ചില ടെസ്റ്റുകൾ നടത്തണമെന്ന് ഡോക്ടർ, തനിക്ക് മാറാരോഗമെന്ന് ഉറപ്പിച്ച് രോഗി; ടെൻഷനോട് ടെൻഷൻ
Mail This Article
"പേര്?" "ബാലൻ... ബാലൻ നായർ" "വയസ്സ്?" "50 -52" "കൃത്യമായി വയസ്സ് പറയൂ" "ഈ ചിങ്ങത്തിൽ 52 തികയും..." "എന്താണ് പ്രശ്നം?" "വല്ലാത്ത ചുമ.. ശ്വാസം കിട്ടുന്നില്ല.. നെഞ്ചിൽ വല്ലാത്ത ഒരു പെടപെടപ്പ്....." "ഏതു ഡോക്ടറെയാ കാണണ്ടേ? "അറിയില്ല... ചോദിച്ചിട്ടാവാം എന്ന് കരുതി." "ഡോ. രവീന്ദ്രൻ, ഡോ. വാസന്തി ഇപ്പൊ ഒ.പി. കാണുന്നുണ്ട്... ആരെയാ വേണ്ടേ?" "ഏതാ നല്ല ഡോക്ടർ?" "ചുമയാണ് പ്രശ്നമെങ്കിൽ ഡോ. രവീന്ദ്രനെ കാണിച്ചോ.. ചീട്ട് എഴുതി തരട്ടെ?" "ഹും" "നടുവേ കീറിമുറിക്കപ്പെട്ട ചീട്ടുമായി കാത്തിരിപ്പു വരാന്തയിലേക്ക് ബാലൻ കടന്നതോടു കൂടി ബാലന്റെ മനസ്സിൽ തീ പാറി... ഒരു ചെറിയ തുമ്മൽ വന്നാൽ പോലും തനിക്കു മാരകരോഗമാണെന്ന് വിധിച്ചിരുന്ന ബാലന് ഈ ചുമ ഉറക്കമൊഴിഞ്ഞ രാത്രികളാണ് സമ്മാനിച്ചത്.. കാൻസർ ആണോ.. ഇനിയെങ്ങാനും ടി.ബി. ആണോ.. അങ്ങനെ നൂറു സംശയങ്ങളുമായി ഇരിക്കുമ്പോഴാണ് ഡോക്ടറിന്റെ വാതിൽക്കൽ കാവൽ നിന്ന നഴ്സ് ഉറക്കെ മന്ത്രിച്ചത്. "ബാലൻ നായർ"
കൈയ്യിലിരുന്ന ചീട്ടും തന്റെ കാലൻ കുടയും, വെള്ളം നിറച്ച ഒരു കുപ്പിയുമായി ബാലൻ വെപ്രാളത്തോടെ പരിശോധനാമുറിയിലേക്ക് പ്രവേശിച്ചു.. മൂക്കത്ത് കണ്ണാടിയും നരച്ചൊരു ഷർട്ടും ധരിച്ച ഡോക്ടർ മേശയ്ക്കപ്പുറത്ത് കണ്ടപ്പോൾ ഭയം ബാലനെ ഒന്നായി വിഴുങ്ങി. ഡോക്ടർക്ക് മുഖം നൽകാതെ ബാലൻ പൊടുന്നനെ രോഗിയുടെ കസേരയിൽ ഇരിപ്പുറപ്പിച്ചു.. "എന്താണ്? പറയൂ..." വായിൽ വെള്ളമില്ലെന്ന് മനസ്സിലാക്കിയ ബാലൻ തുപ്പൽ ഇളക്കിയതിനുശേഷം വാ തുറന്നു. "വല്ലാത്ത ചുമ ഡോക്ടറെ.. ചുമ തുടങ്ങിയിട്ട് ഒരാഴ്ചയായി.. ഏലാദി ലേഹ്യവും വില്ല്യാദിഗുളികയും കഴിച്ചിട്ട് ലവലേശം കുറവില്ല...." കഴുത്തിൽ തൂങ്ങി കിടന്ന സ്റ്റെതസ്‌കോപ്പ് വലിച്ചെടുത്ത് രണ്ടറ്റം തന്റെ ചെവികളോടും ഒരു അറ്റം ബാലന്റെ നെഞ്ചോടും ഡോക്ടർ ചേർത്തുവച്ചു.. "ശ്വാസം വലിച്ച് എടുത്തേ" ഡോക്ടറിന്റെ ആജ്ഞ കേട്ട താമസം നെഞ്ച് വിരിച്ച ബാലന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല; വീണ്ടും ചുമച്ചു തുടങ്ങി.
Read also: കനത്ത മഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു, ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ പേടിച്ച് നിലവിളിക്കുന്നു; ദയനീയം
സ്റ്റെതസ്കോപ്പ് നെഞ്ചിൽ നിന്ന് അടർത്തിയതിനുശേഷം, ഡോക്ടർ കണ്ണുകളടച്ച് തന്റെ കറങ്ങുന്ന കസേരയിൽ ഒരു വട്ടം കറങ്ങി.. ലക്ഷ്യസ്ഥാനത്തു തിരിച്ചെത്തിയ ഡോക്ടർ തുടർന്നു.. "എക്സ്റേ എടുക്കണമല്ലോ... ഒരു രണ്ടു മൂന്ന് ടെസ്റ്റുകളും നടത്തണം.. ചെയ്തിട്ട് എന്നെ വന്നു ഒന്ന് കാണ്.." പരിശോധനാമുറിയിൽ നിന്നിറങ്ങിയ ബാലൻ എക്സ്റേ മുറി എവിടെയാണെന്ന് തിരക്കിട്ട് തിരക്കി. അപ്പോഴേക്കും ആധിയാൽ ബാലൻ തന്റെ മനസ്സിൽ മൃദംഗം കൊട്ടി തുടങ്ങിയിരുന്നു.. എനിക്കു കാൻസറോ ടി.ബിയോ ആയിരിക്കും.. അല്ലാതെ ഡോക്ടർ ഇപ്പോൾ എന്നോട് എക്സ്റേ എടുക്കാൻ പറയില്ലല്ലോ.. ചിന്തകളുടെ ഒരു ട്രെയിൻ കയറി പോയ ബാലൻ പിന്നെ ഇറങ്ങിയത് എക്സ്റേ മുറിയുടെ മുന്നിലാണ്. ഡോക്ടർ തന്ന ചതുര കടലാസ് എക്സ്റേ ടെക്‌നീഷ്യന്റെ നേർക്ക് നീട്ടിയപ്പോൾ, ഒരു ചെറുപുഞ്ചിരിയോടെ ആ യുവാവ് ബാലനെ മുറിയിലേക്ക് വരവേറ്റു.. നിസ്സഹായനായി ആ യുവാവിനെ നോക്കിനിൽക്കാൻ മാത്രമേ ബാലന് സാധിച്ചുള്ളു..
എക്സ്റേ മെഷീന്റെ മുന്നിൽ കൈകൾ നിവർത്താൻ പറഞ്ഞപ്പോൾ ബാലന് താൻ പണ്ട് പോയ കോൺസ്റ്റബിൾ സെലക്ഷൻ ഓർമ്മ വന്നു. നെഞ്ചളവ് വേണ്ടത്രയില്ലാത്തതിനാൽ തനിക്കു അന്ന് അഞ്ചക്ക ശമ്പളമുള്ള ജോലി നഷ്ടമായി. അത് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഉപകാരമാകുമായിരുന്നു. ഇനിയെങ്ങാനും പേടിച്ചത് പോലെ കാൻസറാണെങ്കിൽ ചികിത്സയ്ക്ക് എത്ര രൂപ ചിലവാകുമെന്നു നിശ്ചയമില്ല.. ഭാര്യയുടെയും കുഞ്ഞിന്റെയും കാര്യം... ഓർക്കാൻ വയ്യ... വിൽപത്രം എത്രയും വേഗം എഴുതി തീർക്കണം. തോളിൽ ആ യുവാവ് തട്ടി വിളിച്ചപ്പോഴാണ് ബാലൻ ഇപ്പോഴും ആ മുറിയിലാണെന്നുള്ള സത്യം മനസ്സിലാക്കിയത്. ഹൃദയഭാരത്തോടെ ബാലൻ എക്സ്റേ മുറിയുടെ പടിയിറങ്ങി. ഡോക്ടർ എഴുതി തന്ന ടെസ്റ്റുകൾ ചെയ്യാനായി ലാബിലേക്ക് നടന്നു നീങ്ങിയപ്പോൾ ബാലൻ തിരക്ക് കൂട്ടിയില്ല. ലാബിലുണ്ടായിരുന്ന നഴ്സിന്റെ കൈയ്യിൽ ഡോക്ടർ തന്ന പേപ്പർ ഏൽപ്പിച്ചു. ലാബിനുള്ളിലെ രോഗികളുടെ മുഖങ്ങളിൽ മിന്നിമറഞ്ഞ ഭാവഭേദങ്ങൾ ബാലനെ വീണ്ടും അസ്വസ്ഥനാക്കി. തുപ്പൽ ഇറക്കാൻ ശ്രമിച്ചപ്പോൾ തൊണ്ടയിൽ ഒരു തടസ്സം അനുഭവപ്പെട്ടു. ഹൃദയമിടിപ്പ് സെക്കൻഡുകൾ വച്ച് കൂടുന്നതായി ബാലൻ അറിയുന്നുണ്ടായിരുന്നു.. 'ഇത് ഏതോ മാരകരോഗം തന്നെയാണ്' എന്ന് മനസ്സിലുറപ്പിച്ച ബാലൻ ആശുപത്രി ചുമരിനോട് കണ്ണുകളടച്ച് ചാരി നിന്നു.
"ബാലൻ നായർ" യമദേവൻ വിളിക്കാനെത്തിയെന്ന് മനസ്സിലാക്കിയ ബാലൻ അടിവച്ചടിവച്ച് മുന്നോട്ടു നീങ്ങി. യമലോകത്തിന്റെ കവാടമാകാം എന്ന് തോന്നും വിധത്തിലുള്ള ഒരു വാതിൽ തള്ളി തുറന്നു. അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാഞ്ഞോടുന്ന ചില വെള്ളവസ്ത്രധാരികൾ. തന്നെ പിടിച്ചു ഒരു കസേരയിൽ ആരോ ഇരുത്തുന്നതായി അനുഭവപ്പെട്ടു.. ഒന്നും അങ്ങോട്ട് വ്യക്തമാകുന്നില്ല.. "കുത്താൻ പോവുകയാണ്" "ആരെ?" "ബാലൻ നായർ അല്ലെ? ഡോ. രവീന്ദ്രന്റെ പേഷ്യന്റ് അല്ലെ?" ഭാഗ്യം.. മരിച്ചിട്ടില്ല... ബാലൻ ഒന്ന് ഇരുന്നു ആശ്വസിച്ചു.. മങ്ങിയ കാഴ്ചകൾക്ക് ഇപ്പോൾ നിറം വച്ചു.. ബാലനോട് നഴ്‌സ് രക്തം പരിശോധിക്കാൻ അനുവാദം ചോദിച്ചതാണ്.. സൂചി കണ്ട് ബാലൻ മുഖം അൽപമൊന്ന് മാറ്റിപിടിച്ചുവെങ്കിലും സിസ്റ്റർ നിർദാക്ഷിണ്യം സൂചി കുത്തി ചോരയെടുത്തു. ക്രിയയ്ക്കു ശേഷം നൽകിയ പഞ്ഞി കൈകുഴിയിൽ അമർത്തിപ്പിടിച്ച ബാലൻ ഒരു തുള്ളി രക്തം പോലും പുറത്തേക്കൊഴുകുവാൻ അനുവദിച്ചില്ല. "റിസൾട്ട് എപ്പോൾ കിട്ടും?" "രണ്ടു മണിക്കൂർ എടുക്കും..." 'ഈശ്വരാ.. ഇനി രണ്ടു മണിക്കൂറും കൂടി കാത്തിരിക്കണമല്ലോ' എന്ന മനോഗതത്തോടെ ബാലൻ അവിടെയിരുന്ന രോഗികളുടെ മുഖം നോക്കി അസുഖം പ്രവചിക്കുകയും തനിക്കു ഇനി വരാൻ സാധ്യതയുള്ള രോഗങ്ങളുടെ കണക്കെടുത്ത് സമയം ചെലവഴിച്ചു.
രണ്ടു മണിക്കൂറോളം കാത്തിരിക്കാൻ ക്ഷമ കെട്ട ബാലൻ ഒന്നര മണിക്കൂർ ആയപ്പോഴേക്കും ലാബ് റിസൾട്ട് തകൃതിയിൽ അന്വേഷിച്ചു.. റിസൾട്ട് നഴ്‌സ് കൈയ്യിൽ നൽകും മുൻപേ ബാലൻ ചോദിച്ചു.. "എല്ലാം കൂടുതലാണോ സിസ്റ്ററെ?" ഉത്തരം നഴ്സ് ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കിയപ്പോൾ ബാലന് വീണ്ടും വെപ്രാളമായി. പരിശോധനാമുറിയിലേക്ക് ഓടിയെത്തിയ ബാലൻ കാവൽ നിന്ന നഴ്സിനോട് അപേക്ഷിച്ചു: "ഡോക്ടറെ ഒന്ന് കാണണം... ചീട്ട് മുന്നേ എടുത്തിരുന്നു" 'മൗനം വിദ്ധ്വാന് ഭൂഷണം' എന്ന മട്ടിൽ നഴ്‌സ് ഒന്നും മിണ്ടാതെ കൈയ്യിലിരുന്ന ചീട്ടിനെയും ബാലനെയും നോക്കി. ഇരിക്കൂ എന്ന ആംഗ്യരൂപേണ കാണിച്ചതിന്റെ ബാക്കിയായി ബാലൻ മുന്നിലിരുന്ന കസേരയിൽ ഇരുന്നു.. നേരം ഏറെയായി.. വിളിക്കാതെയായപ്പോൾ ബാലൻ വൈകാതെ നിർവികാരത പ്രാപിച്ചു. അപ്പോഴാണ് ഡോക്ടറിന്റെ മുറിക്ക് ഇടതുവശത്തായി പരസ്യങ്ങളടങ്ങിയ ഒരു കണ്ണാടിപ്പെട്ടി തൂക്കിയിട്ടിരുന്നതായി ബാലൻ ശ്രദ്ധിച്ചത്. കണ്ണാടിയിലൂടെ ബാലൻ തന്റെ പ്രതിബിംബം വീക്ഷിച്ചു. നര ബാധിച്ച മുടിയിഴകൾ.. മുഖം പല ചുളിവുകളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു.. ശരീരം തനിക്കേറെ സൂചനകൾ തന്നിരുന്നുവെങ്കിലും വേണ്ട രീതിയിൽ ആരോഗ്യത്തിൽ ശ്രദ്ധ നൽകാൻ കഴിയാത്തതിനെ ഓർത്ത് ബാലൻ കുറ്റബോധം കൊണ്ട് നിറഞ്ഞു.
ചിന്തകളുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ ബാലന്റെ ചിന്താധാരയെ നഴ്സിന്റെ ഒറ്റവിളിയോടു കൂടി അണയ്ക്കപ്പെട്ടു. "ബാലൻ നായർ" ചാടിയെഴുന്നേറ്റ ബാലൻ ഒരു കൈയ്യിൽ കാലൻകുടയും മറുകൈയ്യിൽ വെള്ളക്കുപ്പിയും എക്സ്റേയും വായിൽ റിസൾട്ടുമായി ചീറിപ്പാഞ്ഞു. ഡോക്ടർ നിർദ്ദേശിക്കുന്നതിനു മുൻപേ നിശ്ചിതകസേരയിൽ ഇരുന്ന ബാലൻ വിയർപ്പിൽ മുങ്ങിയ മുടിയിഴകൾ കൈയ്യുപയോഗിച്ച് മാറ്റിപ്പാർപ്പിച്ചു. "പറയു ഡോക്ടർ, എന്താണ് എന്റെ അസുഖം?" ആകാംഷാഭരിതനായി ഇരുന്ന ബാലന്റെ മുഖം കണ്ടമാത്രയിൽ ഡോക്ടർക്ക് ചിരി പൊട്ടി. "അൽപം ടെൻഷൻ ഉള്ള ആളാണല്ലേ.." "അൽപമല്ല, ലേശമധികം..." "പേടിക്കാൻ ഒന്നുമില്ലെന്നേ... തനിക്കു ഈസിനോഫിൽ കൗണ്ട് ഇച്ചിരി കൂടുതലാ.. പൊടി അടിക്കുമ്പോഴോ ഏതെങ്കിലും ഭക്ഷണം കഴിക്കുമ്പോഴോ അലർജി ഉണ്ടാകാറുണ്ടോ?" "ചില സമയത്ത് ഉണ്ടാകാറുണ്ട് " "ഞാൻ ഒരു മരുന്ന് എഴുതി തരാം. രാത്രി ഭക്ഷണത്തിനു ശേഷം ഒന്ന്. രണ്ടാഴ്ച ഈ മരുന്ന് കഴിച്ചാൽ മാഷ് ഉഷാറാകും."
രോഗനിർണ്ണയത്തിൽ എന്തോ പിശക് പറ്റിയിട്ടുണ്ട് എന്ന് സ്വയം തീർച്ചപ്പെടുത്തിയ ബാലൻ വീണ്ടും അസ്വസ്ഥനായി. "ഡോക്ടറെ, ഒന്നും കൂടി പരിശോധിക്കൂ.. ഇങ്ങനെ വരാൻ ഒരു വഴിയുമില്ല.. അലർജി മാത്രമാകാൻ ഒരു സാധ്യതയുമില്ല.. ദയവു ചെയ്ത് ഒന്നും കൂടി നോക്ക് ഡോക്ടറെ..." പൊട്ടിച്ചിരി ഈ സമയം കൊണ്ട് ഒരു പതിവാക്കിയ ഡോക്ടർ ബാലനോട് പറഞ്ഞു: "ഒരു കുഴപ്പവുമില്ലെടോ... ഇങ്ങനെയൊക്കെ ടെൻഷൻ അടിച്ചാൽ എങ്ങനെയാ... പേടിയാണ്, ജാഗ്രത ആണ് വേണ്ടത്.. ധൈര്യമായി പോയ്കൊള്ളു... കുറിച്ചു തന്ന മരുന്ന് സമയത്തിന് കഴിച്ചാൽ ചുമ ദേ പമ്പ കടക്കും..." സങ്കടം വിഴുങ്ങിക്കൊണ്ട് ബാലൻ പരിശോധനാമുറിയുടെ പടിയിറങ്ങി നേരെ നടന്നു. റിസപ്‌ഷനിലെ സ്ത്രീയോട് ബാലൻ ചോദിച്ചു: "ഡോ. വാസന്തിയുടെ ഒ.പി. എത്രമണിക്ക് ആണ്?"
Content Summary: Malayalam Short Story ' Aadhi Arogyathinu Hanikaram ' Written by Swetha George Kalarikkal