എന്തോ പിറുപിറുത്തുകൊണ്ട് നടക്കുന്ന സ്ത്രീ, മുഖം നോക്കിയപ്പോൾ കുട്ടിക്കാലത്ത് പഠിപ്പിച്ച ടീച്ചർ; അമ്പരപ്പ്
Mail This Article
ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി. ടീച്ചറേന്നു വിളിച്ച് പുറകിൽ നിൽക്കുന്നത് ഞാനാവുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവരുടെ മുഖഭാവം വ്യക്തമാക്കുന്നുണ്ടായിരുന്നു. "ആഹ്, കുട്ടിയായിരുന്നോ? ഞാൻ വിചാരിച്ചു...." പറഞ്ഞുവന്നത് മുഴുമിപ്പിക്കാതെ ടീച്ചർ മുന്നോട്ട് നടന്നു, കൂടെ ഞാനും. ഉച്ചവെയിലിന്റെ കാഠിന്യം ഇത്തിരിയടങ്ങിയശേഷം മാർക്കറ്റിലേക്കിറങ്ങിയതായിരുന്നു ഞാൻ. സാധനങ്ങൾ വാങ്ങി തിരിച്ചു വരുമ്പോഴാണ്, മുന്നിൽ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ടീച്ചർ നടന്നുപോവുന്നത് കണ്ടത്. നന്നേ ക്ഷീണിതയായിത്തോന്നി. പ്രായത്തിനേക്കാൾ അവശത ടീച്ചറുടെ മുഖത്ത് നിഴലിച്ചു. എൽ പി സ്കൂളിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട് ഗിരിജ ടീച്ചറും ഭർത്താവും ഹെഡ് മാസ്റ്ററുമായ സേതു മാഷും. അവരുടെ മകൻ സുധീർ എന്റെ സഹപാഠിയും ഉറ്റചങ്ങാതിയുമായിരുന്നു. കുട്ട്യോളെ ഇത്രയും സ്നേഹിച്ചിരുന്ന മറ്റൊരു അധ്യാപിക ആ സ്കൂളിൽ ഉണ്ടായിരുന്നില്ല. വളരെ അപൂർവമായേ ടീച്ചർ ദേഷ്യപ്പെട്ട് കണ്ടിട്ടുള്ളൂ. അതിന്റെ വിപരീതസ്വഭാവമായിരുന്നു സേതു മാഷിന്.
ഒരുതവണ മാത്രം ഗിരിജ ടീച്ചറുടെ ദേഷ്യത്തിന്റെ പരിണിതഫലം ഞാനുമറിഞ്ഞിട്ടുണ്ട്. ഒരിക്കൽ തൊട്ടുമുന്നിലെ ബെഞ്ചിലിരുന്നിരുന്ന സക്കീറിന്റെ ഉപ്പ ഗൾഫിൽ നിന്നും കൊണ്ടുവന്ന വാസനയുള്ള റബറും, എഴുതുമ്പോൾ ലൈറ്റ് കത്തുന്ന പേനയും ഞാനും സുധീറും കൂടെ ഒളിപ്പിച്ചുവെച്ചു. ഞങ്ങളെടുത്തില്ലെന്ന് പറഞ്ഞെങ്കിലും, ടീച്ചർ തൊണ്ടി മുതൽ സഹിതം ഞങ്ങളെ പിടികൂടി. കള്ളം പറഞ്ഞതിനും ചേർത്തുകിട്ടിയ ശിക്ഷയിൽ ദേഹത്തിനുണ്ടായ നോവിനേക്കാൾ ആഴമുണ്ടായിരുന്നു മനസ്സിനേറ്റ മുറിവിന്. ഞങ്ങളെ ശിക്ഷിച്ച ശേഷം മാറിനിന്നു സങ്കടപ്പെട്ട ടീച്ചറുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. പിന്നീടൊരിക്കലും തമാശയ്ക്കുപോലും കളവ് ചെയ്യാനും പറയാനുമുള്ള മോഹം തോന്നിയിട്ടില്ല.
കാലം പോകെ സ്കൂൾ, കോളജ് ജീവിതം കഴിഞ്ഞ് ഓരോരുത്തരും പലവഴികളിലായ് പിരിഞ്ഞു. സേതുമാഷും പിന്നീട് ടീച്ചറും സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു. അതിനിടയിൽത്തന്നെ ഏക മകനായ സുധീർ വിവാഹിതനായി കുടുംബവുമൊത്ത് വിദേശത്ത് താമസം തുടങ്ങിയിരുന്നു. അച്ഛനമ്മമാർക്കും അവനുമിടയിൽ എന്തൊക്കെയോ അസ്വാരസ്യങ്ങൾ പുകയുന്നത് നാട്ടിൽ സംസാരവിഷയമായപ്പോൾ അവനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാര്യം പറയാതെ അവൻ ഒഴിഞ്ഞുമാറി. അവിചാരിതമായി ഒരുദിവസം സേതുമാഷ് അറ്റാക്ക് വന്നു മരണപ്പെട്ടപ്പോൾ ടീച്ചർ തീർത്തും ഒറ്റപ്പെട്ടു. ഒരു ചടങ്ങിനെന്നപോലെ അച്ഛന്റെ കർമ്മങ്ങൾ ചെയ്തു തിരിച്ചുപോയ സുധി പിന്നെ അമ്മയെ കാണാൻ വന്നതേയില്ല. നാട്ടിൽ വന്നാലും അമ്മയെക്കാണാൻ കൂട്ടാക്കാതെ മടങ്ങുന്ന അവന്റെ പ്രവൃത്തിയിൽ എനിക്ക് ആദ്യം അത്ഭുതം തോന്നിയെങ്കിലും പിന്നീടത് ശീലമായി. ടീച്ചറും മനസ്സുകൊണ്ട് അവന്റെ മാറ്റം അംഗീകരിച്ചു അഥവാ അങ്ങനെ നടിച്ചു.
ഒറ്റയ്ക്കുള്ള ജീവിതം പതിയെ ടീച്ചറെ മൗനിയായി മാറ്റി. ചിലപ്പോഴൊക്കെ മനസ്സ് കൈവിട്ടുപോകുമ്പോൾ ടീച്ചറുടെ ഉറക്കെയുള്ള ചിരിയും കരച്ചിലും കേൾക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞറിഞ്ഞിരുന്നു. മനുഷ്യജീവിതം എത്രത്തോളം നിരർഥകമാണെന്ന് തോന്നിപ്പോവുകയാണ്. ആയുസ്സിന്റെ ദൈർഘ്യം നിശ്ചയിക്കാൻ ഒരാൾക്കും കഴിയില്ലെന്നിരിക്കെ നമുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ കിട്ടുന്ന ചുരുങ്ങിയ സമയത്തും ചിലർ പരസ്പരം കലഹിച്ചു ജീവിതം പാഴാക്കുന്നല്ലോ. അന്യോന്യം കാണുന്ന സമയത്ത് ഒരു പുഞ്ചിരിയെങ്കിലും കൈമാറാൻ എല്ലാവർക്കും സാധിച്ചിരുന്നുവെങ്കിൽ ഈ ലോകമെത്ര നന്മയുള്ളതായേനെ. "ഞാൻ പെൻഷൻ വാങ്ങിവരുന്ന വഴിയാണ്" ടീച്ചർ പറയുന്നതു കേട്ട് ഞാൻ തൽക്കാലം ആലോചന നിർത്തി. "എന്റെ വരവും നോക്കി നിൽക്കുന്ന ചിലരുണ്ട്. ഇല്ലായ്‌മയുള്ളവരെ സഹായിക്കാം, ഇത് സ്ഥിരം പരിപാടിയാക്കി പിന്നാലെക്കൂടുന്നവരെ എനിക്ക് പേടിയാ കുട്ടീ. കൊടുത്തില്ലെങ്കിൽ ടീച്ചർക്ക് പ്രാന്താണെന്ന് പറഞ്ഞുപരത്താനും മടിയില്ലാത്തവർ." ടീച്ചർ പിറുപിറുത്തു നടന്നതിന്റെ പൊരുൾ എനിക്ക് പിടികിട്ടിയത് ഇപ്പോഴാണ്. "ടീച്ചർക്ക് പെൻഷൻ വീട്ടിലേക്ക് വരുത്തുവാനുള്ള ഓപ്ഷൻ എടുത്തുകൂടെ, വെറുതെയീ ചൂടിന് ബുദ്ധിമുട്ടണോ?" ഞാൻ പറഞ്ഞതു കേട്ടപ്പോൾ ഒരു ചിരിയായിരുന്നു ഉത്തരം. പിന്നെ പറഞ്ഞു തുടങ്ങി.
Read also: ' അച്ഛനും അമ്മയും പോയി, ഏട്ടന്മാരുടെ കല്യാണം കഴിഞ്ഞപ്പോൾ അവർക്കും തിരക്കായി, പിന്നെ ഞാൻ ഒറ്റയ്ക്ക്'
"മാസത്തിൽ പെൻഷൻ വാങ്ങാൻ പോകുന്ന ദിവസമാണ് ഞാൻ പുറംലോകം കാണുന്നത്. കുറച്ചു സമയം കൂട്ടുകാരോട് മിണ്ടിയും പറഞ്ഞുമിരിക്കുമ്പോൾ നേരം പോകുന്നതറിയില്ല. തിരിച്ചു വരുമ്പോ വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളൊക്കെ വാങ്ങിക്കും. മീനും പാലും വീട്ടുമുറ്റത്ത് എത്തുന്നതുകൊണ്ട് അതിന് ബുദ്ധിമുട്ടില്ല. പിന്നെ ഇടയ്ക്ക് എപ്പോഴെങ്കിലും പഴങ്ങളും പച്ചക്കറികളും വാങ്ങാൻ മാത്രം ഇറങ്ങിയാൽ മതിയല്ലോ. പുറത്തിറങ്ങാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല കേട്ടോ,"സുധി വന്നില്ലേ","ഫോൺ ചെയ്തില്ലേ?" "എന്താണ് പ്രശ്നമെന്ന് തുടങ്ങി നൂറ്റെട്ട് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വയ്യാഞ്ഞിട്ടാ." ഞാനും സുധിയുടെ കാര്യം ചോദിക്കാൻ തുടങ്ങുകയായിരുന്നല്ലോ, ഭാഗ്യം.. പാവത്തിനെ വിഷമിപ്പിക്കേണ്ടി വന്നില്ല. "രക്തബന്ധം എന്നൊക്കെ നമുക്ക് വെറുതെ പറയാമെന്നെയുള്ളൂ കുട്ടീ. ഒന്നിനും അർഥമില്ല. സ്വന്തം മോൻ കാണിക്കുന്ന അവഗണനയോളം വര്വോ മറ്റു ബന്ധുക്കളുടെ മുഖം തിരിക്കൽ. എന്നെങ്കിലും അവൻ എന്നെ മനസ്സിലാക്കി, വേദന തിരിച്ചറിഞ്ഞ് അമ്മയെ കാണാൻ വരാമെന്ന് ചിന്തിക്കുമ്പോഴേക്കും അമ്മ മരിച്ചു പോയാൽ എന്റെ കുട്ടി വല്ലാതെ സങ്കടപ്പെട്ടുപോവും. അതാണിപ്പോ എന്നെ അലട്ടുന്നത്." ടീച്ചർ വളരെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ വർത്താനം പറയുന്നത്. സംസാരിച്ചു നടന്ന് ടീച്ചറുടെ വീടിന്റെ നടയിലെത്തിയത് അറിഞ്ഞില്ല.
Read also: ഓഫിസിൽ കണിശക്കാരി, കുടുംബജീവിതം ദുരിതമയം; ശരീരം നിറയെ മുറിവുകളുമായി വന്ന മേലുദ്യോഗസ്ഥ
"ടീച്ചർ.. നാളെ വിഷുവല്ലേ. ടീച്ചറെന്റെ കൂടെ പോരുന്നോ. രണ്ട് ദിവസം നമുക്ക് എല്ലാവർക്കുംകൂടെ സന്തോഷമായി കഴിയാം". പെട്ടെന്നുണ്ടായ ഉൾവിളിയുടെ പുറത്തുള്ള എന്റെ ചോദ്യം കേട്ട് ടീച്ചർ നടത്തം നിർത്തി. അപ്രിയമായതെന്തെങ്കിലും പറഞ്ഞോ എന്ന ആശങ്കയിലായി ഞാൻ. "സ്ഥിരമായി താമസിക്കാനല്ലല്ലോ, ടീച്ചർക്ക് ഒരു മാറ്റമാവട്ടെയെന്ന് കരുതിയാ ഞാൻ.. എന്നെയും സുധിയെപ്പോലെ കണ്ടൂടെ." "സുധിയേപ്പോലെ എന്നല്ല, നീയും എനിക്ക് മോൻ തന്നെയാണ്. കൂടെ ആരെങ്കിലുമൊക്കെ ഉണ്ടെന്ന തോന്നൽപോലും മുന്നോട്ട് ജീവിക്കാനുള്ള പ്രചോദനമാണ് മോനേ. പ്രത്യേകിച്ച് എന്നെപ്പോലെ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവർക്ക്. നിങ്ങളുടെയൊപ്പം താമസിക്കാമെന്ന് പറയാൻ കുട്ടിക്ക് തോന്നിയില്ലേ അതുമതി ടീച്ചർക്ക്. വല്ലപ്പോഴും കുടുംബവുമൊത്ത് ഇതുവഴി വരൂ എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കാം നമുക്ക്. ഗിരിജ ടീച്ചർക്ക് ഭ്രാന്തില്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മാത്രമല്ല ഞാനെന്നെത്തന്നെ മറന്നുപോകാതിരിക്കാൻ.. പ്രിയപ്പെട്ടവരാരോ വരാനുണ്ടെന്ന് പ്രതീക്ഷയോടെ കാത്തിരിക്കാൻ". ടീച്ചറോട് യാത്രപറഞ്ഞു മുന്നോട്ട് നടന്ന ഞാൻ ഒരുവട്ടം കൂടി തിരിഞ്ഞുനോക്കുമ്പോഴും ടീച്ചർ നടവഴിയിൽ ഇമചിമ്മാതെ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.
Content Summary: Malayalam Short Story ' Koode ' Written by Divya Sreekumar