ADVERTISEMENT

ഇന്ന് പലതരം കസേരകൾ ഉലകിൽ സുലഭമാണ്. ചാരിക്കിടക്കാനും ഇരിക്കുമ്പോൾ കൈ മുന്നോട്ടു വെക്കാനുള്ള പഴയ കാർന്നോൻമാർ ഇരിക്കുന്ന ചാരു കസേര തൊട്ട്, സ്റ്റീലിന്റേയും ഫൈബറിന്റേയും പ്ലാസ്റ്റിക്കിന്റേയും തുടങ്ങി വ്യത്യസ്ത കസേരകൾ. അതിൽ ബാലകൃഷ്ണേട്ടന്റെ കസേരയുടെ പ്രത്യേകത എന്താണെന്ന് പറയാം. രാജാക്കന്മാരെ പോലെ ഒരെണ്ണം ഉണ്ടാക്കിയതിനു ശേഷം അതു പോലെ വേറെ ഒരെണ്ണം ഉണ്ടാക്കാതിരിക്കാൻ ഉണ്ടാക്കിയ ശിൽപിയെ വരെ കൊന്ന വിശേഷതയൊന്നും ഈ കസേരയ്ക്കില്ല എന്നാലും ഈയുള്ളവന് മനസ്സിൽ തട്ടിയത് കൊണ്ട് എഴുതുകയാണ്. ബാലകൃഷ്‌ണേട്ടന്റെ കസേരയെപ്പറ്റി കൂടുതൽ പറയുന്നതിനു മുമ്പ് നമുക്ക് ബാലകൃഷ്‌ണേട്ടനെ പരിചയപ്പെടാം. ഉഗ്ര പ്രതാപി. രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നല്ല പിടിപാട്. കമ്പനിയിൽ ഉന്നത സ്ഥാനം മുതലാളിയുടെ വലങ്കൈ ആണോ ഇടങ്കൈ ആണോ എന്നു തീരുമാനമായിട്ടില്ല പക്ഷെ ആള് തട്ടിപ്പോയി. "ബാലകൃഷ്‌ണേട്ടൻ വിളിക്കുന്നു" എന്നു പറഞ്ഞാൽ തന്നെ കൂടെ ജോലി ചെയ്യുന്നവർ പ്രത്യേകിച്ച് അത്ര മുന്തിയ പദവികളിൽ അല്ലാത്തവർ ഇരിക്കുന്ന സ്ഥലത്തു തന്നെ ഒന്നും രണ്ടും കഴിഞ്ഞിട്ടെ കാണാൻ പോകൂ. പോയാൽ ഏതു കോലത്തിലാണ് വരുന്നത് എന്ന് പറയാനും വയ്യ. മൂപ്പർക്ക് ദേഷ്യം വന്നാൽ ഫയലുകളൊക്കെ ഇസ്‌റോ വിടുന്ന റോക്കറ്റു പോലെ ആദ്യം മുകളിലോട്ടു കുതിച്ചു താഴേക്ക് വന്നു കാണാൻ പോകുന്നവന്റെ കാൽപ്പാദത്തിൽ ചുംബിക്കും. ചിലരൊക്കെ സ്വയരക്ഷക്കായി ക്രിക്കറ്റ് താരങ്ങളെപ്പോലെ മികച്ച ക്യാച്ച് ചെയ്തു രക്ഷപെട്ടിട്ടുണ്ട്. അതോടൊപ്പം യൂസ്‌ലെസ്സ്,  ഇഡിയറ്റ്, ഗുഡ് ഫോർ നത്തിങ്ങ് എന്നീ മന്ത്രങ്ങളും ഉരുവിടും.

ഈ മന്ത്രങ്ങളും കലാ പരിപാടികളും കണ്ടും കേട്ടും ക്ഷമ കെട്ട ഒരുത്തൻ പ്രഖ്യാപിച്ചു "എനിക്ക് യുദ്ധ ഭൂമിയിൽ ജോലി ചെയ്യാൻ പറ്റില്ല" ആദ്യത്തെ പ്രത്യാക്രമണത്തിൽ ബാലകൃഷ്‌ണേട്ടൻ ഒന്നു പതറിയെങ്കിലും പിന്നെ സമനില വീണ്ടെടുത്തു കൊണ്ടു പറഞ്ഞു "നീ നന്നാകാൻ അല്ലെ ഞാൻ ഈ ചെയ്യുന്നതൊക്കെ നീ നന്നായാൽ നിനക്ക് നല്ലത്." ഒരൽപ്പം തണുത്താൽ മുന്നിൽ ആശ്രിതൻമാർ ഉണ്ടെങ്കിൽ പറയും "വലിയ മുതലാളി ഒരാളെ കാണുമ്പോൾ പറയും  അവൻ പണി എടുക്കുമോ ഇല്ലയോ എന്ന് എന്നിട്ടാണ് ജോലിക്ക് വെക്കുന്നത്." ബാലകൃഷ്‌ണേട്ടന്റെ മുന്നിൽ ആരും തല നിവർത്തി ഇന്നേ വരെ വർത്താനം പറഞ്ഞിട്ടില്ല. ആരെങ്കിലും കുറച്ചൊന്നു തല പൊക്കാൻ ശ്രമിച്ചാൽ അവനെ ഇന്ത്യ മഹാരാജ്യത്തിന്റെ ഒരു മൂലയിലേക്ക് ഒരു തട്ട്. ഭാര്യയും മക്കളും ഡൽഹിയിലും ഭർത്താവ് വല്ല ലക്‌നോയിലോ ജലന്ധറിലോ കിടന്നു വെള്ളം കുടിക്കും. വേണമെങ്കിൽ അവിടെ പോലും സ്ഥിരമായി നിർത്തില്ല. ഒന്നു കാലുറയ്ക്കുമ്പോഴേക്കും വരും അടുത്ത തട്ട് അതോടെ ജീവിതം ഗുദ ഹവ എന്ന്‌ പറയാം. നക്കാപ്പിച്ച ശമ്പളം കിട്ടുന്ന താഴ്ന്ന പദവിയിൽ ഇരിക്കുന്നവന് മാന്യമായ ഒരു ശമ്പളമോ അല്ലെങ്കിൽ കിട്ടുന്ന കമ്മീഷനിൽ ഒരു വീതമോ പോലും കൊടുക്കാതെ സ്വയം തിന്നും ആശ്രിതന്മാരെ മാത്രം ഊട്ടിയും മറ്റുള്ളവരെ നന്നാക്കാൻ നടക്കുന്ന ബാലകൃഷ്‌ണേട്ടന്റെ പ്രയാസം ആരറിയുന്നു?. ഏതായാലും ബാലകൃഷ്‌ണേട്ടന്റെ കീഴിൽ നന്നാകേണ്ട എന്നു തീരുമാനിച്ചിട്ടാകാം ആശാൻ ഇന്ത്യയിൽ തന്നെ ജോലി ചെയ്യുന്നില്ല എന്നു തീരുമാനിച്ചിട്ട് കുറച്ചു ദിവസങ്ങൾക്കുള്ളിൽ അമേരിക്കയിലേക്ക് വിമാനം കയറി. ദേശദ്രോഹി!

അതോടെ അനാഥമായത് ഒരു കംപ്യൂട്ടർ ആണ്. കംപ്യൂട്ടർ വാങ്ങിയതോടൊപ്പം ആദ്യം തന്നെ ബാലകൃഷ്‌ണേട്ടൻ കംപ്യൂട്ടർ വെച്ച സ്ഥലത്തു 144 പ്രഖ്യാപിച്ചിരുന്നു. ആരും കംപ്യൂട്ടർ തൊടാൻ പറ്റില്ല, അവിടെ പോയി നിൽക്കാൻ പാടില്ല. കംപ്യൂട്ടർ സാങ്കേതിക വിദ്യ ആർക്കും കൈമാറ്റം ചെയ്യാൻ പാടില്ല. മൊത്തത്തിൽ അവിടെ ഒരു നിരോധിത മേഖല. കണ്ടാലുടൻ വെടിവെയ്ക്കുമെന്ന മട്ട്. സ്റ്റാൻലി പോയെങ്കിലും പകരം ആരെയും വെക്കാൻ കമ്പനി സമ്മതിച്ചില്ല. കാരണം കമ്പനിയിൽ പൈസയില്ല പക്ഷെ പുതുതായി രണ്ടു കംപ്യൂട്ടർ കൂടി വാങ്ങാനും ഓർഡറായി. ഒരാൾ പോയാൽ ബാലകൃഷ്‌ണേട്ടൻ കുലുങ്ങുമോ പാർട്ടികൾക്ക് കൊടുക്കാനെന്നും പറഞ്ഞു വാങ്ങുന്ന കശുവണ്ടിയും കൊറിച്ചു ആശ്രിതന്മാരോട് തമാശയും പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് മുതലാളി പോയ വർഷങ്ങളിലെ ബിസിനസ്സിന്റെ കണക്കുകളുമായി വലിയ കത്തുകൾ അയച്ചു "നിങ്ങൾക്ക് ശമ്പളം തരാൻ ഞാൻ കടം വാങ്ങുകയാണ്  അതിനാൽ ബിസിനസ്സ് കൂട്ടണം എന്നാണ് കത്തിന്റെ സാരം. ബാലകൃഷ്ണേട്ടന് ജോലി ചെയ്യാൻ എവിടെയാ സമയം? ജോലി ചെയ്യുന്നതൊഴികെ എന്തു  വേണമെങ്കിലും മൂപ്പർ ചെയ്യും. ബാലകൃഷ്‌ണേട്ടൻ സെക്രട്ടറിയെ വിളിച്ചു എന്നിട്ടു മറുപടി തയാറാക്കാൻ പറഞ്ഞു. കൂട്ടത്തിൽ ഒരു സർക്കുലര്‍ തയാറാക്കി സ്റ്റാഫിന് കൊടുത്തു "അതിന്റെ സാരം ഇങ്ങനെയായിരുന്നു "എല്ലാവരും പത്തു മണിക്ക് രജിസ്റ്ററിൽ ഒപ്പിടണം, മുൻകൂട്ടി അനുവാദമില്ലാതെ അവധി എടുക്കരുത്. ഓഫിസ് കാര്യത്തിനു മാത്രമേ ഫോൺ ഉപയോഗിക്കാവൂ. രണ്ടു ദിവസം തുടർച്ചയായി പതിനഞ്ചു മിനുട്ട് വൈകിയാൽ പകുതി അവധിയായി കണക്കാക്കും. അവർക്ക് രണ്ടു വർഷത്തിൽ ഒരിക്കൽ നാട്ടിൽ പോകുമ്പോൾ കൊടുക്കുന്ന സ്ലീപ്പർ ക്ലാസ്സ് ടി എ കൊടുക്കുന്നതല്ല. ഒരു കോപ്പി മുതലാളിക്കും അയച്ചു കൊടുത്തു.

സർക്കുലർ ഇറക്കി മുതലാളിയെ സുഖിപ്പിച്ചെങ്കിലും ബാലകൃഷ്‌ണേട്ടൻ വരുന്നതിനും പോകുന്നതിനും സമയ നിഷ്ഠയൊന്നുമില്ല ചിലപ്പോൾ "ഇന്നിനി വരില്ലായെന്ന്" ശുഭ വിശ്വാസത്തോടെ എല്ലാവരും ഓഫിസിലെ രണ്ടാം നിലയുടെ പടികൾ ഇറങ്ങുമ്പോഴായിരിക്കും സന്ധ്യാ സമയത്തു കൂട്ടിൽ കയറാൻ വരുന്ന കോഴിയെപ്പോലെ കയറിവരുന്നത് അതോടെ ദുഃഖിതരും പീഡിതരും ആയി എല്ലാവരും സീറ്റിലേക്ക് മടങ്ങും. ബാലകൃഷ്‌ണേട്ടന്റെ കഴിവിൽ രോമാഞ്ചം കൊണ്ട  മുതലാളി ബാലകൃഷ്‌ണേട്ടൻ നടത്തിയ ബിസിനസ്സിലെ അക്കങ്ങൾ കണ്ടതിനു ശേഷം മുതലാളിയുടെ കണ്ണു തള്ളി. പിന്നെ ബിസിനസ്സ് കൂട്ടാൻ പറഞ്ഞില്ലെന്നു മാത്രമല്ല അടുത്ത മാസം നാട്ടിൽ പോകാൻ ഫ്ലൈറ്റ് ടിക്കറ്റ് കമ്പനി ചിലവിൽ എടുത്തോളാൻ ദയാ പുരസ്സരം സമ്മതിച്ചു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും പുതിയതായി വാങ്ങിയ കംപ്യൂട്ടർ അടക്കം അനാഥമായി കിടക്കുകയാണ്. ബാലകൃഷ്‌ണേട്ടൻ ഇതൊക്കെ ആരുടെയെങ്കിലും തലയിലിടാൻ കാത്തിരിക്കുകയാണെന്ന് എല്ലാവർക്കുമറിയാം. ശമ്പളം കൂട്ടി കിട്ടില്ല എന്നു മാത്രമല്ല കംപ്യൂട്ടറിനു വരുന്ന കേടുപാടുകൾക്കു ഉത്തരവാദി ആയിരിക്കും. കൂടാതെ ആശ്രിതന്മാർ കാര്യങ്ങൾ അപ്പപ്പോൾ അറിയിച്ചു ബാലകൃഷ്‌ണേട്ടനെ യുദ്ധസന്നദ്ധമാക്കുകയും ചെയ്യും. ചീത്ത ഒരു ചിലവുമില്ലാതെ കിട്ടും എന്നറിയാവുന്നതു കൊണ്ട് ആരും തന്നെ കംപ്യൂട്ടറിന്റെ അടുത്തു പോലും പോകാൻ ധൈര്യപ്പെട്ടില്ല.

ഒരു ദിവസം ബാലകൃഷ്‌ണേട്ടൻ പറഞ്ഞു "പ്രേമ നീ വേണം കംപ്യൂട്ടർ നോക്കാൻ" സ്വന്തക്കാർ ആരോ മരിച്ച വാർത്ത കേട്ട പോലെ ഞാൻ തരിച്ചിരുന്നു പോയി. സമയം കിട്ടുമ്പോൾ പുറത്തു പോയി പഠിച്ചതും ബാലകൃഷ്ണേട്ടൻ ഓഫിസിൽ ഇല്ലാത്തപ്പോൾ പാത്തും പതുങ്ങിയും ഒക്കെ പോയി സ്റ്റാൻലിയെ സോപ്പിട്ടു പഠിപ്പിച്ച കുറച്ചു കാര്യങ്ങൾ മാത്രമെ കൈയ്യിൽ ഉള്ളൂ എന്നാലും ഏറ്റെടുത്തു. ഒരു ദിവസം ബാലകൃഷ്‌ണേട്ടൻ പറഞ്ഞു "നമുക്ക് ഒരാളെ എഎംസിക്ക് നിർത്താം" അതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. അമേരിക്കയിൽ പോയ മോനോട് ഗൂഗിൾ ചാറ്റിൽ സംസാരിക്കണം. സംസാരിക്കുമ്പോൾ ഇടയ്ക്കിടെ പ്രശ്നം അപ്പോൾ ഇതാകുമ്പോൾ ആ പേരിൽ സ്വന്തം ആവശ്യം നടക്കുമല്ലോ? ഒരു ദിവസം പറഞ്ഞു "എന്റെ കംപ്യൂട്ടർ വർക്ക് ചെയ്യുന്നില്ല നീ എ എംസിക്കാരെ വിളിച്ചു എന്റെ വീട്ടിൽ പോകണം" എന്നിട്ടു ഡ്രൈവറോട് എന്നെ കൊണ്ടു പോകാൻ പറഞ്ഞു. ഞാനാകട്ടെ ആദ്യമായി കോണ്ടെസ്സ കാറില് കയറി ബാലകൃഷ്‌ണേട്ടന്റെ വീട്ടിൽ പോയി. എഎംസി ക്കാരൻ ജോലി ചെയ്യുന്നുണ്ട് സമയം കുറെ ആയി ഒരു ഗ്ലാസ് വെള്ളം പോലും കിട്ടിയിട്ടില്ല. നിന്ന് നിന്ന് കാലു വേദനിച്ചപ്പോൾ അവിടെ കണ്ട ഒരു കസേരയിൽ ഇരുന്നു. അപ്പോൾ അതാ എങ്ങു നിന്നെന്നറിയാതെ ഒരശരീരി “പ്രേമാ അതിൽ ഇരിക്കല്ല് അത് ബാലകൃഷ്‌ണേട്ടന്റെ കസേരയാണ്". പിന്നീടങ്ങോട്ട് ഉടമസ്ഥന്മാരെ അറിയാത്തതിനാൽ ഒരു കസേരയിലും ഇരിക്കാതെ നേരം കൂട്ടി. ഒൻപതു മണി കഴിഞ്ഞു ബാലകൃഷ്‌ണേട്ടന്റെ വീട്ടിൽ നിന്നിറങ്ങി വീട്ടിലെത്തുമ്പോൾ പലപ്പോഴും ഘടികാരം തിരിഞ്ഞു പതിനൊന്നു മണി ആയിരുന്നു. എന്നിട്ടും വന്നിട്ട് ചോറുണ്ടാക്കി കഴിച്ചു കിടന്നുറങ്ങുമ്പോൾ ഉറക്കം ഒരു പ്രശ്നമേ ആയിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com