ADVERTISEMENT

കുട്ടികളും ഭർത്താവും ഉറക്കമാണ്. യാത്ര ചെയ്ത ക്ഷീണത്തിലാണ് അവർ. തിരിച്ച് പോകാനുള്ള സൗകര്യത്തിനായി, താമസിക്കാൻ വിമാനത്താവളത്തിന് അടുത്ത് തന്നെയുള്ള ഹോട്ടലിൽ മുറിയെടുത്തു. എല്ലാവരും എഴുന്നേറ്റ് കുളിച്ച് പുറപ്പെട്ടപ്പോൾ നേരം ഏറെ വൈകി. ഒരു നാല് മണിക്കൂർ മാത്രമുള്ള ഡ്രൈവ് ചെന്നവസാനിച്ചത്, ഏതാണ്ട് രണ്ടു മൂന്നേക്കർ വിസ്തീർണമുള്ള, ചെറിയ ചെറിയ വീടുകൾ നിറഞ്ഞ "എന്റെയിടം" എന്ന സ്ഥാപത്തിന്റെ മുന്നിലാണ്. നല്ല തിരക്ക്, എല്ലാ മക്കളും അമ്മദിവസം ആഘോഷിക്കാൻ മറന്നിട്ടില്ല, തന്നെപ്പോലെത്തന്നെ.. അമ്മമാരും അച്ഛന്മാരും സ്വന്തം മക്കളെ നേരിൽ കണ്ട സന്തോഷത്തിലാണ്, ഇനിയെന്നാണ് തന്റെ പൊന്നുമക്കളെ ഇങ്ങനെയൊന്ന് കാണാൻ കഴിയുക, എന്നുള്ള തേങ്ങലിനോടൊപ്പം...

ശ്രീക്കുട്ടിയും കുടുംബവും നേരെ എട്ടാം നമ്പർ വീട്ടിലേക്ക് കയറിച്ചെന്നു. മുറി പുറത്തുനിന്ന് അടച്ചിരിക്കുന്നു, അമ്മയിതെവിടെപ്പോയി, ഇന്ന് വരുമെന്ന് അറിയിച്ചതാണല്ലോ. ഇനി ഓഫിസിലൊന്ന് ചെന്ന് നോക്കാമെന്ന് കരുതി അങ്ങോട്ട് നടന്നു.. നല്ല ഭംഗിയിൽ വെട്ടി നിർത്തിയ ചെടികൾ.. നിലത്ത് പച്ചപ്പരവതാനി നിരത്തിയ പുൽത്തട്ടിലൂടെ നടന്നു ഓഫിസിലെത്തി.. ചിന്നുവിന് ഏറെയിഷ്ടമായി അവിടം, അപ്പു തന്റെ കുഞ്ഞുകാലുകൾ ഒറ്റവെച്ച് നടക്കുന്നുമുണ്ട്.. അമ്മൂമ്മയെ കണ്ടില്ലല്ലോ എന്നായി കുഞ്ഞുമക്കൾ. ഓഫിസിലെത്തിയപ്പോൾ അവിടത്തെ മാനേജർ പറഞ്ഞു, തൊട്ടടുത്ത റൂമിലെ കേശവൻ ചേട്ടൻ, അദ്ദേഹത്തെക്കാണാൻ വരുന്ന, കുടുംബത്തോടൊപ്പം അമ്മ ഉണ്ടാവുമെന്ന്.. അമ്മയെ ഏതാണ്ട് അഞ്ചാറു വർഷങ്ങൾക്കു മുമ്പാണ് കണ്ടത്. ജോലിത്തിരക്കും യാത്രകളും, യാത്രകളിൽ നിന്ന് യാത്രകളിലേക്ക് തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക്... അമ്മയെ ഒന്ന് വന്നു കാണാൻ ഒരൊഴിവു കിട്ടാത്ത മകൾ. എന്നാലും ഒരാശ്വാസം, എല്ലാ സൗകര്യവുമുള്ള ഒരിടത്താണല്ലോ അമ്മയെ പാർപ്പിച്ചിട്ടുള്ളത്.

Read also: ഭര്‍ത്താവ് എപ്പോഴും മൊബൈലിൽ, തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഭാര്യ; പ്രശ്നം പരിഹരിച്ച് അമ്മായിയമ്മ

അങ്ങനെ ആലോചിച്ച് ഇരിക്കുമ്പോൾ അമ്മയും കൂട്ടുകാരും എത്തി.. മോളെ കണ്ടപ്പോൾ, അമ്മ പതിയെ നടന്നു വന്നു കെട്ടിപ്പിടിച്ചു, ഇത്രയും നാൾ അടക്കിവച്ച കണ്ണുനീർ തെറിച്ചൊഴുകി വീണു. അച്ഛനില്ലാതെ വളർത്തിയ മോളാണ്, ഒറ്റക്കുട്ടിയായത് കൊണ്ട് ഏറെ ലാളിച്ചു, വളർത്തി, പഠിപ്പിച്ച് നല്ല ജോലിക്കാരിയുമായി. പിന്നീടാണ് അവളുടെ മോഹം പറഞ്ഞത്, കൂട്ടുകാരെല്ലാവരും വിദേശത്തേക്ക് പോകുന്നു, നല്ല ഓഫർ വന്നിട്ടുണ്ട്.. അവൾക്കും പോകണമെന്ന്.. കുറേനേരം മൗനമായിരുന്നു.. പിന്നീട് സമ്മതിച്ചു, അവളുടെ ഏതാഗ്രഹത്തിനും ഇതുവരെ എതിര് നിന്നിട്ടില്ലല്ലോ.. അങ്ങനെ ഒരു ദിവസം അവളും പറന്നുപോയി, അമ്മയുടെ കരുതലും ചൂടും ഉപേക്ഷിച്ച്... സാമ്പത്തികമായി വളരെ ഉയർന്ന ജോലി, ഒപ്പം അവളും ഉയരത്തിലേക്ക്.. അപ്പോൾ ഏറെ സന്തോഷിച്ചത് താൻ തന്നെയല്ലേ. അവളുടെ എന്നുമുള്ള ഫോൺ വിളികൾക്കായുള്ള കാത്തിരിപ്പായിരുന്നു പിന്നെയങ്ങോട്ടുള്ള ദിവസങ്ങൾ. അങ്ങനെ വിളികൾ കുറഞ്ഞു, ഇടയ്ക്കിടയ്ക്കായി, അത് ദിവസങ്ങളിൽ നിന്ന് ആഴ്‌ചയിലെ ഇടവേളകളിലേക്ക് നീണ്ടുപോയതും അവരറിഞ്ഞു..

പിന്നീടെപ്പോഴോ ആണ് മോളുടെ വിളി വരുന്നത്, വടക്കേ ഇന്ത്യയിൽത്തന്നെയുള്ള, അവളുടെ കൂടെ ജോലിചെയ്യുന്ന ഒരു പയ്യനുമായ് അടുപ്പമായതും, പിന്നെ ഒരുമിച്ചുള്ള താമസവും അറിയിച്ചു. കാലം മാറി, ഇപ്പോൾ ഇങ്ങനെയാണ് അതിന്റെയൊരു രീതി.. കല്യാണം കഴിക്കുക എന്നതൊക്കെ പഴഞ്ചൻ ആണെന്ന്. അങ്ങനെ ഒറ്റമോളുടെ കല്യാണം കാണാനുള്ള മോഹം ആ അമ്മ അതോടെ ഉപേക്ഷിച്ചു അന്നുതന്നെ, മറുത്തൊന്നും പറയാതെ... തിരിച്ച് എന്തെങ്കിലും പറഞ്ഞാല് ഉള്ള ഫോൺ വിളിയും നിന്നുപോയാലോ എന്നുള്ള ഭയവും ഇല്ലാതില്ല. ഇതിനിടയ്ക്ക് രണ്ടു തവണ നാട്ടിലേക്ക് വന്നു, ആദ്യം മോളും അവള് കണ്ടുപിടിച്ച പയ്യൻ, ധീരജ് ചോപ്രയും, വന്നപ്പോൾ അവൾക്ക് ഒരു ജാള്യതയോ വിഷമമോ ഉണ്ടായില്ല. അവളാകെ മാറിയിരിക്കുന്നു, തന്റെ ഇടംകൈയ്യിൽ തൂങ്ങി നടന്നിരുന്ന, എന്തിനും ഏതിനും താൻ വേണമെന്ന് നിർബന്ധം പിടിച്ചിരുന്ന ആ കൊച്ചുകുഞ്ഞിനെ ഞാനവളിൽ തിരഞ്ഞു, വെറുതേ.. ഒന്നും സംഭവിക്കാത്ത മട്ടിൽ അവള് വന്നു തന്നെ കെട്ടിപ്പിടിച്ചു, അതോടെ അന്നുവരെ അവളോട് തോന്നിയിരുന്ന നീരസവും ഉരുകിയൊലിച്ചു. ഭാഷയുടെ ഒരു ചെറിയ പ്രശ്നം ആശയവിനിമയത്തിൽ ഉണ്ടായെങ്കിലും അവള് കണ്ടുപിടിച്ച പയ്യന് തന്നോട് സ്നേഹം തന്നെയെന്ന് തിരിച്ചറിഞ്ഞത് ഏറെ ആശ്വാസം.

Read also: ' മിണ്ടരുത്, ജോലിയും കൂലിയും ഇല്ലാത്ത നിനക്ക് കല്യാണമോ..?', അച്ഛന്റെ ശൗര്യത്തിനു മുന്നിൽ അവൻ വീടുവിട്ടിറങ്ങി

അവധി കഴിഞ്ഞ് പോയിട്ട് പിന്നെ നാട്ടിലേക്ക് വരാൻ വർഷങ്ങളെടുത്തു. അതിനിടയ്ക്ക് താനൊരു അമ്മൂമ്മയും ആയെന്നു തന്നെ അറിയിക്കാൻ അവള് മറന്നില്ല. പെൺകുഞ്ഞാണ്, തന്നെപ്പോലെയാകുമോ, ഉണ്ടക്കണ്ണുകൾ, തടിച്ചുരുണ്ട മേനി.. അങ്ങനെയങ്ങനെ നീണ്ട ആലോചനകൾ.. ആ കുഞ്ഞിക്കവിളിൽ സ്നേഹം പകരാൻ മനസ്സ് തുടിക്കുന്നു.. കുഞ്ഞു വിരലുകളിൽ പിടിച്ച് നടക്കാൻ മോഹം.. അതിന്റെ കൊഞ്ചലിൽ നഷ്ടദിനങ്ങൾ തിരിച്ച് പിടിക്കാനാകുമെന്നുള്ള വിശ്വാസവും. കാത്തിരിപ്പ് തന്നെ.. ഒരു കുഞ്ഞും കൂടിവന്നു തന്നെ അമ്മൂമ്മയെന്ന് വിളിക്കാൻ എന്നുമറിഞ്ഞു.. പിന്നെയും കാത്തിരുന്നു, വർഷങ്ങൾ.. ഒരു ദിവസം രാവിലെ അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോൾ ശരീരത്തിൽ ഒരു കുഴച്ചിൽ, ഛർദ്ദിക്കാൻ വരുന്നെന്ന് തോന്നൽ, കാലുകളുടെ ശക്തി കുറയുന്നോ.. എങ്ങനെയോ വീടെത്തി, തന്റേത് മാത്രമെന്ന് പറയാവുന്ന, തളർച്ചയിൽ താങ്ങായി നിന്ന സ്വന്തം കട്ടിലിലേക്ക് വീഴുകയായിരുന്നു. ഓർമ്മ വന്നപ്പോൾ താനേതോ ആസ്പത്രിയിൽ ആണെന്ന് മനസിലായി. അന്ന് പകൽ മുഴുവനും ഒരേ കിടപ്പായിരുന്നു, തന്നെ കാണാതെ, സന്ധ്യയ്ക്ക്, അപ്പുറത്തെ ശ്രീദേവിചേച്ചി വന്നു നോക്കിയതാണ് പോലും, ഓർമ്മയുണ്ട് എന്നാല് മിണ്ടാൻ വയ്യ. അപ്പോൾ തന്നെ അവർ ആളേക്കൂട്ടി തന്നെ ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു. സ്ട്രോക്ക് വന്നതാണ്, നേരത്ത് എത്തിക്കാൻ കഴിയാത്തത് കൊണ്ട് കാലിനും കൈയ്യിനും കുറച്ച് പ്രശ്നമാണ്. വിവരം ശ്രീക്കുട്ടിയെ അറിയിച്ചെങ്കിലും ജോലിത്തിരക്ക് കാരണം പെട്ടെന്ന് വരാൻ പറ്റാത്ത സ്ഥിതിയിൽ ആയിരുന്നു. അവളും...

Read also: ' എന്റെ ഇഷ്ടം ഞാൻ അവളോടു പറഞ്ഞടാ, നാളെ മറുപടി കിട്ടും'; പിറ്റേന്ന് കണ്ടത് ചുവന്ന പട്ടിൽ പൊതിഞ്ഞ അവന്റെ ശരീരം

ആരോ പറഞ്ഞിട്ടാണ് അവള് അറിയുന്നത് "എന്റെയിടം" എന്ന സംരംഭത്തെക്കുറിച്ച്.. അശരണർ ആയവരെ താമസിപ്പിച്ച് സംരക്ഷിക്കുന്ന സ്ഥലം. എങ്ങനെയോ അവിടെ വിളിച്ച് തന്നെയവിടെ താമസിപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. എന്നുമുള്ള മരുന്നും ഉഴിച്ചിലും വ്യായാമവുമായി നഷ്ടപെട്ട ചലനശേഷി കുറച്ച് വീണ്ടെടുക്കാൻ കഴിഞ്ഞു. ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു ഇവിടത്തെ അന്തേവാസിയായിട്ട്... ഇപ്പോൾ മെല്ലെ മെല്ലെ നടക്കാം വാക്കർ ഉപയോഗിച്ച്.. അതിനിടയ്ക്ക് പരിചയപ്പെട്ടതാണ് ആറാം നമ്പർ വീട്ടിലെ കേശവൻ ചേട്ടനെ, അദ്ദേഹം വിഭാര്യനാണ്... ഒരു മോനും മരുമകളും കൊച്ചുമകനും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.. രണ്ടുപേരും ജോലിക്കാർ, കൊച്ചുമകൻ പഠിക്കുന്നു. തനിക്ക് അവിടെയൊന്നും ചെയ്യാനില്ലാത്ത, ഒന്ന് മിണ്ടാനും പറയാനും ആരുമില്ലാത്ത അവസ്ഥ. മക്കളെ ബുദ്ധിമുട്ടിക്കരുത് എന്ന വിചാരം, അതിവിടെ, "എന്റെയിടത്തിൽ" കൊണ്ടെത്തിച്ചു തഹസിൽദാർ ആയി വിരമിച്ച കേശവൻ സാറിനെ... വന്നപ്പോൾ തന്റെ വീടിന് മുന്നിലായി, തന്റെ നേരെ തുറന്നു കിടക്കുന്ന വാതിലിൽ അശരണയായ ഒരു സ്ത്രീ.. കാലും കൈയ്യും ഭാഗികമായി തളർന്ന് പോയ ഒരു കുലീന.. ആദ്യമൊക്കെ ഒരു അകൽച്ച തോന്നിയെങ്കിലും പിന്നെയെപ്പോഴോ അവരോട് സംസാരിക്കാനും, സഹായിക്കാനും ഒക്കെ തുടങ്ങിയ കേശവൻ സാർ മെല്ലെ മെല്ലെ കേശവേട്ടൻ ആവുകയായിരുന്നു.. തന്നേക്കാണാൻ ഇടയ്ക്കിടയ്ക്ക് മകനും കുടുംബവും വരാറുണ്ട്. അപ്പോഴൊക്കെ അവർ ഈ അമ്മയെയും കാണാൻ വരുമായിരുന്നു.. കാലാകാലം അമ്മയുടെ ചികിത്സയ്ക്കുള്ള പൈസ അയച്ച് കൊടുക്കുന്നുണ്ട് എങ്കിലും സ്വന്തം മോളെക്കാണാനുള്ള ആഗ്രഹം തിങ്ങി നിറഞ്ഞിരുന്നത് ആരുമറിയാതെ സാവിത്രിയമ്മ കണ്ണിലൂടെ ഒഴുക്കിക്കളഞ്ഞു.. ഇന്ന്, വർഷങ്ങളേറെക്കഴിഞ്ഞു മോളെ കണ്ടിട്ട്, കൊച്ചുമക്കളെ കണ്ടതുമില്ല.. ഇനിയും കാത്തിരിപ്പിന് എന്തെങ്കിലും അന്ത്യമുണ്ടാവുമോ, കാത്തിരിപ്പ് ഏത് വരെ...? തന്റെ സങ്കടങ്ങൾ പങ്ക് വെക്കുന്നത് ഇപ്പോള്‍ കേശവേട്ടനോട് മാത്രം...

Read also: ' ഞാൻ മരിച്ചാൽ ശരീരം ദഹിപ്പിക്കരുത്, എന്റെ പറമ്പിൽ കുഴിച്ചിട്ടാൽ മതി'; കർഷകന്റെ ജീവിതം, മരണം, പുനർജന്മം

ഇന്ന് ഞായറാഴ്ച, ഒഴിവുദിവസം, അച്ഛനെക്കാണാൻ മകനും കുടുംബവും എത്തി, എന്നത്തേയും പോലെ സാവിത്രി അമ്മയെയുംകൂട്ടി പുറത്ത് പോയി, ഒറ്റയ്ക്ക് നടക്കാൻ വയ്യാത്തത് കൊണ്ട് വാക്കർ ഉപയോഗിച്ച് തന്നെയാണ് നടത്തം. തിരിച്ച് വന്നപ്പോൾ മോളും കൊച്ചുമക്കളും മരുമകനും തന്നേക്കാത്തിരിക്കുന്നു. പുറത്ത്പോയപ്പോൾ പറഞ്ഞ സമയത്ത് തിരിച്ച് വരാനും പറ്റിയില്ല. പല തവണ ഇങ്ങനെ കാത്തിരുന്നതാണ്, ഓരോ തവണയും സങ്കടത്തിന്റെ, നെടുവീർപ്പിന്റെ വേദനയോടെ കാത്തിരിപ്പ് അവസാനിക്കാറാണ് പതിവ്. ഇന്ന് ഏറെ നിർബന്ധിച്ചപ്പോൾ ആണ് സാവിത്രി അവരോടൊപ്പം പോയതും.. ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്, കേശവേട്ടനെ അവർ കൊണ്ട് പോകുന്നു, കൊച്ചുമോന്റെ നിർബന്ധത്തിന് വഴങ്ങിയിട്ട്.. ഇതോടെ താൻ വീണ്ടും ഒറ്റപ്പെടുമോ, സാവിത്രി ഉള്ളാലെ തേങ്ങി. ശ്രീക്കുട്ടിയേയും കുഞ്ഞുങ്ങളെയും കണ്ടപ്പോഴേക്കും തന്റെ, ഇത്രയും നാൾ കാത്തു സൂക്ഷിച്ച മനോബലം തകർന്നു വീണു. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ സാവിത്രിയമ്മ വിങ്ങിക്കരഞ്ഞു. സങ്കടവും പരിഭവവും പറഞ്ഞു തീർത്തു മോളും കുടുംബവും യാത്രയാവാൻ സമയമായി, തന്നേക്കൂടി കൊണ്ടു പോകുമെന്ന് അവർ അതിരില്ലാതെ ആശിച്ചു. അത് നിരാശയായതും അവർ തിരിച്ചറിഞ്ഞു..

Read also: പഴയ കൂട്ടുകാരെ കണ്ടെത്താൻ അന്വേഷണം; ഇങ്ങനൊരു മകനില്ലെന്ന് അ‌ച്ഛൻ, ഒടുവിൽ അവിചാരിതമായി കണ്ടുമുട്ടൽ

വയ്യാത്ത അമ്മയെ അവിടെ ആര് നോക്കാനാണ്.. ഇവിടെയാണെങ്കിൽ ഒന്നിനുമൊരു കുറവുമില്ല എന്നവൾ, തന്റെ ശ്രീക്കുട്ടി.. അവളെ അനുസരിക്കാതെ വയ്യ.. ഒപ്പം തന്നെ കേശവൻചേട്ടനും കുടുംബവും പോകാനായി തയാറാവുന്നു. ഒന്ന് സംസാരിക്കാൻ ഉണ്ടായിരുന്നതാണ്, കേശവൻചേട്ടനും പോകുന്നു,.. രക്ഷപ്പെടട്ടെ, തന്നെപ്പോലെ ഒരു ഭാഗ്യദോഷി ആരുമാവരുത്, അദ്ദേഹവും.. പെട്ടെന്നാണ് കേശവേട്ടൻ തന്റെ മോളോട്, ശ്രീക്കുട്ടിയോട്, അവളുടെ കൈപിടിച്ചു കൊണ്ട് വളരെ വികാരാധീനനായി പറയുന്നത്, "മോളുടെ അമ്മയെ ഞങ്ങൾ കൊണ്ടുപോകട്ടെ, ഇവിടെ നോക്കാൻ എല്ലാവരും ഉണ്ടെങ്കിലും ഒരു കൂട്ട് ആയിട്ട് സംസാരിക്കാൻ അവർക്ക് ആരുമില്ല.. ഞാൻ എന്റെ മോനുമായി സംസാരിച്ച് കഴിഞ്ഞതാണ്. അവനും അവന്റെ ഭാര്യക്കും കുഞ്ഞിനും ഈ അമ്മയെ ഇവിടെ ഉപേക്ഷിക്കാൻ എന്നെപ്പോലെത്തന്നെ കഴിയുന്നില്ല. മോൾക്ക് വേണ്ടെങ്കിൽ ഞങ്ങൾ ഈ അമ്മയെ എടുത്തോട്ടെ" ഒന്നും മിണ്ടാനാവാതെ ശ്രീക്കുട്ടി കുടുംബത്തോടൊപ്പം കാറിൽ കയറുമ്പോൾ ചിന്നു പറഞ്ഞു, "അമ്മേ, അമ്മൂമ്മ അവരുടെ കൂടെ പോയാൽ അമ്മൂമ്മ താമസിച്ച വീട് നമുക്ക് എടുക്കാം, കുറെ കഴിഞ്ഞാ, ഞാനും അപ്പുവും ജോലിക്ക് പോയാല് അമ്മക്കുമച്ഛനും ഇവിടെ താമസിക്കാലോ.."

Content Summary: Malayalam Short Story ' Mathrudinam ' Written by Sreepadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com