'നിന്റെ ഓർമ്മയിൽ ഞാൻ', രാത്രി വണ്ടിയിൽ വരുന്ന വഴി ആ കാഴ്ച കണ്ട് അത്ഭുതപ്പെട്ടു പോയി
Mail This Article
സിനിമ കണ്ടുകഴിഞ്ഞ് രാത്രിയിൽ തനിച്ച് കാറോടിച്ച് വരുമ്പോഴാണ് സ്കൂളിനടുത്തുള്ള റോഡരികിലെ പറമ്പിൽ പുല്ലാഞ്ഞികൾ ആകെ പൂത്തുലഞ്ഞു നിൽക്കുന്നത് കണ്ടത്. കാർ അരികു ചേർത്തു നിർത്തി ആ സുഗന്ധമാസ്വദിച്ച് അൽപനേരമിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ മുതൽ വല്ലാത്തൊരു നഷ്ടബോധം തോന്നുന്നുണ്ടായിരുന്നു. ആരെയൊക്കെയോ ഒഴിവാക്കിയ പോലെ.. ജീവിതത്തിലാകെ ഒറ്റപ്പെട്ടുപോയതു പോലെ.. നിലാവുള്ള രാത്രിയിൽ അന്നാദ്യമായി ഈ പൂക്കൾക്ക് വശ്യഭംഗി തോന്നിയ നിമിഷം, നിന്റെ പ്രണയം ഭ്രാന്തമായ് പൂത്തുനിൽക്കും പോലെ.. ഒരത്ഭുതം കാണിച്ചു തരാമെന്നു പറഞ്ഞ് നിന്റെ വീടിനടുത്തുള്ള പുല്ലാഞ്ഞിക്കാടു കാണാൻ കൊണ്ടു പോയത്.. ഇവിടെയെന്താണിത്ര കാണാൻ എന്നോർത്ത് ഞാനമ്പരന്നു നിന്നത്.. ഇതൊന്നു മണത്തു നോക്കൂ എന്ന് പറഞ്ഞ് നീയെനിക് ഒരു വലിയ പൂങ്കുല പൊട്ടിച്ചു തന്നത്, അതിലെ കട്ടുറുമ്പുകളെ കണ്ട് ഞാനത് ദൂരേക്ക് വലിച്ചെറിഞ്ഞു കളഞ്ഞത്..
റോസിനും, ഓർക്കിഡിനും, മുല്ലയ്ക്കുമൊന്നുമില്ലാത്ത എന്തു മാസ്മരികഗന്ധമാണ് ഈ കാട്ടുപൂക്കൾക്ക്, അന്നെനിക്കത് എത്ര ആലോച്ചിച്ചിട്ടും മനസ്സിലായതേയില്ലാ.. ഈ പൂക്കളെപ്പോലെ നീയും എത്ര പഴഞ്ചനാണെന്ന് ചിന്തിച്ചു തുടങ്ങിയപ്പോൾ നമുക്കിടയിലെ അകലം കൂടി വന്നത്.. നിന്റെ പഴഞ്ചൻ സ്വഭാവം കൊണ്ട് ഞാൻ നിന്നെ കൂടുതൽ, കൂടുതൽ വെറുത്തത്.. റാമിനൊപ്പം ഹണിമൂൺ ആഘോഷത്തിന്നിടെ ഹൗസ് ബോട്ടിൽ പോകുമ്പോൾ ഏതോ തീരത്തുനിന്നും പൊഴിഞ്ഞു വീണ് പുഴയിലൂടൊഴുകിപ്പോകുന്ന പുല്ലാഞ്ഞിപ്പൂക്കൾ കണ്ട് ഞാൻ മുഖം തിരിച്ചത്.. ബിനാലെയിലെ എക്സിബിഷനിൽ പേർഷ്യൻ ബ്ലൂ പശ്ചാത്തലത്തിൽ ബ്ലഡ് റെഡിൽ തീർത്ത ‘റംഗൂൺ ക്രീപ്പർ’ എന്ന പെയ്ന്റിംഗിൽ നിന്റെ പുല്ലാഞ്ഞികൾക്ക് എന്തോ ഭംഗി തോന്നിയ നിമിഷം! റാമെന്നെ ഉപേക്ഷിച്ച് പോയിട്ട് അന്നേക്ക് ഒരുമാസമായിക്കാണും.. പിന്നെ വീണ്ടുമെവിടെയൊക്കെയോ എന്റെ വഴികളിൽ പുല്ലാഞ്ഞിപ്പൂക്കൾ നിന്റെയോർമ്മകളുമായി പൂത്തു നിന്നിരുന്നു.
കാറിന്റെ ഡോർ തുറന്ന് പുല്ലാഞ്ഞികൾക്കിടയിലേക്കിറങ്ങുമ്പോൾ നിന്നെപ്പോലെ എന്നെ മറ്റാരും സ്നേഹിച്ചിട്ടില്ലായെന്ന് എന്നെ പൊതിഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു; പുല്ലാഞ്ഞികളുടെ വശ്യഗന്ധം... നിനക്ക്, നിന്റെ പ്രണയത്തിന്, എന്നെത്തൊടാൻ ഈ പൂക്കളേക്കാൾ മനോഹരമായ മറ്റൊരു ഭാഷയില്ലായിരുന്നു എന്ന് തിരിച്ചറിയാൻ ഏറെ വൈകിപ്പോയവളാണു ഞാൻ.. റോഡിലേക്കിറങ്ങി ഏതെങ്കിലുമൊരു വണ്ടിയിടിച്ച് ഈ പുല്ലാഞ്ഞിപ്പൂക്കളിൽ മറ്റൊരു വസന്തമെൻ ചോരയാൽ തീർത്ത് നിനക്ക് പ്രണയോപഹാരമാകുവാൻ കൊതിച്ച് അൽപനേരം നിന്നു. പിന്നെ എല്ലാം വെറും തോന്നലെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു.. എന്നത്തേയും പോലെ.. തിരികെ കാറിൽ കയറുമ്പോഴും പുല്ലാഞ്ഞിക്കാട്ടിൽ നിന്ന് നീയെന്നെ നോക്കുന്നുണ്ടെന്ന് മനസ്സു പറഞ്ഞു. എങ്കിലും തിരിഞ്ഞു നോക്കിയില്ല എന്നത്തേയുമെന്ന പോലെ.. ഒരു ഞെട്ടിൽ വിടർന്ന് പിരിയാൻ വയ്യാതെ കൊഴിഞ്ഞു വീണ രണ്ടു പുല്ലാഞ്ഞിപ്പൂക്കളായിരുന്നു ഈ ജന്മത്തിലെ അവളും, അവനുമെന്ന കഥ നിലാവപ്പോൾ പുല്ലാഞ്ഞിപ്പൂക്കൾക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു...
Content Summary: Malayalam Short Story ' Ormakkadukal Poothappol ' Written by Divyalakshmi