തന്നെ പുറത്താക്കിയ സ്‌കൂളിൽ തന്നെ പഠിക്കണം; കാശുണ്ടാക്കാൻ പെൺകുട്ടിയുടെ അപകടം നിറഞ്ഞ വഴികൾ
Mail This Article
"നമ്മളീ ചെയ്യുന്നതൊന്നും വേറെയാരും അറിയരുത് കേട്ടോ...." അയാൾ പറഞ്ഞു. അവൾ ശരി എന്ന അർഥത്തിൽ തലയാട്ടി. എന്നിട്ട് ചോദിച്ചു: "ഇത് പാപമാണോ?" പതിനാല് വയസ്സുകാരിയുടെ നിഷ്കളങ്കത....! പക്ഷെ, അതയാളിൽ കോപം നിറച്ചു. അയാൾ ശബ്ദമുയർത്തി: "പാപമൊന്നുമല്ല. പക്ഷേ, ഇതൊക്കെ രഹസ്യമാക്കി വെക്കേണ്ട കാര്യമാണ്. മനസ്സിലായോ." അവൾ അതെ എന്ന അർഥത്തിൽ തലയാട്ടി. "അതാ... ആ കാണുന്നതാണ് എന്റെ വീട്." അവൾ പുഴയ്ക്ക് അക്കരേക്ക് വിരൽ ചൂണ്ടിപ്പറഞ്ഞു. അയാൾ അവിടേക്ക് കണ്ണയച്ചു. "അതൊരു വെച്ചുകെട്ടാണ്. അതിനെ ആരെങ്കിലും വീടെന്ന് വിളിക്കുമോ?" അയാൾ ചിരിച്ചു. അവളുടെ തല കുനിഞ്ഞു. "ഞങ്ങൾ പാവങ്ങളാണ്." അവൾ ആത്മഗതമെന്നോണം പറഞ്ഞു. "അമ്മ വന്നിട്ടുണ്ടാകുമോ?" അയാൾ ചെറിയൊരു ആശങ്കയോടെ ചോദിച്ചു. "ഉം.. അമ്മ വന്നിട്ടുണ്ടാകാനാണ് സാധ്യത." അവൾ പറഞ്ഞു. "ശരി.. എങ്കിൽ ഞാൻ പോകുന്നു. പറഞ്ഞത് മറക്കേണ്ട. പാർക്കിൽ, നടപ്പാത അവസാനിക്കുന്നിടത്തെ കൊട്ടാരത്തിന്റെ മതിൽക്കെട്ടിനോട് ചേർന്നുള്ള പടവിൽ ചുവന്ന തൊപ്പി ധരിച്ച ഒരാൾ ഇരിക്കുന്നുണ്ടാവും. അയാളുടെ കൈയ്യിൽ എരിയുന്ന ഒരു സിഗരറ്റുണ്ടാകും. ഈ പൊതി അയാൾക്ക് കൊടുക്കുക. എപ്പോഴത്തെയുമെന്ന പോലെ ഒരക്ഷരം പോലും സംസാരിക്കാതെ മടങ്ങിപ്പോന്നേക്കുക." അവളെ അരുമയോടെ തലോടിക്കൊണ്ടയാൾ പറഞ്ഞു. "ശരി. മനസ്സിലായി. അങ്ങനെ ചെയ്യാം." അവൾ പറഞ്ഞു.
അയാൾ അവൾക്ക് പണം നൽകി. പിന്നെ പണം സൂക്ഷിച്ചു വെക്കണം, കളഞ്ഞു പോകാതെ നോക്കണം തുടങ്ങിയ ഉപദേശങ്ങൾ അവൾക്ക് നൽകിക്കൊണ്ടയാൾ തിരിഞ്ഞു നടന്നു. മാർക്കറ്റിന്റെ അങ്ങേ തലക്കലെ ഇടിഞ്ഞു വീഴാറായ ആ പഴയ കടമുറിയിൽ അവളും സായാഹ്ന വെയിലും മാത്രമായി. അയാൾ നൽകിയ പണം അവൾ എണ്ണി നോക്കി. ശേഷം പാർക്കിലേക്ക് നടന്നു. ചുവന്ന തൊപ്പി ധരിച്ച ആൾക്ക് പൊതി കൈമാറി. പെട്ടെന്ന് തന്നെ തിരിച്ചു നടന്നു. "കുട്ടീ..." തൊപ്പി ധരിച്ചയാൾ വിളിച്ചു. പരുക്കൻ സ്വരമായിരുന്നെങ്കിലും അതിലെ വാത്സല്യം അവൾ തിരിച്ചറിഞ്ഞു. അവൾ ഒരു മന്ദഹാസത്തോടെ അയാളെ നോക്കി. "അപകടം പിടിച്ച പണിയാണിത്. എന്തിനിത് ഏറ്റെടുക്കുന്നു? ഈ പൊതിയിൽ നിരോധിക്കപ്പെട്ട ലഹരി മരുന്നാണ്." "എനിക്കതറിയേണ്ട കാര്യമില്ല. എനിക്ക് പണമാണ് വേണ്ടത്. ആ മൂപ്പര് എനിക്ക് നല്ല പണം തരുന്നു. ഇങ്ങനെയൊരു പൊതിയും തന്ന് പലയിടത്തേക്കും അയക്കുകയും ചെയ്യുന്നു. അതിനപ്പുറത്തേക്ക് ഞാൻ എന്തിന് ചിന്തിക്കണം?" അവൾ വേഗത്തിൽ അവിടം വിട്ടു. അവൾ തന്റെ പാർപ്പിടത്തിലേക്കാണ് പോയത്. ഹെയർ പിൻ വളവുള്ള പാലം കയറിയിറങ്ങി അവൾ വീടിന്റെ പിന്നാമ്പുറത്തെത്തി. അവിടെ വിറകുകൂനക്ക് പിന്നിലെ ഉപയോഗ ശൂന്യമായ അടുപ്പിനുള്ളിൽ ഒളിച്ചു വെച്ച തന്റെ പ്ലാസ്റ്റിക് ബാഗെടുത്തു. ഒരു ആരാധനാ കർമ്മം ചെയ്യുന്ന സൂക്ഷ്മതയോടെ പണം അവളാ ബാഗിൽ നിക്ഷേപിച്ചു. പിന്നെ അത് അടുപ്പിനുള്ളിൽ തന്നെ ഭദ്രമായി വെച്ചു.
Read Also: പരീക്ഷ ജയിക്കാൻ ഇംഗ്ലിഷിൽ സംസാരിക്കണം; തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിനെ ധ്യാനിച്ച് ഒരു മുട്ടൻ ഡയലോഗ്
സി എഫ് എൽ ലാമ്പുകളുടെ അസ്വസ്ഥത ഉണ്ടാക്കുന്ന വെളിച്ചം വട്ടം കറങ്ങുന്ന വീടിനകത്തേക്ക് അവൾ കയറി. "സഞ്ചിയും സാധനം വിറ്റ പൈസയുമൊക്കെ എവിടെ?" കണ്ണുരുട്ടിക്കൊണ്ട് അമ്മ ചോദിച്ചു. അപ്പോൾ മാത്രമാണ് ചോളംപൊരിയെക്കുറിച്ച് ആ പെൺകുട്ടിക്ക് ബോധമുണ്ടായത്. ചോളംപൊരിയുടെ ഒരു പാക്കറ്റ് പോലും വിറ്റിട്ടില്ലെന്നും. അവൾ ഇറങ്ങിയോടി. ഇനിയും അവിടെ തുടർന്നാൽ അമ്മയുടെ ശകാരവും പ്രഹരവുമൊക്കെയേൽക്കേണ്ടി വരുമെന്ന് അവൾക്കറിയാം. നടന്നതും നടക്കുന്നതുമായ ഒന്നും തന്നെ അമ്മയോട് പറയാനും പറ്റില്ലല്ലോ. എല്ലാം രഹസ്യമാക്കി വെക്കണമെന്നാണ് ആ മനുഷ്യൻ പറഞ്ഞിട്ടുള്ളത്! ഹെയർ പിൻ വളവുള്ള പാലമിറങ്ങി അവൾ മാർക്കറ്റിനടുത്തുള്ള ഒരു പെട്രോൾ പമ്പിലേക്ക് ചെന്നു. അവളെ കണ്ടതും അവിടത്തെ ഒരു ജീവനക്കാരി അവരുടെ ലോക്കർ റൂമിൽ സൂക്ഷിച്ച ചോളംപൊരി പാക്കറ്റുകൾ നിറഞ്ഞ ബാഗ് എടുത്ത് അവൾക്ക് നൽകി. പ്രായമേറിയ ആ ജീവനക്കാരിയെ ചോളംപൊരി ബാഗ് ഏൽപ്പിച്ചിട്ടാണ് അവൾ 'പൊതി' വിതരണത്തിന് പോയിരുന്നത്. അവൾ ബാഗുമായി ട്രാഫിക് സിഗ്നലിന്റെ ചുവട്ടിലേക്കെത്തി. അവിടെ നിർത്തുന്ന വാഹനങ്ങൾക്കിടയിലൂടെ നടന്ന് ചോളംപൊരി വിൽക്കാൻ തുടങ്ങി. മുഴുവൻ വിറ്റു തീർത്തിട്ടാണ് അവൾ പാർപ്പിടത്തിലേക്ക് മടങ്ങിയത്. മടങ്ങും വഴി ചോളംപൊരി വിറ്റു കിട്ടിയ കാശുമുഴുവൻ അവൾ എണ്ണി തിട്ടപ്പെടുത്തി. ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന തനിക്ക് പണം തെറ്റാതെ എണ്ണാൻ സാധിക്കുന്നു എന്നതിൽ അവൾക്ക് അഭിമാനം തോന്നി.
അടുത്ത ദിവസം 'പൊതി' കൈമാറവേ ആ മനുഷ്യൻ അവളോട് ചോദിച്ചു: "നീ ഞാൻ തരുന്ന പണമൊക്കെ എന്ത് ചെയ്യുന്നു?" "ഞാൻ ആ പണമൊക്കെയും സൂക്ഷിച്ചു വെക്കുന്നുണ്ട്." അവൾ പറഞ്ഞു. "എന്തിന്?" "ഫീസ് കൊടുക്കാൻ പറ്റാതായപ്പോൾ എന്നെ പുറത്താക്കിയ സ്‌കൂളിൽ തന്നെ കൃത്യമായി ഫീസ് കൊടുത്ത് എനിക്ക് പഠനം തുടരണം. പിന്നെ എനിക്ക് നല്ലൊരു വീട് പണിയണം. അവിടെ ഒരു രാജ്ഞിയെപ്പോലെ എന്റെ അമ്മയെ എനിക്ക് വാഴിക്കണം. അതുകഴിഞ്ഞ് സിനിമയിലൊക്കെ കാണുന്നതു പോലുള്ള ഒരു കല്യാണപ്പന്തലിൽ എനിക്ക് മണവാട്ടിയാകണം. പാട്ടിനും പൂക്കൾക്കുമിടയിൽ വരന്റെ കൈ പിടിച്ച് എനിക്ക് പൂത്തുലഞ്ഞു നിൽക്കണം." അവൾ പറഞ്ഞത് കേട്ട് അയാൾ പൊട്ടിച്ചിരിച്ചു. "നീ ആള് കൊള്ളാമല്ലോ." അയാൾ ചിരിയടക്കിക്കൊണ്ട് പറഞ്ഞു. "എന്നെങ്കിലും നിങ്ങൾക്ക് ഒരു ഭാര്യ വേണമെന്ന് തോന്നിയാൽ നിങ്ങൾ എന്നെ വിവാഹം ചെയ്യുമോ? എന്റെ കല്യാണപ്പന്തലിൽ കൈ പിടിക്കാനെത്തുന്ന വരനാകുമോ?" അവളുടെ ഈ ചോദ്യം അയാളെ ചൊടിപ്പിച്ചു. "നീ ഒരു ചെറിയ പെൺകുട്ടിയാണ്. വലിയവരെ പോലെ സംസാരിക്കരുത്." അയാൾ ശബ്ദമുയർത്തി. "വലിയവർ ചെയ്യുന്നത് ചെയ്യാമെങ്കിൽ, അത് വലിയവരെ പോലെ എല്ലാവരിൽ നിന്നും മറച്ചു പിടിക്കാമെങ്കിൽ എനിക്ക് വലിയവരെ പോലെ സംസാരിക്കുകയുമാവാം." അവൾ ചുണയോടെ പറഞ്ഞു. അയാൾക്ക് ഉത്തരം മുട്ടി. അയാൾ കോപം കടിച്ചിറക്കുന്നത് അവൾ ചിരിയോടെ കണ്ടു. "അത്താഴപ്പട്ടിണി ഒഴിവാക്കാൻ ചോളംപൊരി വിൽക്കുന്ന നിന്നെ ഞാൻ കല്യാണം കഴിക്കാനോ?! സ്വപ്നങ്ങൾക്കും വേണം കൊച്ചേ ഒരതിര്." അയാൾ അവിടെ നിന്നും ഇറങ്ങി നടന്നു. അന്ന് അവൾക്ക് നൽകേണ്ട പണം നൽകിയതുമില്ല.
Read Also: മരണം കാത്ത് കിടക്കുന്ന ആ സ്ത്രീ പതിയെപ്പറഞ്ഞു, 'നിന്റെ അമ്മയെ ഞാൻ കൊന്നതാണ്, എല്ലാം എന്റെ തെറ്റ്...'
പിന്നെ കുറേ ദിവസത്തേക്ക് അയാളെ കണ്ടില്ല. അയാൾക്കൊരു പകരക്കാരനെ കണ്ടെത്തണമെന്ന് അവൾ ഉറച്ചു. തീർച്ചയായും അവൾക്ക് പണം ഉണ്ടാക്കണമായിരുന്നു. അങ്ങനെ അവൾ ഒരാളെ കണ്ടെത്തി. മധ്യവയസ്ക്കനും ശാന്തപ്രകൃതക്കാരനുമായ ഒരാൾ. അയാൾ അവൾക്ക് കൂടുതൽ പണം നൽകി. അയാളുമായവൾ ഊഷ്മളമായ ഒരു അടുപ്പത്തിലേക്ക് ചെന്നെത്തി. പെട്ടെന്നൊരു ദിവസം അന്ന് ക്രുദ്ധനായി അവളെ വിട്ടു പോയ ആ മനുഷ്യൻ അവൾക്ക് മുന്നിലെത്തി. പെട്രോൾ പമ്പിലെ പ്രായമുള്ള ആ ജീവനക്കാരിയുമായി സംസാരിച്ചു കൊണ്ടു നിൽക്കേ ഒരു കാറിൽ അയാൾ അവിടേക്ക് എത്തുകയായിരുന്നു. "വരൂ..." അയാൾ അവളെ വിളിച്ചു. "എവിടെയായിരുന്നു ഇത്രയും ദിവസം?" അവൾ ഗൗരവത്തോടെ ചോദിച്ചു. "നീ എന്തിന് അതൊക്കെ അന്വേഷിക്കുന്നു. വന്ന് കാറിൽ കയറൂ. ഇന്ന് കുറച്ചധികം ചരക്ക് പട്ടണത്തിന്റെ പല ഭാഗത്തും എത്തിക്കാനുണ്ട്." അയാൾ അധികാര സ്വരത്തിൽ പറഞ്ഞു. "ഞാൻ വരുന്നില്ല." "അതെന്താ?" "എനിക്ക് പറ്റില്ല." "നിനക്ക് പറ്റുന്ന പണിക്കാണ് നിന്നെ ഞാൻ വിളിക്കുന്നത്." "വേറെ ആളുണ്ട്." "ഓഹോ... അപ്പോൾ നീ വേറെ ആളെ കണ്ടെത്തി കച്ചവടം വിപുലപ്പെടുത്തി. അല്ലേ? മര്യാദക്ക് കാറിൽ കയറിക്കോ. ഇല്ലെങ്കിൽ ഞാൻ പിടിച്ചു കയറ്റും." അവൾ അറച്ചു നിന്നു. പറഞ്ഞത് പോലെ തന്നെ അയാൾ അവളെ ബലമായി കാറിൽ പിടിച്ചു കയറ്റുക തന്നെ ചെയ്തു. "മറ്റൊരാളുമായി ഇതൊന്നും പാടില്ല. മനസ്സിലായോ?" അയാൾ കാർ അതിവേഗം പായിച്ചു. "എന്ത് കൊണ്ട് പാടില്ല? ആ മനുഷ്യനും എനിക്ക് പണം നൽകുന്നുണ്ട്. നിങ്ങൾ തരുന്നതിന്റെ ഇരട്ടി." "പ്‌ഫ....!" അയാൾ ഒരാട്ടാട്ടി. "നീ വേറെ ആരുമായും ഒന്നിക്കുന്നത് എനിക്കിഷ്ടമല്ല." അയാൾ അലറി. "നിങ്ങളുടെ ഇഷ്ടം ഞാനെന്തിന് നോക്കണം? നിങ്ങൾ എനിക്ക് ആരാണ്? അവൾ വിട്ടില്ല. അയാൾക്ക് ഉത്തരം മുട്ടി. അയാൾ അവളുടെ കരണത്തടിച്ചു. അതിശക്തമായ ആ പ്രഹരത്തിൽ അവൾ ബോധരഹിതയായിപ്പോയി!
Read Also: മീൻ മുള്ള് പോലൊരു സാധനം, അതും പിടിച്ച് പുരപ്പുറത്ത് കയറിയിരിക്കുന്ന ആളെക്കണ്ട് നാട്ടുകാർ അമ്പരന്നു
ബോധം വന്നപ്പോൾ അവൾ കടൽക്കരയിലായിരുന്നു. കടൽഭിത്തിയിൽ അവളെ ഉപേക്ഷിച്ച് അയാൾ കടന്നു കളഞ്ഞു. നേരം നന്നായി ഇരുട്ടിയിരുന്നു. മീൻ മണമുള്ള കാറ്റ് കടൽക്കരയിലൂടെ ചുറ്റിത്തിരിഞ്ഞു. അവൾ പതിയെ കടലിലേക്കിറങ്ങി. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ അവൾ ഊരിക്കളഞ്ഞു. അവൾ തിരിഞ്ഞു നോക്കി. കടൽക്കര വിജനമായിരുന്നു. ആരുമില്ല. എന്നാൽ ഇരുട്ടിൽ എവിടെയോ ആ മനുഷ്യൻ മറഞ്ഞിരിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി. വേദനിപ്പിക്കുന്ന യജമാനൻ...! അറ്റമില്ലാത്ത നഷ്ടബോധങ്ങളുടേയും അപകർഷതകളുടെയും നിരാശകളുടേയും കളിത്തോഴൻ. അയാളുടെ കിതപ്പില്ലാത്ത കുതിപ്പുകൾ...! കീഴൊതുക്കിക്കളയുന്ന കരുത്ത്...! അവൾ വെറുപ്പോടെ മുഖം വെട്ടിച്ചു. അവൾ വീണ്ടും വീണ്ടും കടലിലേക്കിറങ്ങി. മുറിവുകൾ വീണ അവളുടെ മേനിയിൽ തിരമാലകൾ നൃത്തമാടി. "പാലത്തിനപ്പുറം പുഴയോരത്തെ സങ്കടം ദൈവം മനസ്സിലാക്കിയിരുന്നെങ്കിൽ അവൻ തന്റെ മുഴുവൻ കാരുണ്യവും അവിടേക്കെത്തിക്കുമായിരുന്നു. പക്ഷെ ദൈവത്തിനു പോലും മനസ്സിലാകാതെ പോയി എന്റെ ദുഃഖങ്ങൾ, സ്വപ്‌നങ്ങൾ, കൊച്ചു കൊച്ചു വാശികൾ, പ്രതീക്ഷകൾ....! ഒരു മാലാഖയും എന്നെപ്പറ്റി ദൈവത്തോട് പറഞ്ഞില്ല...!!" അവൾ ഒരു ഭ്രാന്തിയെപ്പോലെ പുലമ്പിക്കൊണ്ടിരുന്നു.
Content Summary: Malayalam Short Story Written by Abdul Basith Kuttimakkal