ADVERTISEMENT

ഇത്തവണ നാട്ടിൽ പോയിട്ട് തിരികെ വരാൻ പ്ലെയിൻ ടിക്കറ്റ് കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടി. ഓണത്തിന്റെ തലേന്ന് ആയിട്ടും ടിക്കറ്റ് ചാർജ്ജ് അമ്പതിനായിരത്തിൽ താഴെ എത്തുന്നില്ല. പ്രവാസികളുടെ ഈ ദുരിതം എന്ന് തീരുമാവോ? കേരളാ എയർ ഒക്കെ ജലരേഖയായി സർക്കാർ ഫയലിൽ ഉറങ്ങാൻ തുടങ്ങിട്ട് എത്രയോ നാളുകൾ ആയി. അങ്ങനെ തപ്പി വന്നപ്പോഴാണ് തിരുവനന്തപുരത്തുനിന്ന് ഫുജൈറയ്ക്ക് പുതുതായി തുടങ്ങിയ സലാം എയറിൽ ഒരു ടിക്കറ്റ് ഒത്തുകിട്ടിയത്. ഇരുപത്തിഅയ്യായിരത്തിനു ടിക്കറ്റ് റെഡി. ആകെയുള്ള കുഴപ്പം രാത്രി ഉറക്കം നഷ്ടപ്പെടും. വെളുപ്പിന് 4.45 ന് ആണ് ഫ്ലൈറ്റ് കൂടാതെ മസ്‌കറ്റിൽ പ്ലെയിൻ മാറി കയറണം. എന്തെങ്കിലും ആകട്ടെ പോക്കറ്റിൽ ഇരുപത്തിഅയ്യായിരം ലാഭം. ഇരുപത്തിഎട്ട് കൊല്ലത്തെ പ്രവാസി ജീവിതത്തിനിടയിൽ ആദ്യമായിട്ടാണ് സ്വന്തം തട്ടകമായ ഫുജറയിൽ നേരിട്ട് പ്ലൈയിനിൽ ഇറങ്ങുന്നത്. ആഹാ അടിപൊളി അതിന്റെ ത്രില്ല് ഒന്നുവേറെ തന്നെ.

തിരുവനന്തപുരത്ത് രാത്രി 12 മണിയോടെ എത്തിയപ്പോൾ എയർപോർട്ടിൽ ഒരു പൂരത്തിനുള്ള ആൾക്കാർ ഉണ്ട്. ഓണത്തിന്റെ തലേന്നും ഇത്രത്തോളം ജനക്കൂട്ടം ഉണ്ടെങ്കിൽ ഓണം കഴിഞ്ഞിട്ട് എന്താകും തിരക്ക്? എൻട്രി ഗേറ്റിൽ ടിക്കറ്റും പാസ്‌പോർട്ടും കാണിച്ചു ഉള്ളിൽ കയറിയപ്പോൾ നീണ്ട ക്യൂ. ഒത്തിരി നേരം കാത്തുനിന്ന് കൗണ്ടറിൽ എത്തിയപ്പോൾ മംഗ്ലീഷ് മങ്ക ഗുഡ് മോർണിംഗ് പറഞ്ഞു സ്വീകരിച്ചു. പിന്നെ മംഗ്ലീഷിൽ ഒരുപാട് ചോദ്യങ്ങൾ സർ ഹാൻഡ് ലഗേജിൽ തീപ്പെട്ടി കൊള്ളി, മൊബൈൽ ചാർജ്ജർ, അരിയുണ്ട തുടങ്ങി 56 കൂട്ടം സാധനങ്ങൾ ഉണ്ടോ, ഒന്നും ഇല്ലെന്നും പത്തിരുപത് കൊല്ലമായി ഗൾഫിൽ ആണെന്നും ഈ കാര്യങ്ങൾ ഒക്കെ അറിയാമെന്നും പറഞ്ഞപ്പോൾ ആയമ്മയുടെ മുഖത്തു പുഞ്ജം. അരിയുണ്ടയുടെ കാര്യം ചോദിച്ചത് എന്തിനാണ് എന്ന് മനസ്സിലായില്ല ഒരുപക്ഷേ പൈലറ്റിനു ഇട്ടു എറിയും എന്ന് പേടിച്ചിട്ടാകും. ലെഗേജിന്റെ വെയിറ്റ് കറക്റ്റ് ആയതിനാൽ ആയമ്മ കൂടുതൽ വാക്ക്പോരിന് നിന്നില്ല.

ഇമിഗ്രേഷൻ കൗണ്ടർ പൂർത്തിയാക്കി ഹാൻഡ് ലഗേജുമായി ബോഡി ചെക്കിങ്ങ് സെക്ഷനിൽ എത്തിയപ്പോൾ അടുത്ത കടമ്പ. മലയാളവും ഇംഗ്ലീഷും അറിയാത്ത കുറെ നോർത്ത് ഇന്ത്യൻ ഗോസായിമാരും തമിഴ് പുലി പോലത്തെ പെണ്ണുങ്ങളും ആണ് ആ സെക്ഷനിൽ. മലയാളികളെ ഹിന്ദിയിൽ തെറി വിളിക്കുവാൻ പ്രത്യേക പരിശീലനം ലഭിച്ചവരാണ് അവർ എന്ന് തോന്നിപ്പോകും. ഒട്ടും മയമില്ലാത്ത പെരുമാറ്റം. ഹാൻഡ് ലെഗേജ്ജും വാച്ചും പേഴ്സും ബെൽറ്റും പോക്കറ്റിൽ കിടന്ന മാസ്കും വരെ പ്ലാസ്റ്റിക് ട്രേയിൽ വെയ്ക്കാൻ ആണ് ഒരു ഗോസായിയുടെ കല്പന. അതും ഹാൻഡ് ലെഗ്ഗേജ് ഒരു ട്രേയിലും മറ്റു സാധനങ്ങൾ വേറെ ട്രേയിലും വേണം. അല്ലെങ്കിൽ വെടിവെച്ചു കൊല്ലാനാണ് അദാനിയുടെ ഉത്തരവ്. മലയാളിയോടുള്ള വിരോധം അങ്ങേർ നന്നായി എയർപോർട്ടിൽ തീർക്കുന്നുണ്ട്. ഹാൻഡ് ലെഗേജ് എക്‌സ്‌ റേ മിഷൻ കടന്നു അപ്പുറത്തു വന്നാൽ തുറപ്പിക്കാതെ അവന്മാർ വിടില്ല. നൂറിൽ ഒന്നോരണ്ടോ പേരെ വെറുതെ വിട്ടാൽ ഭാഗ്യം. എന്റെ പെട്ടിയും അവർ വെറുതെ വിട്ടില്ല. സൈഡ് അറയിൽ കിടക്കുന്ന എന്തോ ഐറ്റം ആണ് പ്രശ്നം. പെട്ടി തുറന്നു ഒരുത്തൻ അതിൽ കൈയിട്ടു. ആസ്ത്മയ്ക്ക് ഉപയോഗിക്കുന്ന ഇൻഹേലർ ആണ് കുഴപ്പക്കാരൻ. ഗൾഫിൽ മാത്രം കിട്ടുന്ന പുതിയ ഇനം. അത് വലിച്ചെടുത്തപ്പോൾ അതോടൊപ്പം എന്റെ പഴയ ഓട്ട വീണ ജോക്കി അണ്ടർവെയർ കൂടി പുറത്ത് വന്നപ്പോൾ ഗോസായിക്ക് തൃപ്തിയായി. വേഗം പെട്ടി അടച്ചു തിരിച്ചുതന്നു. എല്ലാ പ്രവാസി മലയാളികൾക്കും ഈ ട്രിക്ക് പരീക്ഷിക്കാവുന്നതാണ് എന്നു തോന്നുന്നു.

ബോർഡിങ് ഗേറ്റിന്റെ അടുത്ത് ഒറ്റ സീറ്റും ഒഴിവില്ല. എതിർഭാഗത്ത് വിശാലമായ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട്, അവിടെപ്പോയി സ്ഥാനം പിടിച്ചു. അങ്ങനെ ഇരിക്കുമ്പോൾ ആണ് തൊട്ടെതിരെ സീറ്റിൽ ഒരു പഴയ ചങ്ങാതിയെ കണ്ടത്.. അയാൾ ഇങ്ങോട്ട് ഓടി വന്നു പരിചയം പുതുക്കി. നാട്ടിലെ വർത്തമാനങ്ങളും സ്വന്തം വിശേഷങ്ങളും പറഞ്ഞു സ്നേഹബന്ധം പുതുക്കി. ഒത്തിരി കൊല്ലങ്ങൾക്ക് മുമ്പ് ദിബ്ബയിൽ ഉണ്ടായിരുന്ന ആൾ. ഒരു കമ്പനിയിൽ ഇലക്ട്രീഷൻ ആയിരുന്നു. അന്ന് പലപ്പോഴും ജോലി ഇല്ലാതെ ഇരിക്കുമ്പോൾ ഇരുന്നുറും അഞ്ഞൂറും ഒക്കെ കടം വാങ്ങിയിട്ടുണ്ട്. ദോഷം പറയരുത് എല്ലാം തിരിച്ചു തന്നിട്ടുണ്ട് സത്യം. ഇപ്പോൾ നല്ല ജോലി ഒക്കെ ആയി ദുബൈയിൽ നല്ല സെറ്റപ്പിൽ ആണ്. കൂടെ യാത്രയ്ക്ക് കുഞ്ഞുകുട്ടി പരാധീനങ്ങളും ഉണ്ട്. ഈ ഫ്ലൈറ്റിൽ ഫുജൈറയിൽ ഇറങ്ങി ദുബൈയ്ക്ക് പോകാൻ ആണ് പ്ലാൻ. സംഗതി എനിക്കും സന്തോഷം ആയി ഫ്ലൈറ്റ് യാത്രയ്ക്ക് ഒരു കൂട്ട് കിട്ടിയല്ലോ. അയാൾ സ്വന്തം സീറ്റിൽ തിരിച്ചുപോയി. ഞാൻ സമയം നോക്കി മൂന്ന് മണി കഴിഞ്ഞതേ ഉള്ളു.. കണ്ണിൽ മയക്കം വരുന്നു.. ഒരുമണിക്കൂർ കൂടി ഉണ്ട് ബോർഡിങ്ങിന് ഒന്ന് മയങ്ങിയാലോ ഞാൻ മനസ്സിൽ ചിന്തിച്ചു. ഞാൻ എതിരേ ഇരുന്ന ചങ്ങാതി ഒന്ന് നോക്കി കക്ഷി പിള്ളേരും ഭാര്യയും ഒക്കെ ആയിട്ട് നല്ല ബിസി. എന്തായാലും പുള്ളി ഉണ്ടല്ലോ ബോർഡിങ് ആകുമ്പോൾ എന്നെ വിളിക്കും എന്ന് വിചാരിച്ചു കണ്ണുകൾ അടച്ചു. എന്റെ പേര് മൈക്കിൽ വിളിക്കുന്നത് കേട്ടാണ് ഞാൻ ഉണരുന്നത്.. ഉറക്കത്തിന് ഇടയിൽ പ്ലെയിൻ ബോർഡിങ്‌ ആയി. ഞാൻ ഇതൊന്നും അറിഞ്ഞതേ ഇല്ല പരിചയക്കാരൻ ചങ്ങായി ആകട്ടെ അനൗൺസ്മെന്റ് കേട്ട ഉടനെ പൊടിയും തട്ടി എന്നെ വിളിക്കാതെ കുടുംബം ആയി സ്ഥലം കാലി ആക്കി.

ഞാൻ ഓടി ബോർഡിങ് കൗണ്ടറിൽ എത്തിയപ്പോഴേക്കും അവിടെ നിന്ന സലാം എയർ സ്റ്റാഫ് കുറെ വഴക്ക് പറഞ്ഞു.. മൂന്നാല് തവണ ആയി എന്റെ പേര് വിളിക്കുന്നു ആളെ കിട്ടാഞ്ഞതിനാൽ അവർ പുറപ്പെടാൻ ഉള്ള പ്ലാനിൽ ആയിരുന്നു. ഇപ്പോഴത്തെ റൂൾ പ്രകാരം ബോർഡിങ്‌ പാസ്സ് കിട്ടിയാലും സമയത്ത് ഗേറ്റിൽ എത്തിയില്ല എങ്കിൽ പ്ലെയിൻ പുറപ്പെടും. അവർ എന്നെ തൂക്കി എടുത്തു പ്ലെയിനിൽ കയറ്റി.. ഹാൻഡ് ബാഗ് ഏതോ ഒരു ലെഗേജ് കാബിനിൽ ഞാനും എയർഹോസ്റ്റസും ചേർന്ന് കുത്തി കയറ്റി.. പൂർണ്ണ ഗർഭിണിയുടെ വയറുപോലെ ഉണ്ട് ഓരോ ലഗേജ് ക്യാബിനുകളും. എല്ലാം ഫുൾ. അതുകഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ നക്ഷത്രം പോലെ പിറകിലെ സീറ്റിൽ പഴയ ചങ്ങായിയുടെ മുഖം. അവന്റെ മുഖത്തെ പറ്റിച്ചേ എന്ന ഭാവത്തിലുള്ള ചിരി ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല. ശത്രുക്കളോട് പോലും ഇങ്ങനെയൊന്നും ചെയ്യരുത് മോനെ...

Content Summary: Malayalam Short Story ' Malayali Da ' Written by Samson Mathew Punalur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com