ADVERTISEMENT

പാലക്കാടുനിന്നും പളനിയിലേക്കുള്ള ആദ്യത്തെ ബസിൽ ചാടിക്കയറി മുന്നിൽക്കണ്ട സീറ്റിൽ ആധിപത്യമുറപ്പിക്കുമ്പോഴും മനസിൽ അങ്കലാപ്പും ആശ്ചര്യവും വിട്ടുമാറിയിരുന്നില്ല. ലീവ് തീരാൻ അധികനാളില്ല. ദുബായിലേക്കു തിരിച്ചു പോകാൻ ഏറിയാൽ ഒരാഴ്ച കാണും. അപ്പോഴാണ് പതിവില്ലാതെ ഇന്നലെ മണിയമ്മയുടെ കത്ത് രജിസ്റ്റേർഡ് പോസ്റ്റ് ആയി എന്നെത്തേടിയെത്തിയത്. മോൻ എന്നെ വന്നൊന്നു കാണാമോ?. പ്രായാധിക്യം മൂലം യാത്രചെയ്യാൻ വയ്യാത്തതിനാലാണ് അങ്ങോട്ടു വരാത്തത്. ഇതെന്റെ അപേക്ഷയാണ്. നിരസിക്കുകയില്ലെന്നു കരുതുന്നു. വളരെ ഹ്രസ്വമായൊരെഴുത്തായിരുന്നത്. അതോടെ മറവിയുടെ ഇരുളിൽ മറഞ്ഞിരിക്കുകയായിരുന്ന മണിയമ്മ ഓർമ്മകളുടെ ചൂട്ടുതെളിച്ച് പുറത്തേക്കിറങ്ങിവന്നു. ഏതോ ഒരു ഗ്രാമത്തിലൂടെ പൊടിപറത്തിക്കൊണ്ട് പാഞ്ഞു പോകുന്ന ബസിനകത്ത് ഏറിയാൽ പത്തുപേരുണ്ടാവും. ആറുമണിയാവുന്നതേയുള്ളൂ. മഞ്ഞിന്റെ പാളികൾക്കിടയിലൂടെ സൂര്യൻ എത്തിനോക്കിത്തുടങ്ങിയിരിക്കുന്നു. നാട് ഉണർന്നു തുടങ്ങിയതേയുള്ളു. നേരത്തേ വീട്ടിൽ നിന്നും ഇറങ്ങിയത് നന്നായി. ഇന്നുതന്നെ തിരിച്ചു വരാലോ. എന്നാലും എന്തിനാവും അവരെന്നെ കാണണമെന്നു പറഞ്ഞത്?

എനിക്ക് പതിനഞ്ചോ പതിനാറോ വയസ്സു കാണും ആയിടയ്ക്കാണ് അമ്മയ്ക്ക് സഹായിയായി മണിയമ്മയെ കിട്ടിയത്. പഴനി ആയിരുന്നവരുടെ ജന്മസ്ഥലം. തുടക്കകാലത്ത് തമിഴ് മാത്രമായിരുന്നവരുടെ ഭാഷ. അന്നവർ മുപ്പതിന്റെ പടി ചവിട്ടി തുടങ്ങിയിട്ടുണ്ടാവും. ഇരുനിറത്തിൽ ചന്തമുള്ള വട്ടമുഖവും വലിയ ചുവന്ന വട്ടപ്പൊട്ടും വൃത്തിയായുള്ള വേഷവിധാനവും അവരെ മറ്റു പണിക്കാരികളിൽ നിന്നും വ്യത്യസ്തയാക്കിയിരുന്നു. പോകപ്പോകെ അമ്മയ്ക്ക് മണിയമ്മയില്ലാതെ വയ്യെന്നായി. അമ്മ ഹെഡ്ടീച്ചറായി വിരമിക്കുമ്പോഴക്കും മണിയമ്മ വീട്ടിലെ ഒരു അംഗമായി മാറിയിരുന്നു. അച്ഛന്റെ മരണത്തെത്തുടർന്ന് അവർ വീട്ടിൽ സ്ഥിരമായി താമസം തുടങ്ങിയിരുന്നു. ചേച്ചി വിവാഹിതയായപ്പോഴും ഞാൻ വിദേശത്ത് ജോലി നോക്കിപ്പോയപ്പോഴും അമ്മ ഒറ്റപ്പെടുമല്ലോ എന്നൊരു ചിന്ത ഒരിക്കലും മനസ്സിൽ വന്നതേയില്ല. കാവലാളായി മണിയമ്മ ഉണ്ടായിരുന്നല്ലോ..! വല്ലപ്പോഴും പഴനിയിൽ അവരുടെ കുടുംബസന്ദർശനത്തിനു പോകുമ്പോൾ അവർക്കുപകരം അയൽവീട്ടിലെ വിലാസിനിയേടത്തിയെ നിർത്താൻ എന്നും അവർ ശ്രദ്ധിച്ചിരുന്നു. ഒരു കാലത്തും ഒന്നിനും ഒരു മുടക്കവും അവർ വരുത്തിയിട്ടില്ല. അമ്മയുടെ വിശ്വസ്ത സേവകയും ഹൃദയം സൂക്ഷിപ്പുകാരിയുമായിരുന്നു അവർ.

Read Also: മീൻ മുള്ള് പോലൊരു സാധനം, അതും പിടിച്ച് പുരപ്പുറത്ത് കയറിയിരിക്കുന്ന ആളെക്കണ്ട് നാട്ടുകാർ അമ്പരന്നു!

എവിടെയോ ബസ് നിർത്തിയപ്പോൾ യാത്രക്കാരിറങ്ങി. അപ്പോഴാണ് ശ്രദ്ധിക്കുന്നത് ബസിൽ ഇനി അവസാനത്തെ യാത്രക്കാരൻ ഞാനാണ്.. പഴനിയിലേക്ക് ഇനി അധികദൂരമില്ല. ഞാൻ ചിന്തകളുടെ ജാലകം പതുക്കെയടച്ച് കണ്ണുകൾ പൂട്ടി സീറ്റിലേക്കു ചാഞ്ഞു. അവസാനത്തെ സ്റ്റോപ്പ് ആയതുകൊണ്ടു ഉറങ്ങിപ്പോയാലും പേടിക്കാനില്ല. ഒന്നു കണ്ണുചിമ്മിയെന്നു തോന്നുന്നു. വല്ലാത്തൊരു ഇരമ്പലോടെ ബസ് നിന്നു കിതച്ചു. ഞാൻ പതിയെ എഴുന്നേറ്റ് നടുനിവർത്തി, പുറത്തിറങ്ങി. നാലുചുറ്റും കണ്ണോടിച്ചു. ഓട്ടോയ്ക്ക് കൈ കാണിച്ച് അഡ്രസ് പറഞ്ഞുകൊടുത്ത് കയറിയിരുന്നു. ചെമ്മണ്ണു നിറഞ്ഞ റോഡിലേക്ക് ഓട്ടോ കയറിയപ്പോൾ ഞാൻ പുറംകാഴ്ചയിലേക്ക് കണ്ണുകളേയും മനസ്സിനേയും സ്വതന്ത്രമാക്കിവിട്ടു. പച്ച പെയിന്റടിച്ച ലൈൻമുറികളുടെ ആരംഭത്തിൽ ഓട്ടോ നിർത്തിയിട്ട് ഓട്ടോക്കാരൻ നേരേ ചൂണ്ടിക്കാണിച്ച് തമിഴിൽ പറഞ്ഞു "അവിടെ ആരോടെങ്കിലും നമ്പർ പറഞ്ഞാൽ മതി." ഞാൻ മുന്നോട്ടുനടന്നു. എല്ലാ വീട്ടിന്റെയും നമ്പർ മാഞ്ഞും പൊളിഞ്ഞും കിടന്നു. ഒരു ഭാഗത്ത് മാറി കുഴൽക്കിണറും അതിനുചുറ്റും കൂടിനിൽക്കുന്ന കുറച്ചു പേരേയും കണ്ടു. അരിച്ചെത്തിയ കാറ്റിൽ അഴുകിയ ഓടയുടെ മണം മൂക്കിലേക്കു തുളച്ചുകയറി. 

ഞാനങ്ങോട്ടു ചെന്ന് അവരോട് മണിയമ്മയുടെ വീടിന്റെ നമ്പർ പറഞ്ഞു. ഉടനെ കൂട്ടത്തിലൊരു സ്ത്രീ മുന്നോട്ടു വന്ന് എന്നോടു ചോദിച്ചു "അങ്കെ യാരെ പാക്കണം? മണിയമ്മാവെയാ?" ഞാൻ തലകുലുക്കി. എന്നിട്ട് അവർ ചൂണ്ടിക്കാണിച്ച ഭാഗത്തേക്കുനടന്നു. വീടിന്റെ വാതിൽ ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ. ഞാനൊരു വട്ടം കതകിനു തട്ടി. അകത്തുനിന്നും ശബ്ദമൊന്നും കേൾക്കാതിരുന്നപ്പോൾ തിരിഞ്ഞു നോക്കിക്കൊണ്ട് ഒന്നുകൂടെ തട്ടി. "യാര്? ലച്ച്മിയാ?" അകത്തു നിന്നും ക്ഷീണിച്ച ഒരു ശബ്ദം കേട്ടതും വാതിൽ തള്ളിത്തുറന്ന് അകത്തേക്കു കടന്നു. എണ്ണയുടെയും കുഴമ്പിന്റെയുമൊക്കെച്ചേർന്ന സമ്മിശ്ര ഗന്ധം മൂക്കിലേക്കടിച്ചു കയറി. ചെറിയ രണ്ടു മുറികൾ മാത്രമുള്ളൊരു വീടായിരുന്നത്.. ഞാൻ ശബ്ദം കേട്ട ദിക്കിലേക്ക് ചെന്ന് നോക്കി. അകത്ത് നല്ല ഇരുട്ടായിരുന്നു.. ആ ഇരുട്ട് കണ്ണുകൾക്ക് പരിചിതമായപ്പോൾ കട്ടിലിൽ കിടക്കുന്ന ഒരു രൂപം വ്യക്തമായിക്കണ്ടു.. ഞാൻ സംശയിച്ച് ചോദിച്ചു "മണിയമ്മ … ?" അവരൊന്നു ഞെട്ടിയോ? അതോ തോന്നലോ?.. പെട്ടെന്നു ചോദ്യം വന്നു "വിഷ്ണു?" "അതേ.."

Read Also: കുഞ്ഞുങ്ങളെ നോക്കാനും വീട്ടുപണിക്കും റിട്ടയറായ അച്ഛനും അമ്മയും; വെറുതേ ഒപ്പം നിർത്തിയാൽ നഷ്ടമെന്ന് മകൾ

ആ ചോദ്യത്തിൽ അവർ എന്നെ കാത്തിരിക്കുകയായിരുന്നെന്നു വ്യക്തമായിരുന്നു. തമിഴ് കലർന്ന മലയാളത്തിൽ അവർ പറഞ്ഞു. "മോൻ നാട്ടിലുണ്ടായിരുന്നോ? ഞാനോർത്തു എന്റെ കത്തവിടെക്കിട്ടില്ലെന്ന്. അല്ലെങ്കിത്തന്നെ ആരോർക്കാനാ എന്നെ..!" "അല്ല മണിയമ്മാ.. അമ്മയ്ക്ക് അത്രയ്ക്ക് വേണ്ടപ്പെട്ടയൊരാളെ ഞങ്ങളങ്ങനെ മറക്കുമോ? എന്നും ഓർക്കാറുണ്ട്." അവർ മറ്റേതോ ലോകത്താണെന്ന് തോന്നി. ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ ആവോ. ഇവരെ ഞാനവസാനം കണ്ടതെന്നായിരുന്നു? അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഒരു മൂലയിൽ ഇരുന്നു കരയുന്നതു കണ്ടിരുന്നു. അതു കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷം തിരിച്ചു ദുബായിലേക്കു പോകുമ്പോഴും മണിയമ്മ ഉണ്ടായിരുന്നു.. ചേച്ചി ഹൈദരാബാദിലേക്കു തിരിച്ചു പോകുമ്പോൾ അവർ നാട്ടിലേക്ക് തിരിച്ചുപോയി എന്നാണറിഞ്ഞത്. ഇനിയൊരു വീട്ടിലും വേലയ്ക്ക് നിൽക്കില്ലെന്നു പറഞ്ഞുപോലും. അമ്മ മരിച്ചിട്ടിപ്പോ പത്തുവർഷമാവുന്നു.

"മോനേ വിഷ്ണു" മണിയമ്മയുടെ നേർത്ത ചിലമ്പിച്ച ശബ്ദം എന്റെ കാതുകളിൽ പതിച്ചപ്പോൾ ഞാൻ ചോദ്യഭാവത്തിൽ അവരെയുറ്റു നോക്കി.. "എന്താ മണിയമ്മേ? നിങ്ങൾക്കെന്തേ വയ്യേ?" ഒരു നിമിഷനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അവർ പറഞ്ഞു "രോഗബാധിതയാണ്.. വയറ്റിൽ കാൻസർ ആണ്. കണ്ടുപിടിക്കാൻ വൈകി. ഇനി അധികനാളില്ല. അതുക്കും മുന്നേ വിഷ്ണുവിനെക്കാണണം എന്നു തോന്നി." ഞാൻ മെല്ലെയൊന്നു പുഞ്ചിരിച്ചു. "എല്ലാം ഭേദമാകും. ഞാൻ കൊണ്ടുപോകാം ആശുപത്രിയിലേക്ക്. നല്ല ചികിത്സ കിട്ടിയാൽ ഏതുരോഗവും മാറും." യാതൊരു പ്രതീക്ഷയുമില്ലാതെ അങ്ങനൊരുറപ്പ് മണിയമ്മയ്ക്ക് നൽകിയതെന്തിനാണെന്ന് എനിക്കൊട്ടും മനസ്സിലായില്ല. "അതൊന്നും വേണ്ട.. എന്റെ തെറ്റിനുള്ള ശിക്ഷയാണിപ്പോ കാൻസറിന്റെ രൂപത്തിൽ കിട്ടിയത്" "എന്തു തെറ്റ്?  അസുഖം വരുന്നത് തെറ്റാണോ..!" അവർ പറഞ്ഞു "തെറ്റുണ്ട് വലിയ തെറ്റ്.. മനുഷ്യത്വവും മാതൃത്വവും തമ്മിലായിരുന്നു മത്സരം. മനുഷ്യത്വം തോറ്റുപോയി മോനേ" "എന്തൊക്കെയാ ഈ പറയുന്നത് ."പരസ്പരബന്ധമില്ലാത്ത സംസാരം കേട്ട് ഞാൻ ഈർഷ്യയോടെ പറഞ്ഞു. ഇത്രയും ദൂരം യാത്ര ചെയ്തു വന്നത് ഇവരുടെ കടംകഥ കേൾക്കാനാണോ?.

"ആ കസേര വലിച്ച് നീയവിടിരിക്കു വിഷ്ണു. ഞാൻ പറയാം" അവർ ദീർഘനിശ്വാസമെടുത്ത് കൊണ്ട് മുറിയിലങ്ങിങ്ങായി നോക്കുന്നു. അവരുടെ ഉഴറിയുഴറിയുള്ള നോട്ടം കണ്ടപ്പോൾ വല്ലാത്ത മാനസികസംഘർഷം അനുഭവിക്കുന്നുണ്ടെന്നു തോന്നി. ഞാൻ മെല്ലെ അവരുടെ കൈയ്യിലൊന്നു തലോടി. എന്നിട്ടു പറഞ്ഞു "എന്താ പറയാനുള്ളത്?" "ഞാൻ അവരെ കൊന്നു. കൊന്നതാ ഞാൻ" "ആരെ?. ആരെക്കൊന്നുവെന്ന്? എനിക്കു മനസ്സിലായില്ല" "നിന്റെ അമ്മ രാജേശ്വരിയേടത്തിയെ" പെട്ടെന്ന് ഞാനിരുന്നിടം കുഴിഞ്ഞു പോകുന്നതുപോലെ, താഴേക്ക് വീഴുമെന്ന തോന്നലിൽ ചാടിയെണീറ്റു. കേട്ടതു വിശ്വസിക്കാനാവാതെ അവരുടെ നേരേ തുറിച്ചു നോക്കിക്കൊണ്ടുനിന്നു. വാക്കുകൾ തൊണ്ടയിലെവിടെയോ കുരുങ്ങിക്കിടക്കുകയാണ്. എന്തിനെന്നു ചോദിക്കണമെന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല. കുറച്ചു നിമിഷങ്ങൾക്കുശേഷം ഇടറിയ ശബ്ദത്തോടെ ചോദിച്ചു. "എന്തിന്? ചുമ്മാ എന്തെങ്കിലും പറയല്ലേ മണിയമ്മേ."

Read Also: നടക്കാനാവാത്ത വിവാഹിത, വിഭാര്യനായ യുവാവ്; അകലങ്ങളിലിരുന്ന് അവർ അടുത്തു, ഒടുവിൽ കണ്ടുമുട്ടൽ

ഉത്തരം പറയുന്നതിനു പകരം അവർ വിതുമ്പിക്കരയാൻ ആരംഭിച്ചു. എന്തു ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. മണിയമ്മ പറഞ്ഞത് അംഗീകരിക്കാൻ വൈമുഖ്യം കാണിക്കുകയാണ് മനസ്സ്. എന്തിന് എന്ന ചോദ്യം ഞാൻ ആവർത്തിച്ചു. "എന്റെ മകൾക്ക് കല്യാണപ്രായം തികഞ്ഞിരുന്നു. പല ആലോചനകളും പണമില്ലാത്തതിന്റെ പേരിൽ വേണ്ടെന്നു വെക്കേണ്ടി വന്നിരുന്നു.. അപ്പോഴാണ് അവൾക്ക് ഒരു പയ്യനുമായി പ്രേമമുണ്ടെന്ന് എന്റെ മകൻ സെന്തിൽ വന്നു പറയുന്നത്. അവൾ ഗർഭിണിയായിരുന്നു. പയ്യനോട് സംസാരിച്ചപ്പോൾ വീട്ടുകാരോട് സംസാരിക്കാൻ പറഞ്ഞുവിട്ടു. അവർ വലിയൊരു തുക സ്ത്രീധനമായി ചോദിച്ചു. പയ്യൻ പറഞ്ഞത് വീട്ടുകാരെ എതിർത്ത് ഒന്നും ചെയ്യാൻ വയ്യെന്നായിരുന്നു. അതോടെ എല്ലാവരും വിഷമത്തിലായി. നിങ്ങളോട് ചോദിച്ചാലും എത്ര പൈസ ഒരാൾക്ക് ദാനമായിത്തരാൻ സാധിക്കും..! അപ്പോൾ സെന്തിൽ പറഞ്ഞു അമ്മയെക്കൊന്നു സ്വർണ്ണവും പണവും കൈക്കലാക്കാൻ. കേട്ടപാടെ മുഖമടച്ചൊരു ആട്ട് കൊടുത്തപ്പോൾ അവൻ പറഞ്ഞു, ഹാ എങ്കിൽ അവൾ പിഴച്ചു പ്രസവിക്കട്ടെ.. നിങ്ങൾ ആദർശം പറഞ്ഞിരുന്നോ എന്ന്. ആ വാക്കുകൾ എന്നിൽ ഒരുപാട് ചലനമുളവാക്കി. അന്നുമുതൽ എന്റെയുള്ളിൽ ചെകുത്താൻ പണി തുടങ്ങിക്കഴിഞ്ഞിരുന്നു. ഒരു ദിവസം സെന്തിൽ വരുമ്പോൾ കുറച്ചു വിഷവുമായാണ് വന്നത്"

അതുകേട്ടതും ഞാൻ ഇരിപ്പിടത്തിൽ നിന്നു ചാടിയെണീറ്റ് ആക്രോശിച്ചു. "നിങ്ങളെ ഞാനിപ്പോ പൊലീസിലേൽപ്പിക്കും മണിയമ്മേ, ഒരു കൂടപ്പിറപ്പിനെക്കാളും നിങ്ങളെ എന്റമ്മ സ്നേഹിച്ചിരുന്നു. ഓരോ ലീവിനു വരുമ്പഴും എന്നോടാവശ്യപ്പെട്ടിരുന്നത് മണിയമ്മയ്ക്കും കുട്ടികൾക്കും കൊടുക്കാനുള്ള സാധനങ്ങളാണ്. ഒരിക്കലും അമ്മയെ ഞാൻ നിരാശപ്പെടുത്തിയിട്ടുമില്ല." അത്രയും പറഞ്ഞപ്പോഴേക്കും എന്റെ തൊണ്ടയിടറി. എന്റെ പാവം അമ്മ. ആ ചിന്തയിൽ കണ്ണുകൾ ഈറനണിഞ്ഞു. "മാപ്പ്. മരണം കാത്തുകിടക്കുന്ന ഈ കിഴവിയോട് ക്ഷമിക്കു." അവർ എനിക്കു നേരേ കൈകൂപ്പിക്കൊണ്ട് പൊട്ടിക്കരഞ്ഞു. "ക്ഷമിക്കാവുന്ന തെറ്റാണോ നിങ്ങൾ ചെയ്തിരിക്കുന്നത്.. ഞാനും ചേച്ചിയും നിങ്ങളെ വിശ്വസിച്ചല്ലേ അമ്മയെ നിങ്ങളെ ഏൽപ്പിച്ചത്? ആ സ്നേഹത്തിനു നിങ്ങൾ തന്ന കൂലിയല്ലേ ഇത്? നിങ്ങളുടെ എന്തെങ്കിലും ആവശ്യം ഞങ്ങൾ നിറവേറ്റാതിരുന്നിട്ടുണ്ടോ?" എന്തു ചെയ്യണമെന്ന് ഒരു രൂപവും എന്റെ മനസ്സിൽ തെളിയുന്നില്ലായിരുന്നു. ഉള്ളിൽ എന്തൊക്കെയോ കിടന്നുമറിയാൻ തുടങ്ങി. അമ്മയെക്കുറിച്ച് ഓർക്കുന്തോറും ഒരാവേശത്തിന് അവരുടെ കഴുത്തുഞെരിച്ചു കൊന്നുകളഞ്ഞാലോ എന്നും തോന്നി.

Read Also: ' പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറിൽ ബാക്കി വരുന്ന ഭക്ഷണം കൊണ്ടുപോകും, അതാണ് അന്നത്തെ അത്താഴം...'

അമ്മയുടെ ജീവൻ നഷ്ടമായ ദിവസം അവസാനമായി അമ്മയുമായി ഫോണിൽ സംസാരിച്ചതോർമ്മ വന്നു. എന്നും അമ്മ കിടക്കും മുന്നേ വിളിച്ച് കാര്യങ്ങൾ തിരക്കാറുണ്ടായിരുന്നു. അന്നു വിളിച്ചപ്പോൾ അമ്മ പറഞ്ഞു. "എന്താണെന്നറിയില്ല, ആകെയൊരു വിമ്മിഷ്ടംപോലെ, ഗ്യാസ് ആണെന്നാ തോന്നുന്നേ.. ഉഷ്ണവും കൂടുതലാണല്ലോ. ശർദ്ദിക്കാൻ വരും പോലുണ്ട്. ഇന്നിത്തിരി നേരത്തേ കിടക്കട്ടേ കേട്ടോ." അതുംപറഞ്ഞ് ഫോൺ വെച്ചതായിരുന്നു. പിറ്റേന്ന് രാവിലെ ഫോൺ ചെയ്തപ്പോഴേക്കും യാതൊരുവിധ സംശയത്തിനും ഇടകൊടുക്കാതെ അമ്മ പോയിരുന്നു. മണിയമ്മയെ ഒരിക്കൽപോലും സംശയിക്കാൻ എനിക്കോ ചേച്ചിക്കോ തോന്നിയതുമില്ല.. എന്റെ ചിന്തകളിലാകെ ഇരുട്ടു വീണിരുന്നു. അവരോട് യാത്ര പോലും പറയാതെ വിഷ്ണു എന്ന പതിഞ്ഞ മട്ടിലുള്ള അവരുടെ വിളി കേട്ടില്ലെന്നു നടിച്ചുകൊണ്ട് ഞാൻ വിക്ഷുബ്ധമായ മനസ്സോടെ പുറത്തേക്കിറങ്ങി നടന്നു. അപ്പോഴേക്കും മനസ്സിനേറ്റ ആഘാതം ശരീരത്തെ തളർത്താൻ തുടങ്ങിയിരുന്നു. മുന്നിൽക്കണ്ട കലുങ്കിൽപിടിച്ച് ഞാനങ്ങനെ നിന്നു. എന്തു ചെയ്യണമെന്നറിയാതെ.. അനന്തതയിലേക്കു കണ്ണുംനട്ട്.. തെക്കുനിന്നെത്തിയ പിശറൻകാറ്റ് ഒരു മൂളിച്ചയോടെ എന്നെ കടന്നുപോയി. മാനത്ത് ഒരുകൂട്ടം നരച്ചമേഘങ്ങൾ ദിക്കറിയാതെ പ്രയാണം തുടങ്ങിക്കഴിഞ്ഞിരുന്നു.

Content Summary: Malayalam Short Story ' Maniyamma ' Written by Neethi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com