കുഞ്ഞുങ്ങളെ നോക്കാനും വീട്ടുപണിക്കും റിട്ടയറായ അച്ഛനും അമ്മയും; വെറുതേ ഒപ്പം നിർത്തിയാൽ നഷ്ടമെന്ന് മകൾ
Mail This Article
ഒന്നാലോചിച്ചാൽ ഞങ്ങളുടേത് ഈ നഗരത്തിലെ ഏതാണ്ട് വലിയ ഒരു കൂട്ടുകുടുംബം തന്നെ..! ഈ കെട്ടിട സമുച്ചയത്തിന്റെ പേരു തന്നെ അതിനു മികച്ച തെളിവാണ്. "എവർഗ്രീൻ ഫാമിലി അപ്പാർട്ട്മെൻ്റ്.." ഏകദേശം അറുപതോളം കുടുംബങ്ങൾ ഇവിടെ താമസിച്ചു വരുന്നുണ്ട്. ഭാര്യയും ഞാനും മോനും താമസിക്കുന്ന ഞങ്ങളുടെ ഫ്ലാറ്റാണ് പതിനേഴാം നമ്പർ.. പതിനാറും പതിനഞ്ചും പതിമൂന്നുമൊക്കെ അയൽക്കാരാണെങ്കിലും, ആരൊക്കെയാണ് അവിടെ താമസിക്കുന്നത് എന്ന് അവരെ പിടിച്ചുകൊണ്ടുവന്ന് എന്റെ മുൻപിലിട്ടാൽ പോലും എനിക്ക് തിരിച്ചറിയില്ല..! എനിക്കെന്നല്ല മറ്റുള്ള താമസക്കാർക്കും അങ്ങനെതന്നെ. ആകെ തിരിച്ചറിയുന്നത് ഗ്രൗണ്ട് ഫ്ലോറിലെ മൂന്നും നാലും നമ്പറിലെ രണ്ടു വീതം താമസക്കാരെയാണ്.. വൃദ്ധദമ്പതികളാണ് അവർ നാലു പേരും. എപ്പോഴും താഴെ ഹാളിൽ എന്തെങ്കിലുമൊക്കെ സംസാരിച്ച് ഇരിപ്പുണ്ടാവും. ആരെ കണ്ടാലും വിവരങ്ങൾ തിരക്കും നമ്മൾ അങ്ങോട്ടു നോക്കി ചിരിച്ചില്ലെങ്കിലും അവർ നമുക്ക് പുഞ്ചിരി സമ്മാനിക്കും.
കൂടുമ്പോൾ ഇമ്പം നൽകുന്നതാണല്ലോ "കുടുംബം?" അങ്ങനെയാണേൽ അതിലും ഇമ്പമുള്ളതായിരിക്കുമല്ലോ "കൂട്ടുകുടുംബം.." ഇവിടെ സ്വന്തം ഭാര്യയെ തന്നെ വല്ലപ്പോഴുമെ ഞാൻ കാണാറുള്ളു. ഒന്നുകിൽ അവൾക്കു "നൈറ്റ്" എനിക്കു "ഡെ" അല്ലേൽ എനിക്കു "നൈറ്റ്" അവൾക്കു "ഡെ.." അത്തരത്തിലാണ് ഞങ്ങളുടെ ജോലിയുടെ സ്വഭാവം. എപ്പോഴും കൂടെ കാണാൻ കിട്ടുന്നത് മോനെ മാത്രമാണ്.. അങ്ങനെ നോക്കിയാൽ എന്റെ കൂട്ടുകുടുംബം ഞാനും മോനും ചേർന്നതാകും. രണ്ടു വർഷം മുൻപാണെ അവളുടെ അമ്മ ഞങ്ങളോടൊരുമിച്ചു താമസിച്ചിരുന്നു.. സത്യത്തിൽ അമ്മ പോയപ്പഴാണ് ഭാര്യ ആ സത്യം എന്നോട് പറഞ്ഞത്.. "സ്വന്തം പ്രസവത്തിനും കുഞ്ഞിനെ നോക്കാനും ആണ് അമ്മയെ ഇവിടെ നിർത്തിയത് എന്ന്. ഇപ്പോ മോൻ സ്വന്തം കാര്യം നോക്കാൻ തുടങ്ങിയല്ലോ ഇനി അമ്മയെ ഇവിടെ നിർത്തിയാൽ നമുക്ക് നഷ്ടമാണെന്ന്.!" അവളുടെ നല്ല മനസ്സിനെ ഞാൻ അന്നേരം ശരിക്കും കണ്ടു.
Read Also: ഫോണിൽ കളിയും, കൂട്ടുകാർക്കൊപ്പം കറക്കവും; കുട്ടിക്കളി മാറാത്ത ഭർത്താവിനെ അടിമുടി മാറ്റിയ ഭാര്യ
എന്റെ അമ്മയ്ക്കാണെങ്കിൽ നാട്ടിൽ പിടിവലിയാണ്. റിട്ടയർ ജീവിതത്തിൽ അമ്മയ്ക്ക് യാതൊരു വിശ്രമജീവിതവും സത്യത്തിലില്ല. മൂത്ത സഹോദരി അവളുടെ വീട്ടിലേക്ക് പിടിച്ചുവലിക്കും അനുജൻ അവന്റെ വീട്ടിലേക്കും.. സംഗതി അമ്മയുള്ളവിടെ വേലക്കാരിക്ക് കൊടുക്കാനുള്ള ശമ്പളം മിച്ചംവയ്ക്കാം എന്നതാണത്രെ അവർ രഹസ്യമായി പറയുന്ന ഗുണം.. "അമ്മയുടെ അമ്മ അതായത് എന്റെ മുത്തശ്ശി ഇന്നും ജീവിച്ചിരിപ്പുണ്ട്. അമ്മ പോകുന്നവിടെ മുത്തശ്ശിയേയും കൂട്ടണം എന്നതാണ് എന്റെ അമ്മയുടെ ആകെ കരാറ്. പക്ഷെ കൊണ്ടുപോകുന്നവർക്ക് അതിൽ വിഷമമൊന്നുമില്ല. കാരണം മുത്തശ്ശിക്കും അമ്മയ്ക്കും പെൻഷനുണ്ട്.. പിന്നെ മുത്തശ്ശിയുടെ കാര്യങ്ങൾ അമ്മ തന്നെ നോക്കുകയും ചെയ്യും. എന്റെ അച്ഛനാണെങ്കിൽ ജേഷ്ഠന്റെ കൂടെയാണ്.. ജേഷ്ഠൻ വിദേശത്തായതിനാൽ അവിടെ ജേഷ്ഠന്റെ ഭാര്യയും രണ്ടു കുട്ടികളും തനിച്ചാണ് താമസം. അച്ഛനെ ആർക്കും വിട്ടുകൊടുക്കാതെ ഒറ്റ "പിടിയിലാക്കി" വച്ചിരിക്കുകയാണ് അവർ. അച്ഛനവിടുത്തെ സെകൂരിറ്റിയും പർച്ചേസ് ആന്റ് ഡെലിവറിമാനുമാണ്(മാർക്കറ്റിൽ പോയി വീട്ടിലേക്കുള്ള ആവശ്യ സാധനങ്ങൾ വാങ്ങി കൊണ്ടുവരുക)
Read Also: പുതിയ താമസക്കാരുടെ വീട്ടിൽ എപ്പോഴും കലഹം; അയൽക്കാർക്ക് സമാധാനമില്ല, പേടി കാരണം മിണ്ടാനും വയ്യ
അവരെയൊക്കെ ഇങ്ങോട്ടു കൊണ്ടു വരട്ടെ എന്ന് ഞാൻ ഭാര്യയോട് ഒരിക്കൽ ചോദിച്ചതാണ്.. "എല്ലാവരും കൂടിചേർന്നാൽ നല്ല ഇമ്പമാവില്ലെ" എന്നും ഞാൻ പ്രാസമൊപ്പിച്ചു പറഞ്ഞു. അന്ന് അവൾ പറഞ്ഞ മറുപടി.. ഓർക്കുമ്പോൾ തന്നെ ഭയമാവുന്നു... "അവർ വന്നാൽ നിങ്ങളും അവരും കൂടി വേറെ ഫ്ലാറ്റ് എടുത്തു താമസിച്ചോളു.. നിങ്ങൾ ഈ ഫ്ലാറ്റിനായി മുടക്കിയ തുക മുപ്പതു ശതമാനമല്ലെ? അത് ഞാൻ തന്നേക്കാം" എന്ന്.. അതോടെ ഞാൻ വായടച്ചു.. നല്ല ഭർത്താവായി..! കൂട്ടുകുടുംബമെന്ന എന്റെ അതിമോഹം വേരോടെ മാറ്റിവച്ചു... അണുകുടുംബം അതാണ് ഇന്നു നല്ലത്... അതാവുമ്പോൾ... "കളി ചിരി വേണ്ട കലപില വേണ്ട.. അടയിട്ടു വിരിച്ചെടുത്തു ഞാനും വളർത്തും നാളെയുടെ യന്ത്ര കുരുന്നുകളെ...." ഞാൻ ഒന്നു കൂടെ ചിന്തിച്ചു... ഈ എവർഗ്രീൻ അപ്പാർട്ട്മെന്റിൽ തന്നെ പരസ്പരം അറിയാത്ത, കണ്ടാലും മിണ്ടാത്ത, ചിരിയും കളിയും എന്താണെന്നറിയാത്ത എത്ര യന്ത്ര കുരുന്നുകൾ വളർന്നു വരുന്നുണ്ട്? ഈ നഗരത്തിൽ പത്തു മുപ്പതോളം ഫാമിലി അപ്പാർട്ട്മെന്റുകളുണ്ട്... അവിടെയെല്ലാം എത്ര കുട്ടികൾ ഇങ്ങനെ വളരുന്നുണ്ടാവും? നമ്മളും നമ്മുടെ ഭാവി തലമുറയും എങ്ങോട്ടുള്ള പോക്കിലാണ്...?!
Content Summary: Malayalam Short Story ' Koottukudumbam Athava Evergreen Family Apartment ' Written by Divakaran P. C.