ADVERTISEMENT

ഉടഞ്ഞുപോയ ജീവിതത്തിൻ്റെ നടുവിൽ നിന്ന് അവർ കൂടൽമാണിക്യം ഉത്സവം കണ്ട് തിരിച്ചു വരുന്നവരോട് ഉറക്കെ വിളിച്ചു പറഞ്ഞു, കലം, മൺചട്ടി, കലം. കുട്ടംകുളത്തിൻ്റെ ഏറ്റവും അറ്റത്തായുള്ള റോഡിൻ്റെ  മൂലയിൽ കനത്ത  വെയിൽ ആണ്, തലയിലേക്ക് സാരി വലിച്ചിട്ട്, മുഖത്തെ വിയർപ്പ് വടിച്ചുകളഞ്ഞു, ചുണ്ടിൽ ചിരി പടർത്തി അവർ വിളിച്ചു പറഞ്ഞു - ഒരു ചട്ടി വാങ്ങൂ ചേച്ചി, മോളെ കളിക്കാനുള്ള കുടുക്കയുണ്ട്, വേണ്ടേ?

റോഡിന് അപ്പുറത്തു നിന്ന് ഞാൻ ആ ശബ്ദവും രൂപവും  ശ്രദ്ധിച്ചു,  അടുത്ത് ചെന്ന് ചോദിച്ചു - മാലതിയല്ലേ. എന്നെ ഒന്ന്  സൂക്ഷിച്ചു നോക്കി അവർ ചോദിച്ചു, ആരാ? ഞാൻ പേര് പറഞ്ഞു, എനിക്കറിയില്ല. അവർ പറഞ്ഞു. അവർ പിന്നെയും വില്പനക്കായുള്ള വാചകങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു. ഉത്സവം കഴിഞ്ഞു ആളുകൾ മടങ്ങുന്ന സമയമാണ്,  അവരുടെ കച്ചവടം നടക്കട്ടെ. കുറച്ചു കഴിഞ്ഞാൽ തിരക്കൊഴിയും അപ്പോൾ സംസാരിക്കാമെന്ന് ഞാൻ കരുതി.

അത് തീർച്ചയായും മാലതി തന്നെയാണ്. ഹൈസ്കൂളിൽ തൻ്റെയൊപ്പം പഠിച്ച മാലതി. അവർക്ക് കളിമൺ പാത്ര   നിർമ്മാണമുണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് അവർ കഴിഞ്ഞിരുന്നത്. പല ദിവസവും ചോറ് കൊണ്ട് വന്നിരുന്നില്ല. ഉച്ച സമയത്ത് അവർ പുറത്തിറങ്ങി നടക്കും. പൈപ്പിലെ വെള്ളം കുടിച്ചു ബെല്ലടിക്കുമ്പോൾ ക്ലാസ്സിലേക്ക് മടങ്ങും.

ഞാൻ മാലതിയെ കുറിച്ച്  ഒരിക്കൽ അമ്മയോട് പറഞ്ഞു, പിറ്റേന്ന് അമ്മ എൻ്റെ ചോറ്റുപാത്രത്തിനൊപ്പം ഒരു പൊതിച്ചോറുകൂടി തന്നു. രണ്ട് ദിവസം കഴിഞ്ഞു പുതിയ ചോറ്റുപാത്രവുമെത്തി. ആരുമറിയാതെ ആ സേവനം തുടർന്നിരുന്നു.

ഒരിക്കൽ വീട്ടിലേക്ക് കുറച്ചു ചെടിച്ചട്ടികൾ വേണമായിരുന്നു. മാലതി പറഞ്ഞു അങ്ങോട്ട് വരണ്ട, ഒരു പൈസയും അച്ഛൻ കുറയ്ക്കില്ല, പിന്നെ എന്റെ കൂടെ പഠിക്കുന്നതാണെന്നറിഞ്ഞാൽ അത് മതി രാത്രി കുടിച്ചു വന്നു തല്ല് കിട്ടാൻ.

സ്കൂൾ കഴിഞ്ഞു, പിന്നെ മാലതിയെ കുറിച്ച്  ഒന്നും അറിഞ്ഞില്ല. ഇപ്പോൾ ഇതാ മുന്നിൽ അറിയാത്തപോലെ നിൽക്കുന്നു. തിരക്കൊഴിഞ്ഞപ്പോൾ ഞാൻ കുളത്തിൻ്റെ കിഴക്കേ അറ്റത്തെ മതിലിൽ ചാരി നിന്നു. അവിടെ നിന്നാൽ മാലതി പറയുന്നത് എനിക്ക് കേൾക്കാം, മാലതി പറയാൻ തുടങ്ങി.

"നീ എന്നെ കേട്ടാൽ മാത്രം മതി, ഒന്നും ഇങ്ങോട്ട് പറയരുത്, എന്നെ നിരീക്ഷിക്കാൻ പലരും ചുറ്റിൽ ഉണ്ട്.

നിന്നെ എങ്ങിനെ മറക്കാനാണ്, ഒരു വർഷത്തോളം ഉച്ചഭക്ഷണം തന്നവനല്ലേ നീ. എല്ലാവരോടും എല്ലാത്തിനോടും വെറുപ്പാണ്, എന്നിട്ടും ഓടി നടന്ന് മൺപാത്രങ്ങൾ വിറ്റു ആരുടെയോ മക്കളെ  പോറ്റാൻ ശ്രമിക്കുന്നു.

പത്തു കഴിഞ്ഞു പിന്നെ പഠിച്ചൊന്നുമില്ല. ഇത്ര മതി അച്ഛൻ പറഞ്ഞു. നല്ല മാർക്കുണ്ടായിരുന്നു. അമ്മായി എന്നെ കൊണ്ടുപോയി പഠിപ്പിക്കാൻ ശ്രമിച്ചു. സമ്മതിച്ചില്ല, വീട്ടിലെ പാത്ര നിർമ്മാണത്തിന് സഹായിക്കാൻ ഒരു സ്ത്രീ വരുമായിരുന്നു. അവരോട് പിന്നീട് വരണ്ട എന്ന് അച്ഛൻ പറഞ്ഞു.

പതിനെട്ട് തികയുന്ന അന്ന് കല്യാണം കഴിഞ്ഞു. അമ്മായിയുടെ മകൻ തന്നെയാണ് കല്യാണം കഴിച്ചത്, അയാൾക്ക്‌ തമിഴ്‌നാട്ടിൽ മൺപാത്ര നിർമ്മാണം തന്നെയായിരുന്നു, ഇഷ്ടിക ചൂളയും.

നിന്റെ തന്തയുടെ പോലെ നക്കാപ്പിച്ച പരിപാടിയല്ല ഇത്, എന്നും ലോറികൾ നിറച്ചു പാത്രങ്ങൾ  പോകണം, തെക്കേ ഇന്ത്യ മുഴുവൻ.

ഒരിക്കൽ എനിക്ക് ഇനിയും പഠിക്കണം എന്ന് പറഞ്ഞു, അയാൾ എൻ്റെ എസ് എസ് എൽ സി പുസ്തകം ചൂളയിലേക്ക് വലിച്ചെറിഞ്ഞു.
മര്യാദക്ക് നിന്നില്ലെങ്കിൽ നിന്നെയും ഞാൻ ഈ ചൂളയിൽ ഇട്ട്  കത്തിക്കും, പൊടി ഉണ്ടാകില്ല കണ്ടെത്താൻ. ഞാൻ ഉറക്കെ കരഞ്ഞു, എനിക്ക്, എൻ്റെ ഹൃദയത്തിന്, എൻ്റെ ആത്മാവിന് കേൾക്കാവുന്ന ഉച്ചത്തിൽ മാത്രം. ഞാൻ ഔദ്യോഗിക ഭാര്യ മാത്രം, അയാൾക്ക്‌ അവിടെ ഇഷ്ടംപോലെ ഇഷ്ടക്കാരികൾ ഉണ്ടായിരുന്നു, എന്നും പണികിട്ടാൻ അവരെന്തിനും തയ്യാറായിരുന്നു. കുട്ടികൾ വേണമെന്ന് എനിക്കൊരിക്കലും തോന്നിയില്ല. എന്നോടുകൂടെ എൻ്റെ കുലം തീരട്ടെ എന്നായിരുന്നു എനിക്ക്.

അസുഖങ്ങൾ വന്നു കിടക്കുമ്പോൾ അയാൾ തിരിഞ്ഞു നോക്കില്ല.  എന്നോട് സ്നേഹമുള്ള മറ്റുജോലിക്കാർ സഹായിക്കും. ശരിക്കും ഒരു മുരടൻ. പണിക്കാർക്ക് എല്ലാം എന്നെ ഇഷ്ടമാണ്, അതയാൾക്ക് ഇഷ്ടമല്ല. കുടിച്ചു കലി കയറുന്ന പല രാത്രികളിലും അയാൾ എന്നെ ചൂളയിലേക്ക് വലിച്ചെറിയാൻ ശ്രമിച്ചിട്ടുണ്ട്.

ഇപ്പോൾ ഞാൻ എതിർക്കാൻ പഠിച്ചു, എന്നെ പേടിപ്പിക്കുന്ന അതേ നിമിഷം ഞാനും അരയിൽ നിന്ന് കത്തിയൂരും. ഇനി ജീവിതത്തിൽ എന്താണ് കീഴ്മേൽ  നോക്കാനുള്ളത്. കച്ചവടത്തിന് ഇപ്പോൾ ഞാനും പോകും. എൻ്റെ കമ്മീഷനും കൂലിയും കൃത്യമായി വാങ്ങും.

ഇപ്പോൾ പണിക്കാർക്കിടയിലെ ചെറിയ തല്ലൊക്കെ ഞാൻ പറഞ്ഞു തീർക്കും, അതിനാൽ മാലതി അക്കയെ എല്ലാവർക്കും ചെറിയ പേടിയൊക്കെയുണ്ട്. വലിയ ചന്തകളിലൊക്കെ  അവരെക്കാൾ വലിയ ചന്തകളായി പെരുമാറാൻ ഞാൻ പഠിച്ചു കഴിഞ്ഞു.

ഇപ്പോൾ കേരളത്തിലെ കച്ചവടം മുഴുവൻ എൻ്റെ നിയന്ത്രണത്തിലാണ്. പലയിടത്താണെങ്കിലും, ഇവരെല്ലാം എന്റെ ജോലിക്കാർ തന്നെയാണ്.

പിന്നെയൊരു സന്തോഷം, അവിടത്തെ പള്ളിക്കൂടത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കന്നത് ഞാനാണ്. പഴയ ഒരു കടം അങ്ങനെയാണ് വീട്ടുന്നത്.

എന്റെ കണ്ണുകൾ നിറഞ്ഞു.

ഞാൻ നീ വിചാരിക്കുന്നപോലെ നിസ്സാരക്കാരിയൊന്നുമല്ലടാ, പക്കാ ക്രമിനൽ. നീ നിൻ്റെ കണ്ണുനീർ തുടച്ചു സ്ഥലം വിട്.

ഒരിക്കൽ ഞാനയാളെ ചൂളയിലിട്ട് കത്തിക്കും, എൻ്റെ ജീവിതം നശിപ്പിച്ചവനെ, ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ."

ഉച്ചവെയിലിൽ മാലതിയുടെ കണ്ണുകളിൽ രക്തം ഇരച്ചുകയറി വെട്ടിത്തിളങ്ങി.

Content Summary: Malayalam Short Story 'Malchattikalkkidayil Malathi ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com