ADVERTISEMENT

തോമസ് സാറിന്റെ നിഘണ്ടുവിൽ എഴുതാൻ മറന്ന വാക്കാണ് അടിപൊളി. റിട്ടയർ ചെയ്ത് രണ്ടുവർഷമായിട്ടും ആ വികാരം ഇന്നും അതേപടി നിലനിൽക്കുന്നു. ഇത് സ്കൂൾ ജീവിതത്തിൽ വച്ച് ആരംഭിച്ചതാണ്. കുട്ടികൾ അമിതമായി ഈ വാക്ക് ഉപയോഗിക്കുന്നത് സാറിനെ തെല്ലൊന്നുമല്ല അസ്വസ്ഥൻ ആക്കാറുള്ളത്. (വിദ്യാർഥികൾ ശരിയായ ഉത്തരം നൽകുമ്പോൾ അടിപൊളി എന്ന് പുറത്ത് തട്ടി അഭിനന്ദിക്കുക സാറിന്റെ പതിവായിരുന്നു. അതിനു പ്രതിഫലമായി അടിപൊളി എന്ന പദം അവർ സാറിന്റെ പേരിനൊപ്പം ചേർത്തു. അത് സാറിന്റെ ഓമന പേരായി മാറി.) മുമ്പൊരിക്കൽ, (അത് പരീക്ഷകാലമാണ്) വഴി മധ്യേ എതിർ ദിശയിൽ വന്ന തോമസ് സാറിന്റെ അന്വേഷണം "പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു?" "അടി" എന്നു പറഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത്. സാറിന്റെ മുഖത്ത് ജ്വലിച്ച  കോപാഗ്നിയിൽ "പൊളി" വഴിയിൽ ഉപേക്ഷിച്ച് വീട്ടിലേക്കു ഓടിയ ഓട്ടം ഇന്നും ഓർമ്മയിൽ ഉണ്ട്. പഞ്ചായത്തിലെ എല്ലാ വിഷയങ്ങളിലും സാർ എപ്പോഴും ബദ്ധ ശ്രദ്ധനാണ്. 

ഒരു മാത്തമാറ്റിക്സ് അധ്യാപകന്റെ കാർക്കശ്യവും നിഷേധാത്മകതയും സാറിന്റെ എല്ലാ പ്രവർത്തനങ്ങളിലും പ്രതിഫലിച്ചു. പത്നി സാറാമ്മ ആകട്ടെ ഇതിനു വിപരീതവും. എല്ലാവരെയും സ്നേഹ മസ്രണത്താൽ ദയയോടെ കാണുവാൻ അവർക്കുള്ള കഴിവ് അപ്രമേയം തന്നെ. ഈ വൈരുധ്യങ്ങൾക്കിടയിലും അവർ രണ്ടാൺമക്കൾക്ക് ജന്മം നൽകി. പഠനത്തിലും ഇതര വിഷയങ്ങളിലും സാറിന്റെ സൂക്ഷ്മമായ നിരീക്ഷണത്തിനും ഉപദേശങ്ങൾക്കും മക്കൾ രണ്ടുപേരും എന്നും വിധേയരായിരുന്നു. അല്ലാതെ മറ്റു മാർഗ്ഗങ്ങൾ അവർക്കു മുമ്പിൽ ഇല്ലായിരുന്നു. സാറിന്റെ നിർദ്ദേശാനുസരണം ഇരുവരും വിവാഹിതരായി. കൽപ്പനകൾ സദയം ശിരസാ വഹിക്കുവാൻ അവർ നിർബന്ധിതരായി, അത് അവരുടെ കടമയും. ഇരുവരുടെയും കുടുംബ ജീവിതത്തിലും സാറിന്റെ ഇടപെടലുകൾ എപ്പോഴും ഉണ്ടാവാറുണ്ട്, ആവശ്യത്തിലും, അനാവശ്യത്തിലും, അത് തോമസ് സാറിന്റെ ഹോബിയും. ഈ വീർപ്പുമുട്ടലുകൾക്കിടയിൽ സ്വതവേ അഭിമാനിയായ മൂത്തമകൻ ജോലി തേടി ഗൾഫിലേക്ക് യാത്രയായി ഭാര്യയും രണ്ടു ആൺകുട്ടികളുമായി. ഇത് ദുർബലയായ സാറാമ്മയെ തെല്ലൊന്നു വേദനിപ്പിച്ചെങ്കിലും മകന്റെ ഭാവിക്ക് മുമ്പിൽ തടസ്സം നിൽക്കുവാൻ സാറാമ്മയുടെ മാതൃഹൃദയം അനുവദിച്ചില്ല.

Read also: നോക്കുവാൻ ഏൽപ്പിച്ച ചാക്കുകെട്ടുമായി വീട്ടിലെത്തി, തുറന്നപ്പോൾ കണ്ടത്...

വാർദ്ധക്യം സമ്മാനിച്ച ഷുഗറും പ്രഷറും ആയി തോമസ് സാർ നിരന്തര യുദ്ധത്തിലാണ്. കാരണം വർഷങ്ങളായി സാറാമ്മ വച്ച് വിളമ്പി നൽകിയ രുചിക്കൂട്ടുകൾ അത് മതിയാവോളം ആസ്വദിച്ചു കഴിക്കുക തോമസ് സാറിന്റെ ബലഹീനതയായിരുന്നു. ഭക്ഷണം വിളമ്പിയ ശേഷം സാറാമ്മ പലപ്പോഴും പ്രതീക്ഷയോടെ കാത്തു നിന്നു. അവയുടെ രുചി വൈഭവത്തെപ്പറ്റി വൈദഗ്ധ്യത്തെപ്പറ്റി, ഒരു നല്ല വാക്ക് കേൾക്കുവാൻ എന്നാൽ സാറിന്റെ പ്രതികരണം ഉം.. ആ.. തുടങ്ങിയ ശബ്ദങ്ങളിൽ ഒതുങ്ങി നിന്നു. സാറാമ്മയുടെ പ്രതീക്ഷയും അതുതന്നെയായിരുന്നു. അത് തുടർന്നുകൊണ്ടിരുന്നു നീണ്ട 35 വർഷങ്ങൾ. കൊച്ചുമക്കൾക്ക് നൽകുന്ന അമിതമായ സ്വാതന്ത്ര്യത്തെ സാർ എപ്പോഴും വിലക്കിയിരുന്നു. അതിന്റെ തിക്തഫലങ്ങൾ സാറാമ്മ സദയം ഏറ്റുവാങ്ങി. കൊച്ചുമക്കളല്ലേ..? ആ മാതൃഹൃദയത്തിലെ സ്നേഹത്തിന്റെ അരുവികൾ നിസ്സീമം അണപൊട്ടി ഒഴുകി. കൊച്ചുമക്കൾ രണ്ടുപേരും അതിൽ ആവോളം നീന്തിത്തുടിച്ചു.. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ടോമിക്കും ആറാം ക്ലാസിൽ പഠിക്കുന്ന ടോണിക്കും പഠനത്തെക്കാൾ ഏറെ കമ്പം ക്രിക്കറ്റിനോട് ആയിരുന്നു. കൊച്ചുമക്കളുടെ ക്രിക്കറ്റ് ഭ്രമത്തിന് വളം വച്ച് നൽകുന്നത് സാറാമ്മയാണ്. തോമസ് സാർ എത്ര വിലക്കിയിട്ടും അതിന് അയവ് വന്നിട്ടില്ല. ഇത് തോമസ് സാറിന്റെ ശകാരവർഷങ്ങൾക്ക് സാറാമ്മ കാരണമായി.

തന്റെ അരുമകളായ ടോമിയെയും ടോണിയെയും സാറാമ്മ സ്നേഹപൂർവം ചേർത്തുനിർത്തി സോഫയുടെ ഇരുവശവും ടിവിക്ക് മുമ്പിൽ, എല്ലാവരും കളി ആസ്വദിച്ചു കണ്ടു. കളിക്കിടയിൽ കുട്ടികൾ  ഇരുവരും അടിപൊളി എന്ന വാക്ക് നിരന്തരം ഉപയോഗിച്ചുകൊണ്ടിരുന്നു. ഇത് തെല്ലൊന്നുമല്ല തോമസ് സാറിനെ അലോസരപ്പെടുത്താറുള്ളത്. സാറിന്റെ തീക്ഷണമായ നോട്ടം അപ്പോൾ സാറാമ്മയിലേക്കാണ് പതിക്കുക. ഇപ്പോൾ ക്രിക്കറ്റിനെ പറ്റിയും അതിന്റെ നിയമങ്ങളെപ്പറ്റിയും സാറാമ്മയ്ക്കും ഏകദേശ ധാരണയുണ്ട്. ധോണിയും കൊഹ്‌ലിയും എല്ലാം നിറഞ്ഞാടുന്ന മൈതാനങ്ങളിൽ സാറാമ്മയും കുട്ടികൾക്കൊപ്പം അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു. ചിലപ്പോഴെങ്കിലും കുട്ടികൾ സന്തോഷത്തിൽ തുള്ളിച്ചാടുന്നത് കാണുമ്പോൾ സാറാമ്മയും സോഫയിൽ നിന്ന് ചാടി എഴുന്നേൽക്കാറുണ്ട് അതുമാത്രമല്ല ഓരോ ബൗണ്ടറിക്കും സിക്സിന് ഇടയിൽ സാറാമ്മയിലെ ക്രിക്കറ്റ് പ്രേമിയും ആനന്ദാതിരേകതാൽ എഴുന്നേറ്റ് കൈയ്യടിക്കാറുണ്ട്. കുട്ടികൾ ആ കൈകളിൽ പിടിച്ച് നൃത്തമാടാറുണ്ട്. ഇതെല്ലാം രഹസ്യമായി കാണുക തോമസ് സാറിന്റെ വിനോദമായിരുന്നു. ബിപി രോഗിയായ സാറിന്റെ ഞരമ്പുകളിൽ ആർത്തിരമ്പുന്ന രക്തപ്രവാഹം വളരെ അസ്വസ്ഥനായി എല്ലാം കണ്ടുകൊണ്ട് “തലമുറകളുടെ ചിന്താഗതികളിൽ വന്ന മാറ്റം..??” തോമസ് സാർ സ്വയം ശപിച്ചു.

Read also: മുദ്രപത്രത്തിൽ ഒപ്പുവാങ്ങി അയാൾ പോയി, പിന്നെ വിളിച്ചാൽ ഫോണെടുക്കില്ല..

അങ്ങനെയിരിക്കെയാണ് 20:20 മത്സരം വന്നെത്തിയത് “ഇത് പരീക്ഷാക്കാലമാണ്, കുട്ടികളുടെ പഠനത്തിന് പ്രധാന തടസ്സം ക്രിക്കറ്റ് ആണ്, ദയവുചെയ്ത് ടിവിയുടെ മുമ്പിൽ അവർക്ക് കമ്പനി കൊടുക്കരുത്” തോമസ് സാർ ആജ്ഞാപിച്ചു. സാറിന്റെ ആജ്ഞകൾ പലപ്പോഴും സാറാമ്മയ്ക്ക് അവസാന വാക്കായിരുന്നു. കാരണം സാറിന്റെ രൗദ്രഭാവങ്ങൾ ഇന്നോളം അനുഭവിച്ചത് സാറാമ്മ ആയിരുന്നല്ലോ? അതിനൊരു മാറ്റം വന്നു തുടങ്ങിയത് കൊച്ചുമക്കളുടെ വരവോടെയാണ്. സാറാമ്മയിലെ തടവുകാരി അങ്ങനെ സാവകാശം സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു ശ്വസിച്ചു തുടങ്ങി. പാർക്കുകളിലും ഷോപ്പിംഗ് മാളുകളിലും അവർ പാറി നടന്നു, കൊച്ചു മക്കൾക്കൊപ്പം. ഗൾഫിലുള്ള മകന്റെ ഫോൺകോളുകൾ വാരാന്ത്യങ്ങളിൽ സാറാമ്മയെ തേടി എത്താറുണ്ട്. മുതിർന്നവരുടെ സംഭാഷണത്തിനു ശേഷം ഇപ്പോൾ കുട്ടികളുടെ ഊഴമാണ്. വളരെ ആവേശത്തോടെ അവർ തങ്ങളുടെ കൗതുകങ്ങൾ പങ്കുവച്ചു. അതിൽ പ്രധാനം ക്രിക്കറ്റ് ആയിരുന്നു. സംഭാഷണങ്ങളിൽ അടിപൊളി എന്ന വാക്ക് അനർഗളം ഒഴുകിക്കൊണ്ടിരുന്നു. അസഹനീയമാകുമ്പോൾ സാർ അതിന് വിരാമം ഇടും. “മതി ഇനി പോയി പഠിക്ക്” ദുഃഖത്തോടെ ഫോൺ തിരികെ നൽകി അവർ അടുത്ത വിളിക്കായി കാത്തിരുന്നു.

അങ്ങനെയിരിക്കെ വളരെ അപ്രതീക്ഷിതമായി തോമസ് സാർ ഇന്ന് ബെഡ്റൂമിൽ തലചുറ്റി വീണു. ആശങ്കയോടെ എല്ലാവരും ചേർന്ന് സാറിനെ ആശുപത്രിയിൽ എത്തിച്ചു. സാറിന്റെ നില ഗുരുതരമാണ്. സാറാമ്മയും, മകനും, മരുമകളും, കൊച്ചുമക്കളും എല്ലാം ഉൽക്കണ്ഠയോടെ ഐസിയുവിന് പുറത്ത് കാത്തു നിന്നു സാറാമ്മയുടെ മുഖത്ത് എന്തെന്നില്ലാത്ത വിഷാദ ഭാവങ്ങൾ മാറിമറിഞ്ഞു. ഇത് മൂന്നാം ദിവസമാണ് സാറിന്റെ ജീവിതത്തിനും മരണത്തിനും ഇടയിലെ സഹയാത്ര. ഓരോ ദിവസവും ഡോക്ടർമാർ പ്രതീക്ഷ നൽകിയാണ് സംസാരിച്ചത്. മൂന്നാം നാൾ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തോമസ് സാർ ഐസിയുവിന്റെ പുറത്തെത്തി. സാറാമ്മയും കൊച്ചുമക്കളും മരുമകളും സന്തോഷത്താൽ പരസ്പരം ആലിംഗനം ചെയ്തു. “ഇനി രണ്ടു ദിവസം കൂടി നിരീക്ഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങാം” ഡോക്ടർ അത് പറയുമ്പോൾ സാറാമ്മയുടെ കവിൾ തടങ്ങളിലൂടെ അശ്രുകണങ്ങൾ ഒഴുകി ഇറങ്ങി. “മനസ്സിന് സന്തോഷം നൽകുന്ന എന്തെങ്കിലുമൊക്കെ ചെയ്യുക, അമിതമായ സമ്മർദ്ദം ഒഴിവാക്കുക, ഭക്ഷണം ക്രമീകരിക്കുക” ഡോക്ടറുടെ വാക്കുകൾക്ക് സാറാമ്മ സ്നേഹപൂർവം തലയാട്ടി. 

Read also : പോകുന്നയിടത്തെല്ലാം അയാൾ ഫോളോ ചെയ്യുന്നു...

മടക്കയാത്ര എല്ലാവരും ഒരേ കാറിൽ ആയിരുന്നു. സാറാമ്മയുടെ മകന്റെയും തോളിൽ കൈവെച്ച് സാർ വീടിന്റെ പടവുകൾ സാവകാശം കയറി. ഉൽക്കണ്ഠ നിറഞ്ഞ ദിവസങ്ങളോട് വിട പറഞ്ഞ ആഹ്ലാദത്തിലാണ് ടോമിയും ടോണിയും കുടുംബാംഗങ്ങൾ എല്ലാവരും. സോഫയിൽ അവർ ഒരുമിച്ചിരുന്നു. ടോണി ടിവി ഓൺ ആക്കി ട്വന്റി ട്വന്റി മാച്ചിന്റെ അവസാന ഓവറുകളാണ്. ഗാലറികൾ ആർത്തിരമ്പി. കുട്ടികൾ ആവേശഭരിതരായി. ഇപ്പോൾ തോമസ് സാറും കളിയുടെ ഭാഗമാണ്. മാച്ച് അവസാനിക്കുമ്പോൾ കുട്ടികൾ സാറിനടുത്ത് എത്തി ചോദിച്ചു കളി ഇഷ്ടമായോ? സാറിന്റെ മുഖം പ്രസന്നമായി. പുഞ്ചിരിയോടെ തോമസ് സാർ പ്രതിവചിച്ചു. അടി...പൊളി.. അടി...പൊളി..

Content Summary: Malayalam Short Story ' Adipoli ' Written by V. J. Varghese Bangalore