ADVERTISEMENT

ഒരു ബഹളം കേട്ടുകൊണ്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്. കുട്ടികളെല്ലാം കൂടി നിൽക്കുന്നു. രാമകൃഷ്ണൻ സാർ ഉച്ചത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്. സാറാമ്മ ടീച്ചർ ഡെറ്റോളും പഞ്ഞിയും ഒക്കെയായി ഓടി വരുന്നത് കണ്ടപ്പോൾ കാര്യത്തിന്റെ ഗൗരവം ഏറെകുറെ മനസിലായി. എന്നിട്ടും എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. ആരെങ്കിലും വീണോ? ഒടുവിൽ ഒരു സഹപാഠിയോട് കാര്യം തിരക്കി. “രാജു കോമ്പസ് കൊണ്ട് കുത്തി” “ആരെ?” “വിനോദിനെ” “എന്തിന്? എവിടെയാ കുത്തിയത്? ഒരുപാടു മുറിഞ്ഞോ?” കുറെ ചോദ്യങ്ങൾ. ഉത്തരം പ്രതീക്ഷിച്ചു കൊണ്ടല്ല ചോദിച്ചത്. തിരക്കിനുള്ളിലേക്കു കയറി നോക്കാനാണ് അപ്പോൾ തോന്നിയത്. ടീച്ചർ പഞ്ഞിയൊക്കെ വച്ച് കെട്ടിയതു കൊണ്ട് മുറിവ് കാണാൻ പറ്റുന്നില്ല. വിനോദ് കരയുന്നുണ്ട്. എന്നിട്ടും രാജുവിനെ ആണ് ഞാൻ ശ്രദ്ധിച്ചത്. അവന്റെ മുഖത്തു ഒരു കുറ്റബോധവും കാണുന്നില്ല. എന്നാലും, എന്തിനായിരിക്കും അവൻ കുത്തിയത്? തുടയിൽ ആയതുകൊണ്ട് ആഴത്തിൽ മുറിഞ്ഞിട്ടുണ്ടാവും. പാവം അവനുടനെയെങ്ങും സൈക്കിൾ ചവിട്ടാൻ പറ്റുമെന്ന് തോന്നുന്നില്ല. വിനോദ് സൈക്കിളിൽ ആണ് വരാറ്. അവന്റെ അച്ഛനെ വിവരം അറിയിച്ചുണ്ടത്രേ. അവർ വന്നിട്ട് ആശുപത്രിയിൽ കൊണ്ടുപോകാനാണ് പരിപാടി.

രാജുവിനെ എനിക്കറിയാം. പാവമാണ്. ഞങ്ങൾ ഒന്നിച്ചു കബഡി ഒക്കെ കളിക്കാറുള്ളതാണ്. അവൻ അങ്ങനെ ചെയ്യുമോ? അവന്റെ അമ്മ ചിലപ്പോൾ സ്കൂളിൽ വരാറുണ്ട്. അവിടെ അടുത്തൊരു തുണി കടയിൽ ആണ് അവർ ജോലി ചെയ്യുന്നത്. ചില ദിവസങ്ങളിൽ അവന്റെ ഉച്ചഭക്ഷണം അവർ കൊണ്ടുവന്നു കൊടുക്കാറുണ്ട്. ഭക്ഷണം പാകം ചെയ്യാൻ താമസിച്ചാൽ, അവൻ ഇങ്ങു പോരും. പിന്നെ അമ്മ വേണം കൊണ്ടുവന്നു കൊടുക്കാൻ. അങ്ങനെ താമസിച്ചു പോകുന്ന ദിവസങ്ങളിൽ എന്തെങ്കിലും സ്പെഷ്യൽ ഐറ്റംസ് ഉണ്ടാകാറുണ്ട്. മിക്കവാറും ചിക്കൻ. ആ ദിവസങ്ങളിൽ അവന്റെ പാത്രം തുറക്കാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കും. കുറച്ചു എരിവ് കൂടുതലായിരിക്കും. എന്നാലും സാരമില്ല. നല്ല സ്വാദ് ആണ്. അവന്റെ അമ്മയ്ക്ക് എന്നോടും എന്തോ ഒരു ഇഷ്ടം ഉണ്ടെന്നു തോന്നിയിട്ടുണ്ട്. ചിലപ്പോൾ ഞാൻ പഠിക്കാൻ മിടുക്കനാണെന്നു, അവൻ പോയി പറഞ്ഞിട്ടുണ്ടാവും. എന്നെ കാണുമ്പോഴൊക്കെ വന്നു വർത്തമാനം പറഞ്ഞിട്ടേ പോകാറുള്ളൂ. മോൻ പഠിച്ചു വലിയ ആളാകുമ്പോൾ രാജുവിനെ മറക്കുമോ എന്നൊക്കെ ചോദിക്കുമായിരുന്നു.

“വിനോദിനിത് കിട്ടണം. അവന്റെ അമ്മ മോശം സ്ത്രീ ആണെന്ന്‌ രാജുവിനോട് പറഞ്ഞു.” വിജയ് ആരോടോ പറയുന്നത് കേട്ടു. അവനെന്തിനാണ് രാജുവിന്റെ അമ്മയെപ്പറ്റി അങ്ങനെയൊക്കെ പറഞ്ഞത്. വൃത്തികെട്ടവൻ. “നീ എന്താ പൊട്ടനാ? നിനക്കൊരു കുന്തോം അറിയില്ല. രാജുവിന്റെ അമ്മ ആരുടെയോ കൂടെ ഇറങ്ങിപ്പോയി. അതിപ്പോ ഇവിടെ എല്ലാവർക്കും അറിയാം” “എല്ലാവരും അതുപറഞ്ഞു അവനെ കളിയാക്കുകയാ. അതാ അവനിത്ര ദേഷ്യം” റെജി ഇത്രയും പറഞ്ഞപ്പോഴാണ് കുറച്ചെങ്കിലും മനസിലായത്. പാവം അവൻ ഒരുപാടു വിഷമിക്കുന്നുണ്ടാവും. രാമകൃഷ്ണൻ സാർ ആരോടോ ശബ്ദം താഴ്ത്തി സംസാരിക്കുന്നതു കേട്ടു. സാധാരണ ഇങ്ങനെ അല്ല. നല്ല ഉച്ചത്തിൽ മാത്രമേ സാർ സംസാരിക്കാറുള്ളു. ആരോടാണെന്നു നോക്കി. രാജുവിന്റെ അച്ഛൻ. “അവനെ വേറൊരു സ്‌കൂളിൽ പഠിപ്പിക്കുന്നതാണ് ഇനി നല്ലത്. ഇവിടെ മറ്റുകുട്ടികൾ എന്തെങ്കിലും ഒക്കെ പറഞ്ഞു അവനെ കളിയാക്കും. ഇനിയും ഇതേ പോലെ എന്തെങ്കിലും ഒക്കെ ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകും.” രാമകൃഷ്ണൻ സാർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ മിടുക്കനാണ്. “ഈ നശിച്ചവൾ കാരണം എന്തൊക്കെയാണ് സഹിക്കേണ്ടത്. ഞാനും ഇവിടം വിട്ടെങ്ങോട്ടെങ്കിലും പോകാൻ ആലോചിക്കുവാ” രാജുവിന്റെ  അച്ഛന്റെ ശബ്ദം  അറിയാതെ ഉയർന്നു. ആദ്യമായി അവരോടെനിക്ക് ദേഷ്യം തോന്നി. രാജുവിനെയും അവന്റെ അച്ഛനെയും ഒക്കെ വിട്ടിട്ടു പോകേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ അവർക്ക്? 

വിനോദ് ഇന്നും സ്കൂളിൽ വന്നില്ല. ഒരാഴ്ച അവധി എടുത്തു എന്നാണ് കേട്ടത്. അത് രാജുവല്ലേ അവിടെ ഇരിക്കുന്നത്. ഈയിടെ അവൻ ഇങ്ങനെ ആണ്. എപ്പോഴും ഒറ്റയ്ക്ക്. മിക്കവാറും മുഖം കുമ്പിട്ടിങ്ങനെ ഇരിക്കുന്നത് കാണാം. പലപ്പോഴും ഞാൻ അവന്റെ അടുത്തുപോയി ഇരിക്കും. ഒന്നും സംസാരിക്കാറില്ല. എന്നാലും അവന്റെ അടുത്ത് അങ്ങനെ ഇരിക്കാൻ തോന്നും. പാവം! അവൻ ഇങ്ങനെയായിരുന്നില്ല. മറ്റുള്ളവർക്കൊക്കെ ഇപ്പോൾ അവനെ കുറച്ചു പേടിയാണ്. കുറച്ചു നേരം അങ്ങനെ ഇരുന്നു. അവന്റെ  മനസ്സിൽ എന്തൊക്കെയോ മാറി മറിയുന്നത് എനിക്കു മനസിലാവുന്നുണ്ടായിരുന്നു. ഒടുവിൽ അവൻ പയ്യെ പറഞ്ഞു. “ഞാൻ അവനെ കൊല്ലും” “ആരെ? വിനോദിനെയോ? അവൻ എന്തോ പറഞ്ഞു. അത് ക്ഷമിച്ചുകൂടെ നിനക്ക്?” “അവനെ അല്ല. മറ്റവനെ! എന്റെ അമ്മയുടെ കൂടെ താമസിക്കുന്നവനെ” ഒരു വല്ലാത്ത ഭാവം ആയിരുന്നു അവന്റെ മുഖത്തപ്പോൾ. ആദ്യമായി എനിക്കും കുറച്ചു പേടി തോന്നി. അവന്റെ തോളത്തിട്ടിരുന്ന കൈ സാവധാനം മാറ്റി. അപ്പോൾ അവനോടൊന്നും പറയാൻ എനിക്കു തോന്നിയില്ല. എന്തു പറയാൻ? അല്ലെ?

രാജ് കുമാർ, അതാണ് അവന്റെ പേര്. എല്ലാവരും രാജു എന്ന് വിളിക്കും. ഇന്നവനെ യാദൃശ്ചികമായി ടൗണിൽ വച്ച് കണ്ടു. കുറെ ഏറെ നാളുകൾക്ക് ശേഷം. ജോലിക്കായി കേരളത്തിന് പുറത്തായിട്ട് കുറെ ആയി. ഇങ്ങനെ നാട്ടിലേക്കുള്ള യാത്രകളിൽ വല്ലപ്പോഴും പഴയ കൂട്ടുകാരെ ഒക്കെ കാണാൻ കിട്ടാറുണ്ട്. ടൗണിൽ, അവന് ഒരു കട ഉണ്ട്. വിശേഷങ്ങൾ ഒക്കെ അന്യോന്ന്യം പങ്കു വച്ചു. ജോലി, മക്കൾ അങ്ങനെ പലതും. എന്തോ ഒരു വല്ലാത്ത സന്തോഷം. അവനും ഒരുപാടു സന്തോഷമായി എന്നു തോന്നുന്നു. പിരിയാൻ നേരം അവന്റെ അമ്മയെ പറ്റി ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, അവനെ അറിയാവുന്ന ഞാൻ തന്നെ ആ ചോദ്യം ചോദിച്ചു വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ചു. അവനു അമ്മയോടുള്ള വെറുപ്പ് എത്രത്തോളം ഉണ്ടെന്ന് ഞാൻ അന്ന് കണ്ടതാണ്. മാറിയിട്ടുണ്ടാകും, ഉറപ്പായിട്ടും മാറിയിട്ടുണ്ടാകും. കാറിൽ കയറിയിരുന്നിട്ട് സ്റ്റാർട്ട് ചെയ്യാതിരുന്നപ്പോൾ ഭാര്യക്ക് മനസിലായി എന്തോ പഴയ കാര്യം ആലോചിക്കുക ആണെന്ന്. അവൾ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന്, ഗ്ലാസ് താഴോട്ട് ആക്കാൻ ഭാര്യ പറഞ്ഞപ്പോഴാണ് സ്ഥലകാലബോധം ഉണ്ടായത്. രാജു ഫോണുമായി നിൽക്കുന്നു. 

“ഫോൺ നമ്പർ വാങ്ങിക്കുവാൻ മറന്നു” അത് ശരിയാണല്ലോ. ഞാനും അതങ്ങു മറന്നു. “ഞാൻ നമ്പർ പറയാം, നീ ഒരു മിസ്ഡ് കാൾ അടിക്ക്”. അങ്ങനെ രണ്ടു പേരും നമ്പറുകൾ സ്റ്റോർ ചെയ്തതിനു ശേഷം വീണ്ടും യാത്ര പറഞ്ഞു. ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. പെട്ടെന്നാണ് അവനതു പറഞ്ഞത്. “അമ്മ ചോദിക്കാറുണ്ട് നിന്റെ കാര്യങ്ങൾ” ഞാൻ കേട്ടത് ശരി തന്നെയോ? അതോ എനിക്ക് തോന്നിയതോ? “ഒരു ദിവസം നീ ഒന്ന് വരണം. ഒറ്റയ്ക്ക് വന്നാൽ മതി. ഒരുപാടു സന്തോഷമാവും അമ്മയ്ക്ക് നിന്നെ കാണുമ്പോൾ.” “ഇന്നിപ്പോ എല്ലാവരും ഇല്ലേ. അതാ ഞാൻ വിളിക്കാഞ്ഞത്. എല്ലാവരേയും കൂടെ കാണുമ്പോൾ അമ്മ അത്ര Comfortable ആയിരിക്കില്ല” “മറക്കണ്ട. വിളിച്ചിട്ടു വരണം” ഇതും പറഞ്ഞു അവൻ അവന്റെ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിൽ കയറി പോയി. അപ്പൊ അവന്റെ അച്ഛൻ? അമ്മക്ക് എന്താ പറ്റിയേ? അവരെങ്ങനെ ഇവന്റെ കൂടെ? പിന്നെയും കുറെ ചോദ്യങ്ങൾ!

ഞാൻ യാന്ത്രികമായി കാർ മുന്നോട്ടെടുത്തു. ഇപ്പൊ ഇതൊരു ശീലമായിരിക്കുന്നു. ഉപബോധമനസിനറിയാം എങ്ങോട്ടാണ് പോകേണ്ടതെന്ന്. പ്രത്യേകിച്ച് ഒരു പരിശ്രമം ഇല്ലാതെ തന്നെ എന്നെ എത്തേണ്ടിടത്തു എത്തിക്കാറുണ്ട്. കാലം മായ്ക്കാത്ത മുറിവുകളില്ല എന്നല്ലെ പറയാറ്. ഇതും അങ്ങനെ തന്നെയാവും. അവന്റെ കുഞ്ഞുമനസ്സിൽ അന്നുണ്ടാക്കിയ മുറിവിന്റെ ആഴം നന്നായിട്ടനുഭവിച്ചതു കൊണ്ടായിരിക്കാം എന്റെ മനസ്സിൽ ഇപ്പോഴും അതൊരു മുറിവായി തുടരുന്നത്. ഫോൺ ബെല്ലടിക്കുന്നു. “രാജുവാണല്ലോ” ഭാര്യ ഫോൺ നോക്കിയിട്ടു പറഞ്ഞു. അവനെന്തിനായിരിക്കുമോ ഇപ്പൊ വിളിക്കുന്നത്. എന്തായാലും നോക്കിക്കളയാം. കാർ ഒതുക്കി നിർത്തിയിട്ടു കോൾ എടുത്തു. “രാജുവാണ്. അമ്മയ്ക്കു നിന്നെ കുടുംബസമേതം കാണണമെന്ന്. ഇപ്പൊ വരാമോ എന്ന് ചോദിക്കുന്നു.” “നീ എവിടെ എത്തി? പറ്റുമോ നിനക്കിപ്പോൾ വരാൻ?” ഉത്തരം പറയാൻ ഞാൻ കുറച്ചു താമസിച്ചോ? “…ഇല്ലെങ്കിൽ സാരമില്ല പിന്നൊരിക്കലാകാം” “പിന്നൊരിക്കലാകാം” അങ്ങനെ പറയാനാണ് അപ്പോൾ തോന്നിയത്. എന്തുകൊണ്ടോ എന്റെ മനസിലെ മുറിവുകൾ ഇപ്പോഴും മായാതെ കിടക്കുന്നതു പോലെ. എനിക്ക് അവർ ആരും അല്ല. രാജുവിനെയും  അവന്റെ അച്ഛനെയും ഒക്കെ വിഷമിപ്പിച്ചവർ മാത്രം, അല്ലെ? അവർ എന്തിന് അതൊക്കെ ചെയ്തു എന്നു ഇപ്പോഴും മനസിലായിട്ടുമില്ല. പിന്നെങ്ങനെ?

Content Summary: Malayalam Short Story ' Mayatha Murivukal ' Written by Harinandan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com