ADVERTISEMENT

ക്ഷേത്രപ്പടവുകൾ പതിയെ ഇറങ്ങുമ്പോൾ ചാറ്റൽ മഴ തുടങ്ങി.. ശാന്തമായ മനസ്സോടെ മീര മകൻ 5 വയസുകാരൻ ആരോമലിന്റെ കൈ പിടിച്ച് കാറിനരുകിലേക്ക് നടന്നു. മുന്നേ നടന്നെത്തിയ ശരത്ത് അവരെത്തിയപ്പോഴേക്കും കാർ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു.. ''അവരെ നമ്മൾ സേഫ് ആക്കി കഴിഞ്ഞു.. ഇനിയും അവിടെ പോകണോ.." പുറകിലെ സീറ്റിൽ മകനെ ഇരുത്തി മുന്നിൽ കയറിയ മീരയോട് തെല്ല് അനിഷ്ടത്തോടെ ശരത് ചോദിച്ചു. അവളുടെ മറുപടിക്കു കാക്കാതെ വീണ്ടും തുടർന്നു "നിന്റെ പിറന്നാളായ ഇന്ന് നമ്മൾ ലീവെടുത്തത് എന്തിനാണ് രണ്ടു വീടുകളിലും പോയി അച്ഛനമ്മമാരോടൊപ്പം ചെലവഴിക്കാൻ... രാത്രി മടങ്ങി വീട്ടിലെത്തുകയും വേണം. നാളെ ജോലിക്കും, കുഞ്ഞിന് സ്കൂളിലും പോവാനുള്ളതല്ലേ.." അവൾ തിരിച്ചൊന്നും പറയാൻ പോയില്ല. അവളുടെ വാശി അറിയാവുന്നതുകൊണ്ട് ശരത്ത് പിന്നെ തർക്കിക്കാനും പോയില്ല. അപ്പോഴേക്കും മഴ തകർത്ത് പെയ്യാൻ തുടങ്ങി.

കാറിന്റെ വേഗതക്കൊപ്പം ഓടി മറയുന്ന കെട്ടിടങ്ങളും, വൃക്ഷങ്ങളും നോക്കിയിരിക്കെ മീരയുടെ മനസ്സും പുറകിലേക്ക് പോയി. പുതിയ ഓഫിസിലേക്ക് മാറ്റം കിട്ടി വന്നിട്ട് ഒരാഴ്ചയേ ആയിരുന്നുള്ളു. അവിടുത്തെ ബസ് സ്റ്റോപ്പിൽ വെച്ചാണ് അവരെ ആദ്യം കാണുന്നത്. എല്ലാവരും ഭ്രാന്തിയെന്ന് മുദ്ര കുത്തിയ സ്ത്രീ.. അവരെ ആദ്യമാദ്യം കാണുമ്പോൾ പേടിയും, വെറുപ്പും ആയിരുന്നു. മുഷിഞ്ഞ സാരിയുടുത്ത്, അതിനെക്കാൾ നിറം മങ്ങിയ മുണ്ട് അതിനു മുകളിൽ ചുറ്റി, പാറി പറന്ന മുടികൾ അനുസരണയില്ലാതെ കെട്ടി വെച്ചു, പല നിറത്തിലുള്ള പ്ലാസ്റ്റിക് വളകൾ കൈകളിലും, വല്ല്യ മുത്തുമാലകൾ കഴുത്തിലും, തേഞ്ഞ് പകുതിയായ ചെരുപ്പുകളും അണിഞ്ഞ രൂപം. എപ്പോഴും ഒരു ഭാണ്ഡകെട്ട് കൈയ്യിൽ കാണാം.. കറുത്ത പല്ലുകൾ കാട്ടി ഇടയ്ക്കിടെ ചിരിക്കും.. ബസ് സ്റ്റോപ്പിലാണ് താമസം. എല്ലാവരുടെയും മുന്നിൽ പോയി അധികാരത്തോടെ കൈ നീട്ടും. കൊടുത്തില്ലെങ്കിൽ കേട്ടാലറക്കുന്ന ചീത്ത വിളിക്കും. ചില നേരങ്ങളിൽ ബസ്റ്റോപ്പിലെ തിട്ടയിൽ കാലും നീട്ടി രണ്ടു കൈയ്യും മാറി മാറി വീശി പിറുപിറുക്കും. പിന്നെ ഉറക്കെ ചിരിക്കും.. ബസ് കാത്തു നിന്ന തനിക്കരുകിലേക്ക് വന്ന് '10 രൂപ താടി ചായ കുടിക്കാൻ' എന്ന് ചോദിച്ചു.. അവരുടെ ദാർഷ്ട്യത്തോടെയുള്ള ചോദ്യം ഇഷ്ടമായില്ലെങ്കിലും ചീത്തവിളിയെ ഭയന്ന് കൊടുത്തു.

Read also: നാട്ടുകാർ അസൂയയോടെ നോക്കിയ നല്ലൊരു കുടുബം; പക്ഷേ ആ സംഭവത്തോടെ എല്ലാം അവസാനിച്ചു

ഓഫിസിൽ നിന്ന് നേരത്തെ ഇറങ്ങിയ ഒരു ദിവസം പനി പിടിച്ച് വിറച്ച് ബസ്റ്റോപ്പിലെ മൂലയിൽ കൂനിക്കൂടി ഇരിക്കുന്ന അവരെ കണ്ടു. കീറി പറിഞ്ഞ ഒരു പുതപ്പ് ചൂടിയിട്ടുണ്ട്. വിറയാർന്ന ശബ്ദത്തിൽ അവർ വിശക്കുന്നു എന്ന് പുലമ്പുകയായിരുന്നു. അവരെ അവഗണിച്ച് കൊണ്ട് അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ കുഞ്ഞിനുള്ള മരുന്ന് വാങ്ങാൻ പോയപ്പോൾ കണ്ടു, അവർ വേച്ചു വേച്ചു തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് പോയി കൈ നീട്ടുന്നതും അവരെ ആ ഹോട്ടലുകാരൻ ആട്ടി പായിക്കുന്നതും. പെട്ടന്നെന്തോ മനസ്സലിവു തോന്നി തൊട്ടടുത്തു ചെറിയ കടയിൽ നിന്ന് ഒരു കവർ ബ്രെഡും കുടിക്കാൻ വെള്ളവും വാങ്ങി വന്നപ്പോഴേക്കും അവർ വീണ്ടും  ബസ്സ്റ്റോപ്പിൽ സ്ഥാനം പിടിച്ചിരുന്നു. അരികിലെത്തി കൈയ്യിലുള്ള പായ്ക്കറ്റ് കൊടുക്കുമ്പോൾ അവർ ആർത്തിയോടെ വാങ്ങി തന്നെ നോക്കി നിറഞ്ഞു ചിരിച്ചു. അതു കണ്ട് അവിടെ നിന്ന ഒരു വല്ല്യമ്മ പറയുന്നുണ്ടായിരുന്നു ''എന്തിനാ ഇതൊക്കെ വാങ്ങി കൊടുക്കുന്നത് അവരുടെ മക്കളും മരുമക്കളുമൊക്കെ നല്ല നിലയിലാണ്. അവരെ പറയിക്കാനായിട്ട് ഇങ്ങനെ തെണ്ടി നടന്നോളും" തിരിച്ചെന്തെങ്കിലും ചോദിക്കും മുൻപ് തനിക്ക് പോകാനുള്ള ബസ് വന്നു.

പിറ്റേന്ന് ഓഫിസിൽ വരുമ്പോഴും അവര് ബസ്സ്റ്റോപ്പിൽ ഇരുപ്പുണ്ടായിരുന്നു.. അവളെ നോക്കി ചിരിക്കാൻ ശ്രമിച്ച അവരെ ശ്രദ്ധിക്കാതെ അവൾ നടന്നു. സഹപ്രവർത്തകയായ പ്രീതി ചേച്ചിയോട് തലേന്ന് നടന്ന കാര്യങ്ങൾ പറഞ്ഞു. പ്രീതി ശകാരിച്ചു "എന്തിനാ മീരാ, ആവശ്യമില്ലാത്ത വയ്യാവേലിക്കൊക്കെ പോകുന്നത്.." ഓഫിസ് ക്ലീനിംഗിന് വരുന്ന സുമതി ചെവി കൂർപ്പിച്ച് നിൽപ്പുണ്ടായിരുന്നു.. ''കുഞ്ഞേ അവരെ എനിക്കറിയാം നല്ല വീട്ടിലെ സ്ത്രീയാണ്.. പറഞ്ഞിട്ടെന്ത് കാര്യം അവരുട വിധി ഇങ്ങനെ.. അതൊക്കെ ശ്രദ്ധിക്കാൻ ആർക്കാ നേരം സ്വന്തം വീട്ടിലെ കാര്യം നോക്കാൻ നേരമില്ല അപ്പോഴാ..." അവരെ കുറിച്ച് കൂടുതൽ അറിയാൻ ആകാംഷ തോന്നി. നാട്ടുകാര്യങ്ങൾ പറയുന്നതിൽ ഒന്നാമതായ സുമതി തന്റേതായ ശൈലിയിൽ തുടർന്നു.. "മരിച്ചു പോയ ജനാർദ്ദനൻ പിള്ള സാറിന്റെ കെട്ടിയോൾ മാധവി അമ്മ ആണവര്.. കാശും പണവുമാക്കെ ഒത്തിരി ഉള്ള സാറിനെ അന്ന് എല്ലാവർക്കും പേടിയായിരുന്നു. അവർക്ക് 2 ആൺപുള്ളാര്. അവർ കുഞ്ഞായിരിക്കുമ്പോൾ തന്നെ മാധവി അമ്മയുടെ അനിയത്തിയുമായി സാറ് അടുത്ത്. അതിന് മാധവിയമ്മ തടസ്സമാണെന്ന് തോന്നിയ സാറ് അവർക്ക് വട്ടാണെന്ന് പറഞ്ഞുണ്ടാക്കി. വട്ടാശുപത്രിയിലും, വീട്ടിലെ മുറിയിലും പൂട്ടിയിട്ടു. അപ്പോഴേക്കും കൊച്ചുങ്ങളെ നോക്കാനെന്ന പേരും പറഞ്ഞ് അനിയത്തിയെ സാറു കെട്ടി. അവർക്കും 2 പുള്ളാരായി. വട്ടാണെന്ന് പറഞ്ഞ് അമ്മയെ മക്കൾക്കും കണ്ടൂട. കുറേ കാലം കഴിഞ്ഞ് സാറിന്റെ മരണ ശേഷം എല്ലാവരും വീടും  കുടുംബവുമൊക്കെയായി പല വഴിക്കായി. കുടുംബ വീട്ടിൽ അനിയത്തിയും അവരുടെ ഇളയ മോനും കെട്ടിയോളുമാണ് ഇപ്പോൾ താമസം. ആർക്കും ഈ അമ്മയെ വേണ്ട. അവർ വീടിന് പുറത്തിറങ്ങി ആൾക്കാരോട് ഇരന്ന് ജീവിക്കാൻ തുടങ്ങി. രാത്രികളിൽ കുടുംബ വീട്ടിൽ പോകും. അകത്ത് കേറ്റില്ല ചായ്പിൽ കിടന്നുറങ്ങും.." കഷ്ടം എന്നു പറഞ്ഞുകൊണ്ട് പ്രീതി ചേച്ചി സീറ്റിൽ പോയിരുന്നു. അന്ന് വൈകുന്നേരം മാധവിയമ്മയെ കണ്ടപ്പോൾ താൻ അറിയാതെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. 

Read also: 'ഞാൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു...',ഒരു ഭാര്യയ്ക്കും താങ്ങാനാവാത്ത വാക്കുകൾ; വഞ്ചന

രാത്രി ശരത്തേട്ടനോട് അവരെ കുറിച്ച് പറഞ്ഞപ്പോൾ താൽപര്യം ഇല്ലാതെ മൂളി കേട്ടു. അവർക്ക് ഒരു നേരത്തെ ആഹാരം കൊടുത്താലോന്ന് ചോദിച്ചപ്പോൾ ശരത്തേട്ടൻ ഉറഞ്ഞ് തുള്ളി. "നാട്ടിലുള്ള എല്ലാവരെയും രക്ഷിക്കാൻ നിനക്ക് കഴിയുമോ, കടത്തിണ്ണയിലും മറ്റുമായി എത്രയോ പേരുണ്ട് അവരെയൊക്കെ സഹായിക്കാൻ കഴിയുമോ? അല്ലാതെ തന്നെ നൂറ് കൂട്ടം പ്രശ്നങ്ങളുണ്ട്. അതിനിടയിലാണ് അവളുടെ ഒരു സാമൂഹിക സേവനം.. മറ്റുള്ളവരോട് സഹതാപം കാണിക്കൽ നിനക്ക് ഇത്തിരി കൂടുന്നുണ്ട്.." തനിക്കും പെട്ടന്ന് ദേഷ്യം വന്നു. "എത്രയോ ആഹാരം വേണ്ടാതെ കളയുന്നു. അതിനൊന്നും ആർക്കും കുഴപ്പമില്ല.. വിശന്നു വലയുന്ന അവർക്ക് ഒരു നേരത്തെ ആഹാരം കൊടുത്താലുള്ള നഷ്ടം ഞാൻ സഹിച്ചു." ശരത്തേട്ടൻ പിന്നെ ഒന്നും മിണ്ടിയില്ല. എന്റെ മനസ്സു നിറയെ അവരായിരുന്നു.. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട, മക്കളാൽ വെറുക്കപ്പെട്ട, കൂടപിറപ്പിനാൽ ചതിക്കപ്പെട്ട ആ പാവം സ്ത്രീ..

പിറ്റേന്ന് രാവിലെ അവർക്കായി പൊതിച്ചോറ് കെട്ടുന്നത് കണ്ട് ശരത്തേട്ടൻ പറഞ്ഞു "സൂക്ഷിക്കണം അവരൊരു മാനസിക രോഗിയാണ്. എപ്പഴാ ഉപദ്രവിക്കയെന്നറിയില്ല" ഒരു ചിരി മാത്രം മറുപടി നൽകി. കൈയ്യിൽ ആ പൊതി കൊടുക്കുമ്പോൾ നന്ദിയോടെ അതിലേറെ  വാത്സല്യത്തോടെ അവർ ചിരിച്ചു. പിന്നീട് അത് പതിവായി. അവർ തന്നെ കാത്തിരിക്കാൻ തുടങ്ങി. തിരിച്ച് ബസ്സിൽ കയറി പോകുമ്പോൾ കൈവീശി കാണിക്കും. ബസ് സ്റ്റോപ്പിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ തന്നെ ഇമവെട്ടാതെ നോക്കിയിരിക്കും. ഇടയ്ക്ക് കണ്ണ് നിറയും.. എന്തോ പറയാനുള്ള പോലെ.. പലപ്പോഴും തോന്നി അവർ ഭ്രാന്ത് അഭിനയിക്കുകയാണ്.. സ്വന്തം ദു:ഖങ്ങൾ മറക്കാൻ സ്വയം അണിഞ്ഞ ആവരണം. അന്ന് പതിവുപോലെ ബസ് സ്റ്റോപ്പിൽ അവരെ കണ്ടില്ല.. ആരോ പറഞ്ഞറിഞ്ഞു അവരെ വണ്ടി തട്ടിയെന്ന്. തലേന്ന് രാത്രി വീട്ടിൽ കിടക്കാൻ പോയ വഴിക്ക് വണ്ടി ഇടിച്ചു ആരൊക്കെയോ ആശുപത്രിയിൽ എത്തിച്ചു. വല്ല്യ കുഴപ്പമൊന്നും ഇല്ല കാലിന് ചെറിയൊരു മുറിവ് അത് വെച്ചു കെട്ടി വീട്ടിൽ വിട്ടുവെന്നു. കാര്യങ്ങൾ വിശദമായി സുമതിയിൽ നിന്ന് മനസ്സിലാക്കി. രണ്ടാഴ്ചയോളം അവരെ കണ്ടില്ല.. എന്തോ ഒരു വല്ലായ്മ. താൻ എന്തിനാണ് അവരെ കുറിച്ച് ഓർക്കുന്നത്, അവർ തന്റെ ആരുമല്ലല്ലോ ചിന്തിക്കാൻ, മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് എന്നൊക്കെ സ്വയം സമാധാനിച്ചെങ്കിലും മനസ് കൈവിട്ടു.. എന്തോ ഒരാത്മ ബന്ധം ചിലരോട് തോന്നുമല്ലോ.. 

Read also: രേഖകളില്ലാതെ കൂട്ടുകാരന് വീട് വാടകയ്ക്ക് കൊടുത്തു, കാലങ്ങൾക്ക് ശേഷം മടങ്ങിയെത്തി വീടും പറമ്പും കണ്ട്

സുമതിയോടെപ്പം അവരെ കാണാൻ ഇറങ്ങിയപ്പോൾ പ്രീതി ചേച്ചിയും കൂടെ കൂടി. ആഢംബരം വിളിച്ചോതുന്ന വീടിന്റെ ഗേറ്റ് കടന്നു ചെല്ലുമ്പോഴേ കണ്ടു ചെടികൾക്ക് വെള്ളം ഒഴിക്കുന്ന ജോലിക്കാരിക്ക് നിർദേശം കൊടുത്തു നിൽക്കുന്ന സ്ത്രീയെ.. അവരുടെ മുഖച്ഛായയിൽ നിന്ന് മനസിലായി അവർ മാധവി അമ്മയുടെ അനിയത്തിയാണെന്ന്. വന്ന കാര്യം പറഞ്ഞപ്പോൾ ജോലിക്കാരിയോട്.. "കൊണ്ട് കാണിച്ചു കൊട്ക്ക്, ഇനി അതായിട്ട് കുറയ്ക്കണ്ട" എന്ന് അമർഷത്തോടെ പറഞ്ഞ്  ചവിട്ടി തുള്ളി അകത്ത് പോയി. വീടിന്റെ പുറകു വശത്ത് പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന ഒരു ചായ്പും അതിനുള്ളിൽ തേങ്ങയും മറ്റും ഇടാൻ ഒരു മുറിയും ഉണ്ട്. അവിടേക്ക് ആണ് ജോലിക്കാരി നമ്മളെ എത്തിച്ചത്. അത് തള്ളി തുറന്ന അവരെ സ്വാഗതം ചെയ്തത് മൂത്രത്തിന്റെയും മറ്റും അതിരൂക്ഷമായ ഗന്ധം ആയിരുന്നു. വെളിച്ചം നേരെ കടന്നു വരാത്ത ആ മുറിക്കുള്ളിൽ പൊട്ടി പൊളിഞ്ഞ കട്ടിലിൽ മാധവിയമ്മ.. ഒന്നേ നോക്കിയുള്ളു അത്ര ദയനീയമായ കാഴ്ച. കാലിലെ വ്രണം പഴുത്ത് ഒലിക്കുന്നുണ്ടായിരുന്നു. വിശപ്പും, ദാഹവും, വേദനയുമെല്ലാം ആ മുഖത്ത് നിന്ന് വായിച്ചെടുക്കാം. തന്നെ കണ്ട അവരുടെ കണ്ണുകൾ പ്രതീക്ഷയോടെ തിളങ്ങി... കണ്ണുകൾ നിറഞ്ഞൊഴുകി. എന്ത് പറയണമെന്ന് അറിയില്ല, എന്ത് ചെയ്യണമെന്നറിയില്ല വല്ലാത്തൊരു ദൈന്യാവസ്ഥ. 

പ്രീതി ചേച്ചി തന്നെ പിടിച്ചു കൊണ്ട് പറഞ്ഞു.. "അപ്പോഴേ പറഞ്ഞതല്ലേ വരണ്ടാന്ന്. നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല അവരുടെ ബന്ധുക്കളോ നാട്ടുകരോ ആരും അവരെ സഹായിക്കില്ല. കണ്ട് വിഷമിക്കാനല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല." പെട്ടന്ന് താൻ പറഞ്ഞു.. "മീഡിയയിൽ അറിയിച്ചാലോ.." "അതൊന്നും നടക്കില്ല മീരാ.. വാ നമുക്ക്  പോകാം." പ്രീതി ചേച്ചി കൈ പിടിച്ചു വലിച്ചു. "കാണണം എന്നു പറഞ്ഞപ്പോൾ ഞാൻ കൂടെ വന്നു. അല്ലാതെ പൊല്ലാപ്പുകൾ എടുത്ത് തലയിൽ വയ്ക്കാൻ ഞാനില്ലെന്ന് പ്രീതി ചേച്ചി തറപ്പിച്ചു പറഞ്ഞു. തിരിഞ്ഞ് നടന്ന തന്റെ കാതിലേക്ക് മോളെ.. വെള്ളം... വെള്ളം എന്നുള്ള നേർത്ത തേങ്ങൽ പതിച്ചു.. പിന്നെ ഒന്നും ആലോചിച്ചില്ല. ശരത്തേട്ടനെ വിളിച്ചു കരഞ്ഞു യാചിച്ചു. ലോകത്തെ മുഴുവൻ ആളുകളെയും രക്ഷിക്കാൻ പറ്റിയില്ലെലും ഒരാളെ സഹായിച്ചാൽ അത്രയുമായില്ലേയെന്ന തന്റെ കണ്ണീരിനു മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റാത്ത ശരത്തേട്ടൻ ഇപ്പോൾ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. തിരുവനന്തപുരത്തെ ഒരു അഗതി മന്ദിരത്തിൽ വിളിച്ച് ഏർപ്പെടുത്തി എന്നറിയിച്ചു.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അവര് ആംബുലൻസുമായി വന്നു. ശരത്തേട്ടൻ അപ്പോഴേക്കും കാറുമായി എത്തി.. വീട്ടുകാരോട് സംസാരിച്ചപ്പോൾ ശല്യം ഒഴിഞ്ഞാൽ മതിയെന്ന മട്ടായിരുന്നു. താനും ശരത്തേട്ടനും ആംബുലൻസിനെ അനുഗമിച്ച് പുറകേ പോയി.

Read also: മക്കള്‍ വിദേശത്ത്, അമ്മച്ചി നാട്ടിൽ ഒറ്റയ്ക്ക്; 'കഴിഞ്ഞ ആഴ്ച വീണ് കാല് പൊട്ടി, ഇപ്പോൾ തലയിടിച്ചും വീണു

തണൽ എന്നായിരുന്നു ആ സ്ഥാപനത്തിന്റെ പേര്. ആശ്രമം പോലെ ആയിരുന്നു അവിടത്തെ അന്തരീക്ഷം. ഭർത്താവ് മരിച്ച്, മക്കളൊക്കെ വിദേശത്ത് പോയ പ്രായമായ ഒരു അമ്മ നടത്തുന്നത്. അവരുടെ ഒറ്റപ്പെടലിൽ ആദ്യം രണ്ട് മൂന്ന് പേരുമായി തുടങ്ങിയത്. ഇപ്പോൾ ഒരുപാട് അന്തേവാസികളും, ചികിത്സയും, പ്രാർഥനയും എല്ലാം അവിടെ തന്നെ ഉണ്ട്. മൊത്തത്തിൽ ശാന്തമായ അന്തരീക്ഷം. നിറയെ മരങ്ങളും, ആമ്പൽ കുളവും എങ്ങും പച്ചപ്പ് മാത്രം.. എത്തിയ ഉടൻ മാധവി അമ്മയെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.. തണലിലെ സഹായി പെൺകുട്ടി വന്നു അവരെ അവിടത്തെ അമ്മയുടെ അടുത്തേക്ക് കൂട്ടി കൊണ്ട് പോയി.. അമ്മ അവരോട് ഇരിക്കാൻ പറഞ്ഞു. ഐശ്വര്യം തുളുമ്പി നിൽക്കുന്ന ഒരമ്മ. ലാളിത്യമാർന്ന പെരുമാറ്റം.. അമ്മയുടെ പതിഞ്ഞ ശബ്ദം കേട്ടു.. "മാധവിയമ്മയെ കുറിച്ച് ഇനി ഒരു പേടിയും വേണ്ട ഇവിടെ അവർ സുരക്ഷിതയായിരിക്കും. ഇവിടെ വരുന്ന എല്ലാവരും എനിക്ക് കൂടപിറപ്പുകളെ പോലെയാണ്. ഒന്നും പേടിക്കാനില്ല നിങ്ങൾ സമാധാനമായി പൊയ്ക്കോളൂ." പോരാൻ നേരം ഒന്നു കൂടി മാധവിയമ്മയെ കണ്ടു. മുറിവൊക്കെ വെച്ച് കെട്ടി ഡ്രിപ്പിട്ട് കിടക്കുന്നു.. അടുത്ത് ചെന്ന് പോയി വരാമെന്ന് പറഞ്ഞപ്പോൾ കൈയ്യിൽ പിടിച്ചു ഒന്നും മിണ്ടാതെ കുറച്ചു നേരം നോക്കി കിടന്നു. ചുണ്ടുകൾ വിതുമ്പി. മനസ്സിലെ പിടച്ചിൽ കണ്ണിൽ ഈറനണിയിച്ചപ്പോൾ താൻ പിന്തിരിഞ്ഞു നടന്നു.. 

വേണ്ട ചികിത്സകളും അവിടത്തെ അന്തേവാസികളുമായുള്ള സഹകരണവും മാധവിയമ്മയിൽ മാറ്റങ്ങൾ വരുത്തി. മുറിവ് ഭേദമായി. ഡോക്ടറെ കാണിച്ചു പറയത്തക്ക മാനസിക പ്രശ്നവും അവർക്കില്ല.. അവരെ പോലുള്ളവരുടെ കൂടെ കൂടിയപ്പോൾ അവർ സന്തോഷവതിയാണ്. താൻ ഫോൺ വിളിക്കുമ്പോൾ തണലിൽ നിന്ന് ഇത്തരത്തിലുള്ള നല്ല വാർത്തകൾ കേൾക്കാൻ തുടങ്ങി. ഓഫിസും വീടും തിരക്കുകളുമായി ജീവിതം മുന്നോട്ട് പോയി. ഇന്നലെ രാത്രി തണലിലെ അമ്മയുടെ ഫോൺ വന്നു അവിടെ വരെ ഒന്നു ചെല്ലാൻ... ഇന്ന് പിറന്നാളായത് കൊണ്ട് ലീവ് എടുത്തിരുന്നു. വണ്ടി സഡൻ ബ്രേക്കിട്ടപ്പോൾ മീര ഓർമ്മകളിൽ നിന്ന്  ഉണർന്നു. അതൊരു ചെറിയ തുണിക്കടയ്ക്ക് മുന്നിലായിരുന്നു. തണലിലുള്ളവർക്ക് കുറച്ച് തുണിത്തരങ്ങളും തൊട്ടടുത്ത ബേക്കറിയിൽ നിന്ന് മധുര പലഹാരങ്ങളും വാങ്ങി യാത്ര തുടർന്നു...

Read also: കുഞ്ഞുങ്ങളെ നോക്കാനും വീട്ടുപണിക്കും റിട്ടയറായ അച്ഛനും അമ്മയും; വെറുതേ ഒപ്പം നിർത്തിയാൽ നഷ്ടമെന്ന് മകൾ

തണലിന്റെ കവാടം കടന്നപ്പോഴേ മൂകമായ അന്തരീക്ഷമായിരുന്നു.. നിസംഗ ഭാവത്തോടെ ആരൊക്കെയോ അങ്ങിങ്ങായി കൂടി  നിൽക്കുന്നു. ചന്ദനത്തിരിയുടെ ഗന്ധവും നാമ ജപവുമാണ് അവരെ എതിരേറ്റത്. ഹാളിലേക്ക് കടന്ന മീര സ്തബ്ധയായി നിന്നു.. കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ മാധവിയമ്മയുടെ നിശ്ചല ശരീരം. തളർച്ചയോടെ കൊണ്ടുവന്ന കവറുകൾ മൂലയിലേക്ക് ഉപേക്ഷിച്ചു. ശരത്ത് അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു.. അറിയാതെ കണ്ണുകൾ പെയ്യാൻ തുടങ്ങി. തണലിലെ അമ്മ അരികിലേക്ക് വന്നു.. ഇന്നലെ രാത്രി പെട്ടെന്ന് കുഴഞ്ഞ് വീണു. അപ്പോൾ തന്നെ ഇവിടുത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാവിലെ എല്ലാം കഴിഞ്ഞു. അമ്മ മീരയുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു. എല്ലാവരോടും സംസാരിക്കും ചിരിക്കും ചെടി നനയ്ക്കും എല്ലാ തരത്തിലും മാധവി അമ്മ ഇവിടെ സന്തോഷവതിയായിരുന്നു. എന്തു ചെയ്യാൻ സമയമായാൽ പോയല്ലേ പറ്റൂ... അനാഥയായി തെരുവിൽ കിടന്ന് അവർ മരിച്ചില്ലല്ലോ. ദുരിതങ്ങൾ ഇല്ലാത്ത ലോകത്തേക്ക് അവർ യാത്രയായി. അവസാന കാലത്തെങ്കിലും അവരുടെ സന്തോഷത്തിനു മോള് കാരണമായല്ലോ അത്രയും വിചാരിച്ചാൽ മതി. മീര മാധവിയമ്മയ്ക്ക് അരുകിലിരിന്നു. ഒരു ചെറു പുഞ്ചിരിയോടെ എല്ലാം മറന്ന് ഉറങ്ങുകയായിരുന്നു അവരപ്പോൾ.. അപ്പോഴും മഴ ആർത്തലച്ചു പെയ്തുകൊണ്ടിരുന്നു...

Content Summary: Malayalam Short Story ' Moksham ' Written by Nisha Babu