ADVERTISEMENT

കാറിൽ തന്റെ ചുമലിൽ തലചായ്ച്ചുറങ്ങുന്ന ചേച്ചിക്കുട്ടിയെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് സീറ്റിൽ ചാരിക്കിടക്കുമ്പോൾ കണ്ണ് ഈറനണിഞ്ഞിരുന്നു.. പെട്ടെന്ന്  ശ്രദ്ധ തിരിച്ചു, പുറകിലേക്ക് പായുന്ന പുറം കാഴ്ചകളിലേക്കു നോക്കിയിരുന്നു അവൾ. മുന്നോട്ട് അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന കാലത്തിനു പിന്നിൽ ഒരു ചരിത്രം ഉറങ്ങുന്നുണ്ട്. ഓരോ ഏടും കാറ്റത്തു അതിവേഗം മറിഞ്ഞു പോകുന്നത് കൊണ്ട് പലതും വിസ്മൃതിയിൽ ആണ്ടു പോയി ഒളിക്കുന്നു. ഉറക്കത്തിൽ ചേച്ചിക്കുട്ടി ഞെട്ടുന്നതു കണ്ടപ്പോഴാണ് വണ്ടി പതുക്കെ ഓടിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടത്. നീണ്ട യാത്രയാണ്.. വേഗം കുറഞ്ഞപ്പോൾ  മണിക്കൂറുകൾ നിമിഷങ്ങളാകുന്നതും, ജീവിത വർഷങ്ങൾ ചുരുങ്ങിച്ചുരുങ്ങി താനൊരു കുഞ്ഞായി മാറുന്നതും പാതി മയക്കത്തിലേക്ക് വീഴുന്നതിടയിൽ അവൾ അറിഞ്ഞു. 

കോളാമ്പിപ്പൂക്കൾ രണ്ട് വരിയിലായി നിറഞ്ഞു നിന്ന വലിയ മുറ്റം അടിച്ചു വാരി വൃത്തിയാക്കിയിട്ടിരുന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടയുടൻ ജനലിലൂടെ എത്തിനോക്കുന്നതും, പൂമുഖത്തേക്കു ചേച്ചിക്കുട്ടി ഓടിയെത്തുന്നതും കണ്ടു.. പിന്നെ ഒരു ഉത്സവമേളമാണ്.. കുളിപ്പിക്കുന്നത് മുതൽ കഴിപ്പിച്ചു, തൊടിയിലൂടെ നടന്ന് വാതോരാതെ ഓരോരോ ചെടിയും പൂവും കായും വരെ വലിയ കഥാപാത്രങ്ങളായി ചേച്ചിക്കുട്ടിയുടെ ജീവിതം ധന്യമാക്കിയ കഥകൾ... അതങ്ങനെ വാതോരാതെ തുടർന്നുകൊണ്ടിരിക്കും. തന്റെ കോളജ് ദിനങ്ങൾക്കിടയിൽ വീണു കിട്ടുന്ന നിലാവിന്റെ സുഖമുള്ള അനുഭൂതി. പൂർണചന്ദ്രനെപ്പോലെ ചേച്ചിക്കുട്ടിയും... ഒടുവിൽ ഒരു നീണ്ട അവധിക്കു വന്നപ്പോൾ, തെക്കേപ്പുറത്തുള്ള ഞാവൽമരത്തിന്റെ പഴങ്ങൾ പെറുക്കുന്നതിനിടയിൽ പെട്ടെന്ന് വികാരാധീനയായിപ്പോയത് ഓർക്കുന്നു.. അത് വെട്ടേണ്ട കാര്യം ചെറിയച്ഛൻ സംസാരിക്കുന്നത് താനും കേട്ടിരുന്നു. അതിന്റെ പഴങ്ങൾ അപ്പുറത്തെ വീട്ടുകാരുടെ ടെറസിൽ വീണ് കറ പുരളുന്നുവത്രേ.. ഓലേഞ്ഞാലിയും തിത്തിരിപ്പക്ഷിയും നാട്ടുവർത്താനം പറയുന്നത് മുതൽ, സ്ഥിരതാമസക്കാരായ പൂത്താംകീരിയും കാക്കയും സൊറ പറയുന്നതും ഒക്കെ ഞാവൽ മരത്തിലെ പച്ചിലക്കൊട്ടാരങ്ങളിൽ ഇരുന്നാണ്.. "കണ്ടോ, അവർ വർത്താനം പറേണത്.. കേൾക്കാൻ ആളുണ്ടെങ്കിൽ മനസ്സിന്റെ ഭാരം എത്ര കുറയുമെന്നോ..?" "നിന്നെപ്പോലെ "എന്നും പറഞ്ഞ് കെട്ടിപ്പിടിക്കും. "ന്റെ മുത്തങ്ങ കുട്ടി"എന്നും പറഞ്ഞു കൊഞ്ചിക്കും.

Read also: കിടപ്പിലായ അച്ഛനോട് വെറുപ്പ്, ഉപേക്ഷിക്കാൻ ശ്രമങ്ങൾ; ഭാര്യയുടെ കണ്ണ് തെറ്റുന്ന സമയത്തിനായി അയാൾ കാത്തിരുന്നു 

പിന്നീടുള്ള വരവുകളിൽ ധ്യാനമനനങ്ങളിൽ നിന്ന് ചേച്ചിക്കുട്ടിയുടെ മൗനത്തിന്റെ ആഴം വായിച്ചെടുക്കാൻ ശ്രമിച്ചു. വീട്ടിൽ എല്ലാരും ജോലിയിൽ ആണ്. കോർപ്പറേറ്റ് ആധിപത്യത്തിന്റെ അടിമകൾ. ഭൂമിയിൽ ഇങ്ങനെയും ഒരു മനുഷ്യവർഗ്ഗം ഉണ്ടായോ എന്ന് തോന്നിപ്പിക്കുമാറ് ഒരു ജീവിതചര്യകളുമില്ലാത്ത റോബോട്ടിക് ഉൽപ്പന്നങ്ങളെപ്പോലെ.. കണ്ണും കാതും അടഞ്ഞ സാങ്കേതികത. പറമ്പിന്റെ കിഴക്കേ അറ്റത്തെ ആഞ്ഞിലി വെട്ടിയപ്പോൾ താഴെ തകർന്നു കിടന്ന കിളിക്കൂടുകൾ നോക്കി കരഞ്ഞതും വിശപ്പില്ലെന്നു പറഞ്ഞതും ആർക്കു മനസ്സിലാവാൻ...? സങ്കടം പറയാനും വിതുമ്പാനും ഇനി ബാക്കിയുള്ളത് ആഞ്ഞിലി ആയിരുന്നില്ലേ.. ജീവിക്കാൻ മറന്നുപോയ കഥകളും, മക്കളുടെ മുമ്പിൽ തോൽക്കില്ലെന്ന് ഉറച്ച ശബ്ദത്തിൽ പറയാനുമുള്ള ആർജ്ജവവും ഇപ്പോൾ ഇല്ലാതായിരിക്കുന്നു.." "കുളിമുറിയിൽ തെന്നി വീണത് മുതൽ ആണത്രേ. ഞങ്ങളെ ആരെയും തിരിച്ചറിയാതായിരിക്കുന്നു.. ഇനി ഓർമ്മ തിരിച്ചു കിട്ടാൻ പ്രയാസം. അതത്രേ ഡോക്ടർമാർ പറയുന്നത്"ചെറിയച്ഛൻ ആരോടൊക്കെയോ പറയുന്നത് കേട്ടു.

Read also: ബുക്ക് ചെയ്ത കോട്ടേജ് കണ്ട് എല്ലാവരും അന്തംവിട്ടു, ഭാര്യ കലിപ്പിൽ, ചിരിച്ച് മറിഞ്ഞ് കൂട്ടുകാരൻ; പ്രശ്നങ്ങളുടെ പെരുമഴ

കണ്ണ് തുടച്ചു, വല്ലാത്തൊരു ഹൃദയമിടിപ്പോടെ കാറിൽ നിന്നും ഇറങ്ങി തനിയെ ബാഗ് എടുത്ത് ചേച്ചിക്കുട്ടിയുടെ മുറിയിൽ കൊണ്ട് ചെന്ന് വയ്ക്കുമ്പോൾ അനാഥത്വം എന്തെന്ന് അറിഞ്ഞു.. "ആരോരുമില്ലാത്തവർക്കേ, ആരോരുമില്ലാത്തവരുടെ വേദന അറിയൂ" എന്ന് ചേച്ചിക്കുട്ടി പറഞ്ഞതുപോലെ തോന്നി. കോളാമ്പിപ്പൂക്കളെ ശകാരിച്ചു കൊണ്ട് നിൽക്കുകയായിരുന്ന ചേച്ചിക്കുട്ടിയുടെ തോളിൽ കൈവച്ചു.. "ങേ.. അമ്മു വന്നോ... നീ എപ്പോഴാ വന്നത്? മുടിത്തുമ്പിൽ നിന്ന് ഇറ്റിറ്റു വീണ വെള്ളത്തുള്ളികൾ കണ്ട് ശകാരിച്ചില്ല.. തിരിച്ചു നിർത്തി വെള്ളം പിഴിഞ്ഞ് കളഞ്ഞ് മുടിത്തുമ്പു കെട്ടിത്തന്നു.. "എന്റെ കുട്ടിക്ക് വെശപ്പുണ്ടാവും, അടുക്കളയിലേക്കു ചെല്ലട്ടെ.." ഒരായിരം പൂക്കൾ ഒന്നിച്ചു വിരിഞ്ഞത് പോലെ ആ മുഖത്തെ പ്രസന്നത കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു.. എങ്കിലും മനസ്സ് ആനന്ദനൃത്തം ചെയ്യുകയായിരുന്നു.. "ഇത്രയേ പ്രതീക്ഷിച്ചുള്ളു.. ഇനി എന്തുവേണമെന്നു ഞാൻ തീരുമാനിക്കും." വണ്ടി വളവു  തിരിഞ്ഞതാണ്... കുലുക്കത്തിൽ ചേച്ചിയെ മുറുകെ കെട്ടിപ്പിടിച്ചു. സുഖമായി ഉറങ്ങട്ടെ.

Read also: ' എടാ, എന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നുണ്ട്, കയ്യിലുണ്ടായിരുന്ന സ്വർണം ഞാൻ നിന്റെ കടയിലാ ഒളിപ്പിച്ചത്. പണി പാളി

ഈ മലമുകളിൽ ആരും ഒറ്റയ്ക്കല്ലട്ടോ... ചേച്ചിക്കുട്ടീ.. നിറയെ കോളാമ്പിപ്പൂക്കൾ വളർന്നു നിൽക്കുന്ന നീണ്ട മുറ്റത്തിന്റെ രണ്ട് വശത്തുമായി ആഞ്ഞിലിയും മാവും ചാമ്പക്ക മരവും റംബൂട്ടാനും  ഒക്കെയുണ്ട്. ഇവിടെ കൂട് നഷ്ടപ്പെട്ടവർക്ക് പച്ചിലകൊട്ടാരങ്ങൾ നെയ്തു എല്ലാരും കൂടെ ഉണ്ട്.. കുഞ്ഞിക്കുരുവികൾ മുതൽ എപ്പോഴെങ്കിലും സന്ദർശനത്തിനു എത്തുന്ന ചക്കിപ്പരുന്തു വരെ.. ആത്മഗതം അറിഞ്ഞിട്ടോ എന്തോ, ചേച്ചിക്കുട്ടി പാതി ഉണർവ്വിൽ ചോദിച്ചു.. "എത്തിയോ?" "ഇല്ല, ഇനിയും ഒരുപാട് ദൂരമുണ്ട്,  ഉറങ്ങിക്കോളൂ" ചേച്ചിക്കുട്ടിക്ക് ഇഷ്ടപ്പെട്ട ഗാനം കാറിന്റെ സ്‌പീക്കറിൽ നിന്നും ഉയർന്നു കേട്ടു. അൽപ്പം കൂടി ശബ്ദം ഉയർത്താൻ ഡ്രൈവറോട്  ആവശ്യപ്പെട്ടു. "ആരാ, അമ്മയാണോ.." അയാൾ ചോദിച്ചു. "അതെ.." മനസ്സിൽ മുൻകൂട്ടി കരുതിവച്ച ഉത്തരം പോലെ പറഞ്ഞുപോയി. വന്മരങ്ങൾക്കുള്ള വിത്ത് പാകുമ്പോൾ അതിനിടയിൽ വളർന്ന ഒരു തൃണം... അതാണ് ഞാൻ. തുറന്നു കിടന്ന വലിയ ഗേറ്റിനുള്ളിലൂടെ കാറ് പതുക്കെ അകത്തേക്ക് കയറുമ്പോഴേക്കും സന്ധ്യ മയങ്ങിതുടങ്ങിയിരുന്നു. അഞ്ച് മണിയാകുമ്പോഴേക്കും ഈ മലഞ്ചെരുവിൽ ഇരുട്ട് പരക്കേണ്ടതാണ്. എങ്കിലും..  ഇന്നെന്തോ.. നക്ഷത്രങ്ങളുടെ വെളിച്ചം പതിവിലേറെ പ്രകാശം പരത്തിയിരിക്കുന്നു..

Content Summary: Malayalam Short Story ' Kolambippookkal ' Written by Ambika Perumbilli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com