വാഴയൂർ മലകളുടെ മനോഹാരിത
Mail This Article
മലപ്പുറം ജില്ലയുടെ പടിഞ്ഞാറ് ഭാഗത്തെ മനോഹരമായ ഒരിടമാണ് വാഴയൂർ. ചുറ്റും ഉയർന്ന് നിൽക്കുന്ന മലകൾ. പ്രകൃതി ആസ്വാദകർക്ക് പ്രിയപ്പെട്ട ഇടം. വാഴയൂർ മലകളിൽ വൈകുന്നേരങ്ങളിൽ ധാരാളം സന്ദർശകർ എത്തുന്നത് പതിവ് കാഴ്ച്ചയാണ്. പച്ച ഉടുപ്പിൽ തിളങ്ങി നിൽക്കുന്ന ഈ മനോഹരിയെ മഞ്ഞു കാലങ്ങളിൽ കാണുവാൻ കൂടുതൽ ഭംഗിയാണ്. കോടമഞ്ഞിന്റെ വശ്യതയിൽ അലിഞ്ഞിരിക്കുവാൻ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും അനേകം പേർ എത്താറുണ്ട്. എങ്കിലും പ്രകൃതി ഭംഗി തേടി അകലങ്ങളിലേക്ക് യാത്രയാവുന്ന പലരും ഈ നാട്ടു സുന്ദരിയെ മറന്നു പോവാറുണ്ട്.
മഞ്ഞുകാലത്തെ പ്രഭാതങ്ങൾ നയന വിസ്മയങ്ങൾ തീർക്കുന്ന വാഴയൂർ മലകൾ കോടകളാൽ നൃത്തം വെയ്ക്കുന്നത് കാണുവാൻ പ്രകൃതി സ്നേഹികൾ കാത്തിരിക്കാറുണ്ട്. ആ കാഴ്ച്ച ഒരിക്കൽ കണ്ടവർ വീണ്ടും വീണ്ടും ആ രമണീയത തേടി എത്താറുമുണ്ട്. ആരും കടന്നു ചെല്ലുവാൻ ഭയന്നിരുന്ന ഭൂതകാലങ്ങളിൽ നിന്ന് വിഭിന്നമായി ഇന്ന് സ്വകാര്യ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും കെട്ടിടങ്ങളും തട്ടുകടകളും ചേർന്ന് പരിസരം സന്ദർശകർക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ കുടുംബ സമേതം ധാരാളം പേർ എത്തുന്നു.
മിനി ഊട്ടി എന്നറിയപ്പെടുന്ന അരിമ്പ്രമല പോലെ വാഴയൂർ മലകളും പ്രകൃതി സ്നേഹികൾക്ക് പ്രിയപ്പെട്ട ഇടമാവുകയാണ്. രാമനാട്ടുകരയിൽ നിന്ന് അൽപ ദൂരം മാത്രമുള്ള വാഴയൂരിലേക്ക്, കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമായാൽ കൂടുതൽ സഞ്ചാരികൾ ഒഴുകി എത്തുമെന്ന് പ്രതീക്ഷിക്കാം.
Content Summary: Malayalam Article Written by Anas V. Pengad