ADVERTISEMENT

കൂറ്റൻ തേക്കു മരം പിടിച്ച് റാണി മോൾ ചെങ്കുത്തായ മലയടിവാരത്തിലേക്ക് നോക്കി. ഒലിച്ചു പോയ മണ്ണിൽ പുതുനാമ്പുകൾ വളർന്നിരിക്കുന്നു. മണ്ണും മരങ്ങളും ചെളിയും ഒലിച്ചു പോയ ഭാഗത്ത് ഉരുളൻ പാറക്കല്ലുകൾ ഒലിച്ചുവന്ന് കൂട്ടം കൂടി തൊട്ടുരുമ്മിയിരിക്കുന്നു. കഴിഞ്ഞ കുറെവർഷങ്ങൾക്ക് മുന്നേ ഇവിടങ്ങളിൽ കുറേ വീടുകളുണ്ടായിരുന്നു. തന്റെ വീടിന്റെ മുറ്റത്തിന്റെ ഇടതു ഭാഗത്തായിരുന്നു ഈ കൂറ്റൻ തേക്കു മരം നിന്നിരുന്നത്. തേക്കുമരത്തിന്റെ തായ് വേരുകൾ മണ്ണിനടിയിൽ ആഴ്ന്നിറങ്ങിയതിനാലും ഉരുൾ പൊട്ടിയൊലിച്ചു വന്ന മലവെള്ളപ്പാച്ചിൽ ചെറുതായി ഗതിമാറി ഒഴുകിയതിനാലും തേക്കുമരം ഇപ്പോഴും തലയുയർത്തി നിൽപ്പുണ്ട്. മുറ്റത്തും പറമ്പിലുമുണ്ടായിരുന്ന മറ്റു മരങ്ങളെല്ലാം ഉരുൾ പൊട്ടലിൽ ഒലിച്ചു പോയി ഒരിക്കലും തലയുയർത്തപ്പെടാനാവാതെ മണ്ണിനടിയിൽ താഴ്ന്നു പോയിരിക്കുന്നു.. അവൾ തേക്കുമരത്തെ ഒന്നു തൊട്ടു തലോടി. താനും തന്റെ കൂട്ടുകാരും സാറ്റു കളിക്കുമ്പോൾ കണ്ണുപൊത്തി. ഒന്നേ രണ്ടേ ....ന്ന് എണ്ണിക്കൊണ്ട് ചാരി നിന്ന മരം.. ഒളിച്ചവരെ കണ്ടുപിടിക്കുമ്പോൾ ഓടി വന്ന് "സാറ്റ്," എന്നു പറഞ്ഞു തൊടുന്ന തേക്കുമരം. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. തന്റെ കൂടെയന്ന് കളിച്ചവരെല്ലാം മണ്ണിനടിയിലായിപ്പോയി. 

മണിക്കുട്ടനായിരുന്നു അന്ന് എണ്ണിക്കൊണ്ടിരുന്നത്. അടുത്ത വീട്ടിലെ മറിയ ചേച്ചിയുടെ വീടിന്റെ പുറകു വശത്തെ അലക്കുകല്ലിന്റെ മറവിൽ ഒളിച്ചിരിക്കുകയായിരുന്ന തന്റെ മുന്നിലൂടെയാണ് എല്ലാവരും ഒഴുകിപ്പോയത്. അന്ന് മണിക്കുട്ടൻ എണ്ണി കൊണ്ടിരുന്നപ്പോൾ എല്ലാവരും വേഗം ഓടിയൊളിച്ചു. കളിക്കുന്നതിന്റെ അരമണിക്കൂറ് മുന്നെയും മഴയായിരുന്നു. രണ്ട് മൂന്നു ദിവസമായി തോരാമഴ തന്നെയായിരുന്നു. മഴയൊന്നു മാറിയപ്പോൾ എല്ലാവരും തന്റെ വീട്ടിൽ ഒത്തുകൂടി. സാറ്റ് കളിക്കാമെന്ന് പറഞ്ഞത് മണിക്കുട്ടനായിരുന്നു. താഴെ വീട്ടിലെ കയ്യാലയ്ക്കപ്പുറത്ത് ഒളിച്ചിരിക്കുകയായിരുന്ന ചിന്നൂട്ടിയെ കണ്ടുപിടിച്ച് ഓടി വരുന്നതിനിടയിലായിരുന്നു മേലെ കാട്ടിലെവിടെയോ ഉരുൾ പൊട്ടിയതും മല വെള്ളം ഒന്നായി ഒഴുകി വന്നതും തന്റെ അച്ഛനുമമ്മയുമടക്കം അയൽപക്കങ്ങളിലെ സർവ ചരാചരങ്ങളെയും കൊണ്ട് ഉരുൾ പൊട്ടിയൊലിച്ച് താഴ്‌വാരങ്ങളിലേക്ക് ഒഴുകിപ്പോയത്. തേക്കുമരത്തിന്റെ താഴെ നിന്നായിരുന്നു ചിന്നൂട്ടിയെയും, മണിക്കുട്ടനെയും കണ്ടെത്തിയത്. ഓരോരുത്തരെയായി മണ്ണിനടിയിൽ നിന്നും കണ്ടെടുക്കുമ്പോൾ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി പേപ്പറിൽ എഴുതി കൊണ്ടിരുന്നത് തേക്കു മരത്തിന്റെ പടിഞ്ഞാറു വശം, കിഴക്കുവശം, വടക്കുവശം, തെക്കുവശം എന്നിങ്ങനെയായിരുന്നു. തേക്കു മരത്തിന്റെ കിഴക്കുവശത്തു നിന്നായിരുന്നു തന്റെ അച്ഛനെയും അമ്മയെയും കിട്ടിയത്.. 

Read Also: പ്രതികരിച്ചതിന്റെ പേരിൽ കള്ളക്കേസും ജയിലും, നാട്ടിലേക്ക് മടങ്ങുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നില്ല; പ്രതികാരം

പനിച്ചു കിടക്കുകയായിരുന്ന അമ്മയ്ക്ക് കട്ടൻ കാപ്പി തിളപ്പിക്കാൻ പോയതായിരുന്നു അച്ഛൻ. പനിക്കിടക്കയിൽ നിന്നും അമ്മ തന്നോട് വിളിച്ചു പറഞ്ഞത് ഇപ്പഴും ഓർക്കുന്നു. "റാണി മോളെ അമ്മയ്ക്കിച്ചിരി കട്ടൻ കാപ്പി തിളപ്പിച്ചു താ.." അതും കേട്ടുകൊണ്ടാണ് അച്ഛൻ പണിയും കഴിഞ്ഞ് വന്നത്. "എടിയേ അവള് കളിച്ചോട്ടെ നിനക്ക് കാപ്പി കിട്ടിയാപ്പോരേ, ഞാനിട്ടു തരാം കാപ്പി." "നിങ്ങളവളെ കൊഞ്ചിച്ചു വഷളാക്കിക്കോ. പെണ്ണ് വീട്ടിലെ ഒരു പണിയും എടുക്കൂല. പറഞ്ഞാലനുസരണവുമില്ല." "അവള് കൊച്ചല്ലേടി. കളിച്ച് നടക്കേണ്ട പ്രായം, അവള് കളിക്കട്ടെ, പഠിക്കട്ടെ." "ഓ പഠിച്ച് അവളിപ്പോ ഡോക്ടറാവും.." അമ്മ കളിയാക്കിക്കൊണ്ട് പറഞ്ഞു.. "എന്റെ മോള് ഡോക്ടറാവും നീ നോക്കിക്കോടി." അപ്പോഴേക്കും ഞങ്ങള് പിള്ളേര് സെറ്റ് മുഴുവൻ മഴ മാറിയത് കൊണ്ട് തേക്കു മരത്തിനു ചുറ്റുമിരുന്ന് കളിക്കാൻ വേണ്ടി പ്ലാനിടുന്ന തിരക്കിലായിരുന്നു. മണിക്കുട്ടനായിരുന്നു എന്നും നേതാവ് എല്ലാവരെയും വട്ടത്തിൽ നിർത്തി അവൻ ചൊല്ലിത്തുടങ്ങി. അത്തള.. പുത്തള തവളാച്ചി ... മറിയം വന്നു വിളക്കൂതി... മറിയം വന്നു വിളക്കൂതി എന്ന് പറഞ്ഞത് കേട്ടപ്പോൾ ചിന്നൂട്ടി മെല്ലെയെന്റെ കാതിൽ ചോദിച്ചു "ഏത് മറിയമാ ചേച്ചീ വിളക്കൂതിയേ. നമ്മടെ അടുത്ത വീട്ടിലെ മറിയമ്മാമയാണോ.." അവളുടെ നിഷ്കളങ്ക ചോദ്യം കേട്ടതും താൻ പൊട്ടിച്ചിരിച്ചു പോയി. തന്റെ ചിരി കേട്ടതും എന്തിനാ ചിരിച്ചതെന്നായി മറ്റുള്ളവർ, പറയരുതെന്ന് ചുണ്ടിൽ വിരൽ ചേർത്ത് ചിന്നൂട്ടി പറഞ്ഞെങ്കിലും എല്ലാരും കേൾക്കെ താനത് വിളിച്ചു പറഞ്ഞു. അത് കേട്ടതും എല്ലാവരും പൊട്ടിച്ചിരിച്ചു. ചിന്നൂട്ടി അടിക്കാനായി വടിയുമെടുത്ത് തന്റെ പുറകെ ഓടി. അതെല്ലാം കഴിഞ്ഞാണ് സാറ്റു കളിതുടങ്ങിയത്.. ഓർമ്മകൾ മലവെള്ളം പോലെ റാണി മോളുടെ കണ്ണിൽ കൂടെ ഒഴുകി കൊണ്ടിരുന്നു. 

Read Also: ഫെയ്സ്ബുക്കിലെ കമന്റുകൾ കണ്ട് സംശയം, അവളറിയാതെ ചാറ്റ് വായിച്ചു; ഭർത്താവിനോട് ചതി

തേക്കുമരത്തിന്റെ വേരിൽ കയറിനിന്ന് റാണി മോൾ ചുറ്റും നോക്കി. താഴെ വലതു വശത്തായി മണിക്കുട്ടന്റെ വീടിരുന്ന ഭാഗത്ത് കൂറ്റനൊരു പാറക്കല്ലു മാത്രം കാണാം. സൈനയുടെയും, മിന്നുവിന്റെയും വീടിരുന്ന ഭാഗത്ത് വലിയ ഒരു ഗർത്തം കാണാം. ചിന്നൂട്ടിയുടെ വീടിന്റെ ഭാഗം ജെ.സി.ബി കൊണ്ട് മണ്ണുമാന്തിയിട്ടിരുന്നത് മുഴുവൻ പുല്ലു പിടിച്ച് ഒരു കുന്നായി മാറിയിരിക്കുന്നു.. തേക്കുമരത്തിന്റെ വേരിൽ ഒരു കിലുക്കം കേട്ട് അവൾ കുനിഞ്ഞു നോക്കി.. പൂപ്പിയെ കെട്ടിയിട്ടിരുന്ന ചങ്ങല. അത് കാലും കൊണ്ടു തട്ടിയിളകിയപ്പോൾ ശബ്ദം കേട്ടതാണ്. ഞങ്ങള് കളിക്കാൻ തേക്കുമരത്തിനടുത്തെത്തിയപ്പോൾ അവൻ കുരച്ചു കൊണ്ട് വട്ടത്തിൽ ഓടുന്നുണ്ടായിരുന്നു. അവനും കളിക്കാൻ കൂടണം അതിനുള്ള ചാട്ടമായിരുന്നു അവന്.. ചിന്നൂട്ടിക്ക് അവനെ പേടിയായിരുന്നത് കൊണ്ട് അവൾ വന്നാൽ അവനെ ചങ്ങലയ്ക്ക് കെട്ടിയിടും. ഇല്ലെങ്കിൽ അവൻ ചിന്നൂട്ടിയെ വീടിനു ചുറ്റുമിട്ടോടിക്കും. അവൾ കാറിക്കൊണ്ട് പുരയ്ക്കു ചുറ്റുമോടും. കൂട്ടത്തിൽ ചെറിയ കുഞ്ഞ് ചിന്നൂട്ടിയായിരുന്നത് കൊണ്ട് അവന് അവളോട് ഭയങ്കര ഇഷ്ടമാരുന്നു. അവൾക്കാണേൽ പൂപ്പിയെ ഭയങ്കര പേടിയും.. റാണി മോൾ കുനിഞ്ഞ് പൂപ്പിയുടെ ചങ്ങല മെല്ലെ ഉയർത്തി. പൂപ്പിയുടെ കഴുത്തിൽ ചുറ്റിയിരുന്ന പ്ലാസ്റ്റിക് കയറ് അതിലപ്പോഴുമുണ്ടായിരുന്നു. ഉരുൾ പൊട്ടിയൊലിച്ച് കഴിഞ്ഞ് ഞാനോടി വന്ന് നോക്കുമ്പോൾ പൂപ്പി ചങ്ങല കെട്ടിനുള്ളിലുണ്ടായിരുന്നില്ല. കുത്തൊഴുക്കിൽ അവനെങ്ങോട്ടോ ഒലിച്ചു പോയി മണ്ണിനടിയിൽ അമർന്നു പോയിരിക്കുന്നു. മണ്ണിനടിയിൽ ആഴ്ന്നു പോയവരെ പുറത്തെടുക്കുന്നതിനിടയിൽ പൂപ്പിയുടെ കാര്യമാരും ഓർത്തിരുന്നില്ല. അവനിപ്പോഴും ഇവിടെ എവിടെയോ മണ്ണിനടിയിൽ ഉണ്ട്. താഴ്‌വാരങ്ങളിലെവിടെ നിന്നോ ഒരു പട്ടിയുടെ കുര കേട്ടപോലെ തോന്നിയപ്പോൾ റാണി മോളൊന്ന് ഏങ്ങലടിച്ചു കരഞ്ഞു.

Read Also: സിനിമ ഷൂട്ട് ചെയ്യാൻ ബംഗ്ലാവ് കിട്ടി, പക്ഷേ ഒരു പ്രശ്നം, സ്ഥലം നിറയെ പുലികളാണ്; നല്ല ബെസ്റ്റ് പണി..!

അന്ന് മറിയാമ്മ ചേച്ചിയുടെ വീട്ടിൽ ചാരായ വാറ്റുണ്ട്. എക്സൈസുകാര് പറയുന്നത് കേൾക്കാം പഞ്ചായത്ത് റോഡിൽ വണ്ടിയിറങ്ങി കുത്തനെ മേലോട്ട് കയറിയാൽ വലിയ തേക്കു മരം കാണാം തേക്കു മരത്തിന്റെ തെക്കു വശത്ത് നിന്നും രണ്ടാമത്തെ വീടാണ് മറിയാമ്മയുടെ വീട്. ഈ മലയിലുള്ളവരുടെ ഏതു വീട്ടിൽ ആർക്കു പോണമെങ്കിലും തേക്കുമരമായിരുന്നു അടയാളം. ഈ തേക്കുമരമിപ്പഴുമിവിടെ തലയുയർത്തിനിൽക്കുന്നത് കൊണ്ടാണ് തനിക്കിപ്പഴും തന്റെ വീടിരുന്ന ഭാഗം മനസ്സിലാക്കാനായത്. അവൾ തേക്കുമരത്തെയൊന്ന് കെട്ടിപ്പിടിച്ചു. വീടിരുന്ന ഭാഗത്തേക്ക് നോക്കി പൊട്ടിക്കരഞ്ഞു കൊണ്ടു മൗനമായി പറഞ്ഞു.. "അച്ഛാ, അമ്മേ.. ഞാൻ പ്ലസ് ടു ഉയർന്ന മാർക്കോടെ പാസ്സായിരിക്കുന്നു. അച്ഛന്റെ ആഗ്രഹം പോലെ ഞാനൊരു ഡോക്ടറാവും. ഇനി ഞാനിവിടെ വരുമ്പോൾ ഡോക്ടറായിട്ടേ വരൂ. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങാൻ." താഴെ പഞ്ചായത്ത് റോഡിൽ നിന്നും വണ്ടിയുടെ ഹോൺ ശബ്ദം ഉയർന്നു കേട്ടപ്പോൾ റാണി മോൾ മെല്ലെ മലയിറങ്ങി നടന്നു. വീടിരുന്ന ഭാഗത്തേക്ക് ഒന്നു കൂടി തിരിഞ്ഞു നോക്കിയപ്പോൾ ഒരിളം കാറ്റ് അവളെ തഴുകി കടന്നുപോയി. അവളുടെ അച്ഛനമ്മമാരുടെ തഴുകൽ പോലെ..

താഴെ വണ്ടിയുടെ അടുത്തു ചെന്നപ്പോൾ അച്ഛന്റെ കൂട്ടുകാരൻ കുട്ടപ്പായി ചേട്ടൻ വണ്ടിക്കു ചാരി നിന്നു കൊണ്ട് പറഞ്ഞു. വനിതാ ശിശുക്ഷേമ വകുപ്പിന്റെ വണ്ടി കണ്ടപ്പോൾ എനിക്കു തോന്നി മോള് വന്നതായിരിക്കുമെന്ന്. "മോൾക്ക് സുഖാണോ മോളെ.." "കുഴപ്പമില്ല അപ്പാപ്പാ.. പിന്നെ സർക്കാർ വക അനാഥാലയമല്ലേ അതിന്റെ ചില ബുദ്ധിമുട്ടുകളുണ്ട്. പിന്നെ എന്നെപ്പോലെ കുറേ അനാഥരായിപ്പോയ അന്തേവാസികളുണ്ട്. അവർക്കിടയിൽ ഞാനും സുഖായിരിക്കുന്നു. ഞാൻ പ്ലസ് ടു നല്ല മാർക്കോടെ പാസ്സായി. അത് പറയാൻ അച്ഛന്റെയും അമ്മയുടെയും അടുത്ത് വന്നതാ." "മോള് കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ പറയണമെന്നു കരുതിയതാ. പക്ഷേ അന്ന് ഞാൻ പണിക്ക് പോയത് കൊണ്ട് കാണാൻ പറ്റീല. മോൾടെ വീട്ടിലെ പട്ടിയാണന്ന് തോന്നുന്നു. ഇവിടെ ഉരുൾ പൊട്ടലും മറ്റുമുണ്ടായതിന്റെ കുറച്ചു ദിവസം കഴിഞ്ഞ് ഞാനങ്ങാടിയിൽ പോയപ്പോൾ മേലാസകലം മണ്ണും ചെളിയുമായി ഒരു പട്ടിയെ കണ്ടിരുന്നു. ഞാനതിന് ഒരു ബിസ്കറ്റ് വാങ്ങി കൊടുത്തപ്പോൾ അതെന്റെ പുറകെ വീട്ടിലേക്ക് പോന്നു. ഇടയ്ക്കത് മല കയറി വന്ന് നിങ്ങടെ തേക്കുമരത്തിനു ചുറ്റും നടക്കുന്നത് കാണാം.. ഇപ്പോ വീട്ടിലെ വിറകുപുരയിൽ കിടപ്പുണ്ടാവും മോളൊന്നു വന്നു നോക്കാമോ.."

Read Also: നട്ടപ്പാതിരയ്ക്ക് കോഴികളുടെ നിലവിളികൾ, പിടച്ചിലുകൾ; പുറത്തിറങ്ങി നോക്കിയാൽ തൂവലുകൾ മാത്രം

വണ്ടിയിലുള്ള മാഡത്തിനോട് ഇപ്പോ വരാമെന്ന് പറഞ്ഞവൾ കുട്ടപ്പായി ചേട്ടനൊപ്പം അയാളുടെ വീട്ടിലേക്ക് നടന്നു. "വീടിനടുത്തെത്തുമ്പോഴേക്കവൾ നീട്ടി വിളിച്ചു. "പൂപ്പീ..." അവളുടെ ശബ്ദം കേട്ടതും വിറകുപുരയിൽ നിന്നുമവൻ കുരച്ചു കൊണ്ട് ചാടിയെഴുന്നേറ്റോടി വന്ന് അവളുടെ ദേഹത്തേക്ക് ചാടിക്കയറി. അവനെ കെട്ടിപ്പിടിച്ചു കൊണ്ടവൾ പൊട്ടിക്കരഞ്ഞു.. അവരുടെ സ്നേഹപ്രകടനം കണ്ട് കുട്ടപ്പായി ചേട്ടന്റെ കണ്ണും നിറഞ്ഞു വന്നു. പൂപ്പിയേയും മാറോട് ചേർത്ത് വണ്ടിക്കരികിൽ എത്തിയപ്പോൾ വണ്ടിയിൽ നിന്നും മേഡം ചോദിച്ചു. "ഇതിനെയും കൊണ്ട് അങ്ങോട്ട് ചെന്നാൽ സൂപ്രണ്ട് സമ്മതിക്കുമോ മോളെ.." "ഇവനെ ഗെയിറ്റിനു പുറത്ത് നിർത്താം മേഡം. ഇവനുള്ള ഭക്ഷണം ഞാൻ കഴിക്കുന്നതിൽ നിന്നും കൊടുത്തോളാം. എനിക്കിവനെ ഉപേക്ഷിക്കാനാവില്ല. മേഡം വണ്ടിയുടെ മുമ്പിലെ സീറ്റിലേക്കിരുന്നോളു, ഞാനിവനെയും കൊണ്ട് പുറകിലിരുന്നോളാം. ഞങ്ങൾക്ക് ഒരുപാടു വർഷത്തെ കഥ പറയാനുണ്ട്." വണ്ടി തിരിച്ച് ടൗണിലേക്ക് പോവുമ്പോൾ റാണി മോളും പൂപ്പിയും മലമുകളിലേക്ക് നോക്കി. തന്റെ വീടിനെ അടയാളപ്പെടുത്താനെന്നോണം തേക്കു മരം തലയുയർത്തി നിൽപ്പുണ്ടായിരുന്നു.

Content Summary: Malayalam Short Story ' Adayalam ' Written by Shijith Perambra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com