ADVERTISEMENT

കല്യാണം അതൊരു സ്വപ്നങ്ങളുടെ കൂടാരമാണ്. കല്യാണം കഴിക്കുന്ന ഓരോ പെണ്ണും നൂറു നൂറു സ്വപങ്ങളുമായിട്ടാണ് പുതു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്. ഒരുപാട് യാത്രകൾ, ഒരുപാട് വസ്ത്രങ്ങൾ, ഒരുപാട് സൽക്കാരങ്ങൾ. അങ്ങനെ ഒരുപാട് ഒരുപാട് പ്രതീക്ഷയും സ്വപ്നവുമായിട്ടാണ് ഓരോ പെണ്ണും മണവാട്ടി ആകുന്നത്. ചിലപ്പോൾ അവളെ കാത്തിരിക്കുന്നത് മനസ്സിനെ പ്രയാസപ്പെടുത്തുന്ന അനുഭവങ്ങൾ ആകാം. ഒരു പെൺകുട്ടിയെ വേരോടെ പിഴുതു മറ്റൊരു മണ്ണിലേക്ക് പറിച്ചു നടുകയാണ്. എത്ര വളവും വെള്ളവും കൊടുത്താലും ചിലപ്പോൾ അത്‌ വാടി പോയേക്കാം. എന്നാൽ ചിലപ്പോൾ അതൊരു വൻ മരമായി വളർന്നു പലർക്കും തണലേകാം. അങ്ങനെയൊരു തണൽ മരത്തിന്റെ കഥ നമുക്ക് കേൾക്കാം. പറക്കൽ വീട്ടിലെ മൂത്ത മോളാണ് റസിയ. ഉപ്പാക്കും ഉമ്മാക്കും പിരിശപ്പെട്ട മോൾ. ഉപ്പയെയും ഉമ്മയെയും ഒരു ബുദ്ധിമുട്ട് ആക്കാത്ത പുന്നാര മോൾ. അതി രാവിലെ എണീക്കുന്നു. വീട്ടിൽ ജോലി ചെയ്ത് പത്ര വിതരണം. അത്‌ കഴിഞ്ഞു കോഴികൾക്ക് തീറ്റ കൊടുത്താണ് അവൾ സ്കൂളിൽ പോകുന്നത്. പോകുന്ന വഴിയിലുള്ളവരൊക്കെ റസിയന്റെ ചങ്ങാതിമാരാണ്. നടന്നാണ് യാത്ര. കഞ്ചായി പുഴയുടെ തീരത്തു കൂടെ. കിളികളോടും ചെടികളോടും കിന്നാരം പറഞ്ഞും ആറ്റു വക്കത്തെ കൈത പൂക്കളോട് മിണ്ടിയും പുഴയുടെ തീരത്തൂടെ മെല്ലെ മെല്ലെ അവൾ നടന്നു നീങ്ങി. അവളെ അറിയാത്ത ഒരു പുൽക്കൊടി പോലും ആ നാട്ടിൽ ഇല്ല. എല്ലാവരുടെയും ചെല്ല കുട്ടി ആയിരുന്നു റസിയ.

വാർഷിക പരീക്ഷകൾ വന്നു. അവൾ ജയിച്ചു മിടുക്കിയായി എട്ടാം ക്ലാസിൽ എത്തി. തൊട്ടടുത്ത പട്ടണത്തിൽ ആയിരുന്നു സ്കൂൾ. കഞ്ചായി പുഴയൊക്കെ അവൾക്ക് അന്യമായി. ബസ്സിൽ ആയി യാത്ര. ഒരുപാട് ദൂരം ഒന്നും ഇല്ലെങ്കിലും ബസ്സിൽ കേറി അവളും പോയി. പുതിയ സ്കൂളായി പുതിയ കൂട്ടുകാരായി. അങ്ങനെ അവൾ ഒരു ദിവസം ബസ് ഇറങ്ങുമ്പോൾ ആണ് അബുനെ കാണുന്നത്. അബു അവളുടെ സ്കൂളിലെ മറ്റൊരു ക്ലാസിലെ കുട്ടി ആയിരുന്നു. അബു കാറിൽ ആണ് അന്ന് ബസ് സ്റ്റോപ്പിൽ വന്നത്. വലിയ പത്രാസുള്ള വീട്ടിലെ ആളാണ് അബു എന്നാണ് അവൾ ആദ്യം കരുതിയത്. കാരണം അബുന്റെ വസ്ത്രം കണ്ടാൽ ആർക്കും തോന്നും. അവൾ ബസ് ഇറങ്ങി നടന്നു നീങ്ങുമ്പോൾ ഉപ്പയെ പലചരക്ക് പീടികയിൽ കണ്ടു. ഉപ്പ കവലയിലെ പീടികയിൽ ഇരുന്ന് സൊറ പറയുകയാണ്. അപ്പോഴാണ് അബുനെ അവൾ വീണ്ടും കാണുന്നത്. മൊയ്‌ദുന്റെ മോനാണ് അബു. വളരെ പാവപ്പെട്ട കുടുംബത്തിലെ അവസാന സന്താനം. അബുവും അവളും പെട്ടെന്ന് കൂട്ടായി. വൈകുന്നേരം നടന്നു വരുമ്പോൾ, അബു പല കിന്നാരങ്ങളും പറഞ്ഞു തുടങ്ങി. കൂട്ടത്തിൽ ഒരു പൊതി അവൾക്ക് കൊടുത്തു. ഒന്ന് രുചിച്ചു നോക്കാൻ പറഞ്ഞു. പെട്ടെന്ന് അവൾ അത്‌ രുചിച്ചു നോക്കി. വല്ലാത്ത സുഖം. സ്വർഗീയ ആരാമത്തിൽ ആരോ കൊണ്ടെത്തിക്കുന്നത് പോലെ തോന്നി. അന്നവൾ വീട്ടിൽ എത്തീട്ട് ഉറക്കം തന്നെ. ഉമ്മയും അത്‌ ശ്രദ്ധിച്ചു. പതിയെ പതിയെ അവളുടെ ഉന്മേഷം നഷ്ടപ്പെട്ടു തുടങ്ങി.

Read Also: എന്നും കാണും, വഴക്കിടും, പക്ഷേ പേര് പോലും അറിയില്ല; ലെവൽക്രോസ്സിലെ പെൺകുട്ടി

ഒരു ദിവസം ലഹരി മുക്ത ക്യാമ്പെയ്ന്റെ ഭാഗമായി സ്കൂളിൽ നടന്ന മിന്നൽ പരിശോധനയിൽ റസിയ പിടിക്കപ്പെട്ടു. റസിയയുടെ കൂടെ അബുവും കുറച്ചു കുട്ടികളും പിടിക്കപ്പെട്ടു. പലരും മറ്റു കുട്ടികളെ പഴി ചാരി രക്ഷപ്പെട്ടു. റസിയ ചങ്കൂറ്റത്തോടെ ചെയ്ത തെറ്റുകൾ ഏറ്റു പറഞ്ഞു. അവൾ കുറെ ദിവസം വീട്ടിൽ തന്നെയായി. വാർഷിക പരീക്ഷകൾ വന്നു. അവൾ എഴുതി പാസായി. വർഷങ്ങൾ പിന്നിട്ടു. റസിയ മിടുക്കിയായി വളർന്നു. ഒരു ദിവസം പള്ളിയിൽ നിന്ന് ബാങ്കൊലി കേൾക്കുമ്പോൾ ആണ് ബ്രോക്കർ കുഞ്ഞാലി കേറി വരുന്നത്. റസിയക്കൊരു അസ്സൽ ആലോചന. ചെക്കൻ ദുബായിൽ സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. സ്വന്തം ആണ് എന്നാണ് നാട്ടുകാർ പറയുന്നത്. അത്‌ ചിലപ്പോൾ വിവാഹ കമ്പോളത്തിൽ മാർക്കറ്റ് കൂട്ടാനാവാം. അങ്ങനെ മുറ്റത്ത് പന്തലായി. വിളിയായി പോക്കായി വരവായി. മണവാട്ടി പെണ്ണായി വലതു കാൽ വെച്ച് വരന്റെ വീട്ടിൽ കേറി. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഉപ്പ അവളെ ലാൻഡ് ഫോണിൽ വിളിച്ചു. ഒരു ദുഃഖകരമായ വാർത്ത അവളെ അറിയിച്ചു. അബു മരിച്ചു. ചീറി പാഞ്ഞു വന്ന സ്കൂട്ടർ ബസിന് അടിയിൽ പെട്ടു. അവൾക്ക് വല്ലാത്ത നൊമ്പരം തോന്നി. ഞാൻ അവനെ ഒന്നുടെ ശ്രദ്ധിച്ചിരുന്നെങ്കിൽ അവൻ രക്ഷപ്പെടുമായിരുന്നു. പക്ഷെ അവനോടുള്ള ദേഷ്യം അനുവദിച്ചില്ല. എപ്പഴോ കുഞ്ഞനുരാഗം ഉണ്ടായിരുന്നോ?

ഞാൻ ഇത് എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്. ഇന്ന് എന്റെ കല്യാണം കഴിഞ്ഞു. ഇനി പുതിയൊരു ജീവിതത്തിലേക്കു ആണ്. എന്റെ ഇക്കാന്റെ കുടുംബത്തിന് വേണ്ടി ജീവിക്കണം. അതൊരു തീരുമാനം ആയിരുന്നു.. രാവ് പുലരുവോളം ഇക്കാനെ കാത്തിരുന്നു. വൈകി വന്ന ഇക്കാനോട് അവൾ ഒന്നും ചോദിച്ചില്ല. അവൾക്ക് അറിയാമായിരുന്നു കൂട്ടുകാർ അലമ്പ് കാട്ടും എന്ന്. അങ്ങനെ പകലും രാത്രിയും കഴിഞ്ഞു പോയി. പള്ളിയിൽ നിന്ന് ബാങ്കൊലി കേൾക്കുന്നുണ്ട്. പള്ളി മിനാരം നോക്കി ആളുകൾ നടന്നു നീങ്ങുന്നു. കല്യാണം കഴിഞ്ഞിട്ട് ഒരു മാസമായി. എവിടെ ചെന്നാലും വിശേഷം ഉണ്ടോ എന്ന ചോദ്യമാണ്. എന്റെ വിശേഷം എനിക്കല്ലേ അറിയുള്ളു. രാവ് ഏത് രാത്രി ഏത് എന്ന് അറിയാത്ത അവസ്ഥയാണ്. ഇവിടെ ഉമ്മക്ക് വയ്യാത്തത് കൊണ്ട് മകനെ കൊണ്ട് പെട്ടെന്ന് കെട്ടിച്ചതാണ്. ഉമ്മയാണെങ്കിലോ വായിൽ നിറയെ സ്നേഹം കൊണ്ട് പൊതിയുന്ന വാക്കുകൾ മാത്രം ഉരുവിടുന്നു. സ്നേഹത്തോടെ എല്ലാ പണികളും എടുപ്പിക്കാൻ ബഹു മിടുക്കി. വന്ന് രണ്ട് മൂന്ന് ദിവസം കൊണ്ട് അടുക്കളയിൽ ഒരു പായ വിരിക്കുന്നത് ആണ് നല്ലത് എന്ന് തോന്നി പോയി.

Read Also: ദോശ തിന്നാൻ ആശ; വാങ്ങാൻ കാശില്ല, അരി അരയ്ക്കാൻ അമ്മയ്ക്ക് ആരോഗ്യവുമില്ല, ഒടുവില്‍ തീരുമാനമായി

എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു. ഒരുപാട് അതൊരു വലിയ വാക്കാണ്. ഇപ്പം സ്വപ്നങ്ങൾ ഒക്കെ മടക്കി. അടുക്കളയിലെ ആട്ടുകല്ലിനോടും, അലക്ക് കല്ലിനോടും പരാതി പറഞ്ഞു ദിവസങ്ങൾ കടന്നു പോകുന്നു. ജീവിതത്തിന് അർഥം ഇല്ലാത്തത് പോലെ തോന്നി തുടങ്ങി. മുഖത്തെ സന്തോഷം മാഞ്ഞു പോയിരിക്കുന്നു. ഏറ്റവും നല്ല മിടുക്കി കുട്ടി ആയ ഞാൻ ഇന്ന് ഒന്നിനും കൊള്ളാത്തവൾ. എത്രയെത്ര കുറ്റങ്ങൾ എന്റെ മുഖത്ത് നോക്കി വിളിച്ചു പറയുന്നു. ഇതൊന്നും പറയുമ്പോൾ അവർക്ക് ഒന്നും തോന്നുന്നില്ലേ? ഞാൻ ഇത്രക്ക് മോശമാണോ ചോദ്യങ്ങൾ ഓരോന്നായി ഇരുവിട്ട് കൊണ്ടിരുന്നു. കുട്ടിത്തം വിട്ടുമാറാത്ത ഭർത്താവ്. സദാ സമയവും കൂട്ടുകാരോടൊപ്പം കറക്കം. പിന്നെ വന്ന് പാതിരാ വരെ മൊബൈലിൽ. പിന്നെ ഒരു സാട്ട് പൂട്ട് കിടത്തവും. കുളി പോലും ഇല്ല. വൃത്തി അങ്ങേർക്ക് തീരെ ഇല്ല. വന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഞാൻ ചിലത് തീരുമാനിച്ചു. ഇവിടെ അടിമുടി മാറ്റി എടുക്കേണ്ടത് അത്യാവശ്യമാണ്. ആദ്യം ഭർത്താവിനെ മാറ്റി എടുക്കണം. പെട്ടെന്ന് അത്‌ എളുപ്പമല്ല എന്ന് അറിയാം. ഇവിടെ ഈ സാഹചര്യത്തിൽ ജീവിച്ചു പോകാൻ എനിക്ക് കഴിയില്ല. തിരിച്ചു പോകാനും പറ്റില്ല. കാരണം ഉപ്പ ഒരുപാട് കടം ഒക്കെ വാങ്ങിച്ചിട്ട് ആണ് എന്നെ കെട്ടിച്ചത്. ഇനി രണ്ട് അനുജത്തിമാരുമുണ്ട്.

രാവിലെ എണീറ്റാൽ ആദ്യം എല്ലാവർക്കും ചായ ഇട്ട് കൊടുക്കണം. ഉമ്മ, ഉപ്പ, വല്യമ്മ ഇവർക്ക് മുറിയിൽ കൊണ്ട് കൊടുക്കണം. പിന്നെ ഇക്കാക്ക് വരുമ്പോൾ ഇട്ട് കൊടുത്താൽ മതി. അങ്ങനെ ഓരോരുത്തർക്കും ഓരോ കാര്യത്തിനും ഞാൻ വേണം. ഉമ്മ മുഴുവൻ സമയവും കിടത്തമാണ്. എന്താ അസുഖം എന്ന് വെച്ചാൽ മേല് വേദന ആണ്. വേറെ പ്രത്യേകിച്ചു അസുഖമൊന്നുമില്ല. ഇതൊരു മടി ആണോ എന്നൊരു സംശയം ഇല്ലാതില്ല. എല്ലാം അടിമുടി മാറ്റി എടുക്കാൻ എനിക്ക് കഴിയും. അങ്ങനെ പിജി വരെ പഠിച്ച ഞാൻ വെറും അടുക്കളകാരി ആയി മാറിയതിൽ വല്ലാത്ത സങ്കടം തോന്നി. കൂട്ടുകാരികൾ പലരും കളിയാക്കി. അടുക്കള പണിക്ക് പിജി വേണോ? ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല. എന്റെ മനസ്സ് നിറയെ ഇവരെ എങ്ങനെ മാറ്റി എടുക്കാം എന്നത് ആയിരുന്നു. അങ്ങനെ ചിലതൊക്കെ തീരുമാനിച്ചു. ഒരു ദിവസം കേട്ടിയോനോട് നേരെ ചെന്ന് പറഞ്ഞു. എനിക്കൊരു ജോലിക്ക് പോകാൻ താൽപര്യമുണ്ട്. കെട്ടിയോൻ ആകെ അന്ധാളിച്ചു പോയി. ഞാൻ എന്തോ വേണ്ടാത്തത് പറഞ്ഞ പോലെ. ഉമ്മയ്ക്ക് സുഖമില്ല അതൊന്നും നടക്കില്ല എന്ന് തീർത്തു പറഞ്ഞു. എങ്കിൽ ഞാൻ ഇവിടെ നിൽക്കണമെങ്കിൽ എനിക്ക് ചില കാര്യങ്ങൾ നിങ്ങൾ ചെയ്യണം.

Read Also: സ്വപ്നത്തിൽ അപകടം, കണ്ണ് തുറന്നപ്പോൾ പുറത്ത് ബഹളം; തൊട്ടടുത്തവീട്ടിൽ കൊലപാതകം

ഞാനോ വീണ്ടും പഴയ അന്ധാളിപ്പ്. അല്ലെങ്കിൽ ഞാൻ ജോലിക്ക് പോകും. കെട്ടിയോൻ ശരിക്കും പെട്ടു. പറയു എന്ന് പറഞ്ഞു. എന്താണ് എന്ന് കേൾക്കട്ടെ. നിങ്ങൾ രണ്ട് നേരം നിർബന്ധമായും കുളിക്കണം. കുളിച്ചാൽ പോരാ. ഈ നഖമൊക്കെ ഒരു ചേരി ഇട്ട് തേച്ചു വെളുപ്പിക്കണം. പിന്നെ ചെരിപ്പ് ദിവസവും നിങ്ങൾ തേച്ചു കഴുകണം. ഇതാണോ എന്നാ ഭാവത്തിൽ കെട്ടിയോൻ ഏറ്റു. അടുത്ത ദിവസം മുതൽ കെട്ടിയോൻ സൂപ്പർ ആയി. കെട്ടിയോനെ കണ്ടവരൊക്കെ അതിശയത്തോടെ നോക്കാൻ തുടങ്ങി. മൂപ്പർക്ക് അത്‌ പെരുത്ത് ഇഷ്ടം ആയി. വൃത്തി സെറ്റായി. അടുത്തത് ഉമ്മയാണ്. ഉമ്മാനെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകൾ വെച്ച് കീഴടക്കാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഒരു അപ്രതീക്ഷിത തിരിച്ചടി വരുന്നത്. ഇത്താത്ത കേറി വരുന്നത്. ഇവിടുത്തെ മൂത്ത മരുമകൾ. എന്തോ കാര്യം ഇല്ലാതെ ഇവൾ ഈ വഴി വരില്ല. ഈ വീട്ടുകാരുടെ സ്വഭാവം കൊണ്ട് കണ്ടം വഴി ഓടിയവളാണ്. ഭർത്താവ് ഗൾഫിലാണ്. അങ്ങേര് വരുമ്പോൾ മാത്രം ഇവിടെ നിൽക്കുന്ന കേമത്തി ആണ് സുൽഫത്ത്. എല്ലാവരും അവളെ സുലു എന്നാണ് വിളിക്കുന്നത്. വരവിന്റെ ഉദ്ദേശം അൽപ സമയത്തിന് ശേഷം അറിയാം എന്ന് കരുതി ഞാൻ ഇങ്ങനെ കാത്തിരുന്നു. അവൾ ഉമ്മയോടും വല്യമ്മയോടും സംസാരിച്ചു. എന്നോട് ഉമ്മ ചായ ഉണ്ടാക്കാൻ കൽപ്പിച്ചു. ഞാൻ അടുക്കളയിൽ ചെന്ന് ചായക്ക് വെള്ളം വച്ചു. പലഹാര പെട്ടി കാലി ആണല്ലോ ഓർത്തു. അപ്പം തന്നെ ഇക്കാനെ വിളിച്ചു പലഹാരം വാങ്ങാൻ പറഞ്ഞു.

അങ്ങനെ സുലുന് ചായ കൊടുത്തു. അവളും ചോദിച്ചു. നിനക്ക് വിശേഷം ഒന്നും ഇല്ലേ. ഞാൻ ചിരിച്ചു തള്ളി. അവൾ എന്നോട് കുറെ നേരം സംസാരിച്ചു. സുലു ഉമ്മയുടെ റൂമിലേക്കു പോയി. ഞാൻ എന്റെ ഉച്ചയ്ക്കുള്ള ചോറിന്റെ പണിയിലേക്ക് മുഴുകി. അപ്പോഴാണ് റസിയ എന്നൊരു വിളി കേട്ടത്. ഞാൻ ഉമ്മയുടെ അടുത്ത് ചെന്നു. ഉമ്മ എന്നോട് പറഞ്ഞു. ബഷീർ ഒരു സ്ഥലം കണ്ടിട്ടുണ്ട്. ഇവർക്ക് അത് വാങ്ങണം എന്ന്. ഞാൻ ആലോചിച്ചു. ഇതൊക്കെ എന്നോട് എന്തിനാ പറയുന്നത്. ആണോ നല്ല കാര്യം എന്ന് ഞാൻ പറഞ്ഞു. അതിന് മോളുടെ ഒരു സഹായം ഇവർക്ക് വേണമെന്ന്. കാര്യം എനിക്ക് മനസ്സിലായി. ഞാൻ ഒന്നും ആലോചിക്കാൻ നിൽക്കാതെ മറുപടി പറഞ്ഞു. എന്റെ സ്വർണം ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ ഞാൻ അത്‌ തരില്ല. കാരണം വീട് എന്നത് അവനവന്റെ കൈയ്യിൽ ക്യാഷ് ഉള്ളപ്പോൾ വെക്കേണ്ടത് ആണ്. അല്ലാതെ ഇങ്ങനെ കടം വാങ്ങീട്ട് വെക്കരുത്. അത്‌ ആർക്കും പിടിച്ചില്ല. വീട്ടിൽ വലിയ പുകിലായി. ഇന്നലെ വന്നവൾ പറഞ്ഞ വാക്കുകൾ വീട്ടിൽ മൊത്തം കോലാഹലം ഉണ്ടാക്കി. എന്നെ വീട്ടിൽ നിന്ന് പുറത്താക്കും എന്ന് വരെ ആയി. ഞാൻ ഉണ്ടോ വിടുന്നു. ഇവിടെ നിന്ന് എന്നെ ഇറക്കി വിടാൻ ഒരാൾക്കും അധികാരം ഇല്ല എന്ന് ഞാൻ വാദിച്ചു. അങ്ങോട്ടും ഇങ്ങോട്ടും വർത്തമാനമായി. അവസാനം അവര് എന്റെ ഉപ്പാക്ക് വിളിക്കും എന്ന് പറഞ്ഞു.

Read Also: സ്വന്തം മരണസമയം കുറിച്ച് അപ്പൂപ്പൻ കാത്തിരുന്നു; ഡയറിയിൽ ആ ദിവസവും സമയവും എഴുതിയിട്ടുണ്ടാവും, പക്ഷേ..

ഞാൻ ഒട്ടും ബേജാർ ഇല്ലാതെ പറഞ്ഞു. നിങ്ങൾ എന്റെ ഉപ്പാക്ക് വിളി. ഉപ്പാക്ക് എന്നെ അറിയാം. അവര് എന്നെ ഒരിക്കലും കൈ വിടില്ല. അത്‌ എനിക്ക് ഉറപ്പുണ്ട്. ഇത് കേട്ടപ്പോൾ എല്ലാവരും ഒന്ന് അടങ്ങി. ഞാൻ എന്റെ ജോലികൾ കറക്റ്റ് ആയിട്ട് ചെയ്തു. എല്ലാവരുടെയും കാര്യങ്ങൾ നോക്കി. ഒരു ദിവസം വല്യമ്മ പഴം കഴിച്ചിട്ട് തൊലി വലിച്ചെറിഞ്ഞത് ഹാളിൽ ആയിരുന്നു. അതൊക്കെ ഞാൻ എടുത്തു കൊണ്ട് പോയി കളയണം. ഞാൻ വല്യമ്മയോട് സ്നേഹത്തോടെ പറഞ്ഞു. വല്യമ്മ ഇനി പഴത്തൊലി വലിച്ചെറിയരുത്. ഒരു വേസ്റ്റ് ബിൻ കൊടുത്ത് ഇതിൽ ഇടണം എന്ന് പറഞ്ഞു. പിന്നീട് എന്നോടുള്ള സ്നേഹം കൊണ്ട് എല്ലാ വേസ്റ്റും അതിൽ ഇടാൻ തുടങ്ങി. ഒരു മാറ്റം വന്നതിൽ ഞാൻ ഒരുപാട് സന്തോഷിച്ചു. വല്യമ്മയുടെ പറഞ്ഞു തീരാത്ത വിശേഷങ്ങൾ കേൾക്കാൻ ഞാൻ എപ്പോഴും ഇരുന്ന് കൊടുക്കാറുണ്ടായിരുന്നു. അത്‌ വല്യമ്മക്ക് എന്നോടുള്ള സ്നേഹം കൂടാൻ കാരണമായി. അങ്ങനെ വല്യമ്മ എന്റെ ഫാൻ ആയി. ഉമ്മയ്ക്ക് ചെറിയ പിണക്കം ഒക്കെ ഉണ്ടായിരുന്നു. പക്ഷെ മൂപ്പത്തിന്റെ കാര്യങ്ങൾ നടക്കാൻ ഞാൻ വേണല്ലോ. അത്‌ കൊണ്ട് മിണ്ടാതിരുന്നു. ഉമ്മയെ അടിമുടി മാറ്റണം എന്ന് തോന്നി. ആ കിടക്കുന്ന റൂമിൽ നിന്ന് ഉമ്മാനെ എങ്ങനെയെങ്കിലും പുറത്ത് ഇറക്കണം എന്ന് ഞാൻ തീരുമാനിച്ചു. അതിന് എന്താണ് ഒരു വഴി എന്ന് ആലോചിച്ചു.

Read Also: ശബ്ദം കൊണ്ടു ജീവിക്കുന്ന വേലായുധൻ, മുദ്രാവാക്യം വിളിക്കാൻ വൻ ഡിമാന്റ്; പെട്ടെന്നൊരു ദിവസം ആളെ കാണാനില്ല

ഉമ്മയ്ക്ക് നല്ല അസ്സൽ സ്മാർട്ട്‌ ഫോൺ ഉണ്ട്. പക്ഷെ മൂപ്പത്തിക്ക് അത്‌ ഉപയോഗിക്കാൻ അറിയില്ല. വല്ലപ്പോഴും ആരെയെങ്കിലും വിളിക്കാൻ എന്റെ സഹായം ചോദിക്കാറുണ്ട്. അങ്ങനെ ഫോണിൽ ഓരോ കാര്യങ്ങൾ പഠിപ്പിച്ചു കൊടുത്തു. ഉമ്മയ്ക്ക് അതൊക്കെ വലിയ ഇഷ്ടം ആയി. പല കാര്യങ്ങളും എന്നോട് ചോദിക്കാൻ തുടങ്ങി. പതിയെ ഉമ്മ റൂമിൽ നിന്ന് ഇറങ്ങാൻ തുടങ്ങി. അങ്ങനെ എന്നെ ഫ്രീ ആക്കാൻ വേണ്ടി എനിക്ക് ചെറിയ ചെറിയ സഹായങ്ങൾ ചെയ്ത് തരാൻ തുടങ്ങി. ബാക്കി വരുന്ന സമയം ഞങ്ങൾ ഫോണിൽ കുത്തി കളിക്കാൻ തുടങ്ങി. അങ്ങനെ മൂപ്പത്തിക്ക് ഇപ്പം വാട്സാപ്പ് ആയി. കൂടെ പഠിച്ച കുട്ടികളുടെ ഗ്രൂപ്പ്‌ ആയി. മീറ്റപ്പ് ആയി.. ഉമ്മ ഫുൾ ബിസിയായി. ഞാൻ ഹാപ്പിയായി. ഇപ്പം എല്ലാവരും അവരവരുടെ കാര്യങ്ങൾ ഒറ്റക്ക് ചെയുന്നു. ഉമ്മ അടുക്കള പണികൾ പെട്ടെന്ന് തീർക്കുന്നു. ബാക്കി സമയം യൂട്യുബിലും വാട്സാപ്പിലും കളിക്കുന്നു. ബാക്കിയുള്ളവരെയും ഞാൻ ആഗ്രഹിച്ച പോലെ മാറ്റി എടുക്കണം. കെട്ടിയോൻ ഇപ്പം നാട്ടിലെ താരമാണ്. കല്യണം കഴിഞ്ഞതോടെ ജീവിതം മാറി മറിഞ്ഞ മഹാൻ. ഇന്ന് എനിക്ക് ഒരു മെയിൽ വന്നിട്ടുണ്ട്. ജോലിയുടെ ഭാഗമായിട്ട്. എനിക്ക് അപേക്ഷ കൊടുക്കണം. ഒരു ജോലിക്ക് പോകണം. അതിന് കെട്ടിയവന്റെ സമ്മതം ഒന്നും നോക്കേണ്ട കാര്യമില്ല. ആൺകുട്ടികൾക്ക് എന്ന പോലെ പെൺകുട്ടികൾക്കും ജോലി അത്യാവശ്യമാണ്. പള്ളിയിൽ ബാങ്കൊലി മുഴങ്ങുന്നു. അവൾ പള്ളിയുടെ മുന്നിലൂടെ നടന്നു വരുന്നു. കൈയ്യിൽ നിറയെ വസ്ത്രങ്ങൾ ആണ്. ജോലി കിട്ടിയ സന്തോഷത്തിൽ എല്ലാവർക്കും വസ്ത്രം.

Content Summary: Malayalam Short Story ' Veruthe Alla Bharya ' Written by Seena Nishad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com