ADVERTISEMENT

മൊബൈലും ഇന്റർനെറ്റും കേബിളും ഇല്ലാത്ത കാലം. ആകെ ഉള്ളത് വരകൾ മാഞ്ഞു തുടങ്ങിയ ഒരു കാരം ബോർഡും അതിന്റെ തേഞ്ഞു തീരാറായ സ്ട്രൈക്കറും പിന്നെ ബിപിഎൽ ന്റെ ഒരു ടിവിയും. അമ്മാവൻ കിടിലൻ കാരം പ്ലേയർ ആയിരുന്നു. ഒടുക്കത്തെ ക്രിക്കറ്റ് പ്രാന്തനും. ഇത് കാരണം ആയിരിക്കണം, തന്റെ പ്രായത്തിലുള്ളവരേക്കാൾ കൂടുതൽ ചെറുപ്പക്കാർ ആയിരുന്നു അമ്മാവന്റെ കൂട്ടുകാർ. ദൂരദർശനിൽ വരുന്ന കളികൾ കാണാൻ ഒരു പട തന്നെ അമ്മാവന്റെ വീട്ടിൽ തമ്പടിക്കുമായിരുന്നു. ഡേ നൈറ്റ് മത്സരങ്ങൾ ശരിക്കും ഉത്സവം തന്നെ. വേനലവധി സമയങ്ങളിൽ ആണെങ്കിൽ ചെണ്ടക്കപ്പ-കാന്താരി മുളക് കോംബോ, ചക്കപ്പഴം ഒക്കെ സ്റ്റോക്ക് ചെയ്തു വെച്ചിട്ട് അയൽവക്കത്തെ പയ്യൻമാരെയും കൂട്ടി ഒറ്റ ഇരിപ്പാണ്. ഇടയ്ക്ക് അമ്മായിയുടെ വക കട്ടൻ കാപ്പിയും! 97 ഇല്‍‌ ആണെന്നു തോന്നുന്നു ആദ്യമായിട്ട് ക്രിക്കറ്റ് കളി ടിവിയിൽ കണ്ടത്. ഇന്ത്യ ന്യൂസിലൻഡ് മത്സരം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഇന്നിംഗ്സ് ന്റെ സമയം മുഴുവൻ അമ്മാവന്റെ വക കമന്ററി ആയിരുന്നു. സ്ലിപ്, ഗള്ളി, സില്ലി പോയിന്റ്, കവർ ഡ്രൈവ്, സ്ക്വയർ കട്ട്‌ എന്ന് തുടങ്ങി യോർക്കറും ഇൻ സ്വിംഗറും വരെ അന്ന് എന്നെ പഠിപ്പിച്ചു. ഇന്ത്യയുടെ ബാറ്റിംഗ് ആയപ്പോഴേക്കും അമ്മാവന്റെ മട്ട് മാറി. "ഇനി നീ മിണ്ടരുത്!" "അതെന്നാ, കളി തീർന്നോ?" "അതല്ല, ഇനിയാണ് കളി!"

ശ്രീകോവിലിനു മുന്നിൽ പ്രാർഥിക്കാൻ കൈ കൂപ്പി നിൽക്കുമ്പോൾ പോലും അമ്മാവന് ഇത്ര കോൺസെൻട്രേഷൻ ഉണ്ടാകുമോ എന്ന് സംശയമാണ്. ഒരു ചെറിയ മനുഷ്യൻ. നേരിട്ട ആദ്യ പന്ത് ഡിഫെണ്ട് ചെയ്തപ്പോൾ തന്നെ അമ്മാവൻ ഡിക്ലെയർ ചെയ്തു: ഇന്ന് സെഞ്ചുറി! കളി നമ്മൾ ജയിക്കും. അത് അമ്മാവന്റെ മാത്രം വിശ്വാസം ആയിരുന്നോ എന്ന് ഇന്നും എനിക്കറിയില്ല. സച്ചിൻ ഫേസ് ചെയ്യുന്ന ആദ്യ പന്ത് ബാറ്റിന്റെ മിഡിലിൽ തന്നെ കൊണ്ടാൽ അന്ന് ഫോമിൽ ആണത്രേ! സെഞ്ചുറി അടിക്കുമത്രേ! എത്ര ആഞ്ഞു വീശിയിട്ടും ബാറ്റ് പന്തിൽ കൊള്ളിക്കാൻ പറ്റാത്തത് കാരണം ഫുൾ ടൈം വിക്കറ്റ് കീപ്പർ ആക്കി നിർത്തപ്പെട്ടിരുന്ന എനിക്ക് ആ തിയറി ഒരു അത്ഭുതം ആയിരുന്നു. നേരം ഇരുട്ടിയപ്പോഴേക്കും ഉച്ചത്തിൽ ചൂളമടിച്ച് ഒരാളെത്തി. മത്ത. അമ്മാവന്റെ ദോസ്ത്. തെങ്ങുകയറ്റം കഴിഞ്ഞു ഏണിയും തോളിൽ തൂക്കി വീട്ടിലേക്കുള്ള പോക്കിൽ ഇടയ്ക്കൊന്നു കയറിയതാണ് മത്ത. ഒരു കട്ടൻ കാപ്പിയും എടുത്തു മത്തയും ഇരുന്നു, കളി കാണാൻ. കളി വല്യ പിടി ഇല്ലെങ്കിലും മത്തയുടെ ചോദ്യങ്ങൾക്ക് കുറവൊന്നുമില്ല: "ആരാ കളിക്കുന്നെ, തച്ചനാണോ?" "എടാ പൊട്ടാ, എത്ര തവണ ഞാൻ പറഞ്ഞു, തച്ചനല്ല, സച്ചിൻ!" സച്ചിന്റെ പേര് തെറ്റിച്ചാൽ പിന്നെ അമ്മാവന് കലി വരാതിരിക്കുമോ? സച്ചിൻ ആരാണെന്ന് അറിയില്ലെങ്കിലും, സച്ചിന്റെ പേര് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും, ചായപ്പീടികകളിൽ നിന്ന് കിട്ടിയ നാട്ടറിവുകൾ വെച്ച് മത്തക്ക് ഒരു കാര്യം ഉറപ്പായിരുന്നു: "തച്ചൻ ഉണ്ടേൽ കളി നമ്മള് പിടിക്കും!" പറഞ്ഞ പോലെ സച്ചിൻ സെഞ്ചുറി അടിച്ചു, കളി നമ്മൾ ജയിച്ചു.

Read Also: ഫോണിൽ കളിയും, കൂട്ടുകാർക്കൊപ്പം കറക്കവും; കുട്ടിക്കളി മാറാത്ത ഭർത്താവിനെ അടിമുടി മാറ്റിയ ഭാര്യ

"എടാ, എന്താണ് സച്ചിന്റെ പ്രത്യേകത എന്ന് നിനക്കറിയാമോ? എതിരാളി എത്ര കേമൻ ആണെങ്കിലും സാഹചര്യം എത്ര വിഷമം പിടിച്ചതാണെങ്കിലും സച്ചിൻ അവന്റെ കഴിവിൽ വിശ്വസിക്കും. സ്വന്തം കഴിവിൽ വിശ്വസിക്കുന്നവൻ ജയിക്കും!". അമ്മാവന്റെ ഫിലോസഫി ചിലപ്പോഴെങ്കിലും സത്യമാണെന്ന് തോന്നിയിട്ടുണ്ട് ജീവിതത്തിൽ. സ്വന്തം കഴിവിൽ വിശ്വസിക്കാൻ പറ്റാത്ത എല്ലാ സന്ദർഭങ്ങളിലും തോൽക്കുകയും, വിശ്വസിക്കാൻ പറ്റിയ ചില സന്ദർഭങ്ങളിൽ എങ്കിലും ജയിക്കുകയും ചെയ്തിട്ടില്ലേ? അതായിരുന്നു സച്ചിൻ. സ്ഥിരം തോറ്റു കൊണ്ടിരുന്ന ഒരു തലമുറക്ക്, ആശ കെട്ടുപോയ ഒരു ജനതക്ക്, വിജയപ്രതീക്ഷയുടെ തിരിനാളമായിരുന്നു സച്ചിൻ. താൻ ക്രീസിൽ ഉള്ളിടത്തോളം, മെഗ്രോയോ ഷെയിൻ വോണോ വസീം അക്രമോ വാഖാർ യൂനിസോ, ലോകത്തുള്ള എത്ര കൊലകൊമ്പന്മാർ അണിനിരന്നാലും നമ്മൾ ജയിക്കും എന്ന് വിശ്വസിക്കാൻ പ്രേരിപ്പിച്ച വിസ്മയം. അമ്മാവൻ സച്ചിന്റെ എല്ലാ കളിയും കണ്ടിട്ടുണ്ടാകും എന്ന് തോന്നുന്നു. ഷാർജയിലെ സാൻഡ് സ്റ്റോം ഇന്നിങ്സ് ന് ശേഷം ഉള്ള ഫൈനലിന്റെ ദിവസം നാട്ടിലെങ്ങും കറണ്ട് ഉണ്ടായിരുന്നില്ല. ആൾക്കാരെല്ലാം കൂടി ജീപ്പും പിടിച്ചു അടുത്ത പട്ടണത്തിൽ പോയി കളി കണ്ട കഥ വളരെ ആവേശത്തോടു കൂടി ഇന്നും പറയാറുണ്ട്. അതേ ആവേശത്തോട് കൂടിത്തന്നെയാണ് പ്രായാധിക്യത്തിന്റെ അവശതകൾക്കിടയിലും സച്ചിന്റെ വിരമിക്കൽ മാച്ച് അമ്മാവൻ കണ്ട് തീർത്തത്.

മത്ത ഇന്നില്ല. അങ്ങേ ലോകത്തെ ഏതെങ്കിലും ചായക്കടയുടെ കാലിളകിയ ബഞ്ചിലിരുന്ന് ഉച്ചത്തിൽ ചൂളമടിച്ച് കക്ഷി ഇപ്പോഴും പറയുന്നുണ്ടാകും: "തച്ചൻ ഉണ്ടേൽ കളി നമ്മള് പിടിക്കും!" തച്ചൻ ഇന്ന് കളത്തിൽ ഇല്ല. പക്ഷേ, ഈ തച്ചൻ കൊത്തിവച്ചുപോയ, മെഗ്രോ-ഡൊണാൾഡ്-അക്രം ആദിയായ കാളിയന്മാരുടെ പത്തികളിൽ ആടി നിൽക്കുന്ന ശ്രീകൃഷ്ണശിൽപ്പങ്ങൾ കളി പ്രേമികളുടെ നെഞ്ചിൽ പഞ്ചാരി തീർക്കും, ക്രിക്കറ്റ് ഉള്ളിടത്തോളം കാലം!

Content Summary: Malayalam Memoir ' Sachin Oru Nattorma ' Written by Sreejith P. Das

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com