ADVERTISEMENT

അച്ഛൻ മരിച്ചു. അമ്മ ഒറ്റയ്ക്കായി. അമ്മയെ ആരു നോക്കുമെന്ന തർക്കത്തിലായി മക്കൾ. ഓരോരുത്തരും അവരവരുടേതായ വിഷമങ്ങളും പ്രാരാബ്ധങ്ങളും എണ്ണിപ്പറഞ്ഞ്, അമ്മയെ നോക്കണമെന്ന വലിയ വിഷമത്തിൽനിന്നു വിദഗ്ധമായി ഒഴിഞ്ഞു. മക്കളുടെ ഒഴിവാക്കലുകൾ കേട്ട് അമ്മ സങ്കടത്തോടെ കട്ടിലിൽ ചുരുണ്ടുകൂടി കിടന്നു. ഇതെല്ലാം കേട്ടിട്ടും അമ്മയ്ക്ക് മക്കളോട് ഒട്ടും ദേഷ്യം തോന്നിയില്ല. അവർ പറയുന്നതിലും കാര്യമുണ്ടെന്ന് അമ്മ ചിന്തിച്ചു. പാവങ്ങൾ എന്ന് മക്കളെ മനസ്സിൽ സമാധാനിപ്പിച്ചു. അമ്മയ്ക്ക് മക്കളോട് അത്രയ്ക്ക് ഇഷ്ടമുണ്ടായിരുന്നു. അമ്മയുടെ ജീവനായിരുന്നു അവർ ഓരോരുത്തരും. ആർക്കും ഒട്ടും കുറവോ കൂടുതലോ ഇല്ലാതെ അമ്മ സ്നേഹം വാരിക്കോരി കൊടുത്തു. അവരുടെ തെറ്റുകുറ്റങ്ങൾ സാരമില്ലെന്നു കരുതി അമ്മ ക്ഷമിച്ചു. അവരെ ഒരു കാര്യത്തിലും കുറ്റപ്പെടുത്താൻ അമ്മയ്ക്കു തോന്നിയില്ല. അവർ നന്നായി, സന്തോഷത്തോടെ ജീവിക്കുന്നതിലായിരുന്നു അമ്മയ്ക്കു സന്തോഷം. അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കാൻ അമ്മ തയാറായിരുന്നു. അച്ഛനും അങ്ങനെതന്നെയായിരുന്നു. പാവം. മക്കളെ പൊന്നുപോലെ നോക്കി. ഒന്നും അവരിൽനിന്നു പ്രതീക്ഷിച്ചില്ല. അവരുടെ സന്തോഷം, അതുമാത്രമായിരുന്നു ജീവിതലക്ഷ്യം. 

Read also: വിവാഹത്തിന് നാളുകൾ മാത്രം ബാക്കി നിൽക്കെ നാട്ടിൽ നിന്ന് ഫോൺകോൾ, കേട്ടത് ദുരന്തവാർത്ത...

എന്നിട്ടും മക്കൾ ഇങ്ങനെയൊക്കെയായെന്ന് മറ്റുള്ളവർ പറയുമ്പോൾ അമ്മയ്ക്കതു വകവച്ചുകൊടുക്കാനായില്ല. മക്കൾക്ക് ഉളളിന്റെയുള്ളിൽ അമ്മയോടു സ്നേഹമുണ്ടെന്നായിരുന്നു അപ്പോഴും അമ്മയുടെ വിചാരം. അങ്ങനെ വിചാരിക്കുമ്പോഴുള്ള ഒരു സുഖം, അതുമതി അമ്മയ്ക്കു ജീവിതകാലം മുഴുവനും ജീവിക്കാൻ. അമ്മയുടേയും അച്ഛന്റെയും കൈയ്യിൽ സ്വത്തൊന്നുമുണ്ടായിരുന്നില്ല. കരുതിവച്ചിരുന്നതെല്ലാം അവർ മക്കൾക്കായി വിഭജിച്ചുകൊടുത്തു. എത്ര കിട്ടിയിട്ടും പോരാപോരായെന്ന തോന്നലായിരുന്നു മക്കൾക്ക്. ഉള്ളതല്ലേ കൊടുക്കാൻപറ്റൂ. എന്നേക്കാൾ മറ്റെയാൾക്ക് കൂടുതൽ കൊടുത്തില്ലേ എന്ന ചിന്തയും മക്കളെ അലട്ടി. എന്നാൽ അതിൽ ഒട്ടും സത്യമുണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, എത്ര കിട്ടിയിട്ടും മക്കൾക്ക് തൃപ്തിയും സമാധാനവുമുണ്ടായില്ല. അതുകൊണ്ടുതന്നെ, പരസ്പരം കാണുമ്പോൾ ചിരിച്ചുകാട്ടുമെങ്കിലും അവർക്ക് ഉള്ളിന്റെയുള്ളിൽ പകയും വിദ്വേഷവും കുമിഞ്ഞുകൂടി. ഇതൊന്നുമറിയാതെ, അവർ പഴയപോലെ, കുട്ടിക്കാലത്തെന്നപോലെ സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് കഴിയുന്നതെന്ന് അച്ഛനും അമ്മയും കരുതി. സ്വത്തു കൈയ്യിൽ കിട്ടുന്നതുവരെ അച്ഛനോടും അമ്മയോടും വല്ലാത്ത അടുപ്പവും സ്നേഹവുമാണ് അവർ ഓരോരുത്തരും കാണിച്ചിരുന്നത്. അതിനുശേഷമുള്ള ഓരോരുത്തരുടെയും മാറ്റം അച്ഛനും അമ്മയും ശ്രദ്ധിക്കാതിരുന്നില്ല. മക്കളാരും കേൾക്കാതെ അച്ഛനും അമ്മയും പരസ്പരം അതു പറയുകയും ചെയ്തു. 

എങ്കിലും മക്കളുടെ ഭാവമാറ്റം അച്ഛനും അമ്മയും അറിഞ്ഞതായി ഭാവിച്ചതുമില്ല. ഒരിക്കലും ഒരുതരത്തിലും അവർ വേദനിക്കരുതെന്ന് അച്ഛനും അമ്മയും ആഗ്രഹിച്ചിരുന്നു. അപ്പോഴും ഉള്ളിന്റെയുള്ളിൽ മക്കളെക്കുറിച്ച് വല്ലാത്തൊരു വേദന അച്ഛനും അമ്മയും സൂക്ഷിച്ചു. വയസ്സുകാലത്ത് തുണയ്ക്കാരുമില്ലല്ലോയെന്ന സങ്കടം അവരെ അലട്ടി. ദൈവത്തെ വാരിപ്പിടിച്ച് അവർ ജീവിച്ചു. സ്വത്തു ഭാഗം വയ്ക്കുമ്പോൾ അവരെ പലരും ഉപദേശിച്ചിരുന്നു, ‘അതുവേണോ ഇത്ര ചെറുപ്പത്തിലേ? നിങ്ങളുടെ കാലശേഷം എന്നെഴുതി വയ്ക്കുകയായിരിക്കും ഉചിതം.’ പക്ഷേ അച്ഛനും അമ്മയും അതു കേട്ടില്ല. അന്ന് അവർക്ക് അതിലും വിശ്വാസമായിരുന്നു മക്കളെ. മക്കളാണ് ഏറ്റവും വലിയ സ്വത്തെന്ന് അവർ കരുതിയിരുന്നു. മക്കളുടെ സന്തോഷത്തിൽക്കവിഞ്ഞ് ഒന്നും അവർക്ക് ആഹ്ലാദിക്കാനുണ്ടായിരുന്നില്ല. അച്ഛൻ ഏതായാലും അധികം വിഷമിക്കാതെ പോയെന്ന് അമ്മ ആശ്വാസംകൊണ്ടു. പാവം, അല്ലെങ്കിൽ മക്കളുടെ ഇത്തരം സംഭാഷണങ്ങൾ കേട്ട് നീറിപ്പുകഞ്ഞേനെ. ഒരു ദുശ്ശീലവും ഇല്ലാതിരുന്ന ആ മനുഷ്യൻ ഭാഗ്യവാനാണ്. അച്ഛന് വിഷമം തട്ടിയിരുന്നെങ്കിൽ അമ്മയ്ക്കത് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അതിന് ഇടവരാതെ അച്ഛൻ പോയതിൽ അമ്മ സന്തോഷിച്ചു. ഇനി ഞാൻ സഹിച്ചാൽ മതിയല്ലോയെന്ന് അമ്മ മനസ്സിൽ പറഞ്ഞു. വിഷമിച്ച് ചുരുണ്ടുകൂടിക്കിടന്നപ്പോൾ അമ്മ അച്ഛനെ ഒരുനോക്കു കാണാൻ കൊതിച്ചു. ഞാനുംകൂടി പോരില്ലായിരുന്നോ, എന്നെ ഒറ്റയ്ക്കിട്ട് പോയില്ലേയെന്ന് അമ്മ പരിഭവംകൊണ്ടു.

Read also: അറുപതാം പിറന്നാളിന് ലഭിച്ച സമ്മാനം കണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി...

വലിയ കെട്ടിടത്തിന്റെ വിശാലമായ പൂമുഖത്തിരുന്ന് തമ്മിൽത്തല്ലിയും തലകീറിയും ഒടുവിൽ മക്കൾ ഒരു തീരുമാനത്തിലെത്തി. ഞങ്ങൾക്കാർക്കും അമ്മയെ വേണ്ടായെന്ന തീരുമാനത്തിൽ അവർ ഒന്നിച്ച് ഉറച്ചുനിന്നു. അമ്മയും അച്ഛനുംകൂടി പാടുപെട്ട് ഉണ്ടാക്കിയതായിരുന്നു ആ വീട്. ആ വീട്ടിൽ ആറു കിടപ്പുമുറികളുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും അഞ്ചു മക്കൾക്കും സുഖമായി താമസിക്കാവുന്ന സൗകര്യങ്ങളുണ്ടായിരുന്നു. ഭാവി സ്വപ്നം കണ്ടായിരുന്നു അച്ഛനും അമ്മയും ആ വീടുണ്ടാക്കിയത്. മക്കളെല്ലാം കല്ല്യാണം കഴിച്ച് കുട്ടികളും പേരക്കുട്ടികളുമായി ആഹ്ലാദത്തോടെ ഒന്നിച്ചുകഴിയുന്നത് അവർ സ്വപ്നം കണ്ടിരുന്നു. മക്കൾക്കെല്ലാം അവരുടേതായ സ്വപ്നങ്ങളുണ്ടെന്നും അവരെല്ലാം പറന്നുപോകുമെന്നും അറിയാഞ്ഞിട്ടല്ല. അച്ഛന്റെയും അമ്മയുടേയും ഭാഗത്തുനിന്ന് ഒരു നോട്ടപ്പിശകുണ്ടാകരുതെന്ന് അവർ ആഗ്രഹിച്ചു. അതിനുവേണ്ടി കടം വാങ്ങിയും ഉള്ളതെല്ലാം എടുത്തും വിറ്റും വലിയൊരു വീടുപണിതു. നാട്ടുകാരും വീട്ടുകാരും അതുകണ്ട് അന്തംവിട്ടു. കുട്ടിക്കാലത്ത് അഞ്ചുമക്കളും അച്ഛനും അമ്മയും ഒന്നിച്ചുകിടന്നുറങ്ങുന്ന വിശാലമായ ഒരു മുറിയുണ്ടായിരുന്നു. അതായിരുന്നു പിൽക്കാലത്ത് അമ്മയ്ക്കും അച്ഛനും വേണ്ടി മാറ്റിവച്ചിരുന്ന മുറി. ആ മുറിയിൽ കിടന്ന് അമ്മ അതെല്ലാം കേട്ടു; മക്കൾ അമ്മയെ അത്രമാത്രം വെറുത്തുകഴിഞ്ഞോയെന്ന് അമ്മ ഉള്ളുനൊന്തു. 

ഈ നിമിഷം എന്നെ അങ്ങട് എടുത്തിരുന്നെങ്കിൽ എന്ന് അമ്മ പ്രാർഥിച്ചു. അപ്പോൾ മക്കൾക്കുണ്ടാകുന്ന സന്തോഷം അമ്മ മനസ്സിൽ കണ്ടു. അടുത്ത നിമിഷം അമ്മ അങ്ങനെ ചിന്തിച്ചതിൽ വിഷമം കൊണ്ടു. മക്കൾക്ക് അങ്ങനെ അമ്മയെ വെറുക്കാൻ കഴിയില്ലല്ലോ എന്നമ്മ സമാധാനിച്ചു. അങ്ങനെ മക്കളെക്കുറിച്ച് ചിന്തിച്ചതുതന്നെ തെറ്റായിപ്പോയെന്ന് ഹൃദയംപൊട്ടി. അമ്മ, കുട്ടിക്കാലത്ത് ഓരോരുത്തരേയും കഷ്ടപ്പെട്ടു വളർത്തിയതോർത്തു. അമ്മയ്ക്കപ്പോൾ കുഞ്ഞുങ്ങളോട് വാത്സല്യം തോന്നി. ആ വാത്സല്യത്തിൽമുങ്ങി അമ്മ കിടക്കേ അമ്മേ എന്ന വിളി വളരെ സ്നേഹത്തോടെ അമ്മ കേട്ടു. അമ്മ ഒരു സ്നേഹക്കുളിരോടെ കണ്ണുതുറന്നു. അമ്മയുടെ മുന്നിൽ മക്കളെല്ലാവരും ചിരിച്ചുകൊണ്ടുനിൽക്കുന്നത് ആഹ്ലാദത്തോടെ അമ്മ കണ്ടു. ശരീരത്തിന്റെ തളർച്ച വകവയ്ക്കാതെ മക്കളേ എന്നു വിളിച്ചുകൊണ്ട് അമ്മ ചാടിയെഴുന്നേറ്റു. മക്കളിൽ ചിലർ അമ്മയുടെ തൊട്ടടുത്ത് കട്ടിലിൽ ഇരുന്നു. ചിലർ അമ്മയോടു ചേർന്നുനിന്നു. അമ്മയ്ക്ക് ഇതിൽപ്പരം സന്തോഷത്തിന് ഇനി എന്തുവേണം. അമ്മ ഉള്ളാലെ അച്ഛനെ സ്മരിച്ചു. കണ്ടോ മക്കളുടെ സ്നേഹം കണ്ടോ. ഇപ്പോൾ സമാധാനമായില്ലേ. അമ്മ ഉള്ളിൽ ചിരിച്ചുകൊണ്ട് ചോദിച്ചു. ഇനിയവിടെ സമാധാനമായിട്ടിരുന്നോ ഞാൻ വരുന്നവരെ. അമ്മ നിറഞ്ഞ കുളിരോടെ പറഞ്ഞു. 

Read also: അമ്മയുടെ മരണവിവരം അറിയിച്ചുകൊണ്ട് ചേച്ചിയുടെ ഫോൺകോൾ...

മക്കൾ ഓരോരുത്തരായി അമ്മയോടു ചോദിച്ചു: 'അമ്മയുടെ ഇഷ്ടം എന്താ, ആരുടെ കൂടെ താമസിക്കണംന്നാ.' അമ്മയ്ക്ക് എല്ലാവരും ഒരുപോലെയായിരുന്നു. ആരുടെ കൂടെ താമസിക്കുന്നതും അമ്മയ്ക്കിഷ്ടമായിരുന്നു. അമ്മ അത് തുറന്നു പറഞ്ഞു. മക്കൾ അതുകേട്ട് സന്തോഷത്തോടെ നിൽക്കുന്നതുകണ്ടപ്പോൾ അമ്മയുടെ സന്തോഷം ഇരട്ടിച്ചു. അമ്മയുടെ സന്തോഷത്തിന് ഞങ്ങൾ എതിരുനിൽക്കില്ല മക്കൾ പറഞ്ഞു. അമ്മയുടെ സന്തോഷം തന്ന്യാ ഞങ്ങളുടേം സന്തോഷം. ആദ്യം ആരുടെ കൂടെ നിൽക്കണമെന്ന് അമ്മ തീരുമാനിച്ചോ. അമ്മയ്ക്ക് വിഷമമായി. ഒരാളെപ്പറഞ്ഞാൽ മറ്റെയാൾക്ക് വിഷമമാവില്ലേയെന്ന് അമ്മ ചിന്തിച്ചു. അതുകൊണ്ട് അമ്മ മൗനം പൂണ്ടു. മക്കൾ ആകാംക്ഷയോടെ കാത്തുനിന്നു. 'പറയ് അമ്മേ പറയ്...' മക്കൾ നിർബന്ധിച്ചു. അമ്മയ്ക്ക് നാവുപൊന്തിയില്ല. അമ്മ ധർമ്മസങ്കടത്തിലായി. 'എന്നാൽ ഞാനൊരു കാര്യം പറയാം' മൂത്തമകൻ പറഞ്ഞു. 'അമ്മ കുറേനാൾ എന്റെ കൂടെ നിൽക്കട്ടെ. അമ്മയ്ക്ക് കുറച്ചുനാൾ മാറി നിൽക്കണമെന്നു തോന്നിയാൽ രണ്ടാമത്തവന്റെ കൂടെ നിൽക്കാം, അങ്ങനെ മാറിമാറിനിൽക്കാം. എന്താ.' 

'എന്റെ കൂടെ ആദ്യം നിൽക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാലും സാരംല്യ. ചേട്ടൻ പറഞ്ഞതുപോലെ നടക്കട്ടെ. അതാ അതിന്റെ ശരി' രണ്ടാമൻ പറഞ്ഞു. മറ്റുള്ളവരും അതു ശരിവച്ചു. അമ്മയ്ക്കു സമാധാനമായി. വലിയൊരു സങ്കടത്തിൽ നിന്നും അമ്മ രക്ഷപ്പെട്ടു. ആരുടേയും പേരു പറയേണ്ടിവന്നില്ല അമ്മയ്ക്ക്. മക്കളുടെ സ്നേഹവും ഐക്യവും സന്തോഷവും കണ്ടപ്പോൾ അമ്മയ്ക്കും സന്തോഷം അടക്കാനായില്ല. പ്രത്യേകിച്ചും മൂത്തവന്റെ സന്തോഷം ഒന്നെടുത്തുപറയേണ്ടതായിരുന്നു. വീട് ഭാഗം വച്ചപ്പോൾ അവനാണ് കിട്ടിയത്. അവനതുവേണ്ടെന്നു പറഞ്ഞ് മറ്റാർക്കുവേണമെങ്കിലും കൊടുക്കാൻ തയാറായിരുന്നു. മറ്റുള്ളവർക്കതു വേണ്ടായിരുന്നു. അവർക്ക് പറമ്പു മതിയായിരുന്നു. അതാകുമ്പോൾ എപ്പോൾ വേണമെങ്കിലും വിൽക്കാമല്ലോ. വീടങ്ങനെ വിൽക്കാൻ പറ്റില്ലല്ലോ. അച്ഛന്റേം അമ്മേടേം കാലം കഴിയേണ്ടേ. അതുകൊണ്ട് ആർക്കും വീടിനോട് താൽപ്പര്യം തോന്നിയില്ല. അതു പലരും അന്നു തുറന്നു പറഞ്ഞു. മൂത്തവൻ അതു നോക്കിയില്ല. അച്ഛനും അമ്മയും സമ്മതിച്ചാൽപ്പോലും ഞാനതു വിൽക്കില്ലെന്നവൻ പറഞ്ഞു. മൂത്തവന് അച്ഛനോടും അമ്മയോടും അൽപം സ്നേഹക്കൂടുതലുണ്ടോയെന്ന് സംശയം തോന്നിയ നിമിഷമായിരുന്നു അത്. അച്ഛനും അമ്മയും അത് അടക്കംപറയുകയും ചെയ്തു. ആ സംശയം ഇപ്പോൾ ശരിയായിരിക്കുന്നുയെന്ന് അമ്മയ്ക്കുതോന്നി. 

Read also: പെൺകുട്ടിയുമായി അടുപ്പത്തിലായി, പുറത്തു വന്നത് കൊലപാതകത്തിന്റെ രഹസ്യം...

യാത്ര. നീണ്ടയാത്ര.. അമ്മയ്ക്കു സങ്കൽപ്പിക്കാവുന്നതിലും അപ്പുറത്തേക്കുള്ള യാത്ര.. മകന്റെ വീട്ടിലേക്കുള്ള ഈ യാത്രയിൽ ഓരോ നാടുകളും കടന്ന് കടന്ന് പോകുമ്പോൾ അമ്മയ്ക്ക് ജന്മനാടിന്റെ വേരറ്റുപോകുന്നതുപോലെ തോന്നി. വലിയൊരു സങ്കടം അമ്മയുടെയുള്ളിൽ എവിടെയൊക്കെയോ നിറയുന്നതുപോലെ. വേണ്ടായിരുന്നു. ഒറ്റയ്ക്കാണെങ്കിലും സ്വന്തം വീട്ടിൽത്തന്നെ കിടന്നാൽ മതിയായിരുന്നു. ദിക്കുംമുക്കും തിരിച്ചറിയാനാവാത്തൊരു യാത്രയിൽ വേർതിരിച്ചെടുക്കാനാവാത്തൊരു അസ്വസ്ഥതയോടെ അമ്മ ഇരുന്നു. മകനാണെങ്കിൽ വലിയൊരാഹ്ലാദത്തോടെ പഴയ ഓരോ കാര്യങ്ങൾ പറഞ്ഞ് കത്തിക്കയറുകയാണ്. അവന്റെ ആഹ്ലാദം കണ്ടിട്ട് അമ്മയ്ക്ക് വന്നത് നന്നായിയെന്നും തോന്നി. കണ്ണിൽകുത്തുന്ന ഗംഭീരകെട്ടിടങ്ങൾക്കിടയിലൂടെ.. ഹൃദയം ഞെരുക്കുന്ന വലിയ തിരക്കുകൾക്കിടയിലൂടെ.. അമ്മയ്ക്കു ചിന്തിക്കാൻ പോലും പറ്റാത്തൊരു ലോകത്തിലൂടെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. അമ്മേ.. നമുക്കൊരു ചായ കുടിച്ചാലോ. മകൻ ചോദിച്ചു. അമ്മയ്ക്ക് ആശ്വാസമായി. ഒരു ചായകുടിക്കണമെന്നു തോന്നിത്തുടങ്ങിയിട്ട് കുറേ നേരമായി. മകനോടതു പറഞ്ഞാലോയെന്നമ്മ പലവട്ടം ചിന്തിച്ചു. എന്തായെന്നറിയില്ല അമ്മയ്ക്കതു പറയാൻ തോന്നിയില്ല. ഒരുപക്ഷേ, യാത്ര തുടങ്ങിയതിനുശേഷം അമ്മയുടെ ഓരോ ആവശ്യങ്ങളും യഥാസമയം, അമ്മ പറയാതെതന്നെ മകൻ അറിഞ്ഞ് സാധിച്ചുകൊടുത്തതുകൊണ്ടായിരിക്കാം. യാത്ര തുടങ്ങിയതിൽപ്പിന്നെ, അമ്മയിൽ എവിടെ നിന്നെന്നറിയാത്ത ഒരു സങ്കുചിത മനോഭാവം മുളച്ചുപൊന്തുന്നത് അമ്മ അറിഞ്ഞു. അമ്മയിൽനിന്നു മകൻ വളരെ അകലെയാണോന്നൊരു തോന്നൽ. യാത്രയുടെ നീളം വർധിക്കുന്തോറും മകൻ വളർന്നു വളർന്ന് അമ്മയുടെ കൈയ്യെത്താദൂരത്തിനപ്പുറം വേറൊരാളായിപ്പോകുന്നോ... എന്നാൽ മകൻ അങ്ങനെയൊന്നുമായിരുന്നില്ല. അമ്മയോട് കുട്ടിക്കാലത്തെന്നപോലെ സ്നേഹം കാണിച്ച്...

ഇത്രയും വിശാലവും ഗംഭീരവുമായ ഒരു ഹോട്ടൽ അമ്മ ആദ്യമായിട്ടാണ് കാണുന്നത്. അതിന്റെ മാസ്മരികലോകത്തിലേക്ക് കണ്ണുനട്ട് അമ്മ പകച്ചുനിന്നു. ചായകുടി കഴിഞ്ഞ് നല്ലൊരു ഉഷാറോടെ പുറത്തിറങ്ങിയപ്പോൾ മകൻ ചോദിച്ചു: നമ്മുടെ ഠ വട്ടത്തിലുള്ള ഗ്രാമത്തിൽനിന്നും അമ്മ ആദ്യമായീട്ടല്ലേ പുറംലോകത്തേക്കിറങ്ങുന്നത്. അമ്മ മകനെ നോക്കി ചിരിച്ചു. അമ്മ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു യാത്ര അല്ലേ. അമ്മ എന്റെ കൂടെ വരണമെന്ന് എത്രയോനാളായി ഞാൻ ആഗ്രഹിച്ചതാണെന്നറിയാമോ. ഇപ്പോഴെങ്കിലും അതു സാധിച്ചല്ലോ. അച്ഛനും കൂടിയുണ്ടായിരുന്നെങ്കിൽ നല്ല രസമായേനേ. മകന്റെ സന്തോഷം കണ്ട് അമ്മയുടെ ഉള്ളു നിറഞ്ഞു. അച്ഛനെയോർത്തപ്പോൾ വലിയോരു സങ്കടവും നിറഞ്ഞു. സ്വർഗ്ഗത്തിലൂടെയെന്നപോലെ, അമ്പരപ്പിക്കുന്ന കാഴ്ചകൾ കണ്ട് അമ്മ ആഹ്ലാദത്തോടെ മകന്റെ കൈപിടിച്ചു നടന്നു. വൻതിരക്കിലൂടെ എങ്ങോട്ടാണു പോകുന്നതെന്ന് മകൻ ആദ്യം അമ്മയോടു പറഞ്ഞില്ല. ഏറെ നിർബന്ധിച്ചപ്പോൾ മകൻ കുട്ടിക്കാലത്തെന്നപോലെ കൊഞ്ചിപ്പറഞ്ഞു 'ഛെ അമ്മ സസ്പെൻസ് കളയുകയാണ്. എന്നാലും ഞാൻ പറയാം. അമ്പലത്തിലേക്ക്. എന്താ അമ്മയ്ക്ക് സന്തോഷമായോ..' അമ്മയ്ക്ക് മകനെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻതോന്നി. മനസ്സിൽ ആഗ്രഹിച്ചതേയുള്ളു, അമ്മ, ഇപ്പോൾ, അമ്പലത്തിൽപോയി മനസ്സു നിറഞ്ഞൊന്നു പ്രാർഥിക്കണമെന്ന്. അപ്പോഴേക്കും ഇതാ മകൻ അതു സാധിച്ചുതരുന്നു. ദൈവമേ എന്നമ്മ വിളിച്ചുപോയി. 

നാട്ടിലെ ഒരുത്സവത്തിനും ഇത്രമാത്രം തിരക്ക് അമ്മ കണ്ടിട്ടില്ല. ശ്വാസംമുട്ടുന്ന തിരക്ക്. എങ്കിലും ഭഗവാനെ ഒരുനോക്ക് കാണാമല്ലോയെന്ന സന്തോഷത്തിൽ അമ്മ നടന്നു. മകൻ അമ്മയുടെ കൈയ്യിൽ നിന്നും പിടിവിടാതെ മുറുകെ പിടിച്ചു. സൂക്ഷിച്ച് സൂക്ഷിച്ചെന്ന് അമ്മയെ വളരെ ശ്രദ്ധിച്ചു. എനിക്കൊട്ടും ഇഷ്ടമല്ല ഇത്രയും തിരക്കിൽ വരാനെന്ന് മകൻ പറഞ്ഞു. ഇതിപ്പോ അമ്മ തൊഴുതോട്ടെയെന്നു വിചാരിച്ചാ.. എത്ര തിരക്കിലും രക്ഷിക്കുന്നൊരു കവചംപോലെ മകൻ നിന്നു. ഭംഗിയായി തൊഴുതു ഭഗവാനെ അമ്മ. സന്തോഷംകൊണ്ട് അമ്മയുടെ കണ്ണു നിറഞ്ഞു. ഈ ജന്മം അമ്മയ്ക്ക് സഫലമായി. പെട്ടെന്നാണതു സംഭവിച്ചത്. എവിടെനിന്നോ വലിയൊരു തിരക്കു വന്നു. എല്ലാം തകിടംമറിക്കുന്നൊരു തിരക്ക്. ആ തിരക്കിൽ അമ്മ മകന്റെ പിടുത്തംവിട്ട് എങ്ങോട്ടോ ഒഴുകിപ്പോയി. മകൻ അന്തംവിട്ടുനിന്നു എന്തു ചെയ്യണമെന്നറിയാതെ. തിരക്കിന്റെ മഹാസമുദ്രത്തിൽ എവിടെയൊക്കെയോ മകൻ അമ്മയെയും അമ്മ മകനെയും അന്വേഷിച്ചുനടന്നു. നടുക്കടലിൽ മുങ്ങുന്ന നിലയിലായിരുന്നു അമ്മ. അറിയാത്ത ഭാഷയുടെ അപാരമായ ശൂന്യത അമ്മയെ വലച്ചു. ദിക്കുംമുക്കും പിടികിട്ടാതെ വലിയൊരു കണ്ണുനീരായി അമ്മ നിലത്തുവീണു. അമ്മയെ അന്വേഷിച്ചു തളർന്ന മകൻ, ഒടുവിൽ സഹോദരങ്ങളെ വിളിച്ചു. ആദ്യം വിവരം അറിഞ്ഞവൻ ആകാംക്ഷയോടെയും സങ്കടത്തോടെയും ചേട്ടനോടു ചോദിച്ചു: 'എന്നിട്ട് ചേട്ടൻ അവിടെയൊക്കെ ശരിക്കുനോക്കാതെ പോന്നോ..?' 'ഉവ്വ്' 'അതെന്താ.' 'അതോ. അത് എനിക്കും നിങ്ങൾക്കുമൊന്നും അമ്മയെ വേണ്ടാഞ്ഞിട്ട്..' അപ്പുറത്തുനിന്നൊരു കൂട്ടച്ചിരി വന്നു. ഇപ്പുറത്ത് ചേട്ടനും ചിരിച്ചു. ചേട്ടൻ പറഞ്ഞു 'പിന്നേ. ഞാൻ വളരെ വിദഗ്ധമായി അമ്മയെ കളഞ്ഞിട്ടുണ്ട്. അമ്മയെ കളയാൻവേണ്ടി മറ്റു മക്കളോട് ക്വട്ടേഷൻ വാങ്ങുന്ന ലോകത്തെ ആദ്യ മകനായിരിക്കും ഞാൻ. ഹ.. ഹ.. ഹ.. ഇനി, നിങ്ങൾ എനിക്കു തരാമെന്നേറ്റ ക്വട്ടേഷൻ തുക വീതിച്ചെടുത്ത് എത്രയും പെട്ടെന്ന് തരണം. ഇല്ലെങ്കിൽ...'

Content Summary: Malayalam Short Story ' Makkal ' Written by Jayamohan Kadungalloor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com