ADVERTISEMENT

തൂവെള്ള നിറമുള്ള ചുമരില്‍ പതിപ്പിച്ച ഘടികാരത്തില്‍ നിന്നുയരുന്ന ടിക് ടിക് ശബ്ദമല്ലാതെ ആ വലിയ മുറിയില്‍ മറ്റൊന്നും കേള്‍ക്കാനില്ല. ശ്വാസനിശ്വാസങ്ങളും ഹൃദയതാളവും വരെ ഉച്ചസ്ഥായിയില്‍ എത്തുന്നത് ശ്രദ്ധിച്ചു കൊണ്ട്, വിമല്‍ തന്‍റെ മുന്നിലുള്ള മേശയില്‍ തലയാട്ടി നില്‍ക്കുന്ന സുന്ദരിയായ മണ്‍പാവയെ നോക്കി വ്യർഥമായി ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു. അയാള്‍ക്കുള്ള മറുപടി എന്നവണ്ണം സുന്ദരി പാവ പുഞ്ചിരിയോടെ തലയാട്ടുന്നത് തുടര്‍ന്നു. 'സംശയത്തോടെയല്ലാതെ എന്നെ നോക്കി ഇതുപോലെ പുഞ്ചിരിക്കാന്‍ നിനക്കെങ്കിലും സാധിക്കുന്നുണ്ടല്ലോ. ഭാഗ്യം!' മണ്‍പാവയെ തലോടി അവന്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. 'സോറി വിമല്‍, ഒരു പെഴ്സണല്‍ ഗസ്റ്റ് ഉണ്ടായിരുന്നു. അതാണ് വൈകിയത്. ഒത്തിരി കാത്തിരുത്തിയല്ലേ ഞാന്‍. അപ്പോള്‍ എങ്ങനെ പോകുന്നു കാര്യങ്ങള്‍?' വാതില്‍ തുറന്ന് അകത്തേക്ക് കയറി വന്ന ബുള്‍ഗാന്‍ താടിക്കാരനായ മധ്യവയസ്കന്‍ തന്‍റെ സ്വര്‍ണ്ണക്കണ്ണട നേരെയാക്കി മേശയ്ക്ക് എതിര്‍വശം വന്നിരുന്നു. ഡോക്ടര്‍ അരുണ്‍ മാധവ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നെഴുതിയ ബോര്‍ഡിലേക്ക് വിമല്‍ ദൃഷ്ടിയൂന്നി. മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ആദ്യമായി താനീ ബോര്‍ഡ് നോക്കി ഇതു പോലെ ഇരുന്നത് എന്നയാള്‍ ഓര്‍ത്തു പോയി.

വിമല്‍ കുമാര്‍, അറിയപ്പെടുന്ന 'സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍'. ആളുകളിലേക്ക് ഇറങ്ങി ചെല്ലുന്ന രീതിയിലുള്ള സംസാരശൈലിയും വിഷയങ്ങളെക്കുറിച്ചുള്ള അഗാധപാണ്ഡിത്യവും, കൊച്ചു കുട്ടികള്‍ മുതല്‍ പടുവൃദ്ധരെ വരെ അയാളുടെ ആരാധകരാക്കി. സമൂഹമാധ്യമങ്ങളില്‍ അയാളുടെ ചിന്തകള്‍ സ്റ്റാറ്റസ്സുകളായി നിറഞ്ഞു. പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും മാനസികമായി രക്ഷനേടാനാണ് മനസ്സില്‍ തോന്നിയ ചിന്തകള്‍ കൊച്ചു കൊച്ചു വീഡിയോകളായി പോസ്റ്റ് ചെയ്തു തുടങ്ങിയത്. അത്ഭുതാവഹമായിരുന്നു അവയ്ക്ക് ലഭിച്ച പിന്തുണ. സാവധാനം അവയിലൂടെ തന്നെ നല്ലൊരു ജീവിതമാര്‍ഗ്ഗം തുറന്നു വന്നു. പ്രശസ്തിയുടെ പരമകോടിയില്‍ എത്തിപ്പെടുമ്പോഴും എളിമയോടെയുള്ള പെരുമാറ്റം ഏവരെയും അയാളിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചു. പതിയെ ചില ചടങ്ങുകളില്‍ അതിഥിയായും ഉത്ഘാടകനായുമുള്ള ക്ഷണങ്ങള്‍ ലഭിച്ചു തുടങ്ങി. കാണികളെ കൈയ്യിലെടുക്കാനുള്ള സ്വതസിദ്ധമായ കഴിവ് അവിടെയെല്ലാം അയാളെ സഹായിച്ചിരുന്നു. അയാളുടെ കിരീടം സ്വര്‍ണ്ണത്തൂവലുകളാല്‍ നിറഞ്ഞു.

Read also: സഹപാഠിയിൽ നിന്ന് നിരന്തരം കളിയാക്കൽ, പക പ്രതികാരത്തിനു വഴിമാറി; ട്രെയിനിലെ അപരിചിതന്റെ ജീവിതകഥ

'എനിക്ക് ഭയങ്കര ഇഷ്ടമാ വിമലിന്‍റെ വീഡിയോകള്‍ കാണാന്‍. പക്ഷെ ആള് അത്ര വെടിപ്പല്ലെന്നാ തോന്നണേ.' നാട്ടില്‍ വച്ചു നടക്കുന്ന ഒരു ഉത്ഘാനടച്ചടങ്ങിന് എത്തിയ വിമലിന്‍റെ നേരെ നോട്ടം എത്തിച്ച് മീനാക്ഷി അത് പറയുമ്പോള്‍ ലാവണ്യ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. 'അതെന്താടീ നീ അങ്ങനെ പറഞ്ഞേ? എനിക്ക് വെടിപ്പ് കേടൊന്നും തോന്നീല്ലല്ലോ.' നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ട് മീനാക്ഷി അവളുടെ കൈകള്‍ കൈയ്യിലെടുത്തു തുടര്‍ന്നു. 'നീ ഒന്നു ശരിക്കും നോക്കിയെ. പെണ്‍പിള്ളേര്‍ അടുത്ത് വരുമ്പോള്‍ അയാള്‍ക്ക് ഒരു പിരുപിരുപ്പ് ഉണ്ടെന്ന് തോന്നുന്നില്ലേ?' അവള്‍ പറയുന്നത് കേട്ട് ലാവണ്യ വിമലിനെ വീണ്ടും നോക്കി. 'ഉണ്ടോ? എനിക്കങ്ങനെ തോന്നുന്നില്ലല്ലോ.' 'ഹോ. ഇങ്ങനൊരുത്തി. ശരിക്കും നോക്കെടി. അവന്‍ ഇടയ്ക്ക് ഇടയ്ക്ക് പെണ്‍കുട്ടികളുടെ ഇടയിലേക്ക് നോക്കുന്നത് കണ്ടോ? ആ നോട്ടം തന്നെ പിശകാണ്.' 'അല്ലെടി, അയാള്‍ അതു പോലെ തന്നെ എല്ലാവരെയും നോക്കുന്നുണ്ട്. ദേ കണ്ടോ! ആ ചേട്ടന്മാരോടും അയാള്‍ അതുപോലെ തന്നെയാണ് പെരുമാറുന്നത്.' 'സംശയമുണ്ടേല്‍ നീ വേണേല്‍ രേഷ്മയോട് ചോദിച്ച് നോക്ക്. ആ നോട്ടത്തില്‍ ഒരു വശപ്പിശക് ഇല്ലേ എന്ന്.' 'ഹോ എനിക്കെങ്ങും വയ്യ. എനിക്കങ്ങനൊന്നും തോന്നുന്നുമില്ല. നീ വേണേല്‍ പോയി ചോദിച്ചോ.' ലാവണ്യ പതിയെ മീനാക്ഷിയുടെ അടുത്തു നിന്ന് നടന്നു നീങ്ങി. 'ഇനി അങ്ങനെ ഒരു വശപ്പിശക് ശരിക്കും അയാളുടെ നോട്ടത്തിലുണ്ടോ?' കുറച്ച് പെണ്‍കുട്ടികള്‍ സെല്‍ഫി എടുക്കാന്‍ ചെന്നപ്പോള്‍ അവര്‍ക്കരികില്‍ നിന്ന് പോസ് ചെയ്യുന്ന വിമലിനെ അവള്‍ സംശയത്തോടെ നോക്കി. സ്വന്തം കണ്ണുകളുടെ സത്യത്തേക്കാള്‍ മറ്റു ചിലരുടെ വാക്കുകള്‍ നമ്മുടെ കാഴ്ച്ചയെ തെറ്റിധരിപ്പിച്ചു എന്നു വരാം.

Read also: ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാൻ കുടിലതന്ത്രം, കൂട്ടുകാരനെ കള്ളനാക്കി; തിരുത്താനാവാത്ത പിഴവുകൾ

'സമൂഹമാധ്യമത്തില്‍ വളരെയധികം പേരെ സ്വന്തം വാക്കുകള്‍ കൊണ്ട് കൈയ്യിലെടുത്ത വിമല്‍ കുമാര്‍ ഒരു സ്ത്രീവിഷയതല്‍പരനോ?' ഒരാഴ്ച്ചയ്ക്കകം സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയമായി മാറി വിമല്‍ കുമാര്‍. അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും വാക്പോരുകള്‍ക്ക് കളം തെളിക്കപ്പെട്ടു പല തര്‍ക്കങ്ങളും. അന്നു വരെ സ്ത്രീകളെ മറ്റൊരു കണ്ണോടെ കണ്ടിട്ടില്ലാത്ത അയാള്‍ക്ക് ഇത് താങ്ങാവുന്നതിന്‍റെ അപ്പുറം ആയിരുന്നു. ഇതിനെല്ലാം മൂലകാരണമെന്ത് എന്നറിയാതെ വിമല്‍ കുഴങ്ങി. ഒരു സ്ത്രീലമ്പടനോട് എന്ന രീതിയില്‍ ഉള്ള പരിഹാസങ്ങളും ചോദ്യശരങ്ങളും അയാളെ കടുത്ത വിഷാദരോഗത്തിലേക്ക് നയിച്ചു. ആരോടും ഉരിയാടാന്‍ താല്‍പര്യമില്ലാതെ അയാള്‍ ഒരു മുറിക്കുള്ളില്‍ സ്വയം ഒതുങ്ങി തുടങ്ങി. വാഴ്ത്തിപാടിയവരെല്ലാം അയാളുടെ പഴയ വീഡിയോകള്‍ തേടിപ്പിടിച്ച് ട്രോളുകള്‍ ഉണ്ടാക്കി രസിച്ചു. 'നീ ഇദ്ദേഹത്തെ ഒന്നു പോയി കണ്ടു നോക്ക്.' വിമലിന്‍റെ ആത്മാര്‍ഥസുഹൃത്ത് സുജിത്ത് ഒരു വിസിറ്റിങ്ങ് കാര്‍ഡ് അവന് നേരെ നീട്ടി. 'നിന്‍റെ ഈ അവസ്ഥയില്‍ വിഷമിക്കുന്ന നിന്‍റെ വീട്ടുകാരെയും, ഞങ്ങള്‍ കുറച്ചു പേരെയെങ്കിലും നിനക്ക് ഓര്‍ത്തു കൂടെ? എല്ലാം മാറി മറിയും. തല്‍ക്കാലം നിനക്ക് ഇദ്ദേഹത്തിന്‍റെ സഹായം വേണ്ടി വരും.'

അന്നാദ്യമായി ആ പേര് വിമല്‍ വായിച്ചു. ഡോ. അരുണ്‍ മാധവ്. 'എടാ.എനിക്ക് ഭ്രാന്താണെന്നാണോ നീ പറയുന്നത്? അതോ മറ്റുള്ളവരെ പോലെ നീയും, ഞാന്‍ തെറ്റുകാരന്‍ ആണെന്ന് വിശ്വസിക്കുന്നുണ്ടോ?' വിസിറ്റിങ്ങ് കാര്‍ഡ് തിരികെ നല്‍കി സുജിത്തിനെ വിഷമത്തോടെ നോക്കിയിരുന്നു വിമല്‍. 'ഒരിക്കലുമില്ലെടാ. സൈക്കോളജിസ്റ്റിനെ കാണാന്‍ പറഞ്ഞത് നിനക്ക് ഭ്രാന്തായതു കൊണ്ടാണെന്ന് ആര് പറഞ്ഞു. നീ വല്ല്യ പഠിപ്പും വിവരവും എല്ലാം ഉള്ളവനല്ലേ? എന്നിട്ടാണോ ഇങ്ങനെയുള്ള മണ്ടത്തരങ്ങള്‍ പറയുന്നത്? നീ ഇപ്പോള്‍ ആയിരിക്കുന്ന ട്രോമയില്‍ നിന്ന് അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍ നിന്നെ രക്ഷിക്കാന്‍ ഉപകരിക്കും എന്ന് ഉറപ്പുള്ളതു കൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ പറഞ്ഞത്. എന്തായാലും നീയവിടെ വരെ പോയി നോക്ക്.' സുജിത്തിന്‍റെ ഉപദേശം സ്വീകരിച്ചാണ് അങ്ങനെ മൂന്നു മാസത്തോളമായി ഡോക്ടര്‍ നിര്‍ദ്ദേശിച്ച തെറാപ്പികളിലൂടെ വിമല്‍ പഴയ നിലയിലേക്ക് എത്തി തുടങ്ങിയത്. 'പറയൂ വിമല്‍. എന്തുണ്ട് പുതിയ വിശേഷങ്ങള്‍?' ഡോക്ടര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോളാണ് വിമല്‍ ചിന്തകള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടത്. 'കാന്‍സര്‍ അതിജീവിതരെ ആരാധനയോടെ നോക്കി കാണുന്ന ഈ ലോകം തന്നെയാണല്ലോ ഡോക്ടര്‍ എന്നെ പോലെ സ്വന്തം മാനസികാവസ്ഥയോട്, തന്നോട് തന്നെ പോരാടി അതിജീവിക്കാന്‍ ശ്രമിക്കുന്നവരെ തളര്‍ത്തുന്നത്!' 'എന്തു പറ്റി വിമല്‍ ഇപ്പോള്‍ അങ്ങനെ തോന്നാന്‍?' 'എത്രയൊക്കെ ലോകത്തോട് പൊരുതി നില്‍ക്കാന്‍ നോക്കുമ്പോഴും വീണ്ടും തളര്‍ത്തിക്കളയുകയാണ് സംശയത്തോടെയുള്ള ഓരോ നോട്ടങ്ങളും ചോദ്യങ്ങളും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പൊരുതാന്‍ പോലും മറന്നു പോകുന്നു ഡോക്ടര്‍. അതും ചെയ്യാത്ത തെറ്റിന്‍റെ പേരിലുള്ള പഴികള്‍ കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.'

Read also: പൊതി തുറക്കുമ്പോഴേക്കും പല കൂട്ടാനുകളുടെ മണം പരക്കും; തേങ്ങാച്ചമ്മന്തി, മെഴുക്കുപെരട്ടി, തോരൻ, പിന്നെ മുട്ട പൊരിച്ചതും 

ഡോക്ടര്‍ എഴുന്നേറ്റു വിമലിനരികില്‍ വന്ന്, അയാളുടെ മുതുകില്‍ തട്ടി. 'വിമല്‍, നിങ്ങളെ പോലെ ഒരുപാടു പേര്‍ ഇങ്ങനെയുള്ള വിഷമതകള്‍ അനുഭവിക്കുന്നുണ്ട്. നിങ്ങളുടേത് ഒരു കൊച്ച് ട്രോമ ആയിരുന്നെങ്കിലും അതില്‍ നിന്ന് പുറത്തേക്ക് വരാന്‍ നിങ്ങള്‍ എടുത്ത അധ്വാനം എപ്പോഴും മനസ്സില്‍ ഉണ്ടാവണം. ചുറ്റുമുള്ളവര്‍ പലതും പറയും. നിങ്ങളെ തളര്‍ത്തുന്നത് കൊണ്ട് പ്രത്യേകിച്ച് നേട്ടം ഒന്നുമില്ലെങ്കിലും, അവരുടെ ഒരു മനസ്സുഖത്തിനായി അവര്‍ അത് തുടര്‍ന്നുകൊണ്ടേ ഇരിക്കും. നിങ്ങള്‍ അവിടെ വീണു പോയാല്‍, അവിടെ കഴിഞ്ഞു എല്ലാം. നിങ്ങളോട്, നിങ്ങളുടെ മനസ്സിനോട് പൊരുതി ജയിച്ച നിങ്ങള്‍ക്കാണോ മറ്റുള്ളവരുടെ പൊള്ളവാക്കുകളെ ജയിക്കാന്‍ കഴിയാത്തത്? നിങ്ങള്‍ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കൂ വിമല്‍. നിങ്ങളായി ജീവിക്കൂ. ഇപ്പോള്‍ നിങ്ങളെ വെറുക്കുന്നവര്‍ തന്നെ നാളെ നിങ്ങളെ വാഴ്ത്തും. തെറാപ്പി മുടങ്ങാതെ തുടരുക. കൂടെ, തന്‍റെ വീഡിയോകള്‍ വീണ്ടും ചെയ്തു തുടങ്ങെടോ. ആരെയും നോക്കണ്ട താന്‍. തന്‍റെ ഇഷ്ടം, അതുമാത്രം മതി മുന്നില്‍. ചീത്ത വിളിക്കുന്നവര്‍ വിളിക്കട്ടെ. അവരെക്കൊണ്ട് തിരിച്ചു പറയിക്കും താന്‍. എനിക്കുറപ്പുണ്ട്.'

ഡോക്ടറുടെ അടുത്തു നിന്ന് പുറത്തേക്ക് ഇറങ്ങി വണ്ടിയില്‍ കയറാന്‍ പോയപ്പോഴാണ് മൂന്നു പെണ്‍കുട്ടികള്‍ അയാളെ തന്നെ ശ്രദ്ധിക്കുന്നത് കണ്ടത്. അയാള്‍ അവര്‍ക്കരികിലേക്ക് നീങ്ങി. 'വിമല്‍ കുമാര്‍ അല്ലേ?' കൂട്ടത്തില്‍ ഒരുവള്‍ അതിശയത്തോടെ പറഞ്ഞു. 'ടീ, നീ സോഷ്യല്‍ മീഡിയയില്‍ ഒന്നും കാണാറില്ലേ, ആള്‍ അത്ര വെടിപ്പല്ല.' അടുത്തു നിന്നവള്‍ ആദ്യത്തെ പെണ്‍കുട്ടിയുടെ കൈയ്യില്‍ നുള്ളി. 'അതെ, വിമല്‍ കുമാര്‍ ആണ്. സോഷ്യല്‍ മീഡിയ പറയും പോലെയല്ല. പക്ഷെ ഞാന്‍ അത്ര വെടിപ്പല്ല. കാരണം മറ്റു പലരെയും പോലെ ഞാന്‍ ആളുകളെ നോക്കി പെരുമാറാറില്ല. എനിക്ക് എല്ലാവരും ഒരു പോലെയാണ്. പിന്നെ എന്‍റെ പുതിയ വീഡിയോ ഉടന്‍ വരും കേട്ടോ. 'ഒരു ഫീനിക്സ് പക്ഷി' ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക, ഷെയര്‍ ചെയ്യുക.' വിമല്‍ അവരെ നോക്കി പുഞ്ചിരിയോടെ ഇരുകണ്ണുകളും അടച്ചു കാണിച്ച് വണ്ടിയിലേക്ക് കയറി.

Content Summary: Malayalam Short Story ' Kayam ' Written by Dhipi Diju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com