ADVERTISEMENT

അരികൊമ്പനെ മയക്കുവെടി വച്ചതിന് ശേഷം തുമ്പിക്കൈകോർത്ത് പിടിച്ച് നിൽക്കുന്ന ടീം ലീഡർ കുഞ്ചുവിന്റെ നേതൃത്വത്തിൽ ഉള്ള കുങ്കി ആനകളെ ടിവിയിൽ കണ്ടപ്പോൾ ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് ഓർമ്മകളിലേക്ക് എന്റെ മനസ്സ് പത്തമ്പത് വർഷം പുറകോട്ട് പാഞ്ഞു. അന്ന് എനിക്ക് ഏഴോ എട്ടോ വയസ്സ് പ്രായം കാണും. വീട്ടിൽ ഒരു പുതിയ ലാൻഡ്മാസ്റ്റർ വാൻ വാങ്ങി, അതിന്റെ ഉദ്ഘാടനം നടത്താൻ ടൂർ പോകാനായി പ്ലാനിട്ടു. എന്റെ മൂത്ത അളിയൻ ടി. ആർ. ജോണി കെ.എസ്.ഇ.ബി. എൻജിനീയർ ആനയിറങ്കൽ മണ്ണുഡാമിന്റെ മുഖ്യശിൽപി, അന്ന് ആനത്തോടിൽ ജോലി ചെയ്യുന്നു. ഞങ്ങൾ എല്ലാവരും ഉത്സാഹത്തോടെ തൃശ്ശൂർ നിന്ന് അതിരാവിലെ ചേച്ചിയുടെ വീട്ടിലേക്ക് യാത്ര പുറപ്പെട്ടു. ഒന്നു രണ്ടു ദിവസത്തേക്കുള്ള ലഘു ഭക്ഷണസാധനങ്ങളും വെള്ളം കുപ്പികളുമൊക്കെ ആയിട്ടാണ് യാത്ര. മാതാപിതാക്കളും സഹോദരി സഹോദരന്മാരും ഡ്രൈവറും അടക്കം ഏകദേശം 10-15 പേരുണ്ട് വാഹനത്തിൽ. യാത്ര രസകരമാക്കാൻ സിനിമാ പാട്ടും കൊട്ടും, തമാശകളും പറഞ്ഞ് ചിരിച്ച് ആർത്തുല്ലസിച്ച് ആണ് പോക്ക്.

ഹോട്ടലുകൾ ഉള്ള വലിയ ടൗൺ എത്തുമ്പോഴും വണ്ടിയുടെ എൻജിൻ അമിതമായി ചൂട് ആകുമ്പോഴും വാൻ നിർത്തി ആവശ്യത്തിന് വണ്ടിക്കും മനുഷ്യർക്കും റസ്റ്റ് കൊടുത്തും ഇരുവരും ഇന്ധനം നിറച്ചും പതുക്കെയാണ് നീങ്ങുന്നത്. കാഞ്ഞിരപ്പള്ളി എത്തിയതോടെ ഹെയർപിൻ റോഡുകൾ തുടങ്ങി. അതോടെ എല്ലാവരുടെയും പാട്ടുകച്ചേരിയും തമാശകളും നിന്നു. കാരണം വളഞ്ഞുപുളഞ്ഞുള്ള റോഡുകളിലൂടെ കുത്തനെയുള്ള മലകയറി ആണ് പോകേണ്ടത്. മറുവശത്ത് കൊക്കയാണ്. ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാവരും കൂടി കൊക്കയിലേക്കു മറിയാൻ. സന്ധ്യ ആകുന്നതിനു മുമ്പേ കോടമഞ്ഞു വന്ന് റോഡ് മുഴുവൻ മൂടിക്കെട്ടി. റോഡും കൊക്കയും തമ്മിൽ തിരിച്ചറിയാൻ പറ്റാതായി. ഇനി വണ്ടിയോടിക്കുന്നത് സേഫ് അല്ല എന്നും പറഞ്ഞ് മാറിമാറി വണ്ടി ഓടിച്ചിരുന്ന ചേട്ടന്മാർ ഡ്രൈവറോട് വണ്ടി നിറുത്തിയിടാൻ പറഞ്ഞു. കുട്ടിക്കാനമായിരുന്നു സ്ഥലം എന്ന് പിന്നീട് പറഞ്ഞു കേട്ടു. അപ്പോഴാണ് ഒരു വഴിപോക്കൻ പറയുന്നത് നിങ്ങൾ വാഹനം നിറുത്തിയിട്ട് അതിനകത്തു ഇരിക്കാം എന്ന് കരുതണ്ടാ, ഇപ്പോൾ ആനയിറങ്ങും ചിന്നംവിളി കേൾക്കുന്നുണ്ട്. വേഗം സ്ഥലം വിട്ടോയെന്ന്. 

വണ്ടി മുന്നോട്ട് എടുത്ത് കണ്ണുകാണാതെ കൊക്കയിൽ വീണു മരിക്കണോ അതോ ആനക്കൂട്ടത്തിന്റെ തുമ്പിക്കൈ അടിയേറ്റ് മരിക്കണോ? ദൈവമേ! നിരീശ്വരവാദികൾ പോലും വിശ്വാസികൾ ആകുന്ന സമയം. നെഞ്ചുരുകി ഉള്ള എല്ലാവരുടെയും പ്രാർഥന ദൈവം കേട്ടതു കൊണ്ടോ സൈക്കിളിൽ പോയ ഒരാൾ മുമ്പേ വഴി കാണിച്ച് തന്ന് ഞങ്ങളെ അവിടെ അടുത്തുള്ള കുട്ടിക്കാനം ഗസ്റ്റ് ഹൗസിൽ എത്തിച്ചു. ഇനി മുതൽ സന്ധ്യയ്ക്ക് മുമ്പേ വീട് എത്തുന്ന തരത്തിൽ യാത്ര പ്ലാൻ ചെയ്യണം എന്നൊരു ഉപദേശവും തന്നു. അന്നാണ് ദൈവം ഒരു സങ്കല്‍പം മാത്രമല്ല വിളിച്ചാൽ വിളികേൾക്കുന്നവൻ ആണെന്ന് എനിക്ക് ബോധ്യപ്പെട്ടത്. തക്ക സമയത്ത് ദൈവം ഒരു സൈക്കിൾകാരന്റെ രൂപത്തിൽ ഒരു മാലാഖയെ അയച്ചിരിക്കുന്നു. കൊട്ടാരം പോലുള്ള ആ ഗസ്റ്റ് ഹൗസും കുളിർകാറ്റും അസഹ്യമായ തണുപ്പും ഇന്നും കൗമാര മനസ്സിലെ തെളിഞ്ഞ ഓർമ്മ. നേരം വെളുത്ത് വെയിൽ ഉദിച്ച് കോടമഞ്ഞ് ഇറങ്ങി എല്ലാവരുംകൂടി പാട്ടും മേളവും ആയി ഞങ്ങൾ ആനത്തോട് എത്തി. തണുപ്പകറ്റാൻ ആയിരിക്കും അവിടുത്തെ ക്വാർട്ടേഴ്സുകൾ എല്ലാം കരിങ്കല്ലുകൊണ്ട് പണിത് ആസ്ബസ്റ്റോസ് ഷീറ്റ് ആണ് മേൽക്കൂര. കമ്പിയില്ലാത്ത ഗ്ലാസ്സ് ജനാലകൾ, ഗ്ലാസ് ഡോർ..

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരും കൂടി കക്കി ഡാം, ആനത്തോട് ഡാമുകൾ എല്ലാം നേരിൽ കണ്ടും ആസ്വദിച്ചും ഉള്ള യാത്ര ഇന്നും കണ്ണിലും മനസ്സിലും കുളിരുള്ള ഒരു ഓർമ്മ തന്നെ. കക്കി അണക്കെട്ടിന്റെ ഒരു പാർശ്വ അണക്കെട്ടാണീ ആനത്തോട് അണക്കെട്ട് എന്നും ഇവിടെ സംഭരിക്കുന്ന വെള്ളം പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് ശബരിഗിരി പവർ ഹൗസിൽ എത്തിക്കുന്നത് എന്നൊക്ക ഒരു ഗൈഡിനെ പോലെ അളിയൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്റെ ശ്രദ്ധ മുഴുവൻ കാലിലേക്ക് ഇരച്ചു കയറുന്ന അട്ടകളെ തൂക്കി എറിയുന്നതിലായിരുന്നു. അന്ന് കണ്ട കാഴ്ചകളിൽ ഇന്നും നിറം മങ്ങാതെ നിൽക്കുന്നത് കാട്ടാനക്കൂട്ടം, കാട്ടുപന്നി, കാട്ടു പോത്തുകൾ, അട്ടകൾ.. കാടും കുന്നും കാട്ടരുവികളും ഉള്ള ആ സ്ഥലം ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.. ഞങ്ങൾ അന്ന് നടന്ന വഴികളിലൂടെയാണല്ലോ ഈ അരികൊമ്പന്റെ യാത്ര എന്ന് ഓർത്തുപോയി..

Content Summary: Malayalam Short Story ' Arikomban ' Written by C. I. Joy