' എന്റെ വീട്ടിൽ നിന്ന് പുറത്തു പോ...'; അച്ഛന്റെ അലർച്ച, അമ്മയുടെ തേങ്ങൽ, ഭയന്നുവിറച്ച് മകൻ
Mail This Article
ഒന്നാം ക്ലാസ്സിലെ ടീച്ചർ ഹാജർ എടുക്കാൻ കുട്ടികളുടെ പേരു വിളിച്ചു. ചിലർ വിളി കേട്ടു. ടീച്ചർ പറഞ്ഞതു പോലെ എണീറ്റ് 'പ്രസന്റ്' പറയാൻ പഠിച്ചു. ക്ലാസ്സിൽ ആദ്യം കേട്ട ഇംഗ്ലീഷ് വാക്ക് അതായിരുന്നു. എണീക്കാൻ മടി കാട്ടിയ കുട്ടികളുടെ പേര് ടീച്ചർ വീണ്ടും വിളിച്ചു. പേര് വിളിക്കുമ്പോൾ മടിക്കാതെ ഹാജർ പറയാൻ കുട്ടികൾ പഠിച്ചു. നിൽക്കാൻ പറയുമ്പോൾ നിന്നു. ഇരിക്കാൻ പറയുമ്പോൾ ഇരുന്നു. "ഇരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ കുട്ടിക്കും ഓരോ ഇരിപ്പിടം ഉണ്ട്. അത് നിങ്ങളുടെതാണ്. അവിടെ മറ്റാരെയും ഇരുത്തരുത്." ക്ലാസ്സിലെ നിയമങ്ങൾ ഓരോ ദിവസവും ടീച്ചർ പഠിപ്പിച്ചു. ആ വാക്കുകൾ എന്നെ വീണ്ടും വീണ്ടും സന്തോഷിപ്പിച്ചിരുന്നു! "നിങ്ങളുടെ ഇരിപ്പിടം നിങ്ങളുടേതാണ്.." ആദ്യമായി എനിക്ക് കിട്ടിയ സമ്മാനം! ഇരിക്കാൻ ഒരു സ്ഥലം.!
വീട്ടിൽ ഒരിക്കലും അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. അതിന് സ്വന്തം എന്ന് പറയാൻ ഒരു വീട് ഇല്ലായിരുന്നല്ലോ. അച്ഛൻ എന്നും അമ്മയോട് വഴക്കിടുമ്പോൾ പറയുന്നത് കേൾക്കാം: "ഇറങ്ങ്.. ഇറങ്ങിവിടുന്ന്.. നീ ഒന്നും കൊണ്ടല്ല ഇങ്ങോട്ട് വന്നത്." സ്ത്രീധനം ആയിരുന്നു അച്ഛൻ ഉദ്ദേശിച്ചത്. അത് കുറഞ്ഞു പോയെന്നാണ് എന്നുമുള്ള പരാതി. എത്ര നാളായി അമ്മയിത് സഹിക്കുന്നുണ്ടാകും.! രാത്രിയിൽ വീടിന് പുറത്ത് കരഞ്ഞുകൊണ്ട് പല ദിവസങ്ങളിലും ഇരിക്കുന്ന അമ്മ. ഞാൻ അമ്മയുടെ മടിയിൽ പേടിച്ച് ഉറങ്ങാതെ കിടക്കും. തിരിച്ച് വീട്ടിലേക്ക് ആ രാത്രി കയറിയാൽ അച്ഛൻ എന്തും ചെയ്യും. അതായിരുന്നു അമ്മയുടെ പേടി., "മോൻ, അതൊന്നും കാര്യമാക്കണ്ട. ഉറങ്ങിക്കോളു." ഇന്ന് ഞാൻ അമ്മയോട് പറയും, എനിക്ക് കിട്ടിയ സമ്മാനം.. സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടിയാണ് വീട്ടിലേക്ക് ചെന്നത്. ഒടിഞ്ഞു തുണ്ടമായ കല്ലുപെൻസിൽ പോക്കറ്റിൽ കിടന്ന് കിലുങ്ങി.
അമ്മ നേരം വൈകിയാണ് വീട്ടിൽ എത്തിയത്. പാടത്തെ പണിയും കഴിഞ്ഞ് ചിലപ്പോൾ വൈകും. എപ്പോൾ വന്നാലും തലയിൽ ഒരു ചുമട്. അത് വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ആണ്. വന്നാൽ അടുക്കളയിലേക്കാണ് നേരെ കയറുന്നത്. അത്താഴത്തിന്റെ ഒരുക്കങ്ങളുമായി.. അടുപ്പിൽ പച്ചവിറക് ഊതിയൂതി അമ്മയുടെ കണ്ണ് ചുവക്കും. മുഖം വിങ്ങി വീർക്കും. അതൊന്നും കാണാൻ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അച്ഛൻ എന്നും വൈകിയേ വീട്ടിൽ എത്താറുള്ളൂ. വരുമ്പോഴേ കൈകഴുകി ഇരിക്കും. എല്ലാവരും കഴിച്ചിട്ട് മാത്രമേ അമ്മ കഴിക്കാറുള്ളു. ആർക്കും തികയാതെ വരരുത്. പല ദിവസങ്ങളിലും വെച്ച ചോറ് അമ്മ കഴിക്കാറില്ല. അപ്പോഴേക്കും വഴക്കാകും. അച്ഛൻ പാത്രമുൾപ്പെടെ പുറത്തേക്ക് വലിച്ചെറിയുന്നത് കാണാം. പാത്രം വീണുടയുന്ന ശബ്ദം കേട്ട് മറ്റുള്ളവർ പറയും: "അവിടെ എന്നും വഴക്കാ." അമ്മയുടെ അടക്കിപ്പിടിച്ച കരച്ചിൽ രാത്രിയുടെയും തേങ്ങൽ ആയി മാറി. ഒന്ന് ഉറക്കെ കരയാൻ പോലും അമ്മയ്ക്ക് ആകുമായിരുന്നില്ല. ഉറക്കെ കരഞ്ഞാൽ വഴക്ക് നീളുമെന്ന പേടി.
എനിക്ക് കിട്ടിയ സമ്മാനത്തെ കുറിച്ച് പറയാൻ ഞാൻ കാത്തിരുന്നു. രാത്രി ഏറെ ഇരുട്ടിയിട്ടും വീട്ടിലെ പണി തീരുന്നില്ല. അമ്മയുടെ അടുത്തേക്ക് ചെന്ന് പറഞ്ഞാലോ. വേണ്ട. അച്ഛൻ കേൾക്കണ്ട. എന്നെ സ്കൂളിൽ ചേർത്തതു തന്നെ അച്ഛന് ഇഷ്ടമായിട്ടല്ല. അതിനുള്ള പ്രായം ആയില്ല എന്നാണ് വെറുതെ ഒരു കാരണമായി പറയാറുണ്ടായിരുന്നത്. അങ്ങനെ രണ്ടു വർഷം വൈകിയാണ് എന്നെ സ്കൂളിൽ ചേർത്തത്. സ്കൂളിലേക്ക് പോയി വരുന്നത് അച്ഛന്റെ മുമ്പിലേക്ക് ആകാതിരിക്കാൻ കഴിവതും ഞാൻ നോക്കുന്നുണ്ടായിരുന്നു. പെട്ടെന്നായിരുന്നു അച്ഛൻ ആക്രോശിച്ചുകൊണ്ട് അമ്മയുടെ നേരെ ചെന്നത്. ഇന്നും പുതിയ കാര്യമൊന്നും ഉണ്ടായിക്കാണില്ല. ഇന്നലെയുടെ ബാക്കി.. "ഇറങ്ങടീ എന്റെ വീട്ടിൽ നിന്ന്.." അച്ഛൻ നിലവിട്ടുപോയ കോപത്താൽ അലറി. അമ്മയെ പോലെ എനിക്കും വീട് ഒരു ഭയമായിരുന്നു. അവിടെയുള്ള ഓരോ ശബ്ദവും!
അമ്മ കരഞ്ഞുകൊണ്ട് പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങി, എന്റെ കൈപിടിച്ചു. എവിടേക്ക് ആണെന്ന് ചോദിക്കാതെ ഞാൻ അമ്മയെ നോക്കി. എന്തോ എനിക്ക് കരച്ചിൽ വന്നില്ല. പോകാൻ ഒരു സ്ഥലമുണ്ടല്ലോ.. "അമ്മേ, നേരം ഒന്ന് വെളുത്തോട്ടെ. വിഷമിക്കണ്ട. നാളെ നമ്മൾ ഒരുമിച്ചാണ് സ്കൂളിലേക്ക് പോകുന്നത്." ടീച്ചറെ എനിക്ക് വിശ്വാസം ആയിരുന്നു: "ഇവിടെ എല്ലാവർക്കും ഇരിക്കാൻ ഒരു സ്ഥലമുണ്ട്. അത് നിങ്ങളുടെതാണ്.." ആ സമ്മാനത്തെക്കുറിച്ച് അമ്മയോട് പറയാൻ അപ്പോഴും ഞാൻ ഭയന്നു. അച്ഛൻ അറിഞ്ഞാലോ.!
Content Summary: Malayalam Short Story ' Irippidam ' Written by Hari Karumadi