ADVERTISEMENT

ചിരപരിചിതമായ ആ വഴികളിലൂടെ ഞാൻ നടന്നു. ഓർമവച്ച കാലം മുതൽ നടന്ന വഴികൾ. പക്ഷെ എന്റെ ഗ്രാമത്തിലെ ആ വഴികൾ ഇപ്പോൾ എനിക്ക് അപരിചിതമായി തോന്നുന്നു. മുന്നോട്ട് പോകുന്തോറും കാര്യങ്ങൾ കൂടുതൽ വ്യക്തമായി വന്നു. അതേ, ഇത് എന്റെ ഗ്രാമം തന്നെ.. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞാൻ ഉപേക്ഷിച്ചുപോയ എന്റെ ഗ്രാമം. ഞാൻ ഉപേക്ഷിച്ച എന്നതിനേക്കാൾ എന്നെ ഉപേക്ഷിച്ച ഗ്രാമം എന്ന് പറയുന്നതാണ് ശരി. എല്ലാവരാലും കളിയാക്കപ്പെട്ട ഒരു ജന്മം. അതോ ഈ നിലയിൽ എത്തുവാൻ വേണ്ടി വളർന്ന കോഴിക്കുഞ്ഞുങ്ങളെ കൊത്തിയകറ്റുന്ന തള്ള കോഴിയെ പോലെ എന്നെ പുറത്താക്കിയതാണോ? പ്രളയം എന്നാൽ ഇങ്ങനെ ആണോ? ഇത്രയ്ക്ക് ഭീകരം ആയിരുന്നോ? എന്റെ നാട്ടിലെ വഴികളെവരെയത് തേച്ചുമായ്ച്ചു കളഞ്ഞു. അപ്പോൾ എന്റെ വീട്..? ഇനിയും ദൂരം ഉണ്ട് വീട്ടിലെത്താൻ, നടന്നിട്ട് നീങ്ങുന്നില്ല. കാഴ്ചകൾ ഭയാനകം. ചെളികൂമ്പാരങ്ങൾ മാത്രമായി വീടുകൾ, കാറുകൾ. ഒരു കുഞ്ഞു വാഹനത്തിനു പോലും പോകാൻ കഴിയാതെ അടഞ്ഞു കിടക്കുന്ന വഴികൾ. വീട്ടിൽ അച്ഛൻ.. അമ്മ..!

വീണ്ടും ചിന്ത വീട്ടിലെത്തി. അമ്മയുടെ ഫോണിൽ വിളിച്ചു. നാലു ദിവസമായി ഫോൺ ഓഫ് ആണ്. അമ്മയുടെ ഫോൺ വെള്ളത്തിൽ വീണു കേടുവന്ന് കാണും, അമ്മയുടെ ഫോണിൽ മാത്രമേ എന്റെ നമ്പർ ഉണ്ടാകു. പാവം അത് എവിടെയും എഴുതി വെച്ച് കാണില്ല. അച്ഛൻ അറിയാതെ ആയിരുന്നു ഞങ്ങളുടെ ഫോൺവിളികൾ. ഇങ്ങോട്ട് ഇറങ്ങാൻ നേരം സുമി വീണ്ടും ചോദിച്ചു "കൂടെ വരണോ? എനിക്ക് ഇവിടെ ഓഫിസിൽ നിന്നും വേണമെങ്കിൽ കുറച്ചു ദിവസം ലീവ് എടുക്കാൻ പറ്റും." വേണ്ട എന്ന് തീർത്തു പറഞ്ഞു. അവളെയും കൊണ്ട് വീട്ടിൽ ചെല്ലാനുള്ള ധൈര്യം ഇല്ലായിരുന്നു. അച്ഛന്റെ ശൗര്യം ഇപ്പോഴും കുറഞ്ഞു കാണില്ല. ഇത്രയും ദൂരെ നിന്നും വരുന്ന എന്നെയും അവളെയും ആട്ടിയകറ്റാനും മടി കാണിക്കില്ല. എത്ര വലിയ പ്രളയം ആയാലും എന്റെ വീട്ടിൽ കയറാൻ കഴിയില്ല. ഒരു കൊച്ചു കുന്നിന്റെ പുറത്തു നിൽക്കുന്നത് പോലെ അത് സുരക്ഷിതമായിരിക്കും. ഞാൻ എന്നെ തന്നെ പറഞ്ഞു ആശ്വസിപ്പിച്ചു കൊണ്ട് നടന്നു.

പത്തു വർഷങ്ങൾക്ക് മുൻപാണ് ജോലിയും കൂലിയും ഇല്ലാത്ത ഞാൻ അച്ഛനോട് തർക്കിച്ചത്. "എനിക്ക് അവളെ കെട്ടണം." "എന്തുണ്ടായിട്ട്..? എന്ത് വരുമാനം ഉണ്ട് നിനക്ക്? എങ്ങനെ നീ നോക്കും അവളെ? ഇരുപത്തിരണ്ടു വയസ്സിൽ കല്യാണം കഴിക്കാൻ നടക്കുന്നു. എന്റെടുത്ത് മിണ്ടി പോകരുത് കല്യാണത്തെ പറ്റി" അച്ഛന്റെ മറുപടി. ഇരുപത്തിരണ്ടു വയസ്സുകാരന്റെ ആവേശം മനസ്സിലാക്കിയിട്ടോ എന്തോ ആ മുഖത്ത് അപ്പോൾ സങ്കടം ആയിരുന്നു. എങ്കിലും സ്വരത്തിന് അധികാരികഭാവം തന്നെയായിരുന്നു. ശരിയാണ് എന്തുണ്ട് എന്റെ കൈയ്യിൽ. പഠിച്ചു നേടിയ കുറച്ചു സർട്ടിഫിക്കറ്റ് മാത്രം. ജോലി നേടാൻ സാധിച്ചിട്ടില്ല. ടീനേജിൽ തുടങ്ങിയ പ്രണയത്തിന്റെ അവസാന ദിനങ്ങൾ ആയിരുന്നു അത്. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ അവളുടെ വിവാഹ നിശ്ചയം.. ഒരുപാട് അന്ന് കരഞ്ഞു. ആ സംഭവത്തിന് ശേഷം പിന്നീട് നാട്ടിൽ പുറത്തിറങ്ങി നടക്കാൻ കഴിയാതെ ആയി, പുറത്തിറങ്ങി നടക്കുമ്പോൾ എല്ലാവരും തന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി. ആ കളിയാക്കലുകൾ ഓക്കാനം ഉണ്ടാക്കി. ശരിയായിരുന്നു, എല്ലാവരും തന്നെ നോക്കി പരിഹസിക്കുന്നുണ്ടായിരുന്നു. ആ ദിവസങ്ങളിൽ സ്വപ്നത്തിൽ പോലും ഞാൻ ഒരു തോൽവി ആയിരുന്നു.

Read also: സിനിമയിൽ അഭിനയിക്കാൻ അവസരം, തീരാത്ത ബഡായിക്കഥകൾ: അസൂയ മൂത്ത കൂട്ടുകാർ കൊടുത്തത് മുട്ടൻ പണി

ഏക മകന്റെ ദുഃഖം അച്ഛൻ കണ്ടില്ലെന്നു നടിച്ചു. ആ തിരസ്കരണം എന്നിൽ പകയാണ് സൃഷ്ടിച്ചത്. അച്ഛനോടുള്ള തീരാത്ത പക. അമ്മയോടും വെറുപ്പ് തോന്നിയിരുന്നു. തനിക്കാരുമില്ല എന്ന തോന്നൽ. സ്നേഹിച്ചതിന്റെ കയ്പു നീര് കുടിക്കുമ്പോൾ അതിന്റെ മധുരത്തിനു കൊടുക്കേണ്ട വില എന്താണെന്നു ഞാൻ മനസ്സിലാക്കി. ഒരുമിച്ചു നടന്നതും സ്വപ്നങ്ങൾ പങ്കു വെച്ചതും. ഒറ്റയ്ക്ക് ഞാൻ അനുഭവിച്ച ഭയങ്കരമായ വേദന പ്രേമിക്കാത്ത ഒരാൾക്ക് ഒരിക്കലും അറിയാൻ കഴിയില്ല. അച്ഛനോടുള്ള പക കൂടിക്കൂടി വന്നപ്പോൾ വീട്ടിൽ പിടിച്ചു നിൽക്കാൻ ആയില്ല. ഒരു ദിവസം ആരെയും അറിയിക്കാതെ നാടു വിട്ടു. അമ്മയോട് മാത്രം പറഞ്ഞു "ദൂരെ നഗരത്തിൽ ഒരു കൂട്ടുകാരൻ ജോലി ശരിയാക്കിയിട്ടുണ്ട്, പോകുന്നു..." കരച്ചിലും പിഴിച്ചിലും കാണാൻ നിന്നില്ല, അതിനു മുൻപ് തന്നെ ഇറങ്ങി, അച്ഛനോട് അത്രയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു. ഏക മകന്റെ ആഗ്രഹത്തിന് കൂട്ടു നിൽക്കാത്തതിൽ. ഏകമകന്റെ പലായനം തന്നെയായിരിക്കട്ടെ അവരോടുള്ള എന്റെ പ്രതികാരം. അച്ഛൻ ഒരു പ്രാവശ്യമെങ്കിലും അവളുടെ വീട്ടിൽ പോയി സംസാരിച്ചിരുന്നുവെങ്കിൽ എനിക്കവളെ കിട്ടുമായിരുന്നു എന്ന് ഉറപ്പായിരുന്നു. അഭിമാനി അല്ലെ അച്ഛൻ.. അനുഭവിക്കട്ടെ.. ഈ മകൻ ഇനി ഒരിക്കലും ഈ പടി കയറില്ല ആ മുഖത്ത് നോക്കില്ല. "നിങ്ങൾക്ക് വരുമാനമുണ്ട് സ്വത്തുണ്ട്, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ നിങ്ങൾക്ക് കഴിയും. എന്നാൽ എന്റെ സ്നേഹം യഥാർഥത്തിൽ എന്താണെന്ന് ഒരു ദിവസം ഞാൻ നിങ്ങളെ അറിയിക്കും" മനസ്സിൽ ഒരു പ്രതിജ്ഞയും ചെയ്താണ് ഇറങ്ങിയത്.

ആ വലിയ നഗരത്തിൽ എത്തിയപ്പോൾ മനസ്സിലായി ഞാൻ പഠിച്ചു നേടിയ എൻജിനീയറിംഗ് സർട്ടിഫിക്കറ്റുകൾക്ക് കേരളത്തിൽ മാത്രമേ വില ഇല്ലാത്തത് ഉള്ളൂ എന്ന്. മഹാനഗരത്തിൽ പെട്ടെന്ന് ജോലി കിട്ടി, അധികം താമസിയാതെ നഗരത്തിനോട് അലിഞ്ഞു ചേർന്നു. പിന്നെ ഒരു തരം ആക്രാന്തമായിരുന്നു, പണം നേടാനുള്ള ആക്രാന്തം, കാമ പൂരണത്തിനുള്ള ആക്രാന്തം. ആ വലിയ നഗരത്തിൽ നിന്നും ഞാൻ ഒരുപാട് പാഠങ്ങൾ പഠിച്ചു. പലതും എന്നെ പോലെ ഒരു ഗ്രാമവാസിക്ക് അന്യമായത്. കപട സ്നേഹത്തിലൂടെ കാമപൂരണത്തിന് ഞാൻ മാത്രം ഉപയോഗിച്ച പെണ്ണായിരുന്നു സുമി, തന്റെ സഹപ്രവർത്തക. പക്ഷെ ശാരീരിക ബന്ധങ്ങളിലൂടെ മനസ്സും കുറച്ചു വാഗ്ദാനങ്ങൾ കൈമാറും എന്ന് പെട്ടെന്ന് മനസ്സിലാക്കി. ഒറ്റയ്ക്ക് ഈ മനോഹരമായ മഹാനഗരത്തിൽ താമസിക്കുന്നതിന്റെ വേദന അങ്ങനെ ജീവിക്കാത്ത ഒരാൾക്ക് ഒരിക്കലും അറിയാൻ കഴിയില്ല. എന്റെ മാത്രം കാമുകി ആയി അവളെ ഞാൻ കൊണ്ടു നടന്നു ഒരുപാടു നാൾ. പക്ഷെ അധികം കഴിയും മുൻപ് തന്നെ, ഓരോ പ്രാവശ്യവും ബന്ധപ്പെടുമ്പോൾ അവൾ ശരീരത്തിലും മനസ്സിന്റെ ആഴങ്ങളിലും വേറെ ഏതോ അർഥങ്ങൾ ആയി നിറഞ്ഞു. ഒടുവിൽ ആ ബന്ധം രജിസ്റ്റർ കല്യാണത്തിൽ കൊണ്ട് എത്തിച്ചു. അപ്പോഴേക്കും വീട് വിട്ട് അഞ്ചു വർഷം കഴിഞ്ഞിരുന്നു. 

Read also: 'ഞാൻ മരിച്ചാൽ ശരീരം ദഹിപ്പിക്കരുത്, എന്റെ പറമ്പിൽ കുഴിച്ചിട്ടാൽ മതി'; കർഷകന്റെ ജീവിതം, മരണം, പുനർജന്മം

അവളെ കല്യാണം കഴിച്ച ദിവസമാണ് അമ്മയുടെ നമ്പറിലേക്ക് ആദ്യമായി വിളിച്ചത്. പഴയ നമ്പർ അപ്പോഴും ആക്ടിവ് ആയിരുന്നു. ഒരു പക്ഷെ എന്റെ വിളി പ്രതീക്ഷിച്ചു കൊണ്ട്. കല്യാണ കാര്യം ഒരിക്കലും അറിയിച്ചില്ല. പിന്നീട് ഇടയ്ക്കു വിളിച്ചു സുഖ വിവരങ്ങൾ തിരക്കി അച്ഛനെ പറ്റി ഒരിക്കൽ പോലും അന്വേഷിച്ചില്ല. അമ്മ ചിലപ്പോൾ ചില വിശേഷങ്ങൾ പറയുമായിരുന്നു. എങ്കിലും തീരെ താൽപര്യം കാണിച്ചില്ല. മാസത്തിൽ ഒന്ന് എന്ന വിധമായിരുന്നു ആ വിളികൾ. എപ്പോഴും പബ്ലിക് ബൂത്തിൽ നിന്ന് മാത്രം വിളിച്ചു. പിന്നീട് അമ്മ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഒക്കെ ഒഴിഞ്ഞു മാറി. ഈ മഹാനഗരത്തിലേക്ക് എന്നെ കാണാൻ വരാം എന്ന് പറഞ്ഞത് പോലും സമ്മതിച്ചില്ല. അച്ഛനോട് ഒരിക്കലും പറയില്ല എന്ന ഉറപ്പിൽ ഞാൻ ഒരിക്കൽ എന്റെ നമ്പർ അമ്മയ്ക്ക് കൊടുത്തിരുന്നു. അവരുടെ ശാപം കൊണ്ടോ എന്തോ... സുമി ഇത്രയും കാലം ഗർഭിണി ആയില്ല. ഒരു പക്ഷെ ഞാൻ നാട്ടിൽ പോയാൽ പിന്നെ തിരിച്ചു വരില്ല എന്ന് അവൾ കരുതിക്കാണുമോ? ഞാൻ ഇറങ്ങുമ്പോൾ അവൾ കാണിച്ച വേവലാതിയെ അങ്ങനെ വേണമെങ്കിലും വ്യാഖാനിക്കാം. ഈ സ്വയം തിരഞ്ഞെടുത്ത വഴിയിൽ എവിടെയാണ് എന്റെ സന്തോഷം എന്ന് ഞാൻ ഒരിക്കലും സ്വയം ചോദിച്ചിട്ടില്ല. അത് എനിക്ക് അറിയേണ്ട ആവശ്യമില്ലായിരുന്നു. സുമിയോടൊത്തുള്ള ജീവിതവും അച്ഛനോടുള്ള പ്രതികാരവും രണ്ടും എനിക്ക് സന്തോഷം തന്നിരുന്നു. ഒപ്പം കുറച്ചു സങ്കടവും.

പ്രളയം ബാക്കി വെച്ച വഴികളിലൂടെ ഞാൻ നടന്നു. ഒരു കാലത്ത് തന്നെ പുച്ഛിച്ചിരുന്ന, തന്നെ നോക്കി കളിയാക്കി ചിരിച്ച ആരുടേയും മുഖത്ത് ഇപ്പോൾ ചിരി ഇല്ല. ചെളി കെട്ടി നിൽക്കുന്ന വീടുകൾക്ക് മുന്നിൽ ചിലരെയൊക്കെ തിരിച്ചറിയാനായി. ചില വീടുകൾ പഴയതിനേക്കാൾ വലുതായിരിക്കുന്നു പുതിയ വീടുകളും അനവധി. പക്ഷെ ഇപ്പോൾ എല്ലാം ചെളിയും മണ്ണും പുരണ്ട കോലങ്ങൾ മാത്രം. ഒരു സന്തോഷം തോന്നിയോ മനസ്സിൽ. എന്നെ ഒരു കാലത്ത് കളിയാക്കി ചിരിച്ച ആ നശിച്ച നാടിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട്. നടന്ന് സ്വന്തം വീടെത്തി, പ്രതീക്ഷിച്ച പോലെ തന്നെ ഒരു ചെളി കൂമ്പാരം. കുറച്ചു യൂണിഫോമിട്ട വളണ്ടിയർമാർ അവിടെ ക്ലീൻ ചെയ്തുകൊണ്ടിരിക്കുന്നു. “ആരാ” ഒരാൾ ചോദിച്ചു. “മകനാണ് ഇവിടെ ഇല്ലായിരുന്നു” ചെറിയ ഇടർച്ചയോടെ പറഞ്ഞു. അവർ പരസ്പരം എന്തൊക്കെയോ സംസാരിച്ചു. “ക്യാമ്പിലെത്തിക്കാം ഒരു നിമിഷം നിൽക്കു” ആർക്കൊക്കെയോ അവർ ഫോൺ ചെയ്തു. ഒരു മാറ്റവും ഇല്ലാതെ ആ വീട് അങ്ങനെ പഴയ കോലത്തിൽ തന്നെ. ഇപ്പോൾ എന്നെ വരവേൽക്കാൻ എന്നപോലെ ചെളിയും പൂശി നിൽക്കുന്നു. കൊള്ളാം വഴിപിഴച്ചു പോയ മകന് നല്ല വരവേൽപ്പ് തന്നെയാണ് നാടും വീടും ഒരുക്കിയിരിക്കുന്നത്. ചെറുപ്പത്തിൽ കളിച്ചതും വളർന്നതും അച്ഛൻ വീടിനു ചുറ്റും ഓടിച്ചതും എല്ലാം ഒരു നിമിഷം ഓർത്തു. ഒപ്പം പിരിയാൻ ഉണ്ടായ ആ കയ്പ്പേറിയ അനുഭവവും. കയ്‌പും മധുരവും ഏതൊരാളുടെ ജീവിതത്തിലും പോലെതന്നെ എന്റെ ജീവിതത്തിലും. ഞാൻ സ്വയം ആശ്വസിച്ചു. എന്റെ കയ്‌പേറിയ അനുഭവങ്ങൾക്ക് അതിന്റേതായ വിലയുണ്ട് അതില്ലെങ്കിൽ മധുരാനുഭവങ്ങൾ എന്താണെന്ന് എനിക്കറിയാൻ കഴിയില്ലായിരുന്നു. പക്ഷെ ഞാൻ ഇപ്പോൾ ആ ഇരുപത്തിരണ്ടു വയസ്സുകാരൻ അല്ല. കുറച്ചു കൂടി തന്റേടം ഉണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മുപ്പത്തിരണ്ട് വയസ്സുകാരൻ.

Read also: മരണവീട്ടിൽ മദ്യപാനം; വാക്കേറ്റത്തിനിടെ കുപ്പി വലിച്ചെറിഞ്ഞു, പിന്നെ നടന്നത് ആരും പ്രതീക്ഷിക്കാത്ത സംഭവം

കുറച്ചു മിനിറ്റുകൾ കഴിഞ്ഞപ്പോൾ യൂണിഫോമിട്ട മറ്റൊരു വളണ്ടിയർ ബൈക്കുമായി എത്തി. ബൈക്കിൽ എന്നെ കയറ്റി രണ്ടു കിലോമീറ്റർ ദൂരെയുള്ള സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് എന്ന് പറഞ്ഞു എന്നെയും കൊണ്ട് അങ്ങോട്ട് യാത്രയായി. എന്റെ കൈയ്യിലെ ചെറിയ ബാഗ് ഒതുക്കി പിടിച്ച് ഞാൻ ആ ബൈക്കിന് പുറകിലിരുന്നു. ഞാൻ പഠിച്ച സ്‌കൂളാണത്. ആദ്യമായി ഞാൻ അവളെ കണ്ടതും ഞങ്ങൾ പരസ്പരം കണ്ണുകൾ കൊണ്ട് സംസാരിച്ചതും ഇവിടെവച്ച് തന്നെ. സ്കൂളിലേക്കുള്ള രണ്ട് കിലോമീറ്റർ ദീർഘമുള്ള അന്നത്തെ യാത്രകൾ. പകുതിവഴിയിൽ നിന്നും അവളും കൂട്ടുകാരികളും കൂടെ കൂടും. ആ മിണ്ടാതെ മിണ്ടിയ കാലം കൊണ്ട് അത് അവസാനിച്ചിരുന്നു എങ്കിൽ എനിക്കിത്ര ദുരിത ജീവിതം ഉണ്ടാകില്ലായിരുന്നു. പക്ഷെ ഏതോ വിധി ഞങ്ങളെ വീണ്ടും പട്ടണത്തിലെ ഉയർന്ന പഠനത്തിനുള്ള യാത്രകളിൽ ഒരുമിപ്പിച്ചു. എനിക്കിന്നും ദൈവത്തോട് ദേഷ്യമുണ്ടെങ്കിൽ ആ ഒരുമിപ്പിച്ചതിൽ മാത്രമാണ്. വാക്കുകൾ, എഴുത്തുകൾ, ഫോൺകോളുകൾ, ഒടുവിൽ വേർപിരിയൽ, വിരഹം, അപമാനം. ഇന്ന് ആലോചിക്കുമ്പോൾ അതെല്ലാം ചെറിയ കാര്യങ്ങൾ ആയിരിക്കാം. പക്ഷെ അതിനെ ഒരു കനലുപോലെ ഒരിക്കലും മറക്കാതെ മനസ്സിൽ സൂക്ഷിക്കാൻ എനിക്ക് കഴിഞ്ഞു. അത് ഒരു വലിയ കാര്യം തന്നെയാണ്. മുന്നിലെ വഴിയിലോട്ടു നോക്കി. പഴയ നടവഴികൾ ഇപ്പോൾ ചെറിയ ടാർ റോഡുകൾ ആയിരിക്കുന്നു. അവൾ ഞങ്ങളുടെ കൂടെ കൂടാറുള്ള ആ മൂന്നും കൂടുമിടം മനസ്സിലാക്കാൻ പറ്റി. ഓർമ്മകൾക്ക് പിറകെ പോകാതിരിക്കാൻ വേണ്ടി കണ്ണടച്ചിരുന്നു.

സ്കൂളിൽ എത്തി. ഒരു പൂരത്തിരക്കുണ്ട് അവിടെ. പക്ഷെ അച്ഛന്റെ പേര് പറഞ്ഞപ്പോൾ തന്നെ ഒരാൾ എന്നെയും കൊണ്ട് അകത്തേക്ക് പോയി. ഒരു ക്ലാസ് മുറിയിൽ കുറച്ചു പേർ കസേരകളിൽ ഇരിക്കുന്നുണ്ടായിരുന്നു. അവരിൽ ഏതാണ്ട് നടുവിൽ ആയി അച്ഛൻ. അടുത്തെത്തി മുഖത്തോടു മുഖം നോക്കി. അച്ഛന്റെ മുഖത്ത് നിസ്സംഗ ഭാവം, പ്രായം കൂടിയിരിക്കുന്നു. പെട്ടെന്ന് ആ കണ്ണുകൾ നിറഞ്ഞു ഉറക്കെ കരഞ്ഞു. ഉറക്കെ.. ഉറക്കെ.. ആരൊക്കെയോ പോട്ടെ എന്ന് ആശ്വസിപ്പിക്കാൻ പറയുണ്ടായിരുന്നു. “അവള് പോയടാ.. എന്നെ തനിച്ചാക്കി പോയെടാ.. നീ ഞങ്ങളെ വിട്ടു പോയ പോലെ അവൾ എന്നെയും വിട്ടു പോയെടാ... നിന്റെ ഫോൺ വരുമെന്ന് പറഞ്ഞു മുകളിൽ, ടെറസ്സിൽ നിന്ന് വീണ്ടും താഴത്തെ നിലയിൽ വെള്ളത്തിലേക്ക് ഫോൺ എടുക്കാൻ വേണ്ടി പോയതാ.. പിന്നെ ആ കോണിയിലൂടെ അവൾക്കു തിരിച്ചു കയറാൻ കഴിഞ്ഞില്ല. ആ ടെറസ്സിൽ എന്നെ ഇരുത്തി അവൾ പോയി” പിന്നീട് അറിഞ്ഞു പെട്ടെന്ന് വന്ന വെള്ളപ്പാച്ചിലിൽ അടുക്കളയിൽ പെട്ടുപോയി അമ്മ എന്ന്. രണ്ടു ദിവസത്തിന് ശേഷം വെള്ളം ഇറങ്ങി മൃതദേഹം എടുക്കുമ്പോൾ കൈയ്യിൽ ഒരു പഴയ മോഡൽ മൊബൈൽ ബലമായി പിടിച്ചിരുന്നു. കുറെ കരഞ്ഞു... കുറച്ചു നാട്ടുകാർ വന്നു പലതും പറഞ്ഞു ആശ്വസിപ്പിച്ചു. എന്നെയും അച്ഛനെയും.. അധികം വൈകാതെ ഞങ്ങൾ വീട്ടിലേക്ക് മാറി. നിറം മങ്ങിയ ചുമരുകളിൽ ബാക്കി വന്ന പാത്രങ്ങളും, പഴകിയ വീട്ട് സാമഗ്രികളും ക്യാമ്പിൽ നിന്ന് കിട്ടിയ അരി സാധനങ്ങളിലും ആയി അമ്മയുടെ ഓർമ്മയും പേറി കുറച്ചു ദിവസം തള്ളി നീക്കി.

Read also: പഴയ കൂട്ടുകാരെ കണ്ടെത്താൻ അന്വേഷണം; ഇങ്ങനൊരു മകനില്ലെന്ന് അ‌ച്ഛൻ, ഒടുവിൽ അവിചാരിതമായി കണ്ടുമുട്ടൽ

ഒടുവിൽ ആ ദിവസം വന്നു, തിരിച്ചു പോകണം. നാട്ടിൽ എത്തിയ അന്നുതന്നെ സുമിയോട് വിളിച്ചു വിവരങ്ങൾ എല്ലാം പറഞ്ഞിരുന്നു. പിന്നെ അവൾ വിളിച്ചില്ല. ഒടുവിൽ ഇന്നലെ വൈകുന്നേരം ഞാൻ തന്നെ വിളിച്ചു പറഞ്ഞു നാളെ പുറപ്പെടും എന്ന്. സുമിയും അച്ഛനും രണ്ട് ധ്രുവങ്ങൾ ആണ്. അവർ ജീവിതത്തിൽ ഒരിക്കലും കൂട്ടിമുട്ടില്ല. ജീവിതയാത്രയിൽ ഇനിയും ബോധോദയം ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്ങനെ ജീവിക്കണം എന്ന് തീർച്ചപ്പെടുത്തുവാൻ വേണ്ടി. പക്ഷെ ഇപ്പോൾ പോകണം. ഒന്നിനും യാതൊരുറപ്പുമില്ല. എന്നാൽ ഭാവിയിലും മധുരവും കയ്പ്പും അനുഭവിക്കേണ്ടി വരുമെന്നത് തീർച്ച. കയ്പ്പില്ലെങ്കിൽ മധുരത്തിന് എന്ത് പ്രസക്തി. അച്ഛനോട് യാത്ര പറഞ്ഞെഴുന്നേറ്റു.. അദ്ദേഹം ഒന്നും മിണ്ടിയില്ല, ഇനി എപ്പോൾ വരും എന്ന് പോലും ചോദിച്ചില്ല. തിരിഞ്ഞു നോക്കാൻ എനിക്കും തോന്നിയില്ല. വീട്ടിൽ നിന്നും ഇറങ്ങി... പുറത്തിറങ്ങി പടി ചാരുമ്പോൾ അറിയാതെ കണ്ണ് ഒന്ന് നിറഞ്ഞു. ഇനിയൊരു മടക്കം ഉണ്ടാവുമോ... അറിയില്ല... തൽക്കാലം യാത്ര തുടരുക..

Content Summary: Malayalam Short Story ' Pralayavum Pranayavum Bakki Vechathu ' Written by Rafi Mannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com