മരണവീട്ടിൽ മദ്യപാനം; വാക്കേറ്റത്തിനിടെ കുപ്പി വലിച്ചെറിഞ്ഞു, പിന്നെ നടന്നത് ആരും പ്രതീക്ഷിക്കാത്ത സംഭവം
Mail This Article
വെളുപ്പിനെ കോഴി കൂവും മുന്നേ വല്യച്ഛൻ പോയി. അസുഖ ബാധിതനായിരുന്നു. ലംഗ് ക്യാൻസർ.! വീട്ടിൽ ആകെയുണ്ടാരുന്ന പൂവൻ കോഴിയുടെ കൂവൽ കേട്ടായിരുന്നു പുള്ളി എണീറ്റിരുന്നത്. ആശുപത്രിയിൽ നിന്നും ആംബുലൻസ് വീട്ട് മുറ്റത്ത് വന്നു നിന്നപ്പോൾ എന്റെ ബന്ധുജനങ്ങളുടെ നിലവിളികൾ മുഴങ്ങി കേട്ടു. കുടുംബത്തിലെ ആണുങ്ങൾ ആരെയും കാണുന്നില്ല. എന്റെ അച്ഛനുൾപ്പെടെ വല്യച്ഛന്റെ നാല് അനിയന്മാർ, എന്റെ സീനിയർ കസിൻ ചേട്ടന്മാർ. ഒരൊറ്റ പുരുഷ കേസരികളെയും കാണാനില്ല..!! ഞാനാകട്ടെ ചെന്നൈയിലെ ജോലി സ്ഥലത്ത് നിന്നും ലീവെടുത്തു വന്നിട്ടും നാട്ടിലുള്ള ആണുങ്ങൾ മിസ്സിംഗ്..! ബന്ധുക്കൾക്കായുള്ള എന്റെ തിരച്ചിൽ ആരംഭിച്ചു.! അടുക്കളയുടെ പിന്നിൽ നിന്നും നേർത്ത വിതുമ്പൽ കേട്ടാണ് ഞാൻ അവിടേക്ക് ചെന്നത്. ആദ്യം കാണുന്നത് ഒഴിഞ്ഞ രണ്ട് മദ്യ കുപ്പികളാണ്. തലയ്ക്ക് വെളിവില്ലാതെ നാല് പുരുഷന്മാർ നിൽക്കുന്നു. എന്നെ കണ്ടപ്പോൾ ഒരാൾ വന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു. അതെന്റെ അച്ഛനായിരുന്നു. സ്വന്തം സഹോദരൻ പോയതിൽ മൂപ്പർക്ക് സങ്കടം ഉണ്ടാകും.! സ്വാഭാവികം.! എന്നാൽ കണ്ണിലെ ചുവപ്പ് കരഞ്ഞതിന്റെയാണോ അതോ അടിച്ചതിന്റെയാണോ. ആർക്കറിയാം.! "നീയൊക്കെ ഇവിടെ കുടിച്ചോണ്ട് നിൽക്കുവാന്നോ.. ആർക്കേലും വന്നൊന്ന് ഉമ്മറത്ത് നിന്നൂടെ.." ഞങ്ങളുടെ കുടുംബത്തിലെ മൂത്ത കാരണവരായ ശേഖരപിള്ള അമ്മാവൻ വക സകല പുരുഷ പ്രജകൾക്കും ശകാരം. 'അമ്മാവൻ അല്ലെ സീനിയർ, ഇങ്ങേർക്ക് ഉമ്മറത്തു ഒന്നിരുന്നൂടെ' എന്ന് വീട്ടിലെ പുരുഷരൂപങ്ങളുടെ മുഖഭാവം പറയാതെ പറഞ്ഞു.
വല്യച്ഛന്റെ മകനായ, എന്റെ കസിൻ ചേട്ടൻ അജയനെ ഞാൻ കുറേ തിരഞ്ഞു. വെളുപ്പിനത്തെ ഫ്ലൈറ്റിനു ഒമാനിലെ സലാലയിൽ നിന്നും വന്നയാളാണ്. അടുക്കള ഭാഗത്തെ സംഘത്തിലും ചേട്ടനെ കണ്ടില്ല. മരണാനന്തര കർമ്മങ്ങൾ ചെയ്യേണ്ട ആളാണ്. ഇയാളിതെവിടെ..! കുറച്ചു ദൂരെയായി റബ്ബറിൻ തോട്ടത്തിൽ നിന്നും കുപ്പി പൊട്ടുന്ന ശബ്ദം കേട്ട് ഞാനങ്ങോട്ട് ചെന്നു. അജയൻ ചേട്ടനും നാട്ടിലെ ചില ലോക്കൽ അണ്ണന്മാരും നടന്നു വരുന്നുണ്ട്. ആരുടേയും കാലുകൾ തറയിൽ ഉറയ്ക്കുന്നില്ല. എന്റെയടുത്തെത്തിയപ്പോൾ അവർക്കും മദ്യത്തിന്റെ അതിരൂക്ഷ ഗന്ധം.! അജയേട്ടന്റെ മുഖത്ത് വിഷാദ ഭാവമുണ്ടെങ്കിലും ഡ്യൂട്ടി ഫ്രീ ഷോപ്പീന്ന് കിട്ടിയ ഷീവാസ് റീഗലിന്റെ കുപ്പി തീർത്ത ആനന്ദമാണ് കൂട്ടുകാരുടെ മുഖങ്ങളിൽ.! ചടങ്ങുകളൊക്കെ കഴിഞ്ഞെങ്കിലും വല്യച്ഛന്റെ ചിത കത്തി തീർന്നിട്ടില്ല. അങ്ങനെ വൈകുന്നേരം ആയി. വല്യച്ഛന്റെ വീടിന്റെ ഉമ്മറത്തു കുടുംബാംഗങ്ങൾ എല്ലാരും ഇരിപ്പുണ്ട്. അത്രേം നേരോം 'പച്ചക്ക്' നിന്ന ഞാനും രാവിലെ മുതൽക്കേ 'പൂസായ' മറ്റ് കസിൻ ചേട്ടന്മാരും അജയൻ ചേട്ടന്റെ നേതൃത്വത്തിൽ അവരുടെ വീടിന്റെ അരികിലുള്ള ഇടവഴിയിൽ സ്ഥാനം പിടിച്ചു. ഡ്യൂട്ടി ഫ്രീയിൽ നിന്നും കൊണ്ടു വന്ന വിസ്കി കുപ്പിയുടെ അടപ്പൂരി കൊണ്ട് അജയൻ ചേട്ടൻ 'ഈവനിംഗ് അങ്ക'ത്തിനു തുടക്കം കുറിച്ചു.!
Read also: പഴയ കൂട്ടുകാരെ കണ്ടെത്താൻ അന്വേഷണം; ഇങ്ങനൊരു മകനില്ലെന്ന് അച്ഛൻ, ഒടുവിൽ അവിചാരിതമായി കണ്ടുമുട്ടൽ
ഇനിയാണ് കഥാനായകന്റെ അരങ്ങേറ്റം. ഞങ്ങളുടെ നാട്ടുകാരനും സർവോപരി അജയേട്ടന്റെ കൂട്ടുകാരനുമായ തമ്പിയണ്ണൻ ആയിരുന്നു 'ഫംഗ്ഷന്റെ' മുഖ്യാഥിതി. ബാല്യകാല സുഹൃത്തായ അജയൻ ഗൾഫീന്ന് വരുമ്പോൾ അണ്ണന് ഉത്സവമാണ്. വയറു നിറയെ കള്ള് കുടിക്കാല്ലോ..! കാവി നിറമുള്ള കൈലിയും ഒറ്റനിറമുള്ള ഷർട്ടുമാണ് തമ്പിയണ്ണന്റെ സ്ഥിരം വേഷം. തൂമ്പിൻപാട് കവലയിലെ പലചരക്ക് കടയിൽ എടുത്തു കൊടുക്കാൻ നിൽക്കുന്ന ജോലിയാണ് മൂപ്പർക്ക്. അതീന്ന് കിട്ടുന്ന ദമ്പിടി ബീവറേജസിൽ കൊടുക്കാനേ പറ്റുന്നുള്ളൂ എന്നൊരു പരാതി അദ്ദേഹത്തിനുണ്ട്. വിസ്ക്കി കുപ്പിയിലെ ദ്രാവകം തീരുന്നതിനു അനുസരിച്ചു പലരുടേയും ഉള്ളിൽ വല്യച്ഛനുമായി ബന്ധപ്പെട്ട ഓർമ്മകൾ തിരതല്ലി വന്നു. എന്നാൽ തമ്പിയണ്ണന് ഇതൊന്നും ശ്രദ്ധിക്കാൻ നേരമില്ലായിരുന്നു. വല്ലപ്പോഴും വരുന്ന പഴയ കൂട്ടുകാരന്റെ ഒപ്പം 'കീറാൻ' കിട്ടിയ ചാൻസല്ലേ ഇത്. അതിൽ ശ്രദ്ധയൂന്നാമെന്ന് അദ്ദേഹം കരുതി. "ഇനി കുപ്പിയുണ്ടോടാ അജയാ.." തമ്പിയണ്ണന്റെ ചോദ്യം കേട്ട് ഞാൻ നെറ്റി ചുളിച്ചു. അണ്ണൻ അടിച്ചു കോൺ തിരിഞ്ഞ് ഇരിപ്പാണ്. ഇടവഴിയോട് ചേർന്ന കുറ്റിക്കാടിന്റെ ഇടയിൽ നിന്നും അജയൻ ചേട്ടൻ എടുത്ത അടുത്ത 'വിദേശിയും' ഞങ്ങളുടെ മുന്നിൽ ഹാജർ വെച്ചപ്പോൾ എല്ലാരുടെയും മുഖങ്ങളിൽ ഉത്സവത്തിനെത്തിയ പ്രതീതി ആയിരുന്നു. അധികനേരം തീരും മുന്നേ ആ കുപ്പിയും ഏറെക്കുറെ കാലിയായി. അപ്പോൾ അണ്ണന്റെ അടുത്ത ചോദ്യം. "അജയാ.. തൊട്ട് കൂട്ടാൻ ഒന്നുമില്ലേടാ.. നീ കൊണ്ടു വന്ന നട്സോ മറ്റോ.." മദ്യം തലയ്ക്ക് പിടിച്ചു നിന്ന അജയൻ ചേട്ടൻ കലിപ്പിലായി. "ആ.. പിന്നെ നട്ട്സും, ബദാമും എല്ലാമുണ്ട്.. അതിനാണല്ലോ ഞാൻ ഗൾഫീന്ന് വന്നത്.. ഒന്ന് പോടാ.."
ഏകദേശം രണ്ട് പെഗ് ഇനിയും ഒഴിക്കാനുണ്ട് കുപ്പിയിൽ. തമ്പിയണ്ണൻ കംപ്ലീറ്റ് പൂസായി കഴിഞ്ഞിരുന്നു എന്ന് ഞാൻ മനസ്സിലാക്കി. അജയൻ ചേട്ടൻ പറയുന്നതൊന്നും പുള്ളിയുടെ ചെവിയിൽ കേറുന്നില്ല. "അജയാ.. ഇനിം കുപ്പിയുണ്ടോ.. എനിക്ക് ഒന്നുമായില്ലടാ.." "എണീച്ചു പോടാ.." ഇതും പറഞ്ഞു അജയേട്ടൻ മുന്നിൽ നീണ്ടു നിവർന്നു കിടന്ന കണ്ടത്തിലേക്ക് (പാടം) ബാക്കിയിരുന്ന മൂടി തുറന്ന മദ്യ കുപ്പിയെടുത്ത് ഒരേറു കൊടുത്തു. അജയൻ ചേട്ടന്റെ രീതികൾ അറിയാവുന്ന ഞങ്ങൾ കസിൻസിനൊന്നും ആ പ്രവൃത്തിയിൽ തെല്ലും അത്ഭുതം തോന്നിയില്ല. എന്നാൽ അണ്ണന്റെ മുഖമാകെ മാറി. ആർക്കും ഇല്ലാതായി പോകുന്ന മദ്യത്തുള്ളികളെ കുറിച്ചുള്ള വേവലാതി ഞാനാ മുഖത്ത് വ്യക്തമായി കണ്ടു. ഇനിയും കുടിക്കാത്ത ചുവന്ന ദ്രാവകം വെറുതെ കളയുകയോ.! ഉടുത്തിരുന്ന കാവി കൈലി മടക്കി കുത്തി തമ്പിയണ്ണൻ നേരെ കണ്ടത്തിലോട്ട് എടുത്തൊരു ചാട്ടം. ഞാൻ ഞെട്ടി നിൽക്കുകയാണ്.! അമ്പരക്കാൻ കാരണം, കൃഷി ചെയ്യാതെ മഴവെള്ളം കേറി കണ്ടം മുഴുവൻ നാശമായി കിടക്കുകയാണ്. കാട്ട്ചേമ്പ് തിങ്ങി നിറഞ്ഞ് വെള്ളമൊഴുക്കും തടസ്സപ്പെട്ടിരിക്കുകയാണ്. മാത്രമല്ല കണ്ടത്തിലെ വെള്ളം ഇളകുമ്പോൾ അസ്സൽ ദുർഗന്ധം വമിക്കുന്നുണ്ട് താനും. ഒപ്പം എണ്ണാൻ കഴിയാത്തത്ര കണ്ണട്ടയും സകുടുംബം അവിടെ കുടിയേറി പാർക്കുന്നുണ്ട്.! ആറടിയോളം നീളമുള്ള തമ്പിയണ്ണന്റെ നെഞ്ചിന്റെ താഴെ വരെ വെള്ളമുണ്ട്. അതൊന്നും വക വെയ്ക്കാതെ മൂപ്പര് ഒരുവിധത്തിൽ നടന്നു നടന്നു കുപ്പി തിരയുകയാണ്.
Read also: തളർന്നു കിടക്കുന്ന അമ്മയെ നോക്കാൻ പുതിയ ഹോംനഴ്സ്; അപ്പന്റെയും മകന്റെയും ജീവിതം മാറിമറിഞ്ഞു
കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ വലത് കൈയ്യിൽ കുപ്പിയുമായി അണ്ണൻ സന്തോഷത്തോടെ ഉറക്കെ അലറി. എന്നാൽ ആ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. കുപ്പിയ്ക്ക് പതിവിലും ഭാരം വന്നതിനാലാകും അണ്ണൻ അതിലേക്ക് ഒന്ന് നോക്കി. "അജയാ.. ബ്ലഡി ഫൂൾ.. കുപ്പിയെടുത്ത് എറിയുമ്പോൾ നിനക്ക് മൂടി അടച്ചിട്ട് ചെയ്യാരുന്നില്ലേ.. സാധനം മുഴുവനും പോയി.. ഇത് നിറയെ കണ്ടത്തിലെ വെള്ളമാടാ നാറീ.." മരണ വീടാണെന്ന് പോലും ഓർക്കാതെ അവിടെ പൊട്ടിച്ചിരികൾ മുഴങ്ങി കേട്ടു.!!
Content Summary: Malayalam Short Story ' Thampiyannante Kuppi ' Written by Vivek Mohan