പോകുന്നയിടത്തെല്ലാം അയാൾ ഫോളോ ചെയ്യുന്നു...
Mail This Article
ഈ നഗരത്തിൽ എന്ത് സംഭവിക്കണമെന്ന് ഞാൻ തീരുമാനിക്കും. എന്റെ അടിമയായിരിക്കാമെങ്കിൽ മാത്രം എന്നോടൊപ്പം കൂടാം. അപർണ്ണ ജയശങ്കർ ചിരിച്ചുകൊണ്ട് പറഞ്ഞു. കടഞ്ഞെടുത്തത് പോലുള്ള എന്റെ രൂപവും ചങ്കൂറ്റവും ആണ്, നീ എന്നിൽ കണ്ടെത്തിയത് എന്ന് എനിക്കറിയാം. എന്നെ പിന്തുടരാൻ നീ കാണിച്ച ധൈര്യവും ഞാൻ അഭിനന്ദിക്കുന്നു. മറൈൻ ഡ്രൈവിലെ പാർക്കിങ്ങിൽ ആണല്ലോ നാം ആദ്യമായി കണ്ടത്. അന്ന് നല്ല തിരക്കുള്ള ദിവസമായിരുന്നു. പാർക്കിംഗ് തീരെ ഇല്ലായിരുന്നു. എന്റെ വണ്ടി നിന്റെ വണ്ടിയുടെ മുന്നിലായിരുന്നു. ഞാൻ പാർക്ക് ചെയ്യാൻ ഉദ്ദേശിച്ച സ്ഥലത്തേക്ക് നീ നിന്റെ വണ്ടി പെട്ടെന്ന് കയറ്റിയിട്ടു. നിന്റെ ചുമന്ന കാർ എനിക്ക് നല്ല ഓർമ്മയുണ്ട്, നിന്നെ ഞാൻ രൂക്ഷമായി ഒന്ന് നോക്കി. നീ എന്നെ ശ്രദ്ധിക്കാത്തപോലെ പെട്ടെന്ന് ഇറങ്ങിപ്പോയി. "എവിടെ നോക്കി നിൽക്കുകയാണ് നിങ്ങൾ" എന്ന് പാർക്കിങ്ങിലെ ജീവനക്കാരൻ എന്നോട് കയർത്തു. ഞാനവനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി, പെട്ടെന്ന് എന്നെ തിരിച്ചറിഞ്ഞപോലെ തൊഴുതു. എന്നാൽ അവനുള്ള പണി ഞാൻ അപ്പോഴേ തീരുമാനിച്ചിരുന്നു. വൈകുന്നേരമാകട്ടെ ബിവറേജിൽ വരി നിന്ന് ഷെയർ അടിച്ചുകഴിയുമ്പോൾ എന്റെ നേരെ വിരൽചൂണ്ടിയ ആ കൈ കൂട്ടുകാരിൽ ഒരാൾ ഓടയിൽ തള്ളിയിട്ട് ഒടിക്കും, എന്തുകൊണ്ട് അത് സംഭവിച്ചെന്ന് നാളെ അവന് മനസ്സിലാകും.
Read also: പൊലീസിന്റെ ഊർജ്ജിതമായ അന്വേഷണം, കൊലപാതക കേസിന്റെ ചുരുളഴിയുന്നു...
നിന്റെ വണ്ടിയുടെ തൊട്ടടുത്തുള്ള വണ്ടി പുറത്തേക്ക് പോയി, ഞാൻ അവിടെത്തന്നെ കാർ നിർത്തി. പോകുന്നപോക്കിൽ ഒരു താക്കോലുകൊണ്ട് നിന്റെ വണ്ടിയിൽ പോറാനും ഞാൻ മറന്നില്ല. എന്റെ അഹങ്കാരത്തിൽ നീ അത്ര ആഴത്തിലാണ് പോറൽ ഏൽപ്പിച്ചത്. കാപ്പിയിൽ കറുപ്പുചേർന്ന വിലകൂടിയ സാരിയിൽ എല്ലാവരെയും ആകർഷിച്ചുകൊണ്ടാണ് ഞാൻ നടന്നത്. എന്റെ കൂടെയുണ്ടായിരുന്ന സുന്ദരൻ, അച്ഛൻ വിലക്കെടുത്ത എന്റെ ഭർത്താവാണ്. ഈ നഗരത്തിന്റെ ഭരണകർത്താക്കളിൽ പ്രധാനി അയാളാണ്. വ്യവസായി ജയശങ്കറിന് കൊച്ചിയിൽ വാങ്ങാൻ പറ്റാത്ത ഒന്നുംതന്നെയില്ല. ഇരുണ്ടനിറമുള്ള എനിക്ക് റേഞ്ച് റോവറിന്റെ പുതുപുത്തൻ വെളുത്ത കാറാണ് ഉള്ളത്. എന്റെ ഭർത്താവിനെ സുഖിപ്പിക്കാൻ അച്ഛൻ വാങ്ങിയ ഒരു കളിപ്പാട്ടം. എന്നാൽ, വണ്ടി ഞാനേ ഓടിക്കൂ, ഇത് എന്റെതാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ്. എന്നാൽ എന്റെ ഭർത്താവ് ഒരു കുറുക്കനാണ്, രാഷ്ടീയക്കാരന്റെ കുരുട്ടു ബുദ്ധി, അയാളെ മറികടക്കാൻ, ഭയപ്പെടുത്തുകയാണ് എന്റെ രീതി. ഓരോ കോൺട്രാക്ടിന് പിന്നിലും ഞങ്ങൾ ഉണ്ടാകും. ഞാനറിയാതെ അയാൾ പറ്റുന്ന വിഹിതം വിഷയമാണ്.
Read also: ഒന്നിച്ചു പഠിച്ച കൂട്ടുകാരനാണ്, ഇന്ന് കടത്തിണ്ണയിൽ കിടന്നുറങ്ങുന്നത്...
അന്നത്തെ മീറ്റിങ് സിൽക്കോൺ ഫുഡ് കോർട്ടിൽ ആയിരുന്നു. എന്റെ ഭർത്താവിന്റെ ശ്രദ്ധ എതിരെയിരിക്കുന്ന ആളുടെ സുന്ദരിയായ ഭാര്യയിൽ ആയിരുന്നു. എന്നാൽ അയാൾ ബിസിനസ്സിനെ കുറിച്ച് മാത്രം സംസാരിച്ചു, ഞാൻ ആകെ പറഞ്ഞത് ഞങ്ങൾക്ക് കിട്ടേണ്ട ശതമാന കണക്ക് മാത്രം. അപ്പോഴാണ് ഞങ്ങളുടെ മേശയ്ക്ക് രണ്ട് മേശ അപ്പുറം ഇരിക്കുന്ന നിന്നെ കണ്ടത്. നീ എന്നെ പിന്തുടരുകയാണ് എന്ന് മനസ്സിലായി. നീ എന്നെ സാകൂതം ശ്രദ്ധിക്കുകയാണെന്നും എനിക്ക് മനസ്സിലായി. കൈകഴുകാൻ പോയ എന്നെ പിന്തുടർന്ന് നീ വന്നു. എന്റെ കൈയ്യിലേക്ക് പെട്ടെന്ന് ഒരു ടിഷ്യു പേപ്പർ തന്ന് നീ അപ്രത്യക്ഷനായി. ഞാനത് തുറന്നു നോക്കി, നിന്റെ നമ്പർ, പേര്, കൂടെ ഒരു വാക്കും, ഒരു ജോലി തരണം. നിന്റെ ധൈര്യം എനിക്ക് ഇഷ്ടപ്പെട്ടു, നിന്റെ നമ്പർ ഞാൻ പെട്ടെന്ന് ഫോണിൽ ചേർത്തു. ഞാൻ തിരിച്ചു എത്തുമ്പോഴേക്ക് അവർ പോകാൻ തയാറായി നിൽക്കുകയായിരുന്നു. ഞാൻ എടുത്തു പറഞ്ഞു, ഞാൻ ഇല്ലാതെ അറിയാതെ ഇതിനിടയിൽ യാതൊന്നും സംഭവിക്കരുത്, അതൊരു താക്കീതായിരുന്നു, എല്ലാവർക്കും.
ഞങ്ങൾ തിരിച്ചു വരുമ്പോൾ നിന്റെ കാർ കണ്ടില്ല, നിന്റെ കാറിനെ പോറൽ ഏൽപ്പിച്ചതിൽ വിഷമം തോന്നി. നിന്റെ ഇന്റർവ്യൂ എന്റെ കാറിൽ തന്നെയാക്കാമെന്ന് തീരുമാനിച്ചത് അതാണ്. ഈ ഷൺമുഖം റോഡിലൂടെ കുതിരയോടിച്ചു അതിരാവിലെ ഞാൻ പാഞ്ഞുപോകും. ഇന്നും അത് തുടരുന്നുണ്ട്. അത് ഒരു അധികാരചിഹ്നമാണ്. ജീവിതത്തിൽ മുന്നിലേക്ക് കുതിച്ചുപായാനുള്ള ആവേശം നിറക്കുന്ന തേരോട്ടം. നീ എന്തുകൊണ്ട് എന്റെ കൂടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് ഞാൻ പറയട്ടെ, എപ്പോഴും ഏറ്റവും മുന്നിൽ നിൽക്കുന്നവനോടൊപ്പം പോകാനുള്ള അതിതീവ്രമായ മോഹം, വളർച്ചയുടെ ചവിട്ടുപടികൾ വേഗം ഓടിക്കയറാനുള്ള കൊതി. എന്റെ രൂപമല്ല അധികാരമാണ് നീ എന്നെ തിരഞ്ഞെടുക്കാനുള്ള കാരണം.
Read also: പള്ളിക്കൂടത്തിൽ പോകാതെ, മോഷണം തൊഴിലാക്കിയ പെൺകുട്ടി...
ഇവിടെ ഒരു കുഴപ്പമേയുള്ളൂ ആരും തോളിൽ കോണി വെച്ച് നിന്നോട് മുകളിലേക്ക് കയറാൻ പറയില്ല. എന്നെ കവച്ചുവെച്ചാൽ വലിച്ചു താഴെയിടും ഞാൻ. പക്ഷെ കാലക്രമേണ നീ പഠിക്കും, ഓരോ മനുഷ്യരിലും ദൗർബല്യങ്ങൾ ഉണ്ട്, നീ വളരെ വേഗം പഠിക്കുന്നവനാണ് അതിനാൽ തന്നെ ഈ നഗരമാണ് നിനക്ക് നല്ലത്. ഇന്നാട്ടിൽ നീ ഏറ്റവും വലിയ പരീക്ഷ നല്ല നിലയിൽ ജയിച്ചാലും എല്ലാവരെയും താണുവണങ്ങി, കാലക്രമേണ അവരുടെ പ്രീതി സമ്പാദിച്ചു തന്നെയാണ് തുടങ്ങുന്നതും വളരുന്നതും. അതിനാൽ എന്റെ അടിമയായിരിക്കുന്നതിൽ ഒന്നും തോന്നേണ്ടതില്ല. ഞാൻ പറയുന്നത് മാത്രം കേൾക്കണം, അല്ലെങ്കിൽ ചാട്ടവാറിന് നിന്റെ പുറം അടിച്ചു പൊളിക്കും ഞാൻ. ഇനി മുതൽ എന്റെ മുഴുവൻ സമയ സുരക്ഷ നിന്റെ ചുമതലയാണ്, ഈ വണ്ടിയും ഇനി നീയാണ് ഓടിക്കുക. അടിമ എന്ന പദം, എനിക്ക് വളരെ പ്രസാദമായി തോന്നി. അധികാരത്തിന്റെ പ്രധാന പാതയിലേക്ക് ഞാൻ അതിവേഗം വണ്ടി പായിച്ചു.
Content Summary: Malayalam Short Story ' Adimayude Jananam ' Written by Kavalloor Muraleedharan