ശബ്ദം കൊണ്ടു ജീവിക്കുന്ന വേലായുധൻ, മുദ്രാവാക്യം വിളിക്കാൻ വൻ ഡിമാന്റ്; പെട്ടെന്നൊരു ദിവസം ആളെ കാണാനില്ല
Mail This Article
എവിടെ പരസ്യപ്രക്ഷേപണങ്ങൾ ഉണ്ടോ അവിടെയെല്ലാം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായിരുന്നു വെണ്മ വേലായുധൻ. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ‘വെണ്മ വേലായുധൻ’ എന്ന വിളിപ്പേരുള്ള വേലായുധൻ തൂവെള്ള മുണ്ടും ഷർട്ടും ധരിച്ച് അവിടെയെത്തും. തൊണ്ണൂറുകളിൽ ഓട്ടോറിക്ഷകളിലും കാറിലും മൈക്കിലൂടെ അനൗൺസ്മെന്റ് ചെയ്ത് അത് ഒരു ഉപജീവനമാർഗ്ഗമായി സ്വീകരിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. അമ്പലങ്ങളിലെ ഉത്സവങ്ങളിലും പള്ളി പെരുന്നാളുകളിലും വെണ്മ വേലായുധന്റെ സജീവ സാന്നിധ്യം ഉണ്ടാകും. നാടകം തുടങ്ങുന്നതിനുമുമ്പ് ഫസ്റ്റ് ബെൽ കൊടുത്താൽ ഉടനെ വേലായുധൻ ഘനഗാംഭീര്യമുള്ള ശബ്ദത്തിൽ അനൗൺസ്മെന്റ് തുടങ്ങും. ആളെ കണ്ടാൽ തോന്നില്ല ഈ ശബ്ദം വരുന്നത് ഈ വോയിസ് ബോക്സിൽ നിന്നാണെന്ന്. അത്ര മുഴക്കമുള്ള ശബ്ദം ആണ്. മൈക്കിലൂടെ കയറിയിറങ്ങുമ്പോൾ ഒന്നുകൂടി ഗംഭീരമാകും. തൃശ്ശൂർക്കാർക്ക് എന്ത് പരിപാടി ഉണ്ടെങ്കിലും എന്ത് അനൗൺസ് ചെയ്യാൻ ഉണ്ടെങ്കിലും ആകെ ഒരു വേലായുധനെ ഉള്ളൂ എന്നതായിരുന്നു അവസ്ഥ. അങ്ങനെ വെൺമ വേലായുധൻ ഒരു താരമായി വിലസുമ്പോഴാണ് ഇടിത്തീ പോലെ ഒരു നിയമം വന്നത്. 1991-ൽ ‘നോയിസ് പൊല്യൂഷൻ കൺട്രോൾ ആൻഡ് റെഗുലേഷൻ റൂൾ’ പ്രകാരം ഉച്ചഭാഷിണികൾ രാത്രി പത്ത് മണിക്ക് ശേഷം ആറുമണിവരെ പ്രവർത്തിപ്പിക്കരുത്, പകലും ശബ്ദമലിനീകരണം ഉണ്ടാകരുത്, മറ്റുള്ളവർക്ക് ശല്യം ആകുന്ന വിധത്തിൽ വാഹന ഹോൺ മുഴക്കരുത് എന്നൊക്കെ ഉള്ള നിയമങ്ങൾ. പിന്നെ ഓരോ പ്രാവശ്യവും പെർമിഷൻ വാങ്ങലും മറ്റു നിയമക്കുരുക്കുകളും ഓർത്ത് വെണ്മ വേലായുധൻ പതുക്കെ ഈ തൊഴിലിൽ നിന്ന് പിൻവാങ്ങി. ശബ്ദം കൊണ്ട് ജീവിച്ചിരുന്ന വെണ്മ വേലായുധന്റെ ആപ്പീസ് പൂട്ടി. പിന്നെ ആരുടെയൊക്കെയോ കാലുപിടിച്ച് ചില സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായി ജോലി നോക്കി. പക്ഷേ അതൊന്നും ശാശ്വതമായില്ല.
അങ്ങനെയിരിക്കുമ്പോഴാണ് ചില രാഷ്ട്രീയ പാർട്ടിക്കാർ ജാഥകൾക്ക് മുദ്രാവാക്യം വിളിക്കാൻ വെണ്മയെ തേടിയെത്തുന്നത്. വേലായുധന് രാഷ്ട്രീയം ഒന്നുമില്ല. ജാഥയുടെ മധ്യഭാഗത്തു നിന്ന് അണികൾക്ക് പറഞ്ഞുകൊടുക്കേണ്ട മാറ്റർ ഗംഭീര ശബ്ദത്തിൽ വെണ്മ പറയും. അണികൾ അത് ഏറ്റു പറയും. അങ്ങനെ വലിയ കുഴപ്പമില്ലാതെ മാസത്തിൽ ഒന്നോ രണ്ടോ പ്രതിഷേധ ജാഥകളും ചില സീരിയലുകളിലെ ഡബ്ബിങ്ങും ഒക്കെയായി മുന്നോട്ടു നീങ്ങുകയായിരുന്നു വെണ്മ വേലായുധന്റെ ജീവിതം. ‘അഞ്ചു വിളക്കിന്റെ’ താഴെ വൈകുന്നേരങ്ങളിൽ നടക്കുന്ന കൊച്ചുകൊച്ചു മീറ്റിങ്ങുകളുടെ പ്രധാന സൂത്രധാരൻ പിന്നീട് വെണ്മ വേലായുധൻ ആയി മാറി. അങ്ങനെയിരിക്കെ ഒരേ ദിവസം തന്നെ മൂന്നാല് ജാഥകൾ പൊട്ടിപ്പുറപ്പെട്ട് തൃശ്ശൂർ പട്ടണം മുഴുവൻ ബ്ലോക്കായി. കരാർ പ്രകാരം ഒരു ജാഥയുടെ അണികൾക്ക് മുദ്രാവാക്യം പറഞ്ഞു കൊടുത്തു കൊണ്ട് നിൽക്കുമ്പോഴാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ കാർ ബീക്കൺ ലൈറ്റ് വെച്ച് ഹോണടിച്ച്... ഹോണടിച്ച്.. വന്നത്. ജാഥക്കാർ ആരും അവർക്ക് വഴിമാറി കൊടുക്കാൻ തയാറല്ലായിരുന്നു. കാർ ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങാൻ ആവാത്ത അവസ്ഥ. അപ്പോഴാണ് കാറിന്റെ ഗ്ലാസ്സിലേക്ക് ഒരു കല്ല് വന്നു വീണത് പോലെ തോന്നിയത്. അപ്പോൾ തന്നെ ഡ്രൈവർ വണ്ടി നിർത്തി, ഇറങ്ങി നോക്കിയപ്പോൾ രോഷാകുലനായ വെണ്മ വേലായുധൻ കൈയ്യിൽ കെട്ടിയിരുന്ന വാച്ച് അഴിച്ച് കാറിനു നേരെ എറിഞ്ഞതായിരുന്നു എന്ന് മനസ്സിലായത്.
Read Also: ദോശ തിന്നാൻ ആശ; വാങ്ങാൻ കാശില്ല, അരി അരയ്ക്കാൻ അമ്മയ്ക്ക് ആരോഗ്യവുമില്ല, ഒടുവില്‍ തീരുമാനമായി
ഉന്നത ഉദ്യോഗസ്ഥൻ ഗ്ലാസ് താഴ്ത്തി വെന്മയെ അടുത്തേക്ക് വിളിച്ചു. അപ്പോഴും അണികളെ കേൾപ്പിക്കാനായി വേലായുധൻ തന്റെ ഗാംഭീര്യമുള്ള ശബ്ദത്തിൽ ഉന്നത ഉദ്യോഗസ്ഥനെ വഴക്കുപറഞ്ഞു. പെട്ടെന്ന് ഉദ്യോഗസ്ഥൻ കാറിൽ നിന്ന് ചാടിയിറങ്ങി വേലായുധന്റെ കൈയ്യിൽ നിന്ന് മൈക്ക് വാങ്ങി. "ഞാൻ അത്യാവശ്യമായി മന്ത്രിയെ കാണാൻ ‘രാമനിലയത്തി’ലേക്ക് പോവുകയാണ്. നിങ്ങൾക്കുവേണ്ടി തന്നെയാണ് ഞാൻ ഈ സാഹസം ഒക്കെ ചെയ്യുന്നത്. ദയവ് ചെയ്ത് എല്ലാവരും എനിക്ക് വഴി മാറി തരണം, സഹകരിക്കണം" എന്നൊക്കെ കൈകൂപ്പി പറഞ്ഞു. അപ്പോഴും വെണ്മ വേലായുധൻ രോഷാകുലനായി സംസാരിച്ചു. അദ്ദേഹത്തിന്റെ ഓട്ടോമാറ്റിക് വാച്ച് തിരികെ കൊടുത്ത് വേലായുധന്റെ തോളിൽ തട്ടി മാപ്പ് അപേക്ഷിച്ചു ഉന്നത ഉദ്യോഗസ്ഥൻ. ജനക്കൂട്ടം വഴിമാറിക്കൊടുത്തു. അദ്ദേഹം തടസ്സം കൂടാതെ യാത്ര പോവുകയും ചെയ്തു. അതോടെ വെണ്മയ്ക്ക് വലിയൊരു താരപരിവേഷം ആയി. ആളൊരു കൊശക്കിന്റെ അത്രയേ ഉള്ളൂ എങ്കിലും വെണ്മ കാരണം ആ ഉന്നത ഉദ്യോഗസ്ഥൻ നമ്മളോട് മാപ്പ് പറഞ്ഞില്ലേ എന്നൊക്കെ പറഞ്ഞതോടെ വേലായുധൻ ആൾ ഉഷാറായി.
Read Also: സർപ്രൈസ് കൊടുക്കാൻ ജോലിക്കാരിയുടെ വീട്ടിൽ സന്ദർശനം, അവിടെയുള്ള സാധനങ്ങൾ കണ്ട് എല്ലാവർക്കും ഞെട്ടൽ
പിന്നെയാണ് ആന്റി ക്ലൈമാക്സ്. ആ സംഭവത്തിനുശേഷം രണ്ടാഴ്ചയായി വേലായുധനെ ആരും കണ്ടിട്ടില്ല. അടുത്ത ജാഥ സംഘടിപ്പിക്കേണ്ട തിയതി എത്തിയപ്പോഴാണ് സംഘാടകർ വേലായുധനെ തിരക്കി പരക്കം പാഞ്ഞത്. അപ്പോഴാണ് നിജസ്ഥിതി അറിയുന്നത്. അന്ന് രാത്രി ഉറങ്ങാൻ കിടന്ന വേലായുധനെ വെളുപ്പിന് മൂന്നു മണിക്ക് ആരോ മൂന്നാലു പേർ കൂട്ടിക്കൊണ്ടുപോയി. പിന്നെ ഒരാഴ്ച കഴിഞ്ഞ് തൃശൂർ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. തല തൊട്ടു കാലുവരെ പഴുത്തിരുന്ന വേലായുധനോട് എല്ലാവരും ചോദിച്ചു. "ആരാണ് നിന്നെ കൂട്ടികൊണ്ട്പോയത്? നിന്നെ അവർ ഉപദ്രവിച്ചോ? നീ ഒരാഴ്ച എവിടെ ആയിരുന്നു?" ഉടനെ വെണ്മ വേലായുധൻ മറുപടി പറയും. "ആരാണ് എന്ന് എനിക്കറിയില്ല. അറിയുകയും വേണ്ട. അവർ എന്നെ ഒന്നും ചെയ്തില്ല. എന്നെ തൊട്ടില്ല എന്ന്. നിനക്ക് അറിഞ്ഞിട്ട് എന്ത് വേണം?" എന്ന്. "പിന്നെ നീ സർക്കാർ ആശുപത്രിയിൽ എന്തിനു കിടന്നു?" എന്ന് ചോദിച്ചാൽ ഉടനെ പറയും മറുപടി. "എനിക്ക് ഭയങ്കരമായി ബീഡി വലിക്കുന്ന സ്വഭാവമുണ്ടായിരുന്നു. അങ്ങനെ എന്റെ ആരോഗ്യം നന്നേ ക്ഷയിച്ചിരുന്നു. അതിന്റെ ട്രീറ്റ്മെന്റ് ആയിരുന്നു അവിടെ. അയ്യേ!, അല്ലാതെ നിങ്ങൾ തെറ്റിദ്ധരിക്കുന്നത് പോലെ വേറൊന്നുമില്ല." എന്ന്. ‘പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി’ എന്ന് പറഞ്ഞതുപോലെ കൊറോണ കൂടി വന്നതോടെ വെണ്മ വേലായുധന്റെ അവസ്ഥ ദയനീയം.
Content Summary: Malayalam Short Story ' Venma Velayudhan ' Written by Mary Josy Malayil