സാഹിത്യകാരന്റെ ഡയറിയിൽ ഭാര്യ എന്തോ കുറിച്ചു; ഉള്ളിലെ കലാകാരനെ തളർത്തിക്കളഞ്ഞ എഴുത്ത്
Mail This Article
പതിവ് തെറ്റിച്ച് നേരത്തെ എണീറ്റ ഗോപൻ തലേന്നാൾ വാങ്ങിയൊരുക്കിവച്ച മേശയിൽ ഈ വർഷത്തെ ഡയറിയും പുത്തൻ ഹീറോ പേനയും, മഷിക്കുപ്പിയും പിന്നെ സിനിമയിലൊക്കെ കാണുന്നപോലുള്ള റീഡിങ് ലാമ്പും, പേരിനൊരു കണ്ണടയും... പ്രായം മേപ്പട്ട് പോവല്ലേ ഇനി സീരിയസ് ആവണം... സ്ക്രീൻ ടൈം കുറയ്ക്കണം എഴുതിത്തുടങ്ങണം... അൽപസമയം ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നശേഷം കണ്ണും മുഖവും കഴുകി വന്ന്, (മരക്കസേരയും, ആർക്കോവേണ്ടി കറങ്ങുന്ന ഇരുമ്പു ഫാനും കിട്ടിയില്ല ഒന്നുരണ്ടെണ്ണം ആമസോണിൽ കണ്ട്‌വച്ചിട്ടുണ്ട്) തൽക്കാലം ഇവിടെയുള്ള പ്ലാസ്റ്റിക് കസേര ശബ്ദമില്ലാതെ വലിച്ചിട്ട് ഇരുന്നു, ഹീറോ പേനയെടുത്ത് മഷി നിറച്ചു.. 'ഹാ! അന്തരീക്ഷം എത്ര മനോഹരം...' കടമ്മനിട്ടയും, ബഷീറും, എം.ടിയും, വയലാറും, ഷേക്‌സ്‌പിയറും, സ്റ്റാൻസ്ലോവിസ്‌കിയും (മൂപ്പരെ കേട്ടറിവേയുള്ളു, അത്ര പരിചയം പോരാ) എന്നാലും എല്ലാരും വന്നല്ലോ!...കാൽപനികതയുടെ ലോകം എത്രയോ വിശാലം.. എല്ലാരുംകൂടി "എഴുതടാ മോനെ ഗോപാ... മലയാള സാഹിത്യം നിന്റെ തൂലികാനടനം കാണുവാൻ കാത്തിരിക്കുന്നു..." എന്ന് തോളിൽ തട്ടി പറയുന്നപോലൊരു തോന്നൽ... "അതേ! ഇത്രയും നാൾ സമയം വെറുതെ കളഞ്ഞു... ഇനിയില്ല... എഴുതണം, വായനാലോകമെ ഗോപനിതാ തുടങ്ങുന്നു..."
ഡയറി തുറന്നു... ആദ്യപേജിൽ പേരെഴുതണം... ഗോപൻ എന്ന സ്വന്തം പെരുവേണ്ട തൂലികാനാമം ഇടാം... അക്ഷരകുക്ഷി, ഏകാന്ത തൂലികൻ, മഷിത്തണ്ടൻ, പത്രഭിക്ഷു, വരിപോക്കൻ... ഛേ! ഗുമ്മുള്ള പേരൊന്നും മനസ്സിൽ വരുന്നില്ലല്ലോ! ഇനിയതുമല്ല ഇതൊക്കെ ചിലപ്പോ ഉള്ള പേരുകളും ആയിരിക്കാം... നാളെ തനിക്കുള്ള സാഹിത്യ പുരസ്ക്കാരങ്ങൾ മറ്റൊരാളുമായി പങ്കിടുന്നത് ഓർക്കാൻ കൂടി വയ്യ. ഹീറോ പേന സ്വയം ചലിച്ചു... ആദ്യ വരികളെഴുതി... "ഞാനെന്ന ഗോപൻ നടന്നു തുടങ്ങുന്നു അമ്മേ..." ഹാ! ക്ലാസ്... പണ്ട് കണക്ക് മാഷ് പറയും ഗോപന്റെ എഴുത്ത് നോക്കി പഠിക്കണം എന്താ അവന്റെ കൈയ്യക്ഷരം... നന്ദി മാഷേ ഒരായിരം നന്ദി, അന്നേ ഈയുള്ളവന്റെ കഴിവ് അങ്ങ് തിരിച്ചറിഞ്ഞല്ലോ... നന്ദി! ആദ്യ പേജ്... സാവധാനം മറിച്ചു... ജനുവരി ഒന്ന്, ഛേ! ഇതിപ്പോ അഞ്ചാറുമാസം കഴിഞ്ഞല്ലോ. അപ്പോ മനസ്സ് മന്ത്രിച്ചു "ഗോപേ, കാൽപനികക്കെന്ത് കാലമെടോ!..." അതേ! ശരിയാണ് കാൽപനികലോകത്ത് നടനം തുടങ്ങുന്ന എനിക്കെന്ത് ഒന്നും പത്തും... ഒന്നാം പേജിൽ തന്നെ തുടങ്ങാം... തിയതി ഇടണോ? ആവാം... ചരിത്രത്തിൽ നാളെ ഗോപയുടെ കാലഘട്ടം ഗണിച്ചെടുക്കാൻ ഉപകരിക്കും... അങ്ങനെ പേജിന്റെ മുകളിൽ വലത്തെ മൂലയിൽ തിയതി എഴുതി. അപ്പോഴതാ ഇടത്തെ മൂലയിൽ ഒരു ചെറിയ ബോക്സ്, തിയതി എഴുതാനാകുമോ!... ആ!, ന്റെ സ്വാതന്ത്ര്യം, ന്റെ വരികൾ എവിടെ വേണമെന്ന് ഞാൻ തീരുമാനിക്കും... അങ്ങനെ ഒരു ചട്ടക്കൂട് വരച്ച് അതിൽ എഴുതാൻ എന്നെ കിട്ടില്ല... അടുത്തിരുന്ന ഓൺലൈൻ ഓർഡർ ചെയ്ത് മേടിച്ച മൺ കൂജയിൽ നിന്ന് അൽപം വെള്ളമെടുത്ത് കുടിച്ചു... ഹോ! സൃഷ്ടിയുടെ പിരിമുറുക്കം, സംഘർഷം... അല്ലാ, ഇത് എല്ലാം ഇതിന്റെ ഭാഗമാണ്, റീൽസും, ഷോർട്സും, യൂട്യൂബും കാണുന്നപോലെ അത്ര എളുപ്പമാണ് നാലുവരി സാഹിത്യം എഴുതുന്നതെന്ന് കരുതിയോ!...
Read also: ' നീ ജോലിക്കു തന്നെയാണോ മോനേ പോകുന്നത്...?';സന്ധ്യയായിട്ടും മകൻ എത്തിയില്ല, പകച്ച് നിൽക്കുന്ന അമ്മ
വീണ്ടും എഴുത്തിലേക്ക് ഊളിയിടാനായി പുസ്തകവക്കത്തെത്തി ചാടാനൊരുങ്ങിയതും... "ഗോപേട്ടൻ, ഇന്ന് നേരത്തെ നീറ്റോ?" സഹധർമ്മിണി സുലുവിന്റെ ശബ്ദം... "ഹും!" ഗൗരവത്തിന്റെ മേമ്പൊടി ചേർത്ത് ലഘുവായ മറുപടി. "എന്താ ഇവിടെ പരിപാടി! ഇതേതാ കണ്ണട?" സുലു പുറകിൽ തോളത്ത് ചാരിനിന്ന് ചോദിച്ചു. "ഏയ് ഒന്നുമില്ല.. ഇതോ! കണ്ണിന് സ്‌ട്രെയിൻ കൂടണോണ്ട് ഡോക്ടർ എഴുതീതാ..." നിശബ്ദമായ ആ കുളിരിൽ ഞങ്ങൾ പരസ്പരം മിണ്ടിപ്പറഞ്ഞു. "ഹോ! പ്രണയാർദ്രമീ നിമിഷം..." മനസ്സ് മന്ത്രിച്ചു. "അതിന് ഗോപേട്ടനെപ്പളാ ഡോക്ടറെ കാണാൻ പോയേ! ന്നോട് പറഞ്ഞില്ലല്ലോ!..." രസച്ചരട് പൊട്ടിച്ചുള്ള അവളുടെ കൊനഷ്ട്ട് ചോദ്യം. "അതൊക്കെ പോയി സുലു..." അവളുടെ കിണുങ്ങലുകളെ താലോലിക്കും വിധം മറുപടിയോതി. "ഞാനും പറയാനിരിക്ക്യാർന്നു... ചിലനേരത്തെ ഗോപേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസാ..." "ഹമ്പടി... അപ്പോ സുലുനും മനസ്സിലായി 'ന്റെ' സാഹിത്യ അഭിരുചി..." "എന്നിട്ടെന്തേ നീ പറഞ്ഞില്ല!" സാഹിത്യ ഭാഷയിൽ ഞാൻ ആ നമ്രമുഖിയോട് ചോദിച്ചു. സുലുവിന്റെ മുഖത്ത് നാണം മൊട്ടിട്ടു. "ഒരു പുസ്തകം വാങ്ങണം എന്ന് ഗോപേട്ടനോട് എന്നും പറയാൻ ഓർക്കും, വിട്ടുപോകും..."
"സാരമില്ലോമലെ... നിൻമനമറിയുന്നു നിൻ പ്രിയതമൻ... വിരഹ വിഹ്വലമായൊരു വിരഹിതയായവൾ കൺചിമ്മി കവിളുരുമ്മി ചാരത്ത് നിൽപ്പൂ..." മനസ്സിൽ വരികൾ നിറയുന്നു. പുസ്തകത്തിൽ വച്ചിരുന്ന ഹീറോ പേന അവൾ പതിയെ എടുത്തു. "ഞാനെഴുതിക്കോട്ടെ...?" ആദ്യാക്ഷരം അവൾ കുറിയ്ക്കട്ടെ. സാഹിത്യ ലോകത്ത് ഈയുള്ളവൻ തുല്യത കാത്തുസൂക്ഷിക്കും. "കാൽപനികലോകത്ത് ആദ്യാക്ഷരം കുറിച്ചത് ഞാനല്ല... എന്റെ സഹധർമ്മിണിയാണ്... ഞങ്ങൾ ഒരുമിച്ചാണ് സ്വപ്‌നങ്ങൾ നെയ്തതും അത് പത്രങ്ങളിലേക്ക് പകർത്തിയതും... പെണ്ണെഴുത്തും ആണെഴുത്തുമെന്നത് തുല്യമായ കൂട്ടെഴുത്തിലൂടെ സാക്ഷ്യപ്പെടുത്താനായതിൽ ഈ എളിയവനും ധന്യനാണ്..." ഏതോ ഭാവിയിൽ നടക്കാനിരിക്കുന്ന പുരസ്‌ക്കാര വേദിയിൽ ഗോപന്റെ രണ്ട് വാക്ക് എന്ന പ്രസംഗ ശകലത്തെ ഓർത്തുപോയി ആ നിമിഷം. ആലോചനയുടെ ആ നിമിഷങ്ങൾ പിന്നിട്ട് തിരികെ മിഴികൾ അവളെഴുതിയ ആ വരികളിലേക്ക്... ശീലമില്ലാത്ത കണ്ണട ഊരി കണ്ണും തുടച്ചു... അതെ! കൺ നിറഞ്ഞിരുന്നു... അനന്തമായ അക്ഷരസാഗരത്തെ ഓർത്തുപോയതുകൊണ്ടാകാം ഈ അശ്രുകണം. കുന്നിക്കുരു വിതറിയതുപോലുള്ള സുലുവിന്റെ കൈയ്യക്ഷരം കണ്ണിൽ തെളിഞ്ഞു.
സബോള - രണ്ട് കിലോ
ഉഴുന്നുമാവ് - 2 പാക്കറ്റ്
നൂഡിൽസ് - 5
ക്യാപ്‌സിക്കം - 1/2 കിലോ
ആലോവേര ജെൽ - 1
പുട്ടുപൊടി - 2
മോൾടെ സ്കൂൾ ഫീസ് കൊടുക്കാനുള്ള അവസാന തിയതി - ഈ വരുന്ന പത്താന്തി
ന്റെ കൂടെപ്പഠിച്ച രമണീടെ വീടിരിക്കൽ - പൈനേഴാന്തി
അത്രയും എഴുതി മോളെ എണീപ്പിക്കാൻ സഹസാഹിത്യകാരി എന്റെ തോളത്തുനിന്നും നിന്നും നടന്നകന്നു.
Read also: പഴയ കൂട്ടുകാരെ കണ്ടെത്താൻ അന്വേഷണം; ഇങ്ങനൊരു മകനില്ലെന്ന് അച്ഛൻ, ഒടുവിൽ അവിചാരിതമായി കണ്ടുമുട്ടൽ
വാതിൽ പടിയിൽ എത്തിയ അവൾ ഒന്ന് തിരിഞ്ഞു നോക്കി മന്ത്രിച്ചു "ആ ഗോപേട്ടാ... കുട്ടൂന്റെ ഡയപ്പറും കൂടി എഴുതണേ... അത് മറന്നു..." സർഗ്ഗകലയുടെ തിരുസദസ്സിൽ അവളുടെ അക്ഷര താണ്ഡവം... എന്റെ ഉള്ളിലെ കാൽപനികൻ ഇറങ്ങി ഓടി. പുസ്തകത്തിൽ നിന്നും ആദ്യ പേജ് തന്നെ കീറി, അന്നിടാനുള്ള ഷർട്ടിന്റെ പോക്കറ്റിൽ തിരുകി. "അമ്മേ നടന്നു തളർന്നു ഞാൻ... കാൽപനികലോകത്ത് പ്രാരാബ്ദ ഭാണ്ഡം ഇറക്കി ഈ മകൻ അൽപം വിശ്രമിക്കട്ടെ..." അങ്ങനെ കണ്ണട ഊരി, ദീർഘശ്വാസം വലിച്ച് അട്ടം നോക്കി കസേരയിൽ ചാരിയിരുന്ന എന്നെ ഞെട്ടിച്ച്... "ഗോപേട്ടാ... ഒന്നുകൂടി എഴുതിക്കോ... പാത്രം കഴുകണ പോഞ്ചും സോപ്പും", അടുക്കളെന്ന് സുലു ഉറക്കെ വിളിച്ചുപറഞ്ഞു. അവൾടെ ഒലക്കേമൽത്തെ ഒരു പോഞ്ചും സോപ്പും, വിടരുവാനിരുന്ന കാല്‍പനികതയുടെ ഇതളുകളത്രയും ശക്തമായ ആ കൊട്ടിയടക്കലിൽ പൊഴിഞ്ഞുപോയി.
അതിരാവിലെ തന്നെ ആമസോണിലെ അമ്മാവൻ മെസ്സേജ് എഴുതി അറിയിച്ചു.. Your order for Nostalgic writer's desk fan is despatched... എഴുത്ത് നിന്നെങ്കിലും ഓൺലൈൻ ഓർഡർ മുറപോലെ അയച്ചുകൊണ്ടേയിരുന്നു...
Content Summary: Malayalam Short Story ' Sargasrishtiyude Pirimurukkam ' Written by Vinod Kannath