'അതിനെ കേവലം ഒരു മരമായി ഞാൻ ഒരിക്കലും കണ്ടിരുന്നില്ല'; പ്രിയപ്പെട്ട മരത്തിന്റെ ഓർമ്മ
Mail This Article
ആലപ്പുഴയിലെ തറവാട്ടു വീടിനുമുന്നിൽ ഒരു വലിയ പറമ്പുണ്ടായിരുന്നു, ഞങ്ങളുടെ വകയല്ല. അതിനെ കമിതാക്കക്കൾ രാത്രികാലങ്ങളിലെ രഹസ്യ സമാഗമങ്ങൾക്കുള്ള വേദിയായി ഉപയോഗിച്ചു. കാമുകിമാർ തെങ്ങിൻ ചുവട്ടിൽ കാലുകൊണ്ടു വരച്ച വട്ടങ്ങളുടെ വലിപ്പം അളന്നുനോക്കി അവരെ കണ്ടുപിടിക്കാൻ ഞാൻ ഒരു ശ്രമം നടത്തിരുന്നു. നാട്ടിലെ പൊതു കാര്യങ്ങൾക്കുവേണ്ടിയും ആ വിശാലത പലപ്പോഴും പ്രയോജനപ്പെട്ടു. ഓണനാളുകളിൽ പരിസരവാസികൾ അവിടെ ഊഞ്ഞാൽ കെട്ടിയാടി. കളപ്പുരക്കലെ ദേശതാലപ്പൊലിയുടെ തുടക്കം അതേ പറമ്പിൽനിന്നായിരുന്നു. രാവിലെ അറിയിപ്പു കൊട്ടാൻ ഓമനപ്പുഴ രമണൻ മാരാരും സംഘവും വരും. അവർക്കുള്ള ചായയും പലഹാരവും അമ്മയുടെ വക. ഉത്സവത്തിനു തിടമ്പേറ്റാൻ കൊണ്ടുവരുന്ന ആനകളെ അവിടെ തളച്ചിടും. ആനപ്പിണ്ടത്തിന്റെ ചൂടുള്ള മണം ഇപ്പോഴും ഗൃഹാതുരസ്മരണയാണ്.
വെളുത്ത പഞ്ചാരമണൽ വിരിച്ച പറമ്പിന്റെ വടക്കേ മൂലയിൽ, രാമകുട്ടിച്ചേട്ടന്റെ അതിരിനടുത്തായി ഒരു പടുകൂറ്റൻ പൈൻമരം കണ്ണെത്താ പൊക്കത്തിൽ നിൽപ്പുണ്ടായിരുന്നു. നാട്ടിലെ സകലമാന മരങ്ങളെക്കാളും കെങ്കേമൻ. എന്റെ ആരാധനാമൂർത്തിയായ വൃക്ഷപിതാമഹൻ. രണ്ടു തലമുറകളുടെയെങ്കിലും പ്രായമുണ്ടാകാൻ വഴിയുണ്ട്. അതിന്റെ തടിച്ച വേരുകൾ തുമ്പിക്കൈപോലെ വളർന്നിറങ്ങി വ്യാപിച്ചുനിന്നു. പൈൻമരത്തിൽ രണ്ടു വലിയ പൊത്തുകളുണ്ട്. ഒളിച്ചിരുന്നാൽ ആർക്കും കണ്ടുപിടിക്കാൻ സാധിക്കില്ല. മിട്ടായി വാങ്ങാൻ പൈസ കിട്ടാതെ വന്നാൽ വീട്ടുകാരെ ചുമ്മാ പേടിപ്പിക്കാൻവേണ്ടി മറഞ്ഞിരിക്കുന്ന സ്ഥലവും ഇതായിരുന്നു. സ്നേഹനിധിയായ പൈൻമരം എന്നെ ഒറ്റുകൊടുത്തിട്ടില്ല.
ഒരിക്കൽ രാജമ്മക്കുട്ടനും ഇതുപോലെ പൈൻമരത്തിന്റെ പൊത്തിൽ കയറി ഒളിച്ചിരുന്നു. സിനിമ കാണാൻ വീട്ടുകാർ സമ്മതിച്ചില്ലപോലും! കാര്യം ശരി, അണ്ണന്മാരെല്ലാം കണ്ട സിനിമയാണെങ്കിലും സീമയുടെ തുണിയില്ലാക്കളി പിള്ളേരു കാണണ്ട എന്ന തീരുമാനത്തിൽ അൽപം ന്യായമുണ്ടായിരുന്നു. പക്ഷേ അവനു ബോധ്യമായില്ല. പൈനിന്റെ ഉള്ളിലേക്കു കയറിപ്പോയ രാജമ്മക്കുട്ടൻ നിർഭാഗ്യവശാൽ അതിനകത്തു കുടുങ്ങിപ്പോയി. വലിയ വായിൽ നിലവിളിയും തുടങ്ങി. തൊട്ടടുത്ത വീട്ടിലെ കല്യാണിച്ചേച്ചി ആ ദീനരോദനം കേട്ടു. സംഭവം എന്തെന്നറിയാതെ അവർ പരിഭ്രാന്തയായി. ഓല കെട്ടിയ മറപ്പുരയിൽ കുളിച്ചുകൊണ്ടുനിന്ന ചമയത്തിൽത്തന്നെ ഓടിവന്നു. ചെറുക്കനെ വളരെ ബുദ്ധിമുട്ടി വലിച്ചുപുറത്തെടുത്തു. ഉടൻതന്നെ കയ്യിൽകിട്ടിയ കവളൻ മടലുകൊണ്ട് ഭേദപ്പെട്ട രണ്ടുമൂന്നു പെരുക്കും വച്ചുകൊടുത്തു. കുട്ടൻ അഞ്ചരക്കട്ട ശ്രുതിയിൽ കാറിത്തുടങ്ങി. ഉണ്ണിയാർച്ചയുടെ ഊരുള്ള രാജമ്മച്ചേച്ചി മിനിറ്റുകൾക്കുള്ളിൽ പ്രത്യക്ഷപ്പെട്ടു.
‘നീയെന്തിനാടീ എന്റെ ചെറക്കനെ അടിച്ചത്?’
‘പിന്നല്ലാതെ, അവൻ കാണിച്ച കന്നത്തരം എന്നതാന്നാ! നല്ല ജീവനങ്ങ് പോയി! വീട്ടുകാര് അടിച്ചുവളത്തീല്ലെങ്കി നാട്ടുകാര് ഇനീം അടിക്കും.'
തൃസന്ധ്യാനേരത്തെ നാവേറുപാട്ടു കേൾക്കാൻ അയലത്തുകാരും ഉത്സാഹപൂർവം വന്നുചേർന്നു. അങ്ങുമിങ്ങുമെത്താത്ത നനഞ്ഞ ചുട്ടിത്തോർത്തും ചുറ്റി ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടു കലിതുള്ളിനിന്ന കല്യാണിച്ചേച്ചിയെ കൗസല്യാമ്മ ബലപൂർവം പിടിച്ചു മാറ്റിനിർത്തി.
'എടീ കല്യാണീ, പോയി തുണി ഉടുക്ക്. നാട്ടുകാര് മുഴുവൻ കണ്ടോണ്ട് നിക്കുവാ.'
അവർക്കു പരിസരബോധമുണ്ടായി. വേഗം പിൻവലിഞ്ഞു. ഏതായാലും അതോടെ പൈൻമരം കല്യാണിച്ചേച്ചിയുടെ ബദ്ധശത്രുവായി.
'വെട്ടിക്കള മണിയമ്മേ, ഈ എരണംകെട്ട മരം. പൈൻമരമൊക്കെ പറമ്പിന് ഐശര്യക്കേടാ. എപ്പഴും വീട്ടീ വഴക്കൊണ്ടാകും. വല്ലോ മാവോ പ്ലാശോ വെക്കെന്നേ. വിറ്റാല് കാശും കിട്ടും.'
കല്യാണിച്ചേച്ചി കൂടെക്കൂടെ ഇല്ലിക്കലമ്മയെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. അവർ അത്ര കാര്യമായി എടുത്തില്ല. പൈൻമരച്ചുവട്ടിലെ കൊതിയസമാജ സമ്മേളനങ്ങൾ പിന്നെയും തുടർന്നുകൊണ്ടിരുന്നു. എല്ലാം കേൾക്കുന്നതുപോലെ പൈൻമരം കാറ്റിൽ തലയാട്ടി നിന്നു. ചിലസമയം ഞങ്ങളുടെ തമാശകൾ കേട്ടു ചിരിച്ചതാണോ എന്നു തോന്നുന്നതരത്തിൽ ഇലകൾ പൊഴിച്ചിട്ടുതന്നു. പൈൻമരത്തിൽനിന്നു കുത്തിച്ചുരണ്ടി എടുത്ത ഉണങ്ങിയ കറ ഞങ്ങൾ കുന്തിരിക്കമായി ഉപയോഗിച്ചു. കൊതുകുകളെ ഓടിക്കാൻ അതു വളരെ ഫലപ്രദമായി. സന്ധ്യാനേരങ്ങളിൽ ചെറിയ മൺപാത്രങ്ങളിൽ പൈൻമരക്കറ പുകയവേ അതിൽനിന്നു പുറപ്പെട്ട സുഗന്ധപൂരിതമായ നീലപ്പുകവള്ളിയിൽ പിടിച്ചുകയറിയ കിനാവുകൾ ആകാശംവരെ എത്തിച്ചേർന്നു.
Read Also: യക്ഷിക്കഥകൾ പറഞ്ഞ് കുട്ടികളെ പേടിപ്പിക്കുന്ന കള്ളൻ; കക്കാൻ കയറിയ വീട്ടിൽ കുടുങ്ങി.
പൈൻ ഒരു നാട്ടുമരമല്ല എന്നകാര്യം അന്നേ എനിക്കറിയാം. മന്നത്തു പള്ളിക്കൂടത്തിലെ രാധമ്മ ടീച്ചറോടു ചോദിച്ചതിൽനിന്നും പൈൻ മരത്തെപ്പറ്റി കൂടുതൽ കാര്യങ്ങളും മനസിലാക്കാൻ സാധിച്ചിരുന്നു. സമപ്രായക്കാർ മൈതാനത്തു കളിക്കാനും തോട്ടിൽ കുളിക്കാനുമൊക്കെ പോകുമ്പോൾ പലപ്പോഴും ഞാൻ പൈൻമരത്തിനു ചുവട്ടിൽ തനിയെ ചെന്നിരിക്കും. അന്നേരം എന്തോ ഒരു പ്രത്യേക സമാധാനം തോന്നും. കൂട്ടുകാരുടെ സൗന്ദര്യപ്പിണക്കം, മാർക്ക് കുറഞ്ഞത്, തല്ലുകിട്ടിയത്, വേറെ പിള്ളാരുടെ കയ്യിലുള്ള സാധനങ്ങൾ എനിക്കില്ലാതിരിക്കുന്നത് തുടങ്ങി അന്നത്തെ ദുഃഖങ്ങളിൽനിന്നും തെല്ലൊരാശ്വാസം ലഭിക്കാൻ പൈൻ മരത്തിനു കീഴിലെ ശീതളത സഹായിച്ചിട്ടുണ്ട്. അതിനപ്പുറം പൈൻമരം നൽകിയ സാന്ത്വനത്തെപ്പറ്റിയും സുരക്ഷതിത്വബോധത്തെപ്പറ്റിയും വിശദീകരിക്കാൻ എങ്ങനെ ഒരു ചെറിയ കുട്ടിക്കു സാധിക്കും? ഏതായാലും ഒന്നുറപ്പിച്ചു പറയാൻ കഴിയുന്നുണ്ട്. അതിനെ കേവലം ഒരു മരമായി ഞാൻ ഒരിക്കലും കണ്ടിരുന്നില്ല. അതിനോടു തോന്നിയ സ്നേഹവും അടുപ്പവും മനുഷ്യരോടു പുലർത്തിയതിൽനിന്നും ഒട്ടും വ്യത്യാസമുള്ളതായിരുന്നില്ല. ഓർമവച്ച നാൾമുതൽ കാണുന്നതല്ലേ, എന്നും സമ്പർക്കത്തിലുമാണല്ലോ!
പൈൻമരത്തിൽ അങ്ങിങ്ങായി കുപ്പിച്ചീളുകൾകൊണ്ടു കോറിയ ധാരാളം പാടുകളുണ്ടായിരുന്നു. അവയെല്ലാം ഓരോരോ നേരങ്ങളിൽ വരച്ചിട്ട അടയാളങ്ങളാണ്. ഇങ്ങനെ, ഞങ്ങൾ ‘എന്തോരം വളർന്നു, എന്തോരം പൊക്കം വച്ചു’ എന്നൊക്കെയുള്ള കണക്കുകൾ പൈൻമരത്തിൽ കൃത്യമായി ലഭ്യമായിരുന്നു. ഇനി അവ രേഖപ്പെടുത്തുന്ന രീതി പറയട്ടെ. ആദ്യം ഒരാൾ മരത്തെ കെട്ടിപ്പിടിക്കും- അങ്ങനെ പിടിച്ചാലൊന്നും എത്തില്ല. കൈകോർത്തുകൊണ്ടു മൂന്നുപേരെങ്കിലും ചുറ്റിപ്പിടിച്ചാലേ എത്തൂ! മരത്തെ കെട്ടിപ്പിടിക്കുന്നയാളുടെ രണ്ടുകൈകളുടെയും അറ്റത്തായി ആഴത്തിൽ ഒരു വരയിടും. മാറിപ്പോകാതിരിക്കാൻ അതിനു നേരെ പേരുകളും എഴുതിച്ചേർക്കും. ശരിക്കുള്ള പേരല്ല, വിളിപ്പേരുകൾ, ഉണ്ണി, മുത്ത്, കുട്ടൻ, ചെറുക്കപ്പൻ എന്നിങ്ങനെ. എനിക്ക് വിളിപ്പേര് ഉണ്ടായിരുന്നില്ല, അതിനാൽ ശരിയായ പേരുതന്നെ എഴുതാൻ കൂട്ടുകാർ നിർബന്ധിതരായി. അവന്മാരുടെ സാക്ഷരതാ വൈഭവം കാരണം പലപ്പോഴും ‘മതു, മാതു, മയു’ എന്നൊക്കെയാണ് മരത്തിൽ എഴുതിവച്ചിരുന്നത്. അക്ഷരത്തെറ്റില്ലാതെ എന്റെ പേര് പൈൻമരത്തിൽ ഞാൻ കണ്ടിട്ടേയില്ല. പക്ഷേ ചങ്ങാതിമാരുടെ പേരുകൾ കഴിവതും ഇംഗ്ലീഷിൽ എഴുതാൻ ഞാൻ താൽപര്യപ്പെട്ടു. സുബൈദ താത്തയുടെ ഉപദേശം പ്രയോഗിച്ചു നോക്കിയതാണ്. പേരുകൾ ഇംഗ്ലീഷിൽ കോറാൻ അതിനെക്കാൾ പ്രധാനപ്പെട്ട ഒരു കാരണംകൂടി ഉണ്ടായിരുന്നു. അവന്മാരുടെ പേരിനോടൊപ്പം വട്ടപ്പേരുകളും പിന്നെ നാട്ടിലെ ചില പെമ്പിള്ളാരുടെ പേരുകളും ഞാൻ സ്വകാര്യമായി കൂട്ടിച്ചേർത്തു. അന്നത്തെ ചില ആത്മഹർഷങ്ങൾ ഇത്തരത്തിൽ ഞാൻ സാക്ഷാത്കരിച്ചതിനെ ചങ്ങാതിമാരുടെ ഭാഷാപരിമിതി തിരിച്ചറിഞ്ഞില്ല. ‘കാട്ടുകുതിര’യിൽ കൊച്ചുവാവ പറഞ്ഞതുപോലെ ‘ഓരോരോ ബാലചാപല്യങ്ങൾ’ എന്നല്ലാതെ ഇതിനെ എങ്ങനെ വിശേഷിപ്പിക്കാൻ?
ഭൂമിശാസ്ത്രപരമായി ഞങ്ങളുടെ വീടു നിൽക്കുന്ന ഇടം ഏകദേശം കായലിനും കടലിനും നടുവിലായിരുന്നു എപ്പോൾ വേണമെങ്കിലും വീടുകൾ വെള്ളത്തിനടിയിലാകാം. വെറുമൊരു തോന്നലാണ്. എങ്കിലും ചെറിയ പ്രായത്തിൽ അതിനെപ്പറ്റി വളരെയധികം ഭയപ്പെട്ടിരുന്നു. കടലും കായലും അലറിവിളിച്ചുകൊണ്ടു കേറിവരുന്ന ഭീകര സ്വപ്നം ഞാനും സ്ഥിരമായി കണ്ടു. അതെങ്ങാനും സത്യമായാൽ രക്ഷിക്കാൻ ഈ കരുത്തനായ പൈൻമരം ഉണ്ടാവും എന്നതായിരുന്നു ഒരേയൊരു പ്രതീക്ഷ. അതിനാൽ പൈൻമരത്തിൽ ഞങ്ങൾ ഒരു രക്ഷകനെ കണ്ടു, ആശ്വസിച്ചു. ആകാശത്തോളംപോന്ന ഈ പൈൻമരത്തിനെ മറിച്ചിടാൻ ഏതു പ്രളയത്തിനു സാധിക്കും! അതിന്റെ ബലമുള്ള കൊമ്പുകളിൽ കയറിയിരുന്നാൽ രക്ഷപ്പെട്ടു. അത്രയും ഉയരത്തിലെത്തി ഞങ്ങളെ പിടിച്ചുകൊണ്ടുപോകാൻ ഏതു രാക്ഷസത്തിരയ്ക്കാണ് കയ്യെത്തുക! ഈ വിശ്വാസം പൈൻമരവുമായുള്ള ബന്ധത്തെ അനുദിനം ശക്തമാക്കികൊണ്ടിരുന്നു. ഇതിനിടെ ആരോ സംശയം ചോദിച്ചു-
'എടാ, മരത്തിന്റെ മോളീ കേറീരുന്നാ നമ്മള് മുങ്ങിച്ചാവത്തില്ല. പക്ഷേ വെശക്കുമ്പോ എന്തോ ചെയ്യും?'
ചിന്തിക്കേണ്ട വിഷയംതന്നെ. അതിനുള്ള പരിഹാരം മുരളി ഞൊടിയിൽ പറഞ്ഞു-
'എടാ കടല്‌കേറി വരുമ്പോ എല്ലാരും കണ്ടടത്തോട്ട് ഓടിപ്പോകത്തില്ലേ? നമ്മട മൊതലാളീം ഓടുവല്ലോ. അയാളാരിക്കും ആദ്യമേ ഓടുന്നേ. അപ്പൊ പിന്നെ നമുക്ക് അയാടെ കടക്കാത്തോട്ടു കേറി തിന്നാനുള്ള സാധനങ്ങളെല്ലാം എടുക്കാല്ലാ.'
മുരളി ആശയം പറഞ്ഞതേ ജയനും ജയപ്പനും സുനിയപ്പനും കൊച്ചുമോനും കണ്ണനും സജിയും മുരുകനും മറ്റും ആ രംഗം കൊതിയോടെ മനസിൽ കണ്ടു കഴിഞ്ഞു.
ഇവിടെ മുതലാളി എന്നുകേൾക്കുമ്പോൾ ആരും തെറ്റിദ്ധരിക്കേണ്ട! കഥാപാത്രം നാട്ടിലെ ഒരു ചെറിയ പലചരക്കു കടക്കാരനാണ്. കണ്ടാൽത്തന്നെ പേടിയാകുന്ന വലിയ അരണകളുള്ള മുതലാളിയുടെ ഒറ്റമുറിക്കടയിൽ കുട്ടികളുടെ വായിൽ കപ്പലോട്ടം നടത്താൻ പാകത്തിൽ ധാരാളം ഐറ്റംസ് ഉണ്ടായിരുന്നു. അതെല്ലാം വാരിയെടുത്തുകൊണ്ടു പൈൻമരത്തിൽ ഓടിക്കയറുന്നതും അരിമുറുക്കും അച്ചപ്പവും ബ്രഡ്ഡുമൊക്കെ വയറു നിറയെ തിന്നുന്നതും അങ്ങനെ മഹാപ്രളയത്തെ അതിജീവിക്കുന്നതുമായ ഒരു വൻപദ്ധതിയാണ് ഞങ്ങൾ ക്ഷണനേരത്തിൽ കണ്ടുപിടിച്ചത്.
Read Also: അച്ഛന്റെ മരണം, അമ്മയുടെ രണ്ടാം വിവാഹം; ഒറ്റപ്പെട്ട് മകൾ...
പക്ഷേ അവിടെയും മുത്ത് ഒരു തടസം ദീർഘവീക്ഷണം അവതരിപ്പിച്ചു. മുതലാളി ഓടിപ്പോയാലും തടിയൻ പത്തൻ അവിടെത്തന്നെ ഉണ്ടാകും. ജനേട്ടൻ മകൻ സുരയാണ് പത്തൻ. മുതലാളിയുടെ വിശ്വസ്തനായ അനുചരൻ.
'എന്നാ നമുക്ക് പത്തനേം നമ്മട കൂട്ടത്തി ചേർക്കാം.'
ദിനേശൻ വച്ച നിർദേശം സർവഥാ സ്വീകാര്യമായി. ഇനി കടലൊന്നു കേറിവന്നാൽ മതി എന്ന ആശ്വാസവിചാരത്തോടെ മറ്റുള്ളവർ മെക്കഴുകാൻവേണ്ടി പൈന്മരത്തിനു ചുവട്ടിൽനിന്നും എഴുന്നേറ്റുപോയി. ഞാൻ ആ വേരുകളിൽച്ചാരി പിന്നെയും അവിടെത്തന്നെ ഇരുന്നു. എനിക്ക് വീട്ടിലേക്കു പോകാനേ തോന്നിയില്ല. കുപ്പിക്കഷണംകൊണ്ട് മരത്തിൽ എന്തൊക്കെയോ വരച്ചുകുറിച്ചുകൊണ്ടിരുന്നു.
മേൽപ്പറഞ്ഞ പ്രതീക്ഷ അധികം വൈകാതെ ഉണങ്ങിപ്പോയി. ആഞ്ഞിലി വാങ്ങാൻ വന്ന തടിക്കച്ചവടക്കാരൻ പൈൻമരം കണ്ടു. മോഹവിലയും പറഞ്ഞു. പണം അത്യാവശ്യമായതിനാൽ ഉടമസ്ഥനും പെട്ടെന്നങ്ങു സമ്മതിച്ചു. അറിഞ്ഞത് വൈകിയാണ്. ഞങ്ങളെല്ലാവരും ഓടിച്ചെന്നു. അറക്കവാൾ, കോടാലി, കൈമഴു, വടം തുടങ്ങിയ സർവ സന്നാഹങ്ങളുമായി പൈൻമരം വെട്ടാൻ ആളുകൾ വന്നിരിക്കുന്നു. ആദ്യത്തെ കൊമ്പ് മുറിഞ്ഞു വീണപ്പോൾ രാധാക്കയും ലീനയും കരഞ്ഞു. പ്രതിധ്വനിപോലെ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടെയും കണ്ണുകളിൽ വെള്ളം നിറഞ്ഞു. ഇപ്പോൾ പൊട്ടിപ്പോകുമെന്ന അവസ്ഥയിൽ ഞാനും നിന്നു. ഒന്നും ചെയ്യാനില്ല, ഉടമ അയാളുടെ പറമ്പിലെ ഒരു മരം മുറിച്ചു വിൽക്കുന്നു. അത്രതന്നെ! ആ മഹാവൃക്ഷവുമായി എനിക്കുള്ള ബന്ധം നന്നായി അറിയുന്ന അമ്മ അടുത്തുവന്നു, എന്നെ ചേർത്തുപിടിച്ചു. അമ്മയുടെ കൈത്തണ്ടയിൽ ഏതാനും ഉപ്പുതുള്ളികൾ ഇറ്റിറ്റുവീണു.
നാട്ടുകാരെല്ലാം നോക്കിനിൽക്കെ, ഓരോ കഷണമായി ഞങ്ങളുടെ പൈൻമരം താഴെ വീണുതുടങ്ങി. രണ്ടു മൂന്നു ദിവസങ്ങൾകൊണ്ട് മരം സമ്പൂർണമായും മുറിച്ചുമാറ്റപ്പെട്ടു. വലിയ വേരുപടലങ്ങൾ സഹിതം മരക്കുറ്റിവരെ മാന്തിയെടുക്കപ്പെട്ടു. ചിതറിക്കിടക്കുന്ന മരക്കഷണങ്ങൾക്കു നടുവിൽ സങ്കടപ്പെട്ടു നിന്നനേരം ജയനാണോ ചോദിച്ചത്-
'എടാ, ഇനി കടല് കേറി വന്നാ നമ്മളെന്നാ ചെയ്യും?'
'ചത്തുപോകും.'
ഞാൻ കടുത്ത നിരാശയോടെ തറപ്പിച്ചു പറഞ്ഞു. എനിക്കതേ അറിയുമായിരുന്നുള്ളൂ. നൂറു നൂറു കഷണങ്ങളായി തറയിൽ വീണുകിടന്ന പൈൻമരം ആ വാക്കുകൾ കേട്ടുകാണും. അല്ലെങ്കിൽ ദയാശൂന്യമായ വെട്ടുകൾ ഏൽപ്പിച്ച മുറിവുകളിൽനിന്നും ഇത്രമാത്രം വെളുത്ത കറ ചുരന്നൊഴുകുമായിരുന്നോ!
പൈൻ മരക്കഷണങ്ങൾ അതേ കിടപ്പിൽ പിന്നെയും കുറെ ദിവസങ്ങൾ അവിടെത്തന്നെ കിടന്നു. എടുത്തുകൊണ്ടുപോകൽ അത്യന്തം കഠിനമായി. കുറച്ചധികം പണിക്കാർ വന്നുപോയെങ്കിലും അത്രയും ഭാരമുള്ള കഷണങ്ങൾ നീക്കാൻ സാധിച്ചില്ല. ഒടുവിൽ ആനയെ വരുത്താൻ തീരുമാനമായി. മുല്ലക്കൽ രാജരാജേശ്വരി ക്ഷേത്രത്തിലെ ആന സ്ഥലത്തെത്തി. സാധാരണയായി ഞങ്ങളുടെ പ്രിയപ്പെട്ട സീതാരാമൻ വരുമ്പോൾ എല്ലാവരും ഉഷാറാകും. അവനെ ലാളിക്കാൻ, ഒന്നു തൊടാൻ, പേടി മാറ്റാൻ, പായയിൽ കിടന്നുള്ള മൂത്രമൊഴിക്കാൻ ഒഴിവാക്കാൻവേണ്ടി വയറിനടിയിലൂടെ നൂഴാൻ കുട്ടികൾ അത്യുത്സാഹം കാണിച്ചിരുന്നു. പക്ഷേ ഇത്തവണ ഒന്നുമുണ്ടായില്ല. സീതാരാമൻ ശത്രുപക്ഷത്താണ്. ഇനിമേൽ അങ്ങനെ കണ്ടാൽ മതി എന്നു ഞങ്ങളും തീരുമാനിച്ചു. വൈകുന്നേരത്തോടെ മുഴുവൻ കഷണങ്ങളും അവൻ ലോറിയിൽ എടുത്തിട്ടുകൊടുത്തു. വലിയ ഹുങ്കാരം മുഴക്കിക്കൊണ്ട് ലോറി കടന്നുപോകുന്നതുവരെ ഞാൻ എങ്ങോട്ടും മാറിയില്ല. പതിവു വികൃതകൾക്കൊന്നും നിൽക്കാതെ സീതാരാമനും തിരിച്ചുപോയി.
ജീവിതത്തിലെ സകലമാന ദുഃഖങ്ങളെയും കൊണ്ടിടാനുംമാത്രം സ്ഥലം മനുഷ്യഹൃദയങ്ങളിൽ ഇല്ലല്ലോ. അതിനാൽ സർവാലങ്കാരഭൂഷിതനായി വിരാജിച്ച വൃക്ഷപിതാമഹനും വർത്തമാനങ്ങളിൽനിന്നു പതിയെ മാഞ്ഞു. കടലിനെയും കായലിനെയും സദാ നിരീക്ഷിച്ചുകൊണ്ടു നിന്ന തലയെടുപ്പും ഓർമയായി. ഒരു കുഞ്ഞു മനസിന് ആ വലിയ മരം നൽകിയ സുരക്ഷിതത്വബോധം എന്നേക്കുമായി നഷ്ടപ്പെട്ടു. അതിന്മേൽ എഴുതി സൂക്ഷിച്ചവയെല്ലാം പോയി. ഇനി ബാക്കി ഒന്നുമില്ല.
ദിവസങ്ങൾ മുന്നോട്ടുപോയി. കലണ്ടറുകൾ വേഗത്തിൽ മറിഞ്ഞു. പെട്ടെന്നൊരു ദിവസം രാവിലെ ഉണർന്നതേ, ഏതോ വെളിപാടിൽ പ്രേരിതനായതുപോലെ പൈൻമരം വൻ ശിഖരങ്ങൾ പടർത്തിനിന്ന പറമ്പിലേക്കു ഞാൻ ചെന്നു. തുടർച്ചയായ മഴയിൽ മരക്കുഴി ഏറെക്കുറെ നികന്നു. ഇലകളും ചെറിയ കൊമ്പുകളും പാടേ മണ്ണിനടിയിൽ മറഞ്ഞു. അവിടെ മുമ്പൊരു ഒരു പൈൻ മരം ഉണ്ടായിരുന്നതായി എനിക്കുപോലും തോന്നിയില്ല. സംശയം തീർക്കാൻ ഞാൻ നേരെ മുകളിലേക്കൊന്നു തലയുയർത്തി നോക്കി. അതാ അവിടെ, അങ്ങു ദൂരെ നീലാകാശത്തിൽ ഒരു വലിയ വിടവു കാണുന്നു, ഒരു പൈൻമരത്തോളം വലിയ വിടവ്.
Content Summary: Malayalam Short story 'Pine marathe Snehicha Kutti' Written by Dr Madhu Vasudevan