ADVERTISEMENT

അയൽവാസിയുടെ വീട്ടിൽ പൊരിഞ്ഞ വഴക്ക് നാട്ടുകാർക്കെല്ലാം കേൾക്കാൻ പാകത്തിന് ഉച്ചത്തിലായതിനാൽ ഞാനും ശ്രവിച്ചു, അല്ലെങ്കിലും എന്നെ പോലുള്ളവരുടെ ദുശ്ശീലങ്ങളിലൊന്നാണല്ലോ അയൽപക്കത്തെ പ്രശ്നങ്ങളറിയുക എന്നത്, കാത് കൂർപ്പിച്ചപ്പോ ഭർത്താവിന്റെ അവിഹിതങ്ങളെ ഒന്നൊന്നായി ഭാര്യ വർണ്ണിക്കുന്നു ഇതിന് മറുപടിയായി ഭാര്യയുടെ അവിഹിതങ്ങൾ ഭർത്താവും വർണ്ണിക്കുന്നു.. കാര്യങ്ങൾ കൈവിട്ടു പോവുമെന്ന സ്ഥിതിയായപ്പോൾ ഞാൻ ഇറങ്ങിചെന്ന് പ്രശ്നത്തിലിടപെട്ടു. രണ്ട് പേരും മെരുങ്ങാൻ ഉദ്ദേശമില്ല വർധിത വീര്യത്തോടെ അവിഹിതങ്ങളെല്ലാം പരസ്യപ്പെടുത്തി പോരാടുകയാണ്.. ഒരു കണക്കിന് രണ്ട് പേരേയും ശാന്തരാക്കി പ്രശ്നപരിഹാരത്തിന് വേണ്ടി മൂലകാരണമന്വേഷിച്ചപ്പോൾ ഭർത്താവിന്റെ ഫോണിലേക്ക് വന്ന ഒരു ഫോൺ കാളാണ് പ്രശ്നം. ഒരു പെണ്ണ് വിളിച്ചിട്ട് താനെടുത്തപ്പോ പേര് മാറ്റി പറഞ്ഞ് സോറി എന്ന് പറഞ്ഞ് ഫോൺ ഡിസ്കണക്ട് ആക്കിയെന്ന് ഭാര്യ. തന്റെ ഫോണിലേക്ക് വരുന്ന കോളുകൾ പരിശോധിക്കാൻ ഇവളാരെന്ന് ഭർത്താവ്.

ഒടുക്കം ഞാനൊരു നിർദേശം വെച്ചു. ആ കോൾ വന്ന നമ്പറിലേക്ക് എന്റെ ഫോണിൽ നിന്ന് ഞാൻ വിളിച്ച് കാര്യമന്വേഷിക്കാം. രണ്ട് പേരും ഒരു കണക്കിന് സമ്മതിച്ചു. അങ്ങനെ ഞാനാ ദൗത്യം ഏറ്റെടുത്ത് എന്റെ ഫോണിൽ നിന്ന് ലൗഡ് സ്പീക്കറിട്ട് അവര് രണ്ട് പേരും കേൾക്കേ വിളിച്ചു. അങ്ങേ തലക്കൽ ഫോണെടുത്തത് ഒരു യുവതി അവരുടെ സുന്ദരമായ ശബ്ദം ആദ്യം കേട്ട് ഞാൻ ഒന്ന് പതറി, ഇടം കണ്ണിട്ട് ദമ്പതികളെ നോക്കി "കൈ വിട്ടു പോകുമൊ ഭഗവാനെ" എന്ന ചിന്തയിൽ ഞാനിന്ന ആളുടെ സുഹൃത്താണ് അദ്ദേഹത്തെ താങ്കൾക്കറിയുമോ എന്ന് ഒറ്റ വാക്കിൽ പറഞ്ഞൊപ്പിച്ചു. "ഇല്ലാ" എന്നായിരുന്നു മറുപടി. അപ്പോൾ താങ്കൾ കുറച്ച് മുമ്പ് വിളിച്ചതോ എന്ന എന്റെ ചോദ്യം അവരെ അമ്പരിപ്പിച്ചു "ഞാനോ" എന്നായിരുന്നു മറുപടി.. വിളിച്ച സമയം കൃത്യമായി പറഞ്ഞപ്പോ ഒരു പൊട്ടിച്ചിരിയായിരുന്നു. ഒരു നമ്പർ മാറി വിളിച്ചു പോയതാണെന്നും ആ ഫോൺ എടുത്ത സ്ത്രീ തന്നെ കുറ്റവിചാരണ ചെയ്ത കാര്യവും നർമ്മത്തോടെ അവതരിപ്പിച്ചു, ഞാനിത് കേട്ട് അറിയാതെ ചിരിച്ചു പോയി. ദീർഘനിശ്വാസത്തോടെ ദമ്പതികളെ നോക്കിയപ്പോൾ അവരുടെ മുഖത്ത് മ്ലാനത.. രഹസ്യങ്ങളെല്ലാം പുറത്തായ ചമ്മലിൽ ഭൂമി പിളർന്ന് താഴോട്ട് പോയെങ്കിൽ എന്ന മുഖഭാവമായിരുന്നു അവരിൽ തെളിഞ്ഞ് നിന്നിരുന്നത്.

പ്രശ്നങ്ങളെല്ലാം സോൾവാക്കി വീട്ടിലെത്തിയപ്പോൾ മുഖം വീർപ്പിച്ച് മറ്റൊരാൾ വീട്ടിൽ കാത്തു നിൽപ്പുണ്ടായിരുന്നു. എന്റെ പ്രിയതമ മറ്റൊരു അങ്കത്തിന് കളം കുറിക്കാൻ. "ആ പെണ്ണിനെ എന്തിന് നിങ്ങളുടെ ഫോണിൽ നിന്ന് വിളിച്ചു, നിങ്ങളുടെ മനസ്സിലിരിപ്പ് കൊള്ളാലോ" വഴക്ക് അവസാനിക്കുന്നില്ല സംശയങ്ങളും.

Content Summary: Malayalam Short Story ' Ayalveettile Vazhakku ' Written by Abdul Hadi Arakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com