ADVERTISEMENT

മുരൻ, ജീവിതം ലാഭമാണോ നഷ്ടമാണോ? പെട്ടെന്നൊരുത്തരമില്ലാത്തതിനാൽ ഞാനൊന്നു പതുങ്ങി. ലാഭങ്ങളുടെയും നഷ്ടങ്ങളുടെയും സമ്മേളനമാണ് ജീവിതം. നഷ്ടങ്ങളിൽ ചിലത് നമ്മെ കൂടുതൽ പഠിപ്പിക്കുന്നു, ലാഭമാണെന്ന് തോന്നുന്ന സമയത്ത് സന്തോഷം തോന്നുന്നു. എന്തായാലും ജീവിതത്തിന് ഒരു ലാഭനഷ്ടക്കണക്കുണ്ടാക്കാൻ ബുദ്ധിമുട്ടാണ്. ഞാനൊരു കഥ പറയാം, എന്റെ ഒരു കൂട്ടുകാരിയുടെ, സ്നേഹം മാത്രം കൈമുതലായുള്ള എന്റെ പ്രിയ സുഹൃത്ത് രാജശ്രീയുടെ കഥ. 

ഏതാണ്ട് ഇരുപത്തഞ്ച് വർഷങ്ങൾക്ക്  മുമ്പാണ് രാജശ്രീയും ഭർത്താവും അഞ്ചുവയസ്സുള്ള മകനും ഡൽഹി സന്ദർശിക്കുന്നത്. കോനാട്ട്പ്ലേസിലുള്ള ഒരു ഹോട്ടലിൽ ആയിരുന്നു താമസം. ഹോട്ടലിന് പുറത്ത് ഷൂ പോളിഷ് ചെയ്യുന്ന അഞ്ചുവയസ്സുകാരനായ ഒരു കുട്ടിയെ രാജശ്രീ കണ്ടു. തന്റെ മകന്റെ അതേ പ്രായം. മുഖം നിറച്ചുള്ള അവന്റെ ചിരിയാണ് രാജശ്രീയെ ആകർഷിച്ചത്. അവൻ ചോദിച്ചെങ്കിലും ഭർത്താവ് ഷൂ പോളിഷ് ചെയ്യാൻ സമ്മതിച്ചില്ല, എന്നാൽ രാജശ്രീ അവന് അഞ്ചുരൂപയെടുത്തു കൊടുത്തു. ജോലിചെയ്യാതെ കാശു കൊടുത്തതിന് ഭർത്താവിൽ നിന്ന് നല്ല ചീത്തയും കിട്ടി. അന്ന് ഡൽഹിയുടെ വിവിധ ഭാഗങ്ങൾ കണ്ട് തിരിച്ചു വരുമ്പോൾ അവനുള്ള ഭക്ഷണവും രാജശ്രീ വാങ്ങിച്ചിരുന്നു. അവനത് സന്തോഷത്തോടെ വാങ്ങുകയും രാജശ്രീയുടെ കാലുകൾ തൊട്ടു നമസ്കരിക്കുകയും ചെയ്തു. രാജശ്രീക്ക് അവനെ പിടിച്ചുയർത്തണമെന്നുണ്ടായിരുന്നു. ഭർത്താവിന്റെ രൂക്ഷനോട്ടം അവരെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. 

Read Also: നിറങ്ങളില്ല, രൂപമില്ലാതെ അപ്പൂപ്പൻ താടിപോലെ പറന്നു നീങ്ങുന്നവർ; സ്വർഗമോ നരകമോ എന്നു സംശയം

രാജശ്രീ അവനെക്കുറിച്ചു കൂടുതൽ അന്വേഷിച്ചു, അവനൊരു അനാഥനാണ്, എവിടെയാണ് കഴിയുന്നതെന്നറിയില്ല, എന്നും രാവിലെ ഹോട്ടലിന്റെ മുന്നിൽ ഷൂ പോളിഷ് ചെയ്യാൻ വന്നിരിക്കും. ആരുമില്ലാത്ത അവനോടു രാജശ്രീക്ക് ഒരു അമ്മയുടേതായ എല്ലാ ആഗ്രഹങ്ങളും തോന്നി. അവർ ഭർത്താവിനോട് പറഞ്ഞു, നമുക്ക് നാട്ടിൽ പോകുമ്പോൾ അവനെയും കൂടെ കൂട്ടാം. നമ്മുടെ മകന്റെ അതെ വയസ്സാണ്. അവനൊരു ജീവിതം കൊടുക്കാം. ഭർത്താവ് ദേഷ്യപ്പെട്ടു. നമുക്കൊരു മകനുണ്ട്. മാത്രമല്ല, അവനെ കൊണ്ടുപോകാൻ ശ്രമിച്ചാൽ അവന് പുറകിൽ ആരൊക്കെയാണ് ഉള്ളതെന്നുപോലും നമുക്കറിയില്ല. നിയമപരമല്ലാത്ത ഒന്നും നമുക്ക് നല്ലതല്ല. ബാല്യത്തിന്റെ നിഷ്കളങ്കതയിൽ, നിന്റെ ഉള്ളിലെ നല്ലൊരു അമ്മയുടെ ലാളിത്യത്തിൽ നന്മകൾ ഒക്കെ നമുക്ക് തോന്നാം, എന്നാൽ നമുക്ക് പരിധികൾ ഉണ്ട്. എങ്കിലും രാജശ്രീ എന്നും അവന് ഭക്ഷണം കൊണ്ട് കൊടുക്കും. 

ആ സ്നേഹം അപകടകരമായ ഒരവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് രാജശ്രീയുടെ ഭർത്താവിന് തോന്നി. അവർ എത്രയും വേഗം തന്നെ നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. മടങ്ങുന്നതിന്റെ തലേന്ന് അവനായി രാജശ്രീ കുറച്ചു വസ്ത്രങ്ങൾ വാങ്ങി. എന്നാൽ അന്ന് വൈകിട്ടോ അവർ ഹോട്ടലിൽ നിന്ന് തിരിച്ചു പോരുന്ന സമയത്തോ അവനെ ഹോട്ടലിന് പുറത്ത് കണ്ടില്ല. രാജശ്രീയുടെ ഭർത്താവ് അവനായി വാങ്ങിയ വസ്ത്രങ്ങൾ ഹോട്ടലിന്റെ മാനേജരെ ഏൽപ്പിച്ചു അവൻ വരുമ്പോൾ കൊടുക്കാൻ പറഞ്ഞു. നാട്ടിലേക്ക് തിരിച്ചെത്തിയിട്ടും രാജശ്രീക്ക് ആ കുട്ടിയെ മറക്കാൻ കഴിഞ്ഞില്ല. 

Read Also: തന്റെ ജീവിതം തകർത്തവനെ കാണാൻ അവൾ പോയി, അത് അയാളെ കൂടുതൽ അസ്വസ്ഥനാക്കി; പക, പ്രതികാരം

ഇന്നലെ രാജശ്രീയുടെ മകന്റെ മുപ്പതാം പിറന്നാൾ ആയിരുന്നു. മകന് പിറന്നാൾ വസ്ത്രങ്ങൾ വാങ്ങിയപ്പോൾ രാജശ്രീ മറ്റൊരു ജോഡി വസ്ത്രം കൂടി എടുത്തു. നന്നായി പൊതിഞ്ഞു എന്നോട് ഒരു വിലാസത്തിൽ അയച്ചുകൊടുക്കാൻ പറഞ്ഞു. ആ വിലാസം ഞാൻ വായിച്ചു:

ആദിത്യ ശ്രീവാസ്തവ, ഐ എ എസ് 

അണ്ടർ സെക്രട്ടറി 

മിനിസ്ട്രി ഓഫ് എനർജി 

ന്യൂ ഡൽഹി 

ഇരുപത്തഞ്ച് വർഷം മുമ്പ് പോളറോയിഡ് ക്യാമറയിൽ എടുത്ത ഒരു ചിത്രം രാജശ്രീ എന്റെ നേരെ നീട്ടി. ഇത് അവനാണ്. ഇന്നിപ്പോൾ അവൻ എന്റെ മകനെക്കാൾ ഉയരത്തിലെത്തി. രാജശ്രീ തുടർന്നു; നാട്ടിൽ തിരിച്ചെത്തി ഞാൻ ഡൽഹിയിലെ ഒരു കാരുണ്യപ്രവർത്തന ഗ്രൂപ്പുമായി ബന്ധപ്പെട്ടു, അവർ അവനെ കണ്ടെത്തി. ഞാനവന്റെ വിദൂരത്തുള്ള രക്ഷിതാവായി. അവനെന്നെ അറിയാം, പക്ഷെ ഞാൻ എന്റെ മകൻ ഒരു നിലയിൽ ആവാൻ കാത്തിരിക്കുന്നു, അതിന് ശേഷം അവനെ കാണാൻ പോകണം. അവനെ പഠിപ്പിച്ചു വലുതാക്കിയതിന്റെ യാതൊരു അംഗീകാരത്തിനുമല്ല, മറിച്ചു ആരുമില്ലാത്ത ഒരാൾ തനിയെ വളർന്നു വലുതായത് കാണാൻ മാത്രം. എന്നാൽ ഈ വിവരം എന്നിലും നിന്നിലും മാത്രം ഒതുങ്ങണം. 

Read Also: ചിരിച്ചു മാത്രം കണ്ടിട്ടുള്ള പെൺകുട്ടി; പെട്ടെന്നു വന്ന വയറുവേദനയിൽ അവള്‍ കുഴഞ്ഞുവീണു, പിന്നെ ഓപ്പറേഷൻ

മുരൻ, ചില മനുഷ്യർ അങ്ങനെയാണ്. അവർ എന്തിനായി ചിലവഴിച്ചു എന്ന് കണക്കുകൾ കൂട്ടില്ല. നമ്മളെല്ലാം മക്കളെ വളർത്തുന്നത്, വയസ്സാകുമ്പോൾ അവർ നമ്മളെ സംരക്ഷിക്കും എന്ന വിശ്വാസത്തോടെയാണ്. എന്നാൽ രാജശ്രീ ഒരു അനാഥന് വിദ്യാഭ്യാസവും ഭക്ഷണവും കൊടുത്തു, അവൻ വളർന്നു വലിയ മനുഷ്യനായി, എന്നിട്ടും അതിന്റെ അംഗീകാരം അവർ തേടിപ്പോയില്ല. ദൂരെയിരുന്നു ഒരമ്മ അവരുടെ വളർത്തു മകന്റെ വിജയങ്ങൾ ആരുമറിയാതെ ആഘോഷിക്കുന്നു.

Content Summary: Malayalam Short Story ' Stella Labhanashtangal ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com