ആഘോഷമായി വിവാഹമുറപ്പിക്കൽ ചടങ്ങ്, പക്ഷേ കല്യാണത്തിൽനിന്നു പിൻമാറാൻ വധുവിന് അജ്ഞാതസന്ദേശം, ഒപ്പം ഭീഷണിയും
Mail This Article
ഈയോച്ചന്റെയും എൽസയുടെയും വിവാഹമുറപ്പിക്കൽ ചടങ്ങായിരുന്നു അന്ന്. ഹോട്ടൽ മയൂര ആയിരുന്നു വേദി. പെണ്ണും ചെറുക്കനും കല്യാണം കഴിഞ്ഞതുപോലെ തന്നെ സ്റ്റേജിൽ ആയിരുന്നു ഇരുന്നിരുന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾ ഒക്കെ എത്തി. രണ്ടു കുടുംബക്കാരുടെയും കാരണവന്മാർ തമ്മിൽ മനസ്സമ്മതത്തിന്റെയും കല്യാണത്തിന്റെയും തീയതികൾ മൈക്കിലൂടെ പ്രഖ്യാപിച്ചതിന് ശേഷം ഒരു ഉടമ്പടിയിൽ ഒപ്പു വച്ചു. അമ്മായിഅമ്മ ഭാവി മരുമകൾക്ക് ഒരു വൈര മോതിരം അണിയിച്ചു കൊടുത്തു. എല്ലാവരും കൈയ്യടിച്ച് അനുമോദിച്ചു. അതുകഴിഞ്ഞ് മദ്യസൽക്കാരം അടക്കമുള്ള വലിയ വിരുന്നും എല്ലാം മുറപോലെ നടത്തി. ഇരുവീട്ടുകാരും പരസ്പരം അറിയാവുന്നവർ. തുല്യ കുടുംബമഹിമയും പേരും പ്രശസ്തിയും ഉള്ള തറവാട്ടുകാർ. പ്രതിശ്രുത വധുവരന്മാർ എൻജിനീയറിങ്ങിൽ ബിരുദാനന്തരബിരുദം ഉള്ളവർ. ഉറപ്പിക്കൽ ചടങ്ങ് കഴിഞ്ഞ് ഇയോച്ചൻ ഓസ്ട്രേലിയയിലേക്കും എൽസ ഹൈദരാബാദിലേക്കും അവരവരുടെ ജോലി സ്ഥലത്തേക്ക് പോയി. ആറുമാസം കഴിഞ്ഞാണ് മനസ്സമ്മതവും വിവാഹവും പ്ലാൻ ചെയ്തിരിക്കുന്നത്. ഇരുകൂട്ടരും അതിനുള്ള ഒരുക്കങ്ങൾ പരസ്പരം ചർച്ച ചെയ്ത് തീരുമാനിക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.
അപ്പോഴാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഹൈദരാബാദിൽ നിന്ന് ഒരു ദിവസം അപ്രതീക്ഷിതമായി എൽസ നാട്ടിലെത്തിയത്.എൽസ എത്തിയ ഉടനെ അപ്പനെ ഇ-മെയിലിലൂടെയും വാട്സാപ്പിലൂടെയും വന്ന കത്തുകളും മെസ്സേജുകളും കാണിച്ചു. മുഴുവനും ഭീഷണിസന്ദേശങ്ങൾ ആയിരുന്നു. “ഈ കല്യാണത്തിൽ നിന്ന് പിൻമാറണം. ഇയോച്ചൻ ആളത്ര ശരിയല്ല. നിങ്ങൾ വിചാരിക്കുന്ന പോലത്തെ ആളല്ല. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന ഉടമ്പടി റദ്ദ് ആക്കിയില്ലെങ്കിൽ ഇതിന്റെ ഭവിഷത്ത് വലുതായിരിക്കും. നിങ്ങൾ നിങ്ങളുടെ ജീവിതം വച്ച് കളിക്കരുത്.” ഇതൊക്കെയായിരുന്നു മെസേജുകളുടെ ഉള്ളടക്കം. എൽസ ആദ്യം ഇത് ഇയോച്ചന്റെ കൂട്ടുകാർ ഒപ്പിക്കുന്ന തമാശ എന്ന് കരുതി നിസ്സാരമായി തള്ളിക്കളഞ്ഞിരുന്നു. ദിവസവും മെസേജുകളുടെ എണ്ണം കൂടിക്കൂടി വന്നപ്പോൾ ഇയോച്ചനുമായി ചാറ്റ് ചെയ്യുന്നതിനിടെ ഈ കാര്യം ഇയോച്ചനെ അറിയിച്ചു. അതൊന്നും ശ്രദ്ധിക്കേണ്ട എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.
ഏതായാലും സമാധാനം നഷ്ടപ്പെട്ടാണ് എൽസ വീട്ടിലേക്ക് ഒരാഴ്ച ലീവ് എടുത്ത് പോന്നത്. കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടത്താൻ തുടങ്ങിയ മാതാപിതാക്കൾ ഇതറിഞ്ഞ് ആകെ സ്തബ്ദരായി. പിറ്റേ ദിവസം തൊട്ട് എൽസയുടെ പിതാവിനും ഓസ്ട്രേലിയയിൽ നിന്ന് ഇതുപോലുള്ള ഫോൺ വരാൻ തുടങ്ങി. ഇയോച്ചന്റ മാതാപിതാക്കളോട് ഇതെങ്ങനെ പറയും? പറയാതിരിക്കും? ആകെ ഇഞ്ചി കടിച്ച അവസ്ഥ. എന്തായാലും ധൈര്യം സംഭരിച്ച് മോളുടെയും അയാളുടെയും ഫോണും കൊണ്ട് ഇയോച്ചന്റെ അപ്പനെ കാണാൻ എൽസയുടെ പിതാവ് പോയി. തെളിവ് സഹിതം എല്ലാ വിവരങ്ങളും അവരെ അറിയിച്ചു. ഇയോച്ചന്റെ അപ്പൻ “ഇങ്ങനെയൊരു കാര്യമേയില്ല. ആരോ അസൂയാലുക്കളുടെ പണിയാണിത്. നിങ്ങൾ ഇത്ര തൊട്ടാവാടിയാണോ? ഇത് എന്നെ കൊണ്ടു വന്ന് കാണിക്കാൻ നാണമില്ലേ നിങ്ങൾക്ക്? ഒരു ഉന്നത ഉദ്യോഗസ്ഥൻ അല്ലേ നിങ്ങൾ?” എന്നൊക്കെ ചോദിച്ച് കണക്കിന് പരിഹസിച്ച് എൽസയുടെ പിതാവിനെ യാത്രയാക്കി.
പയ്യൻ ഓസ്ട്രേലിയയിൽ ആയതുകൊണ്ട് പെട്ടെന്ന് ആരോടും അന്വേഷിക്കാനും നിവൃത്തിയില്ല. ഓസ്ട്രേലിയയിൽ ഉള്ള പല അകന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും അന്വേഷിച്ചു പിടിച്ചു വിളിക്കുമ്പോൾ അവരൊക്കെ ഈ സ്ഥലത്തു നിന്ന് വളരെ ദൂരെയാണ് എന്ന് പറയും. ശരിയായിട്ട് അന്വേഷിക്കാനും പറ്റുന്നില്ല. മോള് എന്തായാലും ദൃഢമായ ഒരു തീരുമാനം എടുത്തു. എല്ലാവരും കൂടി ഇയോച്ചന്റെ വീട്ടിൽ പോയി ഞങ്ങൾ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ് വൈര മോതിരവും തിരികെ കൊടുത്ത് ഉടമ്പടിയും കീറി കളഞ്ഞു. എൽസ ഇയോച്ചനുമായുള്ള ചാറ്റിങ്ങും അവസാനിപ്പിച്ചു. മറ്റ് കല്യാണം ആലോചിച്ചോ എന്ന് വീട്ടുകാരോടും പറഞ്ഞു ഹൈദരാബാദിലേക്ക് തിരിച്ചുപോയി. എൽസയുടെ അപ്പൻ അന്ന് ഉറപ്പിക്കൽ ചടങ്ങിന് വിളിച്ചുവരുത്തിയ എല്ലാ അടുത്ത ബന്ധുക്കളെയും ഫോൺ ചെയ്ത് വിവരം പറഞ്ഞു.
ഇയോച്ചന്റെ കുടുംബക്കാർ അതിനോടകം നാടുമുഴുവൻ പറഞ്ഞുപരത്തി എൽസയ്‌ക്ക് ഒരു തെലുങ്കനുമായി ബന്ധമുണ്ടെന്ന് അവർ കണ്ടുപിടിച്ചു, അങ്ങനെ അവരാണ് ഈ ബന്ധം വേണ്ടെന്നു വച്ചതെന്ന്. എൽസയുടെ വീട്ടുകാർ അവരുടെ സത്യവും പറഞ്ഞു. കുറച്ചുനാളത്തേക്ക് ഈ ചടങ്ങിൽ സംബന്ധിച്ചവരൊക്കെ ഇയോച്ചനു ഓസ്ട്രേലിയയിൽ മദാമ്മ ഉണ്ടാകുമോ? എൽസയ്‌ക്ക് ഹൈദരാബാദിൽ തെലുങ്കൻ പയ്യനുമായി ബന്ധം ഉണ്ടാകുമോ എന്നൊക്കെ ആലോചിച്ച് തലപുകച്ചു കൊണ്ടിരുന്നു, ഒരു പുതിയ സംഭവം വീണു കിട്ടുന്നത് വരെ. ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ എൽസയുടെ വിവാഹം കുവൈറ്റിലുള്ള ഒരു എൻജിനീയറും ആയി നടന്നു. അപ്പോഴും എല്ലാവരും ഇയോച്ചന്റെ കാര്യം ഇതിനോടു ചേർത്തു ചർച്ച ചെയ്തു. പക്ഷേ ഇയോച്ചന്റെ വീട്ടുകാർ ആർക്കും പിടി കൊടുത്തില്ല.
Read also: മക്കളെ സ്കൂളിൽ വിടാൻ അയൽക്കാരി സഹായിച്ചില്ല, പരാതിയും പരിഭവവും; കാരണം കേട്ടപ്പോൾ വാദി പ്രതിയായി
പിന്നീട് അഞ്ചാറു വർഷം കഴിഞ്ഞ് എൽസയുടെയും ഇയോച്ചന്റെയും ഉറപ്പിക്കൽ ചടങ്ങിൽ പങ്കെടുത്ത ഒരാൾ അവിചാരിതമായി ഇയോച്ചന്റെ അപ്പനെ ട്രെയിനിൽ വച്ച് കണ്ടപ്പോൾ ആ പയ്യന്റെ കാര്യം അന്വേഷിച്ചു. “ങ്ഹാ, അവനോ അവൻ ഓസ്ട്രേലിയയിൽ നിന്ന് തന്നെ കല്യാണം കഴിച്ചു. ഇങ്ങോട്ടൊന്നും വരാൻ സമയവുമില്ല, ഇഷ്ടവുമില്ല” എന്ന് വളരെ കൂളായി പറഞ്ഞു. 7 വയസ്സുള്ള സായിപ്പ് പേരക്കുട്ടിയുടെ പടവും വാട്ട്സാപ്പിൽ കാണിച്ചുകൊടുത്തു. എൽസയുടെ ബന്ധുവിന് ആകെ കൺഫ്യൂഷനായി. അഞ്ചു വർഷം അല്ലേ ആയുള്ളൂ ആ ഉറപ്പിക്കൽ ചടങ്ങ് കഴിഞ്ഞിട്ട്. അതോ ആറു വർഷമോ? ഇയാളും കൂടി അറിഞ്ഞുകൊണ്ട് മനഃപൂർവം പറ്റിക്കാൻ ശ്രമിച്ചതായിരുന്നോ എൽസയെ? ചിന്ത കാടു കയറി. അപ്പോഴേക്കും ട്രെയിൻ തിരുവനന്തപുരം സെൻട്രൽ എത്തിക്കഴിഞ്ഞിരുന്നു. എന്തെങ്കിലുമാകട്ടെ അവരായി അവരുടെ പാടായി എന്ന് കരുതി എൽസയുടെ ബന്ധു യൂബർകാരനെ വിളിക്കാൻ പോയി. ഇയോച്ചൻ ക്ലീൻ ആയിരുന്നോ? വായനക്കാർ തീരുമാനിക്കട്ടെ.
Content Summary: Malayalam Short Story ' Ningal Theerumanikku ' Written by Mary Josy Malayil