ADVERTISEMENT

വാടാനപ്പള്ളിക്കാരിയായ ഒരു പെൺകുട്ടിയുമായി എന്റെ വിവാഹം നിശ്ചയിച്ചതാണ്. വിവാഹത്തിലേക്കുള്ള അടുപ്പവും അകലവും ഞങ്ങൾക്കിടയിൽ ഒരു പ്രഹേളികയായി തുടർന്നു കൊണ്ടിരുന്നു കാരണം എനിക്കും അവൾക്കും അവധി കിട്ടാനുള്ള തടസ്സങ്ങൾ അനവധി ആയിരുന്നു. പഠനത്തിന്റെ അനിവാര്യതയും പൂർത്തീകരണവും കുടുംബജീവിതത്തിന് തടസ്സമാകും എന്നത് ഞങ്ങൾക്കിടയിൽ ഒരു യാഥാർഥ്യമായി നിലനിന്നു പോന്നു. രണ്ടുവർഷം മുമ്പാണ് ശാലിനിക്ക് ഒരു സ്കോളർഷിപ്പ് ലഭിച്ചത് അതും വിവാഹ നിശ്ചയത്തിന്റെ പിറ്റേന്നാൾ. ഈ അവസരം ഒരിക്കലും പാഴാക്കരുത് എന്ന് സ്നേഹസമ്പന്നരായ ഇരുവരുടെയും മാതാപിതാക്കളും സുഹൃത്തുക്കളും ഉപദേശിച്ചു. പല ബന്ധങ്ങൾക്കും ഇടയിൽ പലപ്പോഴും വിധി കൽപ്പിക്കുന്നത് അവരാണല്ലോ. അങ്ങനെ ഞങ്ങൾ രണ്ടുപേരും വിവാഹമെന്ന ശുഭമുഹൂർത്തത്തിന് തൽക്കാലം അവധി പറഞ്ഞു.

കാത്തിരിപ്പിന്റെ പ്രതീക്ഷകൾക്കും വിരഹത്തിന്റെ വേദനകൾക്കും ഇടയിൽ ഫോൺ കോളുകളിൽ ഞങ്ങൾ നിർവൃതിയടഞ്ഞു. ഇപ്പോൾ ഞങ്ങൾ ഏറ്റവും അധികം സ്നേഹിക്കുന്നത് അച്ഛനമ്മമാരെയോ സുഹൃത്തുക്കളെയോ  ഒന്നുമല്ല. ഓരോ രാത്രിയും പകലും ഞങ്ങൾ മൊബൈലിനെ നെഞ്ചോട് ചേർത്തുവച്ചു. അതിലെ ഓരോ റിങ്ടോണും ഒരു വിളിച്ചുണർത്തൽ ആയിരുന്നു. ഞങ്ങൾ പരസ്പരം പങ്കുചേർന്നു. ദൂരങ്ങൾക്കും സമയങ്ങൾക്കും ഇടയിൽ ഞങ്ങളിലെ പുരുഷനും സ്ത്രീയും ഒന്നായി. കാത്തിരിപ്പിന്റെ അപാരതയിൽ ചിലപ്പോഴെങ്കിലും ഞങ്ങളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കാറുണ്ട് ഓരോ തിരക്കുകൾ. ഈ ജോലിയിൽ ഞാൻ ഒരിക്കലും സംതൃപ്തനായിരുന്നില്ല. പക്ഷേ നഗരത്തിലെ വർധിച്ച ചെലവുകൾക്കിടയിൽ ഏക വരുമാനം ഈ ജോലി തന്നെ. കുടുംബ ജീവിതത്തിൽ സാമ്പത്തിക ഭദ്രതയ്ക്കുള്ള പ്രാധാന്യം അച്ഛനും അമ്മയും കൂടെ കൂടെ ഓർമിപ്പിക്കുമായിരുന്നു. അങ്ങനെ കലയോടും സാഹിത്യത്തോടും വിടപറഞ്ഞ് ഞാൻ വർഷങ്ങളായി വിരസമായി കണക്കുകൾ കൂട്ടിയും കിഴിച്ചും ദിവസങ്ങൾ തള്ളി നീക്കി. അപ്പോഴാണ് ശാലിനിയുടെ വിവാഹാലോചന വിരസതയ്ക്ക് വിരാമമായി ഒരു പുതുജീവൻ പകർന്നുകൊണ്ട് വന്നെത്തിയത്. പുതുമഴയിൽ മോഹങ്ങൾ സ്വപ്നങ്ങൾ തളിരണിഞ്ഞു. വിരസതയിൽ ഞങ്ങൾ പരസ്പരം പങ്കുചേർന്നു. ഞങ്ങൾ കൂടുതൽ അടുക്കുകയായിരുന്നു എങ്കിലും ദൂരം അകലും തോറും പ്രതീക്ഷകൾ പ്രഹേളികകളായി മാറുകയല്ലേ എന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് ചിന്തിച്ചിട്ടുണ്ട്. 

ഈ അനിശ്ചിതത്വത്തിലേക്ക് ആണ് അപ്രതീക്ഷിതമായി നമിത കടന്നുവന്നത്. ഫെയ്സ്ബുക്കിലൂടെ ഞങ്ങൾ പരസ്പരം കണ്ടുമുട്ടി. ഞങ്ങളുടെ രണ്ടുപേരുടെയും പ്രൊഫൈലിൽ ഒരു ചുവന്ന റോസാപുഷ്പം വിടർന്നുനിന്നു. അതിനപ്പുറവുമായി ഞങ്ങളിലെ മനുഷ്യർ പരസ്പരം പങ്കുചേർന്നു. കൊച്ചു കൊച്ചു തമാശകൾ തൊട്ട് പലതും ഞങ്ങൾക്കിടയിൽ സംസാരവിഷയമായി. ഒരു മുഖാമുഖത്തിന് ആഗ്രഹമുണ്ടായിട്ടും നമിത പലപ്പോഴും അത് നിഷേധിക്കുകയാണ്. അൽപം കൂടി ബന്ധം ദൃഢമാവട്ടെ എന്നിട്ടാവാം.. ചാറ്റുകളിൽ ഞങ്ങൾ നിർവൃതി കണ്ടെത്തി. ശാലിനിയുടെ അസാന്നിധ്യത്തിലും തിരക്കുകളിലും നമിത കടന്നുവന്നു. ഞങ്ങൾ പരസ്പരം സംവദിച്ചു. ജീവിതം കൂടുതൽ അർഥപൂർണ്ണം ആവുകയാണ് ഓരോ ദിവസവും. ജോലിക്കിടയിലും അവൾ കടന്നു വരും ഒരു  സന്തോഷമായി. ഇപ്പോൾ വിരസത മാറി തുടങ്ങിയിട്ടുണ്ട്. 

പതിവില്ലാതെ ഇന്നലെ അവൾ ഒരു നിബന്ധന മുന്നോട്ടുവച്ചു. നമുക്ക് മുഖാമുഖം കാണണം സംസാരിക്കാം അച്ഛനമ്മമാരുടെ അനുവാദത്തോടെ ജീവിതത്തിൽ പ്രവേശിക്കാം.. ഇപ്പോൾ മനസ്സിന്റെ സമാധാനം താളം തെറ്റി  തുടങ്ങിയിട്ടുണ്ട്. രണ്ടു വിവാഹം ഒരിക്കലുമില്ല. അത് കൂടുതൽ പ്രശ്നങ്ങൾ വരുത്തിവയ്ക്കും. സമൂഹം, ബന്ധുക്കൾ.. ശാലിനി അമേരിക്കയിലാണ്. ഒരു വരനെ കണ്ടെത്താൻ അവൾക്കാണ് എളുപ്പം. മാത്രമല്ല കഴിഞ്ഞ രണ്ടു വർഷത്തിനിടെ അവിടുത്തെ ജീവിത രീതികൾ ഏകദേശം അവളെ സ്വാധീനിച്ചിട്ടുണ്ടാവാം. ഒരു ബ്രേക്ക് അപ്പ് അത്ര വലിയ ആഘാതം ഒന്നും അവളിൽ ഉണ്ടാക്കാനിടയില്ല. നമിത അങ്ങനെയല്ല. നാട്ടിൻപുറത്തെ ഗ്രാമീണ പശ്ചാത്തലത്തിൽ വളർന്ന കുട്ടിയാണ്. പഠനം പൂർത്തിയാകാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം. അതിനുശേഷം വിവാഹത്തിനായി മാതാപിതാക്കൾ കാത്തുനിൽക്കുന്നു..

അപ്രതീക്ഷിതമായാണ് ഇന്ന് രാവിലെ ശാലിനിയുടെ കോൾ. അടുത്തുതന്നെ പഠനം പൂർത്തിയാവും അൽപദിവസത്തിനുള്ളിൽ കണ്ടുമുട്ടാം എന്നും വിവാഹം നിശ്ചയിച്ചത് പോലെ നടത്താമെന്നും അവൾ പറഞ്ഞുകൊണ്ടിരുന്നു. എല്ലാം സ്വാഗതം ചെയ്യേണ്ടത് എന്റെ കൂടി കടമയാണ്. ഇപ്പോൾ ഭൂമി തിരികെയാണ് കറങ്ങുന്നത്. രാത്രി പകലും പകൽ രാത്രിയുമായി മാറുന്നു. അക്കൗണ്ടന്റിന്റെ പണി കൂട്ടലും കിഴിക്കലും മാത്രമല്ല കണക്കുകൾ തെറ്റിമറയുന്നു. എവിടെയോ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങി.. അടുത്തത് നമിതയുമായുള്ള മുഖാമുഖം ആണ്. അതോടെ എല്ലാ കാര്യത്തിലും എന്റെ ജീവിതത്തിലും ഒരു തീരുമാനം ഉറപ്പാണ്. ഹൃദയം ഇപ്പോൾ രണ്ടായി പകുത്തു വച്ചിട്ടുണ്ട്. പകുതിയുടെ അവകാശി ശാലിനിയാണ് പകുതി നമിതയും. ശാലിനിയുടെ ഓരോ മെസ്സേജിലും വിവാഹത്തിന്റെ ആവേശവും ആഹ്ലാദവും ഉദ്വേഗവും നിറഞ്ഞുനിന്നു. ഒരുപാട് സ്വപ്നങ്ങൾ, പ്രതീക്ഷകൾ എല്ലാം പൂവണിയുന്നത് എപ്പോഴും വിവാഹത്തിലൂടെ ആണല്ലോ? നമിതയെ കുറിച്ച് ചിന്തിക്കുമ്പോൾ ഇപ്പോൾ തെല്ലൊരങ്കലാപ്പ് ഉണ്ട്. എങ്കിലും സ്വയം നിയന്ത്രിച്ചും ആശ്വസിച്ചും ദിവസങ്ങൾ മണിക്കൂറുകൾ കടന്നുപോയി.

ഇന്ന് വാരാന്ത്യത്തിന്റെ ആലസ്യതയിൽ ഞാൻ പതിവ് പോലെ ഉണർന്നെണീറ്റ് മൊബൈലിൽ നോക്കി. നമിതയുടെ ക്ഷണമാണ് ഏറെ നാളായി അവധി പറഞ്ഞ കൂടിക്കാഴ്ച. കണ്ണുകൾ വിടർന്നു അതോടൊപ്പം നെഞ്ചിടിപ്പിന് വേഗം കൂടുന്നു. മനസ്സ് ഇപ്പോൾ ഒരു വിഷമ സന്ധിയിലാണ്. നാലു കണ്ണുകൾ എന്നെ തുറിച്ച്  നോക്കുന്നുണ്ട്. സാരമില്ല ബുദ്ധിപരമായി കൈകാര്യം ചെയ്യാം സ്വയം ആശ്വസിപ്പിച്ചു. നാളെ വൈകുന്നേരം അഞ്ചുമണിക്ക് ലുലു മാളിലെ കോഫി ഷോപ്പിന് മുമ്പിലെ എടിഎമ്മിന് അരികിൽ ഞാൻ കാത്തുനിൽക്കും. തീർച്ചയായും വരണം ഒരുപാട് വിശേഷങ്ങൾ പങ്കുവെക്കാനുണ്ട്. ഉദ്വേഗങ്ങളുടെയും ആശങ്കകളുടെയും മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി നിമിഷങ്ങൾ മണിക്കൂറുകളും ദിവസങ്ങൾ വർഷങ്ങളുമായി പുറകോട്ട് ഓടുകയാണ്. സമയം നാലുമണി. ഒന്നുകൂടി കണ്ണാടിയിൽ നോക്കി വസ്ത്രങ്ങൾ ഭംഗിയാണെന്ന് ഉറപ്പുവരുത്തി. ഞാൻ ലുലു മാളിനെ ലക്ഷ്യമാക്കി നടന്നു. മുഖത്ത് അൽപം സംഘർഷം ഉണ്ട്. സാരമില്ല ഇനിയും ഇതുപോലെ എത്ര കടമ്പകൾ മുമ്പിലുണ്ട്. എല്ലാം നേരിടേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. അനുഭവങ്ങൾ ആണല്ലോ എപ്പോഴും നമ്മെ നമ്മൾ ആക്കുന്നത്?

ദൂരെ നിന്ന് ഞാൻ നമിതയെ ശ്രദ്ധിച്ചു. മുഖം മറുവശത്തേക്കാണ്. അൽപനേരം കാത്തിരുന്നു. ഇപ്പോൾ മുഖം വ്യക്തമായി കാണാം. വാച്ചിൽ നോക്കി സമയം 5:10 അവളുടെ കണ്ണുകൾ മൊബൈലിൽ ആണ്. ആകാംക്ഷയുടെ നിമിഷങ്ങൾ. ഇപ്പോൾ ദേഹമാസകലം തരിക്കുന്നുണ്ട്. കൈകൾ വിറക്കുന്നു. ആകെ ഒരു തളർച്ച പോലെ. ഒന്നുകൂടി നമിതയുടെ മുഖത്തേക്ക് നോക്കി ഇപ്പോൾ ശരീരത്തിലൂടെ ഒരു കൊള്ളി മീൻ പായുന്ന പ്രതീതി. അതെ ശാലിനി തന്നെ അപ്പോൾ നമിത? ഞാൻ തിരികെ നടന്നു. കാലുകൾ അതിവേഗം മുന്നോട്ട്. അതെ ശാലിനി തന്നെ മനസ്സിൽ അത് നിരന്തരം അനുരണനം ചെയ്തു കൊണ്ടിരുന്നു. കാലുകൾക്ക് വേഗം വർധിച്ചു. ഇപ്പോൾ ഞാൻ പിന്തിരിഞ്ഞു ഓടുകയാണ്. അപ്പോഴും മൊബൈലിലെ റിങ്ടോണുകൾ നിരന്തരം മുഴങ്ങുന്നുണ്ടായിരുന്നു..

Content Summary: Malayalam Short Story ' Mukhammoodikal ' Written by V. J. Varghese Bangalore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com