ADVERTISEMENT

ഒരൊറ്റ നിമിഷം കൊണ്ടാണ് ജീവിതമാകെ തകിടം മറിഞ്ഞത്. ആ ഒരു നിമിഷംവരെ ആഹ്ലാദത്തോടെയും സമാധാനത്തോടെയും ജീവിച്ചൊരു കുടുംബമായിരുന്നു അത്. പരസ്പരസ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സുഗന്ധം നാടാകെ പരത്തിയ കുടുംബം. അയൽക്കാരും വീട്ടുകാരും  നാട്ടുകാരും വിശുദ്ധമായ അസൂയയോടെയും കൊതിയോടെയും നോക്കിയ കുടുംബം. ഇതുപോലൊരു ജീവിതം ഞങ്ങൾക്കും കിട്ടിയിരുന്നെങ്കിലെന്ന് അവർ ആഗ്രഹിച്ചു. ദൈവത്തോട് അകമഴിഞ്ഞ് പ്രാർഥിക്കുകയും ചെയ്തു. അച്ഛനും അമ്മയും മൂന്നു മക്കളും അടങ്ങിയ കുടുംബത്തിന്റെ സന്തോഷം അവർ അയൽക്കാരിലേക്കും നാട്ടുകാരിലേക്കും പകർന്നു. ആ സന്തോഷത്തിന്റെ പ്രസരിപ്പിൽ സ്വന്തം ദുഃഖങ്ങളും ദുരിതങ്ങളും സമാധാനമില്ലായ്മയും നാട്ടുകാർ മറന്നു. അച്ഛന്റെയും അമ്മയുടെയും മക്കളുടെയും സൗമ്യവും വിനീതവുമായ പെരുമാറ്റം പൂന്തോട്ടത്തിലെ സുഗന്ധംപോലെ നാട്ടുകാർ ആസ്വദിച്ചു. പകർന്നുകിട്ടുന്ന സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ചെറിയൊരംശമെങ്കിലും തിരിച്ചുകൊടുക്കാതിരിക്കാൻ നാട്ടുകാർക്കായില്ല.

“എന്തൊരു നല്ല കുടുംബം. ഇതുപോലെ വേണം ജീവിക്കാൻ. എന്തു സന്തോഷവും സമാധാനവുമാണവിടെ” അയൽക്കാർ അടക്കം പറഞ്ഞു. “നമുക്കൊക്കെ വീട്ടിൽ എന്തു സന്തോഷം....?” അവർ നെടുവീർപ്പിട്ടു. “ഓരോരുത്തരുടേയും തലയിൽ ദൈവം ഓരോന്നു വിധിച്ചിട്ടുണ്ടേ...അതാ...” “ആ വീട്ടിലേക്കു കേറിച്ചെല്ലുമ്പോൾ ഒരു പൂന്തോട്ടത്തിലേക്കു കേറുമ്പോലാ എനിക്കു തോന്നാറ്. വീട്ടിലെ അടുക്കും ചിട്ടയും ഭംഗിയേക്കാൾ എന്നെ ആകർഷിക്കുന്നത് അവിടെയുള്ളവരുടെ പെരുമാറ്റമാണ്. ഒരമ്പലത്തിൽ പോയി തൊഴുതുവരുമ്പോഴുള്ള മനഃസുഖമായിരിക്കും തിരിച്ചുവരുമ്പോൾ നമുക്കുണ്ടാവുക.” ഒരു സ്ത്രീ പറഞ്ഞു. “അതേയതേ..”  മറ്റൊരു സ്ത്രീ പറഞ്ഞു. “അവിടുത്തെ കുട്ടികളെ കാണുമ്പോൾ എനിക്കങ്ങനത്തെ കുട്ടികളെ ദൈവം തന്നിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചുപോകാറുണ്ട്. അതുപോട്ടെ, ആ ഭാര്യാഭർത്താക്കന്മാരുടെ ജീവിതം നീ ശ്രദ്ധിച്ചിട്ടുണ്ടോ. പൂവും സുഗന്ധവും പോലെയാണ്” വേറൊരു സ്ത്രീ മൊഴിഞ്ഞു. “അപ്പോൾ അതൊരു പൂന്തോട്ടം തന്നെ” കേട്ടുനിന്നൊരു സ്ത്രീ കളിയാക്കി പറഞ്ഞു. “ഇനി അതിൽനിന്നൊരു പൂവ് ആരും പറിക്കാതിരുന്നാൽ മതി” “നീ പോടീ.. നിന്റെ വീട്ടില് ഇരുപത്തിനാലു മണിക്കൂറും ഇടീംതൊഴീം മാത്രല്ലേള്ളൂ” “അയ്യോ.. ഒന്നു തിരുമ്മിത്തരണേയെന്നു പറഞ്ഞു ഞാൻ നിന്റെ വീട്ടിലേക്കു വന്നില്ലല്ലോ.. ഓ..(അശ്ലീലമായ ഒരാംഗ്യത്തോടെ) നിന്റെ വീട്ടിലെ കാര്യം പറയാതിരിക്ക്യാ ഭേദം...” “എന്താടീ പറഞ്ഞാ... എന്റെ വീട്ടിലെന്താ കുഴപ്പം.. അങ്ങേര് ത്തിരി കുടിക്കുംന്നല്ലാണ്ട്...” മറുപടി “കുടിച്ചാപ്പിന്നെ അയൽക്കാർക്കെന്നല്ല നാട്ടുകാർക്കും കിടക്കാൻ വയ്യല്ലോ.” “മതി... മതി” വേറൊരു സ്ത്രീ ഇടപെട്ടു. “നിങ്ങളിങ്ങനെ കടിച്ചുകീറീട്ടെന്താ കാര്യം. നമ്മുടെയൊക്കെ തലവിധി നന്നാകണം. കഴിഞ്ഞ ജന്മത്തിലേ പുണ്യം ചെയ്തവരാ അവര്. നമ്മൾ പാപികളായിരുന്നിരിക്കും. അല്ലാതെന്ത്... അടുത്ത ജന്മത്തിലെങ്കിലും അവരെപ്പോലെ ജീവിച്ചാമത്യായിരുന്നു.” “ഒരു ദുഃശ്ശീലങ്ങളും ഇല്ലാത്ത പിള്ളേരെ കിട്ടണംങ്കി പുണ്യം ചെയ്യണം. എന്റെ വീട്ടിലുണ്ടല്ലോ രണ്ടെണ്ണങ്ങള്.. ഒന്നിനും കൊള്ളൂല്ലാത്തത്..” വേറൊരു സ്ത്രീ തലയ്ക്ക് കൈകൊടുത്ത് പറഞ്ഞു.

Read also:രേഖകളില്ലാതെ കൂട്ടുകാരന് വീട് വാടകയ്ക്ക് കൊടുത്തു, കാലങ്ങൾക്ക് ശേഷം മടങ്ങിയെത്തി വീടും പറമ്പും കണ്ട് ഞെട്ടി

ആ വീട്ടിലേക്കൊന്നു കയറിച്ചെല്ലാൻ, വെറുതെ ഒരു നുണ പറഞ്ഞെങ്കിലും കയറിച്ചെല്ലാൻ നാട്ടുകാരിൽ ഓരോരുത്തരും കൊതിച്ചു. അച്ഛൻ രാജശേഖരൻ. അമ്മ ലക്ഷ്മി. മൂത്തമകൻ ആകാശ്. രണ്ടാമൻ അശോക്. ഇനിയുള്ളത് സുന്ദരിയും സുശീലയുമായ ഏകമകൾ രാധ. അച്ഛനും അമ്മയും ആങ്ങളമാരും പുന്നാരിച്ചു വളർത്തുകയായിരുന്നു രാധയെ. കൃഷ്ണഭഗവാന്റെ യഥാർഥ രാധ പോലൊരു രാധ. ആ രാധയെ ഒരു നോക്കു കാണാൻ ആൺകുട്ടികൾ കയറുംപൊട്ടിച്ച് ഓടിനടന്നു. രാധയുടെ നോട്ടം തന്നിലേക്കാകർഷിക്കാൻ അവർ ആവുന്നത്ര പരിശ്രമിച്ചു. പക്ഷേ, രാധ അതൊന്നും ശ്രദ്ധിച്ചില്ല. അവൾ പഠിത്തത്തിലും കലാപരമായ സ്വന്തം കഴിവുകളിലും ശ്രദ്ധിച്ചു. ഇതുപോലൊരു അച്ഛനേം അമ്മേം ആങ്ങളമാരേം കിട്ടിയത് തന്റെ ഭാഗ്യമാണെന്നു കരുതിയ രാധ അവരുടെ ഓരോ വാക്കും വേദവാക്യംപോലെ അനുസരിച്ചു. അവളുടെ ഓരോ വളർച്ചയും നോക്കിക്കണ്ട്, അവളുടെ സ്വഭാവമാഹാത്മ്യം പരസ്പരം പറഞ്ഞു പങ്കുവച്ച്, അവൾ ഒരിക്കൽ തങ്ങളുടെ മരുമകളായി വരുന്നത് സ്വപ്നം കണ്ട് ഓരോ അമ്മമാരും നാളുകളെണ്ണിക്കഴിഞ്ഞു. ആ കുടുംബത്തിലെ സ്വത്തായിരുന്നില്ല അവരുടെ നോട്ടം. അതിലും വലുതായിരുന്നു രാധ എന്ന പെൺകുട്ടി. എന്തുകൊണ്ടും അവളൊരു സ്വത്തുതന്നെയാണെന്ന് ചില അച്ഛന്മാരും മനസ്സിൽ കുറിച്ചു. പഠിത്തത്തിൽ അവൾ ഒന്നാമതായിരുന്നു. പാട്ടിലും ഡാൻസിലും ഒന്നാമതായിരുന്നു. അവൾ നേടുന്ന ഓരോ ഉയർച്ചയിലും സന്തോഷംകൊണ്ട് അവൾക്ക് അഭിനന്ദനമർപ്പിച്ച് അവളുടെ ഫോട്ടോ വച്ച ഫ്ലക്സ് അടിച്ച് നാൽക്കവലകളിലും മുക്കിലും മൂലയിലും വയ്ക്കാൻ നാട്ടിൽ ഉള്ളതും ഇല്ലാത്തതുമായ സംഘടനകളും വ്യക്തികളും മത്സരിച്ചു. ഇതൊന്നും അവളുടെ മനസ്സിനെ അൽപംപോലും അഹങ്കരിപ്പിക്കുകയോ അലട്ടുകയോ ചെയ്തില്ല. ഇതുതന്നെയായിരുന്നു ആങ്ങളമാരുടേയും അടിസ്ഥാന സ്വഭാവം. അവർ ഒന്നിലും അഹങ്കരിച്ചില്ല. ഒന്നിനോടും അമിതമായ വിധേയത്വം കാണിച്ചുമില്ല. അച്ഛന്റെയും അമ്മയുടെയും വാക്കുകൾകേട്ട്, അനുസരിച്ച് അവരെ സന്തോഷിപ്പിച്ച് ജീവിച്ചു. എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു അച്ഛൻ. രാജശേഖരനെന്നു പറഞ്ഞാൽ നാട്ടുകാർക്കു തേനൂറും. ഒരു ദുഃശ്ശീലങ്ങളുമില്ലാത്ത വ്യക്തിത്വം. തങ്കപ്പെട്ട മനുഷ്യൻ. അമ്മ ലക്ഷ്മി സാക്ഷാൽ ലക്ഷ്മി തന്നെയായിരുന്നു. അങ്ങനെ സസുഖം അവർ ജീവിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതു സംഭവിച്ചത്.

Read also: ' അച്ഛനും അമ്മയും പണ്ട് ലൈനായിരുന്നോ..?' മോളുടെ ചോദ്യം കേട്ട് ആദ്യമൊന്നു പകച്ചു, പിന്നെ മധുരിക്കും ഓർമകൾ

അച്ഛന്റെ ഓർമയിൽനിന്ന്: കുട്ടിക്കാലംതൊട്ടാണ് അച്ഛന് ഓർക്കാനുള്ളത്. അത്രയ്ക്ക് സുന്ദരമായ, ഓർമയിൽ സൂക്ഷിക്കാൻ നല്ലതെന്തെങ്കിലുമൊക്കെയുള്ള ഒരു കുട്ടിക്കാലമായിരുന്നില്ല അച്ഛന്. രാജു എന്നു വിളിക്കുന്ന രാജശേഖരന്റെ ഓർമ തുടങ്ങുന്നതുതന്നെ വലിയൊരു പൊതിക്കെട്ടിൽനിന്നാണ്. ആ പൊതിക്കെട്ട് കുറച്ചുപേർ താങ്ങിക്കൊണ്ടുപോകുമ്പോൾ അതിൽ ഈറനണിഞ്ഞ ഒരു കുഞ്ഞിക്കൈയും താങ്ങാൻ കൂടി. എന്തിനെന്നറിയാതെ, ആ പൊതിക്കെട്ടിൽ എന്താണെന്നറിയാതെ, ഈറനുടുത്ത്, കുളിച്ചുതോർത്താതെ വിറച്ചുനിന്ന ആ കുഞ്ഞുശരീരം ആരുടെയൊക്കെയോ സഹായത്തോടെ ആ പൊതിക്കെട്ടുതാങ്ങി തെക്കോട്ടു നടന്നു. ആളിവരുന്ന തീയിലേക്കു വച്ചത് സ്വന്തം അച്ഛനെയാണെന്നറിഞ്ഞപ്പോൾ ഭയന്ന് ഓടി. ഓട്ടത്തിനിടയിൽ ആരോ പിടിച്ചുനിർത്തി ഒക്കത്തെടുത്തു. ഭയന്നുവിറച്ച കുട്ടി ആ തോളിൽ മുറുകെപിടിച്ചു കണ്ണടച്ചു കിടന്നു. പിന്നെ, ഓരോ വീട്ടിലും വേലയ്ക്കുപോകുന്ന അമ്മയുടെ കൈകളിൽ തൂങ്ങി നടന്നു. വളർന്നു വരുന്ന ഓരോ നിമിഷവും ഉള്ളിൽ അച്ഛൻ കത്തിയമരുന്ന തീയായിരുന്നു. തീ ആളിക്കത്തിക്കൊണ്ടിരുന്നപ്പോൾ അമ്മയുടെ കണ്ണുനീർ ആ തീ അണച്ചുകൊണ്ടിരുന്നു. അമ്മയെ കഷ്ടപ്പാടിൽനിന്നു രക്ഷിക്കണമെന്നൊരാഗ്രഹം എപ്പോഴോ മനസ്സിലുദിച്ചു. അതിനുള്ള കഠിനശ്രമമായിരുന്നു പിന്നീട്. ഇപ്പോഴും ഓർമകളെ രാജു ഭയപ്പെടുന്നു. ഓർമകളെ മനഃപൂർവ്വം മായ്ച്ചുകളഞ്ഞ് ജീവിക്കാൻ തുടങ്ങിയത് ലക്ഷ്മി സ്വന്തം ജീവിതത്തിലേക്ക് വന്നപ്പോഴാണ്. അതു കാണാനുള്ള ഭാഗ്യം രാജുവിന്റെ അമ്മയ്ക്കുണ്ടായില്ല. ലക്ഷ്മി മറ്റൊരു ലോകത്തേക്ക് രാജുവിനെ കൂട്ടിക്കൊണ്ടുപോയി. മക്കളുടെ ജനനവും വളർച്ചയും രാജുവിൽ വലിയ മാറ്റങ്ങളുണ്ടാക്കി. മനസ്സിലെ തീ പൂർണ്ണമായും അണഞ്ഞ് ആഹ്ലാദത്തിന്റെ പൂത്തിരിയായി കത്തുന്നത് രാജു എന്ന രാജശേഖരനറിഞ്ഞു. ഇതുപോലത്തെ ഭാര്യയേയും മക്കളേയും കിട്ടിയതിൽ രാജശേഖരൻ പൂർണമായും സംതൃപ്തനും സന്തോഷവാനുമായിരുന്നു. ഇനി ഒരു ദുഃഖത്തിന്റെ പടിവാതിൽ ജീവിതത്തിൽ കാണില്ലെന്ന് ഉറച്ചു വിശ്വസിച്ച സമയത്തായിരുന്നു അതു നടന്നത്.

Read also: 'ഞാൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു...',ഒരു ഭാര്യയ്ക്കും താങ്ങാനാവാത്ത വാക്കുകൾ; വഞ്ചന

ലക്ഷ്മിയുടെ ഓർമയിൽനിന്ന്: എന്തുകൊണ്ടും സുന്ദരമായൊരു ജീവിതമായിരുന്നു ലക്ഷ്മിക്കു കിട്ടിയത്. ഒരുവിധത്തിലും ലക്ഷ്മി ദുഃഖിച്ചിട്ടില്ല. വേണ്ടുവോളം ധനം സമ്പാദിച്ചിരുന്ന അച്ഛനും അമ്മയും രണ്ടു വഴികളിലായിരുന്നെങ്കിലും അവർ രണ്ടു പേരും ജീവിതാവസാനംവരെ ഒരുമിച്ചു ജീവിച്ചു. എന്നുമാത്രമല്ല രണ്ടുപേരും ലക്ഷ്മിയെ അതിരറ്റു ലാളിക്കുകയും സ്നേഹിക്കുകയും ചെയ്തു. അവരുടെ പൊട്ടലും ചീറ്റലും ലക്ഷ്മി കണ്ടില്ല. അല്ലെങ്കിൽ അവർ ലക്ഷ്മിയെ അറിയിച്ചില്ല. അച്ഛനും അമ്മയും ലക്ഷ്മിയുടെ മുമ്പിൽ തകർത്തഭിനയിച്ചു. ലക്ഷ്മി ആ അഭിനയത്തെ യാഥാർഥ്യമായികണ്ട് ജീവിച്ചു. അച്ഛന്റെയും അമ്മയുടെയും മരണശേഷം വർഷങ്ങൾ ഏറെ കഴിഞ്ഞ് രാജേട്ടന്റെ കൂടെ സുഖമായി ജീവിക്കാൻ തുടങ്ങിയപ്പോഴെപ്പോഴോ ആണ് അച്ഛന്റെ പഴയൊരു ആത്മസുഹൃത്തിൽനിന്ന്, ഒരാവശ്യവുമില്ലാതെ ലക്ഷ്മിയും രാജശേഖരനും ലക്ഷ്മിയുടെ അച്ഛന്റെയും അമ്മയുടെയും പൊരുത്തക്കേടുകളെക്കുറിച്ചറിയുന്നത്. എന്തിനാണ് ഇയാൾ ഈ അവസാനകാലത്തുവന്ന് ഇങ്ങനെയൊരു സീനുണ്ടാക്കിയതെന്ന് ലക്ഷ്മിയും രാജശേഖരനും അപ്പോൾ ഒരുപോലെ ചിന്തിച്ചു. അയാൾ പറഞ്ഞതൊന്നും വിശ്വസിക്കാതെ, അത്രയ്ക്ക് വെറുപ്പോടെ അയാളെ യാത്രയയയ്ക്കുമ്പോൾ ലക്ഷ്മിയുടെ ഉള്ള് എന്തിനെന്നറിയാതെ ഒന്നു പിടഞ്ഞു. പടിയിറങ്ങിപ്പോകുന്ന ആ ദുഷ്ടനെ നോക്കിക്കൊണ്ടുനിന്ന രാജശേഖരൻ അപ്പോൾ ലക്ഷ്മിയുടെ മനസ്സിൽ കുളിരുള്ള ഒരുമ്മ കൊണ്ടു തൊട്ടു. ആ കുളിരിൽ അലിഞ്ഞ് ലക്ഷ്മി എല്ലാം മറന്നു. രാജേട്ടന്റെയും കുട്ടികളുടേയും സ്നേഹത്തിലും വിശ്വാസത്തിലും ലക്ഷ്മി അകമഴിഞ്ഞ് ആഹ്ലാദിച്ചുകൊണ്ടിരിക്കെയാണ് അവിശ്വസനീയമായി, താങ്ങാനാകാത്ത ഒരിടിമിന്നൽപോലെ അതു സംഭവിച്ചത്. ലക്ഷ്മിയെ അതു വല്ലാതെ ഉലച്ചു. എവിടെയാണ് തെറ്റുപറ്റിയതെന്നറിയാതെ ലക്ഷ്മി ശ്വാസംമുട്ടിനിന്നു.

Read also: എന്തോ പിറുപിറുത്തുകൊണ്ട് നടക്കുന്ന സ്ത്രീ, മുഖം നോക്കിയപ്പോൾ കുട്ടിക്കാലത്ത് പഠിപ്പിച്ച ടീച്ചർ; അമ്പരപ്പ്

മൂത്തമകന്റെ ഓർമയിൽനിന്ന്: ഓർക്കാനും ഓമനിക്കാനും ഒരുപാടുണ്ടായിരുന്നു ആകാശിന്. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തണലിൽ വളർന്ന മകൻ. ലാളനയും വാത്സല്യവും ഏറെ കിട്ടി. മതിമറന്നാഹ്ലാദിക്കാൻ അവസരമുണ്ടായിട്ടും മനസ്സനുവദിച്ചില്ല. അച്ഛന്റെയും അമ്മയുടെയും മനസ്സ് വേദനിപ്പിക്കാൻ ഒരിക്കലും ഇടവരരുതേയെന്നു പ്രാർഥിച്ചു. കൂട്ടത്തിൽകൂടുമ്പോഴും ഒഴിഞ്ഞു നിൽക്കേണ്ട സന്ദർഭങ്ങളിൽ എല്ലാത്തിൽനിന്നും ഒഴിഞ്ഞുതന്നെ നിന്നു. ആദ്യമൊക്കെ പ്രയാസം തോന്നിയിരുന്നു. ആസ്വദിക്കേണ്ടതെല്ലാം ആസ്വദിക്കണമെന്ന് മനസ്സ് ആഗ്രഹിച്ചിരുന്നു. രണ്ടാമതൊരാലോചനയിൽ അതെല്ലാം വേണ്ടെന്നു വച്ചു. ചീത്തവഴിയിലൂടെ താൻ ആഹ്ലാദിക്കുമ്പോൾ സ്വന്തം അച്ഛനും അമ്മയ്ക്കും അത് വേദനയാകുമെന്ന് ആകാശ് തിരിച്ചറിഞ്ഞു. തന്റെ ഇളയ രണ്ടുപേർക്ക് അതു താങ്ങാനാവില്ലെന്ന് അവനറിയാമായിരുന്നു. മൂത്തതു നന്നാൽ മൂന്നുംനന്ന് എന്നൊരു പഴഞ്ചൊല്ലും അവൻ എപ്പോഴും മനസ്സിൽ മൂളിക്കൊണ്ടു നടന്നു. അങ്ങനെ അച്ഛനും അമ്മയ്ക്കും അനുജനും അനുജത്തിക്കും വേണ്ടി ആകാശ് ദുഃശ്ശീലങ്ങളിലൊന്നും ചെന്നുചാടാതെ സ്വയം സൂക്ഷിച്ചു. വളരെ സൂക്ഷ്മതയോടെ ആകാശ് മറ്റുള്ളവരെ ആഹ്ലാദിപ്പിച്ച് ജീവിച്ചുകൊണ്ടിരിക്കെയാണ് യാദൃച്ഛികമായി തലക്കടിയേറ്റപോലെ വലിയൊരു ചോദ്യചിഹ്നംപോലെ ഞെട്ടിച്ചുകൊണ്ട് ജീവിതത്തിലേക്ക് അതു വന്നുഭവിച്ചത്.

Read also: ' അച്ഛനും അമ്മയും പോയി, ഏട്ടന്മാരുടെ കല്യാണം കഴിഞ്ഞപ്പോൾ അവർക്കും തിരക്കായി, പിന്നെ ഞാൻ ഒറ്റയ്ക്ക്

ഇളയമകന്റെ ഓർമ: ധാരാളം സന്തോഷവും സുഖവും സ്നേഹവും കിട്ടിയിരുന്നെങ്കിലും എവിടേയോ ഒരു പോരായ്മ അശോകിന്റെ മനസ്സിലുണ്ടായിരുന്നു. ദുഃശ്ശീലങ്ങളിൽനിന്നും ഒഴിഞ്ഞുമാറണമെന്നാഗ്രഹിച്ചിരുന്നെങ്കിലും എല്ലാത്തിലേക്കും എടുത്തുചാടാനുള്ള ഒരാവേശം അവന്റെ മനസ്സിൽ വളർന്നുവന്നു. എന്നാൽ അതെല്ലാം ആരേയും അറിയിക്കാതെ ഗോപ്യമായി ചെയ്യാനുള്ള ഒരു കഴിവ് അവന് സ്വതഃസിദ്ധമായി കിട്ടിയിരുന്നു. അതുകൊണ്ട് ഇരുചെവിയറിയാതെ അവൻ ഒരോ തെറ്റും തെറ്റെന്നു കരുതിത്തന്നെ ചെയ്തുകൊണ്ടിരുന്നു. അതിൽ അൽപംപോലും മനഃസ്താപം തോന്നിയില്ലെങ്കിലും അതു മറ്റുള്ളവരിൽനിന്നും പ്രത്യേകിച്ച് മാതാപിതാക്കളിൽനിന്നും സഹോദരങ്ങളിൽനിന്നും മറച്ചുവയ്ക്കാൻ അവൻ വ്യഗ്രതപൂണ്ടു. അവരുടെ മുമ്പിൽ അവൻ മുഖം മിനുക്കി നടന്നു. അവരുടെ ആഹ്ലാദം കണ്ട് ഉള്ളാലെ അവൻ പരിഹാസത്തോടെ ആസ്വദിച്ചു. എവിടെയെങ്കിലും ഒരിക്കൽ പിടിവീഴുമെന്ന് അവനറിയാമായിരുന്നു. എങ്കിലും അത് ഇങ്ങനെയൊരു പിടിയായിരിക്കുമെന്ന് അവൻ ചിന്തിച്ചതേയില്ല. ഇത് വല്ലാത്ത ഒരു കടുംകൈയ്യായിപ്പോയെന്ന് അശോക് ഉള്ളിൽ ശപിച്ചു. ശ്ശെ.. തലയ്ക്കടിച്ച് സ്വയം ശപിച്ചുനിന്നു. കഷ്ടം എന്ന് അവൻ കാർപ്പിച്ച് തുപ്പി.

Read also: മക്കള്‍ വിദേശത്ത്, അമ്മച്ചി നാട്ടിൽ ഒറ്റയ്ക്ക്; 'കഴിഞ്ഞ ആഴ്ച വീണ് കാല് പൊട്ടി, ഇപ്പോൾ തലയിടിച്ചും വീണു, കഷ്ടം തന്നെ

മകളുടെ ഓർമയിൽ.. മോളേ രാധേ എന്ന അച്ഛന്റെ വിളിയിൽ സ്വയം മറന്ന് ഓടിച്ചെല്ലുന്ന ഒരു പിഞ്ചുകുട്ടിയായിരുന്നു ഈ പതിനെട്ടാം വയസ്സിലും മകൾ. അമ്മയുടെയും അച്ഛന്റെയും മടിയിൽ തലവച്ചുകിടക്കുന്നതിന്റെ സുഖം സ്വർഗ്ഗീയതയോടെ അവൾ ആസ്വദിച്ചു. ഈ ലോകത്ത് എല്ലാംകൊണ്ടുംഏറ്റവും ഭാഗ്യവതി താനാണെന്ന് അവൾക്കറിയാമായിരുന്നു. അതിന്റെ വലിയൊരാഹ്ലാദം ഉള്ളിൽ തികട്ടിവരുമ്പോഴെല്ലാം അവൾ ദൈവത്തോടു പ്രാർഥിച്ചു. “ദൈവമേ.. ഈ ആഹ്ലാദം നിലനിർത്തണേ...” ആ ആഹ്ലാദമാണ് പൊടുന്നനേ ഒരു നിമിഷംകൊണ്ട് ഇല്ലാതായതെന്ന് അവൾ കണ്ണീരോടെ ഓർത്തു. ജീവിതത്തിൽ ആദ്യമായിട്ടാണ് അവളുടെ കണ്ണു നനയുന്നത്. ഓർക്കുന്തോറും അവൾക്ക് മനംപുരട്ടി തികട്ടിവന്നു. തലതല്ലിക്കരയണമെന്നുതോന്നി. ഈ ലോകത്ത് ആരെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് അവളോർത്തു. ഇനി ഈ ജീവിതംതന്നെ അവസാനിപ്പിച്ചാലോയെന്നും അവൾക്കു തോന്നി. പുറത്തിറങ്ങിയാൽ നാട്ടുകാരുടെ പരിഹാസശരങ്ങൾ പാഞ്ഞുവരുന്നതോർത്തപ്പോൾ വീടിനാകെ തീയിട്ട് നശിപ്പിക്കുന്നതാണ് നല്ലതെന്ന് അവൾ ചിന്തിച്ചു.

അവൾ ഓർത്തു: അവസാനപരീക്ഷയും കഴിഞ്ഞ് ആഹ്ലാദത്തോടെയാണ് അവൾ വീട്ടിലേക്കെത്തിയത്. രണ്ടു ദിവസം കഴിഞ്ഞാൽ എല്ലാവരും ഒരുമിച്ചൊരു ടൂർ പ്ലാൻ ചെയ്തിട്ടുണ്ട് അച്ഛനും അമ്മയും മക്കളും. അത്തരം യാത്രകൾ അവൾക്ക് വളരെ ഇഷ്ടമാണ്. എപ്പോഴുമതെ, യാത്രയെക്കുറിച്ച് പ്ലാൻ ചെയ്യാൻ മുൻകൈയ്യെടുക്കുന്നത് രാധയാണ്. എവിടെയൊക്കെ പോകണമെന്നും എല്ലാം അവൾ തീരുമാനിക്കും. മറ്റുള്ളവർ അതനുസരിക്കും. മുൻകൂട്ടി തീരുമാനിച്ചിട്ടുള്ള യാത്ര ചിലപ്പോൾ പിഴയ്ക്കും. എന്തെങ്കിലും കാരണം വന്ന് അതു മുടങ്ങും. പെട്ടെന്നുള്ള തീരുമാനമാണെങ്കിൽ അതു നടക്കും. രാത്രി ഊണിനിരിക്കുമ്പോൾ യാത്രയെക്കുറിച്ച് വിശദമായി സംസാരിക്കണമെന്ന് അവൾ മനസ്സിലോർത്തു. യാത്ര പോകണമെന്നേ തീരുമാനിച്ചിട്ടുള്ളു. എവിടേക്കാണെന്ന് രാത്രി രാധ പറയുമ്പോഴേ ഉറപ്പിക്കൂ. അതുകൊണ്ട് യാത്രയെക്കുറിച്ചുള്ള നാലഞ്ചു വാരികകൾ കിടക്കയിലിട്ട് കമിഴ്ന്നുകിടന്ന് അത് ഓരോന്നായി മറിച്ചുനോക്കാൻ തുടങ്ങി രാധ. അമ്മ അമ്പലത്തിൽ പോയിരിക്കുകയാണ്. ചേട്ടന്മാർ രണ്ടുപേരും എത്തിയിട്ടില്ല. അവർ മിക്കവാറും വൈകിയേ വരാറുള്ളു. കൂട്ടുകാരൊരുമിച്ചുള്ള സല്ലാപത്തിലായിരിക്കും അശോകേട്ടൻ. ആകാശേട്ടനാണെങ്കിൽ വായനശാലയിലും.

Read also: കുഞ്ഞ് പെണ്ണായതിൽ പരിഭവം, അച്ഛന്റെ ഛായയില്ലെന്ന് പരാതി; ഭർതൃവീട്ടിലെ അതിരുവിട്ട കുത്തുവാക്കുകൾ

സമയം സന്ധ്യയോടടുക്കുന്നു. മുൻവാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ മനസ്സിലായി, അച്ഛൻ വന്നിട്ടുണ്ട്. അച്ഛന്റെ കാലടി ശബ്ദം തിരിച്ചറിയാൻ ഒട്ടും വിഷമമില്ല. അച്ഛൻ നടന്നുനടന്ന് അവളുടെ മുറിക്കുള്ളിലേക്കു വരുന്നുണ്ടെന്ന് അവൾക്കു മനസ്സിലായി. അവൾ പുസ്തകത്തിന്റെ പേജുകൾ മറിച്ച് ചിത്രങ്ങൾ ആസ്വദിച്ച് സ്ഥലക്കുറിപ്പുകൾ വായിച്ചുകൊണ്ടിരുന്നു. അച്ഛൻ വാതിൽതുറന്ന് അവളുടെ മുറിയിലേക്കു കയറിയപ്പോൾ, അവൾ വെറുതെ ഒരു കുസൃതിച്ചിരിയോടെ ഓട്ടക്കണ്ണിട്ട് അച്ഛനെ നോക്കി. അച്ഛൻ അടുത്തേക്കു വന്നപ്പോൾ പതിവില്ലാത്ത ഒരു സെന്റിന്റെ മണം അവളെ അസ്വസ്ഥയാക്കി. “എന്തുന്നാച്ഛാ പൂശീക്കണെ’ എന്നവൾ ചിരിയോടെ, ഇഷ്ടപ്പെടാത്ത മുഖഗോഷ്ടിയോടെ ചോദിച്ചു. “ഉം.. ഇത് മക്കള് പുരട്ടണതൊന്നുമല്ല. വേണങ്കിൽ ഒന്ന് മണത്തുനോക്കിക്കോ.. അസ്സലാ.. അസ്സല്...” അച്ഛൻ പറഞ്ഞു. അച്ഛൻ അവളുടെ കട്ടിലിനരികിലേക്കു വന്നു “മോളെന്തൂന്നാ നോക്കണേ” “നമ്മൾ മറ്റന്നാൾ പോണില്ലേ... അതിന് സ്ഥലം കണ്ടുപിടിക്ക്യാ” “കൊള്ളാം.. പരീക്ഷയെങ്ങനേണ്ടായ്...” “അതൊക്കെ കഴിഞ്ഞല്ലോ അച്ഛാ.. ഇനി നമ്മൾ അടിച്ചുപൊളിക്കാല്ലേ..” അച്ഛൻ അവളുടെ അടുത്ത് കട്ടിലിലിരുന്നു.

Read also: കുഞ്ഞുങ്ങളെ നോക്കാനും വീട്ടുപണിക്കും റിട്ടയറായ അച്ഛനും അമ്മയും; വെറുതേ ഒപ്പം നിർത്തിയാൽ നഷ്ടമെന്ന് മകൾ

അച്ഛന്റെ ഓർമ്മകൾ വീണ്ടും: ശബ്ദം എന്തിനെന്നില്ലാതെ വിറച്ചിരുന്നതായി അച്ഛനു തോന്നി. “മോളേ.. അച്ഛനൊരുമ്മ താ” മകൾ ചാടിയഴുന്നേറ്റ് അച്ഛന് കവിളിലൊരുമ്മ കൊടുത്തു. അച്ഛൻ തിരിച്ചും കൊടുത്തു. “മോളു കിടന്നോ.. വാതിലൊക്കെ അടച്ചോ... അമ്മ വരുമ്പോൾ തുറന്നാ മതി.. അച്ഛൻ ഒന്ന് പുറത്തിറങ്ങിയിട്ടുവരാം” അച്ഛൻ മകളുടെ മുറിയിൽനിന്നു പുറത്തിറങ്ങി മുൻവാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി. അച്ഛന്റെ പുറകേ മകൾ വന്ന് വാതിലടച്ചു. പുറത്ത് മരച്ചില്ലകളിൽ ഇരുട്ട് ചേക്കേറുന്നത് അച്ഛൻ കണ്ടു. അച്ഛന്റെ കൈയ്യിനും കാലിനും എന്തെന്നില്ലാത്ത ഒരു വിറയൽ അനുഭവപ്പെട്ടു. ജീവിതത്തിൽ ഇന്നേവരെ തോന്നാത്ത ഒരു വിറയൽ. ഹൃദയം പടപടാ മിടിച്ചു. അച്ഛൻ തൊട്ടടുത്ത അയൽവീട്ടിലേക്കു നടന്നു. അപ്പോൾ കാലിന് വിറയൽകൂടി. അടുത്ത വീട്ടിൽ വിനയനും രേണുവുമാണ് താമസിക്കുന്നത്. അവർക്ക് കുട്ടികളില്ല. കഷ്ടിച്ച് ഒരു മാസമേ ആയുള്ളൂ അവർ ആ വീട് വാടകയ്ക്കെടുത്തിട്ട്. വാടകയ്ക്കു കൊടുത്തപ്പോൾ അച്ഛൻ പറഞ്ഞു: “ഇതാണ് ഞാൻ ആദ്യം പണിയിച്ച വീട്. ഇതിനു സൗകര്യം പോരായെന്നു തോന്നിയപ്പോ മറ്റേതു പണിതു. എങ്കിലും ഈ വീടിനോട് എനിക്കൊരു ആത്മബന്ധമുണ്ട്. അതുകൊണ്ട് ഞാൻ ഇടയ്ക്കിടെ ഈ തിണ്ണയിൽ വന്നിരിക്കും. അച്ഛൻ ആ വീട്ടിലെ തിണ്ണയിലേക്കു കയറി.അവിടെ വിനയൻ ഉണ്ടായിരുന്നില്ലെന്ന് അച്ഛൻ നേരത്തേ അറിഞ്ഞിരുന്നു. വിനയൻ പോകുന്നതു കണ്ടിട്ടാണ് അച്ഛൻ മകളെ ഒറ്റയ്ക്കാക്കി ഇങ്ങോട്ടു പോന്നത്. രേണു അപ്പോൾ അടുക്കളയിലായിരുന്നു. തിണ്ണയിൽ നിന്നും അച്ഛൻ അകത്തേക്ക് കയറിയത് ഓർമയുണ്ട്. കരണത്ത് ഒരടി കൊണ്ടുവെന്ന് അച്ഛന് ഓർമിച്ചെടുക്കാനായി. അതിന്റെ വേദന ഇപ്പോഴുമുണ്ട്. രേണുവിന്റെ കൈപ്പത്തിയുടെ ബലം രാധയുടെ അച്ഛനറിഞ്ഞു. പിന്നെ ഒരു ബഹളമായിരുന്നു.. ബഹളം..

Content Summary: Malayalam Short Story ' Oru Nimisham ' Written by Jayamohan Kadungalloor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com