' ആ വിഷുവിനു ഞങ്ങൾ കത്തിച്ച പടക്കം അപ്പുറത്തെ വീട്ടിലെ വൈക്കോൽ തുറുവിലാണ് വീണത്, പിന്നെ പറയണോ...?'
Mail This Article
വിഷുക്കാലം ഓർക്കുമ്പോൾ എപ്പോഴും സന്തോഷം തന്നെയാണ്.. കുട്ടിക്കാലം മുതൽക്കേ അതങ്ങനെ ആണ്. പരീക്ഷകൾ ഒക്കെ കഴിഞ്ഞു സ്കൂൾ എല്ലാം അടച്ചു രണ്ടുമാസത്തെ ആഘോഷങ്ങൾ തുടങ്ങുമ്പോൾ ആദ്യം എത്തുന്നത് വിഷു തന്നെ ആണ്. ചെറിയ കുട്ടി ആയിരിക്കുമ്പോൾ വിഷു ആവാറായി എന്ന് മനസിലാക്കുക അച്ചാച്ചൻ അങ്ങാടിയിൽ നിന്നും കൊണ്ട് വന്നു സിറ്റ്ഔട്ടിലെ ഹൂക്കിൽ കെട്ടിയിടാറുള്ള വെള്ളരി കാണുമ്പോൾ ആയിരുന്നു. നല്ല വിളഞ്ഞ വെള്ളരി, പൊന്നിന്റെ നിറമുള്ള, കാണാൻ തന്നെ സുന്ദരിയായ കന്യകയെ പോലിരിക്കുന്ന വെള്ളരി.. വിഷുവിനു മൂന്നാല് ദിവസം മുൻപേ വീട്ടിൽ വെള്ളരി വാങ്ങി തൂക്കുമായിരുന്നു.. വിഷുവിന്റെ തലേന്ന് സംക്രാന്തി.. നാട്ടുഭാഷയിൽ ശങ്കരാന്തി.. അന്ന് ഇറച്ചിയും അടയും കൂടെ തെങ്ങിൻ കള്ളും കൂടെ ചേർത്ത് അച്ചാച്ചൻ മരിച്ചുപോയ കാരണവന്മാർക്ക് വീതു വെക്കും.. അകത്തെ മുറിയിൽ ഒരു മൂലയിൽ ഇതൊക്കെ വെച്ചു കുറച്ചു നേരം ആ മുറി അടച്ചിടുമായിരുന്നു.. കുട്ടികൾ ആയ ഞങ്ങൾ ഒക്കെ വിശ്വസിച്ചു പോന്നിരുന്നത് അവരുടെ ആത്മാക്കൾ വന്നു ശരിക്കും അത് കഴിക്കുമെന്ന് തന്നെ ആയിരുന്നു.
വെള്ളരി കൊണ്ട് വന്നാൽ പിറ്റേന്ന് മുതൽ ഞങ്ങൾ ബഹളം തുടങ്ങും.. പടക്കം വാങ്ങിക്കാനായി. അന്നൊക്കെ തറവാട്ടിൽ ഞങ്ങളും കസിൻസ് പിള്ളേരും ഒക്കെ ആയി ഒരു പട തന്നെ ഉണ്ടാവുമായിരുന്നു പടക്കം പൊട്ടിക്കാൻ. പടക്കം പേടിയായിരുന്നെങ്കിലും കമ്പിത്തിരി, മത്താപ്പ്, പൂത്തിരി, ലാത്തിരി, തലചക്രം, മേശപ്പൂ, പാമ്പുംഗുളിക.. അതൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. തറവാട്ടിൽ നിന്നും മാറി താമസിച്ച കാലത്ത് അടുത്ത വീട്ടിലെ ചേട്ടന്മാരും കുട്ടികളും ആയി മത്സരിച്ചായിരുന്നു പടക്കം പൊട്ടിക്കൽ. ഒരിക്കൽ ഞങ്ങളുടെ വീട്ടിൽ നിന്നും കത്തിച്ചു വിട്ട ഒരു വാണം അപ്പുറത്തെ വീട്ടിലെ വൈക്കോൽ തുറുവിൽ പോയി വീണതും അത് നിന്ന് കത്തിയതുമൊക്കെ ഓർമ്മകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു..
Read Also: മകളുടെ വിവാഹം ദിവസം അയാൾ പൊട്ടിക്കരഞ്ഞു; ' അച്ഛൻ എന്നെ സ്നേഹിച്ചിരുന്നോ..?' മകൾക്ക് ഞെട്ടൽ
അമ്മ ഞങ്ങൾ ഉറങ്ങാൻ കിടന്നതിന് ശേഷം കണി ഒരുക്കും. വീട്ടിലെ കൃഷ്ണവിഗ്രഹം വെച്ചു അതിനു മുൻപിൽ വലിയൊരു ഓട്ടുരുളിയിൽ ഒട്ടുമിക്ക പഴങ്ങളും പച്ചക്കറികളും തേങ്ങയും ചക്കയും ഒക്കെ നിറച്ചു വെച്ചു മറ്റൊരു തളികയിൽ പച്ചരി നിറച്ചു അതിൽ കുറച്ചു കണിക്കൊന്നയും ഒരു വാൽക്കണ്ണാടിയും വെക്കും. അരികത്തായി ഒരു കോടിമുണ്ട് അതിനു മുകളിലായി സ്വർണവും കുറച്ചു നാണയങ്ങളും വെച്ചു അടുത്ത് തന്നെ നിറ നിറയെ നെല്ലും ചന്ദനത്തിരിയും അഞ്ചു തിരിയിട്ട നിലവിളക്കും വെക്കും.. പുലരാൻ നേരം അമ്മ വന്നു ഞങ്ങളെ ഓരോരുത്തരെ ആയി വിളിച്ചുണർത്തി കണ്ണ് പൊത്തിക്കൊണ്ട് കണി കാണിക്കും.. അതൊരു മനോഹര കാഴ്ചയാണ്. അകത്തും പുറത്തും ഇരുട്ട് നിറഞ്ഞു നിൽക്കുന്ന പുലർവേളയിൽ നിലവിളക്കിന്റെ പ്രകാശത്തിൽ തെളിഞ്ഞു കാണുന്ന കൃഷ്ണവിഗ്രഹം.. ചുറ്റിലും സമൃദ്ധിയുടെ അടയാളമേന്നോണം നിറഞ്ഞിരിക്കുന്ന ഫലമൂലാദികൾ.. വെളിച്ചെണ്ണയിൽ കത്തുന്ന തുണിതിരിയുടെയും കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഒക്കെ കൂടെയുള്ള സമ്മിശ്ര ഗന്ധം.. കണ്ണും മനസ്സും നിറയുന്ന കാഴ്ച..
അന്നേരം മുതൽ ഞങ്ങൾ കുട്ട്യോൾ തുടങ്ങും തലേന്നത്തേതിന്റെ ബാക്കി പടക്കം പൊട്ടിക്കൽ.. അമ്മ നേരെ അടുക്കളയിൽ കയറി വിഷുക്കട്ടയും ശർക്കര നീരും ഉണ്ടാക്കി തുടങ്ങും.. കുളിച്ചു വന്നു അതാണ് പ്രാതലായി കഴിക്കുക.. അത് കഴിഞ്ഞു നേരെ അച്ഛമ്മയെ പോയി കണ്ടു വരും. പിന്നെ അമ്മയുണ്ടാക്കിയ വിഷു സദ്യ കഴിക്കും.. വിഷുവിനു മാത്രം ഉണ്ടാക്കുന്ന മാങ്ങക്കറി ആണ് കൂട്ടത്തിലെ താരം. പിറ്റേന്ന് അമ്മ വീട്ടിലേക്ക് പോക്കാണ്. അവിടേം അച്ചാച്ചനും പടിഞ്ഞാറയിലെ കുഞ്ഞചാച്ഛനും വാങ്ങി വെച്ചിട്ടുണ്ടാവും ഒരു കുന്നു പടക്കവും കമ്പിത്തിരികളും.. അവിടെ ചെന്ന് കസിൻസുമായി അതും പൊട്ടിച്ചു തീർത്താൽ പിന്നെ വിഷു ആഘോഷങ്ങൾ അവസാനിക്കലായി.
ഇന്ന് ഇരിങ്ങാലക്കുട പോയപ്പോൾ കണ്ടതായിരുന്നു ഒരു കുന്നു വെള്ളരികൾ.. വിഷു എത്താറായി എന്ന് ഓർമ്മിപ്പിക്കുന്ന വെള്ളരികൾ.. മനസ്സു കുറെ പുറകിലേക്ക് പോയി.. ഓർമ്മകളിൽ ആകെ മുങ്ങി നിവർന്നപ്പോൾ ആ പഴയ വിഷുക്കാലം മനസ്സിൽ നിറഞ്ഞു.. ഇന്നത്തെ ആഘോഷങ്ങൾ ഒക്കെ സൗകര്യങ്ങൾക്ക് അനുസരിച്ചു മാറാൻ തുടങ്ങിയപ്പോൾ ഓർമ്മയിൽ വിഷുവിനു ചന്തം കൂടുന്ന പോലെ..
Content Summary: Malayalam Article ' Ormayile Vishukkalam ' Written by Shanu Jithan