ADVERTISEMENT

തുമ്പികളെ ഇട്ടോടിച്ച് തുമ്പപ്പൂ പൊട്ടിച്ചത് പെങ്ങളെന്ന പെണ്ണൊരുത്തി വീട്ടിലുണ്ടായിരുന്നത് കൊണ്ടാണ്, മൂക്ക് ചൊറിഞ്ഞിരിക്കാതെ മുക്കുറ്റി പൊട്ടിക്കെടാ എന്ന് പെങ്ങൾ ആജ്ഞാപിക്കും. സൂക്ഷ്മമായ കാര്യങ്ങളിൽ തലവെച്ച് കൊടുക്കാൻ എനിക്ക് പണ്ടേ മടിയാണ്. അപ്പോഴാണ് ഈ മുക്കുറ്റി പൊട്ടിക്കൽ പറഞ്ഞ് പെങ്ങളുടെ മെക്കട്ട് കേറൽ. മുക്കിമൂളി എഴുന്നേറ്റ് പോയി ഞാന്‍ പറമ്പിന്റെ പല മുക്കുകളിൽ മുക്കുറ്റി പരതുമ്പോഴേക്കും ബാക്കി മുക്കാലും പൂക്കളത്തിനു വേണ്ട എല്ലാ വേണ്ടതുകളെയും പെങ്ങൾ ഒരുക്കി വെച്ചിട്ടുണ്ടാവും.

തീരെ തീർന്ന് പോവാത്ത വലിയ പറമ്പായിരുന്നു ഞങ്ങളുടേത്, എന്റെയും പെങ്ങളുടെയും മനസ്സിൽ വലിയ ദൂരക്രമങ്ങളിൽ വിന്യസിച്ച് കിടക്കുന്ന ഉദ്യാനമായിരുന്നു അത്. പറമ്പിന്റെ അതിരുകളിൽ താഴേക്ക് ഇരുട്ട് വഹിച്ച് നീളുന്ന പല പാമ്പിൻപൊത്തുകൾ, പൂക്കളം ഇടുന്ന കൂട്ടത്തിൽ ഞങ്ങൾ ഓരോ പൊത്തുകളുടെയും വാതിൽ പടികളിൽ പല പൂവുകളുടെ കൂട്ട് മിശ്രിതം ഇട്ടു കൊടുക്കും. പാമ്പുകളുടെ ദേഹത്തെ ചിത്രപ്പണികൾ ഞങ്ങൾ കൊടുത്ത പൂക്കൾ എടുത്തണിഞ്ഞുണ്ടായതാണെന്ന് അക്കാലങ്ങളിൽ വിശ്വസിച്ചു.

പടിഞ്ഞാറ് നിന്നും ശക്തമായ കാറ്റടിച്ചു കഴിയുമ്പോൾ പൂക്കളം അപ്രത്യക്ഷമാകും, പാമ്പിൻ മാളങ്ങളുടെ ഉമ്മറത്തെ പൂക്കൾ ഫണം വിടർത്തിയ പാമ്പുകൾ ഉള്ളിലേക്ക് ആവാഹിക്കും. പഴയ ഉറകളെ ഊരിക്കളഞ്ഞ് അവർ, പറമ്പിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൈലാഞ്ചിക്കാടുകളിലേക്ക് സഞ്ചരിക്കും. കാറ്റിൽ പൊഴിഞ്ഞ മൈലാഞ്ചിപൂക്കളിൽ ഉരുണ്ടുമറിഞ്ഞ്, മുളംകാടിലൂടെ ഉരഞ്ഞ്, ശീമക്കൊന്നകളിൽ കേറി ഊർന്നിറങ്ങിക്കഴിയുമ്പോൾ കോറി വരഞ്ഞിട്ട ചിത്രപ്പണികൾ മുഴുവനാവും. ഇത്തരം ഞങ്ങളുടേതായ ആലോചനകൾ കൊണ്ട് ഓണം സമൃദ്ധമായിരുന്നു. അതിനെ ശരി വെക്കുന്ന തരത്തിൽ ഇടയ്ക്കിടെ പാമ്പിൻ ഉറകൾ ഞങ്ങളുടെ കണ്ണിൽ പെട്ടു. ഓണം എന്താണെന്ന് അറിഞ്ഞിട്ടായിരുന്നില്ല ഇതൊന്നും. ഞങ്ങൾ കണ്ടതും കൊണ്ടതും വെച്ചുള്ള ഓരോ കാട്ടിക്കൂട്ടലുകൾ മാത്രമായി ഞങ്ങളുടെ ആഘോഷങ്ങൾ.

കാലം പോയി, പാതാളത്തിലിരുന്ന അതിരുകാക്കുന്ന പാമ്പുകൾ പലതും മണ്മറഞ്ഞു. തീരെ തീർന്ന് പോവാത്ത പറമ്പ് തീർന്നു പോയി. മാവേലിക്കേറ്റ പരീക്ഷണങ്ങൾ പോലെ അതിരുകള്‍ പലരും അളന്നെടുത്തു. വീടും പറമ്പും പൂക്കളും ഇല്ലാതായി, പക്ഷേ അന്ന് പെങ്ങൾ പൂക്കളം ഇട്ടില്ലായിരുന്നേൽ എന്ന് ഞാൻ ഇന്നാലോചിച്ചു. മൂക്ക് മുട്ടേ മടിയുള്ള എന്നെ കൊണ്ട് സൂക്ഷ്മ ജീവികളെ പരതുന്ന പോലെ മഞ്ഞ മുക്കുറ്റികളെ കരുതലോടെ പരതാൻ ശീലിപ്പിച്ച പെങ്ങൾ, അതിന് മടി മാറ്റി വെച്ച് കൂട്ട് നിന്ന ആങ്ങള, അവർ രണ്ടുപേരും ദിനേന പറന്ന് പോവുന്ന ആയുസ്സ് മുക്കുറ്റികളിൽ പരതി നിന്ന് ആലോചിച്ചു, പേരിനുപോലും നമുക്ക് പൂക്കാനും കൂട്ട് നിൽക്കാനും ആരുമില്ലല്ലോ..? പാതാളത്തിൽ ആണ്ടുപോയ ഓർമ്മകൾ മാത്രം ജീവിതത്തിന്റെ അതിരുകാക്കുന്നു, ഓരോ കൊല്ലവും ഓണത്തിന്റന്ന് കിനാവ് കാണുന്നു, നോവാറ്റുന്നു, ഒരു ആങ്ങളയും പെങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com