'ആ സ്ത്രീ ഒറ്റയ്ക്കാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്', പിന്നെന്താണ് എല്ലാ വസ്തുക്കളും രണ്ട് വീതം ഉള്ളത്, അവർ ഇപ്പോഴെവിടെ?
Mail This Article
ഓടുമേഞ്ഞൊരു ഒറ്റ നില വീട്. ആൾപ്പാർപ്പില്ല എന്ന് വിളിച്ചോതി വീട്ടിലേക്കുള്ള വഴിയിൽ തന്നെ കിടപ്പുണ്ട് കരിയിലകൾ. ബ്രോക്കർ ഹസ്സൻക്ക ഒന്ന് തിരിഞ്ഞുനോക്കി നടത്തം തുടർന്നു. അമ്പിളിയും രാധയും അയാളെ അനുഗമിച്ചു. സാരി ചൂലിന്റെ വേല ചെയ്യാതിരിക്കാൻ ഉമ്മറത്ത് എത്തിയപ്പോൾ രാധ സാരിത്തലപ്പൊന്ന് കൈകൊണ്ട് ഉയർത്തിപ്പിടിച്ചു. മാസങ്ങളോളം പഴക്കമുള്ള ഇലകളും കാറ്റു കൊണ്ടുവന്നിട്ട ചപ്പുചവറുകളും ആ മുറ്റത്തുണ്ട്. "ഇക്കാ നമുക്ക് ഒരാളെ കിട്ടോ ഈ ചുറ്റുപാടും ഒന്ന് വൃത്തിയാക്കാൻ..?" വീടിനകമൊക്കെ നടന്നു കണ്ടതിനു ശേഷം ഉമ്മറത്ത് ഇരിക്കുന്ന ബ്രോക്കറോട് അമ്പിളി ചോദിച്ചു. "അതൊക്കെ നമുക്ക് ശരിയാക്കാം നിങ്ങൾക്ക് വീട് ഇഷ്ടമായോ" "വീടൊക്കെ കൊള്ളാം, സ്‌കൂളിലേക്ക് നടക്കാനുള്ള ദൂരമല്ലേയുള്ളൂ.. മാത്രവുമല്ല, ഇവളൊരു മലയാളം ടീച്ചറല്ലെ.. ഈ പഴമയൊക്കെ ഇഷ്ടാവും.." രാധ പറഞ്ഞത് കേട്ട് ഹസ്സൻക്ക ബീഡിക്കറയുള്ള പല്ല് കാണിച്ചു ചിരിച്ചു.
"ഈ ചെടിച്ചട്ടികൾ ഒക്കെ ആ അറ്റത്തേക്ക് മാറ്റാൻ വേണ്ടി പറയണം.. എല്ലാം ഉണങ്ങിയിരിക്കുന്നു.." ചവിട്ടുപടിയോട് ചേർന്നിരിക്കുന്ന ചെടിച്ചട്ടികൾ ചൂണ്ടി രാധ നിർദ്ദേശിച്ചു. "ഇതൊക്കെ ആ ചേച്ചിയമ്മ മക്കളെ പോലെ നോക്കിയിരുന്നതാ.. ഹസ്സനിക്ക ആരോടെന്നില്ലാതെ പറഞ്ഞു. "എന്നിട്ട് അവരെവിടെ?" അമ്പിളിക്ക് ആകാംക്ഷ. "അവരിവിടെ ഇല്ലാത്തതുകൊണ്ട് നിങ്ങൾക്ക് ഈ വീടു കിട്ടി.." നാളെ ഒരു അണ്ണനെ പറഞ്ഞു വിടാം അവൻ എല്ലാം വൃത്തിയാക്കും.." എന്നു പറഞ്ഞു ഹസ്സനിക്ക. "ആ ഇങ്ങള് നാളെ ആളെ ശരിയാക്കൂ.. അഡ്വാൻസ് വാടക നാളെ തരാം. വൈകിട്ട് ഞങ്ങൾ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യും അല്ലെങ്കിൽ ഇവൾ ഇപ്പോൾ നിങ്ങളിൽ നിന്ന് ഒരു കഥയുണ്ടാക്കും.." ബ്രോക്കറോട് പറഞ്ഞിട്ട് രാധ പുറത്തിറങ്ങി, കൂടെ അമ്പിളിയും.
പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് അമ്പിളിയുടെ നോട്ടം എപ്പോഴും മുറ്റത്തെ ഒരറ്റത്ത് കൂട്ടിയിട്ട ചെടിച്ചട്ടിയിലേക്കായിരുന്നു. അതുമാത്രമല്ല അവൾക്ക് ഒരുപാട് പ്രത്യേകതകൾ ആ വീട്ടിൽ തോന്നി. ചേച്ചിയമ്മ മാത്രമാണ് ആ വീട്ടിൽ താമസിച്ചിരുന്നത് എന്നാണ് ബ്രോക്കർ പറഞ്ഞത്. പക്ഷേ എല്ലാ സാധനങ്ങളും രണ്ടെണ്ണം വീതം ആ വീട്ടിൽ ഉണ്ടായിരുന്നു, ഭക്ഷണം കഴിക്കുന്ന പാത്രം, ബാത്റൂമിലെ ചെരുപ്പ്, കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പ്, ടവ്വൽ, ടൂത്ത് ബ്രഷ് എന്നുവേണ്ട എല്ലാതും. അമ്പിളി തന്റെ കണ്ടെത്തലുകളൊക്കെ രാധയോട് പറയുമ്പോൾ അവൾ കളിയാക്കും. "നീ ഇങ്ങനെ പുസ്തകങ്ങളൊക്കെ വായിച്ചിട്ടാണ് ഈ ഓരോ സംഭവങ്ങളൊക്കെ കണക്ട് ചെയ്യുന്നത്, നമ്മൾ രണ്ടുപേരും താൽക്കാലിക അധ്യാപകരാണ് എന്നെങ്കിലും പി എസ് സി സെലക്ഷൻ ലഭിച്ചാൽ നമ്മൾ മറ്റൊരു സ്ഥലത്ത് സ്‌കൂളിലേക്ക് മാറേണ്ടവരാണ്.."
ചൂടേറ്റ് പഴുത്ത് കാർമേഘങ്ങൾ പാകമായി.. വരണ്ട ഭൂമിയിലേക്ക് മഴത്തുള്ളികൾ വർഷിച്ചു.. കൊതി മൂത്ത ഭൂമി രുചിയോടെ അവ നുണഞ്ഞു. മരങ്ങളും ഇലകളും മലയും കുന്നും കുളിച്ച് പൊടി കളഞ്ഞു. വല്ലപ്പോഴും വന്ന സൂര്യ രശ്മികൾ ആ പരിശുദ്ധിയെ മതി വരുവോളം തൊട്ടു തലോടി. നാളെ അവധിയുണ്ടാകുമോ എന്ന അറിയിപ്പ് കാണാനായി മാത്രം വാർത്തയിൽ ഒരു താൽപര്യവുമില്ലാത്തവർ പോലും വാർത്തകൾ ശ്രദ്ധിക്കാൻ തുടങ്ങി. അമ്പിളിയുടെ ശ്രദ്ധ നാമ്പുകൾ മുളച്ചു തുടങ്ങിയ ചെടിച്ചട്ടികളിലായിരുന്നു. മുറിഞ്ഞും മുറിയാതെയും ഇടവിട്ടും ഇടിമുഴക്കത്തിനും മിന്നലിനൊപ്പവും പെയ്തുവീണ മഴയിൽ ചെടിച്ചട്ടികളിലെ മണ്ണിൽ വേരൊളിപ്പിച്ച് കിടന്നവ തലയുയർത്തി തുടങ്ങിയിരുന്നു. പ്രഭാതങ്ങളിൽ ഇത്തിരി നേരം അവൾ അവയ്ക്കായി മാറ്റിവെച്ചു. ചെടിച്ചട്ടികളിൽ കാറ്റ് കൊണ്ടുവന്നിട്ട പ്ലാസ്റ്റിക്കും മറ്റും അവൾ എടുത്തുമാറ്റി. പരിചരണം മനുഷ്യർക്ക് മാത്രമല്ല സർവ്വതിനും നവോന്മേഷം നൽകുമെന്ന് വിളിച്ചോതി ചെടികൾ അവൾക്കായി പൂമൊട്ടുകൾക്ക് ജന്മമേകി.
ഓണാവധി തുടങ്ങുന്നതിന്റെ തലേന്ന് സ്കൂളിലെ പൂക്കള മത്സരം നടത്താൻ നിശ്ചയിച്ചു. അമ്പിളി ടീച്ചർക്കായിരുന്നു നടത്തിപ്പ് ചുമതല. അതുകഴിഞ്ഞ് ഉച്ചക്ക് ശേഷമുള്ള പട്ടാമ്പി ബസ്സിൽ ഓണമാഘോഷിക്കാൻ വീടുപിടിക്കാം എന്നായിരുന്നു രാധയുടെ പദ്ധതി. എന്നാൽ ഞാൻ നാളെയേ ഉള്ളൂ എന്ന് പറഞ്ഞു അമ്പിളി പിന്മാറി. "ന്നാ ഞാനും നാളെ" അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് രാധയും പിന്മാറി.
കഴുകിത്തെളിഞ്ഞ ആകാശത്തിന് താഴെ നിരത്തിലൂടെ ബസ് ഓടിക്കൊണ്ടിരുന്നു. ജനാലയ്ക്ക് അരികിലിരുന്ന അമ്പിളിയുടെ മുടിയിഴകൾ കാറ്റിനോട് പൊരുതുന്നുണ്ടായിരുന്നു. "ഈ തവനൂര് ആരാടീ..." രാധ ചോദിച്ചു. "ഒന്നു ക്ഷമിക്ക് മോളെ.. ഇനി കുറച്ചു നേരം കൂടിയല്ലേയുള്ളൂ..'' അമ്പിളി സമാധാനിപ്പിച്ചു. "പണ്ടൊരു എഴുത്തുകാരനെ കാണാൻ പോയത് ഓർമ്മയുണ്ടോ? കവിതകൾ വായിച്ച് ഇഷ്ടം മൂത്താണ് അഡ്രസ്സ് തപ്പി കവിയെ കാണാൻ പോയത്. ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ലാത്തതിനാൽ രാധയെയും കൂടെ കൂട്ടി. വീട്ടിൽ ചെന്ന് ആളെ അന്വേഷിച്ചു. "ഓരോരുത്തർ വന്നു കൂട്ടിക്കൊണ്ട് പോകും.. ഇവിടെ അരിയുണ്ടോ മീൻ വാങ്ങിയോ എന്നൊന്നും ആരും അന്വേഷിക്കൂല്ല.." എന്നായിരുന്നു ഗൃഹനാഥയുടെ പ്രതികരണം. വീട്ടിലുള്ളവരുടെ വിശപ്പറിയാത്ത കവിയുടെ ലോകത്തിന്റെ വേദനകൾ വായിച്ച് മനസ്സ് സമർപ്പിച്ചതിൽ അന്നൊരു കുറ്റബോധം തോന്നി.
"ഇനിയും നടക്കണോ..?''ബസ്സിറങ്ങി നടക്കുമ്പോൾ രാധ അക്ഷമ പ്രകടിപ്പിച്ചു. മഞ്ഞ പ്രതലത്തിൽ കറുപ്പ് നിറം കൊണ്ടെഴുതിയ വൃദ്ധ മന്ദിരം എന്നൊരു കമാനം കടന്ന് അവർ മുന്നോട്ട് നടന്നു. "നീയിവിടെ ഇരിക്ക്" എന്ന് പറഞ്ഞു കൊണ്ട് രാധയെ വരാന്തയിൽ ഇരുത്തി ബാഗ് ഏൽപ്പിച്ച് അമ്പിളി കൈയ്യിലെ കവറുമായി ടൈൽ പാകിയ മുറ്റത്തേക്കിറങ്ങി. ഒരു കല്ലു കഷ്ണം പെറുക്കി ചെറിയൊരു വൃത്തം വരച്ചു. കൈയ്യിലെ കവറിൽ അതിലേക്ക് പൂക്കൾ ചൊരിഞ്ഞു. നിറങ്ങൾക്കനുസരിച്ചു അടുക്കി വെച്ച് ചെറിയൊരു പൂക്കളം തീർത്തു. "ഞാനും കൂടട്ടെ.." എന്നുപറഞ്ഞു വന്ന രാധയോട് പച്ച നിറത്തിനായി വൃദ്ധമന്ദിര മുറ്റത്തെ ചെടികളുടെ ഇലകളടർത്തി നിരത്താൻ പറഞ്ഞു അമ്പിളി അകത്തേക്ക് പോയി.
തുമ്പപ്പൂവ്, കാക്കപ്പൂവ്, നിത്യകല്യാണി, ശീപോതി, കൊങ്ങിണി, സുഗന്ധി, തുളസി, തെച്ചി, മുക്കുറ്റി തുടങ്ങിയവ നിറഞ്ഞ കളത്തിന് ചുറ്റുമായി രാധ ഇലകൾ കൊണ്ടൊരു ചുറ്റൊരുക്കുമ്പോൾ അമ്പിളി വന്നു. അവളുടെ കൂടെ പ്രായമായ ഒരു സ്ത്രീ. പിറകെയായി യൂണിഫോം അണിഞ്ഞ ജീവനക്കാരും പ്രായമായ മറ്റുള്ളവരും നടന്നു വരുന്നുണ്ട്. പൂക്കളത്തെ ചൂണ്ടി അമ്പിളി പറഞ്ഞു: "ഇത് ചേച്ചിയമ്മ നട്ടുനനച്ചിരുന്നത്.. ഞങ്ങൾ ഉപേക്ഷിച്ചെങ്കിലും വെയിൽ നീരൂറ്റിയെങ്കിലും മഴ നട്ടു നനച്ചു..." ചേച്ചിയമ്മ അമ്പിളിയെ വാരിപ്പുണർന്നു അവളുടെ കാതിൽ ചൊല്ലി: "നീയുമൊരു മഴ, കണ്ടില്ലേ ഇവിടെ എത്ര പേരുടെ ഉള്ളമാണ് നനച്ചത്..!" പെയ്യാൻ ഇടമില്ലാതെ അലഞ്ഞ കാർമേഘങ്ങൾ കരുതലിന്റെ അത്യുഷ്ണത്തിൽ ഉരുകിയൊലിച്ചു. മിഴികളിൽ നിന്നവ ചുളിവ് വീണ കവിളിലൂടെ ഒഴുകി. അത്തം കറുത്താൽ ഓണം വെളുക്കും; ഇന്നലേകൾ നോവെങ്കിലും ഇന്നുകളൊരിക്കൽ സുന്ദരമാവുക തന്നെ ചെയ്യും!
Content Summary: Malayalam Short Story ' Mazhappennu ' Written by Rafeez Maranchery