ADVERTISEMENT

കാത്തിരുന്നു കാത്തിരുന്നു മടുത്തു തന്റെ സഹയാത്രികൻ ഇതുവരെ എത്തിയിട്ടില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു യാത്രയ്ക്ക് പോലും താമസിക്കാൻ ഇവനാരാണ്. ആരാണ് കൂടെ വരുന്നത് എന്ന് അറിയില്ലെങ്കിലും എവിടുന്നാണ് വരുന്നത് എന്ന് എനിക്ക് അറിവുണ്ടായിരുന്നു. ആൾ വരാൻ താമസിക്കുകയാണെങ്കിൽ അവിടെ ചെന്ന് വിളിച്ചുകൊണ്ട് വരണം എന്നായിരുന്നു എനിക്ക് കിട്ടിയ നിർദ്ദേശം, ആ നിർദ്ദേശം അനുസരിച്ച് ഞാൻ മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഈ വഴിയിൽ ഒന്നും ഒരു വിളക്കുമാടം പോലുമില്ല, തന്റെ ഒരോ കാൽവയ്പ്പിലും അന്ധകാരത്തിന്റെ അകമ്പടി ശബ്ദം കേൾക്കാമായിരുന്നു. പെട്ടെന്ന് റോഡിനരികിൽ നിന്ന ഒരു തെരുവ് നായ തന്നെ നോക്കി കുരയ്ക്കുന്നത് കണ്ടു, കാര്യം എന്താണ് എന്ന് മനസ്സിലായതിനാൽ നടത്തം പിന്നെയും തുടർന്നു. ഈ കുറ്റാക്കുറ്റിരുട്ടിൽ തനിക്ക് കൂട്ടായിട്ടുള്ളത് ഏതാനും നായകളുടെ ഓരിയിടൽ ശബ്ദം മാത്രം, എന്നാലും നടത്തം തുടരുന്നു. അന്ധകാരത്തിന്റെ അകമ്പടിയോടെയുള്ള ഈ യാത്രയിൽ ഇരുട്ടിന്റെ മറവിലെ ലോകത്തിന്റെ കാപട്യം നന്നായി അടുത്തറിയാൻ കഴിഞ്ഞിരിക്കുന്നു. ഈ യാത്രയിൽ അനേകം അനീതികളും ആക്രമണങ്ങളും സ്ത്രീകൾക്ക് നേരെയുള്ള തെറ്റായ കടന്നുകയറ്റങ്ങളും കണ്ടു പ്രതികരിക്കാൻ ഉള്ളുതുടിച്ചെങ്കിലും താനായിരിക്കുന്ന അവസ്ഥയിൽ അത് അപ്രാപ്യമായ കാര്യമായിരുന്നു. നിസ്സഹായനായി നടന്നു നീങ്ങാൻ മാത്രമേ എന്നെക്കൊണ്ട് ആയൊള്ളു.

തന്റെ കൂടെ യാത്രചെയ്യേണ്ടുന്ന വ്യക്തിയുടെ വീട് എത്താറായി എന്നോർത്തപ്പോൾ ഒരു ആശ്വാസം ആയി. ഇനിയെങ്കിലും ഈ ഒറ്റയ്ക്കുള്ള യാത്ര നിർത്താമല്ലോ. അവിടവിടെയായി ചില ആളുകളേ കാണാം കാലുനിലത്തുറയ്ക്കുന്നില്ല എന്നത് മാറ്റി നിർത്തിയാൽ വളരെ മാന്യന്മാരായിട്ടാണ് കാഴ്ചയിൽ തോന്നുന്നത്. അത് ഏതെങ്കിലുമാവട്ടെ നമുക്ക് വന്ന കാര്യം നോക്കാം. വീടിന് ചുറ്റും ആളുകളാണ് ഒരു തരത്തിലാണ് വീടിനുള്ളിൽ കയറി പറ്റിയത്. നോക്കുമ്പോൾ അതാ അവിടെ വീട്ടുകാരോടൊപ്പമിരിക്കുന്നു നമ്മുടെ കക്ഷി. ഞാൻ ചെന്നു അദ്ദേഹത്തെ തട്ടി വിളിച്ചിട്ടു ചോദിച്ചു... "പോകേണ്ടെ..." എന്നെ കണ്ട അയാൾ വളരെ അസ്വസ്ഥനായി മാറിയതായി എനിക്ക് തോന്നി. എന്റെ നിർബന്ധം സഹിക്കവയ്യാതെ അയാൾ എന്നോടൊപ്പം യാത്ര ആരംഭിച്ചു. പക്ഷേ അയാൾ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു, എന്തെന്നാൽ ഈ യാത്ര കുറച്ച് നേരത്തേക്ക് ഒന്ന് വൈകിപ്പിക്കണം. ഞാൻ ചോദിച്ചു എന്താ കാര്യം എന്ന്, പക്ഷേ അയാൾ അത് പറയാൻ കൂട്ടാക്കിയില്ല. പൂർണമായി താൽപര്യം ഇല്ലായിരുന്നിട്ടു കൂടിയും ഞാൻ അദ്ദേഹത്തിന്റെ ആവശ്യത്തിന് സഹായിക്കാം എന്ന് അറിയിച്ചു.

Read also: വർഷങ്ങൾക്കു ശേഷം കളിക്കൂട്ടുകാരിയെ കുറിച്ച് കേട്ടത്, അപ്രതീക്ഷിത വാർത്ത...

അദ്ദേഹത്തിന്റെ ആവശ്യം മറ്റൊന്നും ആയിരുന്നില്ല, തന്റെ കുടുംബത്തോടൊപ്പം കുറച്ച് സമയം കൂടി ചെലവഴിക്കണം എന്നായിരുന്നു. വീടിന്റെ പല സ്ഥലങ്ങളിലും ഇപ്പോഴും ആളുകൾ നിൽപ്പുണ്ട്, ഞാൻ ഒരു കൗതുകത്തിന് അവരുടെ അടുത്തേക്ക് ചെന്നു. ഇത് അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളാണ് എന്ന് എനിക്ക് മനസ്സിലായി. അവരുടെ അടുത്തേക്ക് ചെന്നപ്പോൾ അവർ എങ്ങനെ ഇദ്ദേഹത്തിന്റെ കുടുംബത്തെ അവിടെ നിന്ന്  ഒഴിവാക്കാം എന്ന് ചിന്തിക്കുകയായിരുന്നു. ഇത് മുൻപേ മനസ്സിലാക്കിയവണ്ണം അദ്ദേഹം എന്നോട് കുറച്ച് സമയം കൂടി ചോദിച്ചത്. കുടുംബക്കാർ വന്നു അദ്ദേഹത്തിന്റെ ഭാര്യയെ തെല്ലു മനസ്സാക്ഷി ഇല്ലാതെ തെരുവിലേക്ക് വലിച്ചെറിഞ്ഞു. ഇതെല്ലാം കണ്ട് നിസ്സഹായനായി നിൽക്കാനെ അദ്ദേഹത്തിന് കഴിഞ്ഞൊള്ളു... തനിക്ക് ഒന്നും ചെയ്യാൻ സാധിക്കാത്തത് ഓർത്ത് അദ്ദേഹം എന്റെ തോളിൽ ചാരി നിന്നു കരഞ്ഞു. എന്നിട്ട്, ഇനിയും കത്തിത്തീരാത്ത സ്വന്തം ചിതയിലേക്ക് നോക്കി അദ്ദേഹം നെടുവീർപ്പിട്ടു. സ്വന്തം ചിതയിലേക്ക് നോക്കി നിൽക്കുന്ന ആ വ്യക്തിയുടെ അവസ്ഥയെക്കാൾ എന്നെ വേദനിപ്പിച്ചത് തലവൻ നഷ്ടപ്പെട്ട സൈന്യം എന്ത് ചെയ്യണം എന്നറിയാതെ യുദ്ധക്കളത്തിൽ നിൽക്കുന്നത് പോലെ ഇനി, അനാഥത്വം വേട്ടയാടാൻ പോകുന്ന ആ സ്ത്രീയെ ഓർത്താണ്. അല്ലെങ്കിലും ഞങ്ങൾ മരിച്ചവരുടെ വിഷമങ്ങൾ ആരു കാണാൻ. 

കാലമാകുന്ന ഘടികാരത്തിനുള്ളിൽ പെട്ടുപോയവരല്ലെ ഞങ്ങൾ, എല്ലാം കാണാമെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. അനാഥയായ അന്ന് തന്നെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ആ സ്ത്രീയുടെ ഇനിയുള്ള ജീവിതം എന്താവും എന്നോർത്ത് വ്യാകുലപ്പെടാൻ മാത്രമല്ലേ ഞങ്ങൾക്കു സാധിക്കൂ. പറിച്ചു നടലിന്റെ വേദനയും അനാഥത്വത്തിന്റെ അനിശ്ചിതത്വവും വേട്ടയാടുന്ന ഈ സ്ത്രീയുടെ ബാക്കി ജീവിതം.. ഇല്ല എനിക്ക് ആലോചിക്കാൻ വയ്യ. ഇന്നലെ ഇങ്ങോട്ടേക്കുള്ള യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ എന്നെ വീണ്ടും വീണ്ടും വേട്ടയാടുന്നു. ഇന്നലത്തെ യാത്രയിൽ ഞാൻ കണ്ട ഈ നശിച്ച ലോകത്തിൽ സ്ത്രീകൾക്ക് നേരെയുള്ള തെറ്റായ കടന്നുകയറ്റങ്ങളും, ക്രൂരതകളുടെയും ചിത്രം എന്റെ അന്തരംഗത്തെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇനി എന്ത്... അറിയില്ല. ഞങ്ങൾക്ക് അധികം സമയം ഇവിടെ ഇനിയും തുടരാൻ സാധിക്കില്ല. പോത്തും, കയറുമായി ഞങ്ങളെ കൊണ്ട് പോകാൻ അവൻ കാത്തുനിൽക്കുകയാണ് പോകാതെ വേറെ നിർവാഹമില്ലല്ലോ. അങ്ങനെ ഞങ്ങൾ യാത്ര ആരംഭിച്ചു. യാത്രയ്ക്കിടയിൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചു താങ്കൾ എങ്ങനെയാണ് മരിച്ചത് എന്ന്. അദ്ദേഹം എന്നോട് അത് വിവരിച്ചു, ഞാൻ അത് നിങ്ങളോട് പറയാം.

Read also: "അവളെ കൊന്നവരെ ഞാനും കൊന്നു.. ഇവിടെ വെച്ച്..."

വലിയ ഒരു തറവാട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇട്ടുമൂടാനുള്ള സ്വത്ത് ഉണ്ട്. അപ്പൻ വളരെ കർക്കശക്കാരനായിരുന്നു, വീടിന് പുറത്തേക്കുള്ള ഏച്ചുകെട്ടലുകൾ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. എന്നാൽ പുറത്ത് പോകണം പഠിക്കണം എന്ന എന്റെയീ സുഹൃത്തിന്റെ വാശിക്കു മുന്നിൽ അപ്പൻ മുട്ടുമടക്കി. അങ്ങനെ അയാൾ ജീവിതം എന്താണ് എന്ന് മനസ്സിലാക്കാനായി നഗരത്തിലെ ഒരു കോളജിലേക്ക് യാത്രയായി. അവിടെ തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ് അദ്ദേഹത്തെ കാത്തിരുന്നത്. ഒരു നാട്ടിൻപുറത്തുകാരന് പരിജയമുള്ള ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്ന അധ്യാപകരും വിദ്യാർഥികളെ തമ്മിലടിപ്പിച്ചു അവരുടെ രക്തം കുടിച്ചു കഴിയുന്ന രാഷ്ട്രീയ കാപാലികരുടെയും സാന്നിധ്യം അവനെ നന്നെ വേദനിപ്പിച്ചു. ഒരിക്കൽ കോളജിന്റെ ഇടനാഴിയിലൂടെ നടന്ന് വരുന്ന വഴിയ്ക്ക് ഒരുപറ്റം സീനിയർ വിദ്യാർഥികൾ കോളജിന്റെ ഒരു മൂലയിൽ നിന്ന് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുകയും അതുവഴി വന്ന ഒരു പെൺകുട്ടിയുടെ കൈയ്യിൽ കയറി പിടിക്കുകയും അവളെ ഉപദ്രവിക്കാനും ശ്രമിച്ചു. അത് കണ്ട് നമ്മുടെ പരേതനായ സുഹൃത്ത് ഓടിച്ചെന്നു അവരുടെ കൈയ്യിൽ നിന്നും ആ കുട്ടിയെ രക്ഷിച്ചു. ഇതെതുടർന്നാണ് അദ്ദേഹത്തിന്റെ ജീവിതം മാറാൻ തുടങ്ങിയത്. ഇതിന് പ്രതികാരമായി ലഹരിയുടെ ഉച്ചകോടിയിൽ നിന്നിരുന്ന അവർ ഇയാളെ അക്രമിച്ചു. ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. എന്തായാലും ആൾ രക്ഷപ്പെട്ടു. 

പക്ഷേ പിന്നെയും അവരുടെ ഉപദ്രവങ്ങൾ തുടർന്നു. അതിന്റെ കാരണം എന്തെന്നാൽ ആശുപത്രിയിൽ വച്ച് പൊലീസ് വന്നു മൊഴിയെടുത്തപ്പോൾ ഉള്ള കാര്യമെല്ലാം തുറന്നു പറഞ്ഞതാണ്. പണവും സ്വാധീനവും ഉപയോഗിച്ച് ഒരു പ്രശ്നവും ഇല്ലാതെ അവർ പുറത്തിറങ്ങി. ഇതൊക്കെ കാണുമ്പോൾ ആണ് ഒരു പഴഞ്ചൊല്ല് ഓർമ്മ വരുന്നത്. കാർന്നോർക്ക് അടുപ്പിലും സാധിക്കാം എന്നത് കലികാലം എന്നല്ലാതെ എന്ത് പറയാൻ കഷ്ടം. ആ.. പിന്നെ ഒരു കാര്യം പറയാൻ വിട്ടു പോയി. നമ്മുടെ കഥാനായകൻ രക്ഷിച്ച ആ പെൺകുട്ടിയെ ആണ് പിൽക്കാലത്ത് അദ്ദേഹം വധുവാക്കിയത് എന്നതാണ് മറ്റൊരു കാര്യം. ഈ പ്രണയകഥ കേട്ടപ്പോൾ എനിക്കും അൽപം ക്ലീഷേ ആയി തോന്നിയെങ്കിലും  യാഥാർഥ ജീവിതം എന്നും ക്ലീഷേയാണ് എന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെ പ്രശ്നങ്ങളുടെ പെരുമഴയിൽ കോളജ് പഠനകാലം അവസാനിച്ചു. ആ പെൺകുട്ടിയുടെ വീട്ടിൽ നിന്നും ഭയങ്കര എതിർപ്പായിരുന്നു. പ്രശ്നം മറ്റൊന്നുമല്ല ജാതി. പ്രണയത്തിന് മുന്നിൽ ജാതിയും മതവും ഒന്നുമല്ല എന്ന യാഥാർഥ്യം മനസ്സിലാക്കിയവണ്ണം അവർ അങ്ങനെ വിവാഹിതരായി. പിന്നെയും പ്രശ്നങ്ങളുടെ പെരുമഴക്കാലം.. മുഴുവൻ പറഞ്ഞാൽ നിങ്ങൾക്ക് ചിലപ്പോൾ ഒരു മുഷിപ്പ് അനുഭവപ്പെട്ടാലോ. അതിനാൽ ആണ് കാര്യങ്ങൾ ഞാൻ ചുരുക്കി പറയുന്നത്. അങ്ങനെ വലിയ പ്രശ്നങ്ങളുടെ കൂടെയായിരുന്നു വീട്ടിലേക്ക് ഉള്ള വരവ്. പിന്നെ ഒന്നും പറയേണ്ടല്ലോ.. അങ്ങനെ എല്ലാ പ്രശ്നങ്ങളും ഒഴിഞ്ഞ് സന്തോഷവും സമാധാനവും ആയി ഒന്ന് ജീവിച്ച് തുടങ്ങിയപ്പോഴായിരുന്നു അടുത്ത പ്രശ്നം. പക്ഷേ ഇത് ഒരൽപ്പം രൂക്ഷമായ പ്രശ്നമായിരുന്നു. ഞാനും ഒരു ആത്മാവാണെങ്കിലും ഇയാളുടെ കാര്യം ഓർക്കുമ്പോൾ പണ്ട് കേട്ട ഒരു പഴഞ്ചൊല്ലാണ് ഓർമ്മ വരുന്നത് അതായത്. ' ഇടിവെട്ടിയവനെ പാമ്പു കടിച്ചു' എന്നത്, ഇയാളുടെ കാര്യത്തിൽ അത് വളരെ ശരിയാണെന്ന് എനിക്കു തോന്നി. ഇനി കാര്യത്തിലേക്ക് കടക്കാം...

Read also: ഉള്ള ജോലിയും കളഞ്ഞ് പുതിയ ജോലിയ്ക്ക് കയറി, പറ്റിയത് വൻ അമളി...

ഇയാൾക്ക് ഒരു ചെറിയ കടയിലായിരുന്നു ജോലി, അവിടുത്തെ മുതലാളിക്ക് പല ഉടായിപ്പ് പരിപാടികളും ഉണ്ട്. പക്ഷേ അത് ഈ പാവത്തിന് അറിയില്ലായിരുന്നു. ഒരിക്കൽ എന്തോ ഒരു രഹസ്യ അറിയിപ്പിന്റെ ഭാഗമായി പൊലീസ് കടകൾ എല്ലാം റെയ്ഡ് ചെയ്യുകയായിരുന്നു. അങ്ങനെ അവസാനം അവർ ഇവിടെയും എത്തി, അവർ കട പരിശോധിച്ചപ്പോൾ കണ്ട കാഴ്ച വളരെ ഭയാനകമായിരുന്നു. പിന്നെ, പൊലീസ് കടകൾ പരിശോധിച്ചത് ഏതോ ഒരുത്തൻ പൊലീസുകാരെ പറ്റിക്കാൻ വിളിച്ചു പറഞ്ഞ ഒരു കോളിനെ പ്രതിയായിരുന്നു. സിറ്റിയിലെ ഒരു കടയിൽ ബോംബ് വച്ചിട്ടുണ്ട് എന്ന്, അത് കേട്ട പാതി കേൾക്കാത്ത പാതി ബോംബ് സ്ക്വാഡുമായി പൊലീസ് തിരച്ചിലിന് ഇറങ്ങി. ആ വിളിച്ചവനെ പിന്നെ പൊലീസ് പൊക്കി എന്നാണ് കേട്ടത്. അവനോട് എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് ടിക് ടോക്കിലെ എന്തോ ഡേയറാണ് എന്നായിരുന്നു, അവന് പിന്നെ ടിക് ടോക്ക് ചേയ്യണ്ടി വന്നിട്ടില്ല. അങ്ങനെ ആ മുത്തുമണിയുടെ കാര്യത്തിൽ തീരുമാനം ആയി. അവന്റെ ആ അഹങ്കാരം കാരണം പണികിട്ടിയത് ഇയാൾക്കും. അങ്ങനെ ഇയാൾ ജോലി ചെയ്തിരുന്ന കടയിൽ നിന്നും അനേകം ലഹരി പദാർഥങ്ങൾ പൊലീസ് പിടിച്ചെടുത്തു, കൂട്ടത്തിൽ നമ്മുടെ പരേതനെ അവർ അറസ്റ്റും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ കടയുടമയെ കുറിച്ചുള്ള ചില സംശയങ്ങളും നമ്മുടെ പരേതൻ പൊലീസിനെ അറിയിച്ചു. അവിടെ സ്ഥിരമായി വരുന്ന വ്യക്തികൾ അരൊക്കെയാണ് എന്ന് പോലീസ് ചോദിച്ചപ്പോൾ അറിയാവുന്ന കാര്യങ്ങൾ എല്ലാം ഇയാൾ പറഞ്ഞു. അങ്ങനെ തുടർന്നുള്ള അന്വേഷണത്തിൽ കടയുടമയെയും മറ്റ് ചില പ്രമുഖരുടെ മക്കളും എല്ലാം ഇതിൽ കുടുങ്ങി . രാഷ്ട്രീയക്കാരുടെയും മറ്റ് പ്രമുഖരുടെയും സമ്മർദ്ദം മൂലം ഇയാളുടെ തലയിൽ ഈ കുറ്റം ചുമത്താൻ പൊലീസ് ബാധ്യസ്ഥരായി. പക്ഷേ എന്തു വന്നാലും താൻ കുറ്റം ഏൽക്കില്ലാ എന്ന നിലപാട് അവരെ തെല്ലു ബുദ്ധിമുട്ടിച്ചു. അവസാനം അവരുടെ മുന്നിൽ ഇത് അവസാനിപ്പിക്കാൻ ഒരു വഴിയെ ഉണ്ടായിരുന്നുള്ളു. അതായിരുന്നു...

എടാ നിന്നെയൊക്കെ കൊണ്ട് തോറ്റല്ലോ, എത്ര നേരമായി നിന്നെയൊക്കെ നോക്കി നിക്കുന്നു ഒരു മര്യാദ ഒക്കെ വേണ്ടേയ്. അവന്റെ ഒരു കഥ , ഇനി നീ മിണ്ടരുത് ബാക്കി കഥയൊക്കെ അവൻ പറഞ്ഞോളും (അങ്ങനെ അവർ എന്റെ കഥപറിച്ചിൽ അവസാനിപ്പിച്ചു , പക്ഷേ വിഷമിക്കേണ്ട ബാക്കി കഥ അനുഭവസ്ഥൻ നേരിട്ട് പറഞ്ഞു തരും) ഞാൻ മരിച്ചത് എങ്ങനെയാണ് എന്നല്ലേ പറഞ്ഞൊണ്ടിരുന്നത് എന്നാൽ കേട്ടോ, അവസാനം അവരുടെ മുന്നിൽ ഇത് അവസാനിപ്പിക്കാൻ ഒരു വഴിയെ ഉണ്ടായിരുന്നുള്ളു. അതായിരുന്നു എന്റെ മരണം, ചിലരുടെ വ്യക്തിത്വവും അഭിമാനവും രക്ഷിക്കാൻ വേണ്ടിയുള്ള തത്രപ്പാടിൽ എനിക്ക് നഷ്ടപ്പെട്ടത് എന്റെ ജീവിതമാണ്, എന്റെ കുടുംബമാണ്. ഇന്നത്തെ സമൂഹത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തെക്കാൾ വലുത് അധിക്കാര കസേര കൈയ്യേറിയിരിക്കുന്ന മേലാളന്മാരുടെ വ്യക്തിത്വവും അഭിമാനവും ആണ്. ഇന്നെനിക്ക് പുച്ഛം തോന്നുന്നു ഈ നിയമവ്യവസ്ഥയോട്. അധികാര കസേരയിൽ ഇരിക്കുന്ന മേലാളൻമാർക്ക് ഒരു നിയമം അന്നന്നത്തെ അന്നത്തിന് കഷ്ടപ്പെടുന്നവനു വേറൊരു നിയമം ഇത്തരത്തിലുള്ള പ്രവണതയോട് പുച്ഛം മാത്രമാണ് തോന്നുന്നത്. അങ്ങനെ അവർ എന്നെ എന്റെ ഉടുമുണ്ടിൽ തൂക്കിലേറ്റി. നഗ്നനായിട്ടായിരുന്നു അവർ എന്നെ കെട്ടിതൂക്കിയത്. നീതിമാനായ നമ്മുടെ മഹാത്മാവിനെ കൊന്നതിന് രണ്ടു പക്ഷം പറയുന്ന ഈ നാട്ടിൽ എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരനു ഇതൊന്നും വന്നില്ലെങ്കിലെ അത്ഭുതമൊള്ളൂ. അങ്ങനെ അനേകം ലോക്കപ്പ് മരണങ്ങളിൽ ഒന്നു മാത്രമായി ഞാനും മാറി. പക്ഷേ ഇന്ന് ഞാൻ എന്റെ മരണത്തിൽ സന്തോഷിക്കുന്നു കാരണം ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും പദവിയുടെയും പേരിൽ വേർതിരിക്കപ്പെട്ടു ജീവിക്കാൻ വിധിക്കപ്പെട്ട ഒരു ജനത ലോകത്ത് വേറെ എവിടെയും കാണാൻ സാധിക്കില്ല. പക്ഷേ ഇന്നെനിക്ക് അതിർവരമ്പുകൾ ഇല്ല ജാതിയുടെയോ മതത്തിന്റെയോ ഏച്ചുകെട്ടലുകൾ ഇല്ല, എല്ലാം ഒന്ന് എല്ലാവരും ഒന്ന്. ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും വർഗത്തിന്റെയും പേരിൽ വേർതിരിക്കപ്പെട്ടു പോകാത്ത നല്ലൊരു നാളെക്കായി നമ്മുക്ക് ഒരുമിച്ച് കൈകോർക്കാം. അങ്ങനെ ഒരു നല്ല നാളെ സ്വപ്നം കണ്ടുകൊണ്ട് ഈ കഥ ഇവിടെ അവസാനിക്കുന്നു. 

Content Summary: Malayalam Short Story Written by Amal Geo Sunil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com