. അവനും ഞാനും ഒക്കെ ഒന്നിച്ചാ സ്കൂളിൽ പോയി കൊണ്ടിരുന്നേ.. സൺഡേ സ്കൂളിൽ ഒക്കെ വെച്ച് എന്തൊക്കെ പുകിലായിരുന്നു! എന്റെ മോൻ ആണെന്ന് അറിഞ്ഞാൽ നിനക്ക് എത്ര ദിവസം വേണമെങ്കിലും അവന്റെ വീട്ടിൽ നിൽക്കാം."
Read Also: കട നടത്തുന്നതിൽ മക്കൾക്ക് എതിർപ്പ്, വിശ്വസ്തനെ കട ഏൽപ്പിച്ച് അപ്പൻ; അടിയും വഴക്കും പിന്നെ കേസും
ഫ്ലോറി ആന്റിടടുത്തു നിന്നും ഫോൺ നമ്പർ വാങ്ങിയതും സണ്ണി അങ്കിളിനോട് വിവരമറിയിച്ചതുമെല്ലാം പിടി പിടീന്ന് നടന്നു. പഴയ കാര്യങ്ങളുടെ വിവരണവും പുതിയ കാര്യങ്ങളുടെ അന്വേഷണങ്ങളുമായി അമ്മയും സണ്ണി അങ്കിളും കുറെ നേരം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു. ടൂർ അടിക്കാനുള്ള ഉത്സാഹം ഉള്ളിലൊതുക്കികൊണ്ട് ഞാൻ അലമാരയിൽ പഠിക്കാനുള്ള പുസ്തകങ്ങൾ പരതി തുടങ്ങി. അങ്ങനെ ട്രെയിൻ കയറുമ്പോഴേക്കും അവിടുന്നും ഇവിടുന്നും ഒക്കെ 100 ഉം 200 മായി ചെലവിനു ഞാൻ കുറച്ച് കാശ് ഒപ്പിച്ചിരുന്നു. ഏറ്റവും തിരക്കുപിടിച്ച നഗരമാണ് മാലയോ മോതിരമോ ഒന്നും സുരക്ഷിതമല്ല. മണി പേഴ്സ് ഒക്കെ ഉണ്ടെങ്കിൽ വളരെ ജാഗ്രത വേണം, നഗരത്തിൽ ആദ്യമായി വരുന്നവരെ കള്ളന്മാർക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയും. വിദഗ്ധമായി മോഷ്ടിച്ചു കളയും. ഞാൻ പൈസ ഒളിച്ചു വെച്ചത് പുസ്തകത്തിന്റെ പുറംചട്ടയിൽ ആണ്. അത് ആരും കണ്ടുപിടിക്കുകയില്ലല്ലോ. സ്റ്റേഷനിൽ തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു സണ്ണിയങ്കിൾ "ഇന്ന് നൈറ്റ് ഡ്യൂട്ടിയാ.. എനിക്കൊന്ന് ഉറങ്ങണം... വേഗം പോകാം.. ഉപചാരങ്ങൾക്കൊന്നും നിൽക്കാതെ എന്റെ ബാഗ് പിടിച്ചുവാങ്ങി സണ്ണി അങ്കിൾ നടന്നുതുടങ്ങി. ഒരു പഴഞ്ചൻ ടൗൺ ബസ്സിൽ കയറി ഏതോ ഒരു നിരത്തിലിറങ്ങി, ഏതൊക്കെയോ തെരുവുകളിലൂടെ കടന്ന് ഫ്ലാറ്റിലെത്തി. ആന്റി വെളിയിൽ തന്നെയുണ്ടായിരുന്നു. എണ്ണ തേച്ച് കുളിച്ച്, വിരിച്ചിട്ട കറുത്തു നീണ്ട മുടിയുള്ള തനി കേരളീയ യുവതി. സ്നേഹം വാരി തേച്ച മനോഹരമായ പുഞ്ചിരിയോടെ എന്നെ അകത്തേക്ക് ക്ഷണിച്ചു.
കുളി കഴിഞ്ഞ് വന്നയുടനെ എനിക്കായി ടീപ്പോയിൽ ചായയും പലഹാരങ്ങളും നിരന്നു. കട്ടികൂടിയ പാലൊഴിച്ച നല്ല മധുരമുള്ള ചായ. കുഴലപ്പവും മിക്സ്ചറും. "മനുവും നീനുവും ഉടനെ വരും" സ്കൂൾ കഴിഞ്ഞും അവർക്ക് എന്തൊക്കെയോ പ്രാക്ടീസ്സുകൾ ഉണ്ടെന്ന് ആന്റി പറഞ്ഞു. സണ്ണി അങ്കിൾ ചായകുടിക്കാൻ ഒന്നും നിന്നില്ല. മുറിയിലേക്ക് പോയി ഫാൻ ഫുൾ സ്പീഡിലിട്ട് കമിഴ്ന്നു വീണു ഉറങ്ങി. "ഇനി എന്തെങ്കിലും പഠിക്കാൻ ഉണ്ടെങ്കിൽ നോക്കിക്കോളു..." മനുവിന്റ മുറിയിലേക്ക് ആന്റി എന്നെ കൊണ്ടുചെന്നാക്കി. കൊതുകുതിരിയുടെയും ബോഡി ലോഷനുകളുടെയും ഗന്ധങ്ങൾ ഇടകലർന്ന മുറിയിൽ രണ്ടു മൂന്നു ദിവസങ്ങളിലെ ഇംഗ്ലീഷ് പത്രങ്ങൾ ചിതറിക്കിടന്നിരുന്നു. പത്രങ്ങൾ നഗരവാസികൾക്ക് മാത്രം അധികം നൽകാറുള്ള മെട്രോ പേജുകൾ ഞാൻ മറിച്ചുനോക്കി. നഗരത്തിന്റെ ഗരിമ ഒപ്പിയെടുത്ത ചിത്രങ്ങൾ.. ഗോസിപ്പ് വാർത്തകൾ.. വെളുത്ത് മെലിഞ്ഞ താരസുന്ദരികളുടെ അർഥനഗ്നചിത്രങ്ങൾ... സിനിമ പരസ്യങ്ങൾ... എല്ലാം വർണ്ണശബളമായി തന്നെ! നഗരം വല്ലാത്ത കുതിപ്പോടെ പാഞ്ഞോടുകയാണെന്ന് തോന്നി. ഒരിക്കലുമവസാനിക്കാത്ത പട്ടണത്തിന്റെ പകിട്ടുകൾ.. വല്ലാത്ത കുതിപ്പോടെ യാന്ത്രിക വേഗത്തിൽ.. എനിക്കൊരു അസഹ്യത അനുഭവപ്പെട്ടു. മേശയ്ക്ക് മുകളിലെ അലങ്കാര ഷെൽഫുകളിൽ നിറഞ്ഞിരിക്കുന്ന പല വലിപ്പത്തിലുള്ള ട്രോഫികളും ഷീൽഡുകളും. എല്ലാത്തിനും സ്വർണ്ണവർണ്ണം. അവയിൽ പല നിറങ്ങളുള്ള റിബണുകൾ തൂങ്ങിയാടുന്നുണ്ട്. മനു ഒരു പ്രതിഭ ആയിരിക്കണം, സണ്ണി അങ്കിളിന്റെ മകനല്ലേ, നാട്ടുമ്പുറത്തു നിന്നും മഹാനഗരത്തിൽ ജോലി തേടിയെത്തിയ മിടുക്കന്റെ മകൻ. അപ്പോൾ പ്രതിഭയാവാതെ തരമില്ല.
എന്റെ ഊഹം തെറ്റിപ്പോയി. മകനായിരുന്നില്ല മകളാണ് പ്രതിഭ. കലണ്ടറിന് അരികിൽ പതിപ്പിച്ച ഫോട്ടോയിൽ തിളങ്ങി നിൽക്കുകയാണ് അതിസുന്ദരിയായ നീനു. വിശിഷ്ട വ്യക്തിയിൽ നിന്ന് ഭരതനാട്യത്തിന് സമ്മാനം വാങ്ങുന്ന ചിത്രം. എന്റെ ശബ്ദം ഉയർന്നു പോയി: "ആന്റി.. ഈ സമ്മാനങ്ങൾ എല്ലാം വാങ്ങി കൂട്ടിയിരിക്കുന്നത് നീനു ആണോ..?" ആശ്ചര്യത്തോടെ എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. "അവൾ ചെറുപ്പംതൊട്ടേ നന്നായി നൃത്തം ചെയ്യും" ആന്റി പറഞ്ഞു: "എവിടെപ്പോയാലും സമ്മാനവും വാങ്ങിയേ അവൾ മടങ്ങി വരാറുള്ളൂ." മീനുവിന്റെ മുറിയിലേക്ക് ആന്റി എന്നെ കൂട്ടിക്കൊണ്ട് പോയി. ചുവരിൽ എല്ലാം നിറപ്പകിട്ടുള്ള ചിത്രങ്ങൾ! ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി. "സ്കൂളിലെ ടീച്ചേഴ്സ് തന്നെയാ പരിശീലിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.. ഞങ്ങൾക്ക് പൈസയൊന്നും മുടക്കേണ്ടി വന്നിട്ടു കൂടിയില്ല." ആൻറി വാചാലയായി. നൃത്തച്ചമയങ്ങളില്ലാത്ത അവളുടെ ഒരു ചിത്രം കൂടുതൽ ആകർഷകമായിരുന്നു. സുന്ദരവദനത്തിലെ വെളുത്തു നീണ്ട വില്ല്പോലുള്ള മനോഹരമായ പുരികക്കൊടികൾക്ക് താഴെയുള്ള കരിനീല കണ്ണുകൾ എന്നെതന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി. മെട്രോ താളുകളിലെ താരസുന്ദരികളെക്കാൾ അഴകുള്ള ഒരുവൾ- ഈ വീട്ടിൽ തന്നെ.! നെഞ്ചിനകത്ത് ഉള്ള ഏതോ താഴ്‌വാരങ്ങളിൽ മഞ്ഞിൻ തണുപ്പ് അരിച്ചു കയറുന്നത് പോലെ....
മുറിയിൽനിന്ന് പുറത്തേക്കിറങ്ങാൻ തുനിഞ്ഞതാണ് മുമ്പിൽ നിൽക്കുന്നു ചിത്രത്തിലെ കരിനീല കണ്ണുകൾ! "വന്നോ..? എന്നാണ് പരീക്ഷ?" അവൾ ചോദിച്ചു. വിയർത്തു കുതിർന്ന മുഖം.. നനഞ്ഞ് ചുരുണ്ട മുടിയിഴകൾ റോസാപ്പൂ നിറമുള്ള നെറ്റിയിൽ അലസമായി പാറികിടക്കുന്നു. പൗർണമി നിലാവ് മുഖത്ത് അണിഞ്ഞ് വിളറിയ ചുണ്ടുകൾ. "ചൊവ്വാഴ്ച" "ശരിക്കും പഠിച്ചോ..?" "പഠിക്കുന്നു.." "ഞാനിപ്പോ ഒന്ന് ഫ്രഷ് ആയിട്ട് വരാം.." നിലാവിൽ അലിഞ്ഞു അതുപോലെ ഞാൻ മനുവിന്റെ മുറിയിലേക്ക് നടന്നു. സണ്ണിയങ്കിൾ ഇപ്പോഴും നല്ല ഉറക്കമാണ്. ഫാൻ ഫുൾ സ്പീഡിൽ കറങ്ങിക്കൊണ്ടിരിക്കുന്നു. ആന്റി അടുക്കളയിൽ രാത്രി ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഞാൻ കട്ടിലിലേക്ക് ചാഞ്ഞു. എന്റെ ചിന്തകളിൽ ആകെ ഏതോ ചിത്രകാരൻ ഇപ്പോൾ വർണ്ണങ്ങൾ വാരി തേക്കുകയാണ്.. റോസാപ്പൂ ഇതളുകളുടെ... ആകാശ നീലിമയുടെ.. മറ്റേതെല്ലാമോ ചാരു വർണ്ണങ്ങൾ പടർന്നലിയുന്നു. ഇത് യൗവ്വനത്തിന്റെ തൃഷ്ണകളാണ്.. പകരംവെക്കാനില്ലാത്ത സുഖകരമായ ഭ്രമകാമനകൾ.. കതകു തുറന്ന് നീനു കയറിവന്നു: "പഠിക്കുകയായിരുന്നോ...?" "വെറുതെ ഒന്നു കിടന്നു..." "ഇതാ..." കൈയ്യിലെ പൂപാത്രത്തിൽനിന്ന് ഉപ്പേരികൾ അവളെനിക്ക് നീട്ടി. സുഗന്ധ സോപ്പിന്റെ നറുമണം മുറിയിൽ ആകെ നിറഞ്ഞു. നീല പൂക്കളും വാടാമല്ലികളും ചിതറിക്കിടക്കുന്ന ഒരു ഒഴുക്കൻ ഉടുപ്പ് ആയിരുന്നു വേഷം. " മനു ഇപ്പോ വരും കേട്ടോ?"എനിക്ക് ബോറടിക്കുന്നുണ്ടായിരിക്കും എന്ന് കരുതി അവൾ പറഞ്ഞു. "അവൻ ക്ലാസ്സ് കഴിഞ്ഞ് ഗ്രൗണ്ടിൽ കൂട്ടുകൂടി ക്രിക്കറ്റ് കളിയും കഴിഞ്ഞേ വരാറുള്ളൂ."
മട്ടുപ്പാവിലേക്ക് ഞങ്ങൾ ഒരുമിച്ചു നടന്നു. അസ്തമയത്തിലെ ഇളവെയിൽ അടുക്കടുക്കായുള്ള വീടുകളിലേക്ക് ചാഞ്ഞു വീഴുന്നു. പേരിനുപോലും ഒരു മരം ഇല്ല ദൂരത്തെങ്ങും. അകലെയേതോ തീവണ്ടി ചുമച്ച് ചുമച്ച് ഇഴഞ്ഞ് പോകുന്നുണ്ട്. ഞങ്ങൾ പൂപ്പാത്രത്തിൽ നിന്നും മാറിമാറി ഉപ്പേരി എടുത്ത് ചവച്ചു കൊണ്ടിരുന്നു. ആകാശത്തിന്റെ ചുവപ്പുരാശിയിൽ കറുത്ത മേഘകെട്ടുകൾ പൊന്തി കിടക്കുന്നു. എവിടെനിന്നോ നനുത്ത ശബ്ദത്തിൽ തെന്നി തെറിച്ചു വരുന്ന ഭജൻ ശീലുകൾ. മനു വന്നത് സൈക്കിളിലാണ്. അപ്പാച്ചെ ഹെയർ സ്റ്റൈൽ ഉള്ള വിലകൂടിയ ക്യാൻവാസ് ഷൂ അണിഞ്ഞ ഒരു ചെത്ത്പയ്യൻ. ചിരപരിചിതനോട് എന്ന പോലെ എനിക്കൊരു 'ഹായ്' തന്നു. "എന്നാണ് പരീക്ഷ..?" "ചേട്ടൻ എന്റെ മുറിയിലാണേ..." "ഞാൻ കുളിച്ചിട്ട് ഇപ്പോൾ വരാം.." സൈക്കിൾ സ്റ്റാൻഡിൽ വെയ്ക്കുന്നതിനിടയ്ക്ക് മറുപടി പ്രതീക്ഷിക്കാതെ മൂന്ന് വാക്യങ്ങൾ പറഞ്ഞ് മനു വീട്ടിലേക്കോടി കയറി. സൂര്യൻ എരിഞ്ഞു തീരുമ്പോൾ അവസാനം ചിന്നിത്തെറിക്കുന്ന കിരണങ്ങളുടെ വല്ലാത്ത ചൂട് മട്ടുപ്പാവിൽ ഞങ്ങളെ അലോസരപ്പെടുത്തി.
വൈകിയാണ് എല്ലാവരും ഉറങ്ങാൻ കിടന്നത്. സണ്ണി അങ്കിൾ നൈറ്റ് ഡ്യൂട്ടിക്ക് പോയിരുന്നു. ആന്റി ജോലിയെല്ലാം തീർത്ത് മുറിയിൽ വന്നിരുന്നു. മനു വാക്മാൻ പ്ലേ ചെയ്ത് ഒറ്റ ഇരിപ്പാണ്. നീനുവിന് നാട്ടിലെ വിശേഷങ്ങൾ അറിയാൻ കൗതുകം ഉണ്ടായിരുന്നു. ഞാൻ ഒരു തടിച്ച റാങ്ക് ഫയലിൽ ചൂണ്ടു വിരൽ അടയാളം വച്ച് കട്ടിലിൽ ചാരിയിരുന്നു. ആന്റി ഓരോ നാട്ടുവിശേഷങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. ഞാൻ എന്തെല്ലാമോ പറഞ്ഞു കൊണ്ടേയിരുന്നു. നീനുവിന്റെ വിടർന്ന കണ്ണുകളിൽ വിവിധ ഭാവങ്ങൾ മിന്നി മറഞ്ഞു കൊണ്ടിരുന്നു. മനുവിന്റെ ഹെഡ് ഫോണിൽ നിന്നും ശബ്ദ ശകലങ്ങൾ ചിതറിവീണു കൊണ്ടിരുന്നു. മനു വൈകിയാണ് എഴുന്നേറ്റത് എങ്കിലും പത്തു മിനിട്ടുകൊണ്ട് റെഡിയായി സ്കൂളിലേക്ക് പോയി. പുലർച്ചെ എഴുന്നേറ്റ് പഠിക്കുന്നത് ആയി അഭിനയിക്കണമെന്ന് ഞാൻ വിചാരിച്ചിരുന്നു എങ്കിലും നടന്നില്ല; നല്ല ഉറക്കമായിരുന്നു. അങ്കിൾ ജോലി കഴിഞ്ഞ് വന്നിട്ടില്ല. മനു എനിക്ക് പാട്ടുകേൾക്കാൻ വാക്മാൻ തന്നിട്ടാണ് പോയത്. 2 ബാറ്ററി ഇടാവുന്ന സോപ്പുപെട്ടി പോലെ ഒന്ന്. ശബ്ദസൗന്ദര്യമാണ്. "എന്ത് നഷ്ടമാണ്... ബാറ്ററിയുടെ വിലയ്ക്ക്..! ഒരു മണിക്കൂറുകൊണ്ട് 2 ബാറ്ററി തീരും." "ഏയ് ഇത് റീച്ചാർജബിൾ ബാറ്ററിയാണ്" 4 ബാറ്ററികൾ ഒരുമിച്ച് സോക്കറ്റിൽ ഘടിപ്പിച്ച് ചാർജ് ചെയ്യാവുന്ന അഡാപ്റ്റർ മനു എന്നെ ഏൽപ്പിച്ചു.
Read Also: ഫെയ്സ്ബുക്കിലെ കമന്റുകൾ കണ്ട് സംശയം, അവളറിയാതെ ചാറ്റ് വായിച്ചു; ഭർത്താവിനോട് ചതി
സോളാപൂരിലെ ലാൽ ബഹാദൂർ ശാസ്ത്രി സ്കൂളിനു മുമ്പിൽ എന്നെ പരീക്ഷയുടെ അന്ന് ഇറക്കി വിട്ടിട്ടാണ് സണ്ണി അങ്കിൾ ജോലിക്ക് പോയത്. ചെങ്കല്ലുകൊണ്ട് കെട്ടിയുയർത്തിയ കോട്ട പോലുള്ള ഒരു പള്ളിക്കൂടം. നിറയെ പരീക്ഷാർഥികൾ. എല്ലാവരും ഇനി എന്തോ കൂടി പഠിച്ചു തീർക്കാനുണ്ട് എന്ന മട്ടിൽ തടിയൻ പുസ്തകങ്ങളിലേക്ക് മുഖം പൂഴ്ത്തി ഇരിപ്പാണ്. ഞാൻ മാത്രമാണ് ഇങ്ങനെ കാഴ്ച കണ്ട് നടക്കുന്നത് എന്ന് തോന്നുന്നു. പരീക്ഷ തുടങ്ങി, റീസണിങ്.. മെന്റൽ എബിലിറ്റി.. ഇംഗ്ലീഷ് ഗ്രാമർ ചോദ്യങ്ങളെല്ലാം എന്റെ മുമ്പിൽ പത്തി ഉയർത്തി നിന്നു. ഉത്തരങ്ങൾ നൂല് പൊട്ടിയ പട്ടങ്ങൾ ആയി എന്റെ തലയ്ക്കു ചുറ്റും പറന്നു നടക്കുന്നു. എനിക്കു തോന്നിയ കുമിളകൾ വരിവരിയായി ഞാൻ ഓരോന്നായി കറുപ്പിച്ചു തുടങ്ങി. മൂല്യനിർണയത്തിനായി ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തെടുക്കുമ്പോൾ യന്ത്രം ചൂടാവുന്നതായും, പലരുടെയും മാർക്കുകൾ ഇടകലർന്നു പോകുന്നതായും, റിസൾട്ടു വരുമ്പോൾ എനിക്ക് നൂറിൽ നൂറ് കിട്ടുന്നതായും, എല്ലാം ഞാൻ അവിടിരുന്ന് കനവുകണ്ടു. ഉയർന്ന ഉദ്യോഗസ്ഥൻ ആയിട്ട് വേണം നീനുവിനെ.... "ഛെ." ഭ്രാന്തൻ ചിന്തകൾ. പരീക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോഴാണ്, സ്കൂൾ ഗേറ്റിലൂടെ പരശതം ആളുകൾ തിക്കി തിരക്കുന്നത് കാണുന്നത്. ഇത്രയധികം ആളുകൾ ആണോ ജോലി അന്വേഷിക്കുന്നത് ..? ഇത് ഒരു സെന്ററിലെ മാത്രം ജനക്കൂട്ടമാണ്. ഇങ്ങനെ രാജ്യത്തൊട്ടാകെ എത്ര സെന്ററുകൾ ആയിരിക്കും? സ്കൂളിനരികിൽ ചുവപ്പിൽ മഞ്ഞ വരകളുള്ള ഒരു ഡസനോളം സിറ്റി ബസുകൾ പുറപ്പെടാൻ തയാറായി കിടക്കുന്നുണ്ടായിരുന്നു. എല്ലാ ബസ്സുകളും ആളുകളെക്കൊണ്ട് നിറഞ്ഞാണ് നഗരത്തിലേക്ക് പുറപ്പെട്ടത്. മെയിൻ സിറ്റിയിൽ നിന്നും സണ്ണി അങ്കിളിന്റെ വീട്ടിലേക്കുള്ള ബസ്സ് പിടിക്കാനും, വീടിനടുത്തുള്ള നിരത്തിലിറങ്ങാനും, അവിടെനിന്നും മനു ക്രിക്കറ്റ് കളിക്കുന്ന മൈതാനം ലക്ഷ്യമാക്കി നടക്കാനും അവിടെനിന്നും വീട്ടിലെത്താനും ഇതിനോടകം ഞാൻ പഠിച്ചു കഴിഞ്ഞിരുന്നു.
"പരീക്ഷ എളുപ്പമായിരുന്നോ.?" ആന്റി ചോദിച്ചു. "ക്വസ്റ്റ്യൻ പേപ്പർ ഒന്നുകൂടി നോക്കിയിട്ട് ഞാൻ പറയാം." വിദഗ്ധമായി ഞാൻ മറുപടി പറഞ്ഞു. "ചോറുണ്ടിട്ട് ആയിക്കോളൂ..." ഉരുണ്ട വെള്ളയരി ചോറിനൊപ്പം ഉരുളക്കിഴങ്ങ് ഇട്ടുവച്ച പരിപ്പുകറി. കൂടെ ഇടത്തരം സവാളയുടെ രൂപത്തിലുള്ള ചുവന്നു മൊരിഞ്ഞ കോളിഫ്ലവർ പക്കാവടകൾ. കഷ്ടപ്പെട്ട് പരീക്ഷ എഴുതി വന്നതു കൊണ്ടായിരിക്കാം ആന്റി അത്തരമൊരു സ്പെഷ്യൽ വിഭവം അന്ന് തയാറാക്കിയത്. ഞാൻ കൂടുതൽ ചോറ് കഴിച്ചു. കടലമാവിൽ കോളിഫ്ലവർ മുക്കി പൊരിച്ച പക്കാവടകൾ ഓരോന്നോരോന്നായി ആന്റി എന്റെ പാത്രത്തിലേക്ക് ഇട്ടു കൊണ്ടേയിരുന്നു. "കൊള്ളാം ആന്റി... ഈ പക്കാവടകൾ ഞാൻ ആദ്യമായാണ് കഴിക്കുന്നത്.. ചോറിനൊപ്പം വളരെ നന്നായിട്ടുണ്ട്..." "മോൻ കഴിച്ചോ... ഇവിടെ എന്തു ഉണ്ടാക്കി കൊടുത്താലും ആർക്കും ഇഷ്ടപ്പെടുകയില്ല" ആന്റി പരിഭവം പറഞ്ഞു. "നീനുവും കഴിക്കില്ലേ...?" "അവൾക്ക് നൃത്തം നൃത്തം എന്ന ഒരു വിചാരമേയുള്ളൂ.. ശരീരം നോക്കുന്നു എന്ന പേരിൽ ഭക്ഷണം കുറച്ചേ കഴിക്കൂ. നീനുവിന് പ്ലസ് വണ്ണിൽ എല്ലാ ഡാൻസ് ഇനങ്ങൾക്കും ഒന്നാം സ്ഥാനമാണ് കിട്ടിയത്.. ഇനി പ്ലസ് ടു വിൽ കൂടി സമ്മാനങ്ങൾ വാരിക്കൂട്ടിയാൽ അവളെ സിനിമാക്കാർ നോട്ടമിടും. ആന്റിയുടെ പരിഭവം ഇപ്പോൾ ഒരു സ്വകാര്യ ദുഃഖത്തിലേക്ക് വഴിമാറുകയാണ്. "ഇപ്പോൾ തന്നെ ടിവിക്കാര് അവളെ വിളിച്ചു കൊണ്ടിരിക്കുകയാണ്.. നീനു നല്ല സുന്ദരിയല്ലേ മോനെ..." "സിനിമയിലും ടിവിയിലും ഒക്കെ വന്നാൽ നല്ല പൈസ കിട്ടുകയില്ലേ ആന്റി.. ആധിപിടിക്കാൻ എന്താണ് ഉള്ളത്..?" "വേണ്ട.. വേണ്ട.. പിന്നെ നമ്മുടെ പിടിയിൽ ഒന്നും നിൽക്കില്ല. അതൊരു വല്ലാത്ത ലോകമാണ്... മായിക ലോകം! അവൾ പഠിച്ചാൽ മതി പിന്നെ മോനെ പോലെ നല്ല ഒരു ജോലി സമ്പാദിച്ചാൽ മതി.. അതാണ് നല്ലത്.." വിദൂരത്തേക്ക് കണ്ണുകൾ പായിച്ച ആ സ്ത്രീയുടെ മനകണ്ണുകളിൽ ശുഭ ഭാവിയുടെ നിഴലാട്ടം ഞാൻ കണ്ടു.
പിറ്റേന്ന്, നഗരത്തിന്റെ വെയിൽ തീപിടിച്ച ചക്രവർത്തി പദങ്ങളിലൂടെ ഞാൻ അലഞ്ഞുനടന്നു. കോട്ടകളും കൊത്തളങ്ങളും ശേഷിപ്പിച്ച ചെങ്കൽ പാളികളുടെ അടരുകളിൽ കാലം കിതച്ചു നിൽക്കുന്നു. പൂർവ ജന്മങ്ങളിൽ നിന്നും മുഗളരും രജപുത്രൻമാരും ദേവദാസികളുമൊക്കെ എന്നെ തുറിച്ചു നോക്കി. മരുഭൂ പ്രയാണത്തിൽ എന്നപോലെ ഞാൻ വിയർത്ത് ഒഴുകുകയായിരുന്നു. നീളംകൂടിയ അഴുക്കുപിടിച്ച പഴഞ്ചൻ ബസ്സുകൾ തലങ്ങും വിലങ്ങും പാഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. ആർക്കും ആരെയും ശ്രദ്ധിക്കാൻ കഴിയാത്ത തിരക്കുകളിൽ മുഴുകിയ ആളുകൾ നിറഞ്ഞ പട്ടണം. ഇടത്തേക്ക് തിരിയുന്ന പോക്കറ്റ് റോഡിലേക്ക്, തിരക്കിൽ നിന്ന് അൽപം ഒഴിഞ്ഞ് ഞാൻ നടന്നു തുടങ്ങി. ദൂരെ ഒരു പൈപ്പിൻ ചുവട്ടിൽ അൽപം തണലുണ്ട്. ഒരു വേപ്പു മരം പടർന്നുപന്തലിച്ച് നിൽക്കുന്നതാണ്. അതിനോട് ചേർന്ന് അഞ്ചോ ആറോ കടമുറികൾ ഉള്ള ഒരു ലൈൻ കെട്ടിടം. ചുവന്ന അക്ഷരത്തിൽ എന്തോ എഴുതിയിരിക്കുന്ന ബോർഡും കാണാം. ദേവനാഗരിലിപികൾ പെറുക്കിയെടുത്ത് വായിച്ചപ്പോൾ ഉള്ളിൽ ഒരു ആന്തലുണ്ടായി: വേശ്യാമന്ദിർ! തിരിച്ചു പോകാൻ മനസ്സ് പറയുന്നെങ്കിലും കാലുകൾക്ക് അത് സമ്മതമായിരുന്നില്ല. കട മുറിവുകളുടെ ഓരോ വാതിലുകളിലും ചുവന്ന ചായം ചുണ്ടുകളിൽ തേച്ച അണിഞ്ഞൊരുങ്ങിയ സുന്ദരികൾ ശരീരം പ്രദർശിപ്പിച്ചുകൊണ്ട് വഴിപോക്കരെ മാടി വിളിച്ചുകൊണ്ടിരുന്നു. പൈപ്പിൻ ചുവട്ടിൽ തുണി അലക്കി കൊണ്ടിരിക്കുന്ന ഒരുവൾക്ക് ഉടുപുടവ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. ഒന്നും കാണാത്തവനെപ്പോലെ കുറച്ചു ദൂരം കൂടി മുമ്പോട്ട് നടന്നിട്ട് ഞാൻ മടങ്ങി. തിരികെ നടന്ന് നഗരത്തിലെ തിരക്കിലേക്ക് ശരീരം ഒളിപ്പിച്ച് ഞാൻ എന്റെ നഗ്നത മറച്ചു.
ബസിറങ്ങി ഞാൻ മനുവിന്റെ കളി സ്ഥലത്തേക്ക് നടന്നു. മൈതാനം നിരപ്പാക്കാൻ ഇട്ടിരിക്കുന്ന കല്ലുകൊണ്ടുള്ള ഒരു വലിയ തള്ളുവണ്ടി ഒരു വശത്ത് കിടപ്പുണ്ടായിരുന്നു. അതിനു മുകളിൽ കയറിയിരുന്ന് ദൂരെ ഫീൽഡ് ചെയ്യുന്ന മനുവിനെ ഞാൻ കൈവീശി കാണിച്ചു. മനു കൈ ഉയർത്തി. വിശാലമായ മൈതാനത്തിനരികിലൂടെ ഒരു പരുക്കൻ മൺപാത നീണ്ടു കിടക്കുന്നു. പാതയ്ക്കപ്പുറത്ത് ഒരു നില മാത്രമുള്ള വീടുകളാണ്. പാതക്കിപ്പുറത്ത് നിലകളുള്ള വലിയ വീടുകൾ തല ഉയർത്തി നിൽക്കുന്നു. നിരന്ന ഭൂമി. മലകളോ ചെടികളോ മരങ്ങളോ കാണാനേയില്ല. മേഘങ്ങൾക്ക് മെല്ലെമെല്ലെ ചുവപ്പ് നിറം വന്നു തുടങ്ങുകയാണ്. പാതയിൽ മീനു പ്രത്യക്ഷപ്പെട്ടു. കോളറുള്ള ഷർട്ടും വലിയ പൂക്കളുള്ള നീണ്ട പാവാടയും അണിഞ്ഞ് അവൾ മൈതാനം കടന്നുവന്ന് തള്ളു വണ്ടിയുടെ അരികിലെത്തി. "വീട്ടിലേക്ക് പോകാം...?" അവൾ ചോദിച്ചു. ആകാശം പോലെ അവളുടെ മുഖവും ചുവന്നു തുടുത്തിരുന്നു. കൈകളുയർത്തി മടങ്ങുകയാണെന്ന് മനുവിനോട് ആംഗ്യം കാണിച്ചിട്ട് ഞങ്ങൾ നടന്നു. കാക്കകൾ ചിറകനക്കാതെ തലയ്ക്കുമുകളിലൂടെ തെന്നി പറന്നു നീങ്ങുന്നു. ഒരു ഇളം കാറ്റ് പോലും വീശാത്ത വഴിത്താര.! "നീനു സിനിമയിൽ അഭിനയിക്കുമോ...?" "അറിയില്ല... അമ്മ പറയുന്നതല്ലേ?" "പറ്റും.. നീനു സുന്ദരിയാണ്..." "ആണോ ..?" അവൾ എന്റെ ഇടതു കൈ പടത്തിലൂടെ വിരലുകൾ കോർത്തു പിടിച്ചു. ചുവന്നുതുടുത്ത ആകാശം വിളറി വാടുകയാണ്. വീടെത്തും വരെ ഒന്നും മിണ്ടാതെ ഞങ്ങൾ കൈകോർത്തുപിടിച്ച് നടന്നു. രാത്രി തീവണ്ടിയിൽ വച്ച് കഴിക്കാനുള്ള ഭക്ഷണം ആന്റി പൊതിഞ്ഞു തന്നു. യാത്രയയക്കാൻ ആരും വരേണ്ടെന്ന് ഞാനാണ് നിർബന്ധം പറഞ്ഞത്. മനു വാക്മാൻ എന്റെ കൈയ്യിൽ കൊണ്ടുവന്നു തന്നു. "ബാറ്ററിയും ചാർജറും വേറൊന്ന് വാങ്ങിയാൽ മതി.. ഇതെന്റെ ഓർമ്മയ്ക്ക് ഇരിക്കട്ടെ.." ആന്റിയും സണ്ണിയങ്കിളും മനുവും ഗേറ്റു വരെ വന്നുനിന്നു. വഴിയെല്ലാം എനിക്ക് പരിചയം ആയിക്കഴിഞ്ഞിരുന്നു. പരുക്കൻ റോഡിലേക്ക് പ്രവേശിച്ചപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. നീനു മട്ടുപ്പാവിൽ നിൽക്കുന്നുണ്ടായിരുന്നു. ഒരു പൂമ്പാറ്റയുടെ ചിറകുകൾ പോലെ അവളുടെ തോളിലെ തൊങ്ങലുകൾ വിറകൊള്ളുന്നുണ്ടായിരുന്നു. കോട്ടകളും കമാനങ്ങളും അതിരിട്ട തെരുവുകൾ കടന്ന് ഞാൻ നഗരത്തിന്റെ തിരക്കുകളിലേക്ക് ചേർന്നു.
Content Summary: Malayalam Short Story Written by Satheesh O. P.