ADVERTISEMENT

വർഷം 1997, രാമപുരം അഗസ്ത്യാനോസ് കോളജിൽ ബിബിഎ ക്ക് പഠിക്കുന്ന കാലം. പഠനത്തിലുപരി ക്രിക്കറ്റു കളിയും ചീട്ടുകളിയുമാണ് ജീവിതത്തിൽ പ്രധാനപ്പെട്ടത് എന്ന് ഉറച്ചു വിശ്വസിക്കുന്ന നാല് ഭൂലോക തരികിടകൾ.. ഒരുമിച്ചിരുന്നു പഠിച്ചാലെ ശരിയാവൂ എന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് ആ നാലു പേർ ചക്കാമ്പുഴയിൽ വാടക വീട്ടിൽ താമസം.. രണ്ടാഴ്ച്ച കഴിഞ്ഞു തുടങ്ങുന്ന നാലാം സെമസ്റ്റർ പരീക്ഷക്ക്‌ പഠിച്ചതൊന്നും മറക്കാതിരിക്കാൻ ചെറിയ തുണ്ടു പേപ്പറിലാക്കി സൂക്ഷിച്ചു വച്ചിട്ട് അന്ന് വൈകുന്നേരം കുറച്ചുനേരം ചീട്ടുകളിക്കാനിരുന്നു.. ചീട്ടുകളി വാശി മൂത്തു.. പുറത്ത് തകർപ്പൻ മഴയും.. മഴക്കാറ് കണ്ടാൽ മതി കറന്റ് പോകുന്ന വഴി കാണില്ല അതാണ് നാട്ടുനടപ്പ്.. മെഴുക് തിരി വെളിച്ചത്തിൽ ചീട്ടുകളി തകർക്കുന്നു. സമയം പോകുന്നതറിയുന്നില്ല..

പാതിരാത്രിയും കഴിഞ്ഞ് 1.30 AM.. "അളിയാ പാലാ ന്യൂ തീയറ്റിൽ നല്ല സിനിമയാണെന്ന് കേട്ടു.. നാളെ പോയാലോ.?" ഒരുത്തന്റെ ആശയം അടുത്തവന്റെ വക മറുപടി വേഗം വന്നു: "നിന്റപ്പൻ കാശു കൊണ്ടു വച്ചിട്ടുണ്ടോടാ.. (ബാക്കി ഭാഗം ഊഹിച്ചെടുത്ത് പൂരിപ്പിക്കുക)" അങ്ങനെ ദാരിദ്ര്യം മറികടക്കാൻ പരസ്പരം തെറി പറഞ്ഞ് സമാധാനിക്കുമ്പോൾ പുറത്ത് നിന്നും ഒരു വിളി: "ചേട്ടാ.. ചേട്ടോ..?" ജനലിനു അടുത്തിരുന്നവൻ "അയ്യോ..." എന്ന് നിലവിളിച്ച് മുന്നോട്ടാഞ്ഞ് ഒരു ചാട്ടം.. ഉണ്ടായിരുന്ന മെഴുകുതിരിയും കൈ തട്ടി മറിഞ്ഞ് അണഞ്ഞു.. കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ട്...

കുറച്ചു നേരത്തേക്ക് ആരും മിണ്ടുന്നില്ല.. "അതാരാ അളിയാ ഈ പാതിരാത്രി പെരുമഴയത്ത്.. പോയി നോക്കടാ.." (ശബ്ദം താഴ്ത്തി ഒരു ധൈര്യവാൻ) "അയ്യടാ നിനക്ക് പോയാലെന്താ..." തർക്കം പിന്നെ അതിന്റെ പേരിലായി.. അവസാനം നാലുപേരും ഒരുമിച്ച് പോകാൻ തീരുമാനമായി.. (അന്നും ഞങ്ങൾക്ക് നല്ല ധൈര്യമായിരുന്നു.. അല്ല പിന്നെ..) പുറത്ത് രണ്ട് പേർ, ഒരാൾ പറഞ്ഞു "മക്കളേ ഞങ്ങടെ ലോറി താഴെ റോഡിലെ ചെളിയിൽ താഴ്ന്നു.. ഫുൾ ലോഡാ ഒന്ന് ഇറക്കാൻ സഹായിക്കാമൊ?" പരസ്പരം നോക്കി.. (കുറച്ചു നേരത്തേക്ക് ഞങ്ങൾ സ്വയം മഹാദേവനും, അപ്പുക്കുട്ടനും, തോമസു കുട്ടിയും ഗോവിന്ദൻകുട്ടിയുമായി)

കൂട്ടത്തിലെ മഹാദേവൻ വേഗം ചോദിച്ചു: "സഹായിക്കാം പക്ഷെ ഞങ്ങൾക്കെന്ത് കിട്ടും.." വന്നവർ എന്തോ രഹസ്യമായി സംസാരിച്ചിട്ട് പറഞ്ഞു: "800 രൂപാ വച്ച് ഒരാൾക്ക് തരാം" നാലുപേരുടെ മനസ്സിലും ലഡു പൊട്ടി.. പാലാ ന്യൂ തിയറ്ററിൽ സിനിമ, കോഫി ഹൗസിൽ ഫുഡ്... ആഹാ പൊളിക്കും.. പൊരിഞ്ഞ മഴയത്ത് ഫുൾ ലോഡിറക്കി.. 4 പേർക്ക് 3200 രൂപ (അന്നത്തെ കാലത്ത് അതൊരു വലിയ തുകയാണ്)

പിറ്റേന്ന് ആദ്യം ന്യൂ തീയറ്ററിലേക്ക്.. "അളിയാ പടം മാറി ഇതൊരു ഹിന്ദി സിനിമയാ... ബോർഡർ" (അങ്ങനെ അതും ഹുദാ.. ഹവാ) പിന്നെ ഭക്ഷണം കഴിക്കലും ആഘോഷവും ഒക്കെ കഴിഞ്ഞ് വീട്ടിലെത്തി.. "ഒരു പനിയുടെ ലക്ഷണം ഇല്ലേന്നൊരു സംശയം.." തോമസുകുട്ടി വക കമന്റ്. "ഉം നല്ല ശരീര വേദനയും..." ഗോവിന്ദൻകുട്ടി. "ഇതൊക്കെ ഒന്നുറങ്ങിയെണീറ്റാൽ ശരിയാകും..." അപ്പുക്കുട്ടൻ. "എന്തോ പന്തികേടുണ്ടല്ലോ.." മഹാദേവൻ (ആത്മഗതം). 

അടുത്ത രംഗം: പാലാ ചെറുപുഷ്പം ഹോസ്പിറ്റൽ ഡിസ്ചാർജ്ജ് വാങ്ങി അവശരായി നാലു ചെറുപ്പക്കാർ.. "എന്തു ബഹളമാരുന്നു ഒരാൾക്ക് 800, എല്ലാ ആഘോഷവും കഴിഞ്ഞ് 550 മിച്ചം.. ഇതിപ്പൊ ആശുപത്രി ബില്ലും കൂടി കൂട്ടി ഒരാൾക്ക് ചെലവ് 750.. മിച്ചം 50... നല്ല ലാഭം.." "അതിപ്പോ പനി വരുമെന്ന് ഞാനോർത്തോ.." അടുത്ത തർക്കവും വഴക്കുമായി നാലു പേർ നടക്കുന്നു.. പശ്ചാത്തല സംഗീതമായി ഒരു പാട്ടും : " സന്ദേശേ ആത്തേ ഹൈ..."

Content Summary: Malayalam Short Story ' Oru Pareekshakaalathinte Orma ' Written by Jomon John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com