ADVERTISEMENT

ആശുപത്രി വരാന്തയിൽ മകൾ ആരതിയെ കാത്ത് ഊർമിള നിന്നു. സാമാന്യം നല്ല തിരക്കുണ്ട് ആ പ്രൈവറ്റ് ഹോസ്പിറ്റലിൽ. ആരതി പാർക്കിങ്ങ് ഏരിയയിൽ കാർ പാർക്ക് ചെയ്യാൻ പോയിരുന്നു. കുറച്ചു മുന്നിലായി വശത്തുള്ള തണൽ മരത്തിന് ഓരം ചേർന്ന്  നടന്നു വരുന്ന ആളിനെ ദൂരെ കാഴ്ചയിലെ ഊർമിളക്ക് മനസിലായി,  ഹരീന്ദ്രൻ. ഊർമിളയെ കണ്ട്  അരികിൽ എത്തിയ ഹരീന്ദ്രൻ ആശങ്ക നിറഞ്ഞ സ്വരത്തിൽ ചോദിച്ചു "എന്ത് പറ്റി ഒറ്റയ്ക്കേ ഉള്ളോ" "അല്ല മോളുണ്ട്. ചെറിയ ഒരു തലകറക്കം ബിപി കൂടിയതാവും" ഊർമിള മറുപടി പറഞ്ഞ് കൊണ്ട് അടുത്തേക്ക് വരുന്ന ആരതിയെ നോക്കി വീണ്ടും തുടർന്നു "ഹരിയേട്ടന് എന്ത് പറ്റിയതാ നടന്നു വന്നതെന്താ" "കുഴപ്പം ഒന്നുമില്ല റൂട്ടീൻ ചെക്കപ്പിനു വന്നതാ. ഇവിടെ തിരക്കായിരിക്കുമെന്ന് വിചാരിച്ച് കാർ പുറത്ത് പാർക്ക് ചെയ്തു" ഹരീന്ദ്രൻ ആരതിയെ നോക്കി ചിരിച്ചു. കുശല സംഭാഷണങ്ങളോടെ അവർ അകത്തേക്ക് കടന്നു. ആരതി ഹരീന്ദ്രന്റെ കാർഡു കൂടി വാങ്ങി ഒ പി ടിക്കറ്റിനു ക്യൂവിൽ ഇടം പിടിച്ചു. അടുത്തടുത്ത സീറ്റുകളിൽ ഇരുന്ന് വാ തോരാതെ സംസാരിക്കുന്ന ഊർമിളയെയും ചെറു ചിരിയോടെ എല്ലാം കേട്ട് തലയാട്ടുന്ന ഹരീന്ദ്രനെയും ആരതി ഇടം കണ്ണിട്ടു നോക്കി... ഒരേ തൂവൽ പക്ഷികളായ രണ്ടുപേർ... പൊതുവെ ചിരിക്കാൻ മടിയുള്ള വിഷാദഭാവമാണ് ഊർമിളയ്ക്ക്. എന്നാൽ ആരതി പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ഹരീന്ദ്രന്റെ സാമീപ്യം ഊർമിളയിൽ പകരുന്ന മാറ്റങ്ങൾ. പെട്ടെന്ന് മുഖം വിടരുകയും കണ്ണുകൾ തിളങ്ങുകയും ചെയ്യും... ചിരിക്കാനും സംസാരിക്കാനും ഒരുപാട് ഉണ്ടാവും അവർക്ക്.

ആരതി ഊർമ്മിളയെ ചെക്കപ്പൊക്കെ കഴിഞ്ഞ് വീട്ടിൽ വിട്ടിട്ട് ഓഫിസിൽ പോയി. ഉച്ചവരെ ലീവ് പറഞ്ഞിരുന്നു. ഐ ടി കമ്പനിയിൽ റീജിയണൽ മാനേജർ ആണ് ആരതി. കോളജിൽ തന്റെ സീനിയർ ആയി പഠിച്ചിരുന്ന നിഖിലുമായി പ്രണയത്തിലാണ്. ഇരു വീട്ടുകാർക്കും വിവാഹത്തിന് സമ്മതമാണ്. നിഖിൽ അമേരിക്കയിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു. ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. ആരതി തന്റെ ക്യാബിനിലിരുന്ന് വൈകിട്ട് കാണണം എന്ന് പറഞ്ഞ് നിഖിലിനെ ഫോൺ ചെയ്തു. ആരതിയുടെ ആധി മുഴുവൻ ഊർമിളയെ കുറിച്ചാണ്. നിഖിലുമായി വിവാഹത്തിന് ആരതി മടിക്കുന്നതും അതിനാലാണ്. വിവാഹം കഴിഞ്ഞാൽ പുറത്ത് പോകേണ്ടി വരും നിഖിലിന്റെ കമ്പനിയിൽ തന്നെ ജോലിയും ശരിയാകും. പക്ഷെ ഊർമിളയെ തനിച്ചാക്കി പോകാൻ ആരതിക്ക് കഴിയില്ല. നമുക്ക് അമ്മയെ കൂടി കൊണ്ട് പോകാന്ന് നിഖിൽ പറഞ്ഞിട്ടുണ്ട്. ഊർമിള ഇവിടം വിട്ട് എങ്ങും വരാനും തയാറല്ല.

ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞ് നിൽക്കുന്ന പാർക്കിലെ ചെടികൾക്ക് ഇടയിലെ വിശാലമായ നടപ്പാതയിലൂടെ നടക്കുമ്പോൾ നിഖിൽ ആരതിയുടെ കൈ കവർന്നു. "എന്താടോ ഇത്ര ആലോചന"? അവൾ മറുപടി പറയും മുന്നേ തന്നെ നിഖിൽ ചിരിച്ചു കൊണ്ട് പറഞ്ഞു "അമ്മയെ കുറിച്ചല്ലേ അല്ലാതെ പാവം നമ്മളൊന്നും ആ ചിന്തയിൽ ഇല്ലല്ലോ" "പോടാ" ആരതി കുറുമ്പോടെ അവനെ നുള്ളി. "നിച്ചുവിന് അറിയാല്ലോ അമ്മ എനിക്ക് അത്രമേൽ ജീവനാണെന്ന്. അത് പോലെ തന്നെയാണ് നിച്ചുവും." (നിച്ചുവും, അമ്മുവും നിഖിലിനെയും, ആരതിയെയും വീട്ടിൽ വിളിക്കുന്ന പേരുകൾ) "അമ്മയെ ഒറ്റയ്ക്കാക്കി ഒന്നും എനിക്ക് വേണ്ട... 26 വർഷങ്ങൾ അമ്മ ജീവിച്ചത് എനിക്ക് വേണ്ടിയാ.." "അമ്മൂ നീ ഇത് എത്ര തവണ എന്നോട് പറഞ്ഞിട്ടുള്ള കാര്യമാണ് എനിക്ക് മനസിലാകും. ഞാൻ എന്തെല്ലാം ഓപ്ഷൻസ് നിന്നോട് പറഞ്ഞു. നാട്ടിൽ ഞാൻ ജോബ് നോക്കാമെന്ന് വരെ പറത്തില്ലെ. നീയല്ലേ ഒന്നും സമ്മതിക്കാത്തത്." "എനിക്കറിയാം നിച്ചു എന്നോടുള്ള സ്നേഹം കൊണ്ട് എന്ത്  വേണേലും ചെയ്യുമെന്ന്. അതല്ല കാലം പോകുമ്പോൾ പല മാറ്റങ്ങളും വരാം അന്ന് ആരും ആർക്കും ബാധ്യത ആവരുത്."

Read also: കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിൽ, ഗ്യാസ് ട്രബിളെന്ന് ആശ്വസിപ്പിച്ച് ഡോക്ടർ; മരണം മുന്നിൽക്കണ്ട നിമിഷം

"നീ അങ്ങനെയാണോ എന്നെ കരുതിയിരിക്കുന്നെ അമ്മൂ. നിനക്ക് എന്നെ എത്ര വർഷമായി അറിയാവുന്നതാണ്" നിഖിലിന്റെ ശബ്ദത്തിൽ ഗൗരവം കലർന്നു. "അങ്ങനെയല്ല വിവാഹം കഴിയുന്നതോടെ നമ്മൾ മാത്രമല്ലല്ലോ നമ്മുടെ  വീട്ടുകാർ, ബന്ധുക്കൾ, പിന്നെ ഭാവിയിൽ കുഞ്ഞുങ്ങൾ അങ്ങനെ നമ്മുടെ ലോകം വലുതാകും. പക്ഷെ അമ്മയോ ഇന്ന് വരെ സ്വയം ജീവിച്ച് കണ്ടിട്ടില്ല... ഞാൻ മാത്രമാണ് അമ്മയ്ക്ക് എല്ലാം... എന്റെ ലൈഫിലെ സന്തോഷങ്ങൾ കണ്ട് അമ്മ സന്തോഷിക്കുമായിരിക്കും. എന്റെ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുമായിരിക്കും. ഞാൻ നിർബന്ധിച്ചാൽ അമേരിക്കയിൽ വരുമായിരിക്കാം, പക്ഷെ അതിനുമപ്പുറം അമ്മയ്ക്ക് മാത്രമായ കരുതലും സ്നേഹവും വേണം. മക്കളായ നമ്മൾക്ക് കൊടുക്കാവുന്നതിലും കൂടുതൽ.." "നീയെന്താ പറഞ്ഞു വരുന്നത് " നിഖിൽ ആകാംക്ഷാഭരിതനായി. "ഞാൻ മകളാണ് എന്നോട് അമ്മയ്ക്ക് വാത്സല്യമാണ്. എത്ര കൂട്ടുകാരെ പോലെയാണെന്ന് പറഞ്ഞാലും പരിമിതികൾ ഉണ്ട്. അച്ഛൻ മരിച്ചു പോയതായിരുന്നെങ്കിൽ ആ നല്ല ഓർമ്മകളിൽ അമ്മ ജീവിച്ചോട്ടേന്ന് കരുതാം.. ഇത് അങ്ങനെ അല്ലല്ലോ. അമ്മ ഒരിക്കൽ പോലും സ്നേഹം എന്താന്ന് അറിഞ്ഞിട്ടില്ല." ആരതി വികാരാധീനയായി ശ്വാസം വലിച്ചു വിട്ടു. "ഇപ്പോൾ എന്ത് ചെയ്യണമെന്നാ പറയുന്നെ" നിഖിൽ ആരതിയെ നോക്കി. 

അവരപ്പോഴേക്കും പാർക്കിലെ ബെഞ്ചിൽ ഇരുന്നിരുന്നു.. "അമ്മയെ വിവാഹം കഴിപ്പിക്കണം" ആരതി ഉറച്ച സ്വരത്തിൽ പറഞ്ഞു. നിഖിൽ പൊട്ടിച്ചിരിച്ചു "അത്രേയുള്ളോ. എന്റെ അമ്മൂ അതിനാണോ നീ ഇങ്ങനെ മസിലും പിടിച്ച് നടന്നേ. ഇത് സർവസാധാരണമല്ലേ" നിഖിൽ അങ്ങനെയാണ് എല്ലാം തമാശമട്ടിൽ കൈകാര്യം ചെയ്യും. ആരതിക്ക് ദേഷ്യം വന്നു. "നിച്ചു ഇത് വിചാരിക്കും പോലെ അത്ര എളുപ്പമല്ല.  അമ്മയ്ക്ക് വയസ്സ് 48 ആയി.. എല്ലായിടത്തും  ഇപ്പോൾ നടക്കാറുണ്ട് ശരിയാണ് പക്ഷെ നാട്ടിൻപുറത്ത് വളർന്ന അമ്മ ഇത് സമ്മതിക്കുമോ. നിച്ചുവിന്റെ വീട്ടുകാർ എന്ത് പറയും, നാട്ടുകാർ എന്ത് വിചാരിക്കും എന്ന് പറഞ്ഞ് എതിർക്കില്ലേ... സമ്മതിച്ചാൽ തന്നെ നിച്ചുവിന്റെ വീട്ടുകാർ അംഗീകരിക്കുമോ." "നീ ടെൻഷൻ ആകാതെ നമുക്ക് അമ്മയെ സമ്മതിപ്പിക്കാം, പിന്നെ എന്റെ വീട്ടുകാര്. ഞാനില്ലേ നിന്റെ കൂടെ, നാട്ടുകാരോട് പോവാൻ പറ... മാട്രിമോണിയൽ കൊടുക്കാം. അമ്മയെ മനസ്സിലാകുന്ന ഒരാളായിരിക്കണം" നിഖിൽ വാചാലനായി. "അത് ഞാൻ പറയാറില്ലെ ഒരു ഹരി അങ്കിളിനെ പറ്റി ആശ ആന്റിയുടെ ബ്രദർ. അമ്മയും അങ്കിളും തനിച്ചായവർ ആണ്. എന്റെ മനസ്സിൽ ചില തോന്നലുകൾ നടക്കുമോന്ന് അറിയില്ല" ആരതി അതിശയോക്തിയിൽ നിർത്തി. "അങ്ങനെ വരട്ടെ അപ്പോൾ അതാണ് മോളുടെ മനസ്സിലിരുപ്പ്. നമുക്ക് ശ്രമിക്കാമെടൊ. അറിയുന്ന ഒരാളിനോടൊപ്പം അമ്മ സുരക്ഷിതയായിരിക്കും. അത്രയ്ക്ക് പാവമല്ലെ നമ്മുടെ അമ്മ." 

ആരതി നിഖിലിനെ നോക്കി. 9 വർഷത്തെ അടുപ്പമാണ്. അന്നു മുതൽ എല്ലാ കാര്യത്തിനും കൂടെയുണ്ട്. തന്റെ മനസ്സിടറിയാൽ ആളറിയും. കള്ള ചിരിയോടെ ഞാനില്ലേ കൂടെയെന്ന് പറയും... നിഖിലിന് അച്ഛനും അമ്മയും ഒരു അനിയത്തിയുമാണ് ഉള്ളത്. അനിയത്തിയുടെ വിവാഹം കഴിഞ്ഞു. അച്ഛൻ ബിസിനസും കാര്യങ്ങളുമായി നടക്കുന്നു. അമ്മ ടീച്ചറാണ്. ആരതിയെ എല്ലാവർക്കും ഇഷ്ടമാണ്.. മാത്രമല്ല നിഖിലിന്റെ തീരുമാനങ്ങൾക്കൊന്നും വീട്ടുകാർ എതിര് നിൽക്കാറില്ല.. "അമ്മുക്കുട്ടീ റൊമാൻസ് വരുന്നോ" പൊട്ടിച്ചിരിയോടെ തന്നെ നോക്കിയിരിക്കുന്ന ആരതിയോട് നിഖിൽ ചോദിച്ചു.. "ഓ പിന്നെ നിച്ചു വാ നമ്മൾക്ക് കോഫി കുടിക്കാം" ആരതി കള്ള ഗൗരവം നടിച്ചു. നിഖിൽ ആരതിയുടെ മുഖം രണ്ട് കൈകളാലും കോരി എടുത്തു ആ കണ്ണുകളിലേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു "ഇപ്പോൾ എന്റെ അമ്മുകുട്ടിയുടെ മനസ്സ് നിറയെ എന്നോടുള്ള സ്നേഹമാണല്ലോ.." ആരതിയുടെ കവിളുകൾ നാണത്താൽ തുടുത്തു.. ഈ ചെക്കൻ വെറും പൈങ്കിളി ആണല്ലോ ആരതി ചിണുങ്ങി.

Read Also: കാലങ്ങളായി ജോലിക്കു വേണ്ടി കാത്തിരിപ്പ്; ജോയിൻ ചെയ്യേണ്ട ദിവസം ഹർത്താൽ, ബസ്സിനു നേരെ കല്ലേറ്

രാത്രി ബെഡിൽ തുണികൾ മടക്കി വയ്ക്കുവായിരുന്ന ഊർമിളയോട് ആരതി ചോദിച്ചു "അമ്മാ ബിപിയുടെ ടാബ്ലറ്റ് കഴിച്ചോ? ഹൈ ബിപി ആണ് അറിയാല്ലോ?" ഊർമിളയുടെ കൈയ്യിൽ നിന്ന് തുണി പിടിച്ച് വാങ്ങി കിടക്കയുടെ അരികിലോട്ടെറിഞ്ഞിട്ട് ആരതി അമ്മയുടെ മടിയിൽ തലവെച്ചു കിടന്നു. ഈ പെണ്ണിന്റെ പുന്നാരം. സ്നേഹശാസനയോടെ ഊർമിള ആരതിയുടെ മുടിയിഴകളിൽ വിരലോടിച്ചു... ആരതി കൊച്ചു കുഞ്ഞിനെ പോലെ അമ്മയുടെ താടിയിൽ പിടിച്ച് ചോദിച്ചു.. "എന്താ എന്റെ അമ്മക്കിളിക്ക് ഇത്ര ടെൻഷൻ? ഡോക്ടർ പറഞ്ഞല്ലോ ടെൻഷൻ കാരണമാണ് ബിപി കൂടിയേന്ന്." "മോളെ കുറിച്ചല്ലാതെ എനിക്ക് വേറെന്ത് ടെൻഷൻ. നീ ആ പാവം നിഖിലിനെ വിവാഹം കഴിക്കാതെ പുറകെ നടത്തുവല്ലേ. അവനും വീട്ടുകാരും ആയോണ്ട് കൊള്ളാം. ഇരുപത്താറ് വയസ് കഴിഞ്ഞു. നീയിതെന്തു ഭാവിച്ചാണ്." "അമ്മയെ ഒറ്റയ്ക്കാക്കി ഞാൻ എങ്ങും പോവില്ല." "ഈ ലോകത്ത് ഞാൻ മാത്രമാണോ തനിച്ചാകുന്നത്. എനിക്ക് കൂട്ടിന് ആശയും കുടുംബവുമില്ലേ. നീ പറഞ്ഞ പോലെ അത്ര നിർബന്ധമാണേൽ സഹായത്തിന് ആരേലും നിർത്താം. പിന്നെ എന്നെന്നേക്കുമായി എന്നെ വിട്ട് മോളു പോകുവല്ലല്ലോ, ഇത് നിന്റെ വീടല്ലേ."

"എനിക്ക് വേറെ ബന്ധുക്കൾ വരുമ്പോൾ അമ്മയ്ക്ക് തനിച്ചായി പോയ പോലെ തോന്നിയാലോ." "എന്തിന് മോള് അങ്ങനെ ചിന്തിക്കുന്നെ. നിഖിൽ എനിക്ക് മോൻ തന്നെയല്ലെ. അവന്റെ ബന്ധുക്കൾ നമ്മുടെയും സ്വന്തക്കാരല്ലെ. നിനക്ക് വേണ്ടി ഇവിടെ ജോലി നോക്കാന്ന് വരെ പറഞ്ഞു, അവിടത്തെ ജോലി കളഞ്ഞ് ഇവിടെ വന്ന് ജോലി നോക്കാനൊന്നും അമ്മ പറയില്ല. കുറച്ചൊക്കെ മോള് അവനെയും മനസ്സിലാക്കണം." "അതൊക്കെ എനിക്കറിയാം. എത്ര വട്ടം അമ്മയോടും നിച്ചുവിനോടും ഇതേ വിഷയം തന്നെ പറയുന്നു. ഇനി ഇതിനൊരു പരിഹാരം ഞാൻ പറയാം അമ്മ കേൾക്കണം." ആരതി തുടർന്ന് എന്താണ് പറയുന്നതെന്നറിയാൻ ഊർമിള ചെവി കൂർപ്പിച്ചു. "അമ്മ വിവാഹം കഴിക്കണം" ഞെട്ടലോടെ ഊർമിള ആരതിയെ നോക്കി "നീയെന്ത് ഭ്രാന്താണ് പറയുന്നത്. കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന ഞാൻ ഇനി കല്യാണം കഴിക്കണമെന്ന്. നിന്റെ തമാശ കുറേ കൂടുന്നുണ്ട്." "തമാശയല്ല അമ്മ, ഞാൻ വളരെ ആലോചിച്ച് കണ്ടുപിടിച്ച സൊല്യൂഷൻ ആണ്." "അമ്മൂ നീയെന്താ എന്നെ കുറിച്ച് കരുതിയിരിക്കുന്നെ. ആൺ തുണയില്ലാതെ ജീവിക്കാന്ന് ഇത്രയും കാലം കൊണ്ട് തെളിയിച്ചവളാ ഞാൻ." ഊർമിള ദേഷ്യത്താൽ ആരതിയെ മടിയിൽ നിന്ന് പിടിച്ച് മാറ്റി.

Read also: ശമ്പളം കൂട്ടിക്കിട്ടാൻ ജോലിക്കാരിയുടെ അതിബുദ്ധി; പക്ഷേ സംഗതി ഏറ്റില്ല, ആപ്പുകൾ വന്നു, പണിയും പോയി

"അമ്മയ്ക്ക് ഹരി അങ്കിളിനെ കുറിച്ച് എന്താ അഭിപ്രായം" ആരതി ഊർമിളയുടെ ദേഷ്യം അവഗണിച്ചു കൊണ്ട് ചോദിച്ചു. ആരതിയുടെ പോക്ക് എങ്ങോട്ടാണെന്ന്  ഊർമിളയ്ക്ക് മനസ്സിലായി കൈ എടുത്ത് വിലക്കി "ആരതീ നീ അതിരു കടക്കുന്നു. എനിക്ക് കൂട്ടിന് ഒരു ആള് വേണേൽ നേരത്തെ ആകാമായിരുന്നു. നീ കുഞ്ഞായിരിക്കുമ്പോൾ, കല്യാണപ്രായമായ മകളുള്ളപ്പോൾ ഞാൻ കെട്ടാൻ നടക്കുവല്ലെ" അരിശത്തോടെ മുറിക്ക് പുറത്തേക്ക് പോകാൻ ഒരുങ്ങിയ ഊർമിളയെ തടഞ്ഞു കൊണ്ട് ആരതി പറഞ്ഞു "അമ്മയ്ക്ക് ഒരു ജീവിതം ആയിട്ടു മാത്രമേ ഞാൻ വിവാഹം കഴിക്കു ഇല്ലെങ്കിൽ ഇങ്ങനെ കഴിയും. വിവാഹം കഴിച്ചാലേ ജീവിക്കാൻ പറ്റൂന്ന് നിർബന്ധം ഒന്നുമില്ലല്ലോ." അന്ന് രാത്രി പിന്നെ രണ്ട് പേരും പരസ്പരം സംസാരിച്ചില്ല. ആരതി നിഖിലിനോട് കാര്യങ്ങൾ വിളിച്ച് പറഞ്ഞു, ഊർമിളയ്ക്ക് ബി പി കൂടിയാലോന്നാണ് ആരതിയുടെ പേടി. നിഖിൽ ആശ്വസിപ്പിച്ചു ഒന്നും ഉണ്ടാവില്ല. നമ്മൾ വാശി പിടിച്ച് നിന്നാലേ അമ്മ സമ്മതിക്കൂ.. ഈ സമയം ഊർമിള തന്റെ മുറിയിൽ കിടക്കുകയായിരുന്നു. അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി.. തന്റെ പഴയ കാലങ്ങൾ ഓർമയിൽ തെളിഞ്ഞു വന്നു.

ഒരു ഇടത്തരം കുടുംബത്തിലാണ്  ഊർമിള ജനിച്ചത്. താഴെ ഒരു അനിയനും അനിയത്തിയും.  പതിനെട്ട് വയസ്സിലേ വിവാഹം നടത്തി വീടുകാർ ബാധ്യത തീർത്തു. ഒരു തരത്തിലും പൊരുത്തപ്പെടാൻ പറ്റാത്ത ബന്ധമാണെന്ന് ആദ്യ ദിവസം തന്നെ തിരിച്ചറിഞ്ഞു. ഒരു വേട്ട മൃഗത്തെപ്പോലെ ആ രാത്രി ശരീരം പിച്ചി ചീന്തിയ മനുഷ്യനെ ഭയന്ന് അവൾ നിലവിളിച്ചു.. പകലെന്നും രാത്രിയെന്നും ഇല്ലാതെ മദ്യപിച്ചെത്തുന്ന അയാൾ ഊർമിളയെ നിരന്തരം ഉപദ്രവിച്ചു. അയാളുടെ  അച്ഛനും അനിയനുമൊക്കെ അയാളുടെ പക്ഷത്തായിരുന്നു. ഭർത്താവിന്റെ അമ്മ മാത്രം അവളുടെ ഭാഗം ചേർന്നെങ്കിലും ഉറക്കെ ശബ്ദിക്കാൻ അമ്മയ്ക്കും ഭയമായിരുന്നു. മൂന്ന് വർഷത്തോളം കുട്ടികൾ ഉണ്ടാവാതിരുന്ന ഊർമിളയെ അതിന്റെ പേരിലും പീഡിപ്പിച്ചു. ആരതി ജനിച്ച ശേഷം മാറ്റം വരുമെന്നു വിചാരിച്ചെങ്കിലും സ്ഥിതി കൂടുതൽ വഷളായതേയുള്ളു. സ്വന്തം വീട്ടിൽ പറഞ്ഞപ്പോൾ അമ്മ പോലും പറഞ്ഞു "നോക്കിയും കണ്ടും നിൽക്കണം. ആണുങ്ങൾ ആകുമ്പോൾ അങ്ങനെയാ. തല്ലിയെന്നൊക്കെ ഇരിക്കും. ആഹാരത്തിനൊന്നും കുറവില്ലല്ലോ നല്ല പോലെ നോക്കുന്നില്ലെ. പെണ്ണിന്റെ മിടുക്കാണ് ആണിനെ തന്റെ വരുതിയിലാക്കുന്നത്." അടിയും വഴക്കുമായി ജീവിതം മുന്നോട്ട് പോയി. 

മകളെ പോലും സ്നേഹിക്കാൻ കഴിയാത്ത അയാൾ മദ്യലഹരിയിൽ കുഞ്ഞിനെ കാലിൽ തൂക്കി വലിച്ചെറിയാൻ ശ്രമിച്ചു.. തടഞ്ഞ് കുഞ്ഞിനെ പിടിച്ചു വാങ്ങിയ ഊർമിളയെ തല്ലി ചതച്ചു... അന്നാദ്യമായി അയാളുടെ അമ്മ ശബ്ദമുയർത്തി.  "കുഞ്ഞുമായി എങ്ങോട്ടെങ്കിലും പോ മോളെ ഈ ഭ്രാന്തൻമാരുടെ ഇടയിൽ നിന്ന്..." പിന്നെ ഒന്നും ആലോചിച്ചില്ല രണ്ട് വയസ്സുകാരി മകളെ മാറോടടക്കി അവിടുന്ന് പടിയിറങ്ങി. അത്രയ്ക്ക് പേടിയും വെറുപ്പും ആയിരുന്നു ഊർമിളയ്ക്ക് അയാളെ.. ഒരു വർഷത്തോളം സ്വന്തം വീട്ടിൽ അഭയം തേടിയെങ്കിലും കെട്ടിച്ചു വിട്ട മകൾ ഭാരമാണെന്ന് വീട്ടുകാർ പറയാതെ പറഞ്ഞു.. എങ്ങനെയൊക്കെയോ പിടിച്ചു നിന്നു. ആയിടയ്ക്കാണ് ആശയെ കണ്ടത് ഊർമിളയുടെ കൂട്ടുകാരി. ആശയോട് കാര്യങ്ങൾ പറഞ്ഞ് എല്ലാം തകർന്നവളെ പോലെ ഊർമിള കരഞ്ഞു. ആശ വിവാഹമൊക്കെ കഴിഞ്ഞ് ഭർത്താവ് മോഹന്റെ വീട്ടിലാണ്. മോഹന്റെ അച്ഛനും അമ്മയും കേറ്ററിംഗ് സർവീസ് നടത്തുന്നുണ്ടെന്നും, അവിടെ ആളെ ആവശ്യമുണ്ടെന്നും ആശ അറിയിച്ചു. ആശ തന്നെ അവിടെ ജോലിയും, വാടകയ്ക്ക് വീടും ഏർപ്പെടുത്തി കൊടുത്തു.. 

Read also: ആ വഴിയിൽ യക്ഷികളെ കണ്ടവരുണ്ട്, അത് പേടിച്ച് വണ്ടികള്‍ സ്പീഡിൽ സ്ഥലം വിടും; പക്ഷേ അന്നു രാത്രി അതുവഴി...

വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം ആരും തടയാൻ വന്നില്ല.. ആദ്യമാദ്യം പാചകം, ക്ലീനിംഗ് അങ്ങനെ ഭാരിച്ച പല ജോലികളും ചെയ്തു പോന്നു. അച്ഛന്റെയും അമ്മയുടെയും കാലശേഷം വിദേശത്തായിരുന്ന മോഹൻ നാട്ടിൽ സ്ഥിരമാകുകയും ആശയുമായി ചേർന്ന് ബിസിനസ് ഏറ്റെടുത്തു നടത്തുകയും ചെയ്തു. അത് കൂടാതെ പെൺകുട്ടികളുടെ ഹോസ്റ്റലും തുടങ്ങി.. ആ കോമ്പൗണ്ടിൽ തന്നെയാണ് ആശയുടെ വീടും. അവിടത്തെ വിശ്വസ്തയായ ഊർമിള ആ വീട്ടിലെ ഒരു അംഗത്തെ പോലെയായി. ആശയ്ക്ക് ഊർമിള കൂട്ടുകാരിക്കുമപ്പുറം കൂടെപ്പിറപ്പിനെ പോലെയാണ്. പതിയെ ആയാസമായ ജോലികളിൽ നിന്ന് ഒഴിവാക്കി എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം ഊർമിളയെ ഏൽപ്പിച്ചു. ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടി.. അയാളുടെ അമ്മ മരിക്കാൻ നേരം അവരുടെ പേരിലുള്ള വസ്തുവും വീടും ആരതിയുടെ പേരിൽ എഴുതി വെച്ചിരുന്നു. ആ അമ്മയുടെ കാലശേഷം അതു വിറ്റ് ഇവിടെ വീടും, സ്ഥലവും വാങ്ങി. ആരതി നന്നായി പഠിച്ചു ജോലി നേടി. കുഴപ്പങ്ങൾ ഒന്നും കൂടാതെ  ജീവിതം മുന്നോട്ട് പോകുന്നു.. കരഞ്ഞും പഴയതൊക്കെ ഓർത്തും ഊർമിള ഉറക്കത്തിലേക്ക് വഴുതി വീണു.

ആശയുടെ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ച ആരതിയുടെ മനസ് ചിന്താകുഴപ്പത്തിലായിരുന്നു. ആശയോട് കാര്യങ്ങൾ സംസാരിച്ചാൽ എല്ലാം ശരിയാക്കാമെന്ന് പ്രതീക്ഷ തോന്നിയെങ്കിലും അവൾക്ക് പേടിയുണ്ടായിരുന്നു ഹരീന്ദ്രനെ കുറിച്ച് പറയുമ്പോൾ ആശ എങ്ങനെ എടുക്കുമെന്ന്. ആശയ്ക്ക് രണ്ട്  സഹോദരൻമാരാണ് ഉള്ളത്. അതിൽ മൂത്ത ആളാണ് ഹരീന്ദ്രൻ. ഹരീന്ദ്രന്റ ഭാര്യ ഇളയ കുഞ്ഞിന് ഒരു വയസുള്ളപ്പോഴേ മരിച്ചു. രണ്ട് മക്കളാണ് ഒരു മകനും മകളും. ഹരീന്ദ്രനും മോഹന്റെ കൂടെ വിദേശത്തായിരുന്നു. ഭാര്യയുടെ മരണ ശേഷം നാട്ടിൽ വരുകയും റബ്ബർ എസ്റ്റേറ്റും മറ്റു ബിസിനസുകളുമായി മക്കളെ നോക്കി  ജീവിച്ചു. മക്കളുടെ വിവാഹമൊക്കെ കഴിഞ്ഞ് എല്ലാവരും പുറത്താണ്. "ആഹാ അമ്മു മോളെ ഊർമിള എവിടെ" ചോദിച്ച് കൊണ്ടു ആശ അടുത്തേക്ക് വന്നു. "അമ്മ വീട്ടിലുണ്ട് ആന്റി" "എന്താ നിന്റെ മുഖത്തൊരു വാട്ടം" ആശ ആരതിയുടെ കൈപിടിച്ചു. മുഖവുരയൊന്നും ഇല്ലാതെ ആരതി ആശയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. ആശ കുറച്ചു നേരം ആലോചിച്ചിരുന്നു.. അപ്പോഴേക്കും മോഹനും അങ്ങോട്ട് വന്നു. മോഹനോടും ആശ കാര്യങ്ങൾ പങ്കുവെച്ചു. കുറച്ചു നേരം എല്ലാവരും മൗനം പൂണ്ടു. 

Read also: ' ഒപ്പനയുടെ ലിസ്റ്റ് വന്നപ്പോൾ എന്റെ പേരില്ല, കാരണം നിറം തന്നെ...'; കറുപ്പായതിൽ അവഗണന, കളിയാക്കലുകൾ

പിന്നെ മോഹൻ തുടക്കം കുറിച്ചു "നല്ല കാര്യമല്ലേ. ഹരിയുടെ ഉള്ളിലും ഇങ്ങനെ ഒരു ആഗ്രഹം ഉണ്ട് അതെനിക്കറിയാം. ആറേഴു വർഷങ്ങൾ മുൻപ് ഹരി എന്നോട് പറഞ്ഞിരുന്നു മക്കൾ മുതിർന്നപ്പോൾ പഠനവും  മറ്റുമായി അവരുടെ ലോകത്തേക്ക് അവർ ഒതുങ്ങിയെന്നും വല്ലാതെ ഒറ്റപ്പെടുന്നുവെന്നും. അന്ന് ഞാൻ മറ്റൊരു പങ്കാളിയെ കുറിച്ച് ചോദിച്ചപ്പോൾ ഊർമിളയോട് താൽപര്യമുള്ള മട്ടിൽ സംസാരിച്ചിരുന്നു. എന്നാൽ ഞാൻ ഊർമിളയോട് സംസാരിക്കാന്ന് പറഞ്ഞപ്പോൾ ഹരി നേരിട്ട് ചോദിക്കാന്ന് പറഞ്ഞു. പിന്നീട് കണ്ടപ്പോൾ അത് വേണ്ട നടക്കില്ല ഇപ്പോഴുള്ള സൗഹൃദമെങ്കിലും നിലനിൽക്കട്ടെന്ന് പറഞ്ഞ് ഹരി ഒഴിഞ്ഞു." ആശയും അത് ശരിവെച്ചു "വല്യേട്ടന്റ കാര്യമോർക്കുമ്പോൾ മനസില്‍ തീയാണ്. ഊർമിളയെ വല്ല്യേട്ടന് ഇഷ്ടമാണെന്ന് എനിക്കും തോന്നിയിരുന്നു. അവരൊന്നിച്ചാൽ അതിൽ പരം എന്ത് സന്തോഷമാണ് വേണ്ടത്.. ഞാൻ ഊർമിളയെ പറഞ്ഞു മനസിലാക്കാം. പക്ഷെ മോള് അമ്മയുടെ നല്ലതിനു വേണ്ടി പോലും ഊർമിളയോട് പിണങ്ങി ഇരിക്കരുത്, അത്രയ്ക്ക് ആ പാവം അനുഭവിച്ചിട്ടുണ്ട്.." ആരതി തെല്ലൊരാശ്വാസം കിട്ടിയ പോലെ ചിരിച്ചു.

മോഹൻ ഹരീന്ദ്രനെ വിളിച്ച് ആരതി പറഞ്ഞ കാര്യങ്ങൾ അറിയിച്ചു. പ്രത്യേകിച്ച് എതിർപ്പൊന്നും ഹരീന്ദ്രൻ പറയാൻ പോയില്ല. ഊർമിളയുടെ ഇഷ്ടം നോക്കാൻ മാത്രം പറഞ്ഞു.. ഹരീന്ദ്രൻ ആലോചനയിലാണ്ടു. ആശയുടെ വീട്ടിൽ വരുമ്പോഴൊക്കെ വീട്ടിലും, കേറ്ററിംഗിലും, ഹോസ്റ്റലിലും എല്ലാം നിറസാന്നിധ്യമായി ഊർമ്മിള ഉണ്ടായിരുന്നു.. ആദ്യമൊന്നും ശ്രദ്ധിച്ചില്ല 5 വർഷം മാത്രം കൂടെ ഉണ്ടായിരുന്ന  ഭാര്യയുടെ ഓർമകൾ, മക്കൾക്ക് ഒരു കുറവും വരാതെ വളർത്താനുള്ള നെട്ടോട്ടം, അങ്ങനെ ജീവിത പ്രാരാബ്ധങ്ങൾ. മക്കൾ മുതിർന്നപ്പോൾ അവർക്ക് തന്നോടൊന്നും പറയാനില്ലാതെയായി. ബിസിനസും കാര്യങ്ങളുമായി ഓടി നടന്നിട്ട് വീട്ടിൽ എത്തുമ്പോൾ അവർ അവരുടേതായ തിരക്കിലായിരിക്കും. പറയാൻ ഒരുപാട് ഉണ്ടാകും.. പങ്കുവെയ്ക്കാൻ, കാത്തിരിക്കാൻ ഒരാളില്ലാതെ മനസ്സ് മുരടിച്ചു. ആയിടയ്ക്ക് ആശയുടെ വീട്ടിൽ പോയ തനിക്കു മുന്നിൽ ചായ നീട്ടിയ ഊർമിളയുടെ മുഖം മനസിന്റെ കോണിൽ പതിഞ്ഞു. പിന്നെയും പിന്നെയും കാണാൻ തോന്നി. പേരറിയാത്തൊരു വികാരം മനസ്സിൽ രൂപപ്പെട്ടു.. കണ്ടും സംസാരിച്ചും ഊർമിള നല്ല സുഹൃത്തായി.. സൗഹൃദത്തിനപ്പുറം ഊർമിളയോട് തോന്നിയ ഇഷ്ടത്തെ മനസ്സിലൊതുക്കി... കാരണങ്ങൾ കണ്ടെത്തി ഊർമിളയെ കാണാൻ ശ്രമിച്ചു.. 

ഹരിയേട്ടാന്നുള്ള വിളി, അണിഞ്ഞൊരുങ്ങാത്ത മുഖത്തിൽ വിടരുന്ന ദുഃഖം നിറഞ്ഞ ചിരി, അങ്ങാട്ടും ഇങ്ങോട്ടും പറഞ്ഞാലും തീരാത്ത വർത്താനങ്ങൾ എല്ലാമെല്ലാം ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ തന്നു. അറിയാതെ കണ്ണുകൾ തമ്മിൽ ഉടക്കുമ്പോൾ ഊർമിള മുഖം താഴ്ത്തിയതിൽ മനസ് മന്ത്രിച്ചു തനിക്കുള്ള പോലൊരിഷ്ടം ഊർമിളയുടെ ഉള്ളിലും ഉണ്ട്. ഒടുവിൽ തുറന്ന് ചോദിച്ച നിമിഷം ഊർമിള പൊട്ടിക്കരഞ്ഞു "പാടില്ല അങ്ങനെ ഒരു ഇഷ്ടം ഈ ജന്മം ആരോടും വേണ്ട. മകൾ അവളാണ് എല്ലാം അവൾക്ക് വേണ്ടി ജീവിച്ച് മരിച്ചോളാം... ഇവിടെ വെച്ച് ഇങ്ങനെ  ചോദിച്ചത് മറക്കണം എന്നാലേ ഇനിയും പഴയ പോലെ ഹരിയേട്ടനോട് മിണ്ടാൻ പറ്റു.." ഹരീന്ദ്രനു മനസ്സിലായി സമൂഹത്തെ ഊർമിള ഭയക്കുന്നു. മകളുടെ ഭാവിയെ പേടിച്ച് സ്വയം ഇഷ്ടങ്ങൾ മൂടി വെയ്ക്കുന്നു. നിർബന്ധിക്കാൻ പോയില്ല.. തനിക്ക് ഇഷ്ടപ്പെടാല്ലോ, നിഴലായി കൂടെ നടക്കാല്ലോ.. തന്റെ ഉള്ളിലെ ആ സുഖമുള്ള നോവ് അങ്ങനെ തന്നെ കിടക്കട്ടെ ആരുമറിയാതെ ഊർമിള പോലുമറിയാതെ.

Read also: ഹോസ്റ്റലിലെ കൂട്ടുകാരിയെ പറ്റിക്കാൻ പ്രേതക്കഥ; പക്ഷേ വർഷങ്ങൾക്കു മുൻപ് അവിടെ നടന്ന സംഭവം കേട്ട് അവർ നടുങ്ങി

അതേസമയം  ഓരോന്ന് ആലോചിച്ച് സെറ്റിയിൽ ഇരിക്കുകയായിരുന്ന ഊർമിളയുടെ ഏകാന്തതയെ ഖണ്ഡിച്ചു കൊണ്ട് കോളിംഗ് ബെൽ മുഴങ്ങി. വാതിൽ തുറന്നതും ആശ അകത്തേക് പ്രവേശിച്ചു "നീയെന്താ വീട്ടിലോട്ടൊന്നും വരാത്തെ. അല്ലെങ്കിൽ ആരതി പൊയ്ക്കഴിഞ്ഞാൽ ഒറ്റയ്ക്ക് ഇരിക്കാൻ മടിച്ച് അങ്ങ് വരുന്നതല്ലെ.." ഊർമിള മൗനം പാലിച്ചതേയുള്ളു.. "എന്റെ ഊർമിളേ നീ എന്തിനാ വിഷമിക്കുന്നെ. അമ്മു എന്നോടെല്ലാം പറഞ്ഞു. അവൾ പറയുന്നതിൽ എന്താ തെറ്റ്. ആശ ഊർമിളക്കരുകിൽ ഇരുന്ന് ചുമലിൽ പിടിച്ചു. നീ ആലോചിക്ക് അവൾക്ക് ഒരു ജീവിതം വേണ്ടേ നിഖിലും, അമ്മുവും അവര് ജീവിക്കട്ടെ.  "ഞാൻ ആണോ അതിന് തടസം, ഞാനാണോ എല്ലാവർക്കും ഭാരം..." ഊർമിള വികാരാധീനയായി. "ഭാരമല്ല അവരത്രയ്ക്ക് നിന്നെ സ്നേഹിക്കുന്നു.. അമ്മുവിനെ പോലൊരു മോളെ കിട്ടാൻ പുണ്യം ചെയ്യണം. നീ പറയാറില്ലെ, അമ്മുവിന് വേണ്ടിയാ നീ ജീവിക്കുന്നത് എന്ന് അവളുടെ സന്തോഷമാണ് വലുതെന്ന് അങ്ങനെ ആണേൽ നീ ഈ വിവാഹത്തിന് സമ്മതിക്കണം.. അല്ലെങ്കിൽ നിന്റെ മോള് അവസാനം ഒറ്റക്കാകും.. നീ കഴിഞ്ഞേ അവൾക്ക് മറ്റെന്തുമുള്ളു. അത് കൊണ്ട് തന്നെ നീ തനിച്ചാകുമെന്ന് പേടിച്ച് അവൾ ജീവിതം കളയും. നീ എന്റെ വല്യേട്ടനെ വിവാഹം കഴിക്കുന്നതിൽ ഒരു തെറ്റുമില്ല ആരും കുറ്റവും പറയില്ല.." ഊർമ്മിള നിറമിഴികളാൽ ആശയെ നോക്കിയിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.. 

Read also: ' അച്ഛനും അമ്മയും പണ്ട് ലൈനായിരുന്നോ..?' മോളുടെ ചോദ്യം കേട്ട് ആദ്യമൊന്നു പകച്ചു, പിന്നെ മധുരിക്കും ഓർമകൾ

ആശ ഊർമിളയെ തന്നിലേക്ക് അടുപ്പിച്ചു. "എനിക്കറിയാം നിന്റെ മനസ്സിലും എന്റെ വല്യേട്ടൻ ഉണ്ട്... മറ്റുള്ളവർ എന്ത് പറയുമെന്ന പേടി കൊണ്ടല്ലേ. അത് കൊണ്ട് ഒരു മോശവും സംഭവിക്കില്ല ഞങ്ങൾ എല്ലാവരും നിന്റെ കൂടെ ഉണ്ട്.." ഒന്നു കൂടി അമർത്തി ചേർത്ത് പിടിച്ച് കൊണ്ട് ആശ പതിയെ പറഞ്ഞു "ഈ ജീവിതത്തിൽ നീ അറിയാതെ പോയ സ്നേഹം, ചേർത്ത് പിടിക്കലുകൾ, സംരക്ഷണം എല്ലാം നിനക്ക് കിട്ടണം ഊർമിളേ. അമ്മുവിനെ നീ സ്നേഹിക്കുന്നുണ്ടെങ്കിൽ സമ്മതിക്കണം.." മറുത്തൊന്നും പറയാൻ ആകാതെ ഊർമിള ആശയുടെ തോളിലേക്ക് ചാരി.. എല്ലാം കേട്ടു കൊണ്ട്  കയറി വന്ന ആരതി ഒരു നിമിഷം നിശബ്ദയായി നിന്ന ശേഷം വിളിച്ചു "അമ്മാ.. എന്റെ അമ്മക്കിളീ.." ഊർമിള അടർന്നു വീഴുന്ന കണ്ണീരിനെ മറയ്ക്കാൻ പാടുപെട്ട് തിരിഞ്ഞു നോക്കി. ആരതി ഓടി വന്നു അമ്മയെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു. ഊർമിളയുടെ കൈകളും ആരതിയെ മുറുകെ പുണർന്നു.. തുരുതുരാ ഉമ്മകൾ കൊണ്ട്  മൂടി ഇരുവരും പൊട്ടി പൊട്ടി കരഞ്ഞു.. ആശയുടെ മിഴികളും അറിയാതെ നിറഞ്ഞു  തുളുമ്പി.

നിഖിലിന്റെ വീട്ടുകാർ എതിർപ്പൊന്നും പറഞ്ഞില്ല. ആരതിയെ പോലൊരു മകൾ ഊർമിളയുടെ ഭാഗ്യം ആണെന്ന് മാത്രം പറഞ്ഞു. ഹരീന്ദ്രന്റെ രണ്ടു മക്കളും ഈ വിവാഹത്തെ ശക്തമായി എതിർത്തു. സ്വത്തുക്കൾ പങ്കു വെച്ചു പോകുമെന്നുള്ള പേടിയുണ്ട് അവർക്ക്. അവർ ഒരേ സ്വരത്തിൽ ചോദിച്ചു വയസാം കാലത്ത് അച്ഛനു എന്തിന്റെ കേടാണ്, അവർക്ക് നാണക്കേടാണ്, അച്ഛനു ആഹാരമുണ്ടാക്കി തരാനും മറ്റും ജോലിക്കാളുണ്ടല്ലോ എന്നിങ്ങനെ കുറേ ന്യായങ്ങൾ നിരത്തി. ഹരീന്ദ്രൻ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ മകൻ ചോദിച്ചു ഈ അമ്പത്തിയഞ്ചാം വയസ്സിൽ കൂടെ കിടക്കാൻ ഒരാളിനെ വേണം എന്ന് പറയാൻ അച്ഛനു ഉളുപ്പില്ലേ? ദേഷ്യം കടിച്ചമർത്തി ഹരീന്ദ്രൻ പറഞ്ഞു ശാരീരിക ബന്ധത്തിനും അപ്പുറം പലതുമുണ്ട് ജീവിതത്തിൽ അത് നിനക്ക് മനസിലാവില്ല.. നിങ്ങൾക്കുള്ളതൊക്കെ ഇവിടെ തന്നെയുണ്ട്. ആരും അവകാശം പറഞ്ഞ് വരില്ല. ആണും പെണ്ണും ഒന്നിക്കുന്നത് ശരീര സുഖത്തിനു വേണ്ടി മാത്രമല്ല അതിനുമപ്പുറം മനസെന്ന ഒന്നുണ്ട്.. അത് കൊണ്ടാണ് നിന്റെ അമ്മ മരിച്ച് ഇത്രയും വർഷം ആ ഓർമകളിൽ ഞാൻ ജീവിച്ചത്... ഇന്ന് ഒറ്റപ്പെടൽ എന്ന ഭീകരത ഞാൻ അറിയുന്നു.. എനിക്ക് ഒരു പങ്കാളി വേണം.. എന്നെ കേൾക്കാൻ മനസ്സിലാക്കാൻ ഒരാൾ വേണം: ആരെതിർത്താലും ഊർമിളയെ ഞാൻ വിവാഹം കഴിക്കും..

Read also: ' അച്ഛനും അമ്മയും പോയി, ഏട്ടന്മാരുടെ കല്യാണം കഴിഞ്ഞപ്പോൾ അവർക്കും തിരക്കായി, പിന്നെ ഞാൻ ഒറ്റയ്ക്ക്

രണ്ട് വർഷങ്ങൾക്ക് ശേഷമുള്ള ഒരു പ്രഭാതം.. ഉറക്കച്ചടവോടെ ആരതി അടുക്കള വാതിൽക്കൽ ഒന്നു അറച്ചു നിന്നു.. ഉള്ളി പൊളിക്കുന്ന ഊർമിളയുടെ വിരൽ ചെറുതായി മുറിഞ്ഞതും, ദോശ ചുടുവായിരുന്ന ഹരീന്ദ്രൻ ഓടിവന്നു വിരലമർത്തി പിടിച്ചു, ഒരു ശ്രദ്ധയുമില്ല നിനക്കെന്നു സ്നേഹത്തോടെ ശാസിക്കുന്നു.. ചെറുതായി മുറിഞ്ഞേ ഉള്ളൂ ഹരിയേട്ടാ ഊർമിള കൊഞ്ചുന്നു.. ആരതിയെ കണ്ട് ഊർമിള "മോള് എഴുന്നേറ്റോ നിച്ചുവിനെ കൂടി വിളി ചായയിടാം.." ആരതി ഊർമിളയെ വീണ്ടും വീണ്ടും അടിമുടി കാണുകയായിരുന്നു. ഒരുപാട് പ്രായം കുറഞ്ഞ പോലെ. പ്രകാശം തുളുമ്പുന്ന കണ്ണുകൾ, കുളിച്ച് ചെറിയ പിന്നലോടെ അഴിഞ്ഞ് കിടക്കുന്ന മുടി, നെറ്റിയിൽ വട്ടപ്പൊട്ട്, അതിനു മുകളിൽ ചന്ദനക്കുറി, സീമന്തരേഖയിൽ സിന്ദൂരം, മുഖത്ത് തങ്ങി നിൽക്കുന്ന നാണവും സന്തോഷവും കലർന്ന ചിരി.. "അമ്മുകുട്ടീ നീയെന്താ സ്വപ്നം കാണുവാണോ" നിഖിൽ ആരതിക്കരുകിൽ വന്നു (നിഖിലും ആരതിയും വിവാഹം കഴിഞ്ഞു അമേരിക്കയിൽ ആണ്. ആരതിക്ക് അവിടെ ജോബും ശരിയായി ഇപ്പോൾ നാട്ടിൽ വന്നു) ആരതി അവരെ നോക്കാൻ നിഖിലിനോട് കണ്ണുകളാൽ ആംഗ്യം കാണിച്ചു. "മക്കളെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് വേഗം റെഡിയാകൂ. ഹരിയേട്ടൻ പുറത്ത് കറങ്ങാനൊക്കെ പോവാന്ന് പറഞ്ഞിട്ടുണ്ട്. സിനിമ, ബീച്ച് എല്ലായിടത്തും പോകണം കേട്ടോ ഹരിയേട്ടാ." ഊർമിള ചെറിയ കുട്ടികളെ പോലെ ആവേശം കൊണ്ടു. "അത് മാത്രമല്ല അമ്മേ.. നമ്മൾ എല്ലാരും അടുത്ത ആഴ്ച ഒരു ട്രിപ്പും പ്ലാൻ ചെയ്യുന്നുണ്ട്" നിഖിൽ പറഞ്ഞു. "ആണോ" ഹരിയോട് കണ്ണുമിഴിച്ച് ഊർമിള ചോദിച്ചു.. "അതെടോ" ഹരി ഊർമിളയെ ചേർത്തു പിടിച്ചു. നിഖിൽ ആരതിയുടെ പുറകിലൂടെ കഴുത്തിൽ കൈകൾ ചുറ്റി താടി ഉരസി നിറഞ്ഞ് ചിരിച്ചു.. ജനാല വഴി പുറത്തേക്ക് നോക്കിയ ആരതി കണ്ടു കൊക്കുരുമ്മി രസിക്കുന്ന രണ്ട് ഇണപ്രാവുകളെ..

Content Summary: Malayalam Short Story ' Snehathanal ' Written by Nisha Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com