ADVERTISEMENT

നുണഞ്ഞു തീരാറാവുമ്പോൾ കൊതിയേറുന്ന വിഭവങ്ങളുണ്ട്, മടങ്ങുകയാണെന്ന് തിരിച്ചറിയുമ്പോൾ ഇഷ്ടമേറുന്ന യാത്രകളുണ്ട്, പിരിയുകയാണെന്ന് മനസ്സിലാവുമ്പോൾ ഹൃദയം നുറുങ്ങുന്ന ബന്ധങ്ങളുണ്ട്, അവസാനിക്കുകയാണ് എന്നറിയുമ്പോൾ ഉള്ളം വിതുമ്പുന്ന നല്ല ദിവസങ്ങളുമുണ്ട്. പലർക്കും പലതുമെന്ന പോലെ നോമ്പ് മാസം വിട പറയുക എന്നതുമൊരു നോവായിരുന്നു. കാണാ സ്വർഗത്തേക്കാൾ കൈയ്യിലുള്ള ജീവിതത്തെ കൈ നീട്ടാതെ, അവകാശം പോലെ ആസ്വദിക്കാനുള്ള നാളുകൾ തീർന്നു പോകുന്നുവല്ലോ എന്ന സങ്കടം.

നാടുവിട്ടതിന്റെ ആദ്യ വർഷത്തെ ആദ്യ നോമ്പു കാലം. പൊടിപടലങ്ങൾ ഇലകളുടെ പച്ചപ്പിനെ പോലും ചാരവർണ്ണമാക്കി മാറ്റിയിരിക്കുന്നു. കരിങ്കൽ ചീളുകൾ നിറഞ്ഞ ഭൂമിയിൽ മരവും ഇരുമ്പു വലയും കൊണ്ട് തീർത്ത പല കൂടുകളിലായി നൂറുകണക്കിന് കോഴികൾ, കയറുകെട്ടിയും വല കെട്ടിയും തീർത്ത അതിർത്തിക്കുള്ളിൽ നിരവധി ആടുകൾ. ഒരു മൂലയിലായി ചെറിയൊരു മുറിയും അതിനോട് ചേർന്ന് കുളിമുറിയും. ആ ലോകത്തിൽ ഞാനും അസീസും. മറ്റൊരു വീടുകാണാനോ അത്യാവശ്യം സാധനങ്ങൾ എന്തെങ്കിലും വാങ്ങിക്കാനോ, വേറെയൊരു മനുഷ്യ ജീവിയെ കാണാനോ തണലൊന്നുമില്ലാത്ത മൺ പാതയിലൂടെ കുറച്ചധികം നടക്കണം. ആ പാതയിൽ പതിഞ്ഞ ചക്രങ്ങളുടെ അടയാളങ്ങൾ മായ്ക്കാൻ അതേ വാഹനം തന്നെ ആ പാതയിലൂടെ വീണ്ടും വരേണ്ടി വരും. അല്ലാതെ പുറത്തു നിന്നാരും വരാനില്ല.

Read Also: പുതിയ താമസക്കാരുടെ വീട്ടിൽ എപ്പോഴും കലഹം; അയൽക്കാർക്ക് സമാധാനമില്ല, പേടി കാരണം മിണ്ടാനും വയ്യ

റേഡിയോയാണ് പ്രധാന വിനിമയ സംവിധാനം. തിരിച്ചു പറയാൻ കഴിഞ്ഞില്ലെങ്കിലും പാട്ടുകളുടെ രൂപത്തിൽ അത് ഞങ്ങളെ സാന്ത്വനിപ്പിച്ചിരുന്നു. ഏകദേശ സമയം നോക്കി അറബിക് ചാനലുകൾ സെറ്റ് ചെയ്യും. അതിൽ അസർ ബാങ്ക് വിളി മുഴങ്ങുമ്പോൾ ഞങ്ങൾ പുറത്തേക്കിറങ്ങും. കിലോമീറ്ററുകൾ അകലെയുള്ള പള്ളിയാണ് ലക്ഷ്യം. എത്ര പറഞ്ഞാലും തീരാത്ത നാട്ടിലെ കഥകൾ പറഞ്ഞാണ് നടത്തം. ഉണക്ക മീനിന്റെ മൊത്ത വ്യാപാരിയായിരുന്നു അസീസിന്റെ പിതാവ്. രുചികളെ കുറിച്ച് പറയുമ്പോഴൊക്കെ ഒടുവിൽ അതിലൊരു ഉണക്കമീൻ വിഭവത്തിന്റെ വർണ്ണന കൂടിയുണ്ടാകും. എല്ലാ കഥകൾക്കുമൊടുവിൽ നാട്ടിൽ അല്ലലില്ലാതെ ജീവിക്കാനുള്ള ഉപാധി കണ്ടെത്തണമെന്ന ഒരു സ്വപ്നം കൂടി ഞങ്ങൾ ഉപ്പിട്ട് ഉണക്കി വെക്കും; കാലങ്ങളോളം കേടുകൂടാതിരിക്കാൻ.

എയർകണ്ടീഷൻ മൂളുന്ന പള്ളിയിലേക്ക് കയറുമ്പോൾ ശരീരത്തെ കുളിരണിയിക്കുന്ന ഒരു തണുപ്പുണ്ട്. ശീലമില്ലാത്തത് തൊടുന്നത് കൊണ്ടാവണം കാലുകൾ അസ്വസ്ഥത കാണിച്ചു തുടങ്ങുമ്പോൾ പള്ളിക്ക് പുറത്തേക്കിറങ്ങും. വിവിധ രാജ്യക്കാർ പള്ളിയുടെ വരാന്തയിലും ചവിട്ടുപടികളിലുമൊക്കെയായി ഇടം പിടിച്ചിട്ടുണ്ട്. അവർക്കിടയിൽ ഞങ്ങളുമൊരിടം കണ്ടെത്തും. വരാന്തയിൽ വിരിച്ച പായയിൽ കുപ്പി വെള്ളത്തിന്റെ പെട്ടികൾ. ഭക്ഷണം വരാനാവുന്നേയുള്ളു. അസീസിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് പലമടക്കായി വെച്ച പ്ലാസ്റ്റിക് സഞ്ചി അക്ഷമയോടെ പുറത്തേക്ക് എത്തി നോക്കി. ബാക്കിവരുന്നത് അതിലിട്ട് കൊണ്ടുപോയാൽ അത്താഴം ധന്യമാവും.

Read Also: സച്ചിൻ ആദ്യ പന്ത് നേരിട്ടപ്പോൾ തന്നെ അമ്മാവൻ ഡിക്ലെയർ ചെയ്തു: ' ഇന്ന് സെഞ്ചറി, കളി നമ്മൾ ജയിക്കും

കാത്തിരിപ്പിനൊടുവിൽ പള്ളിക്ക് മുമ്പിലായി ഒരു കാറു വന്നുനിന്നു. സ്വദേശിയായൊരാൾ കൈ കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ നാലഞ്ചു പേര് വാഹനത്തിനരികിലേക്ക് ഓടിച്ചെന്നു. അലുമിനിയം ഷീറ്റ് കൊണ്ട് പൊതിഞ്ഞ വലിയ തളികകൾ അവർ വരാന്തയിൽ വിരിച്ച പായയിൽ നിശ്ചിത അകലത്തിൽ നിരത്തി വെച്ചു. കാത്തുനിന്നവർക്കൊപ്പം ഞങ്ങളും അതിനു ചുറ്റുമായി ഇരുന്നു. കോഴി, ആട്, പോത്ത്, ഒട്ടകം അങ്ങനെ വിഭവങ്ങൾ പലതും പല ദിവസങ്ങളായി ആ തളികയിൽ മാറി മാറി വന്നു. അസീസിന് പനിപിടിച്ച രണ്ടു ദിവസങ്ങളിൽ മാത്രമാണ് ഖുബ്ബൂസും മുട്ടപുഴുങ്ങിയതും ചായയും  കൊണ്ട് നോമ്പ് തുറക്കേണ്ടി വന്നത്. മലയാളവും ഇംഗ്ലീഷും അല്ലാതെ മറ്റൊരു ഭാഷ വശമില്ലാത്തത് കൊണ്ടും തനിച്ചു പോകാൻ പേടിയായതിനാലുമാണ് പള്ളിയിലേക്ക് പോകാതിരുന്നത്.

ആടുകൾക്കും കോഴികൾക്കും കൊണ്ടുവരുന്ന പുല്ലിനും തീറ്റയ്ക്കുമൊപ്പമാണ് ഞങ്ങളുടെ ഉദര പൂരണത്തിനുള്ളതുമെത്തുന്നത്. ഖുബ്ബൂസും അരിയും പച്ചക്കറികളും തൈരും കുപ്പിയിലടച്ച് വരുന്ന ബീൻസുമൊക്കെയുണ്ടാവും. അസീസിന്റെ ഒരാഴ്ച്ചയ്ക്കുള്ള റേഷനാണത്. മാമ എന്നുവിളിക്കുന്ന സ്ത്രീയും ഡ്രൈവറും ചേർന്നാണ് വരിക. അവർ വരുന്നത് അകലെ നിന്ന് കാണുമ്പോൾ തന്നെ ഞാൻ ഏതെങ്കിലും മരത്തിന്റെ മറപറ്റി മാറിയിരിക്കും. ശമ്പളം മുടങ്ങി മുറിവാടകയും മെസ്സിന്റെ പൈസയും കൊടുക്കാനില്ലാതെ വന്നപ്പോൾ അസീസ് സുമനസ്സു കൊണ്ട് കൂടെ കൂട്ടിയതാണ് എന്നെ. മുട്ടകളും ഒന്നോ രണ്ടോ ആടുകളുമായും മാമ എന്ന് വിളിക്കുന്ന സ്ത്രീയും ഡ്രൈവറും മടങ്ങുമ്പോഴാണ് ഞാൻ തിരിച്ചെത്തുക. ഡ്രൈവർ മാത്രമാണ് വരുന്നതെങ്കിൽ ഒളിച്ചിരിക്കാറില്ല. മലയാളിയായ അദ്ദേഹം ചിലപ്പോഴൊക്കെ സാൻഡ്‌വിച്ചുകളും ജ്യൂസുകളും മറ്റും കൊണ്ടുത്തരും.

Read Also: ആവശ്യം കഴിഞ്ഞ് തിരികെക്കൊണ്ടുവന്ന ബെൻസ് കാറിൽ കേടുപാടുകൾ, എംബ്ലവും കാണാനില്ല; ഇതെന്ത് കഷ്ടം..!

നോമ്പുമാസം തീരാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചതും, ചന്ദ്രപ്പിറവി കാണാതെ ഒരു ദിവസമെങ്കിലും നോമ്പുകാലം നീണ്ടു നിന്നെങ്കിലെന്ന് കൊതിച്ചതും ശാരീരിക മാനസിക വിശുദ്ധിയേക്കാൾ രുചികരവും സമൃദ്ധവുമായ ഒരു കാലത്തിനെ പിരിയാതിരിക്കാനുള്ള പ്രയാസം കൊണ്ട് കൂടിയാണ്. കിലോമീറ്ററുകൾ രാത്രിയിൽ ഗദ്ദാമമാർ മാലിന്യ വീപ്പയിൽ കൊണ്ട് തള്ളുന്ന ഭക്ഷണങ്ങൾ ഏറ്റുവാങ്ങാൻ കാത്തുനിൽക്കാതെ, ആടിന്റെ ചവിട്ട് കൊണ്ട് പാലു കറക്കാതെ, മാമാക്ക് കൊടുക്കേണ്ട മുട്ടയുടെ എണ്ണം കുറക്കാതെ നേരോടെ പിന്തള്ളിയ നാളുകൾ. പള്ളിയുടെ വരാന്തയിൽ വിളമ്പിയ ഭക്ഷണങ്ങൾ വിശപ്പുള്ള ഏതൊരുവന്റെയും അവകാശമായിരുന്നു. കൈ നീട്ടി യാചിക്കാതെ കൈ കഴുകി ഇരുന്ന് രുചിച്ചവ. തനിക്ക് പരിഗണന കിട്ടുന്ന, മനസ്സ് കൊണ്ട് ചേർന്നിരിക്കുന്ന ഇടങ്ങളിൽ നിന്ന് ഇറങ്ങിപ്പോവാൻ ആർക്കാണ് താൽപര്യം തോന്നുക?

കാലമങ്ങനെ നമ്മെ പല പാതകളിലൂടെയും വഴി നടത്തിയിട്ടുണ്ടാവും. ജാതിമത ഭേദമന്യേ ഏതൊരാൾക്കുമുണ്ടാകും ആഘോഷങ്ങളുടെ പുത്തൻ ഉടുപ്പുകൾക്കും ആവേശങ്ങളുടെ മാസ്മരിക കാഴ്ചകൾക്കും മുമ്പൊരു നോവിന്റെ ചാരനിറമാർന്ന ആവരണം പുരണ്ട ഭൂതകാലം. ദേശങ്ങൾക്കനുസരിച്ച് വിഭവങ്ങൾ മാറുമെന്ന് മാത്രം. ഇനിയൊരു വഴിയിലും ഇടറി വീഴാതിരിക്കാനും ഇനിയേത് ഒറ്റപ്പെടലിലും തളരാതിരിക്കാനും വീണാലും പതറാതിരിക്കാനും ആ കാലത്തിലേക്കുള്ള തിരിഞ്ഞു നോട്ടങ്ങൾ മാത്രം മതിയാവും. അവസാനിച്ചെന്ന് നമ്മൾ തോന്നുന്നിടത്ത് മറ്റൊരു തുടക്കമുണ്ടാവും, അതവസാനിക്കുമ്പോൾ മറ്റൊന്ന്. അങ്ങനെ നമ്മൾ മടങ്ങുന്നത് വരെ പുതിയ തുടക്കങ്ങളുണ്ടായിക്കൊണ്ടിരിക്കും. ഒടുങ്ങിയതിൽ നിന്ന് ഊർജ്ജം വലിച്ചെടുത്ത് കാലവും കാലത്തിന്റെ താൽക്കാലിക കാവലാളുകളായ നമ്മളും മുന്നോട്ട്!

Content Summary: Malayalam Experience Note ' Kanathirunnenkilennu Kothicha Masappiravi ' Written by Rafees Maranchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com