ADVERTISEMENT

ഇനി രണ്ടേരണ്ടു ദിനം! നാളത്തെ ഒരു ദിവസവും കൂടികഴിഞ്ഞാൽ വിഷുദിനമായി. വേനൽ ചൂട് അസഹ്യം സൂര്യൻ കത്തിക്കാളുന്നു.. ഏപ്രിൽ മെയ് മാസങ്ങളിൽ സൂര്യന്റെ ചൂട് പാലക്കാടിനെ കടുത്ത പൊള്ളലേൽപ്പിക്കും.. നാൽപ്പത്തിയഞ്ച് ഡിഗ്രിക്കു പുറത്താണ് ഇപ്പോൾ താപസൂചിക. ഇനിയുമതു വർധിക്കും. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലൂടെ പാലക്കാടൻ തീക്കാറ്റ് പോവുന്ന വഴിയെല്ലാം പൊള്ളിക്കുന്നു. അതിനെക്കാൾ എത്രയോ ഇരട്ടി വേനലാണ് എന്റെ മനം നിറയെ...! കൈയ്യിൽ തീരെ പൈസയില്ല. കുറച്ചുദിവസമായി പണിയൊന്നുമില്ല. വിഷുവിന്റെ വിശേഷം മാത്രമല്ല അമ്പലത്തിൽ വിഷുവേലയുമുണ്ട്.. അതിന്റെ ആഘോഷവുമുണ്ട്.. നാടെങ്ങും ഉത്സവാന്തരീഷം നിറഞ്ഞു നിൽക്കുന്നു. കുട്ടികൾക്ക് വിഷുവിന് ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല. പഴയ ഡ്രസ്സുമിട്ട് കുട്ടികളെങ്ങനെ ഉത്സവപറമ്പിൽ പോവും..? അങ്ങനെ പോയാൽ അതിന്റെ കുറച്ചിൽ എനിക്കു തന്നെ.. പഴയ കാലമല്ലല്ലോ എല്ലാവർക്കും എപ്പോഴും പുതുമ വേണം. അത് വസ്ത്രങ്ങളിലായാലും സംസ്കാരമായാലും എല്ലാം.! ഇനി ഒരു അൻപതുവർഷം കഴിഞ്ഞാൽ പഴഞ്ചൻ മനുഷ്യരും പഴഞ്ചൻ രീതികളും പഴഞ്ചൻ ആശയങ്ങളും ഈ ഭൂമിയിൽ എവിടെയും ഉണ്ടാവില്ല.. എല്ലാം ചീഞ്ഞു മണ്ണിലലിയും. അല്ലേലും പഴമ ആർക്കുവേണം!

വിഷുവായിട്ട് ഇതേവരെ എനിക്ക് വീട്ടുചെലവിനുള്ള നിത്യോപയോഗസാധനങ്ങൾ പോലും വാങ്ങിക്കുവാൻ സാധിച്ചിട്ടില്ല. ഈ മാസം മുതൽ സാധനങ്ങൾക്കെല്ലാം വില വല്ലാതെ വർധിച്ചിരിക്കുന്നു.. സർക്കാർ രണ്ടുരൂപ വർധിപ്പിച്ചാൽ കച്ചവടക്കാർ ഇരുപതു രൂപ വർധിപ്പിക്കും.. ഒരു ദയാദാഷിണ്യവും കച്ചവടക്കാർക്കില്ല. അഞ്ഞൂറുരൂപ വേണ്ടിടത്ത് ഇപ്പോൾ എഴുന്നൂറ്റിയൻപത് രൂപ വേണ്ടിവരും...! നമ്മൾ സന്ധ്യയാവോളം വെയിൽ കൊണ്ടുനേടിയ പൈസ ക്ഷണനേരം കൊണ്ട് കൈയ്യിൽ നിന്ന്  ചോർന്നു പോവും. എത്ര അധ്വാനിച്ചാലും ആവശ്യത്തിനു പോലും പൈസ തികയുന്നില്ല. വിഷുവിന് കുട്ടികൾക്ക് വിഷുകൈനീട്ടം കൊടുക്കണം, കുറച്ചെങ്കിലും പടക്കം വാങ്ങിക്കണം. അതിനു പുറമെ ഒന്നും രണ്ടും പിരിവുകാർ ഒരേദിനം വീട്ടിലേക്കു വരുന്നുണ്ട്.. വെറും കൈയ്യോടെ അവരെ മടക്കി അയയ്ക്കുമ്പോൾ അതിലേറെ വിഷമമാവുന്നു.. കോവിഡ് കാലത്തു പോലും ഇത്ര വിഷമിച്ചിട്ടില്ല. ഇപ്രാവശ്യം ശരിക്കും പെട്ടുപോയി..! ഡാൻസുക്ലാസ് വിട്ടു വന്നതും മോൾ ചോദിച്ചു. "അച്ഛാ പൈസ തരൂ ഞാനും അമ്മയും കൂടി ഞങ്ങൾക്കുള്ള ഡ്രസ്സും ഫാൻസി ഐറ്റങ്ങളും വാങ്ങിയിട്ടു വരട്ടെ..? ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ മിണ്ടാത്തതിനാൽ വീണ്ടും അവൾ ചോദ്യം ആവർത്തിച്ചു! "നിന്റെ അച്ഛന്റെ കൈയ്യിൽ പൈസയില്ലാത്രെ....." എന്നു പറഞ്ഞ് അവളെ ഭാര്യ പ്രകോപിപ്പിച്ചു. അവൾ ഇരുന്ന് ചിണുങ്ങി കരയാൻ തുടങ്ങി. "മോളേ വൈകുന്നേരം ആവുമ്പോഴേയ്ക്കും രൂപ ശരിയാക്കാം.. എന്നിട്ട് നമുക്ക് ഒരുമിച്ച് പോവാം ഡ്രസ്സ് വാങ്ങിക്കുവാൻ; അച്ഛന് ഒരു കൈലിയും(ലുങ്കി) വാങ്ങിക്കണം" എന്നു പറഞ്ഞ് ഞാൻ അവളെ സമാധാനിപ്പിച്ചു.. ഇനി മോൻ വന്നെത്തിയിട്ടില്ല. അവനാണെങ്കിൽ മോളെ പോലെയല്ല, ഇത്തിരി ദേഷ്യം കൂടുതലാണ്.. അവന് പാന്റും ഷർട്ടും മാത്രം പോര 'പുതിയ ഷൂ' കൂടി വേണം.. പോരാത്തതിന് വേല കമ്മിറ്റിയിൽ എക്സ്ട്രാ ഡ്രസ്സ്കോഡും കൂടിയുണ്ടത്രെ അതിന് വേറെയും ഷർട്ട് എടുക്കണം" എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.. 'ഭാര്യ' മാത്രമാണ് ഒരു സമാധാനം ഉള്ളത്.

Read Also: ' എന്റെ വീട്ടിൽ നിന്ന് പുറത്തു പോ...'; അച്ഛന്റെ അലർച്ച, അമ്മയുടെ തേങ്ങൽ, ഭയന്നുവിറച്ച് മകൻ

അവൾ അവളുടെ കാര്യം പറഞ്ഞ് എന്നോട്‌ സാധാരണ ദേഷ്യപ്പെടാറില്ല. വിഷുവിന് അമ്പലത്തിൽ അവളുടെയും സംഘത്തിന്റെയും തിരുവാതിരകളിയുണ്ട്. അതിനവൾ കുടുംബശ്രീയിൽ നിന്ന് ലോണെടുത്ത് സെറ്റ്സാരി വാങ്ങിച്ചിരുന്നു.. അതിനുള്ള ബ്ലൗസ് തയ്ക്കാൻ കൊടുത്തിട്ടുണ്ട് അത് വിഷുവിന് മുൻപ് വാങ്ങിക്കണം എന്ന് നേരത്തെ എന്നോട് പറഞ്ഞിരുന്നു. എന്നിരുന്നാലും എന്റെ വിഷമങ്ങളും സന്തോഷവും അവൾക്ക് നന്നായി അറിയാം. ഇരുപതു വർഷത്തോളമായി കൂടെ കഴിയുന്ന അവൾക്ക് ഇപ്പോഴത്തെ എന്റെ തണുപ്പൻമട്ട് വളരെ പരിചിതമാണ്. ആദ്യകാലങ്ങളിൽ അവൾക്കുണ്ടായിരുന്ന സകലചൂടിനെയും കാലം തണുപ്പിച്ചെടുത്തിട്ടുണ്ട്. കുറച്ചു ദിവസമായി ഒട്ടും ജോലിയില്ലാത്തത് എന്നെയാകെ തളർത്തി. ഇന്ന് വയലെല്ലാം കൊയ്തെടുക്കുന്നതു പോലും യന്ത്രമുപയോഗിച്ചല്ലെ?. ഇല്ലേൽ അതിന്റെ കൂലിയെങ്കിലും ലഭിക്കുമായിരുന്നു. വിളവെടുപ്പുത്സവമാണല്ലോ വിഷു. പക്ഷെ ഇന്ന് സാധാരണക്കാരന് വിളവുമില്ല വിളവെടുപ്പുമില്ല. പണ്ടൊക്കെ ഇക്കാലം എന്തൊരു ഉത്സാഹമാണ്.. എല്ലാം പോയി.. മറ്റുള്ള സംസ്ഥാനക്കാർക്ക് ഇവിടെ ജോലിയുണ്ട്.. നമ്മൾ മലയാളികൾക്ക് ജോലിയില്ല. അതിനു കുറ്റക്കാരും നമ്മൾ തന്നെ. പണിക്കു പോയാൽ ശരിയാവിധം ജോലി ചെയ്യില്ല. അമിതകൂലിയും വേണം.. ഇപ്പോൾ മലയാളികളെക്കാളും കൂലി അന്യസംസ്ഥാന തൊഴിലാളികൾ വാങ്ങിക്കുന്നുണ്ട്. പക്ഷെ അതിനാർക്കും പരാതിയുമില്ല പരിഭവവുമില്ല. ആകെ കഷ്ടമായി.

Read Also: അനാഥ ബാലനോട് ഒരു അമ്മയ്ക്ക് തോന്നിയ വാത്സല്യം; ഒപ്പം കൂട്ടാൻ ആശ, ഭർത്താവിന് എതിർപ്പ്, പക്ഷേ

എന്റെ കൈയ്യിലാണെങ്കിൽ ആകെയുള്ളത് വെറും അഞ്ഞൂറ് രൂപ മാത്രം.. അതും ചില്ലറത്തുട്ടുകൾ.! ഈ വർഷത്തെ ആകെ സമ്പാദ്യമാണത്! വർഷംതോറും കുട്ടികൾക്ക് കൈനീട്ടം കൊടുക്കാനായി ഓരോ ദിവസവും കിട്ടുന്ന ചില്ലറത്തുട്ടുകൾ ഒരു പാത്രത്തിലിട്ടുവച്ചതാണത്. അതുകൊണ്ട് ഒന്നും നടക്കില്ല. ഇനി "കണ്ണന്റെ" കടയിൽ നിന്ന് കടം വാങ്ങിയാലോ എന്നു ചിന്തിച്ച് ഇരിക്കുമ്പോഴാണ്; ഭാര്യ കട്ടൻ ചായകൊണ്ടു വച്ചത്.. എന്നിട്ട് ഈ ചൂടിലും തീരെ ചൂടില്ലാതെ ഇരിക്കുന്ന എന്നെ നോക്കി അവൾ പറഞ്ഞു. "എന്റെ ബ്ലൗസ് തുന്നി വച്ചിട്ടുണ്ട് എന്നു പറഞ്ഞ് തയ്യൽ ചേച്ചി വിളിച്ചിരുന്നു. നാളെയതു വാങ്ങിക്കുവാൻ സാധിക്കുമോ?" ഒന്നും മിണ്ടാതെ  ചായ ഊതി കുടിച്ച് റോഡിലേക്കു നോക്കി, ചിന്തയിൽ മുഴുകി. അപ്പോൾ ഭാര്യ  ചോദിച്ചു.. "നിങ്ങൾ കുറെ നേരമായല്ലോ റോഡിലേക്ക് നോക്കിയിരിക്കുന്നു.. ആരെയാ ഈ നോക്കുന്നത്? മോനെയാണേൽ അവൻ വരാറായിട്ടില്ല". അവളുടെ ചോദ്യം കേട്ട ഞാൻ ചിന്തയിൽ നിന്നുണർന്നു. സത്യത്തിൽ ഞാൻ നോക്കി കൊണ്ടിരിക്കുന്നത് ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന വിനോദിന്റെ വരവിനെയാണ്.. ഭാര്യമാതാവിനും ഭാര്യ പിതാവിനും കൂടി രണ്ടുമാസം വീതം പെൻഷൻ കിട്ടാനുണ്ട്.. തലേന്ന് വിനോദിനെ ഞാൻ കണ്ടിരുന്നു. അവനോട് കാര്യം തിരക്കിയപ്പോൾ അവരുടെ പെൻഷൻ വന്നിട്ടുണ്ട് എന്ന് അവൻ പറഞ്ഞു.. രാവിലെ മുതലെ അവനേയും കാത്ത് വീട്ടുപടിക്കലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ് ഞാൻ. ഇപ്പോൾ സമയം നാലുമണിയായി. ഇനിയും അവനെ കാണാനില്ലല്ലോ? ഇനി അവൻ വരവ് നാളെയാക്കുമോ? വിനോദിനെ "ഒന്നു വിളിച്ചു ചോദിക്കുക" എന്നു വച്ചാൽ മൊബൈലിൽ പൈസയും കയറ്റിയിട്ടില്ല. ആലോചിക്കും തോറും എന്റെ അകത്തെ ചൂടു കൂടി തുടങ്ങി.

Read Also: കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഉരുൾപൊട്ടലിൽ പെട്ടുപോയി, വീടിരുന്ന സ്ഥലത്ത് പാറക്കഷ്ണങ്ങൾ മാത്രം...

പെൻഷൻ കിട്ടിയാൽ എനിക്കു വേണമെന്ന് ഭാര്യമാതാവിനോട് മുൻകൂറായി ഞാൻ പറഞ്ഞു ശരിയാക്കിയിട്ടുണ്ട്. പക്ഷെ ഈ വിനോദ് എവിടെ? ആകെ കഷ്ടമായല്ലോ. ചായ കഴിഞ്ഞിട്ടും കൈയ്യിലെ ഗ്ലാസ് താഴെ വയ്ക്കാതിരിക്കുന്ന എന്നോട് "ഇനിയും ചായ വേണോ" എന്ന് ഭാര്യ ചോദിച്ചപ്പോൾ ഞാൻ ചിന്തയിൽ നിന്ന് വീണ്ടും ഉണർന്നു. അവളോട് അവളുടെ അച്ഛനമ്മമാരുടെ ക്ഷേമപെൻഷൻ കാത്തിരിക്കുകയാണ് ഞാൻ എന്ന് പറയാൻ പറ്റുമോ? അന്നേരം ഒരു മഴ ചെറുതായി ചാറി. അവൾ അലക്കിയിട്ടിരിക്കുന്ന തുണികൾ എടുത്തു വയ്ക്കുവാനായി ഓടി പോയി. കടുത്ത ചൂടിൽ ആ പുതുമഴ മണ്ണിനെ, നനച്ചപ്പോഴുള്ള ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു. എന്നാൽ പൊടുന്നനെ വന്ന ആ ചാറ്റൽ മഴ അതേവേഗത്തിൽ തിരികെ  പോയി. വീണ്ടും ചൂടു വർധിച്ചു. അതിലുപരി എന്റെ ഉള്ളിലെ ചൂട് കൂടികൂടി തീ പൊള്ളൽ പോലായി...! മോൻ ഇപ്പോഴിങ്ങെത്തും.. അതിനു മുൻപ് എന്തെങ്കിലും നടക്കണെ.. ഞാൻ മനസ്സുരുകി ഒന്നു പ്രാർഥിച്ചു.. അതാ വീട്ടുപടിക്കൽ നിന്നും ഒരു വണ്ടിയുടെ ഹോണടി.. ഞാൻ കണ്ണൊന്നു  തിരുമ്മി നോക്കി. "സംശയിക്കേണ്ട വിനോദ് തന്നെ അത്..." എന്റെ ഉള്ളിൽ നിന്നും എന്തോ ഒന്ന് ചിറകു വീശിയുയർന്നു കണ്ണുകളിലൂടെ പറന്നു പോയി...! സന്തോഷത്തിന്റെ ഒരു പ്രകാശവളയം എന്നെയാകെ പൊതിഞ്ഞു.. വിനോദ് വീട്ടിലേക്ക് കയറും മുൻപുതന്നെ ഞാൻ ഭാര്യയെ വിളിച്ചു പറഞ്ഞു.. "എടിയെ അമ്മയേയും അച്ഛനെയും ഇങ്ങു.. വിളി.. അവരുടെ പെൻഷൻ വന്നിട്ടുണ്ട്.. "

Read Also: എഴുന്നേറ്റയുടൻ മൊബൈൽ എടുത്ത് അവന്റെ മെസേജിനായ് അവൾ ആർത്തിയോടെ നോക്കി; കണ്ടത് മറ്റൊന്ന്, ഞെട്ടൽ

എന്റെ ഗൂഢ ഉദ്ദേശമൊന്നും പാവം എന്റെ ഭാര്യയ്ക്കറിയില്ലായിരുന്നു. അതാലോചിച്ചപ്പോൾ വീണ്ടും ഞാൻ ആകുലനായി.. ഇനിയുമുണ്ട് കടമ്പകൾ ഏറെ.. വിനോദ് പൈസ അമ്മയുടെയും അച്ഛന്റെയും കൈയ്യിൽ കൊടുക്കണം.. ഭാര്യ അറിയാതെ അത് എന്റെ കൈയ്യിലെത്തണം..! "ഹോ" ആ ചിന്തകൾ എന്റെ ആധി വർധിപ്പിച്ചു.. ഞാൻ കണ്ണുകൾ ഇറുകെ അടച്ചു. വിനോദ് അച്ഛനെയും അമ്മയേയും കൊണ്ട് കടലാസ്സിൽ ഒപ്പിടീച്ചു. ആ ചെറിയ സമയം എനിക്ക് ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നി. ഭാര്യയാണെ അവിടെ തന്നെ നിൽക്കുന്നു. പൈസ വിനോദ് ഇപ്പോൾ അവരുടെ കൈയ്യിൽ കൊടുക്കും.. എങ്ങനെ അത് എന്റെ കൈയ്യിലെത്തും.. എന്റെ നെഞ്ച് പിടയ്ക്കാൻ തുടങ്ങി..! ഞാൻ കണ്ണുകൾ ഒന്നുകൂടി ഇറുകെ അടച്ചുതുറന്നു.. പക്ഷെ അന്നേരം എന്റെ അകം ചൂടിനെ ആകെ ശമിപ്പിക്കുന്ന വാക്കാണ് ഞാൻ കാതുകളിൽ കേട്ടത്.. പറഞ്ഞതാവട്ടെ ഭാര്യമാതാവും. "അതെ പൈസ രവിയുടെ കൈയ്യിൽ കൊടുത്തോളു വിനോദെ.." പിന്നെ എന്നെ നോക്കി അമ്മ വീണ്ടും പറഞ്ഞു.. "രവിയെ... ഈ പൈസ നീ വാങ്ങിച്ചോളു.. വിഷുവല്ലെ.. നിന്റെ കൈയ്യിൽ പൈസ ഒന്നുമില്ലല്ലോ" എന്ന്.. വിനോദ് ആ പൈസ എന്റെ കൈയ്യിൽ തന്നു. ഞാൻ ആ പൈസ തട്ടിപറിക്കുന്നതു പോലെയോ, കടുത്ത വിശപ്പുള്ളവന് ആഹാരം കിട്ടുന്നതു പോലെയോ എന്ന രീതിയിൽ കൈയ്യിൽ വാങ്ങിച്ചു. എന്റെ കണ്ണിൽ നിന്നും വേനലിനെക്കാൾ ചൂടുള്ള രണ്ടിറ്റു കണ്ണുനീർ പുറത്തുചാടി.. ഞാൻ ആരും കാണാതെ അത് കൈയ്യിന്റെ പുറം ഭാഗം കൊണ്ട് തുടച്ചുകളഞ്ഞു. അന്നേരം എന്റെ കവിളിലുരസി പാഞ്ഞകന്ന പാലക്കാടൻ കാറ്റിന് ചെറിയൊരു കുളിരുണ്ടായിരുന്നു.

ഞാൻ  ഭാര്യയോടും മോളോടും പറഞ്ഞു.. "നിങ്ങൾ വേഗം റെഡിയാവു നമുക്ക് ഡ്രസ്സും സാധനങ്ങളും വാങ്ങിക്കുവാൻ പോവാം.. തിരികെ വരുന്ന വഴി നിന്റെ ബ്ലൗസും വാങ്ങിക്കാം. എന്റെ ഉഷാർ കണ്ട് ഭാര്യയും മകളും സന്തോഷത്താൽ പുഞ്ചിരിച്ചു. അപ്പോൾ തൊട്ടയലത്തു നിന്ന് പടക്കം പൊട്ടുന്നതിന്റെ ശബ്ദം കേട്ടു.. കൂടെ.. ആഘോഷ ബഹളവും.. പാട്ടും.. "ആരിന്റെ..(ആരുടെ) ആരിന്റെ വേലവരവാണ്..? ഇത്  ആരിന്റെ...ആരിന്റെ വേലവരവാണ്..? ചെരാംകുളം മുത്തീന്റെ (മുത്തശ്ശി) വേലവരവാണെ.. ഏയ്.. ഏയ്... ഏയ്.. ഇത് ചെരാംകുളം മുത്തീന്റെ വേലവരവാണെ... കോളനിയിലെ കുട്ടികൾ ഒത്തൊരുമിച്ച് കൈകൊട്ടിതാളത്തിൽ പാടുന്നു.. അതു കണ്ട് കുട്ടിത്തത്തിലേക്ക് ഊളിയിട്ട എന്റെ മനസ്സിലും ചുണ്ടിലും ആ വിഷു വേല പാട്ടിന്റെ ഈരടികൾ തത്തിക്കളിച്ചു.. ഞാനും ആ പാട്ട് ചെറിയ ശബ്ദത്തിൽ ആവർത്തിച്ചുപാടി.!!!

Content Summary: Malayalam Short Story ' Vishu Vanna Vazhi ' Written by Divakaran P. C.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com