ADVERTISEMENT

2022 ഏപ്രിൽ 15. പെസഹാവ്യാഴം കടന്നുപോയതേയുള്ളു, ദു:ഖവെള്ളി വെളുപ്പിന് 1 മണി. അന്നാണ് പപ്പ ഞങ്ങളെ വിട്ടുപോയത്. പ്രതീക്ഷിച്ച മരണം. അതുകൊണ്ട് കരച്ചിലോ ബഹളമോ ഒന്നും ഉണ്ടായില്ല. പപ്പ മരിച്ചതായി പോലും തോന്നിയില്ല. അടുത്ത അവധിക്കാലത്ത് ഞങ്ങൾ വീട്ടിൽ വരുമ്പോഴും മക്കളെയും കൊച്ചുമക്കളെയും സ്വീകരിക്കാൻ ജീപ്പുമായി പപ്പ വഴിയിലുണ്ടാവും എന്നേ തോന്നിയുള്ളു. നാലു മക്കളാണ് ഞങ്ങൾ. സുഗന്ധ, സന്ധ്യ, സുമൻ, റോബർട്ട്– പേരിൽ പോലുമുണ്ട് വൈവിധ്യം. 

ഒരു വർഷത്തെ ഏറ്റവും പ്രിയപ്പെട്ട ദിവസം ഏതെന്നു ചോദിച്ചാൽ ഞങ്ങൾ നാലു മക്കളും പെസഹാ വ്യാഴം എന്നു പറയും. വർഷത്തിൽ ഒരിക്കൽ മാത്രം ഉണ്ടാക്കുന്ന ഇന്ററിയപ്പവും കുരിശപ്പവും പാലും. ചെമ്പു കലത്തിലാണ് അന്നൊക്കെ ഉണ്ടാക്കിയിരുന്നത്. ഇല തുടച്ചും അരിപ്പൊടി എടുത്തുകൊടുത്തുമൊക്കെ ഞങ്ങൾ പപ്പയുടെ ചുറ്റും ഉണ്ടാവും. 

പാലിനു ടേസ്റ്റ് കൂടുന്നതു പിറ്റേന്നാണ്. ദു:ഖവെള്ളി പകൽ മുഴുവനും വൈകിട്ട് കുരിശുമല കയറി തിരിച്ചു വന്നശേഷവുമൊക്കെ അപ്പവും പാലും കഴിക്കും. അന്ന് ഒരുനേരം ഭക്ഷണം എന്നാണു വയ്പ്. പക്ഷേ ഞങ്ങളൊക്കെ ഏറ്റവും കൂടുതൽ ഭക്ഷണം കഴി‍ച്ചിരിക്കുന്നതു ദു:ഖവെള്ളിയാഴ്ചയാണ്. 

അടുത്ത ബന്ധുക്കൾ മരിച്ചാൽ ആ വർഷം വീട്ടിൽ അപ്പം ഉണ്ടാക്കാൻ പാടില്ല. പപ്പയുടെയും മമ്മിയുടെയും ചാച്ചനും അമ്മയുമൊക്കെ മരിച്ച നാലു വർഷം അപ്പം ഉണ്ടാക്കിയില്ല. അവരുടെ മരണത്തെക്കാൾ ഞങ്ങൾ സങ്കടപ്പെട്ടത് ആ വർഷം അപ്പം ഉണ്ടാക്കാൻ കഴിയില്ലല്ലോ എന്നോർത്താണ്. 

അങ്ങനെയുള്ള പപ്പ പെസഹാ വ്യാഴാഴ്ച രാത്രി മരിച്ചു. അതും അപ്പംമുറിക്കലൊക്കെ കഴിഞ്ഞ് എല്ലാവരും ഉറങ്ങാൻ തുടങ്ങുമ്പോൾ. അടുത്തവർഷം മക്കളുടെ പെസഹാ മുടക്കരുതെന്ന് ആഗ്രഹിച്ചപോലെ! 

പപ്പ മരിച്ച് 8 മാസം കഴിഞ്ഞ്, ക്രിസ്മസിന് ഞങ്ങൾ നാലു മക്കളും വീട്ടിലെത്തിയപ്പോൾ മൂന്നാർ കൊളുക്കുമലയിലേക്ക് യാത്ര പ്ലാൻ ചെയ്തു. ചേച്ചി സുഗന്ധയുടെ മകൻ മാർട്ടിൻ പലവട്ടം അവിടെ പോയിട്ടുണ്ട്. അവനാണ് ഗൈഡ്. വെളുപ്പിനു രണ്ടരയ്ക്ക് നെടുങ്കണ്ടത്തെ വീട്ടിൽനിന്ന് ഇറങ്ങണം. അഞ്ചുമണിക്ക് സൂര്യനെല്ലി എത്തണം. അവിടെനിന്ന് ട്രിപ്ജീപ്പിൽ കൊളുക്കുമലയിലേക്ക്. ഞങ്ങൾ 12 പേരുണ്ട് പോകാൻ. വീട്ടിലെ ബൊലേറോയിലും ഒരു കാറിലുമായി പോകാനായിരുന്നു പ്ലാൻ. പക്ഷേ അപ്പോഴാണു ശ്രദ്ധിക്കുന്നത്. ബൊലേറോയിൽ ഡീസൽ അടിച്ചിട്ടില്ല. മൂന്നാർ റൂട്ടിൽ നേരം വെളുത്താലേ പമ്പുകൾ തുറക്കൂ. പകരം മറ്റൊരു കാർ കൂടി എടുത്തു. പക്ഷേ 12 പേർ കയറില്ല. അതോടെ ഇളയ സഹോദരൻ റോബർട്ട് പിന്മാറി. അവൻ സ്ഥിരം സഞ്ചാരിയാണ്. നാട്ടിൽനിന്നു വന്നവർ പോകട്ടെ എന്നു വിചാരിച്ചു. 

മുതിർന്നവരായി ഞാനും അനിയത്തിയും ഭർത്താവ് ജോബിയും ഉണ്ട്. ബാക്കി 8 പേരും കുട്ടികൾ. 

ഇന്നിപ്പോ അരിക്കൊമ്പനും പടയപ്പയുമൊക്കെ മേഞ്ഞു നടക്കുന്ന വഴിയിലൂടെയാണു പോകേണ്ടത്. ഏതു സമയവും ആനയുടെ മു‍ൻപിൽ പെടുമെന്നു വിചാരിച്ചുതന്നെയാണു യാത്ര. പക്ഷേ വഴിയിൽ ആനയെ കണ്ടില്ല. പകരം പാറത്തോട് പിന്നിട്ടതും വഴിമൂടി മൂടൽമഞ്ഞ്. റോഡ് കാണാനേ വയ്യ. മുൻപിൽ പോകുന്ന കാറിനു ഫോഗ് ലാംപ് ഇല്ല. ഫസ്റ്റിലും സെക്കൻഡിലുമായി നിരങ്ങി നിരങ്ങി ഒരുവിധം മൂന്നാലു കിലോമീറ്റർ തള്ളിനീക്കി. പക്ഷേ ഇനിയും കിടക്കുന്നു ദൂരമേറെ. എതിർവശത്തുനിന്ന് ഒരു വണ്ടിയെങ്കിലും വന്നാൽ മൂടൽമഞ്ഞ് എവിടെവരെയുണ്ടെന്ന് അറിയാനെങ്കിലും കഴിയും. അതുമില്ല. ആകെ പെട്ടുപോയ അവസ്ഥ. കാറിൽ ആണെങ്കിൽ നിറയെ കുട്ടികൾ. എന്തെങ്കിലും സംഭവിച്ചാൽ അടുത്ത തലമുറ മുഴുവൻ ഇല്ലെന്നാകും. 

തിരിച്ചു പോകാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. പക്ഷേ തിരിച്ചു പോകുന്നത് ഇതിലും മെനക്കേടാണ്. ഈ നാലഞ്ചു കിലോമീറ്റർ വീണ്ടും മഞ്ഞിലൂടെ തപ്പിത്തടയണം. ആനയെ പേടിച്ചു നിർത്തിയിടാനും വയ്യ. 

ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ഒരു വിശ്വാസമുണ്ട്. മരിച്ചവരെ വിളിച്ചു പ്രാർഥിച്ചാൽ അവർ വേഗം സഹായം എത്തിക്കും.   

ഞാനും അനിയത്തിയും പപ്പായെ തന്നെ വിളിച്ചു. യാത്രകൾ ഏറെ ഇഷ്ടമുള്ളളയാളല്ലേ. സഹായിക്കാതിരിക്കില്ല. ഇതിനിടെ വണ്ടി മുന്നോട്ടെടുത്തു. ഒറ്റ വളവ് തിരിഞ്ഞതേയുള്ളു. മഞ്ഞു മുഴുവൻ മാറി കണ്ണാടി പോലെ റോഡ് മുൻപിൽ. ആശ്വാസത്തിൽ കുട്ടികൾ ആർത്തുവിളിച്ചു. അപ്പോൾ സമയം വെളുപ്പിനു നാലര. 

ഞങ്ങൾ പോയ ഉടൻ തന്നെ ഞങ്ങളുടെ ഇളയ സഹോദരൻ റോബർട്ട് ഉറങ്ങാൻ കിടന്നിരുന്നു. അതിനിടെ അവൻ ഒരു സ്വപ്നത്തിലേക്കു വഴുതിവീണു. വീട്ടിലേക്കു ജീപ്പോടിച്ചു വരുമ്പോൾ വഴിയിൽ പപ്പ നിൽക്കുന്നു. ഇലക്ട്രിസിറ്റി ബോർഡിൽ സീനിയർ സൂപ്രണ്ട് ആയിരുന്ന പപ്പ പണ്ട് ഓഫിസിൽ പോകാൻ ഒരുങ്ങി നിൽക്കാറുള്ള വേഷം. അതേ ചെറുപ്പം. അവൻ ജീപ്പ് നിർത്തി. മുൻസീറ്റൽ കയറിയിരുന്ന ആൾക്കു പക്ഷേ ഗൗരവം. മുഖത്തു പതിവു ചിരിയില്ല. സംസാരം തുടങ്ങാൻ വേണ്ടി റോബർട്ട് വെറുതേ ചോദിച്ചു. ‘അവിടെ നിങ്ങൾക്ക് എങ്ങനാ, ഇങ്ങനെ ഇറങ്ങി നടക്കാനൊക്കെ പറ്റുമോ’? പപ്പ അവനെ ഗൗരവത്തിൽ ഒന്നു നോക്കി. എന്നിട്ടു ചോദിച്ചു– നീയാ പിള്ളേരെ ഒറ്റയ്ക്കു വിട്ടു അല്ലേ.... 

ഉറക്കത്തിൽനിന്നു വിയർത്തു കുളിച്ച് എണീറ്റ റോബർട്ട് വാച്ചിൽ നോക്കി. അപ്പോൾ സമയം നാലര! 

അതേ കൂടെയുണ്ട് എന്നും ആ ചിരി മായാതെ.

Content Summary: Memoir about father written by Sandhya Grace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com