ADVERTISEMENT

അവൾ അതിരാവിലെ ഉണരുകയും തന്റെ വാക്കിംഗ് സ്റ്റിക് കൈയ്യെത്തി എടുക്കുകയും  ചെയ്യും. അതിന്റെ അറ്റം കൊണ്ട് ജാലകവിരിപ്പുകൾ നീക്കി കാഴ്ചകൾ നോക്കി കിടക്കും. അപ്പോൾ തണുത്ത കാറ്റിനൊപ്പം വരുന്ന പിച്ചിപ്പൂക്കളുടെ സുഗന്ധം കൊണ്ട് ആ മുറിയാകെ നിറയും. തൊട്ടടുത്ത് കിടക്കുന്ന മൊബൈൽ എടുത്ത് വാട്ട്സാപ്പിലൂടെ കടന്നുപോകും. പ്രഭാതവന്ദനങ്ങൾക്ക് ഒരു പൂവോ ലൗ ചിഹ്നത്തിന്റെ ഇമോജിയോ കൊടുത്ത് മറുപടി നൽകും. വാക്കിംഗ് സപ്പോട്ടറുടെ സഹായത്താൽ പ്രഭാത കൃത്യങ്ങൾക്ക് ശേഷം വായിച്ചു പകുതിയാക്കിയ പുസ്തകത്തിലൂടെ യാത്ര ചെയ്യും. അപ്പോഴേക്കും അവളുടെ മക്കൾ ഉണർന്നു അവൾക്ക് ചുറ്റും വിശേഷങ്ങൾ പറയാൻ തുടങ്ങും. ഭക്ഷണം കൊണ്ടുവച്ചു സ്കൂളിലേക്ക് പോകുമ്പോൾ പിന്നെയും അവളുടെ ലോകം ആ മുറിക്കുള്ളിലാകും. ജനലുകളിലൂടെ വരുന്ന വെളിച്ചം ചില ചിത്രങ്ങൾ അവൾക്ക് കാട്ടി കൊടുക്കും.. അതിൽ നിശ്ചയമായും ഒരു പിച്ചിച്ചെടിയും തെറ്റിയും മുട്ടിയുരുമ്മി നിൽക്കുന്നുണ്ടാകും. പൂക്കളിൽ ഞാലുന്ന തേൻ കുരുവികൾ കാറ്റിനോട് കിന്നാരം പറയുന്നത് കാതോർത്തു അവൾ കിടക്കും.

നീ എന്നാണ് ഇവിടേക്ക് നടന്നു വരുന്നത് എന്ന് അവർ ചോദിക്കുന്നത് പോലേ.. ഏകാന്തത അവളെ വന്നു പുണരുമ്പോൾ ആരോടെങ്കിലും മിണ്ടാൻ തോന്നും.. അപ്പോൾ മൊബൈൽ എടുക്കും വാട്ട്സാപ്പ് സന്ദേശങ്ങൾ സ്ക്രോൾ ചെയ്യും. ഒരു ദിവസം എന്നും മുടങ്ങാതെ ഗുഡ് മോർണിംഗ് ആശംസിക്കുന്നവനോട് ഒരു ഫ്രസ്റ്റ്റേറ്റെഡ് മനസ്സുമായി 'നടക്കാൻ പറ്റിയിട്ടല്ലേ നല്ല പ്രഭാതങ്ങൾ അനുഭവിക്കാനാവു' എന്ന സന്ദേശം അയച്ചു കഴിഞ്ഞപ്പോഴാണ് സോഷ്യൽ മീഡിയയിലെ അപരിചിതരോട് മിണ്ടാതിരിക്കുന്നതാണ് അഭികാമ്യം എന്ന് അവൾക്ക് തോന്നിയത്. മെസ്സേജ് ഡിലീറ്റ് ചെയ്യുന്നതിന് മുൻപേ നീലവരകൾ കൊണ്ട് അയാൾ തന്റെ സാന്നിധ്യം അറിയിച്ചു. വേണ്ടിയിരുന്നില്ല. അയാളോട് അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല. അയാൾ അപ്പോൾ തന്നെ വാട്ട്സാപ്പിൽ അവളെ വിളിച്ചു. അയാളുടെ  പ്രൊഫൈൽ ചിത്രം അവളുടെ മുന്നിലേക്ക് വന്നു. 'ഹലോ' ഗംഭീരമായ പൗരുഷമുള്ള സ്വരം. ഊഷരമായ ഭൂമിയിലേക്ക് പതിയെ വന്നു വീഴുന്ന മഴത്തുള്ളികൾ പോലെ. സ്ത്രീയെ നീ ശ്രദ്ധിച്ചേ പറ്റൂ.. ഈ സ്വരത്തിലും വാക്കുകളിലുമാണ് നീ മുട്ടുകുത്തുന്നത്.

Read Also: കുഞ്ഞുങ്ങളെ നോക്കാനും വീട്ടുപണിക്കും റിട്ടയറായ അച്ഛനും അമ്മയും; വെറുതേ ഒപ്പം നിർത്തിയാൽ നഷ്ടമെന്ന് മകൾ

അവൾ സൗഹാർദ്ദപരമായി എന്നാൽ ഗൗരവത്തിൽ തന്നെ പ്രത്യഭിവാദ്യം ചെയ്തു. എന്റെ ഗുഡ്മോർണിങ് മെസ്സേജുകൾക്ക് ഇമോജികളിലൂടെയാണെങ്കിലും മറുപടി നൽകുന്ന ഏക വ്യക്തി നീ ആണെന്നിരിക്കെ നിനക്കു എന്തുപറ്റി എന്നുള്ള എന്റെ ആകാംക്ഷ അതാണ് നിന്നിലേക്ക് എന്നേ എത്തിച്ചത്. ചലനശേഷി നഷ്ടപ്പെട്ട അവളുടെ കാലുകളെ കുറിച്ചും പുറത്തേക്ക് നടന്നുപോകാൻ കഴിയാത്തതിന്റെ ആകുലതയെ പറ്റിയും അവൾ  സംസാരിച്ചു. മുൻകാലത്തിലെ ഇയാളെ അറിയാമല്ലോ എന്ന രീതിയിൽ തന്റെ ആഗ്രഹങ്ങളും ചിന്തകളും അയാളോട് പങ്കുവച്ചു. ഏതോ പേരറിയാത്ത ഒരു ആകർഷണം അവർക്ക് തമ്മിൽ ഉടലെടുത്തിട്ടുണ്ടോ.? അപരിചിതവും സുഖകരവുമായ ഒരു സ്ഥിതിവിശേഷത്തോടെ അവരുടെ മനസ്സുകളിലേക്ക് അജ്ഞാതമായ ഒരു മുള്ള് വന്നു തറച്ചതുപോലെ രണ്ടു പേർക്കും അനുഭവപ്പെട്ടു. അവളോ അയാളോട് അതിനെ പറ്റി ചിന്തിക്കാതെ മുൻകാലങ്ങളിലെ അവർ ഒരുമിച്ച് ഭൂമിയിൽ ജീവിക്കുകയാണെന്ന തോന്നലിൽ സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ മനസ്സ് ഒരു നനഞ്ഞ മണ്ണായിതീർന്നു. ഞാൻ ഓഫിസിലാണ്, പിന്നെ വിളിക്കാം. അയാൾ  ഫോൺ കട്ട് ചെയ്തു.

അപ്പോൾ ഏകാന്തത ഒരു പ്രാർഥനപോലെ അവളെ പൊതിഞ്ഞു. സുഖകരമായ ഒരു നൊമ്പരത്തിന്റെ ആലസ്യത്തിൽ അവൾ ഫോൺ കട്ടിലിലേക്ക് വച്ച് വായനയിൽ മുഴുകി. ആർദ്രമായ ഒരു കരലാളനത്തിലെന്നപോലെ ഒരു ആനന്ദം അവളെ പൊതിഞ്ഞു. അവളിൽ നിന്നും പതിയെ വർത്തമാനകാലം പിൻവാങ്ങാൻ തുടങ്ങി. ചില ദിവസങ്ങളിൽ പകലിന്റെ പകുതിയോളം അവർ സംസാരിച്ചുകൊണ്ടിരുന്നു. പരസ്പരം വിശേഷങ്ങളറിയാൻ അവർക്ക് ആകാംക്ഷ ഏറിവന്നു. വേദന കൂടുമ്പോൾ അറിയാതിരിക്കാൻ അയാൾ അവൾക്ക് ആദിത്യമന്ത്രങ്ങൾ ചൊല്ലിക്കൊടുത്തു. നീണ്ട ആശുപത്രി വാസങ്ങളിൽ അവളെ സമാശ്വസിപ്പിച്ചും കരുതൽ നൽകിയും അകലെയാണെങ്കിലും അടുത്ത് തന്നെയുള്ളപോലെ കൂടെ നിന്നു. അയാളുടെ കയ്പേറിയ ഭൂതകാലത്തിൽ നിന്നും വർത്തമാനകാല മാധുര്യങ്ങൾ അയാളിലേക്ക് കുടിയേറി. അനുഭവങ്ങൾ കയ്പ്പുള്ളതാകും തോറും ജീവിതത്തിലെ മധുരങ്ങളോട് ആസക്തികൂടുന്നതുപോലെ അയാൾ അവൾക്കൊപ്പം മനസ്സുകൊണ്ട്  ഒത്തുചേർന്നു. വീട്ടിലുള്ളവർ വേദന നിറഞ്ഞ അവളുടെ മുറിയിലേക്ക് വരാൻ മടിക്കുമ്പോൾ അകലെനിന്നും ഒഴുകിവരുന്ന സ്വരമായി അയാൾ അവളിലേക്ക് എത്തിക്കൊണ്ടിരുന്നു. വെളിപ്പെടുത്താനാവാത്ത അനുരാഗത്തിന്റെ നേർത്ത മധുര സൗരഭം അവരെ പൊതിഞ്ഞു. ആഗ്രഹങ്ങളെ വെളിപ്പെടുത്താൻ മടിക്കുകയും വാഗ്ദാനങ്ങൾ ചെയ്യുകയും എന്നാലോ പാലിക്കപ്പെടാൻ പറ്റാത്തതായ ഒരു സുന്ദര പ്രണയം.

Read also: ' പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറിൽ ബാക്കി വരുന്ന ഭക്ഷണം കൊണ്ടുപോകും, അതാണ് അന്നത്തെ അത്താഴം...'

ജനാലകൾക്കിടയിലൂടെ കാണുന്ന ഒരു കീറു ആകാശത്തിൽ മിന്നുന്ന നക്ഷത്രങ്ങളെ കാവൽ നിർത്തി അവൾ രാത്രിയോട് ചോദിച്ചു പേരുപോലും യഥാർഥമാണോ എന്നറിയാത്ത, സ്വരം കൊണ്ട് മാത്രം ഒരാൾ പ്രിയപ്പെട്ടതാവുക, ഇത്രയും വർഷങ്ങൾക്ക് ശേഷം ഇങ്ങനെ ഒരാൾ കൂട്ടിന് വരിക. ദൈവമേ എന്താണ് എനിക്ക് സംഭവിക്കുന്നത്? അവൾ ഒരു സെൽഫി എടുത്ത് സ്വയം നോക്കി. ശരിയാണ് ഇപ്പോൾ പത്തു വയസ്സു പ്രായം കുറഞ്ഞപോലേ. ഇപ്പോൾ രാത്രികൾ  ചേതോഹരികളാണ്. ഉദയാസ്തമയങ്ങളെക്കാൾ ഹൃദ്യവും. നിഗൂഢമായതെന്തോ ഉള്ളിൽ വച്ചു ചന്ദ്രബിംബം അവളെ നോക്കി പുഞ്ചിരിച്ചു. അങ്ങകലെ ഏതോ രാപ്പാടി ഉറങ്ങാതെ അവൾക്ക് വേണ്ടി പാടുന്നത് പോലെ. എല്ലാവരും ഉറങ്ങുമ്പോൾ ഉദാത്തമായ ഈ കാഴ്ചകളൊരുക്കി ഈശ്വരൻ എന്തിന് നിശീഥിനിയെ സുന്ദരമാക്കി. മാനത്ത് നിന്നും പെയ്തുതോർന്ന മഴപോലെ കവിതയായി പ്രണയം അവളിലേക്ക് പടർന്നു കയറി. അടുത്താഴ്ച ഞാൻ നാട്ടിലേക്ക് വരുന്നു.. നമുക്കു കാണാം. സൗഹൃദത്തിന്റെ തമ്പടയാളം നൽകി അവൾ ആ സന്ദേശത്തെ കൂടുതൽ അർഥവത്താക്കി. കാലുകളുടെ വേദന കുറഞ്ഞു, സ്വയം നടക്കാമെന്നിരിക്കെ പ്യുപ്പയിൽ നിന്നും സുഷുപ്തിയിലായിരുന്ന ചിത്രശലഭം പോലെ അവൾക്ക് ഒരുനാൾ ചിറകു മുളച്ചു. വർഷങ്ങൾക്ക് ശേഷം വെളിച്ചം കണ്ട ഒരുവളെ പോലെ അവൾ കണ്ണുകൾ മുറുകെ അടച്ചു. നക്ഷത്രങ്ങളെ കാവൽ നിർത്തി അന്നത്തെ രാവിലും അവർ സംസാരിച്ചു. നീണ്ട ഒരിടവേളയ്ക്ക് ശേഷം നാളെ ഒറ്റയ്ക്ക് പുറത്തേക്ക് പോവുകയാണെന്ന് അവൾ അയാളോട് പറഞ്ഞു.

നമുക്ക് നേരിൽ കാണണ്ടേ? അയാൾ ചോദിച്ചു. എന്തിന്? അവൾ. വിവാഹിതയായ നീ എത്രയോ പുരുഷന്മാരെ കണ്ടിട്ടുണ്ടാവും. അവരോടൊന്നും തോന്നാത്ത അടുപ്പം, ആകർഷണീയത എന്തുകൊണ്ടാണ് എന്നോടു തോന്നിയത്. അതുപോട്ടെ നീണ്ട എഴുവർഷം ഒറ്റയ്ക്ക് താമസിച്ച വിഭാര്യനാണ് ഞാൻ. എനിക്ക് എന്തുകൊണ്ടാണ് അവസരങ്ങൾ ഉണ്ടായിട്ടും മറ്റൊരു സ്ത്രീയോടും തോന്നാത്ത അടുപ്പം, ഈ കരുതൽ നിന്നോട് തോന്നിയത്. നീ ചിന്തിച്ചിട്ടുണ്ടോ. അതുകൊണ്ട് നമ്മൾ കാണേണ്ടവരാണ്. ഭൂമിയിൽ കഴിയുന്നത്ര സന്തോഷത്തോടെ ജീവിക്കുക. അതാണ് നമുക്കു ചെയ്യാൻ കഴിയുന്നത്. അതേ നമ്മെ കരുതാൻ, സ്നേഹിക്കുവാൻ, ഒരാളുണ്ടാകുക. നൂറു തിരക്കുള്ള മനുഷ്യരുടെ ഇടയിൽ തീരെ അപ്രസക്തമായ അവളെ ശ്രദ്ധിക്കാനും കരുതാനും ഈ ഭൂമിയിൽ ഒരാളുണ്ടാവുക. എത്ര മനോഹരം. സൂര്യൻ തന്റെ ബഹുവർണ കുപ്പായമിട്ട് സായാഹ്നത്തെ കൂടുതൽ പ്രശോഭനമാക്കിയ നേരത്താണ് അവൾ അയാളുടെ മുന്നിലേക്ക് ബസിറങ്ങുന്നത്. അസ്തമയ സൂര്യന്റെ കിരണങ്ങൾ കാറ്റ് തഴുകുന്ന അവളുടെ അളകങ്ങളിൽ ഇളം തവിട്ടു നിറം തൂകി. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വളരെ പതിയെയാണ് അവൾ നടന്നിരുന്നത്. 'ഹലോ നിങ്ങൾ എവിടെയാണ്?' അവൾ അയാളെ വിളിച്ചു. അപ്പോൾ അയാൾ കൈപൊക്കി തന്റെ സാന്നിധ്യം അറിയിച്ചു. ഒരു പരിചിതയെ പോലെ അവൾ കാറിന്റെ ഡോർ തുറന്നു മുൻസീറ്റിലിരുന്നു. 'പോകാം..' അവൾ പറഞ്ഞു. 'എങ്ങോട്ട്?' അയാൾ ചോദിച്ചു. 'എങ്ങോട്ടെങ്കിലും'. അവൾ പുഞ്ചിരിച്ചു. നീ. ഞാൻ വിചാരിച്ചതിലും സുന്ദരിയാണ്. സുന്ദരമായ മിഴികൾ. അയാൾ അവളുടെ അളകങ്ങളെ മാടിയൊതുക്കികൊണ്ട് പറഞ്ഞു. അവൾ അരുമയായ ആട്ടിൻകുട്ടിയെ പോലെ ഒതുങ്ങിയിരുന്നു.

Read also: പുതിയ താമസക്കാരുടെ വീട്ടിൽ എപ്പോഴും കലഹം; അയൽക്കാർക്ക് സമാധാനമില്ല, പേടി കാരണം മിണ്ടാനും വയ്യ

സന്ധ്യ രാത്രിക്ക് വേണ്ടി വഴിമാറിയ പാതയിലൂടെ അയാൾ വണ്ടിയോടിച്ചു. സ്റ്റീരിയോയിൽ നിന്നും നേർത്ത സംഗീതം ഉയർന്നു. അവർക്കിഷ്ടപ്പെട്ട പാട്ട് മൂളി. അവർ കടൽത്തീരത്തെത്തി. മൗനത്തിന്റെ കനത്ത ആവരണങ്ങളെ ഭേദിച്ചുകൊണ്ട് എന്തോ ഭ്രാന്തമായ ആവേശത്തോടെ അയാളവളെ ചുംബിച്ചു.. അകലെ ചക്രവാള സീമയിൽനിന്നും തണുത്ത കാറ്റ് അവരുടെ മൗനങ്ങളിലേക്ക് അലയടിച്ചു. കടലും കരയും പുണർന്നു കിടക്കുന്ന അതേ മിടിപ്പോടെ അയാളുടെ ഹൃദയം പ്രകമ്പനം കൊണ്ടു. നീണ്ട ഏഴുവർഷത്തിന് ശേഷം ഒരു പെണ്ണിന്റെ ഗന്ധം അയാളുടെ നാസാരന്ധ്രങ്ങളെ തുളച്ചു ഹൃദയ ഭിത്തിയിൽ വന്നുതൊട്ടു. ചക്രവാള സീമയിൽ ഗ്രീഷ്മ സന്ധ്യ അപ്പോഴേക്കും പിൻവാങ്ങാൻ തുടങ്ങിയിരുന്നു. നമുക്ക് പോകാം.. അവളെ ചേർത്തുപിടിച്ച അയാളുടെ കൈവിടുവിച്ചുകൊണ്ട് അവൾ പറഞ്ഞു. സന്തോഷം നിറഞ്ഞ ഓരോ നിമിഷത്തിന്റെയും മാധുര്യം നുകർന്നുകൊണ്ട് അയാളവളെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ചതിന് അവൾ അയാൾക്ക് നന്ദി പറഞ്ഞു. ഇനി നമ്മൾ കാണാതിരിക്കട്ടെ. അവർ പരസ്പരം നമ്പറുകൾ ഡിലീറ്റ് ചെയ്തു. അയാൾക്ക് യാത്രാ മംഗളം നേർന്നുകൊണ്ട് അവൾ പതിയെ നടന്നു. ഹോടോം മേം ചൂലോ തും.. അയാളുടെ സ്റ്റീരിയോയിൽ നിന്നും സുഖകരമായ സംഗീതം ഒഴുകിവന്നുകൊണ്ടിരുന്നു. അന്ന് ആകാശം നിറയെ നക്ഷത്രങ്ങളായിരുന്നു. രാത്രി കൂടുതൽ മനോഹരിയും...

Content Summary: Malayalam Short Story ' Pranaya Rathrikal ' Written by Famitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com