രാമേശ്വരം - മധുര വഴി (രാമേശ്വരം 2)
Mail This Article
മൈഥിലി, നടു നിവർത്തണം, ഒന്നുറങ്ങണം എന്ന് കരുതിയാണ് കിടന്നത്. നേരം വെളുത്തു തുടങ്ങുന്നു. കിടന്നുകൊണ്ട് തന്നെ പുറം കാഴ്ചകൾ കാണാം. കാഴ്ച മറയ്ക്കുന്ന കർട്ടൻ നീക്കിയിട്ടു. മറ്റൊരു പ്രഭാതത്തിലേക്ക് ഉണർന്നെഴുന്നേൽക്കുന്ന തമിഴകം. എങ്ങും ഭക്തിഗാനങ്ങൾ. വഴിയിലെ കോവിലുകൾ എല്ലാം ദീപപ്രഭയിൽ. വീടുകൾക്ക് മുമ്പിൽ കോലം വരയ്ക്കുന്ന വീട്ടമ്മമാർ. കൃഷിസ്ഥലങ്ങളിൽ അതിരാവിലെ തന്നെ പണി തുടങ്ങിയവർ. അവർ കൃഷി എന്ന് പറയില്ല, വ്യവസായം എന്നേ പറയൂ. ചെറിയ ചെറിയ വീടുകൾ, വലിയ വലിയ കൃഷിസ്ഥലങ്ങൾ. കാറ്റാടിയന്ത്രങ്ങൾ നിറഞ്ഞ പാടങ്ങൾ, വൈദുതി നിർമ്മാണവും കൃഷിയും ഒന്നിച്ചുപോകുന്ന ഇടങ്ങൾ. പുതിയ സാങ്കേതിക വിദ്യകളെ സ്വീകരിക്കുകയും, പഴയകാല കൃഷി നിലനിർത്തുകയും ചെയ്യുന്ന ജീവനരീതി. നമുക്കാണ് ഇവരിൽ നിന്ന് പഠിക്കാനുള്ളത്. ചെറിയ വീടും, വലിയ കൃഷിസ്ഥലങ്ങളും, കാറ്റുള്ളിടത്ത് കാറ്റാടിയന്ത്രങ്ങളും. എല്ലാം ഉൾക്കൊണ്ട് കാലത്തിനൊത്ത് മുന്നോട്ട് കുതിക്കുന്നവർ. ഇന്ത്യയിൽ തന്നെ വളർച്ചയിൽ രണ്ടാമത് നിൽക്കുന്ന സംസ്ഥാനം. ഗ്രാമങ്ങൾക്കിടയിലൂടെ വലിയ വലിയ റോഡുകൾ. ഉയർന്നുവരുന്ന വ്യവസായ സംരംഭങ്ങൾ, വലിയ മാറ്റത്തിലേക്ക് ചുവടുവെക്കുന്ന ഗ്രാമങ്ങൾ. പത്തുമണിക്ക് മധുരയിൽ എത്തേണ്ട തീവണ്ടി ഒമ്പതിന് തന്നെയെത്തി. സുഹൃത്ത് വണ്ടിയുമായി എത്തിയിട്ടില്ല. അവർ പത്തുമണിയാണ് പ്രതീക്ഷിച്ചത്. മധുര സ്റ്റേഷൻ വളരെയധികം വളർന്നിരിക്കുന്നു. എത്ര വലിയ മേൽപ്പാലങ്ങളാണ്, ഒപ്പം ലിഫ്റ്റും മറ്റു സൗകര്യങ്ങളും കൂടിയിട്ടുണ്ട്.
പുറത്തിറങ്ങിയപ്പോഴാണ് കണ്ടത്, വണ്ടികളെല്ലാം ഒരു നൂറ് മീറ്ററെങ്കിലും മാറിയാണ് ആളുകളെ ഇറക്കുന്നത്. മുന്നിൽ വിശാലമായ ഇടം. സുരക്ഷാക്രമീകരണങ്ങൾ തന്നെയാകാം കാരണം. വലിയ വലിയ ഹോട്ടലുകൾ എല്ലാം അടഞ്ഞു കിടക്കുന്നു. രാത്രി വളരെ വൈകി ഉറങ്ങുന്ന നഗരമാണ് മധുര, അതിനാൽ തന്നെ സാധാരണ ഹോട്ടലുകൾ തുറക്കാൻ പത്തുമണി കഴിയും. കുറച്ചു നീങ്ങിയപ്പോൾ ഒരു ചെറിയ ചായക്കട കണ്ടു. നല്ല ചായ. തമിഴ്‌നാട്ടിലെ ചായ വളരെ സ്വാദിഷ്ടമാണ്. കുറച്ചു കഴിഞ്ഞപ്പോഴേക്കും സുഹൃത്ത് വണ്ടിയുമായി എത്തി. ഇനി നൂറ്റിഎഴുപത്തി അഞ്ച് കിലോമീറ്റർ ഓടണം രാമേശ്വരത്ത് എത്താൻ, മൂന്നു മണിക്കൂർ എങ്കിലും വേണം. മധുരയിലെ ശ്രീ ഹോട്ടലിൽ നിന്ന് പൊങ്കലും, ഇഡ്ഡലിയും കഴിച്ചു. സാമ്പാറും ചട്ണിയും സൂപ്പർ. അതിന്റെ രുചി ഒരിക്കലും മറക്കില്ല. രാമേശ്വരം ഹൈവേ നിവർന്നു കിടക്കുന്നു. ലാർസെൻ എന്നാണ് ഡ്രൈവറുടെ പേര്, ഒരു പ്രത്യേക രീതിയിലാണ് അവർ സീറ്റ് ബെൽറ്റ് ഇടുക, പൊലീസുകാർക്ക് കാണാനായി മാത്രം, പൊലീസ് ചെക്പോയിന്റ് കഴിഞ്ഞാൽ അനായാസമായി സീറ്റ് ബെൽറ്റ് കൈകൾക്ക് പുറത്തേക്കിടും. സുരക്ഷയോട് വിട്ടുവീഴ്ച്ചയില്ലാത്തതിനാൽ ഇത് ശരിയല്ല എന്ന് ഞാൻ പറഞ്ഞു, "അണ്ണാ, ഇങ്കെ എല്ലാം ഇപ്പടിത്താൻ". വെറും പാടം മാത്രമായിരുന്ന ഗ്രാമങ്ങൾ വലിയ റോഡുകൾ വന്നതോടെ വളർച്ചയിലേക്ക് മാറിയിരിക്കുന്നു. എങ്കിലും വീടുകളെല്ലാം ചെറിയ ബോക്സ് പോലെ, അടുക്കി വെച്ച വീടുകൾ.
വഴിയിൽ വണ്ടി നിർത്തി. ഞങ്ങളെ കാത്ത് സുഹൃത്തിന്റെ പെങ്ങൾ നിന്നിരുന്നു. അവർ പ്രത്യേക കുക്ക് ആണ്, ഞങ്ങൾ വരുന്നതിന്റെ ഭാഗമായി, പ്രത്യേകം പാചകത്തിനായ് വരികയാണ്. അവരുടെ സ്വന്തം പറമ്പിൽ നിന്ന് പറിച്ച കക്കരിയും, കുന്തുരുവും കഴിക്കാൻ തന്നു. ചെടിയിൽ നിന്ന് പറിച്ചെടുത്ത ഫലങ്ങളുടെ സുഗന്ധം. കറുമുറാ കുറെ തിന്നു. വഴിയിൽ കരിക്ക് കുടിക്കാൻ നിർത്തി. മാറുന്ന ഗ്രാമങ്ങളും, അതിനിടയിലെ പനമരങ്ങളും, വളർന്നു വരുന്ന പുതിയ പട്ടണങ്ങളും, വലിയ കോളജുകളും, എല്ലാം പുതിയ ഒരു ജീവിത തരംഗം തന്നെ അവരിൽ സൃഷ്ടിക്കുന്നതായി തോന്നി. പാമ്പൻ പാലം. റെയിൽവേയുടെ പുതിയ പാലം പണി അതിവേഗം ഇടതു വശത്ത് നടക്കുന്നു. വലിയ ബോട്ടുകൾ വരുമ്പോൾ മുകളിലേക്ക് കുത്തനെ പൊന്തുന്ന ഭാഗത്തിന്റെ അടിത്തറ മാത്രമേ കഴിഞ്ഞിട്ടുള്ളൂ, ബാക്കിയെല്ലാം വേഗം തയാറായി, അടുത്ത മൂന്നുമാസം കൊണ്ട് വണ്ടി ഓടി തുടങ്ങും എന്നാണ് വാർത്തകൾ. എത്രയും വേഗം തീവണ്ടികൾ ഓടട്ടെ, അപ്പോൾ നേരെ രാമേശ്വരത്ത് വന്നിറങ്ങാമല്ലോ. ഇരുവശത്തും കടൽ, അതിൽ നിറയെ ബോട്ടുകൾ.
തങ്കച്ചിമഠം, അവിടെയാണ് സുഹൃത്തിന്റെ വീട്. അണ്ണാ, തൊട്ടടുത്ത് ഒരു വീട് ഒഴിവുണ്ട്, അവർ കാനഡ പോയിരിക്കുകയാണ്, അത് പോരെ? ഹോട്ടലിനേക്കാൾ നല്ലത് അതായിരിക്കും, മാത്രമല്ല തൊട്ടടുത്ത് ആയതിനാൽ, വീട്ടിൽ നിന്ന് ഭക്ഷണവും കഴിക്കാം. വിശാലമായിരുന്നു ആ വീട്. കുളിയൊക്കെ കഴിഞ്ഞു സുഹൃത്തിന്റെ വീട്ടിൽ എത്തിയപ്പോൾ ഏകദേശം രണ്ടര മണി. അകത്തെ വലിയ ഹാളിൽ പുൽപായകൾ നിരത്തി ഇട്ടിരിക്കുന്നു. ആ വീട്ടിൽ ഊണുമേശ ഇല്ല. അവരെല്ലാം നിലത്തിരുന്നു ഒന്നിച്ചാണ് ഭക്ഷണം കഴിക്കുക. വിഭവ സമൃദ്ധമായ സദ്യ. ഒരാൾക്ക് കഴിക്കാവുന്നതിന്റെ ഇരട്ടിയാണ് അവർ വിളമ്പുക. സ്നേഹം പ്രകടിപ്പിക്കാൻ വിളമ്പുകാർ മാറിക്കൊണ്ടേയിരിക്കും. കഴിക്കാൻ പറ്റാതെ നമ്മൾ ഇരുന്നു പോകും. ഞങ്ങൾ വരുന്നതിന്റെ ഭാഗമായി അവരുടെ വീട്ടുകാരൊക്കെ എത്തിയിരുന്നു. പത്തിരുപത്തഞ്ചു പേർ ആ മുറിയിൽ ഒന്നിച്ചുകൂടി ഭക്ഷണവും വർത്തമാനവും തുടർന്നുകൊണ്ടേയിരുന്നു. നമുക്ക് നഷ്‌ടമായ ഒരു സംസ്കാരം അവിടെ വീണ്ടും കാണാൻ കഴിഞ്ഞു. ഊൺമേശയിലെ ഭക്ഷണങ്ങൾ നമ്മളിൽ എത്രപേർ ഒന്നിച്ചിരുന്നു കഴിക്കുന്നുണ്ട്? നമ്മളെല്ലാം വളരെ ഏകരായിപ്പോയിരിക്കുന്നു.
വൈകീട്ട് വിവേകാന്ദന്ദ മെമ്മോറിയലിലേക്കും അതിനടുത്തുള്ള കടൽക്കരയിലേക്കും പോയി. കടൽക്കരയിലെ പ്രൗഢഗംഭീരമായ വിവേകാനന്ദ മെമ്മോറിയൽ, അവിടെ കുറച്ചുനേരം പ്രാർഥനാനിർഭരമായി നിന്നു. എല്ലാവരും കടലിലേക്കിറങ്ങി, തിരകൾ ഞങ്ങളിലേക്ക് ആർത്തലച്ചു ചിതറി. പാമ്പൻ പാലത്തിലേക്ക് എത്തിയപ്പോഴേക്ക് ഇരുട്ടായിരുന്നു. ഇരുട്ടിലും, കടലും ബോട്ടുകളും വർണ്ണരാജി തീർക്കുന്നു. പാലത്തിന്റെ മറുകര വരെപോയി തിരിച്ചു വന്നു. അപ്പോൾ ചായ കുടിക്കണമെന്നായി. ചായക്കൊപ്പം കേക്കും വേണം. എല്ലാവരും അത് തന്നെയാണ് കഴിക്കുന്നത്. അത് വൈകുന്നേരത്തെ ഒരാചാരമാകാനേ തരമുള്ളു. അത്താഴം കഴിഞ്ഞു സുഹൃത്തിന്റെ വീടിന്റെ രണ്ടാം നിലയിൽ നിന്നപ്പോൾ കടലിൽ നിന്ന് വീശുന്ന നല്ല തണുത്ത കാറ്റ്. ഉറങ്ങാൻ കിടക്കുമ്പോൾ നാളെ ആറുമണിക്കൂറിനുള്ളിൽ എന്തൊക്കെ കണ്ടുതീർക്കാൻ കഴിയും എന്നായിരുന്നു ചിന്ത. കാരണം മധുരയിൽ നിന്ന് തിരിച്ചുള്ള തീവണ്ടി വൈകിട്ട് നാലിനായിരുന്നു.
Content Summary: Malayalam Short Story ' Rameshwaram 2 - Madhura Vazhi ' Written by Kavalloor Muraleedharan