ADVERTISEMENT

ഭംഗിയിൽ വിതാനിച്ചിരിക്കുന്ന വിശാലമായ പന്തൽ. ഇന്ന് റിസപ്ഷൻ ആണ്. നാളെയാണ് വിവാഹം. എത്രയോ നാളുകളായിരിക്കുന്നു, ഇതുപോലൊരു ചടങ്ങിൽ പങ്കെടുത്തിട്ട്. ഭംഗിയുള്ള പല വർണ്ണങ്ങളിലുള്ള പൂക്കളും പല തരത്തിലും നിറങ്ങളിലുമുള്ള  നേർത്ത മിനുസമുള്ള  തുണികളും കൊണ്ട് വളരെ ഭംഗിയിൽ മോടിപിടിപ്പിച്ചിരിക്കുന്നു. അധികം കൊട്ടിഘോഷങ്ങൾ ഇല്ലാത്ത ലളിത സുന്ദരമായ ചടങ്ങ്. മനസ്സിന് സുഖവും സന്തോഷവും തരുന്ന എന്തോ ഒന്ന് അവിടെ നിറഞ്ഞു നിൽപ്പുണ്ട്. കിലുങ്ങുന്ന പൊട്ടിച്ചിരികളും ചിലമ്പുന്ന പാദസരങ്ങളും, കണ്ണിനും കാതിനും ഒരുപോലെ സുഖം പകരുന്ന കാഴ്ച. ഉച്ചത്തിലുള്ള സംസാരങ്ങളും മനപ്പൂർവ്വമല്ലാതെയുള്ള ചിരികളും അവിടമാകെ നിറഞ്ഞു നിൽക്കുന്നു. സന്തോഷത്തിൽ മുങ്ങി നിൽക്കുന്ന അന്തരീക്ഷം. ഓരോ മുക്കിലും മൂലയിലും അത് പ്രകടമാണ്. എന്നാലും.. പരിചയമില്ലാത്ത ഒരു കൂട്ടം ആൾക്കാരുടെ ഇടയിൽ എത്തിപ്പെട്ടതു പോലെ അവൾക്ക് തോന്നി. പക്ഷേ.. അത് തന്റെ പ്രശ്നം മാത്രമാണ് അവൾ മനസ്സിലോർത്തു. നീണ്ട പ്രവാസജീവിതത്തിന്റെ ബാക്കിപത്രം.

ഇവിടേക്ക് തന്റെ കൂടെ വന്ന അമ്മയെ ഇവിടെയെങ്ങും കാണാനുമില്ല. അല്ല.. ആ പറഞ്ഞത് തെറ്റാണ്. അമ്മ നിർബന്ധിച്ചു കൂട്ടിക്കൊണ്ട് വന്നതാണ്. എന്നിട്ടും.. തന്നെ തനിച്ചാക്കി ഈ തിരക്കിലെവിടെയോ ചേർന്ന് കഴിഞ്ഞിരിക്കുന്നു. അതോർക്കുമ്പോൾ അവൾക്കു വല്ലാതെ ശുണ്ഠി വരുന്നുണ്ടായിരുന്നു. പരിചിതമായ മുഖങ്ങൾ വളരെ കുറവ്. തനിക്കറിയാത്തവരാണ് കൂടുതലും. എന്നാലും.. അതിൽ മിക്കവർക്കും തന്നെ അറിയാമെന്നു അവരുടെ പെരുമാറ്റം വിളിച്ചു പറയുന്നുണ്ടായിരുന്നു. "മോളേ.. നീ ഇവിടെ നിൽക്കുകയാണോ. ഇങ്ങോട്ട് വന്നേ. ഇവരെയൊക്കെ നിനക്ക് മനസ്സിലായോ." അവൾ തിരിഞ്ഞു നോക്കി. അമ്മയാണ്. അവൾക്ക് ആരെയും അത്ര പരിചയം പോരാ. എന്നാലും അകന്ന ബന്ധത്തിലെ ആരെങ്കിലുമൊക്കെ ആയിരിക്കും എന്നവൾ ഊഹിച്ചു. ഒരു ചെറു ചിരിയോടെ അവരുടെ അടുക്കലേക്കു നടന്നു. തുടർന്ന് പരിചയപ്പെടലും പരിചയം പുതുക്കലുകളും. പിന്നീട്, അത് തുടർന്നു കൊണ്ടേയിരുന്നു. 'ഇവരിൽ പലരെയും തന്റെ വിവാഹത്തിന്റെ അന്ന് കണ്ടിട്ടുണ്ടാകും. പക്ഷേ എങ്ങനെ ഓർക്കാനാണ്? പ്രവാസ ജീവിതത്തിനിടയിലെ നഷ്ടങ്ങളുടെ പട്ടികയിലേക്ക് എഴുതി ചേർക്കപ്പെടുന്നവയാണ് ഇതുപോലെയുള്ള ബന്ധങ്ങളും മുഹൂർത്തങ്ങളും' അവൾ മനസ്സിലോർത്തു.

Read Also: തന്നെ പുറത്താക്കിയ സ്കൂളിൽ തന്നെ പഠിക്കണം; കാശുണ്ടാക്കാൻ പെൺകുട്ടിയുടെ അപകടം നിറഞ്ഞ വഴികൾ

കൊലുന്നനെയുള്ള സുന്ദരിയായ പെൺകുട്ടി. അണിഞ്ഞൊരുങ്ങി നിൽക്കുന്ന അവളെ കണ്ടപ്പോൾ വർഷങ്ങൾക്കു പുറകിലേക്ക് മനസ്സ് കൊണ്ട് ഓടിക്കയറി. താനും ഇതുപോലൊരു ദിവസം കടന്നു പോയതാണ്. ഇപ്പോൾ പതിനാറ് വർഷങ്ങൾ കടന്നിരിക്കുന്നു. എന്നിട്ട് പോലും, ആ ദിവസങ്ങൾ ഓർക്കപ്പെടുമ്പോൾ സന്തോഷമാണോ സങ്കടമാണോ? തനിക്കറിയില്ല. എന്നാലും.. മനസ്സിലേക്ക് വല്ലാത്തൊരു ഭാരം വന്നു നിറയും പോലെ. "സുന്ദരമാകട്ടെ നിന്റെ ജീവിതം." മനസ്സുകൊണ്ട് അങ്ങനെ പ്രാർഥിക്കാനാണ് അവൾക്ക് തോന്നിയത്. എല്ലാവരോടും യാത്ര പറഞ്ഞു പിരിയുമ്പോൾ മനസ്സ് നിറയെ, അണിഞ്ഞൊരുങ്ങി നിൽക്കുന്ന ആ പെൺകുട്ടിയുടെ ചിരിക്കുന്ന മുഖമായിരുന്നു. "എത്ര നാളായെന്നോ അവരെയെല്ലാം കണ്ടിട്ട്. ഇതു പോലെ എന്തെങ്കിലും കാര്യങ്ങൾ വന്നാലേ എല്ലാവരേയും ഒന്നിച്ചു ഇങ്ങനെ കാണാൻ പറ്റൂ." അമ്മ പറഞ്ഞു കൊണ്ടേ ഇരുന്നു. ഇടവഴിയിൽ നിന്നും കാർ മെയിൻ റോഡിലേക്ക് കയറി. സമയം അഞ്ചര കഴിഞ്ഞിട്ടേ ഒള്ളു. കുറച്ചു ജോലി കൂടി ചെയ്തു തീർക്കാനുണ്ട് അതുകൊണ്ട്  വേഗം യാത്ര പറഞ്ഞിറങ്ങിയതാണ്. റോഡിൽ നല്ല തിരക്കാണ്. ആകെ മൂടിക്കെട്ടിയ അന്തരീക്ഷം. പക്ഷേ.. മഴ പെയ്യാനുള്ള സാധ്യത ഇല്ല. റോഡിലാകെ പൊടിയുടെ ആധിക്യം കുറച്ചു കൂടുതൽ തന്നെയാണ്. പക്ഷേ... സഹിക്കാൻ വയ്യാത്തത് ഈ ഹോണടിയാണ്. "എന്തിനാണ് ഇങ്ങനെ വെറുതേ ശബ്ദമുണ്ടാക്കുന്നത്. അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം ഹോണടിച്ചാൽ പോരേ" അവൾ അറിയാതെ ചോദിച്ചു പോയി. "ചേച്ചീ, ചേച്ചിക്കിത് ശീലമില്ലാത്തത് കൊണ്ടാണ്. ഞങ്ങൾക്കൊക്കെ ഇത് കേട്ടാൽ പ്രത്യേകിച്ച് ഒരു കുഴപ്പമില്ല, അല്ലേ അമ്മേ"  ഇതും പറഞ്ഞു രാജു  കുലുങ്ങി ചിരിച്ചു.

Read also: മക്കള്‍ വിദേശത്ത്, അമ്മച്ചി നാട്ടിൽ ഒറ്റയ്ക്ക്; 'കഴിഞ്ഞ ആഴ്ച വീണ് കാല് പൊട്ടി, ഇപ്പോൾ തലയിടിച്ചും വീണു, കഷ്ടം തന്നെ...'

രാജു കാറിന്റെ ഡ്രൈവർ ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അമ്മയുടെ വലംകൈ. "ടാ.. മോനേ ഞാൻ പറഞ്ഞത് നീ മറന്നോ. ആ ഹോസ്പിറ്റലിന് അടുത്തുള്ള, പുതിയതായി തുറന്ന ആ കടയില്ലേ അവിടെയൊന്നു കയറണം. കുറച്ചു സാധനങ്ങൾ കൂടി വാങ്ങണം." "എനിക്കോർമ്മയുണ്ടമ്മേ. ഞാൻ അങ്ങോട്ടാണ് പോകുന്നത്." "ഉം. ശരി" അമ്മ പറഞ്ഞു. അവൾ പുറം കാഴ്ച്ചകളിലേക്ക് കണ്ണുകൾ പായിച്ചു. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ റോഡരുകിൽ കാണാതിരുന്ന ധാരാളം കടകൾ പുതുതായി വന്നിരിക്കുന്നു. 'ഉം.. നമ്മുടെ നാടും വളരെ വേഗത്തിൽ വികസിക്കുന്നുണ്ട്. ' അവൾ മനസ്സിലോർത്തു. ഇതും വികസനത്തിന്റെ ഒരു ഭാഗം തന്നെ ആണല്ലോ. റോഡിനിരുവശവും വെളിച്ചം തെളിയിച്ചു തുടങ്ങിയിരിക്കുന്നു. വെളിച്ചം വിതറി നിൽക്കുന്ന നഗര വീഥികൾക്ക് മറ്റൊരു മുഖഭാവമാണ്. ഓരോ നിമിഷവും ഭാവം മാറുന്ന വീഥികൾ. 'ഇപ്രാവശ്യത്തെ വരവിൽ ചെയ്തു തീർക്കാൻ കുറച്ചു അധികം ജോലികൾ ഉണ്ടായിരുന്നു. എന്നാലും കുറച്ചു കൂടി ചെയ്തു തീർക്കാനുണ്ട്' അവൾ മനസ്സിലോർത്തു. പിന്നെ.. ജീവൻ തുടിക്കുന്ന സന്ധ്യക്കാഴ്ചയിലേക്ക് കണ്ണും കാതും തുറന്നു വച്ചു.

ചെറിയൊരു വളവു തിരിഞ്ഞു കടയുടെ പാർക്കിങ്ങിലേക്ക് കയറി, റിവേഴ്സ് ഇട്ട് കാറ്‌ പാർക്ക് ചെയ്തു കൊണ്ട് രാജു പറഞ്ഞു, "അമ്മേ.. ഞാനും വരുന്നുണ്ട്. എനിക്കും വീട്ടിലേക്കു കുറച്ചു സാധനങ്ങൾ വാങ്ങണം. ഇന്ന്  ഞായറാഴ്ചയല്ലേ, ഇന്ന് ഇവിടെ പ്രത്യേക ഡിസ്‌കൗണ്ട് കൊടുക്കുന്നുണ്ടെന്നു പരസ്യം കണ്ടിരുന്നു." "ഹോ.. ഇവന്റെയൊരു കാര്യം." അമ്മ ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു. പുതിയ കടയായതു കൊണ്ടാവും നല്ല ഭംഗിയിൽ അടുക്കും ചിട്ടയോടും കൂടി എല്ലാം സൂക്ഷിച്ചു വച്ചിരിക്കുന്നു.അമ്മയുടെ ധൃതി പിടിച്ചുള്ള നടപ്പ് കണ്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നത്. ആകെ നാല് സാധനങ്ങളാണ് അമ്മയുടെ ലിസ്റ്റിൽ ഉണ്ടാവുക. "ചന്ദനത്തിരി, മല്ലി, മഞ്ഞൾ, മുളക്." അമ്മയുടെ ഈ ലിസ്റ്റിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് മാത്രമായിരുന്നു അവൾക്കറിയേണ്ടിയിരുന്നത്. ഇല്ല. ഒരു മാറ്റവുമില്ല. താൻ ചെന്ന കാലം മുതൽ കണ്ടു തുടങ്ങിയതാണ് ഈ ലിസ്റ്റ്. ഇപ്പോഴും അതു തന്നെ. വീട്ടാവശ്യത്തിനുള്ള ബാക്കി സാധനങ്ങൾ ആര് വാങ്ങിയാലും അതൊന്നും അമ്മയ്‌ക്കൊരു പ്രശ്നമേയല്ല. പക്ഷേ.. ഇത് മാത്രം അമ്മയുടെ കുത്തകയാണ്. "ഇതൊക്കെ മറ്റാരെയെങ്കിലും ഏൽപ്പിച്ചാൽ നന്നായി നോക്കി എടുക്കില്ല." അവളുടെ ചിരിക്ക് മറുപടി എന്നോണം പറഞ്ഞു കൊണ്ട് അമ്മ മുന്നോട്ട് നടന്നു.

Read also: മരണം കാത്ത് കിടക്കുന്ന ആ സ്ത്രീ പതിയെപ്പറഞ്ഞു, 'നിന്റെ അമ്മയെ ഞാൻ കൊന്നതാണ്, എല്ലാം എന്റെ തെറ്റ്...'

അവിടെ അത്ര തിരക്ക് എന്ന് പറയാൻ ഇല്ല. എന്നാലും തരക്കേടില്ല. പേയ്‌മെന്റ് കൗണ്ടറിന് മുന്നിൽ നാല് പേർ മാത്രമേ ഒള്ളു. അവർക്ക് പുറകിലായി നിലയുറപ്പിച്ചു. കുട്ടികളുടെ ഉറക്കെയുള്ള സംസാരം കേട്ടാണ് തിരിഞ്ഞു നോക്കിയത്. നാലോ അഞ്ചോ ആൺകുട്ടികൾ, എട്ടോ പത്തോ വയസ്സ് അതിനപ്പുറം പോകില്ല. നാടോടികൾ ആണെന്ന് തോന്നുന്നു. വേഷവിധാനവും ഭാവവും രീതികളും കണ്ടിട്ട് അങ്ങനെ ആണ് തോന്നുന്നത്. അവർക്കൊപ്പം മുതിർന്ന ഒരു സ്ത്രീയും ഉണ്ട്. എന്തൊരു ബഹളമാണ്. ഈ കുട്ടികൾക്ക് കുറച്ചു പതുക്കെ സംസാരിച്ചു കൂടെ. അവൾക്ക് മുഷിവ് തോന്നി. അവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീ അവളെ നോക്കി ചിരിച്ചു. അവളും തിരിച്ചു ചിരിച്ചെന്നു വരുത്തി. "ജനീ... ജനിയല്ലേ" ആ സ്ത്രീയുടെ ചോദ്യം അവളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ഈ നാടോടി സ്ത്രീക്ക് എങ്ങനെ ആണ് തന്റെ പേര് അറിയുക. ആ ചിന്ത അവളുടെ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തി. പറ്റെ വെട്ടിയ മുടിയും മുഷിഞ്ഞ വേഷവും കൈയ്യിൽ ഒരു തുണി സഞ്ചിയും ചേർത്തുപിടിച്ചിരിക്കുന്നു. ഇവർക്ക് തന്റെ പേര് എങ്ങനെ അറിയാം. അവൾ അത്ഭുതപ്പെട്ടു.

ആകെ മുഷിഞ്ഞു നിറം മങ്ങിയ ഒരു കോട്ടൺ സാരി വലിച്ചു വാരി ചുറ്റിയിരിക്കുന്നു. സാരിയുടെ മുന്താണി തലയ്ക്കു മുകളിലൂടെ ചുറ്റി തോളിലൂടെ മുന്നിലേക്ക്‌. നീണ്ടു മെലിഞ്ഞ കൈകളിൽ നിറയെ പല നിറത്തിലുള്ള കുപ്പിവളകൾ പിന്നെ  സാമാന്യം വലിപ്പമുള്ള വട്ടത്തിലുള്ള മൂക്കുത്തിയും. ആരായിരിക്കും ഇത്. താൻ കരുതിയിരുന്നപോലെ ഇവർ ഒരു നാടോടി സ്ത്രീ അല്ല എന്നവൾക്ക് ബോധ്യമായി. "അതേ.. ജനി എന്നാണ് എന്റെ പേര്. പക്ഷേ.. എന്നെ എങ്ങനെ അറിയാം." അവൾ മടിച്ചു മടിച്ചു ചോദിച്ചു. "നിനക്കെന്നെ മനസ്സിലായില്ലേ?" വല്ലാത്തൊരു പ്രതിസന്ധിയിൽ അകപ്പെട്ടത് പോലെ തോന്നിയവൾക്ക്. ഒന്ന് മടിച്ചെങ്കിലും പിന്നീട്,  മെല്ലെ അവരുടെ അടുത്തേക്ക് നടന്നു. കുട്ടികൾ നിശബ്ദമായി രണ്ടുപേരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്ത് അത്ഭുതവും ആകാംഷയും നിഴലിക്കുന്നുണ്ട്. അവൾ തിരയുകയായിരുന്നു. തന്റെ ഭൂതകാലത്തിൽ എവിടെയെങ്കിലും ഇങ്ങനെ ഒരു മുഖം താൻ കണ്ടിട്ടുണ്ടോ എന്ന്. പക്ഷേ.. അവൾക്കതിൽ വിജയിക്കാനായില്ല.

Read also: പരീക്ഷ ജയിക്കാൻ ഇംഗ്ലിഷിൽ സംസാരിക്കണം; തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിനെ ധ്യാനിച്ച് ഒരു മുട്ടൻ ഡയലോഗ്..

"എനിക്ക്.. പെട്ടെന്ന്.. ഓർമ്മ വരുന്നില്ല. എന്നെ എങ്ങനെ അറിയാം." അവൾ പതിഞ്ഞ ശബ്ദത്തിൽ അവരോട് ചോദിച്ചു. "ശരിക്കും, നിനക്കെന്നെ മനസ്സിലായില്ലേ." അതു ചോദിക്കുമ്പോൾ ആ സ്ത്രീയുടെ മുഖത്ത് സങ്കടം നിഴലിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. "തന്നെ നന്നായി അറിയാവുന്ന ആരോ ആണ്. പക്ഷേ.. ആരാണ്. എന്തു പറയണം, എങ്ങനെ പറയണം. പ്രതീക്ഷയോടെ തന്നെ നോക്കുന്ന അവരുടെ മുഖത്ത് നോക്കി എങ്ങനെ ആണ് ഇനിയും പറയുക, തനിക്കു മനസ്സിലായിട്ടില്ല എന്ന്." അവൾ വല്ലാത്തൊരു ധർമ്മസങ്കടത്തിൽ അകപ്പെട്ടത് പോലെയായി. "ഞാൻ ലക്ഷ്മി ആണ്. നിനക്കോർമ്മ വരുന്നില്ലേ. നമ്മൾ ഒന്നിച്ചു പഠിച്ചതാണ്. ഒരേ ബെഞ്ചിൽ മൂന്ന് വർഷം. പത്താം ക്ലാസ്സ്‌ വരെയും നിന്റെ തൊട്ടടുത്തു ഇരുന്നു പഠിച്ച ലക്ഷ്മി." അത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. അവൾ വിശ്വസിക്കാനാകാതെ മിഴിച്ചു നിന്നു. വാക്കുകൾക്കായി പരതി. തൊണ്ട വരണ്ടു പോയിരിക്കുന്നു. ആ നിമിഷം വളരെ അസഹ്യമായി അവൾക്ക് അനുഭവപ്പെട്ടു. ശരിയാണ്. തന്റെ കൂടെ ഒരു ലക്ഷ്മി ഉണ്ടായിരുന്നു. എപ്പോഴും തന്റെ നിഴൽ പോലെ നടന്നവൾ. പക്ഷേ.. മനസ്സിലാക്കാൻ ആവുന്നതേ ഇല്ല. അത്രയ്ക്ക് മാറിയിരിക്കുന്നു.

"ലക്ഷ്മിയോ..." വിശ്വാസം വരാതെ അത്ഭുതത്തോടെ നോക്കി നിന്നു. "സാരമില്ല ജനീ, നിനക്ക് മാത്രമല്ല എന്നെ പലർക്കും മനസ്സിലാകാറില്ല. മിക്കപ്പോഴും കാണുന്നവർ ഒഴികെ ബാക്കിയാർക്കും മനസ്സിലാകാറില്ല." നിറഞ്ഞ ഒരു ചിരി അവൾക്കായി സമ്മാനിച്ചു കൊണ്ട് പറഞ്ഞു. ശരിയാണ്, ഇത് ലക്ഷ്മി തന്നെയാണ്. ആ ചിരി, അതു മാത്രം മാറിയിട്ടില്ല. അതെ, ഇവൾ ലക്ഷ്മി തന്നെയാണ്. അവളെ തന്റെ ഹൃദയത്തോട് ചേർത്തുപിടിച്ചു ആലിംഗനം ചെയ്യുമ്പോൾ ജനിയുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. "വേണ്ട, നീ കുറച്ചു മാറി നിന്നാൽ മതി. ഞാൻ ആകെ മുഷിഞ്ഞിരിക്കുകയാണ്. വിയർപ്പും പൊടിയും ഒക്കെയുണ്ട്." "അതിനെന്താ നീയല്ലേ. ഒരു കുഴപ്പവുമില്ല." അതും പറഞ്ഞു അവളെ ഒന്ന് കൂടി ചേർത്ത് നിർത്തുമ്പോൾ അവിടെ നിൽക്കുന്ന പലരും തങ്ങളെ തന്നെ നോക്കുന്നത് അവൾ കാണുന്നുണ്ടായിരുന്നു. "മോളേ, മതി മതി. ഇനിയിങ്ങു വാ നമുക്ക് പോകാം." അതു പറയുമ്പോൾ അമ്മയുടെ മുഖത്തെ ഭാവമാറ്റം അവൾ ശ്രദ്ധിച്ചു. താൻ ഇങ്ങനെ നിന്നു സംസാരിക്കുന്നതു അമ്മയ്ക്ക് ഇഷ്ടമാകുന്നില്ല എന്ന് മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു. അമ്മയെ കുറ്റം പറയാനാവില്ല, നാടോടികൾ ആണെന്ന് തന്നെയാവും അമ്മയും കരുതിയിട്ടുണ്ടാവുക. പക്ഷേ.. വിശദീകരണത്തിനുള്ള സമയമിതല്ല എന്നവൾക്ക് തോന്നി.

Read also: കുഞ്ഞുങ്ങളെ നോക്കാനും വീട്ടുപണിക്കും റിട്ടയറായ അച്ഛനും അമ്മയും; വെറുതേ ഒപ്പം നിർത്തിയാൽ നഷ്ടമെന്ന് മകൾ

"അമ്മ ചെന്ന് വണ്ടിയിൽ ഇരുന്നോളൂ. ഞാൻ വന്നോളാം." അവൾ ആ പറഞ്ഞത് അമ്മയ്‌ക്കൊട്ടും രസിച്ചിട്ടില്ല. പക്ഷേ.. ഇത് തന്റെ കൂട്ടുകാരി ആണെന്ന് പറഞ്ഞാൽ അമ്മയ്ക്ക് അത് ഉൾക്കൊള്ളാൻ ആവില്ല എന്നവൾക്ക്‌ അറിയാമായിരുന്നു. "ആരാ, അത് നിന്റെ ഭർത്താവിന്റെ അമ്മയാണോ." "അതേ" "എനിക്ക് തോന്നി. കാരണം ഞാൻ നിന്റെ അമ്മയെ പണ്ട് കണ്ടിട്ടുണ്ട്" ലക്ഷ്മി പറഞ്ഞു. "നമ്മൾ സ്കൂൾ കഴിഞ്ഞ ശേഷം കണ്ടിട്ടേ ഇല്ലല്ലോ. എന്നിട്ടും എങ്ങനെ ആണ് നിനക്ക് എന്നെ  മനസ്സിലായത്. എനിക്ക് നിന്നെ മനസ്സിലായതേ ഇല്ല. നീ വളരെ അധികം മാറിയിരിക്കുന്നു." അവൾ പറഞ്ഞു. വിഷാദം തളം കെട്ടി നിൽക്കുന്ന ഒരു മൂളൽ മാത്രമായിരുന്നു മറുപടി. പിന്നെ വീണ്ടും പറഞ്ഞു തുടങ്ങി, "പക്ഷേ.. നിന്നെ മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. നീ അതുപോലെ തന്നെയാണ് ഇപ്പോഴും. വലിയ മാറ്റം ഒന്നും തന്നെയില്ല. നിന്നെ ആർക്ക് കണ്ടാലും മനസ്സിലാക്കാൻ പറ്റും." പിന്നെ ചിരിച്ചു കൊണ്ട് വീണ്ടും തുടർന്നു "പാവാടക്കാരിയിൽ നിന്നും സാരിയിലേക്കുള്ള മാറ്റം അത് നിന്റെ ഭംഗി കൂട്ടിയിട്ടേ ഒള്ളു." അവിടെ ഉള്ളവരിൽ മിക്കവരും തങ്ങളെ തന്നെയാണ് നോക്കുന്നത്.

അവൾ ചോദിച്ചു, "നമുക്ക് കുറച്ചു നേരം പുറത്തേക്കിറങ്ങി നിന്ന് സംസാരിച്ചാലോ. ഇവിടെ ഇപ്പോൾ നല്ല തിരക്കായി തുടങ്ങിയിരിക്കുന്നു." "ഉം" "ഈ കുട്ടികളൊക്കെ ആരാ. നിന്റെ കുട്ടികളാണോ?" പുറത്തേക്കിറങ്ങുമ്പോൾ ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു. "ജനീ, നിനക്കെത്ര കുട്ടികളാണ്?" ഒരൊഴിഞ്ഞ കോണിലേക്ക് നീങ്ങി നിന്ന് കൊണ്ടവൾ ചോദിച്ചു. "മൂന്ന്, രണ്ട് പെണ്ണും ഒരാണും." താൻ പറഞ്ഞത് കേട്ടിട്ട് ആ മുഖത്ത് സന്തോഷവും സങ്കടവും ഒരുപോലെ മിന്നി മറയുന്നതവൾ നോക്കി നിന്നു. "ഇതൊക്കെ വീടിനടുത്തുള്ള കുട്ടികൾ ആണ്. ഇതിൽ ഒന്ന്, ദേ.. ആ പച്ച ഷർട്ടുകാരൻ അത് എന്റെ ആങ്ങളയുടെ മോനാണ്" ഒന്ന് നിർത്തിയ ശേഷം വീണ്ടും പറഞ്ഞു തുടങ്ങി. "ഞാൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല". "വേണ്ടെന്നു വച്ചതാണോ. അതോ.." "ഞാൻ ആറിൽ പഠിക്കുമ്പോഴായിരുന്നു അച്ഛൻ  മരിച്ചത്. പിന്നെ എന്റെ പത്താം ക്ലാസ്സ് കഴിഞ്ഞു ഏറെ കഴിയും മുൻപ് അമ്മയും പോയി. കാൻസർ ആയിരുന്നു. രണ്ട് ചേട്ടന്മാർ ഉണ്ടായിരുന്നവരുടെ വിവാഹവും ഇതിനിടയിൽ കഴിഞ്ഞിരുന്നു. പിന്നെ... അവർക്കെല്ലാം അവരവരുടെ തിരക്കുകളായി ഇതിനിടയിൽ എന്റെ കാര്യം ശ്രദ്ധിക്കാൻ ആരുമില്ലാതായി." ഒരു തമാശയെന്നോണം അവൾ പറഞ്ഞു.

Read also: മീൻ മുള്ള് പോലൊരു സാധനം, അതും പിടിച്ച് പുരപ്പുറത്ത് കയറിയിരിക്കുന്ന ആളെക്കണ്ട് നാട്ടുകാർ അമ്പരന്നു!

"അവരുടെ ബുദ്ധിമുട്ടുകൾക്കും പ്രാരാബ്ധങ്ങൾക്കും ഇടയിൽ ഞാൻ അവർക്കാർക്കും ഒരു ബാധ്യത ആകാൻ ആഗ്രഹിച്ചില്ല. പക്ഷേ.. ഇപ്പോൾ ആലോചിക്കുമ്പോൾ നന്നായി എന്ന് തോനുന്നു. കണ്ടില്ലേ ഇതിപ്പോൾ രണ്ടാമത്തെ വരവാണ്. രണ്ടാമതും വന്ന ശേഷം ഇപ്പോൾ ഒരു കീമോ  കഴിഞ്ഞിരിക്കുന്നു. അടുത്ത ആഴ്ച രണ്ടാമത്തെ കീമോ ചെയ്യണം." ഒരു തമാശ പറയുംപോലെ ലക്ഷ്മി പറഞ്ഞു നിർത്തി. എല്ലാം  വേദനയോടെ കേട്ട് നിൽക്കാനേ അവൾക്കായുള്ളു. വേദനയുടെയും നിരാശയുടെയും തിരയിളക്കം ലക്ഷ്മിയുടെ കണ്ണുകളിൽ അവൾക്ക് കാണാമായിരുന്നു. "ചേച്ചീ.. ദേ.. അവിടെ അമ്മ തിരക്ക് കൂട്ടുന്നുണ്ട്. ചേച്ചിയെ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞു വിട്ടതാണ്." അവൾ തിരിഞ്ഞു നോക്കി, രാജുവാണ്. "ദാ.. വരുന്നു. നിൽക്ക് ഒന്നിച്ചു പോകാം" അവൾ രാജുവിനോടായി പറഞ്ഞു. അവൾക്കറിയാം ഇനിയും ഇവിടെ നിന്നാൽ അമ്മയുമായി വെറുതേ മുഷിയേണ്ടി വരുമെന്ന്. അതവൾ ആഗ്രഹിക്കുന്നില്ല. ലക്ഷ്മിയുടെ അഡ്രസ്സും ഫോൺ നമ്പറും വാങ്ങി യാത്ര പറയുമ്പോൾ, വർഷങ്ങൾക്കു മുൻപ് നഷ്ടമായൊരു നിധി കിട്ടിയ സന്തോഷമായിരുന്നു. എന്നാലും.. ആ ഭാവം, വേഷം പിന്നെ അവളുടെ അവസ്ഥ അതെല്ലാം ജനിയെ വ്യഥയുടെ പടവുകൾ കയറ്റുന്നുണ്ടായിരുന്നു.

അവൾ ഓർക്കുകയായിരുന്നു. തന്റെ എല്ലാ കുസൃതികൾക്കും കൂട്ടുനിന്നിരുന്നവൾ. നിഴൽ പോലെ എപ്പോഴും കൂടെ ഉണ്ടായിരുന്നവൾ എന്നിട്ടും എപ്പോഴോ ഒരു ഘട്ടത്തിൽ മറവിയുടെ കൂടാരത്തിലേക്കു മറഞ്ഞു പോയവൾ. ഓർക്കുംതോറും ഏറുന്ന ഹൃദയ വ്യഥയോടെ കാറിന്റെ പിൻസീറ്റിലേക്കു അവൾ ചാരിക്കിടന്നു. അന്തി ഇരുളിൽ മുഴുകിക്കഴിഞ്ഞിരിക്കുന്നു. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവളുടെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടേ ഇരുന്നു. പ്രവാസ ജീവിതത്തിനിടയിൽ പല ജീവിതങ്ങളും മുന്നിൽ കണ്ടിട്ടുണ്ട്. ജീവിതത്തിന്റെ മറുകരയിലേക്ക് മരുപ്പച്ച തേടിവന്നവർ. അക്കൂട്ടത്തിൽ വിജയിച്ചവരും അമ്പേ പരാജയപ്പെട്ടു പോയവരും ഉണ്ട്. തിരിച്ചു പോകാനാകാതെ അവിടെ തന്നെ ഒടുങ്ങിയവരേയും കണ്ടിരിക്കുന്നു. അവരിലെല്ലാം പ്രതീക്ഷയുടെ ഒരു നുറുങ്ങു വെട്ടം കണ്ണുകളിൽ നിഴലിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ.. ലക്ഷ്മിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു നിഴൽ പോലും അവൾക്ക് കാണാൻ സാധിച്ചിരുന്നില്ല. അവൾ ഓർക്കുകയായിരുന്നു, പലപ്പോഴും മനുഷ്യരുടെ വേഷവും ഭാവവും അവരുടെ ജീവിതാവസ്ഥയിലേക്കുള്ള ചൂണ്ടുപലകകൾ കൂടിയാണെന്ന്.

Read also: നടക്കാനാവാത്ത വിവാഹിത, വിഭാര്യനായ യുവാവ്; അകലങ്ങളിലിരുന്ന് അവർ അടുത്തു, ഒടുവിൽ കണ്ടുമുട്ടൽ

ലക്ഷ്മിയെ കാണും വരേയും അവളുടെ മനസ്സ് നിറയെ അണിഞ്ഞൊരുങ്ങി പുതിയൊരു ജീവിതത്തിലേക്ക് സന്തോഷത്തോടെ കാലെടുത്തു വയ്ക്കാൻ ഒരുങ്ങുന്ന ആ പെൺകുട്ടിയുടെ ചിരിക്കുന്ന മുഖമായിരുന്നു. ഇപ്പോൾ ആ കാഴ്ച മാഞ്ഞു കഴിഞ്ഞിരിക്കുന്നു. ശേഷിക്കുന്നത്, സ്കൂൾ യൂണിഫോമിൽ ഇരുവശത്തേക്കും മുടി മെടഞ്ഞിട്ടു അതിന്റെ അറ്റത്തു ചുവപ്പ് റിബൺ കെട്ടി, തോളിൽ പുസ്തക സഞ്ചിയും തൂക്കി ചിരിച്ചുല്ലസിച്ചു നടന്നു പോകുന്ന രണ്ടു പെൺകുട്ടികൾ മാത്രമായിരുന്നു. പെയ്തിറങ്ങുന്ന ഓർമകളിലേക്ക് അവൾ നനഞ്ഞിറങ്ങി.

Content Summary: Malayalam Short Story ' Manassudooram ' Written by Raji Snehalal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com