സ്നേഹം അവനെ എത്തിച്ചത് ഭ്രാന്താശുപത്രിയിൽ; നിശബ്ദതയിൽ മുങ്ങിപ്പോയ നിലവിളികൾ
Mail This Article
ഇരുട്ടിന്റെ അരണ്ട നിലാവെട്ടത്തിൽ പുകമഞ്ഞിന്റെ മറനീക്കി ചുവന്ന പട്ട് ഉടുത്ത ഒരു രൂപം അടുത്തേക്ക് വരുന്നു. ചിതറി തെറിച്ച മുടിയിഴകൾ നേർത്ത പാതിരാ കാറ്റിൽ ഇളകിയാടുന്നു. കാലിലെ ചിലമ്പിന്റെ ശബ്ദം കാതുകളിൽ പെരുമ്പറ ശബ്ദത്തോടെ മുഴങ്ങുന്നു. കൈയ്യിൽ ഇരുന്ന കൊടുവാളിൽ നിന്നും ഇറ്റിറ്റ് വീഴുന്ന ചുടുചോര.. ആ കൊടുവാൾ തന്റെ ശിരസ്സിന് നേരെ.. "അമ്മേ..." അയാൾ ഉറക്കെ വിളിച്ചു... ഇടുക്കിയുടെ ഹെയർപിൻ വളവുകൾ കിതച്ച് കയറിക്കൊണ്ടിരുന്ന ബസ്സ് ആ നിലവിളി ശബ്ദത്തിൽ ഒരു ആർത്തനാദത്തോടെ നിന്നു. ജാള്യതയോടെ നന്ദു സ്വപ്നത്തിൽ നിന്നും ഉണർന്നു. ബസ്സിനുള്ളിൽ ഇരുന്ന മുഖങ്ങളിൽ വിടർന്ന പുഞ്ചിരിയിൽ പരിഹാസമോ, സഹതാപമോ ഇല്ലായെന്ന തിരിച്ചറിവിൽ പുറത്ത് ഇളംവെയിലിൽ മിന്നിത്തിളങ്ങുന്ന തേയില നാമ്പുകളിലേക്ക് നോക്കി. "ഇടുക്കിയുടെ സൗന്ദര്യം ഈ തേയിലക്കാടുകളും കോടമഞ്ഞ് പുതച്ച പ്രഭാതങ്ങളും മാത്രമാണോ? ഈ സൗന്ദര്യം ആസ്വദിക്കാനാണോ തന്റെ യാത്ര അതോ ഓർമ്മകൾ നിമഞ്ജനം ചെയ്യാനോ?" 'ഓർമ്മകൾ.. പുഴുക്കുത്ത് ഏറ്റ ഓർമ്മകൾ..' കാൻസർപോലെ ബാധിക്കുകയാണ് മനസ്സിൽ! "പൈനാവ് എത്താൻ ഇനി എത്ര സമയം എടുക്കും?" മഫ്ലർ തലയിൽ ചൂടി ഉറക്കം കൺപോളകളിൽ നീര് വീക്കം നടത്തിയ അപരിചിതനോടായി നന്ദു ചോദിച്ചു. "ഒരു മണിക്കൂർ ഉണ്ടാവും.." വായിൽ നിന്നും പുറത്ത് ചാടിയ മഞ്ഞ് പുകയ്ക്കൊപ്പം പറഞ്ഞ് അയാൾ വീണ്ടും സീറ്റിലേക്ക് ചരിഞ്ഞ് കണ്ണുകൾ ഇറുക്കി അടച്ചു.
പൈനാവ് കുരിശിങ്കൽ ക്രിസ്ത്യൻ തറവാട്ടിലേക്ക് നന്ദു വർമ്മ എത്തപ്പെടുന്നതിന്റെ ആവശ്യകത എന്ത്? മലനിരകളിൽ നിന്നും ഒഴുകിയെത്തിയ കുളിർക്കാറ്റ് അയാളുടെ മനസ്സിലെ ഓർമ്മകളുടെ തീരശീല ഉയർത്തി. മാണിക്യത്തറ കോവിലകത്തെ കോളജ് അധ്യാപകരായ രവിവർമ്മയുടെയും ലക്ഷ്മിഭായിയുടെയും മകൻ നന്ദുവർമ്മയുടെ ബാല്യവും കൗമാരവും ആ നാലുകെട്ടിലെ അകത്തളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ഏകാന്തതയിൽ ആയിരുന്നു. അളന്ന് തൂക്കി മാത്രം സംസാരിക്കുന്ന അവന്റെ മാതാപിതാക്കൾ ആ നാലുകെട്ടിലും അധ്യാപകർ മാത്രം ആയിരുന്നു. വർഷത്തിൽ ഒരിക്കൽ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് സംഗമിക്കുന്ന ബന്ധുജനങ്ങളും, അവിടെ പോകരുത്, അത് ചെയ്യരുത്.. എന്ന് പറയുന്ന കാര്യസ്ഥൻ പിള്ള ചേട്ടനുമാണ് അവന് ഏക ആശ്വാസം ആയിരുന്നത്. ഒരു ഉത്സവനാളിൽ പഠിപ്പുര കയറി വന്ന ചിറ്റപ്പന്റെ നിഴൽപറ്റി ഒരു രൂപം കൂടി ഉണ്ടായിരുന്നു. ചുവന്ന് കലങ്ങിയ കണ്ണുകളും കപ്പടാ മീശയും ഉള്ള അയാളെ കണ്ടാൽ കഥകളിക്ക് ചുട്ടി കുത്തിയ കീചകനെ പോലെ നന്ദുവിന് തോന്നി. അയാളുടെ ഭീമാകാരമായ ശരീരത്തിന് പുറകിൽ വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി. അവളുടെ മിഴികളിൽ ഭയത്തിന്റെയൊരു സാഗരം അലയടിക്കുന്നുണ്ടായിരുന്നു. "ഏട്ടാ അകത്തെ പണിക്ക് മീനാക്ഷിയമ്മയെ സഹായിക്കാൻ ഒരാള് വേണമെന്ന് പറഞ്ഞിരുന്നില്ലേ.. തമിഴത്തിയാ.. വൃത്തിയും മെനയും ഒക്കെയുണ്ട്.. രണ്ട് മാസം മുൻപ് തള്ള ചത്തു.. ഇതിന് താഴെയും ഉണ്ട്.. രണ്ട് മൂന്ന് എണ്ണം.."
മുടി മുന്നിലേക്ക് പിന്നിയിട്ട് നെഞ്ചിൽ ചേർത്ത് പിടിച്ച മുഷിഞ്ഞ പ്ലാസ്റ്റിക്ക് കവറുമായി അവൾ കോവിലകത്തെ അകത്തളങ്ങളിലേക്ക് കയറിയപ്പോൾ തമസ്സ് നിറഞ്ഞ നന്ദുവിന്റെ മനസ്സിൽ പ്രകാശം പരത്തുന്ന പെൺകുട്ടിയാവുമെന്ന് ആരും കരുതിയില്ല. "മൈനാ..." നന്ദുവിന്റെ വിളിയിൽ, കുപ്പിവള പൊട്ടിച്ചിതറുന്ന ചിരിയിൽ അവൾ ഓടിയൊളിച്ചപ്പോൾ പലപ്പോഴും അവളെ കണ്ടെത്താൻ കഴിയാത്ത പരിഭ്രമത്തിൽ കൗമാരക്കാരനായ നന്ദു ഒരു കാര്യം തിരിച്ചറിഞ്ഞു. അവൾ ആ പത്ത് വയസ്സുകാരി തനിക്ക് ആരൊക്കെയോ ആണെന്ന്.. കളിക്കൂട്ടുകാരി, കുഞ്ഞ് പെങ്ങൾ.. അങ്ങനെ എന്തൊക്കെയോ.. തൊടിയിലെ പൂത്തുലഞ്ഞ് നിൽക്കുന്ന ചാമ്പക്കാ പൊട്ടിച്ചും തേന്മാവിൻ ചുവട്ടിൽ നിന്നും "കാറ്റേ വാ.. കടലേ വാ.. എനിക്കൊരു മാമ്പഴം തന്നേ പോ.." പാട്ടുകൾ പാടിയും അവർ അവരുടെതായ ലോകത്ത് ജീവിക്കുമ്പോഴും ചാമ്പയും തേൻമാവും പലവട്ടം പൂത്തുലഞ്ഞത് അവർ അറിഞ്ഞില്ല. നന്ദു കൗമാരം പിന്നിട്ട് യൗവ്വനത്തിൽ എത്തി നിൽക്കുമ്പോഴും മൈന.. അവൾ തന്നെയായിരുന്നു അവന്റെ സ്വന്തം സൗഹൃദം. മകരമാസത്തിൽ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിൽ ദേവി ശരീരത്തിൽ പ്രവേശിച്ച് കോമരങ്ങൾ ഉറഞ്ഞ് തുള്ളുമ്പോഴും നന്ദുവിന്റെ കണ്ണുകൾ തിരഞ്ഞത് മൈനയെയായിരുന്നു. തായമ്പകത്തിന്റെ മേളപെരുക്കത്തിലും കോമരങ്ങളുടെ അരമണി കിലുക്കത്തിലും അലിഞ്ഞ് ചേർന്ന മൈനയുടെ കരച്ചിൽ നന്ദുവിന് കേൾക്കാൻ ആയില്ല.
Read also: കോഴി മപ്പാസ്, പോർക്ക് വിന്താലു; കുക്കിന്റെ മെനു അത്യുഗ്രൻ, പക്ഷേ പാചകം തുടങ്ങിയപ്പോൾ പണി പാളി...
പ്രഭാതത്തിലെ മകരമഞ്ഞിൽ തേൻമാവിൻ കൊമ്പിൽ തൂങ്ങിയാടുന്ന മൈനയെ കണ്ട നന്ദു കുഴഞ്ഞ് വീണ് കണ്ണ് തുറന്നത് കോവിലകത്തെ കിടപ്പറയിലാണ്. ഉറഞ്ഞ് തുള്ളുന്ന കോമരങ്ങളും തായമ്പക ശബ്ദവും തൂങ്ങിയാടുന്ന മൈനയും അയാളുടെ കൺപോളകളിൽ കറുപ്പിന്റെ നിറം കൂട്ടി. ഉറക്കം വിട്ടൊഴിഞ്ഞ നന്ദുവിന് കൂട്ട് എരിഞ്ഞ് അമരുന്ന സിഗരറ്റുകൾ ആയിരുന്നു. കിടപ്പറ വൃത്തിയാക്കാൻ വന്ന മീനാക്ഷിയമ്മയിൽ നിന്നും അവന്റെ മാതാപിതാക്കൾ ആ രഹസ്യം അറിയുകയും അവർ ഒരു തീരുമാനത്തിൽ എത്തിച്ചേരുകയും ചെയ്തു. 'നന്ദു ലഹരി ഉപയോഗിക്കുന്നു..!' ചത്ത മീനിന്റെ പോലുള്ള അവന്റെ കണ്ണുകൾ അതിന് തെളിവായി അവർ നിരത്തി. ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും വിലയേറിയ ഉപദേശത്തെ മാനിച്ച് അവർ അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തീരുമാനിച്ചു. ലഹരി വസ്തുക്കൾ താൻ ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കേണ്ടത് അവന്റെ മാത്രം ആവശ്യമായിരുന്നതിനാൽ നന്ദു അതിന് തയാറായി. പൈങ്കുളം മേരിമാതാ മെന്റൽ ഹോസ്പിറ്റൽ കവാടം കടന്നു വന്ന നന്ദു കണ്ടത് ഇരുകൈകളും നീട്ടി നിൽക്കുന്ന യേശുദേവന്റെ ശിൽപ്പമാണ്, അശരണരുടെ പ്രതീക്ഷ പോലെയുള്ള ശിൽപം.. ഡോക്ടർ എയ്ഞ്ചൽ മേരിയുടെ മുൻപിൽ ഇരിക്കുമ്പോഴും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോഴും അവൻ തെല്ലും പരിഭ്രമിച്ചില്ല. ഒടുവിൽ രക്തപരിശോധന വേണമെന്ന ഡോക്ടറുടെ ആവശ്യത്തെ മുൻനിർത്തി നന്ദു അമ്മയ്ക്ക് ഒപ്പം രണ്ടാംനിലയിലേക്ക് നടന്നു.
സെക്യൂരിറ്റി തുറന്നു തന്ന ഗ്രില്ലിനുള്ളിലൂടെ അവർക്ക് വഴികാട്ടിയായി വന്ന നഴ്സിനെ അവർ അനുഗമിച്ചു. അകത്ത് കയറിയതും ആ ഗ്രില്ലും വാതിലും വലിയ ശബ്ദത്തോടെ അടഞ്ഞു. വിശാലമായ ഹാളിൽ നിന്നും പൊട്ടിച്ചിരികൾ മുഴങ്ങി കേൾക്കുന്നു.. ഒപ്പം നിർത്താതെയുള്ള നിലവിളികളും. നന്ദുവിന് അപകടം മണത്തു! അയാൾ പിന്തിരിഞ്ഞ് അടച്ചിട്ട വാതിലിന് നേരെ ഓടി.. വാതിലിൽ ശക്തമായി അടിച്ചു.. പുറകിൽ നിന്നും ബലിഷ്ഠങ്ങളായ കരങ്ങൾ അയാളെ പിടിച്ച് വലിച്ചു.. "അമ്മാ.. എന്നെ വിടാൻ പറയമ്മാ.. എനിക്ക് ഒന്നുമില്ലമ്മാ.. എന്നെ ഇവിടെ ഇടരുതമ്മാ.." നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. "മാഡം പൊയ്ക്കൊള്ളൂ.." കൂടെ വന്ന നഴ്സ് ലക്ഷ്മി ഭായിയോട് പറഞ്ഞു. "അമ്മാ പോകരുത് അമ്മാ.." നന്ദു ബലിഷ്ഠമായ കരങ്ങളിൽ കിടന്ന് കുതറി.. അയാളെ കീഴ്പ്പെടുത്താൻ കൂടുതൽ കരങ്ങൾ എത്തി.മുറിക്കുള്ളിലെ കട്ടിലിൽ അനങ്ങാൻ കഴിയാത്തവണ്ണം നന്ദു കിടക്കുമ്പോഴും കണ്ണിൽ നിന്നും ഒഴുകുന്ന ജലപ്രവാഹത്തിലും അവൻ കണ്ടു, തനിക്ക് നേരെ വരുന്ന മരുന്ന് നിറച്ച സൂചി. കരഞ്ഞ് കലങ്ങിയ കൺപോളകൾ നന്ദു ആയാസപ്പെട്ട് തുറന്നു. "എവിടെയാണ് താൻ..?" മുകളിൽ വേഗത്തിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി. പതുക്കെ ഓർമ്മകൾ അയാളെ വലയത്തിലാക്കി. "താൻ ആശുപത്രിയിലാണ്.. ഭ്രാന്ത് ആശുപത്രിയിൽ.. വല്ലാതെ തണുക്കുന്നു.." അയാൾ കൈകൾ ഉയർത്താൻ ശ്രമിച്ചു. കഴിയുന്നില്ല.. കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. അയാൾ പതുക്കെ കാലുകൾ അനക്കാൻ ശ്രമിച്ചു, അതും ബന്ധിക്കപ്പെട്ടിരിക്കുന്നു.. അയാൾ ഉറക്കെ നിലവിളിച്ചു. "ആരെങ്കിലും എന്നെ ഒന്ന് അഴിച്ച് വിടൂ.. എനിക്ക് തണുക്കുന്നു.. അമ്മേ..." അയാളുടെ നിലവിളി ആ നിശബ്ദതയിൽ മുഴങ്ങി കേട്ടു.
Read also: 'കുളിമുറിയിൽ തെന്നി വീണതാണ്, ഇപ്പോൾ അവൾക്ക് ഞങ്ങളെ ആരെയും ഓർമയില്ല..
പുലർകാലത്ത് നന്ദുവിന്റെ കൈകാലുകൾ അവർ സ്വതന്ത്രമാക്കി. അവൻ തല തിരിച്ച് ആ വലിയ മുറിക്കുള്ളിലൂടെ കണ്ണുകൾ ഓടിച്ചു. കട്ടിലിൽ ഇരുന്ന ഒരു രൂപം തുറിച്ച് നിൽക്കുന്ന കണ്ണുകളാൽ നന്ദുവിനെ വീക്ഷിക്കുന്നു. അവൻ ഭയത്തോടെ മുഖം തിരിച്ചു. "നന്ദു എഴുന്നേറ്റ് റെഡിയാവൂ.. ആറ് മണിക്ക് പ്രാർഥനയുണ്ട്, അതുകഴിഞ്ഞാൽ പ്രഭാതഭക്ഷണം കഴിക്കാൻ പോകണം." കൈയ്യിൽ ഇരുന്ന ചെറിയ ബാഗ് കട്ടിലിൽ വെച്ചു കൊണ്ട് വെള്ളവസ്ത്രം ധരിച്ച ഭൂമിയിലെ മാലാഖ പറഞ്ഞു. നന്ദു ആ ബാഗിലേക്ക് നോക്കി. തന്റെ കിടപ്പറയിൽ ഇരുന്ന ബാഗ്.. അപ്പോൾ എല്ലാം കരുതിക്കൂട്ടി.. ബാഗ് അയാളെ നോക്കി കളിയാക്കി ചിരിക്കുന്നതായി അയാൾക്ക് തോന്നി. ഷവറിൽ നിന്നും അടർന്നു വീഴുന്ന ജലകണങ്ങൾക്കൊപ്പം നന്ദുവിന്റെ കണ്ണുനീരും ലയിച്ചു. നിശബ്ദമായി അയാൾ കരഞ്ഞു. കുളി കഴിഞ്ഞ് വന്ന അയാൾ കണ്ടത് മടിയിൽ തുവർത്ത് വിരിച്ച് അതിലേക്ക് നോക്കി മുടിചീകുന്ന ഒരു രൂപത്തെയാണ്. ആ വെള്ള തുവർത്ത് മുഴുവൻ കറുത്ത ജീവികളെ കൊണ്ട് നിറഞ്ഞ കാഴ്ച കണ്ട് അയാൾ തിരികെ കുളിമുറിയിലേക്ക് ഓടികയറി ഛർദിച്ചു. നീണ്ട വരാന്തയിലേക്ക് നോക്കിനിന്ന നന്ദുവിന്റെ മുൻപിലൂടെ വേഗത്തിൽ ഒരാൾ കടന്ന് പോയി. കട്ടിലിലേക്ക് കമിഴ്ന്ന് വീണ് കാലുകൾ ഉയർത്തിയാട്ടി കിടന്നു. "നീയാണോ പുതിയ അഡ്മിഷൻ ?" ഒഴിഞ്ഞ മുറിക്കുള്ളിൽ നിന്നും കേൾക്കുന്ന മുഴക്കമുള്ള ശബ്ദം കേട്ട് നന്ദു മുഖം തിരിച്ച് നോക്കി. ചുവന്ന് കലങ്ങിയ കണ്ണുകൾ, നെറ്റിയിൽ കാലപ്പഴക്കം ചെന്ന ഒരു മുറിപ്പാട്.. കാട് പിടിച്ചു കിടക്കുന്ന ചുരുണ്ട മുടി.. അയാളെ അവൻ ഭയത്തോടെ നോക്കി. "എന്താ പ്രശ്നം, കഞ്ചാവോ അതോ പെത്തഡിനോ? എന്തായാലും നീ പെട്ടു ഈ ജയിലിനുള്ളിൽ.. ഇതൊരു രാക്ഷസ കോട്ടയാണ്.. ഇതിൽ നിന്നും നീ രക്ഷപ്പെട്ടാലും നിന്നെ അവർ തിരികെ കൊണ്ടുവരും.." അയാൾ പൊട്ടിച്ചിരിച്ചു.
ചുരുണ്ടമുടിയിഴകളിൽ നിന്നും അയാൾ ഒരു ബീഡി എടുത്തു. മറുവശത്തുനിന്നും തീപ്പെട്ടിയുടെ ഒരു വശവും ഒരു തീപ്പെട്ടികൊള്ളിയും. "ഞാൻ ടോണി.. ടോണി കുരിശിങ്കൽ." അയാൾ നന്ദുവിന് നേരെ കൈ നീട്ടി. അവൻ ഭയത്തോടെ അവന്റെ കൈയ്യിൽ പിടിച്ചു. "ആ ചെകുത്താൻമാർ വരുന്നുണ്ടോന്ന് നോക്കണം.. ആത്മാവിന് ഒരു പുക കൊടുക്കട്ടെ ഞാൻ.." ടോണി കുളിമുറിയിലേക്ക് കയറി. തിരിച്ചിറങ്ങിവന്ന ടോണി നന്ദുവിന് നേരെ പകുതി തീർന്ന ബീഡി നീട്ടി. "ഒരെണ്ണം പിടിപ്പിച്ചോ.. മനസ്സ് ഒന്ന് നേരെയാകട്ടെ.." നന്ദു വേണ്ടായെന്ന അർഥത്തിൽ തല ചലിപ്പിച്ചു. "പ്രഭാത പ്രാർഥന ആരംഭിക്കുന്നു. എല്ലാവരും പ്രാർഥനാ ഹാളിലേക്ക് എത്തിച്ചേരുക." മുറിക്കുള്ളിൽ എവിടെയോ ഒളിപ്പിച്ചു വെച്ച സ്പീക്കറിൽ നിന്നും ശബ്ദം ഉയർന്നു. "നീ പോക്കോ.. ദേ നേരെ പോയി വലത്തോട്ട് തിരിഞ്ഞാൽ മതി.." നന്ദു ടോണിയുടെ മിഴികളിലേക്ക് നോക്കി ആ നോട്ടത്തിന്റെ അർഥം മനസ്സിലാക്കിയ ടോണി പറഞ്ഞു. "ഞാൻ വരില്ല.. എന്നെ കാണാത്ത ദൈവത്തെ എനിക്കും കാണേണ്ടാ.. അയാൾ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. പ്രഭാത ഭക്ഷണത്തിനുള്ള വരിയിൽ ഒരു പാത്രവുമായി നന്ദുവും നിലയുറപ്പിച്ചു. "നല്ലതുപോലെ വല്ലതും കഴിച്ചോ.. മരുന്ന് കഴിക്കേണ്ടതാ.." ടോണി ഇതും പറഞ്ഞ് നന്ദുവിന് പുറകിലായി നിന്നു. "ഇത് എന്താണ് വർഗ്ഗീസേ.. ഓരോ ദിവസം കഴിയും തോറും ഇഡ്ഡലിയുടെ വലിപ്പം കുറഞ്ഞ്, കുറഞ്ഞ് ഒരു മഞ്ചാടിക്കുരുവിന്റെ അത്രയും ആയല്ലോ.." ടോണിയുടെ പരാതിക്ക് വർഗ്ഗീസിന്റെ പരിഹാസരൂപത്തിലുള്ള മറുപടിവന്നു. "നീ ഇവിടുത്തെ ഇഡ്ഡലി വർഷങ്ങളായി കാണുന്നതിന്റെയാ ടോണി:. നീ ഇവിടെ സുഖവാസത്തിന് വന്നതൊന്നും അല്ലല്ലോ." ടോണി രൂക്ഷമായി അയാളെ നോക്കി പിന്നെ പതുക്കെ ശബ്ദം താഴ്ത്തി പറഞ്ഞു. "പോടാ.. നാറി.. ഇത് നീ നിന്റെ കുടുംബത്തിൽ നിന്നും കൊണ്ട് തരുന്നതല്ലല്ലോ.. എല്ലാ മാസവും കുരിശിങ്കൽ തറവാട്ടിൽ നിന്നും മാർട്ടിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഒരു ചെക്ക് വരുന്നതല്ലേ.."
Read also: 'മക്കളെ, ഞാന്‍ മരിച്ചാല്‍ എന്നെ..' സ്വന്തം മരണം 'പ്രവചിച്ച്' ശങ്കുണിപ്പണിക്കർ
നന്ദു ഭക്ഷണം കഴിക്കാതെ അതിലേക്ക് നോക്കിയിരുന്നു. ടോണി അവനെയും, അവന്റെ മുൻപിൽ ഇരുന്ന ഭക്ഷണത്തിലേക്കും നോക്കി. "നീ കഴിക്കുന്നില്ലേ.." ഇല്ല എന്ന അർഥത്തിൽ അവൻ തലയനക്കി. തന്റെ മുൻപിൽ ഇരുന്ന പാത്രം അവന്റെ മുന്നിലേക്ക് മാറ്റിവെച്ചിട്ട് നന്ദുവിന്റെ ഭക്ഷണം നിറഞ്ഞ പാത്രം എടുത്ത് ടോണി കഴിക്കാൻ ആരംഭിച്ചു. "ഷോക്ക് കിട്ടിയാൽ പിന്നെ ഭയങ്കര വിശപ്പാ എനിക്ക്.." ടോണി ചിരിച്ചുകൊണ്ട് പറയുമ്പോഴും അവന്റെ സ്വരത്തിലെ നൊമ്പരം നന്ദു തിരിച്ചറിഞ്ഞു. "എന്താടാ ടോണി ഇവനെയും കൊണ്ട് പുറത്ത് ചാടാനുള്ള പരിപാടിയാണോ? ഓർമ്മ ഉണ്ടല്ലോ രണ്ട് വട്ടം ഇവിടെ നിന്നും ചാടിയതിന്റെ..." ആജാനബാഹു ആയ രഘുവിന്റെ ചോദ്യത്തിന് ടോണി അവനെ രൂക്ഷമായി നോക്കി. അവനുള്ളിൽ നൂല് പൊട്ടിയ പട്ടം പോലെ ചില ഓർമ്മകൾ മിന്നിമറഞ്ഞു. "രഘുവേ.. ഇനി ടോണി ചാടിയാൽ അതൊരു ചാട്ടമായിരിക്കും.. എന്നെ പിടിക്കാം എന്നാണ് നിങ്ങൾ കരുതുന്നത് എങ്കിൽ അതിന് നിങ്ങൾ.." ടോണിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു. മുറിക്കുള്ളിലെ കട്ടിലിൽ എല്ലാവരും നിശബ്ദമായി ഇരുന്നു. "ഹലോ മിസ്റ്റർ നന്ദൻ.. ഞാൻ ഉലഹന്നാൻ.. നന്ദുവിന്റെ കട്ടിലിന് അരികിൽ നിന്നും ഉയർന്ന ശബ്ദത്തെ നന്ദു നോക്കി. "എന്റെ വീട് പാലായിൽ.. മുപ്പത്തിയെട്ട് വർഷം ദുബായിൽ ആയിരുന്നു.. പേർഷ്യ.. ഇന്നല്ലേ ദുബായ്.." ഉലഹന്നാൻ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു നന്ദു അയാളെ സാകൂതം വീക്ഷിച്ചു. ട്രോളിയും തള്ളിക്കൊണ്ട് നഴ്സ് കടന്ന് വന്നു. കൂടെ സെക്യൂരിറ്റി രഘുവും. പിടിച്ചു നിർത്തിയത് പോലെ ഉലഹന്നാന്റെ സംസാരം നിലച്ചു. "മിണ്ടാതിരിക്കാനുള്ള മരുന്നുമായി വന്നു പിശാചുക്കൾ.. മനുഷ്യന് നാവ് എന്തിനാണ്? ഭക്ഷണത്തിന്റെ രുചിയറിയാൻ മാത്രമാണോ?" സ്വയം ചോദ്യങ്ങൾ ചോദിച്ച് പിറുപിറുത്തുകൊണ്ട് ഉലഹന്നാൻ തന്റെ കട്ടിലിലേക്ക് മടങ്ങി.
"സിസ്റ്ററേ.. നിങ്ങൾ എനിക്ക് തരുന്ന ഈ ഇഞ്ചക്ഷൻ എന്റെ ശരീരത്തിലേ പിടിക്കൂ.. എന്റെ മനസ്സിനെ തോൽപ്പിക്കാൻ ഈ മരുന്നിന് കഴിയില്ല.." മരുന്ന് നിറച്ച സൂചി അയാളുടെ ശരീരത്തിലേക്ക് ഇറങ്ങുമ്പോൾ ടോണി പറഞ്ഞു. "അസുഖം മാറാനാണ് ടോണി ഇത്." അയാളുടെ ശരീരത്തിൽ നിന്നും സൂചി വലിച്ച് എടുക്കുമ്പോൾ നഴ്സ് പറഞ്ഞു. "അസുഖം.. ആർക്ക്.. ഒരു അസുഖവും ഇല്ലാത്ത എത്ര പേരെയാണ് നിങ്ങൾ ഈ തടവറയിൽ പൂട്ടി ഇട്ടിരിക്കുന്നത്.. പുറത്തിറങ്ങിയാൽ ഞാൻ ആദ്യം ചെയ്യുക, ഈ ആശുപത്രിക്ക് എതിരെ കേസ് കൊടുക്കുകയാണ്.. കിതപ്പോടെ ടോണി പറഞ്ഞ് നിർത്തി. "ടോണിയേ നിനക്ക് വീണ്ടും അപ്പുറത്തെ വാർഡിൽ പോണോ?" ഒരു ഭിത്തിക്കപ്പുറം പൊട്ടിച്ചിരികളും പൊട്ടി കരച്ചിലുകളും ടോണി കേട്ടു.. വൈദ്യുതി തരംഗങ്ങൾ മസ്തിഷ്കത്തിൽ മിന്നൽ പ്രഹരം നടത്തുന്നത് ടോണി കണ്ടു. അയാൾ നിശബ്ദനായി രഘുവിനെ നോക്കി കട്ടിലിലേക്ക് ഇരുന്നു. നാല് മണിക്ക് ശേഷം ഒരു മണിക്കൂർ ഹോസ്പിറ്റലിന്റെ ഗാർഡനിൽ എല്ലാവരെയും കൊണ്ട് പോകും. പൂന്തോട്ടത്തിലെ കാറ്റാടി മരത്തിന്റെ കീഴിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കുന്ന പ്രതിമയെ നോക്കി നന്ദു ഇരുന്നു. മനസ്സിൽ ഒരുതരം മരവിപ്പ് ബാധിച്ചിരിക്കുന്നു. ഇന്ന് നഴ്സ് ഒരു ഡോക്ടറിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അയാൾ കാണിച്ചു തന്ന ചിത്രങ്ങൾക്ക് എന്തായിരുന്നു രൂപം.. അറിയില്ല.. അവ്യക്തമായ കുറെ ചിത്രങ്ങൾ. ഒന്നിനും പൂർണ്ണതയില്ല തന്റെ മനസ്സ് പോലെ.. ആ ചിത്രങ്ങൾക്ക് താൻ ഒരു നല്ല വിധികർത്താവ് ആയോ?
Read also: വഴിതെറ്റി എത്തിയത് കാട്ടിനകത്തെ പഴയ തറവാട്ടിൽ; ഇരുളിൽ തിളങ്ങുന്ന കണ്ണുകൾ, ദുരൂഹതകൾ
"നന്ദു.." ടോണിയുടെ വിളി അയാളെ തിരിച്ച് കർമ്മ മണ്ഡലത്തിലേക്ക് കൂട്ടികൊണ്ട് വന്നു. "നന്ദു.. എന്താ താൻ ചിന്തിക്കുന്നത്. ഒന്നും ചിന്തിക്കണ്ടെടോ.. താൻ കേട്ടിട്ടില്ലേ ചിന്തിച്ചാൽ ഒരു അന്തവും ഇല്ല.. ചിന്തിച്ചില്ലേൽ ഒരു കുന്തവും ഇല്ല.." അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. "നമ്മുടെ ചിന്തകളെക്കാൾ പതിന്മടങ്ങ് അവർ ചിന്തിക്കുന്നുണ്ട്. അതല്ലേ നമ്മളെ ഈ തടവറയിൽ എത്തിച്ചത്.." അതു പറയുമ്പോൾ അയാളുടെ കണ്ണുകൾ കുറുകിയിരുന്നു. ടോണിയുടെ സ്നേഹ നിർബന്ധത്തിന് വഴങ്ങി നന്ദു താൻ ഇവിടെ എത്താനുള്ള സാഹചര്യം വിവരിച്ചു. മൈനയും അവളോടൊപ്പമുള്ള സന്തോഷം നിറഞ്ഞ നാളുകളും അവൾ തേൻമാവിൻ കൊമ്പിൽ തൂങ്ങിയാടുന്നതും.. എല്ലാം പറയുമ്പോഴും എന്തിനെന്ന് അറിയാതെ നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. "നിനക്ക് അവളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു, അല്ലേ നന്ദു.. പക്ഷെ നിന്റെ ഇഷ്ടം ആരൊക്കെയൊ തെറ്റിദ്ധരിച്ചു.. ആ തെറ്റിദ്ധാരണ ഒരു കുരുക്കായി അവളുടെ കഴുത്തിൽ മുറുകി.. നന്ദു.. മൈനയെ കൊന്നതാണ്.." നന്ദുവിന്റെ മനസ്സിൽ പെട്ടെന്ന് തായമ്പകത്തിന്റെയും, കോമരത്തിന്റെ അരമണിയുടേയും നാദം മുഴങ്ങി. കോമരത്തിന്റെ കൊടുവാളിൽ നിന്നും രക്തത്തുള്ളികൾ.. "നന്ദു.." ടോണി അവന്റെ തോളിൽ തട്ടിക്കൊണ്ട് ഉറക്കെ വിളിച്ചു. "നന്ദു.. ഇവിടെയുള്ളവർക്ക് എല്ലാമുണ്ട് നന്ദൂ ഓരോരോ കഥകൾ.. പക്ഷെ അവരുടെ കഥകൾ ആരും കേൾക്കില്ലാ.. ആരും വിശ്വസിക്കില്ല, കാരണം ഇവിടെ വന്നുകഴിഞ്ഞാൽ നമ്മുടെ പേരിന് ഒപ്പം ഒന്നുകൂടി ചേരുകയാണ് ഭ്രാന്തൻ... പിന്നെ അവൻ പറയുന്നത് എല്ലാം ഭ്രാന്തന്റെ ജൽപനങ്ങളാണ്.." ടോണിയുടെ മിഴികൾ നിറയുന്നത് നന്ദു കണ്ടു.
നീണ്ട പ്രവാസത്തിനൊടുവിൽ നാട്ടിൽ വന്ന ഉലഹന്നാനിൽ നിന്നും ടോണി കഥകൾ പറയാൻ ആരംഭിച്ചു. ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിന് വേണ്ടി തന്റെ ഇരുപതാം വയസ്സിൽ പത്തേമാരി കയറി കടൽ കടന്നു ഉലഹന്നാൻ. ആദ്യം അഞ്ച് സഹോദരങ്ങൾക്ക് വേണ്ടിയും മാതാപിതാക്കൾക്ക് വേണ്ടിയും ജീവിച്ചു, പിന്നെ സഹോദരങ്ങളുടെ മക്കൾക്ക് വേണ്ടി. അതിനിടയിൽ സ്വന്തം ജീവിതം മറന്നു പോയി. പതിവ് പോലെ എല്ലാ പ്രവാസികളെയും പോലെ ഒരുപിടി രോഗങ്ങളുമായി മടങ്ങി വന്ന ഉലഹന്നാന് തറവാട്ടിൽ നിന്നും ലഭിച്ചതു അവഗണന മാത്രം. നീണ്ട വർഷങ്ങൾ മരുഭൂമിയിലെ ഒട്ടകങ്ങൾക്കും, ആടിനും കൂട്ടായവന് സംസാരിക്കാൻ ആരുമില്ലായിരുന്നു അവിടെയും തറവാട്ടിലും. അയാൾ പതുക്കെ പതുക്കെ തൊടിയിലെ മരങ്ങളോടും തൊഴുത്തിലെ പൈക്കിടാങ്ങളോടും സംസാരിക്കാൻ തുടങ്ങി.. ആ സംസാരം അയാളെ എത്തിച്ചത് അടച്ചുറപ്പുള്ള ഈ ആശുപുത്രിക്ക് ഉള്ളിൽ.. "നന്ദു.. നീ എപ്പോഴും നോക്കി നിൽക്കുന്ന ഹരിയേട്ടൻ.. വേഗത്തിൽ നടക്കുന്ന.. ആരോടും സംസാരിക്കാത്ത ഹരിയേട്ടൻ.." കട്ടിലിൽ കമിഴ്ന്ന് കിടന്ന് വേഗത്തിൽ കാലുകൾ ആട്ടുന്ന ഹരിഹരനെ നന്ദു ഓർത്തു. ഒറ്റമകൾ ആയിരുന്നു.. മകൾക്ക് വേണ്ടി ജീവിച്ച അച്ഛനും അമ്മയും.. പക്ഷെ ആ മകൾ അവർക്ക് തിരികെ നൽകിയത്.. ആഘോഷപൂർവം നടത്തിയ മകളുടെ കല്യാണത്തിന്റെ അന്ന് മുഹൂർത്തത്തിന് താലികെട്ടിയ വരനെയും, അവൾക്ക് വേണ്ടി ജീവിച്ച മാതാപിതാക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങി പോയപ്പോൾ അയാളുടെ നെഞ്ചിലേക്ക് വീണ് പ്രാണൻ വെടിഞ്ഞ അയാളുടെ ഭാര്യയുടെ ശരീരം ചേർത്ത് പിടിച്ചു നിന്ന അയാൾക്ക് മുൻപിൽ വർത്തമാനകാലം അവസാനിക്കുകയായിരുന്നു. ഇന്നും ഹരിയേട്ടന്റെ മുൻപിൽ മകളുടെ കല്യാണവും, കല്യാണമണ്ഡപവും മാത്രമാണ്. അതിനുള്ള ഒരുക്കത്തിന്റെ വ്യഗ്രതയാണ് ഹരിയേട്ടൻ കാണിക്കുന്നത് നന്ദു.. ചില സമയത്ത് ഭ്രാന്ത് ഒരു അനുഗ്രഹമാണ്.. ഭയപ്പെടുത്തുന്ന ഓർമ്മകളിൽ നിന്നും..
കോളജ് അധ്യാപകനായ വേണു മാഷിന്റെ ഭ്രാന്തിന്റെ കഥ അറിയുമോ നന്ദു നിനക്ക്.. ഭാര്യ ബാങ്ക് മാനേജർ, രണ്ട് പെൺമക്കൾ.. സന്തുഷ്ട കുടുംബം. ഒരു ദിവസത്തെ ഒരു ദുരന്തവാർത്തയാണ് വേണുവിനെ ഇവിടെ എത്തിച്ചത്. തന്റെ ക്ലാസിലെ ഏറ്റവും മിടുക്കിയും സുന്ദരിയുമായ പെൺകുട്ടി സ്വന്തം വീട്ടിൽവച്ച് ക്രൂരമായി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. വീട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്ന തന്റെ മക്കളുടെ മുഖം അയാളെ ഭയപ്പെടുത്തി. പലപ്പോഴും ക്ലാസ്സ് നിർത്തി അയാൾ വീട്ടിലേക്ക് പാഞ്ഞു.. രാത്രിയിൽ അയാൾക്ക് ഉറക്കമില്ലാതെയായി ഒരു വലിയ വടിയും ടോർച്ചുമായി അയാൾ ആ വീടിന് കാവൽ ഇരുന്നു.. മക്കൾ ഉറങ്ങുന്ന മുറി അയാൾ പുറത്ത് നിന്നും വലിയ താഴ് ഉപയോഗിച്ച് പൂട്ടി.. "നന്ദു.. ഈ അവസ്ഥ ആരാണ് അയാൾക്ക് നൽകിയത്? ഒരു അച്ഛന്റെ അമിതമായ കരുതലും സ്നേഹവും ഭ്രാന്തായി ചിത്രീകരിക്കപ്പെട്ടു.. സത്യത്തിൽ ആരാണ് നന്ദൂ.. ഭ്രാന്ത്.. ഇവർക്ക് നൽകിയത്..? ഇവരെയൊന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ.. പോട്ടെ സാരമില്ല ഞങ്ങളുണ്ട് കൂടെ എന്നൊന്ന് പറഞ്ഞിരുന്നെങ്കിൽ ഇവർക്ക് ഈ തടവറയുടെ ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വരുമായിരുന്നില്ല.. നീണ്ട നിശബ്ദതക്ക് ശേഷം നന്ദു ചോദിച്ചു. നിങ്ങൾ.. നിങ്ങളെങ്ങനെ ഇവിടെയെത്തി..? ടോണി അവനെ നോക്കി ഒന്ന് പുഞ്ചരിച്ചു. നീ.. നിന്റെ പ്രതിരൂപമാണ് ഞാൻ.. മനുഷ്യനെ നിശബ്ദനാക്കാൻ പറ്റിയ എളുപ്പ മാർഗ്ഗം ഭ്രാന്ത്.. അയാൾ ചിരിച്ചു. ഒടുവിൽ ആ ചിരി ഒരു പൊട്ടിച്ചിരിയായി മാറി..
പൈനാവ് കുരിശിങ്കൽ തറവാട്. ആ നാട്ടിലെ കിരീടം വെയ്ക്കാത്ത രാജാവായിരുന്നു കുരിശിങ്കൽ മാർട്ടിൻ. ഏക്കറുകൾ വ്യാപിച്ച് കിടക്കുന്ന തേയില തോട്ടങ്ങൾ, ഇടുക്കിയിൽ സ്വർണ്ണാഭരണശാലയും, വസ്ത്രശാലയും, റിസോർട്ടുകളും... ഒരു വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപൻ.. സന്തോഷം നിറഞ്ഞ കുരിശിങ്കൽ തറവാട്ടിലേക്ക് സങ്കടക്കടലാം തിരമാലകൾ അലയടിക്കാൻ തുടങ്ങിയത് അന്നയുടെ ജനനത്തോടെ ആയിരുന്നു. അന്ന.. ടോണിയുടെ അനുജത്തി അവനെക്കാളും പന്ത്രണ്ട് വയസ്സ് ഇളയത്.. മാർട്ടിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിസിലി സ്കറിയ എത്തിയത് മുതൽ, രാത്രിയുടെ യാമങ്ങളിൽ മാർട്ടിന്റെ ഉച്ചത്തിലുള്ള സംസാരവും, അമ്മയുടെ കരച്ചിലും കേട്ട് ഞെട്ടി ഉണർന്നിരുന്ന ടോണി അന്നയെ ഉണർത്താതെ അവളെ തലോടി ഉറക്കുമ്പോഴും അവന് മനസ്സിലായിരുന്നില്ല തന്റെ അമ്മയുടെ കരച്ചിലിന്റെ കാരണം. വിരസതയാർന്ന ഒരു സ്കൂൾ ദിനത്തിൽ ജനാലയിൽ കൂടി പുറത്തെ കോടമഞ്ഞിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരുന്ന ടോണി കണ്ടു മഞ്ഞിൻ പുകമറക്കുള്ളിൽ കൂടി തങ്ങളുടെ കോണ്ടസാ കാർ കടന്ന് വരുന്നത്. കർക്കശക്കാരിയായ കണക്ക് അധ്യാപിക വേദന നിറഞ്ഞ മുഖത്തോടെ ടോണിയെ ഡ്രൈവർ വറീതിന്റെ കൂടെ പറഞ്ഞ് വിട്ടതിന്റെ പൊരുൾ അവന് മനസ്സിലായത്, ഹാളിൽ വെള്ളപുതച്ച് കിടക്കുന്ന അമ്മയെ കണ്ടപ്പോഴാണ്. അമ്മയുടെ വേർപാട് ടോണിയേക്കാൾ ബാധിച്ചത് അന്നമോളെയായിരുന്നു "അമ്മേ.." എന്ന് വിളിച്ചു വിശക്കുമ്പോൾ കരയുന്ന അവളുടെ അടുത്തേക്ക് സിസിലി കടന്ന് വന്നു.. മെല്ലെ അവൾ ആ തറവാടിന്റെ അധികാരം പിടിച്ചെടുത്തു.
പള്ളിയിലെ ലളിതമായ ചടങ്ങിൽ മാർട്ടിൻ സിസിലിയുടെ കഴുത്തിൽ മിന്ന് കെട്ടിയപ്പോൾ നഷ്ടമായത് ടോണിക്ക് അവന്റെ കുഞ്ഞ് പെങ്ങൾ അന്നമോളെയായിരുന്നു. സ്കൂൾ ബോർഡിംഗിലേക്ക് മാറ്റപ്പെട്ട ടോണി ആ തറവാട്ടിലെ വിരുന്നുകാരനായി മാറി. നീലക്കുറിഞ്ഞി പൂത്ത ഇടുക്കിയുടെ പ്രഭാതത്തിൽ ബാഗ്ലൂരിലെ എഞ്ചിനീയറിംഗ് ഹോസ്റ്റലിൽ നിന്നും എത്തിയ ടോണി കണ്ട കാഴ്ച തളർന്ന് കിടക്കുന്ന മാർട്ടിനെയായിരുന്നു. കോടിപോയ മുഖംകൊണ്ട് അയാൾ അവനോട് എന്തോ പറയാൻ ശ്രമിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. അമ്മയുടെ കരച്ചിലും, കണ്ണീരും ടോണിയുടെ മുൻപിൽ തെളിഞ്ഞു. വെറുപ്പോടെ മാർട്ടിനെ നോക്കി അയാൾ പുറത്തേക്ക് പോയി. മുകളിലെ കിടപ്പ് മുറിയിൽ ഇടത്തെ കൈയ്യിൽ ചെറിയ ട്യൂബ് വലിച്ച് കെട്ടി സിറിഞ്ചിൽ പെത്തഡിൻ നിറച്ച് നിൽക്കുന്ന ടോണിക്ക് മുൻപിലേക്ക് എത്തിയ അന്നമോൾ ഉറക്കെ കരഞ്ഞു. ചാച്ചൻ അല്ലാതെ തനിക്ക് ഈ ഭൂമിയിൽ വേറെ ആരുമില്ലെന്ന അന്നമോളുടെ പൊട്ടിക്കരച്ചിലിന് മുൻപിൽ അവളുടെ തലയിൽ കൈ തൊട്ട് ടോണി സത്യം ചെയ്തു. ഒപ്പം ലഹരി വിമുക്ത കേന്ദ്രത്തിൽ അഭയം തേടി. മാർട്ടിന്റെ മരണം ടോണിയെ ഏറെ വേദനിപ്പിച്ചില്ലെങ്കിലും അമ്പരപ്പിച്ചു. കുടുംബ വക്കീൽ തരകന്റെ വാക്കുകളായിരുന്നു അതിനു പിറകിൽ. കോടിക്കണക്കിന് വരുന്ന മാർട്ടിന്റെ സ്വത്തുക്കൾ അയാൾ അന്നമോളുടെ പേരിൽ എഴുതിവച്ചു.. അവൾ പ്രായപൂർത്തിയാകുമ്പോൾ മാത്രം.. അതുവരെയുള്ള അധികാരം മാത്രമാണ് സിസിലിക്ക് ഉള്ളത്. ടോണി, മാർട്ടിന്റെ ഈ തീരുമാനത്തിന് പിന്നിലെ നിഗൂഡതകൾ തിരക്കിയിറങ്ങിയപ്പോൾ കണ്ട കാര്യം ഞെട്ടിക്കുന്നതായിരുന്നു. ലക്ഷങ്ങളുടെ തട്ടിപ്പ്.. മാർട്ടിന്റെ പേരിലുള്ള പല സ്ഥലങ്ങളും സിസിലിയുടെ ആങ്ങള റോയിച്ചന്റെ പേരിൽ..
കുരിശിങ്കൽ തറവാട്ടിൽ അന്ന് ആദ്യമായി ടോണിയുടെ ശബ്ദം ഉയർന്നു.. പക്ഷെ ഇതെല്ലാം മുന്നിൽ കണ്ട സിസിലിയും റോയിച്ചനും അവനെതിരെ ആളെ കരുതിയിരുന്നു ഒപ്പം ആയുധവും. റോയിച്ചന്റ ഒപ്പം വന്നവരുടെ കൈക്കരുത്തിൽ ടോണി നിസ്സഹായനായി. ഇരുകൈകളും ബന്ധിച്ച ടോണിക്ക് നേരെ സിറിഞ്ചുമായി റോയിച്ചൻ.. പെത്തഡിൻ നിറച്ച സൂചി അയാളുടെ ഞരമ്പുകളിലേക്ക് പ്രവഹിച്ചു.. സ്കൂളിൽ നിന്നും വന്ന അന്നമോൾ കാണുന്നത് ഭ്രാന്തനെ പോലെ അലറി വിളിക്കുന്ന തന്റെ ചാച്ചനെയാണ്. മേരിമാതാ ഹോസ്പിറ്റലിലെ ആംബുലൻസിൽ അയാളെ വലിച്ചിഴച്ചു കയറ്റുമ്പോഴും അന്നമോളേയെന്ന് വിളിച്ച് അയാൾ അലറിക്കരഞ്ഞു. "ഏട്ടാ.." എന്ന നന്ദുവിന്റെ വിളിയിൽ ഓർമ്മകളുടെ തുരുത്തിൽ നിന്നും ടോണി മെല്ലെ മോചിതനായി. "എന്റെ അന്ന മോളെ എനിക്ക് രക്ഷിക്കണം നന്ദു.." അയാളൊരു കൊച്ചുകുട്ടിയെ പോലെ കരഞ്ഞു. "പൊലീസിൽ പരാതിപ്പെട്ട് കൂടേ.. അല്ലെങ്കിൽ ഇവിടുത്തെ ഡോക്ടർമാരോട് പറഞ്ഞാൽ.." നന്ദുവിന്റെ ചോദ്യത്തിന് കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ടോണി പറഞ്ഞു. "ഇല്ല നന്ദു അവർ ആരും എന്നെ രക്ഷിക്കില്ല.. നോട്ട് കെട്ടുകൾ കൊണ്ട് അവരെ ബന്ധിച്ചിരിക്കുകയാണ്. ഞാൻ മാത്രമല്ല.. എന്നെ പോലെ ഒരുപാട് ജന്മങ്ങൾ ഈ തടവറിയിലുണ്ട്." നന്ദു അയാളെ അമ്പരപ്പോടെ നോക്കി. "അന്ന മോൾക്ക് പതിനെട്ട് തികയാൻ ഇനി രണ്ട് വർഷം മാത്രം നന്ദൂ.. എനിക്ക് രക്ഷപെട്ടേ മതിയാവൂ നന്ദൂ.." ഇടറിയ സ്വരത്തിൽ അയാൾ ഇത് പറയുമ്പോൾ അറിയാതെ നന്ദുവിന്റെ കണ്ണുകളും ഈറനായി.
രണ്ടാഴ്ചകൾക്ക് ശേഷം നന്ദുവിനെ തേടി അവന്റെ മാതാപിതാക്കൾ എത്തി. നന്ദു ഇന്ന് സ്വതന്ത്രനാകുകയാണ്.. പക്ഷെ നന്ദുവിന് സന്തോഷത്തെക്കാൾ സങ്കടമാണ് തോന്നിയത്. ടോണിയുമായുള്ള ആത്മബന്ധമായിരുന്നു അതിന് കാരണം. "നന്ദു.. നിന്റെ ഈ മടങ്ങിപോക്ക് ഒരു പുതുജീവിതത്തിലേക്ക് ആയിരിക്കണം. വേദനിപ്പിക്കുന്ന ഓർമ്മകളെ നീ മറക്കണം.. കുറച്ച് കാലത്തേക്ക് നീ കോവിലകത്തേക്ക് പോകണ്ടാ.. ആ കോവിലകവും നാടും നിനക്ക് നല്ലതൊന്നും തരില്ല നന്ദു.. ഈ ഭിത്തിക്കപ്പുറം നീ കേൾക്കുന്ന പൊട്ടിച്ചിരികളും അലർച്ചകളും ഇവിടെ നിന്നും മനസ്സിന്റെ താളം വീണ്ടെടുത്ത് പോയവരാണ്.. പക്ഷെ.. നാടും കുടുംബവും അവർക്ക് നൽകിയത് ഒരു ഭ്രാന്തന്റെ പരിവേഷങ്ങളായിരുന്നു.." ടോണി നന്ദുവിന്റെ ഇരു ചുമലുകളിലും പിടിച്ച് അയാളുടെ കണ്ണുകളിലേക്ക് നോക്കി. "നിന്റെ മുൻപിൽ ജീവിതം ഇനിയുമുണ്ട് നന്ദു.. നിന്നെ തിരിച്ചറിയാത്ത ഒരിടത്തേക്ക് നീ പോണം.. യാത്ര പറയാൻ ഞാൻ നിൽക്കുന്നില്ല.. പൊക്കോ.. പോയി രക്ഷപ്പെടൂ.." നടന്ന് അകലുന്ന ടോണിയെ നോക്കി നിന്ന നന്ദുവിന് അയാൾ ഒരു അത്ഭുതമായി തോന്നി. സ്നേഹക്കടൽ ഉള്ളിലൊളിപ്പിച്ച മുരടൻ.. ടോണിയുടെ ചലനം പെട്ടെന്ന് നിലച്ചു അയാൾ തിരികേ നന്ദുവിന് നേരെ നടന്നടുത്തു. "നന്ദൂ.. നിനക്ക്..." അയാൾ പെട്ടെന്ന് നിശബ്ദനായി. "വേണ്ടാ ... നീ പോയ്ക്കോള്ളൂ.." നിറഞ്ഞ മിഴികളിൽ നിന്നും കണ്ണീർത്തുള്ളികൾ തറയിലേക്ക് വീണ് ചിന്നി ചിതറി. കോവിലകത്തേക്ക് നന്ദുവിനെ കൂട്ടിക്കൊണ്ട് പോകാനുള്ള മാതാപിതാക്കളുടെ ശ്രമം അവന്റെ വാശിക്ക് മുൻപിൽ നിഷ്പ്രഭമായി. ഒന്നര വർഷത്തെ ബാഗ്ലൂർ ജീവിതത്തിന് ശേഷം കോവിലകത്ത് എത്തിയ നന്ദുവിനെ സ്വീകരിച്ചത് സഹതാപങ്ങളും പരിഹാസങ്ങളും മാത്രമായിരുന്നു. അവൻ എടുത്തുകൊണ്ട് നടന്ന അമ്മാവന്റെ മകൾ അമ്മുവിന്റെ തന്നോടുള്ള ഭയത്തിന് മുൻപിൽ അവൻ ഒരു കാര്യം തിരിച്ചറിഞ്ഞു. തനിക്ക് കിട്ടിയ ഈ പേര് ഇനി ഒരിക്കലും മായില്ല.. 'ഭ്രാന്തൻ..' എട്ടു വയസ്സുകാരി അമ്മു പോലും തന്നെ കാണുന്നത് ആ കണ്ണുകളിലാണ്. "ഭ്രാന്തൻ.." അയാൾ കിടപ്പറയിലെ നിലക്കണ്ണാടിയിലേക്ക് നോക്കി ചിരിച്ചു.. മെല്ലെ മെല്ലെ ആ ചിരി ഒരു പൊട്ടിച്ചിരിയായി മാറി. അയാളുടെ കണ്ണുകളിൽ ഭ്രാന്തിന്റെ തിരയിളക്കം രൂപംകൊണ്ടു.
"മാഷേ.. അടുത്ത സ്റ്റോപ്പാണ് പൈനാവ്.." കണ്ടക്ടറുടെ ശബ്ദം നന്ദുവിനെ ഭൂതകാലകാഴ്ചകളിൽനിന്നും തിരികെ കൊണ്ടുവന്നു. അയാൾ കൈയ്യിലിരുന്ന പത്രക്കടലാസിലേക്ക് നോക്കി. സുമുഖനായ ഒരു യുവാവിന്റെ ചിത്രം അതിന് താഴെയായുള്ള പേരിൽ അയാളുടെ കണ്ണുകൾ നിലയുറപ്പിച്ചു. 'ടോണി കുരിശിങ്കൽ.!' നന്ദുവിന്റെ കണ്ണുകൾ അരിമണിവിതറിയതുപോലുള്ള അക്ഷരങ്ങളിലേക്ക് എത്തിനോക്കി. "മാനസിക ആരോഗ്യ കേന്ദ്രത്തിൽ വർഷങ്ങളായി ചികിത്സയിൽ കഴിഞ്ഞിരുന്ന ടോണി (32) വയസ്സ് ആത്മഹത്യ ചെയ്ത നിലയിൽ! രണ്ട് ദിവസം മുൻപ് ആശുപുത്രിയിൽ നിന്നും ഇയാളെ കാണാതായിരുന്നു." താഴേക്കുള്ള അക്ഷരങ്ങൾ വായിക്കാൻ കഴിയാത്തവണ്ണം നനഞ്ഞ് കുതിർന്നിരുന്നു നന്ദുവിന്റെ മിഴിനീരിനാൽ.. കുരിശിങ്കൽ തറവാട്ടിലേക്കുള്ള വഴിയിലൂടെ നടന്ന് നീങ്ങുമ്പോൾ വീശിയടിക്കുന്ന തണുത്ത കാറ്റിലും നന്ദുവിന്റെ നെറ്റിത്തടത്തിൽ നിന്നും വിയർപ്പ് തുള്ളികൾ അടർന്ന് വീണു കൊണ്ടിരുന്നു. വിജനമായ ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ, അയാൾ കണ്ടു കരിങ്കല്ലിൽ പണിതുയർത്തിയ കുരിശിങ്കൽ തറവാട്.. കാറ്റിൽ ഇളകിയാടുന്ന പുൽനാമ്പുകൾ പോലും എന്തോ നിഗൂഢത ഒളിപ്പിച്ചതായി നന്ദുവിന് തോന്നി. "സിസിലി.. മാഡം.." പടുകൂറ്റൻ ഗെയ്റ്റിനുള്ളിൽ നിൽക്കുന്ന കറുത്തിരുണ്ട രൂപത്തെനോക്കി നന്ദൻ ചോദിച്ചു. "പുതുശാ.. ജോലിക്ക് വന്ന ഡ്രൈവറാ.. നീ.." തമിഴ് കലർന്ന ഭാഷയിൽ അയാൾ ചോദിച്ചതിന് അതേയെന്ന് നന്ദൻ അറിയാതെ തന്നെ തല ചലിപ്പിച്ചു. ഗെയ്റ്റ് കടന്ന് കുരിശിങ്കൽ തറവാട്ടിലേക്ക് നടക്കുമ്പോൾ തന്നെ തഴുകി കടന്ന് പോകുന്ന ഇളം തെന്നലിന് മരണത്തിന്റെ ഗന്ധം ഉണ്ടെന്ന് നന്ദുവിന് തോന്നി.
പൂമുഖവാതിലിന് മുൻപിൽ തൂക്കിയിട്ടിരിക്കുന്ന കയറിൽ വലിച്ച്, മണിശബ്ദം മുഴക്കി നന്ദൻ കാത്ത് നിൽക്കുമ്പോഴും നന്ദുവിന് അറിയില്ലായിരുന്നു തന്റെ ആഗമന ഉദ്ദേശം. വലിയ ശബ്ദത്തോടെ പൂമുഖവാതിൽ തുറന്നു. "ആരാ.. എന്തു വേണം ..." ഘനഗംഭീരമായ ആ ശബ്ദത്തിന്റെ ഉടമയെ നന്ദു തിരിച്ചറിഞ്ഞു. "ആരാ റോയിച്ചാ ഇത്ര രാവിലെ.." അയാൾക്ക് പിന്നിലായി വന്നുനിന്ന ആ ചോദ്യത്തിന്റെ ഉടമ കപടതയുടെ ആൾരൂപം പൂണ്ട സിസിലിയാണന്നും നന്ദു മനസ്സിലാക്കി. "ഞാൻ... നന്ദു.. ടോണിയുടെ.. കൂട്ടുകാരനാ.." അയാൾ വിക്കി വിക്കി പറഞ്ഞു. "എന്താ.. ഇപ്പം ഇങ്ങോട്ട്.. അവൻ ചത്തിട്ട് മാസം ഒന്ന് കഴിഞ്ഞു.. അവന്റെ പരിചയത്തിലുള്ള ആരെയും കാണുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല .. നിങ്ങൾ പോണം" റോയിച്ചൻ രൂക്ഷമായി ഇത് പറയുന്നതിനോടൊപ്പം നന്ദുവിനെ കടത്തിവിട്ട തമിഴനെ ഉച്ചത്തിൽ ചീത്ത വിളിക്കുകയും ചെയ്തു. "അന്നമോൾ .. അന്നമോളെ ഒന്ന് കാണണം.." നന്ദുവിന്റെ ഉറച്ച ശബ്ദത്തിലെ ചോദ്യം റോയിച്ചന്റെയും സിസിലിയുടെയും മുഖത്ത് അമ്പരപ്പ് പടർത്തി. "അവൾ .ഇവിടെയില്ല.. ഊട്ടിയിലെ ബോർഡിങ്ങിലാ.." സിസിലിയുടെ പെട്ടെന്നുള്ള മറുപടിയിൽ തൃപ്തനാകാതെ നന്ദു അവരുടെ കണ്ണുകളിലേക്ക് മാറിമാറി നോക്കി. "സാർ.. നീങ്ക കൂപ്പിട്ടാ.." ഓടിക്കിതച്ച് വന്ന കാവൽക്കാരന്റെ ചോദ്യത്തിന് റോയിച്ചൻ മറുപടി പറഞ്ഞത് അവന്റെ മുഖത്ത് ആഞ്ഞടിച്ചായിരുന്നു. "നായെ.. നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ അനുവാദം കൂടാതെ ആരെയും അകത്ത് കയറ്റി വിടരുതെന്ന് .." ദേഷ്യം കൊണ്ട് അയാളുടെ കവിളിലെ മാംസപേശികൾ വിറകൊണ്ടു. "വിളിച്ചു കൊണ്ട് പോ ഇവനെ.." റോയിച്ചന്റെ കണ്ണുകളിൽ രോഷാഗ്നി എരിഞ്ഞു. തമിഴൻ നന്ദുവിന്റെ കൈയ്യിൽ കടന്നുപിടിച്ച് മുന്നോട്ട് നടന്നു. പെട്ടെന്ന് മുകൾ നിലയിലെ ജനൽ ചില്ലുകൾ തകർന്ന് താഴേക്ക് വീണു.. ഒപ്പം ഉച്ചത്തിൽ ഒരു കരച്ചിലും. "എന്നെ രക്ഷിക്കൂ.. എന്നെ തുറന്ന് വിടൂ.." നന്ദു പൊട്ടിയ ജാലകത്തിനരുകിലേക്ക് ദൃഷ്‌ടിപായിച്ചു. പുറത്തേക്ക് നീട്ടിയ കൈകളിൽ നിന്നും വീണ ചോരത്തുള്ളികൾ അയാളുടെ മുഖത്ത് വന്ന് പതിച്ചു. അന്നമോൾ..!!! നന്ദു കണ്ണുകൾ ഇറുക്കിയടച്ചു. "നന്ദു.. എന്റെ അന്നമോൾ.. രക്ഷിക്കൂ നന്ദു എന്റെ അന്നമോളെ.." നന്ദുവിന്റെ കൺമുൻപിൽ കൈകൾ കൂപ്പി യാചിക്കുന്ന ടോണിയുടെ മുഖം.. നന്ദു തന്റെ കൈയ്യിൽ കടന്നുപിടിച്ച തമിഴന്റെ കൈകൾ അടർത്തിമാറ്റി പൂമുഖത്തേക്ക് കുതിച്ചു. തടയാൻ ശ്രമിച്ച റോയിച്ചനെയും സിസിലിയെയും തള്ളിമാറ്റി കുരിശിങ്കൽ തറവാട്ടിലെ ഒന്നാം നിലയിലേക്ക് പാഞ്ഞു. അടഞ്ഞുകിടക്കുന്ന മുറിവാതിലുകൾ ഒന്നൊന്നായി അയാൾ തുറന്നു. പുറത്ത് നിന്നും പൂട്ടിയ നിലയിൽ കണ്ട വാതിൽ നന്ദു ചവിട്ടി തുറന്നു. പാറിപറന്ന് കിടക്കുന്ന മുടിയിഴകൾ.. മുഖത്ത് ഭയത്തിന്റെയും പരിഭ്രമത്തിന്റെയും ഭാവങ്ങൾ.. ഇപ്പോഴും കവിളിണയിൽ കൂടി ഒഴുകി ഇറങ്ങുന്ന മിഴിനീർ..
"അന്നമോളെ.. ഞാൻ .." നന്ദു പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുൻപ് ശക്തമായ ഒരു പ്രഹരം ശിരസ്സിൽ പതിച്ചു. ചോരച്ചാലുകൾ മുഖത്തേക്ക് ഒഴുകിയിറങ്ങി, കാഴ്ച മറയ്ക്കുമ്പോഴും അയാൾ കണ്ടു.. ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന കലമാൻ കൊമ്പ്..! നന്ദുവിന്റെ മുന്നിൽ കോമരങ്ങൾ ഉറഞ്ഞ് തുള്ളി.. തായമ്പകപെരുക്കവും അരമണിനാദവും അയാളുടെ കാതുകളിൽ മുഴങ്ങി.. ഉടവാളിൽ നിന്നും ഉതിർന്ന് വീഴുന്ന ചുടുചോര.. ഒടുവിൽ തേൻമാവിൻക്കൊമ്പിൽ കണ്ണുകൾ തുറിച്ച് തൂങ്ങിയാടുന്ന മൈന.. അയാൾ ചിരിച്ചു.. ഒരു ഉന്മാദിയെപ്പോലെ.. പൊലീസ് ബൂട്ടുകളുടെ നിലക്കാത്ത ശബ്ദം കേട്ട് നന്ദു മുഖം ഉയർത്തി. ഒരു കൈയ്യിൽ പിടിച്ചിരുന്ന മാൻ കൊമ്പിൽ നിന്നും അപ്പോഴും ചോര തുള്ളികൾ ഇറ്റ് വീഴുന്നുണ്ടായിരുന്നു.. മറുകൈയ്യിൽ അന്നമോളെ ചേർത്ത് പിടിച്ചിരുന്നു.. പൊലീസുകാർ തറയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന സിസിലിയുടെയും റോയിച്ചന്റെയും ജീവനറ്റ ശരീരം കണ്ട് നിശ്ചലരായി. രണ്ട് വർഷങ്ങൾക്ക് ശേഷം.. സെൻട്രൽ ജയിലിലെ കവാടം കടന്ന് നന്ദു സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചം ഏറ്റുവാങ്ങി. പുറത്ത് കാറിൽ നിന്നും നന്ദുവിന്റെ മാതാപിതാക്കൾ ഇറങ്ങി അവന് നേരെ നടന്ന് നീങ്ങി. നന്ദുവിന്റെ കണ്ണുകൾ ദൂരെ മരച്ചുവട്ടിൽ കാറിൽ ചാരിനിൽക്കുന്ന അവ്യക്തമായ രൂപത്തിലേക്ക് ഉടക്കി നിന്നു. അന്നമോൾ.. നന്ദുവിന്റെ നാവ് അറിയാതെ ചലിച്ചു ഒപ്പം കാൽപ്പാദങ്ങളും.. അന്ന തുറന്ന് കൊടുത്ത വാതിലിലൂടെ യാന്ത്രികമായി കാറിനുള്ളിൽ ഇരുന്നു. ഡ്രൈവിങ് സീറ്റിലിരുന്ന അന്നമോൾ നന്ദുവിനെ നോക്കി പുഞ്ചിരി തൂവി. "പോവാം ചാച്ചാ നമുക്ക്.." നന്ദു അവളുടെ കണ്ണുകളിലേക്ക് നോക്കി, ആർദ്രമായി പറഞ്ഞു. "പോവാം.. അന്നമോളേ.." പൊടിപറത്തി കൊണ്ട് കാർ പാഞ്ഞ് പോയി.. ഭ്രാന്തമായ ഓർമ്മകൾ നിമജ്ജനം ചെയ്യാൻ...
Content Summary: Malayalam Short Story ' Bhranth Pookkunna Thazhvarangal ' Written by Prasad Mannil