ആവശ്യം കഴിഞ്ഞ് തിരികെക്കൊണ്ടുവന്ന ബെൻസ് കാറിൽ കേടുപാടുകൾ, എംബ്ലവും കാണാനില്ല; ഇതെന്ത് കഷ്ടം..!
Mail This Article
സർക്കാരിന്റെ കലുങ്ക്, ഓട പോലുള്ള ചെറിയ ചെറിയ വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്ന ആളായിരുന്നു ശശിധരൻ കോൺട്രാക്ടർ. പത്തിരുപതോളം ആണുങ്ങളും മൂന്നാല് പെണ്ണുങ്ങളും കോൺട്രാക്ടർക്ക് ജോലിക്കാരായി ഉണ്ട്. ശശിയേട്ടന്റെ വർക്കുകൾക്ക് സഹകരിക്കാൻ എല്ലാവർക്കും നല്ല ഉത്സാഹമാണ്. കാരണം വർക്ക് തുടങ്ങുന്നതോടെ അതിനടുത്തുതന്നെ പുറമ്പോക്കിൽ ഒരു താൽക്കാലിക ഷെഡ് കെട്ടി അവിടെ അടുപ്പുകൂട്ടി പാചകം തുടങ്ങും. 10-25 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കുകയാണ് ഒരു പെണ്ണിന്റെ ജോലി. വിശപ്പിന്റെ വില നന്നായി അറിഞ്ഞ ശശിയേട്ടൻ രാവിലെ എത്തുന്ന പണിക്കാർക്ക് മൂന്നുനേരവും മൃഷ്ടാന്നം ഭക്ഷണം കൊടുക്കും. രാത്രിയായാൽ വേണ്ടുന്നവർക്ക് സ്മോളും കൃത്യമായ ശമ്പളവും. ശശിയുടെ ജോലിയിലെ ആത്മാർഥതയും നല്ല ജോലിക്കാരും കൈവശം ഉള്ളതുകൊണ്ട് രണ്ടുമൂന്ന് വർക്കുകൾ ഒക്കെ ഒരേസമയം ഇദ്ദേഹത്തിനു കിട്ടിയിരുന്നു. താമസിയാതെ അനിയനും സഹായത്തിനെത്തി. കോൺട്രാക്ട് ബിസിനസ് വച്ചടി വച്ചടി കയറ്റമായിരുന്നു. പൂജ്യത്തിൽ നിന്ന് തുടങ്ങിയ ശശി മുതലാളിക്ക് ബൈക്കായി, കാറായി, ബംഗ്ലാവായി. സമ്പന്നനായതോടെ സമൂഹത്തിൽ അറിയപ്പെടുന്ന മാന്യനുമായി. അങ്ങനെയിരുന്നപ്പോഴാണ് പുള്ളിക്ക് ഒരു ആഗ്രഹം. വലിയ മുതലാളിമാരൊക്കെ സഞ്ചരിക്കുന്ന ഒരു ബെൻസ് കാർ സ്വന്തമാക്കണമെന്ന്.
താമസിയാതെ 1980 മോഡൽ മെഴ്സിഡസ്-ബെൻസ് മുതലാളിയുടെ ഷെഡ്ഡിൽ എത്തി. തൃശ്ശൂരിൽ നിന്ന് 35 കിലോമീറ്റർ ഉള്ളിലേക്ക് മാറി കാട്ടൂര് എന്ന സ്ഥലത്തായിരുന്നു ഇദ്ദേഹത്തിന്റെ വീട്. അവിടുത്തെ നാട്ടുരാജാവ് തന്നെയായി പിന്നീട് ഇദ്ദേഹം. കുറെനാൾ ബെൻസിൽ ഒക്കെ പറന്നുനടന്നു. ആ ഗ്രാമപ്രദേശത്തെ ഏത് കല്യാണത്തിനും നവവധു അഥവാ വരൻ ഇറങ്ങുന്നത് അലങ്കരിച്ച ബെൻസ് കാറിൽ നിന്നായിരിക്കും. ആ കാലത്താണ് വീഡിയോ ഷൂട്ടിംഗ് തുടങ്ങുന്നത്. അങ്ങനെ കാസറ്റിലും ബെൻസ് താരമായി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഇത് അത്ര പന്തിയല്ല എന്ന് തോന്നി ശശി മുതലാളിക്ക്. പലരും പല കേടുപാടുകളും വരുത്തിയാണ് അത് തിരികെ ഏൽപ്പിക്കുക. പിന്നെ കുറെ പേർ അദ്ദേഹത്തെ ശരിക്ക് വഹിക്കാനും തുടങ്ങി. ഡീസൽ പോലും അടിക്കില്ല. പുള്ളിയുടെ ആവശ്യങ്ങൾക്ക് ഇത് ഒരിക്കലും കിട്ടാതായി. ആരോടും മുഷിഞ്ഞു സംസാരിക്കാൻ അറിഞ്ഞുകൂടാത്ത ആളായിരുന്നു ഇദ്ദേഹം. അപ്പോൾ ശശിയേട്ടൻ വീടിനു മുമ്പിലെ ഷെഡ്ഡിൽ അതിനെ കയറ്റിയിട്ടു. ചെറിയ കേടുപാടുകളൊന്നും തീർക്കാൻ മെനക്കെട്ടില്ല. എന്നാൽ തറവാടിന്റെ മുറ്റത്ത് ആന നിൽക്കുന്നതുപോലെ ബംഗ്ലാവിന് അലങ്കാരമായി ബെൻസ് അങ്ങനെ നീണ്ടു നിവർന്നു കിടന്നു. പുള്ളി സ്വന്തം ആവശ്യങ്ങൾക്കായി ഒരു മാരുതി കാർ വാങ്ങി.
Read Also: സ്വപ്നത്തിൽ അപകടം, കണ്ണ് തുറന്നപ്പോൾ പുറത്ത് ബഹളം; തൊട്ടടുത്തവീട്ടിൽ കൊലപാതകം
ഓടിത്തളർന്ന ബെൻസ് ഒരു അഞ്ചാറു മാസം അനക്കമില്ലാതെ വീട്ടുമുറ്റത്ത് കിടന്നപ്പോൾ പലരും പറഞ്ഞു ഇത് ഉപയോഗിക്കുന്നില്ലെങ്കിൽ വിൽക്കുന്നതാണ് നല്ലതെന്ന്. ഉടനെതന്നെ ശശിയേട്ടൻ തൃശ്ശൂരിലുള്ള സുഹൃത്ത് മുരുകനെ ബെൻസ് വിൽക്കാൻ ഏൽപ്പിച്ചു. ഓരോ ആവശ്യക്കാരെയും കൊണ്ട് കാട്ടൂര് വരെ കൊണ്ടുപോകാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് കാർ തൃശ്ശൂർ മുരുകന്റെ വീട്ടിൽ എത്തിച്ചു. മുരുകൻ ഒരു മാസം ശ്രമിച്ചിട്ടും വിൽപ്പന നടക്കുന്നില്ല. കാരണം വാങ്ങാൻ വരുന്നവർക്കൊക്കെ അതിന്റെ ബോണറ്റിൽ ഉള്ള എംബ്ലം നഷ്ടപ്പെട്ടത്, വീലിൽ ഉള്ള എംബ്ലം ഇല്ലാത്തത്, അങ്ങനെയങ്ങനെ.. ഓരോ കാരണം പറഞ്ഞ് അവർ തിരിഞ്ഞുനടന്നു. ഇത് നല്ല കണ്ടീഷനിൽ ആക്കിയാൽ മാത്രമേ വിൽപ്പന നടക്കുകയുള്ളൂ എന്ന് ഇരുകൂട്ടർക്കും മനസ്സിലായി. കോയമ്പത്തൂരിൽ നിന്നും ബാംഗ്ലൂരിൽ നിന്നു അതിന്റെ എല്ലാ സ്പെയർപാർട്സുകളും എമ്പ്ലം അടക്കം വരുത്തി നല്ല തുക മുടക്കി വണ്ടി വർക്ഷോപ്പിൽ കയറ്റി പണിതു. മുരുകന്റെ വീട്ടിൽ നവോഢയെപ്പോലെ അണിഞ്ഞൊരുങ്ങി ബെൻസ് നിൽപ്പു തുടങ്ങി.
അപ്പോഴാണ് മുരുകൻ പത്രത്തിൽ ഒരു പരസ്യം കാണുന്നത്. “ബെൻസ് ആവശ്യമുണ്ട്. ഫോൺ നമ്പർ:–––––––" ഉടനെ തന്നെ കോൺടാക്ട് ചെയ്തു. ആൾ അഞ്ച് കിലോമീറ്ററിനപ്പുറം അടുത്ത കാലത്ത് താമസത്തിനെത്തിയ ഒരു പുതുപ്പണക്കാരൻ പ്രവാസി മലയാളിയാണ്. അൽപന് ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും എന്ന് പറഞ്ഞ പോലത്തെ മനുഷ്യൻ. വളരെ കുറച്ചു നാൾ കൊണ്ട് തന്നെ ആ നാട്ടിൽ ഇദ്ദേഹം കുപ്രസിദ്ധനാണ്. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് തോക്കെടുക്കും. മൂക്കിന്റെ അറ്റത്താണ് ശുണ്ഠി. ശമ്പളം കൂടുതൽ കൊടുക്കുമെങ്കിലും ജോലിയിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ ഇദ്ദേഹം കണ്ണുപൊട്ടുന്ന ചീത്ത പറയും ജോലിക്കാരെയൊക്കെ. ഇതൊക്കെ ഇദ്ദേഹത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളായിരുന്നു ആ നാട്ടിൽ. ആൾ ഇതാണെന്ന് മനസ്സിലായതോടെ മുരുകൻ വില ഒരുപാട് കയറ്റി പറഞ്ഞു ആ വിൽപ്പനയിൽ നിന്ന് തടിയൂരി. കാര്യം ഒരു കൊച്ചു കാർ വിൽക്കുന്നതിന്റെ നാലിരട്ടി ബ്രോക്കറേജ് കിട്ടും ഒരു ബെൻസ് കാർ വിൽപ്പന നടന്നാൽ. പക്ഷെ രണ്ടോ മൂന്നോ മാസം കഴിഞ്ഞ് ബെൻസിന് എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ മുരുകന്റെ കഴുത്തിനു മുകളിൽ തല കാണില്ല. അതാണ് ഇയാളുടെ സ്വഭാവം.
മാസം ഒന്ന്, രണ്ട്.. കഴിഞ്ഞു. വിൽപ്പന മാത്രം നടക്കുന്നില്ല. ദിവസവും ബെൻസ് മോളെ കാണാൻ ചെക്കന്മാർ വരും. പക്ഷേ ആരും അടുക്കുന്നില്ല. ആകെ ഒരു താൽപര്യം കാണിച്ചത് ഈ ‘പ്രവാസി വട്ടൻ’ ആണ്. പിന്നെ ആ സമയത്ത് മാരുതി രംഗപ്രവേശം ചെയ്തു തുടങ്ങിയിരുന്നു. “ഞങ്ങൾ പുതിയ മാരുതി ബുക്ക് ചെയ്തു. അടുത്ത മാസം കിട്ടും”. എന്നൊക്കെ പറയുന്നത് ഒരു സ്റ്റാറ്റസ് സിംബലായി മാറി കഴിഞ്ഞിരുന്നു. ഇതിനിടയിൽ ശശിയേട്ടന് ഒരു സ്ട്രോക്ക് വന്ന് കിടപ്പിലുമായി. കോൺട്രാക്ട് ബിസിനസ് ഒക്കെ നന്നായി പോകുന്നുണ്ടെങ്കിലും ബെൻസ് വിൽപ്പന നടക്കേണ്ടത് ആ കുടുംബത്തിന്റെ ഒരു അത്യാവശ്യമായി മാറി. ശശിയും മുരുകനും കൂടി തലപുകച്ച് ഒരു പ്ലാൻ തയാറാക്കി. മുരുകൻ പ്രവാസിയെ പാലക്കാട് നിന്ന് ഫോൺ ചെയ്യുന്നതുപോലെ അഞ്ച് കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിൽ നിന്ന് ഫോൺ ചെയ്തു. ഇന്ന സമയത്ത് പാലക്കാട് വന്നാൽ നിങ്ങൾക്ക് ബെൻസ് കാണാമെന്ന് പറഞ്ഞ് സമയം ഒക്കെ ഫിക്സ് ചെയ്തു. മുരുകൻ വണ്ടിയുമായി പാലക്കാട് പോയി ശശിയേട്ടന്റെ മരുമകന്റെ പേരിലേക്ക് വണ്ടി മാറ്റിയെഴുതി ബുക്കും പേപ്പറും ഒക്കെ കറക്റ്റ് ആക്കി അവിടെ വെയിറ്റ് ചെയ്തു. കൃത്യസമയത്ത് നമ്മുടെ പ്രവാസി സുഹൃത്തുക്കളുമായി അവിടെയെത്തി. വില പറഞ്ഞ് ഉറപ്പിച്ചു. ഓടിച്ചു നോക്കലും ചെക്കിങ്ങും ഒക്കെ കഴിഞ്ഞ് വിൽപ്പന നടത്തി താക്കോൽ കൈമാറി. പ്രവാസി സന്തോഷത്തോടെ സുഹൃത്തുക്കളുമായി തൃശ്ശൂർക്ക് മടങ്ങിപ്പോയി. രണ്ട് ദിവസം മലമ്പുഴ ഒക്കെ ചുറ്റിക്കറങ്ങി മുരുകനും തൃശ്ശൂർക്ക് തന്നെ തിരികെ എത്തി. പ്രവാസിയുടെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ട് മുരുകനെ ആരും ഒറ്റു കൊടുത്തില്ല.
ചില കാര്യങ്ങൾ അങ്ങനെയാണ്. വളരെ എളുപ്പത്തിൽ ചെയ്യാമെന്നുണ്ടെങ്കിലും അത് കഷ്ടപ്പെട്ട് നേടിയെടുത്താലെ ഒരു സുഖം കിട്ടു. അത് കഴിഞ്ഞ് പുള്ളി പലരോടും പറഞ്ഞു. “ഞാൻ പരസ്യം ഇട്ടപ്പോൾ ഒരുത്തൻ തൃശ്ശൂർ നിന്ന് തന്നെ എന്നെ വിളിച്ച് ലോകത്തില്ലാത്ത വില ഒക്കെ പറഞ്ഞിരുന്നു. ചിലർ എന്നെ വെല്ലുവിളിച്ചു. തന്റെ ഈ സ്വഭാവത്തിന് ഈ നൂറ്റാണ്ടിൽ ബെൻസ് വാങ്ങാൻ പറ്റില്ല എന്ന്. ഇപ്പോൾ എന്തായെടാ? ഞാൻ പാലക്കാട് പോയി അന്തസ്സായി ഒരുത്തനെ വരച്ചവരയിൽ നിർത്തി കച്ചവടം ചെയ്തുപോന്നു.” എന്ന്. ഇദ്ദേഹം ആണെന്നറിഞ്ഞ് മുരുകൻ വില കയറ്റി പറഞ്ഞതായിരുന്നു അന്ന്. മുരുകൻ വിചാരിച്ചതിനേക്കാൾ കൂടുതൽ വില കിട്ടുകയും ചെയ്തു. രണ്ടുകൂട്ടരും ഹാപ്പി. ഞാനും ഹാപ്പി. വായിച്ച നിങ്ങളും ഹാപ്പി അല്ലേ? എങ്കിൽ ലൈക്ക് & കമന്റ് ഇടാൻ മറക്കണ്ട.
Content Summary: Malayalam Short Story ' Oru Benz Puranam ' Written by Mary Josy Malayil